Home Latest പ്ലസ്‌ ടു ന് ചേരാൻ പത്താൻക്ലാസ്സ്‌ പാസ്സാവണം എന്ന സർക്കാരിന്റെ തലതിരിഞ്ഞ നിയമം കാരണം തുടർപഠനം...

പ്ലസ്‌ ടു ന് ചേരാൻ പത്താൻക്ലാസ്സ്‌ പാസ്സാവണം എന്ന സർക്കാരിന്റെ തലതിരിഞ്ഞ നിയമം കാരണം തുടർപഠനം മുടങ്ങി.

0

അണ്ടിമുക്ക് അംബുജാക്ഷന്റെ മകൾ അമ്മിണി പി പി. ഇരുണ്ടനിറം, ഉരുണ്ടരൂപം ഉപയോഗശൂന്യമായ തല ഇതാണ് ചുരുക്കത്തിൽ നന്മുടെ നായിക അമ്മിണി.

പ്ലസ്‌ ടു ന് ചേരാൻ പത്താൻക്ലാസ്സ്‌ പാസ്സാവണം എന്ന സർക്കാരിന്റെ തലതിരിഞ്ഞ നിയമം കാരണം തുടർപഠനം മുടങ്ങി. തയ്യലിന്‌ പോകണമെങ്കിൽ മിനിമം കളറുകൾ തിരിച്ചറിയാൻ കഴിയണം, അതിനുള്ള ബുദ്ധി ഇല്ല…

ഇത്യാദി കാരണങ്ങൾ കൊണ്ട് പ്രായപൂർത്തിയായ ഉടനെ ചുള്ളിപ്പറമ്പിൽ ചന്ദ്രൻ എന്ന കല്പണിക്കാരന്റെ കൂടെ കെട്ടിച്ചു വിടുക എന്ന തീരുമാനത്തിന്റെ ഫലമാണ് അമ്മിണി ചന്ദ്രൻ എന്ന കുടുംബിനി.

ചേട്ടൻ പണിക്ക് പോയിക്കഴിഞ്ഞാൽ ഉള്ള ബോറടി മാറ്റാൻ കുടുംബശ്രീയിൽ ഉള്ള രമണി പറഞ്ഞുകൊടുത്തത് പ്രകാരം അമ്മിണി ഒരു ഫേസ്ബുക് അക്കൗണ്ട് തുടങ്ങി.

സ്വന്തം ഫോട്ടോ, പേര് അമ്മിണി പി പി, സ്റ്റാറ്റസ് മാരീഡ്. ഇടുന്ന പോസ്റ്റ്‌ ഓഗസ്റ്റ്‌ 15 ന് ശേഷം പറമ്പിൽ അനാഥമായി കിടക്കുന്ന കൊടികൾ പോലെ ആയപ്പോ വീണ്ടും ബോറടി.

അങ്ങിനെയാണ് കുടുംബശ്രീയിലെ പരിഷ്കാരി ഉഷയുടെ നിർദേശപ്രകാരം, പുതിയ അക്കൗണ്ട് തുടങ്ങിയത്….

അമ്മുക്കുട്ടി അമ്മൂസ്, പ്രൊഫൈൽ പിക് വളയിട്ട കൈ, സ്റ്റാറ്റസ് ഇൻ എ കോംപ്ലീക്കേറ്റഡ് റിലേഷൻഷിപ്പ്….

പുതിയ അക്കൗണ്ട് വൻ വിജയം, തുരുതുരാ ഫ്രണ്ട് റിക്വസ്റ്റ്, മെസ്സേജസ്, കമെന്റ്സ് ആഹാ ജീവിതം ജിംഗാ ലാലാ….

ഇടുന്ന പോസ്റ്റുകൾക്ക്‌ ലൈക്കിന്റെയും കമെന്റ്സിന്റെയും ബഹളം…..

ഒരിക്കൽ, രാവിലെ കുളിച്ചപ്പോ ചെവിയിൽ വെള്ളം പോയി 😥ഫീലിംഗ് സാട് എന്ന പോസ്റ്റിന് 586 ലൈക്കും

ഏത് ചെവിയിലാണ് പോയത് ഇടതോ വലതോ, വെള്ളം പൈപ്പിലെയോ കുളത്തിലേയോ, ആശൂത്രിയിൽ പോണം അമ്മുവേ, ഞാൻ ഒരു ചെവിത്തോണ്ടി വാങ്ങി തരട്ടെ അമ്മുകുട്ടാ, #അമ്മുനൊപ്പം എന്നിങ്ങനെ 285 കമെന്റ്സും. …

അങ്ങിനെ ഫേസൂക്ക് ജീവിതം അടിപൊളി ആയി പോവുമ്പോ അമ്മിണിക്ക് അന്ന് വൈകുന്നേരം ഒരു പൂതി,
കുറച്ച് അവലോസുണ്ട ഉണ്ടാക്കാൻ….
പിന്നെ താമസിച്ചില്ല, പൊടിയും ശർക്കരയും ബാക്കി വേണ്ടതെല്ലാം ചേർത്ത് അമ്മിണി ഉരുട്ടി ഉണ്ടാക്കി നല്ല തക്കുടു മുണ്ടൻ അവലോസുണ്ടകൾ….

അത് ഒരു പ്ലേറ്റിൽ അടുക്കി വച്ച്, നല്ലൊരു ഫോട്ടോ എടുത്ത് സമയം കളയാതെ അമ്മിണി ഫേസൂക്കിൽ പോസ്റ്റി. കൂടെ ഒരു അടിക്കുറിപ്പും..

“എന്റെ കൈകോണ്ട് ഞാൻ ഉണ്ടാക്കിയ അവലോസുണ്ട ” വേണോ കൂട്ടുകാരെ !!!

മഴപെയ്യും പോലെ തുരുതുരാ ലൈക്കുകൾ…
ആഹാ മനോഹരം ഈ ആലോചിത വിലോചിതമായ അവലോസുണ്ടകൾ അമ്മു, ഇഷ്ടം 😍 ത്രിവിക്രമൻ നായരുടെ വക ആദ്യ കമെന്റ്.
ഇത് വെറും അവലോസുണ്ടയല്ല, കുചേലൻ കൃഷ്ണന് കൊടുത്ത അവലുണ്ടയാണ് അമ്മുസ്സേ എന്ന് ഇടിമിന്നലിന്റെ കാമുകൻ

ഇതിന്റെ റെസീപ്പി ഒന്ന് പറഞ്ഞ് തരോ അമ്മുവേച്ചി എന്ന് അശ്വതി അച്ചു

പ്ലേറ്റിൽ മൂന്നാമത് ഇരിക്കുന്ന അവലോസുണ്ട നീ കടിച്ചിട്ട് എനിക്ക് തരുമോ അമ്മു വാവേ എന്ന് കോഴികളിൽ കാട്ടുകോഴി ഉണ്ണി വാസു

101 കിടുവേയും പിന്നെ പത്ത് പതിനാറ് ലൗ ഇമോജിയും കമെന്റ് ഇട്ടു കീരേഴി അച്ചു

കിടുക്കാച്ചി, കിടുവേ, കിടു, കിടോൾസ്‌കി കിടുകിടിലോൽസക്കി എന്നിങ്ങനെ പത്ത് എൺപത് കമെന്റ്സ് വേറെയും !!!

എല്ലാവർക്കും ആവിശ്യം പോലെ, ലൗ ഇമോജിയും കിസ്സ് ഇമോജിയും വാരിക്കോരി റിപ്ലേ കൊടുത്തിട്ട് അമ്മിണി ഫേസൂക്ക് ഓഫ്‌ ആക്കി, അടുക്കളയിൽ കേറി ചായത്തിളപ്പിച്ചു.

അല്പം കഴിഞ്ഞപ്പോൾ നമ്മുടെ ചന്ദ്രേട്ടൻ പണിയും കഴിഞ്ഞ് എത്തി, കുളി കഴിഞ്ഞ് കേറി വന്നയുടനെ അമ്മിണി താൻ ഉണ്ടാക്കിയ അവലോസുണ്ടകൾ നിറഞ്ഞ അഭിമാനത്തോടെ നിർവൃതിയോടെ ചന്ദ്രേട്ടന്റെ നേരെ നീട്ടി…..

അതിൽ നിന്നും ഒരെണ്ണം എടുത്ത്, ഒരു കടിയേ കടിച്ചുള്ളു…
മുകളിലത്തെ ഒരുപല്ലും താഴത്തെ രണ്ടെണ്ണവും ഒരുമിച്ച് ഇളകി, കവിള് ഒരുവശത്തേക്ക് കോടി, തുഫ്ഫ് ഒറ്റ തുപ്പ്….

ഇത് എന്താടി വദൂരി, അവലോസുണ്ടയോ അതോ പാറക്കല്ലോ #@$$&&%$###$%……

നീ ഇത് എടുത്ത് വച്ചോ, രാത്രി കോഴിയെ പിടിക്കാൻ വരുന്ന പട്ടികളെ എറിയാം, ചന്ദ്രേട്ടൻ ഉറഞ്ഞു തുള്ളി….

ഹും, അല്ലെങ്കിലും നിങ്ങൾ ഇതേ പറയൂ കാലമാടാ….

മഴപ്പെണ്ണും, കണ്ടത്തിൽ ആശാനും, യക്ഷി ഭദ്രയും, ഞാൻ അളിയനും എല്ലാരും പറഞ്ഞ് അവലോസുണ്ട സൂപ്പർ ആണെന്ന്,

കിടോൾസ്സ്‌കി ആണെന്ന്‌..
കിടുവേ ആണെന്ന്…. ഹും

ഇവരൊക്കെ ആരാടി മരഭൂതമേ?

ന്റെ ഫേസൂക്ക് ഫ്രണ്ട്സാ ഡോ ചെകുത്താനെ… .

ന്നാലും നിങ്ങൾ ന്റെ അവലോസുണ്ട വലിച്ചെറിഞ്ഞില്ലേ, മിനിമം ഒരു “കിടുവേ” എങ്കിലും നിങ്ങൾ പറയും എന്ന് ഞാൻ വിചാരിച്ചു മനുഷ്യാ $@$&&&%%&*….

പോടീ, ന്റെ മുന്നീന്ന് പോടീ മത്തങ്ങാ തലച്ചി

താൻ പോടോ OMKV 😏

അമ്മിണി ഫേസൂക്ക് സ്റ്റൈലിൽ തിരിച്ചടിച്ചു. എന്നിട്ട് നേരെ ഫോണും എടുത്ത്‌ കരഞ്ഞുകൊണ്ട് റൂമിലേക്ക്‌ പോയി!!!

ശേഷം…

പുതിയ പോസ്റ്റ്‌ : ഫീലിംഗ് സാട് നാല് കരയുന്ന ഇമോജികളും !!!

ശുഭം !

രചന ; Manu Sachin

LEAVE A REPLY

Please enter your comment!
Please enter your name here