Home Latest കല്യാണ പെണ്ണിന്റെ അങ്ങളാ എന്നാ ഉത്തരവാദിത്യമൊക്കെ ഞാൻ കുറച്ച് നേരത്തേക്ക് മറന്നു.. ഞാൻ അവളെ തന്നെ...

കല്യാണ പെണ്ണിന്റെ അങ്ങളാ എന്നാ ഉത്തരവാദിത്യമൊക്കെ ഞാൻ കുറച്ച് നേരത്തേക്ക് മറന്നു.. ഞാൻ അവളെ തന്നെ നോക്കി നിന്നു…

0

പെങ്ങളുടെ കല്യാണത്തിന് ഒന്നാം പന്തിയിൽ സാമ്പാർ വിളമ്പുമ്പോഴാണ് അളിയന്റെ വീട്ടുകാരുടെ കൂടെ ആ രൂപത്തെ ആദ്യമായി ഞാൻ കാണുന്നത്….

സ്റ്റേജിൽ ഫോട്ടോക്ക് പോസ്സ് ചെയ്തിരുന്ന അവരുടെ ബന്ധുക്കൾക്ക് ഇടയിൽ നിന്ന് അവളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം എന്റെ കണ്ണിൽ പതിഞ്ഞു.. ..

ഇടക്ക് വെച്ച് അവളുടെ ഒരു നോട്ടം എന്റെ നേർക്കും പാളി……

എന്റെ മനസ്സിൽ എവിടെയോ എന്തോ കൊളുത്തി വലിച്ച പോലെ തോന്നി…

വീട് കാണൽ ചടങ്ങും അവര് ഇങ്ങോട്ട് വരാലും അങ്ങോട്ട് പോകുമൊക്കെ പലവട്ടം കഴിഞ്ഞിട്ടും ഇവളെ മാത്രം ഇത് വരെ കണ്ടില്ലന്ന് ഞാൻ മനസ്സിൽ പ്രാകി …

അവരുടെ ഫാമിലി ഫോട്ടോയിൽ നിൽക്കണമെന്നുണ്ടങ്കിൽ അകന്ന ബന്ധു ആകാനും വഴിയില്ല .

മുൻപ് കണ്ടപ്പോ ഇനി ഞാൻ ശ്രദ്ധിക്കഞ്ഞിട്ടാവോ…?

അവളുടെ മുഖത്തോടൊപ്പം എന്റെ മനസ്സിന്റെ ചിന്തകളും കാട് കയറാൻ തുടങ്ങി …

കൈയിലുണ്ടായിരുന്ന തോരന്റെ ബക്കറ്റ് പാചകക്കാരന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ മുണ്ടൊന്നു കുടഞ്ഞെടുത് സ്റ്റേജിന്റെ മുന്നിൽ പോയി നിന്നു…

കല്യാണ പെണ്ണിന്റെ അങ്ങളാ എന്നാ ഉത്തരവാദിത്യമൊക്കെ ഞാൻ കുറച്ച് നേരത്തേക്ക് മറന്നു..

അച്ഛനെ ചോദിച്ചും അമ്മയും ചോദിച്ച് എന്റെ അടുത്ത് വന്ന ബന്ധുക്കളെയൊക്കെ ഓരോന്ന് പറഞ്ഞ് എന്റെ അടുത്ത് നിന്ന് ഒഴിവാക്കി…

ഞാൻ അവളെ തന്നെ നോക്കി നിന്നു…

അവളുടെ തൂവെള്ള ചുരിദാറിൽ നിന്ന് കണ്ണെടുത് എന്റെ മുഷിഞ്ഞ കൂട്ടാൻ കറയായ മുണ്ടിലേക്കും വിയർത്തോലിച്ച ഷർട്ടിലേക്കും ഞാൻ മാറി മാറി നോക്കിയപ്പോ അവളോട് അങ്ങോട്ട് കയറിചെന്ന് മിണ്ടാന്നുള്ള എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു .

ഓരോ കാരണം ഉണ്ടാക്കി അവളെ ഒന്ന് അടുത്ത് കാണാൻ വേണ്ടി വിളക്കിലെ കെട്ട തിരി കത്തിക്കാനും താലം എടുത്ത് വെക്കാനുമായി രണ്ട് മൂന്നു തവണ ഞാൻ സ്റ്റേജിലേക്ക് കയറി…

അവൾ കൈ കഴുക്കി ഉണ്ണാൻ വന്നിരുന്നപ്പോഴും അവളുടെ ഇലയിൽ അച്ചാർ തൊട്ട് പായസം വരെ വിളമ്പിയത് ഞാനാണ് ..

അവരുടെ കുടുംബക്കാർ മുഴുവൻ ചുറ്റുമുള്ളത് കൊണ്ടാവാണം എല്ലാം വീണ്ടും ഒരു ചിരിയിൽ ഒതുക്കേണ്ടി വന്നത്.

ചെക്കനും പെണ്ണും കെട്ട് കഴിഞ്ഞു ഇറങ്ങി. … .

സദ്യയുടെ പന്തി എട്ടും ഒൻപതും കഴിഞ്ഞു..

കല്യാണം ഏറെ കുറെ അവസാനിചു..

വീട്ടിൽ തിരിച്ചെത്തി സദ്യയിൽ ബാക്കി വന്ന ചോറും കൂട്ടാനും പായസവും പകർത്തി അയൽപക്കത്തെ വീടുകളിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ എല്ലാവരുടെയും മുന്നിൽ വെച്ച് തെക്കേലെ ഭാസ്കരേട്ടൻ പരിഹാസത്തോടെ എന്നോട് ചോദിച്ചു ..

പെങ്ങളെ കെട്ടിച്ചു വിട്ടപ്പോഴേക്കും വീട്ടിലെ പണിയൊക്കെ നീ എടുത്ത് തുടങ്ങിയോന്ന്.
അത് വരെ ഉണ്ടായിരുന്ന മനസിന്റെ സന്തോഷം ആ നിമിഷം കൊണ്ട് പോയി…

സ്വിച്ച് ഇട്ട പോലെ അവളുടെ മുഖം മനസിന്ന് മാഞ്ഞു ….

ചുറ്റുമുള്ള അട്ടഹാസ ചിരിയോടെയുള്ള മുഖങ്ങൾ ..

ഒന്നും മിണ്ടാണ്ട് ഞാൻ വേഗത്തിൽ തിരിഞ്ഞു നടന്നു…

നടക്കുന്നതിന്റെ ഇടയിൽ വെച്ച് കൈയിലെ ഡവറയിൽ ഉണ്ടായിരുന്ന ചൂടുള്ള സാമ്പാർ തുളുമ്പി കാലിലും വീണു.. ..

നീറ്റം കൊണ്ട് കാൽ ഒന്ന് കുടഞ്ഞപ്പോ.. പിന്നിൽ നിന്നുള്ള ചിരിക്ക് ഒന്നും കൂടെ ശക്തി കൂടി …..

കല്യാണം ഉറപ്പിപ്പോൾ അച്ഛൻ അടുത്ത് വിളിച്ചു പറഞ്ഞതാണ് എല്ലാത്തിനും നീ വേണം മുന്നിൽ…

അന്ന് തൊട്ട് ഇന്ന് വരെ എല്ലാത്തിനും മുന്നിലുണ്ടായിരുന്നിട്ടും ഭാസ്കരേട്ടൻ പറഞ്ഞത് കേട്ട് അച്ഛനും ചിരിക്കുന്ന കണ്ടപ്പോൾ എന്തെന്നില്ലാത്ത കലിയാണ് എനിക്ക് വന്നത്..

സന്ധ്യ നേരത്ത് പന്തൽ പണിക്കാർക്ക് ഉമ്മറത് വന്ന് നാളെ അവർക്ക് വേറെ ഒരു കല്യാണമുള്ളത് കൊണ്ട് പന്തൽ ഇപ്പോ അഴിക്കാണെന്ന് പറഞ്ഞപ്പോ.
അവരുടെ ഒപ്പം പന്തൽ അഴിക്കാൻ കൂടാൻ പറഞ്ഞ അച്ഛനെ ഞാൻ ഒന്ന് തുറപ്പിച്ചു നോക്കിട്ട് ഒന്നും കേൾക്കാത്ത പോലെ ഞാൻ ഒരു മൂലയ്ക്ക് ചെന്നിരുന്നു …

തെങ്ങിന്റെ ചുവട്ടിൽ കിടന്നിരുന്ന ചേരുവവും ഉരുളിയും അമ്മക്കും അമ്മയിക്കുമൊപ്പം വെണ്ണിറിട്ട് തേച്ചു കഴുക്കി തട്ടിൻ പുറത്ത് കൊണ്ട് വെച്ച് വരുമ്പോ വീട്ടിലെ ഒരു വിധം പേരൊക്കെ ഊണ് കഴിഞ്ഞ് കിടന്നു..

വീട് ഒന്ന് ഒതുങ്ങി ..

ഞാൻ ആരും കാണാതെ വീടിന്റെ പിന്നാം പുറത്ത് എത്തി….

അടുക്കള വാതിലിന്റെ മറവിലൂടെ ചെറിയമ്മ പൊതിഞ്ഞു കെട്ടി തന്ന അവിയലും കാളനും മുണ്ടിന്റെ മടക്കിൽ ഒതുക്കി പിടിച്ച കുപ്പിയുമായി ഞാൻ വാഴത്തോപ്പിലേക്ക് ഓടി…..

സമയം ഏതാണ്ട് പത്രണ്ട് മണി കഴിഞ്ഞു…

വിവാഹത്തിന്റെ ചിലവായി കുട്ടുക്കാർക്കൊപ്പം രണ്ടണം മോന്തിട്ട് …

പിന്നെയും അവിടെ കുറച്ചു നേരം കൂടി നില്ക്കാൻ നോക്കിയപ്പോ കണ്ണ് സമ്മതിച്ചില്ല..

തല്ലെന്നും തല്ലെന്നിന്റെ തല്ലെന്നുമായി മൂന്നാല് ദിവസത്തെ ഉറക്ക ക്ഷീണമുണ്ട്. ഉറക്കം മുട്ടിട്ട് ഞാൻ വേഗം വിട്ടിലേക് നടന്നു …

കിടക്കാൻ നേരത്ത് അവളുടെ മുഖം വീണ്ടും മനസ്സിൽ പ്രത്യക്ഷപ്പെട്ടു…

അവരുടെ ഫാമിലി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ മൈബൈലിൽ എടുത്ത ഫോട്ടോയിൽ അവളുടെ മുഖം മാത്രം അഞ്ചാറ് തവണ ഞാൻ സൂം ചെയ്ത് നോക്കി…

നേരം വെളുക്കുമ്പോ തൊട്ട് മുറിയുടെ വാതിൽ തട്ടി വിളിച്ചു തുടങ്ങിയ അമ്മ അവസാനം വാതിലിന്റെ കുറ്റിയും കോളത്തൊക്കെ ഇളക്കി ഇടും എന്നായപ്പോ സോയിര്യം കെട്ടിട്ട് ഞാൻ വാതിൽ തുറന്നു.

കണ്ണും തിരുമ്മി നിൽക്കുന്ന എന്റെ തോളത്തേക്ക് ഒരു തോർത്തു മുണ്ട് ഇട്ട് തന്നിട്ട് പറഞ്ഞു….

വേഗം പോയി കുളിക്കി അളിയന്റെ കൂടെ അവരുടെ വീട് കാണൽ ചടങ്ങിന് പോകേണ്ടത് പെണ്ണിന്റെ അങ്ങളെ ആണെന്ന്…

അവളെ കാണണം എന്നാ പ്രതീക്ഷ വീണ്ടും മനസ്സിൽ മൊട്ടിട്ടു… പിന്നെ ഒരു മുട്ട് തട്ട് ഞായം പറയാൻ ഞാൻ നിന്നില്ല

കുളിക്കാനായി കുളി മുറിടെ അടുത്തെത്തി.

അവിടെ കുളിമുറിയെ ചുറ്റി പറ്റി കല്യാണത്തിന്റെ വിശേഷങ്ങളും കുറ്റവും കുറവും പറഞ്ഞു ചെറിയച്ചമാരും അമ്മായിമാരും …

പറഞ്ഞത് ചിലതൊക്കെ ഞാൻ കേട്ടുന്നയപ്പോ.. എന്നെ നോക്കി ചുമച്ചും ചിരിച്ചും ഓരോന്നും ഓരോ വഴിക്ക് പോയി…

അവരുടെ നാണം മനസിലാക്കാനുള്ള അറിവ് എത്തിട്ടില്ലാത്ത ചില കുട്ടിയോള് വട്ടയേല് വെള്ളം കോരി ഒഴിച്ച് കുളിക്കുണ്ട്….

കിണറ്റിന്ന് വെള്ളം കോരി കുടങ്ങൾ നിറക്കുന്ന ചെറിയമ്മ തുടി വെള്ളത്തിലേക് ഇടുന്നതിനടയിൽ ഇന്നലെ പൊതിഞ്ഞു തന്ന അവിയലിന്റെ ബാക്കി ചിരി കണ്ണിറുക്കി കൊണ്ട് എന്നെ നോക്കി ചിരിച്ചു…

ഇവർക്ക് എല്ലാം ഇടയിലൂടെ ഓടി പാഞ്ഞു വന്ന് കുളിമുറിടെ വാതിന്റെ ചേർന്ന് നിന്ന് കുളിച്ചോണ്ടിരിക്കുന്ന അമ്മയിയോട് അമ്മ പറഞ്ഞു…

ഡി സുഷേ ഒന്ന് വേഗം കുളിച്ചു ഇറങ്ങ്… അവന് അളിയന്റെ കൂടെ അവരുടെ വീട്ടിൽ പോകാനുള്ളതാന്നെന്ന്…

പാതി കുളിച് തലേലും ചെവിട്ടിലും സോപ്പും പതയൊക്കെയായി അമ്മായി വേഗം കുളിമുറി എനിക്കായി ഒഴിച്ച് തന്നു..

ഉറക്കം മാറാത്ത മുഖത്ത് വെള്ളം ഒഴിച്ചപ്പോ എന്തൊക്കെയോ കുത്തി തറക്കുന്ന പോലെ ..

വൃശ്ചിക മാസം ആയത് കൊണ്ട് വെള്ളതിനൊക്കെ നല്ല തണുപ്പ്..

ചൂടു വെള്ളം അമ്മയോട് ചോദിക്കാമെന്ന് വെച്ച് കുളുമുറിയുടെ ചുമരിന്റെ മുകളിൽകൂടി അടുക്കളയിലേക് എത്തി നോക്കി..

അടപ്പത് ഇഡലി ചെമ്പ് ഇരിക്കുന്നു…

ഇനി ചൂട് വെള്ളം നിർബന്ധം പറഞ്ഞാൽ അമ്മടെ വായന്ന് സരസ്വാതി കേൾക്കും..

ഒരു വിധം കുളിച്ചെന്ന് വരുത്തിയെങ്കിലും പല്ല് നന്നായി തേച്ചു…

ഇന്നലെത്തെ രണ്ടണത്തിന്റ മണം പോയോന്നറിയാൻ എന്ന് വീണ്ടും വീണ്ടും കൈയിലേക്ക് ഊതി മണത്തു നോക്കി മണമില്ലന്നു ഉറപ്പിച്ചു..

കൈയിൽ കിട്ടിയ ഷർട്ട് പേന്റും എടുത്തിട്ടു….

മുടി ഒന്ന് ചീക്കി..

പിന്നെയും അണിഞ്ഞൊരുങ്ങാൻ നിന്നില്ല ഒരുക്കം കഴിഞ്ഞില്ലേ എന്നും ചോദിച്ചു ഇപ്പോ തന്നെ അച്ഛൻ നാല് തവണ അനേഷിച്ചു വന്നു….

ഇനിയും കണ്ണാടിക്കു മുന്നിൽ നിന്നാൽ മാ യും പാ യും കൂട്ടി ഉള്ള പച്ച തെറി ചിലപ്പോ അച്ഛന്റെ വായെന്ന് കേൾക്കേണ്ടി വരും..

തെറി പറയുന്ന നേരത്ത് മരുമകൻ ഒരാൾ വീട്ടിലുള്ള കാര്യം തന്തപിടി ഓർത്തെന്നു വരില്ല…

വൈകാതെ തന്നെ ഞാൻ അളിയന്റെ കൂടെ അവരുടെ വീട്ടിലേക്ക് ഇറങ്ങി…

നിരത്തി വെച്ച പലഹരങ്ങൾക്ക് ഇടയിലേക് ചായ ക്ലാസ്സുമായി അളിയന്റെ അമ്മ വന്നു…..

വാതിലിന്റെ മറവിലും അകത്തെ കസേരയിലുമായി അവരുടെ ബന്ധുക്കൾ…

എന്റെ കണ്ണുകൾ അവളെ തിരഞ്ഞു …

കണ്ടില്ല..

വാതിൽ മറവിൽ.. വരുമ്പോ ഉമ്മറത്തെ പടിയിൽ… അകത്തെ മുറിയിൽ..

നിരാശ……

ചൂടാറും മുൻപ് ചായ കുടിക്കാൻ പറഞ്ഞ അളിയന്റെ അമ്മയെ വാടിയ മുഖത്തോടെ ഞാൻ നോക്കി..

ഗ്ലാസ്സിലെ ചായ ഒരു കവിള് കുടിച്ചു ഞാൻ നേര നോക്കിയപ്പോ അളിയന്റെ പെങ്ങളുടെ തോളിൽ കൈ ഇട്ട് അവൾ നിൽക്കുന്നു… …

ഇന്നലത്തെ അതെ ചിരി …ഇന്ന് ഇത്തിരി കൂടി ഭംഗി കൂടിയാലെ ഉള്ളു…..

എന്റെ കണ്ണുകൾ വിടർന്നു.. പുഞ്ചിരി തെളിഞ്ഞു.. അത് വരെ ഇല്ലാത്ത ഒരു ഉന്മേഷം …

ചായ.. പലഹാരം… കൂടെ അവളും ഒരു പെൺകാണാൽ ചടങ്ങാണ് എന്ന് പോലും എനിക്ക് തോന്നി..

ചായ കുടി കഴിഞ്ഞ് അളിയന്റെ കൂടെ ഉമ്മറത് ഇരിക്കിമ്പോ പലവട്ടം ഞാൻ ആലോചിച്ചു അവളെ കുറിച്ച് അളിയനോട് ചോദിച്ചലോന്ന്..

എങ്ങനെ ചോദിച്ചാലും ഏതൊരാളുടെയും ചിന്ത ആ ഒരു വഴിക്ക് പൂവുള്ളു എന്നറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല….

ഇനി അവളെ കുറിച്ചറിയാൻ ആകെയുള്ള വഴി പെങ്ങൾ മാത്രമാണ്….

ഉച്ചക്ക് ചോറ് വിളമ്പുമ്പോ.. അവളെ ഉണ്ടാക്കിയതാണെന്ന് പറഞ്ഞു വിളമ്പിയ പയർ തോരൻ ഞാൻ ആസ്വദിച്ചു കഴിക്കുമ്പോ അടുത്ത് നിന്നിരുന്ന അവളുടെ മുഖം തെളിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..

ഒന്ന് മിണ്ടാനായി മനസ് കൊതിച്ചു….

മറ്റെല്ലാവരും എന്നോട് സംസാരിച്ചപ്പോഴും അവൾ മാത്രം വീണ്ടും ചിരിയിൽ ഒതുക്കി…

ഇല്ല എനിക്ക് ഇനിയും എന്റെ മനസിനെ തടഞ്ഞു നിറത്താനാവില്ല.. രണ്ടും കൽപ്പിച്ചു മിണ്ടാൻ തന്നെ ഞാൻ തീരുമാനിച്ചു…

പറ്റിയ ഒരു നിമിഷത്തേക്ക് വേണ്ടി ഞാൻ കാത്തിരുന്നു….

ഉച്ച കഴിഞ്ഞ നേരം കോലായിൽ അവൾ ഒരു കുട്ടിയെ കളിപ്പിച്ചു നിൽക്കുന്നത് ഞാൻ കണ്ടു…

ഞാൻ ചുറ്റും നോക്കി അടുത്ത് ആരുമില്ല മിക്കവരും ടിവിയുടെ മുന്നിലാണ്..

അടുത്ത് പോയി ഇടറുന്ന സ്വരത്തോടെ ഞാൻ ചോദിച്ചു..

അളിയന്റെ ആരാ……

ചെറിയ ചിരിയോടെ അവൾ പറഞ്ഞു.. അളിയന്റെ വലിയച്ഛന്റെ മകളുടെ മകളാണ്

വേലിയുടെ തൊട്ടപ്പുറത്തെ വീട് അവളുടെ ആണെന്നും പറഞ്ഞ് അവൾ ചുണ്ടി കാണിച്ചു…

പിന്നെ സംസാരം ഞാൻ അങ്ങട് നീട്ടി.. എന്ത് ചെയ്യാണു അത് ഇത്…

ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത് കൊണ്ടാണ് മറ്റു ചടങ്ങിന് വരാൻ പറ്റാഞ്ഞതെന്നും അവൾ പറഞ്ഞു…

ഇടക്ക് വെച്ച് അവൾ എന്നോട് ചോദിച്ചു..

എന്താ ഏട്ടന്റെ പേര്…

അതിന് മറുപടിയായി കട്ടിള പാടി കടന്നു വന്ന അമ്മായി എന്നോടും അവളോടും കൂടി ഇത്തിരി ഉച്ചത്തിൽ പറഞ്ഞു….

എട്ടാനല്ല മോളെ.. മാമ്മനാണ് മാമ്മൻ…

ഒരു മിന്നൽ പിണർ പോലെ ആ സ്വരങ്ങൾ എന്റെ കാതിൽ അലയടിച്ചു…

കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.

അന്തളിച്ചു നിന്ന എന്നെ നോക്കി അളിയന്റെ അമ്മ ഒരു ദക്ഷിണ്യവുമില്ലാതെ പറഞ്ഞു..

ബന്ധം നോക്കുമ്പോ ഇവൾക് മോൻ മാമ്മനായിട്ട വരിക…

നിമിഷ നേരം കൊണ്ട് എല്ല സ്വപ്നങ്ങളും വീണുടഞ്ഞു നിൽക്കുന്ന എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു..

എന്താ മാമ്മന്റെ പേരെന്ന് ..

മാമ്മന് പേരില്ലെന്ന് കുറച്ച് ദേഷ്യത്തോടെ പറഞ്ഞ് അകത്തേക്ക് നടക്കുമ്പോ ഞാൻ തിരിച്ചറിയായിരുന്നു..

മാമ്മനും മുത്തച്ഛനുമൊക്കെയാവൻ പ്രായം ഒരു തടസമല്ലന്ന സത്യം…..

രചന ; Sarath Krishna

LEAVE A REPLY

Please enter your comment!
Please enter your name here