Home Latest ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു പുരുഷന്റെ ഭാര്യയാവേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ആദ്യരാത്രിയെ കുറിച്ച് നിങ്ങൾക്ക് ഊഹിക്കാമോ???

ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു പുരുഷന്റെ ഭാര്യയാവേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ആദ്യരാത്രിയെ കുറിച്ച് നിങ്ങൾക്ക് ഊഹിക്കാമോ???

0

ആദ്യരാത്രി എല്ലാവർക്കും സന്തോഷത്തിന്റേതാണ്

എന്നാൽ
മറ്റു പോംവഴിയൊന്നുമില്ലാതെ
ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു പുരുഷന്റെ ഭാര്യയാവേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ആദ്യരാത്രിയെ കുറിച്ച്

നിങ്ങൾക്ക് ഊഹിക്കാമോ ??????????

കുഞ്ഞിന്റെ മുലകുടി മാറ്റാൻ മുലക്കണ്ണിൽ ചെന്നിനായകം തേക്കുന്ന പോലെ….,

സ്വന്തം ആത്മാഭിമാനം വൃണപ്പെടാതിരിക്കാൻ
” മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാൽ മതി ”
എന്നാശിക്കുന്ന ചില പഴയ അമ്മായിയമ്മമാരെ പോലെ….,

സ്വന്തം മകളെ മറ്റൊരുവന്റെ തലയിൽ കെട്ടിവെക്കുമ്പോൾ അതുവരെ ഏറ്റവും ഭേദപ്പെട്ട ജോലിക്കാരെയോ ഗവൺമെന്റ് ഉദ്യോഗസ്ഥരെയോ കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥരെയോ മാത്രം മരുമകനായി കണ്ടു വന്നിരുന്നവർക്ക്

പെട്ടെന്നൊരു ദിവസം അതുവരെയും വീടിന്റെ പടിപോലും കേറ്റാത്ത സാധരണ ജോലിക്കാരന്റെ ആലോചനക്ക് മുന്നിൽ മറ്റൊന്നും നോക്കാതെ തൽക്കാലം ആരായാലും മതി എന്നപ്പോലെ
എന്നെ കെട്ടിച്ചുകൊടുക്കാൻ
തോന്നിപ്പിച്ച ബോധോദയം എന്താണ് ???

ദുരഭിമാനം തന്നെ അല്ലച്ഛാ…..?

സ്വന്തം അഭിമാനത്തെക്കുറിച്ച് ഇത്ര ബോധോദയമുള്ളവർക്ക് സ്വന്തം മകളെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ വെച്ചു കെട്ടാൻ മാത്രം എന്ത്‌ അപരാധമാണ് ഞാൻ ചെയ്തത് ???

പിഴച്ചു പെറ്റുവോ????

വേശ്യവൃത്തി സ്വീകരിച്ചുവോ ????

വീട്ടിൽ ആളില്ലാത്ത നേരം നോക്കി ആരെയെങ്കിലും കൂടെ കിടത്തിയോ ????

കട്ടോ ????

മോഷ്ടിച്ചോ ????

അതോ എന്തെങ്കിലും
രാജ്യദ്രോഹകുറ്റം ചെയ്തുവോ ?????

കേവലം മനസ്സിന് ഇഷ്ടപ്പെട്ട ഒരാളെ സ്നേഹിക്കുക മാത്രമല്ലെ ഞാൻ ചെയ്തത്…..?????

അതൊരപരാധമാണോ ????

കുറച്ചു മുന്നേ വായിച്ചു മറന്ന ഒരു മിനിക്കഥയുണ്ട്.

ഒരു കൂട്ടി തന്റെ അമ്മയോട് ചോദിച്ചു….,

എന്തിനാ അമ്മേ പൊന്നും പണവും ഒക്കെ അലമാരയിൽ പൂട്ടി വെക്കുന്നത് എന്ന് ?

അപ്പോൾ ‘അമ്മ പറഞ്ഞു
ഈ വീട്ടിൽ നമ്മൾ മാത്രമല്ല വേലക്കാരി കൂടെ ഇല്ലേയെന്ന് ?

അതിന് ആ കുഞ്ഞു ചോദിക്കുന്ന ഒരു മറുചോദ്യമുണ്ട് ???

അപ്പോൾ എന്നെ അമ്മ’
ആ വേലക്കാരിയെ ഏല്പിച്ചല്ലേ പോകുന്നതെന്ന് ????

ആ പൊന്നിന്റെയും പണത്തിന്റെയും വിലയും സുരക്ഷിതത്വവും പോലും തനിക്കില്ലെയെന്ന്
ആ കുഞ്ഞു ഉയർത്തുന്ന
ചോദ്യം എത്ര അർത്ഥവത്താണ്….!

ആവശ്യപ്പെട്ടാൽ ലോകത്തുള്ള വില കൊടുത്താൽ കിട്ടാവുന്ന എന്തും നിങ്ങളെനിക്ക് വാങ്ങിത്തരും….!

എനിക്കിഷ്ടപ്പെട്ട ആളെ ഒഴിച്ച്……!

ലോകത്തിലെ മറ്റെന്തിനേക്കാളും
വില നമ്മളേ സ്നേഹിക്കുന്നവർക്കല്ലെ അച്ഛാ…?

അവരോടൊത്തല്ലെ നമ്മൾ ഏറ്റവും സന്തോഷത്തോടെ ഇരിക്കുക….?

ഈ ഒരാവശ്യം മുന്നോട്ട് വെക്കുമ്പോൾ മാത്രം ഇക്കാലമത്രയും വാക്കിലും നോക്കിലും സ്പര്ശത്തിലും തേനായ് ഒലിച്ചിരുന്ന സ്നേഹം ബാറ്ററി തീർന്ന ക്ളോക്ക് പോലെ നിൽക്കും….!

വിവാഹം എല്ലാവർക്കും
ഒരു ദിവസത്തെ മാത്രം ആഘോഷമാണ് എന്നാൽ വിവാഹിതരാവുന്നവർക്ക് അത് ഒന്നിച്ചുള്ള ഒരു ജീവിതക്കാലത്തിന്റെ ആദ്യദിനം മാത്രമാണ്….,

ക്ഷണിച്ചു വരുത്തിയവരുടെ ശ്രദ്ധ സദ്യയിലോ ബിരിയാണിയിലോ മാത്രമാവുമ്പോൾ രണ്ടു പേരുമാത്രം ഭാവിയെ കുറിച്ചാലോചിക്കുന്നതാണു വിവാഹം….!

എന്നിട്ടും സ്വന്തം മകളെ ഏതെങ്കിലും ഒരുത്തനെ അതും അവൾക്കിഷ്ടമില്ലാത്ത ഒരുത്തനെ ഏൽപ്പിക്കാൻ അച്ഛനെങ്ങനെ മനസു സമ്മതിക്കുന്നു………?

അപ്പോൾ എന്നെക്കാൾ സ്വന്തം സന്തോഷവും അഭിമാനവും മാത്രമാണ് അച്ഛനു വലുതല്ലെ….?

എന്നാൽ ഒന്നച്ഛൻ മറന്നു പോയി….,

വിവാഹത്തിന്റെ അന്നു തന്നെ ഉടുത്തിരിക്കുന്നതെല്ലാം ഉരിഞ്ഞെറിഞ്ഞും ഒരു പെൺക്കുട്ടിക്ക് തന്റെ ഭർത്താവിനെ സ്വീകരിക്കേണ്ടി വരുമെന്ന്….!

എന്നിട്ടും അവൾക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒരാളുടെ മുന്നിൽ പിറന്നപ്പടി നിൽക്കേണ്ടി വരുന്ന ഒരു പെൺക്കുട്ടിയുടെ മാനസീകാവസ്ഥ എത്ര മാത്രം കഠിനമാണെന്ന് എന്താണച്ഛാ
അച്ഛനു മാത്രം മനസിലാവാത്തത്…?

അച്ഛനു വേണ്ടി എല്ലാം മറക്കാമെന്നു പറഞ്ഞപ്പോഴും അവസാനമെങ്കിലും അച്ഛനെന്നെ മനസിലാക്കുമെന്നു ഞാൻ കരുതിയിരുന്നു

പക്ഷെ അച്ഛനതു ഒരു സൗകര്യമായെടുത്തു….,

ഇഷ്ടമില്ലാതൊരാൾ സ്വന്തം ശരീരം സ്പർശിക്കുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് അറിയോ…?

അതു മനസിലാവണമെങ്കിൽ
ഒരു പെൺക്കുട്ടിയായി ജനിക്കണം….!

ജീവിക്കാനുള്ള ആശ കൊണ്ടും നിവൃത്തിക്കേടു കൊണ്ടും പലരും പലതും സഹിക്കുന്നുണ്ടാവാം…,
പക്ഷെ
അച്ഛൻ വളർത്തിയ ഈ മോൾക്ക് ഒന്നില്ലെങ്കിൽ മറ്റൊന്ന് എന്ന പക്ഷമില്ല….!

അച്ഛന്റെ ചിറകിനടിയിൽ നിന്നും, കൺവെട്ടത്തു നിന്നും എന്നെ പറിച്ചു നടുമ്പോൾ എന്റച്ഛനോള്ളം എനിക്ക് സ്നേഹിക്കാനും ഇഷ്ടപ്പെടാനും എന്നെ സ്നേഹിക്കാനും കഴിയുന്ന ഒരാൾടെ കൈകളിലെക്കല്ലെ
അച്ഛാ എന്നെ ഏൽപ്പിക്കേണ്ടത്….?

നാളെ അമ്മ മറ്റൊരു വിവാഹം കഴിച്ച് ഇന്നു മുതൽ ഇതാണ് നിന്റെ അച്ഛൻ എന്നു പറഞ്ഞാൽ
അവർ എനിക്കച്ഛനാവുമോ….?

ഒരാൺക്കുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്നു തോന്നുന്നു അതാവുമ്പോൾ ജീവിതത്തിലേക്ക് ആരൊക്കെ കടന്നു വന്നാലും അച്ഛനോടൊത്തു തന്നെ ജീവിക്കാൻ കഴിയുമല്ലോ….?

എന്റെ മനസിലും ചില കൊച്ചു കൊച്ചു സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ടാവുമെന്ന് അച്ഛൻ മറന്നല്ലെ….?

ഏതു വലിയ നന്മമരം നട്ടുവളർത്താനാണ് അച്ഛനെന്റെ ജീവിതം കുരുതി കൊടുത്തത്…?

അന്നവനെ എന്നെന്നേക്കുമായി മറക്കാൻ പറഞ്ഞപ്പോഴും..,

കല്ല്യാണം ഉറപ്പിക്കുന്നതിന്റെ അന്ന് എല്ലാവരും ചേർന്ന് അവന്റെടുത്തേക്ക് അവരുടെതാക്കി എന്നെ നീക്കി നിർത്തിയപ്പോഴും ഞാൻ കരഞ്ഞില്ല…,
എന്നാണെന്നറിയോ….?

കരഞ്ഞു കരഞ്ഞു ഉള്ളു വറ്റിപ്പോയിരുന്നു അന്നേരമെല്ലാം….!

ഇന്ന് ആ കല്ല്യാണമണ്ഡപത്തിൽ വെച്ച് അവനു കൈപ്പിടിച്ചു കൊടുക്കുമ്പോൾ പോലും അച്ഛൻ എന്റെ മുഖത്തേക്കു നോക്കിയില്ല എന്താ കാരണം…?

ഞാൻ കണ്ടതാ ആ മുഖത്തത്….!
കുറ്റബോധം…!!!

എന്തിനു വേണ്ടി…?
ആരോട് ജയിക്കാൻ വേണ്ടി…?
ആരെ തോൽപ്പിക്കാനാണച്ഛാ…?

എന്നയോ…?

ഞാനച്ഛന്റെ മകളല്ലെയച്ഛാ….?
എന്റെയച്ഛൻ തോൽക്കാതിരിക്കാനല്ലെ ഞാൻ തോറ്റു തന്നത്…?
പക്ഷെ
എനിക്കും ജയിക്കണമച്ഛാ….!

എന്റെ മരണം കണ്ടു പോലും
അച്ഛൻ കരയരുത്
ആത്മാഭിമാനം
മുറുകെ പിടിച്ചു തന്നെ നിൽക്കണം….!

ഇന്നെന്റെ ശരീരത്തിൽ പറ്റിയിരിക്കുന്ന വസ്ത്രത്തിന്റെ ഒരു നൂലിഴയിൽ പോലും സ്പർശിക്കാൻ കൂടെയുള്ളവരുടെ
കൈ പൊന്തുകയില്ല
ഞാനത് അനുവദിക്കുകയുമില്ല..,

നാളെയോ….?

ഒരു നൂലിഴയുടെ ബന്ധനവും എന്നിലുണ്ടാവുകയുമില്ല….!

അങ്ങിനെ
ആദ്യരാത്രിയുടെ മൂന്നാം യാമത്തിൽ തന്റെ ആത്മഹത്യക്കുറിപ്പ് തയ്യാറാക്കി അവൾ മേശപ്പുറത്തു വെച്ചു….!

രചന ; Pratheesh

LEAVE A REPLY

Please enter your comment!
Please enter your name here