Home Latest എല്ലാം കഴിഞ്ഞു പോരുവാൻ തുടങ്ങിയപ്പോൾ ആ വാനരൻ എന്നോട് വന്നു കല്യാണം കഴിച്ചാൽ കൊള്ളാമെന്നു പറഞ്ഞു.

എല്ലാം കഴിഞ്ഞു പോരുവാൻ തുടങ്ങിയപ്പോൾ ആ വാനരൻ എന്നോട് വന്നു കല്യാണം കഴിച്ചാൽ കൊള്ളാമെന്നു പറഞ്ഞു.

0

അമ്മയുടെ ഏറ്റവും ഇളയ അനിയത്തിക്ക് അതായത് എന്റെ ചിറ്റക്ക് കണ്ണൂരിൽ നിന്നൊരു കല്യാണച്ചെക്കൻ വന്നപ്പോൾ തൊട്ടു തുടങ്ങിത്താണു എല്ലാവർക്കും തിമിർപ്പ്. വളരെ പാവപ്പെട്ട വീട്ടിലാണ് എന്റെ ചിറ്റയുടെ ജനനം. നന്നായിട്ടു പഠിക്കുമായിരുന്നു. സകല തോന്യവാസവും ഉണ്ടാരുന്നു. അടുക്കളയിൽ കഴിക്കാനല്ലാതെ ചൂട് വെള്ളം പോലും ഉണ്ടാക്കാൻ കയറില്ലെന്ന വല്യമ്മ പറഞ്ഞിട്ടുള്ളത്.

ചിറ്റ കാണുവാൻ അതീവ സുന്ദരിയാണ്. എന്നെ കണ്ടാൽ മിണ്ടാറില്ല, എന്നോട് മാത്രമല്ല ഞങ്ങൾ കുടുംബക്കാർ ആരോടും പുള്ളിക്കാരി മിണ്ടാറില്ല. ഈ ചിറ്റ എന്ന് പറയുന്നത് എന്റെ അമ്മയുടെ കൊച്ചച്ചന്റെ മകളാണ്. ഇപ്പോൾ ഡൽഹിയിൽ ഒരു ഹോസ്പിറ്റൽ നേഴ്സ് ആണ്.

ചിറ്റ മുഖപുസ്തകത്തിൽ ഇട്ട ചിറ്റയുടെ സെറ്റും മുണ്ടും ഉടുത്ത തനി നാടൻ സ്റ്റൈലിൽ ഉള്ള ഫോട്ടോ ദുബായിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന തട്ടത്തിൻ മറയത്തിന്റെ നാടായ തലശ്ശേരിയിൽ നിന്നും ഒരു വിവാഹ ആലോചന വന്നു.

ചിറ്റ അല്ലേ ആള് പുളീംകൊംബ് നോക്കിയേ പിടിക്കൂ… പിടിച്ചു. ഇത് ഞാൻ പറഞ്ഞതല്ല…. ചുറ്റും കൂടി നിന്ന ഒരുപറ്റം ബന്ധു തെണ്ടികൾ പറഞ്ഞതാ.
ചിറ്റക്ക് വിവാഹം ഒത്തു വന്നപ്പോൾ നല്ല ആലോചനയാണ് എന്ന് തോന്നിയപ്പോൾ എല്ലാരും കൂടെ എല്ലാ പിണക്കവും മറന്നു കെട്ടിച്ചുവിടാൻ തീരുമാനമായി.

കണ്ണൂർ, മലബാർ സൈഡ് ൽ ഉള്ളവർക്ക് സ്ത്രീധനം വേണ്ട. കല്യാണം കഴിഞ്ഞു അടുക്കള കാണൽ സൂപ്പർ ആയി നടത്തണം അത്ര മാത്രം.

ഭാവി ചിറ്റപ്പൻ ക്യാഷ് ഉള്ള പാർട്ടി ആയോണ്ട് നിശ്ചയവും വിവാഹവുമെല്ലാം ഗ്രാൻഡ് ആക്കാൻ തീരുമാനമായി. കല്യാണത്തിന് പെണ്ണിന്റെ വീട്ടുകാർ പെണ്ണിനേം കൊണ്ട് കണ്ണൂരിൽ എത്തിയാൽ മതി സകല ചിലവും ഭാവി ചിറ്റപ്പൻ വഹിക്കും.

അങ്ങനെ കല്യാണ ദിവസം എത്താറായി. എല്ലാരും കൂടി പെട്ടിയും കിടക്കേം എടുത്ത് കണ്ണൂർക്ക് ട്രെയിൻ കയറി. ഞാനും. കേരളത്തിൽ ഞാൻ ഇതുവരെ കണ്ണൂരും വയനാടും പോയിട്ടില്ല അതോണ്ട് കണ്ണൂരൊന്ന് കാണാല്ലോ എന്നോർത്ത് മാത്രമാണ് ഞാൻ കല്യാണത്തിന് പോയത്. അല്ലാതെ ക്ലാസ്സിൽ പോകാനുള്ള മടി കൊണ്ടല്ലാട്ടോ.

അങ്ങനെ കല്യാണത്തിന്റെ തലേന്ന് ഞങ്ങൾ കണ്ണൂർ എത്തി. അവിടെ ഭാവി ചിറ്റപ്പന്റെ വാനരപ്പട ഞങ്ങളെ സ്വീകരിച്ചു.
ജീൻസും ടോപ്പും ഇട്ടു ഉറക്കച്ചടവോടെ മുടി തോന്നിയപോലെ കെട്ടി വായിക്കോട്ടയും ഇട്ടു വരുന്ന എന്നെ കണ്ടപ്പോൾ തന്നെ ഒരു വാനരൻ മറ്റു വാനരസഖ്യത്തോട് പറഞ്ഞു.

ഏതാടാ ആ പാണ്ടിച്ചി എന്ന് ??

എവിടുന്നു വരുന്നെടാ ഇതൊക്കെ എന്ന് ??

സത്യത്തിൽ എന്നെ അടിമുടി വിറച്ചു വന്നതാ….. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. അവന്മാരെ പേടിച്ചിട്ടൊന്നും അല്ല. ഞാൻ അന്നേരം പല്ല് തേച്ചിട്ടില്ലാരുന്നു. ഇനി വായനാറ്റം അടിച്ചു ആ കോന്തൻ തട്ടിപോയാൽ കല്യാണം എങ്ങാനും നീട്ടി വെച്ചാലോ എന്നോർത്ത്……

പിന്നെ ഞാൻ കുളിച്ചു പല്ല് തേച്ചു ഫുഡ്‌ കഴിച്ചു മിടുക്കി കുട്ടിയായി. കിടന്നുറങ്ങി.

കല്യാണദിവസം………

ചിറ്റയുടെ കല്യാണത്തിന് തിളങ്ങി നിൽക്കാൻ അമ്മ എനിക്ക് ലഹങ്ക എടുത്തു തന്നു. ഒരുങ്ങി വരാൻ പറഞ്ഞു അമ്മ ചിറ്റയുടെ അടുത്തേക്ക് പോയി. റൂമിൽ ഞാൻ ഒറ്റക്കായി. ലഹങ്ക എടുത്തു ഇട്ടിട്ട് എനിക്കൊരു സുഖം തോന്നിയില്ല.

ജീൻസ് എടുത്ത് ഇടാൻ നോക്കിയപ്പോൾ എന്റെ ബാഗിന്റെ അടിയിൽ ആയിട്ടൊരു കവർ കണ്ടു. ഞാൻ അത് എടുത്ത് നോക്കി.

ഒരു അടിപ്പൻ സെറ്റ് സാരി. കണ്ടമാത്രയിൽ തന്നെ ഞാൻ അതങ്ങെടുത്തു ചുറ്റി. അതിനു ചേരുന്ന ആഭരണവും എല്ലാം ഉണ്ടാരുന്നു. എല്ലാം, കഴിഞ്ഞപ്പോൾ ഒരു കുറിപ്പും കിട്ടി…..

…..അച്ഛയുടേം അമ്മയുടേം കുട്ടിമാളുവിന്‌ 20ആം ജന്മദിനാശംസകൾ…….

സന്തോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു. പക്ഷെ കണ്മഷി പടർന്നാലോ എന്ന് ഓർത്തു പെട്ടന്ന് തുടച്ചു സെരിയാക്കി. മുല്ലപ്പൂവ് വെച്ചു. അന്നേരത്തേക്കും അച്ഛൻ വിളിച്ചു. മോളെ താഴേക്കു വാ…. എല്ലാരും ബസിൽ കയറി എന്ന് പറഞ്ഞു.

ഞാൻ റൂം ലോക്ക് ചെയ്ത് വേഗം ഇറങ്ങി. നട ഇറങ്ങി ചെന്നപ്പോൾ എന്നെ പാണ്ടിച്ചി എന്ന് വിളിച്ച കോന്തൻ ദാ അവിടെ നിൽക്കുന്നു. M. L. A. യെ പോലെ (മൗത് ലൂകിംഗ് ഏജന്റ് ). വായും പൊളിച്ചു നിന്ന അവനെയും വാനരപ്പടയെയും മൈൻഡ് ചെയ്യാതെ ഞാൻ വണ്ടിയിൽ കയറി.

അമ്പലത്തിൽ എത്തി. പ്രാർത്ഥിച്ചു. എല്ലാരും ചിറ്റ വരും വരെ എന്നെ തന്നെ നോക്കി. ഞാൻ അപ്പോൾ ഒന്ന് പൂത്തുലഞ്ഞു. ജീവിതത്തിൽ ആദ്യമായിട്ട് കാണുന്ന ആളുകൾ പോലും വന്നു സംസാരിച്ചു. ഞാൻ വായിട്ട് അലയ്ക്കാൻ മിടുക്കി ആയോണ്ട് ചറപറാ വർത്താനം ആരുന്നു. ചിറ്റയുടെ കഴുത്തിൽ താലി വീണു. അങ്ങനെ എനിക്ക് പുതിയൊരു ചിറ്റപ്പനെയും കിട്ടി.

കല്യാണം ഒരെണ്ണം അവിടെ കഴിഞ്ഞപ്പോൾ എനിക്ക് അവിടെ 9ആലോചന വന്നു. കല്യാണാലോചനയെ. അച്ഛക്കും അമ്മയ്ക്കും മുടിഞ്ഞ സന്തോഷം.

കണ്ണൂർക്ക് കെട്ടിച്ചു വിട്ടാൽ സ്ത്രീധനം വേണ്ടി വരില്ലല്ലോ അതാ… പക്ഷെ, ഞാൻ പറഞ്ഞു എനിക്ക് കുറഞ്ഞത് 51പവൻ വേണം ഇല്ലേൽ അച്ഛൻ അമ്മയെ കെട്ടിക്കേണ്ടി വരുമെന്ന്.

പിന്നെ ഇത്രേം ദൂരത്തേക്ക് ഞാൻ പോന്നാ അച്ഛക്കും അമ്മയ്ക്കും എന്തേലും പറ്റിയാൽ പോലും എനിക്ക് ഓടി എത്താൻ പറ്റില്ല. എന്ന് സെന്റി അടിച്ചു സിന് കിടുവാക്കി.

എല്ലാം കഴിഞ്ഞു പോരുവാൻ തുടങ്ങിയപ്പോൾ ആ വാനരൻ എന്നോട് വന്നു കല്യാണം കഴിച്ചാൽ കൊള്ളാമെന്നു പറഞ്ഞു.

ആരെ ഈ പാണ്ടിച്ചിയെയോ ??അവൻ അന്തം വിട്ടു ചമ്മി പോയി.

കണ്ണൂരുകാരൻ കല്യാണച്ചെക്ക, ഞാൻ നല്ല ഒന്നാന്തരം കോട്ടയം പാലക്കാരിയാ…. മോനു, ഈ റബ്ബർ പാലിന്റെ അടുത്ത് പിടിച്ചു നിൽക്കാൻ പാട. അതിനു പറ്റിയ നല്ല ഒന്നാംതരം അച്ചായന്മാര് ഞങ്ങടെ നാട്ടിൽ കാത്തിരുപ്പുണ്ട്. അതോണ്ട് എന്റെ പാണ്ടിക്കുട്ടൻ എന്നെ വിട്ട് പിടി….. എന്നും പറഞ്ഞു സ്ലോ മോഷനിൽ കൂളിംഗ് ഗ്ലാസും വെച്ചൊരു പടിയിറക്കം ആയിരുന്നു.

സത്യത്തിൽ അവനെ ഇഷ്ടമാകാഞ്ഞിട്ടല്ല…… ഇവിടെ എനിക്കായി ഒരു ഇനിചിനീര് കാത്തിരുപ്പുണ്ടാരുന്നു അതുകൊണ്ടാ…….

സ്ത്രീധനം വേണ്ടാന്നും പറഞ്ഞു എല്ലാ പെൺകുട്ടികളും കണ്ണൂർക്ക് പോയേക്കല്ലേ…. ബാക്കി ജില്ലകളിലും ആണ്പിള്ളേര് ഉള്ളതാട്ടോ……….

രചന : അനു

LEAVE A REPLY

Please enter your comment!
Please enter your name here