Home Latest ഒരാളെ മനസിൽ പ്രതിഷ്ഠിച്ചിട്ട് മറ്റൊരാളെ സ്നേഹിക്കാൻ… അത് എളുപ്പം സാധിക്കുമോ…

ഒരാളെ മനസിൽ പ്രതിഷ്ഠിച്ചിട്ട് മറ്റൊരാളെ സ്നേഹിക്കാൻ… അത് എളുപ്പം സാധിക്കുമോ…

0

തുറന്നിട്ട ജാലകത്തിലൂടെ ചാറ്റൽ മഴയിലേക്ക് കണ്ണുംനട്ട് നിന്ന അവളുടെ മുഖത്തും മനസ്സിലെ ശൂന്യത നിഴലിച്ചു നിന്നു.

“ഈ മീരേച്ചിക്ക് പനി വരുന്ന പേടിയാ, മഴ നനയുന്ന സുഖം പറഞ്ഞറിയേണ്ടതല്ല, ഒന്നു വരൂ ചേച്ചീ”
തന്റെ കൈകളിൽ പിടിച്ചു വലിച്ച് സുമി അരികിൽ നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി. മറുപടി പറയാൻ മുഖം തിരിച്ചപ്പോളാണ് യാഥാർത്ഥ്യത്തിലേക്ക് മടങ്ങി വന്നത്‌.

“മീരേച്ചിക്ക്, ചേച്ചിയ്ക്ക് മാത്രം” എന്ന വാചകങ്ങളിൽ തുടങ്ങുന്ന ഡയറി മേശപ്പുറത്ത് നിന്നെടുത്ത് അവൾ നെഞ്ചോട് ചേർത്തു.

“ഇത്‌ തനിക്കുള്ളതായിരുന്നു, പക്ഷെ തെറ്റാണെന്ന് അറിഞ്ഞിട്ടും ഞാനത് വായിച്ചു.”
എന്ന് പറഞ്ഞു കൊണ്ടാണ് മനോജ് അത് കൈകളിലേക്ക് തന്നത്. അപ്പോൾ ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു, സ്വരം ഇടറിയിരുന്നു, രണ്ടു ദിവസം മുമ്പ് തൊട്ട് കാണുന്ന അതേ നിസംഗതയായിരുന്നു മുഖത്ത്.

പതിയെ അവളാതാളുകൾ മറിക്കാനാരംഭിച്ചു രസകരങ്ങളായ ചെറിയ ചെറിയ കുറിപ്പുകൾ ഓരോ ദിവസവും വടിവൊത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടിരിക്കുന്നു. ചില പേജുകളിൽ “എന്റെ മീരേച്ചി” എന്നു മാത്രം. പിന്നീട് താളുകൾ ശൂന്യമാണ് അത് വിവാഹ ദിനം മുതലാണെന്ന് അവൾ ശ്രദ്ധിച്ചു. പിന്നെ എഴുതിയ കുറിപ്പ് രണ്ട് ദിവസം മുമ്പാണ്‌. തിരക്കു പിടിച്ച് എഴുതി തീർത്ത പോലെ.
“മീരേച്ചി” എന്ന വിളിയിൽ തുടങ്ങുന്ന വാചകങ്ങൾ.

ഒത്തിരി ചിന്തിച്ചു, ചിന്തകൾക്ക് ഇനിയും സ്ഥാനമില്ലെന്ന്‌ ഒടുവിൽ തോന്നി, ചേച്ചി അറിയാതെ പോകരുത് സുമിയെ, അതാണീ കുറിപ്പ്…. ഒരു വിട്ടു നൽകലിലൂടെ മീരേച്ചി, ഉയരുകയായിരുന്നു.. പക്ഷെ ഞാനോ… എന്റെ ജീവിതം ഒരു ദാനമായിരുന്നു എന്ന് ആദ്യരാത്രിയിൽ തന്നെ ഭർത്താവിന്റെ നാവിൽ നിന്നും കേൾക്കേണ്ടി വരുന്ന ഒരു നവവധുവിന്റെ മാനസികാവസ്ഥ ഒരു പക്ഷെ ചേച്ചിയ്ക്ക് മനസിലാക്കാൻ കഴിയും. അതും സ്‌നേഹിച്ച് സ്വന്തമാക്കിയ ഒരാളിൽ നിന്നും…

കുട്ടിക്കാലം തൊട്ടേ പലതും വിട്ടു തന്ന് എന്നെ സ്നേഹിച്ചിരുന്നെങ്കിലും ഒടുവിൽ സ്വന്തം ഇഷ്ടവും ജീവിതവും എനിക്കായി നീട്ടിവച്ചത് ഞാനെന്തേ അറിയാതെ പോയി. എല്ലാം സുമിയോട് തുറന്ന് പറയുമായിരുന്ന മീരേച്ചി എന്തേ ഈ പ്രണയം എന്നിൽ നിന്നും മറച്ചു വെച്ചു?

“ചേച്ചിയുടെ സീനിയറായിരുന്ന മനോജേട്ടനെ എനിക്കിഷ്ടമാണ് ” എന്ന് പറഞ്ഞപ്പോളെങ്കിലും നിങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് തുറന്നു പറയാമായിരുന്നു. എങ്കിൽ പ്രായത്തിന്റെ കളികളെന്ന് പറഞ്ഞ് ഞാനെന്റെ ഇഷ്ടത്തെ ചവറ്റുകുട്ടയിലിടുമായിരുന്നു. നേർത്ത വേദനയോടെയാണെങ്കിലും പിന്നീടത് ഇങ്ങനെ ഒരു തീരാവേദനയാവില്ലായിരുന്നു.

“ജോലി കിട്ടിയിട്ടേ ഞാൻ കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നുള്ളു എന്റെ ഫ്രണ്ട് മനോജിനെ സുമിയ്ക്ക് ഇഷ്ടമാണ്.

അവളുടെ വിവാഹം ആദ്യം നടക്കട്ടെ” എന്ന് അച്ഛനോടും അമ്മയോടും കടുംപിടുത്തം പിടിച്ച് ഞങ്ങളുടെ വിവാഹത്തിന് എല്ലാം ഒരുക്കുന്ന ചേച്ചിയുടെ സ്നേഹത്തെ അഭിമാനത്തോടെ അതിലേറെ അഹങ്കാരത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ.

പക്ഷെ നെഞ്ചുരുകികൊണ്ട് അതിന് പിന്നിൽ ചേച്ചി നടത്തിയ ചരടുവലികളെ കുറിച്ചറിയാൻ വിവാഹരാത്രിയും മനോജേട്ടനും വേണ്ടിവന്നു.

അനിയത്തിയുടെ സന്തോഷത്തിനായി ഈ ബന്ധം അവൾക്കായി വിടുകയാണെന്നും തന്നോട് സ്നേഹമുണ്ടെന്നത് സത്യമാണെങ്കിൽ അവളെ വിവാഹം ചെയ്യണമെന്നും മനോജേട്ടനെ പറഞ്ഞു സമ്മതിപ്പിക്കാൻ കഴിഞ്ഞപ്പോൾ ചേച്ചി ജയിച്ചു. പക്ഷേ തോറ്റത് ഞാനായിരുന്നില്ലേ. അതെന്തേ ചേച്ചി മനസ്സിലാക്കിയില്ല.

സുമിക്കായി മീര നടത്തിയ ത്യാഗം മനോജേട്ടന്റെ ഓരോ പ്രവർത്തിയും വിളിച്ചു പറഞ്ഞു. മനസിൽ കൊണ്ടുനടന്നവന്റെ ഭാര്യ എന്ന പദവി മാത്രമായി ഈ ജീവിതം. ഒരാളുടെ സന്തോഷം കാണാൻ നടത്തിയ ത്യാഗം, അത് തകർത്തത് മൂന്ന് ജീവിതങ്ങളെയല്ലേ ചേച്ചി.

മനോജേട്ടനെ തെറ്റു പറയാൻ എങ്ങനെ കഴിയും ? ഒരാളെ മനസിൽ പ്രതിഷ്ഠിച്ചിട്ട് മറ്റൊരാളെ സ്നേഹിക്കാൻ… അത് എളുപ്പം സാധിക്കുമോ. എങ്കിലും ഒന്ന് ശ്രമിക്കാമായിരുന്നു. സ്നേഹത്തോടെയുള്ള ഒരു വിളി മതിയായിരുന്നു എനിക്ക് ഒരായുഷ്കാലം സന്തോഷപൂർവം ജീവിച്ചു തീർക്കാൻ.. പക്ഷെ..
ഒരുപക്ഷെ അതെന്റെ പരാജയം ആയിരിക്കാം. മീരേച്ചിയുടെ സ്നേഹത്തിനൊപ്പം എന്റേത് എത്തിയിരുന്നില്ലെന്ന് വേണ്ടെ ഈ രണ്ടു വർഷത്തെ കാലയളവ് കൊണ്ട് മനസിലാക്കാൻ.
അല്ലെങ്കിലും സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ സുമി ഒരുപാട് പിറകിലാണെന്ന് അറിയാലോ മീരേച്ചിക്ക്.

വിട്ടു തരികയാണ് ഞാൻ. ചേച്ചിയുടെ മനസിലുണ്ടായ അതേ സ്നേഹത്തോടെ. സ്നേഹിച്ച പുരുഷന്റെ ഭാര്യയായിട്ടും തിരിച്ച് സ്നേഹം അല്ലെങ്കിൽ ഒരു പരിഗണന ലഭിക്കാതെ ഉള്ള ജീവിതം അതിനി അർത്ഥമില്ല. അവസാന ശ്വാസംവരെ ഈ താലി കഴുത്തിൽ വേണമെന്നുള്ളതു കൊണ്ട് നിർത്തുകയാണിവിടെ, ഈ അധ്യായം.

ഒന്നുകൂടി പറയട്ടെ മീരേച്ചി, ‘തെറ്റായിരുന്നു അത് ഒരു വലിയ തെറ്റ് ‘
– സുമി.

കണ്ണുനീരിന്റെ മൂടലിനിടയിലൂടെ മീര വായിച്ചു നിർത്തി.

” ശരിയാണ്, തെറ്റായിരുന്നു ചെയ്തത് ജീവനായ് സ്നേഹിച്ചിരുന്നവനെ സഹോദരിയ്ക്കായ്‌ അവൾ പോലുമറിയതെ വിട്ടുകൊടുത്തു. കാരണം അവളായിരുന്നു എല്ലാം. ആ കണ്ണുകലക്കുന്ന ഒന്നും ഹൃദയം നോവുന്ന ഒന്നും തനായിട്ട് ചെയ്യരുതെന്ന് തോന്നി. ഒടുവിൽ സംഭവിച്ചതോ… കൈവിട്ടു പോയില്ലേ മൂന്നു ജീവിതങ്ങൾ”

മീരയുടെ കൈകൾ ആ ഡയറിയെ നെഞ്ചോട് ചേർത്തു. ധൃതിയിൽ പുറത്തേക്കു നടക്കുമ്പോൾ കണ്ടു ചാരു പടിയിൽ തളർന്നിരിക്കുന്ന മനോജിനെ.

” കുറച്ചു സമയം കൂടി തരാമായിരുന്നില്ലെടോ അവൾക്ക്, സ്നേഹിക്കുകയായിരുന്നു തന്നെ സ്നേഹിച്ചിരുന്നതിനെക്കാൾ. പക്ഷെ ഭയമായിരുന്നു തുറന്നു കാട്ടാൻ. ഒരിക്കൽ അകറ്റി നിർത്തിയവളെ പിന്നീട് ചേർത്തണക്കാൻ ശ്രമിച്ചാൽ വിശ്വസിക്കില്ലെന്ന് തോന്നി, പക്ഷെ ഇപ്പോൾ… ”

മീരയുടെ മുന്നിൽ പൊട്ടിക്കരയുകയിരുന്നു അയാൾ.

“തെറ്റായിരുന്നു അത് ഒരു വലിയ തെറ്റ്… ”
ആവർത്തിച്ചാവർത്തിച്ച് ആ വരികൾ ഉരുവിട്ടു കൊണ്ട് മഴയിലേക്ക് ഇറങ്ങി നടക്കുന്ന മീരയെ നിസംഗതയോടെ അയാൾ നോക്കി നിന്നു.
ചാറ്റൽ മഴ ശക്തിയാർജിച്ചു വന്നു.

രചന: Jayasree midhun

LEAVE A REPLY

Please enter your comment!
Please enter your name here