Home Latest ഇല്ല ശ്യാമേട്ടാ, ഒരു ഭാര്യയായ ഞാൻ ചിലപ്പോൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങളോട് ക്ഷമിച്ചേക്കാം… പക്ഷെ അതിലുപരി...

ഇല്ല ശ്യാമേട്ടാ, ഒരു ഭാര്യയായ ഞാൻ ചിലപ്പോൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങളോട് ക്ഷമിച്ചേക്കാം… പക്ഷെ അതിലുപരി ഞാനൊരു പെണ്ണാണ്… ആത്മാഭിമാനമുള്ള പെണ്ണ്…

0

“ഇനിയും സഹിക്കാൻ വയ്യ സർ!!,, ഒരു കൗണ്സിലിംഗും വേണ്ട…ഐ നീഡ് എ ഡിവോഴ്‌സ്..” .. ശ്യാമിന്റെ ഉറച്ച ശബ്ദം ഗൗരിയെ അമ്പരപ്പിച്ചു…

എന്തൊക്കെയാ ശ്യാമേട്ടാ ഈ പറയണേ?? നമ്മളെന്തിനാ ഇങ്ങോട്ടേക്ക് വന്നേ?? ഡിവോഴ്‌സോ?? അതിനു മാത്രം എന്ത് പ്രശ്നാ നമുക്കിടയിൽ ഉള്ളെ?? ഇവിടെ എത്തുന്ന വരേം ശ്യാമേട്ടന് ഒരു പ്രശ്‌നോം ഉണ്ടായിരുന്നില്ലല്ലോ?? എന്തൊക്കെയാ ഇത്? എനിക്കൊന്നും മനസിലാവുന്നില്ല..”

” അതെ, നിനക്കൊന്നും മനസ്സിലാവില്ല, അത് തന്നെയാണ് എന്റെ പ്രശ്നം, ഒരു ഭർത്താവിന്റെ ആഗ്രഹങ്ങൾ,ആവശ്യങ്ങൾ,സ്വപ്നങ്ങൾ,നിനക്കൊന്നും മനസ്സിലാവില്ല”…

“ശ്യാമേട്ടാ ,അതിനു മാത്രം ഞാൻ എന്ത്….”…… അവളുടെ തൊണ്ടയിടറി…

“ശ്യാമേട്ടൻ!!, തുടങ്ങി കണ്ണീര്…. ഇതിന്‌ മാത്രം ഒരു കുറവും ഇല്യ… പിന്നെ ഈ വിളി, അത് പോലും എനിക്ക് മടുത്തു.. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ സമ്മതിക്കാതെ നിന്റെ ഒരു വിളി… ”

“സർ, ഐ നീഡ് ഡിവോഴ്‌സ്”,അതും കാല താമസമില്ലാതെ….”

“ഓക്കേ ശ്യാം, നമുക്ക് സംസാരിക്കാം.. ആദ്യം എന്തിനാണ് നിങ്ങൾ പിരിയുന്നതെന്നു എനിക്ക് പറഞ്ഞു തരു.. നിങ്ങളുടെ വൈഫിന് ഇത് വരെയും ഒന്നും അറിയില്ലെന്ന് തോന്നുന്നു… ആദ്യം നിങ്ങടെ പ്രോബ്ലം എന്നോട് പറയൂ” ….

അഡ്വക്കേറ്റ് ശ്രീജിത്ത്…പ്രമുഖനായ വക്കീലിന്റെ മുറിയിലെ എ സി യിലും ചുട്ടു നീറി ഗൗരിയിരുന്നു.. അവളുടെ എല്ലാമെല്ലാമായ ശ്യാമേട്ടൻ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നറിയാനായി…

“വയ്യ സർ, ഇനിയും ഈ വിഴുപ്പു ചുമക്കാൻ എനിക്ക് വയ്യ….. അമ്മാവന്റെ മോളായത് കൊണ്ടും ബന്ധം നേരത്തെ ഉറപ്പിച്ചു പോയത് കൊണ്ടും ഞാൻ എതിർപ്പൊന്നും പറയാഞ്ഞതാണ്.. ഇതിലും എത്രയോ നല്ല പെൺകുട്ടികളെ എനിക്ക് കിട്ടുമായിരുന്നു. ഡോക്ടറോ എഞ്ചിനീയറോ ആരെ വേണമേങ്കിലും.. എന്നിട്ടും ഞാൻ ഇവൾക്കൊരു ജീവിതം കൊടുത്തു.. ഇവളെ എന്റെ ഭാര്യ ആയി കാണാൻ ശ്രമിച്ചു…ഇവളെ ആ പട്ടികാട്ടിൽ നിന്നും ഇങ്ങോട്ടേക്ക് കൊണ്ട് വന്നു.. ഈ സിറ്റി ലൈഫ് കാണുമ്പോൾ, ഇവിടുത്തെ മോഡേൺ ലൈഫ് കാണുമ്പോൾ അങ്ങനെയെങ്കിലും ഇവൾ മാറുമെന്ന് കരുതി.. എവിടെ?? അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് കാര്യമൊന്നുമില്ലല്ലോ…. ”

“ഒരു മിനിറ്റ് ശ്യാം… വൈഫ് എങ്ങനെ മാറിയില്ല എന്നാണ് ശ്യാം പറയുന്നത്?”

“സർ, ഷി ഈസ് ആൻ അൺ എജുക്കേറ്റഡ് വുമൺ”… അവൾക്ക് എങ്ങനെ മോഡേൺ ആയി വസ്ത്രം ധരിക്കണം എന്നറിയില്ല.. മോഡേൺ ആയി പെരുമാറാൻ അറിയില്ല.. മോഡേൺ ആയിട്ടുള്ള ചിന്തയില്ല… ഇപ്പോഴും ആ പട്ടികാട്ടുകാരി തന്നെ.. ഇവിടുത്തെ ഫ്ലാറ്റിലും അവൾക്ക് വിറകടുപ്പില്ലാത്തതിന്റെ വിഷമം പറയലാണ് പണി..എന്റെ സുഹൃത്തുക്കളെയോ ഒപ്പം ജോലി ചെയ്യുന്നവരേയോ എനിക്ക് വീട്ടിലേക്ക് ക്ഷണിക്കാൻ കഴിയില്ല.. കാരണം എന്താണെന്നറിയാമോ സർ, ഇവളുടെ വാഴക്ക മെഴുക്കുപുരട്ടിയും പുളിശ്ശേരിയും ഒക്കെ അവർക്ക് ഞാൻ എങ്ങിനെ പ്രെസെന്റ ചെയ്യും!!! ഇവളിത്രയും കൺട്രി ആണെന്ന് ഞാൻ വിചാരിച്ചിരുന്നില്ല സർ… ഇപ്പോഴും നോക്കു സർ, അവളുടെ ഡ്രസിങ് സെൻസ്!! റിയലി ഹോറിബിൾ… മുണ്ടും വേഷ്ട്ടിയും, ഒരു ലോങ്ങ് ഹെയറും… കണ്ടാലേ എല്ലാർക്കും മനസ്സിലാവും, ഇവള് തനി നാടൻ ആണെന്ന്.

എന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ്, സൊസൈറ്റി യിലെ വാല്യൂ, എല്ലാവർക്കും ഞാൻ അവരുടെ ഐഡിയൽ ആണ്.. ആ എനിക്ക് ഇവളെ എങ്ങനെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും.. മാറ്റാൻ പറ്റുന്നതിന്റെ മാക്സിമം ഞാൻ ട്രൈ ചെയ്തു.. ബ്യൂട്ടി പാർലറിൽ പോവാൻ പറഞ്ഞു നോക്കി, മോഡേൺ ഡ്രെസ്സുകൾ എടുത്തു കൊടുത്തു നോക്കി.
എന്റെ ഇഷ്ടങ്ങൾ ഇതൊക്കെ ആണെന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കി.. അവളതൊന്നും ശ്രദ്ധിച്ചേ ഇല്ല.. അവൾക് വീട് വൃത്തിയക്കലും പച്ചക്കറി ഉണ്ടാക്കലും ചെടി പരിപാലനവും.. അങ്ങിനെ എന്തൊക്കെയോ ആണ് ചിന്ത..

ഒരിക്കൽ പോലും അവളെന്റെ ഓഫീസ് എങ്ങിനെ പോവുന്നു എന്ന് ചോദിച്ചിട്ടില്ല… എന്റെ വർക്കിൽ ഇടപെടാനുള്ള ബുദ്ധി ഇല്ലായിരിക്കും.. അവൾക്ക് ഞാൻ വരുമ്പോ ചോദിക്കാനുള്ള ഒരേ ഒരു കാര്യം രാത്രിക്ക് എന്താ ശ്യാമേട്ടാ സ്പെഷ്യൽ ഉണ്ടാക്കണ്ടേ?? എന്ന് മാത്രമാണ്..”

രാവിലെയും സെയിം ചോദ്യം… അവൾക്കിഷ്ടമുള്ള യാത്ര അമ്പലങ്ങളിലേക്ക് ഒരുമിച്ചു തൊഴാൻ പോണത് മാത്രമാണ്.”..

“അടിച്ചു തളിക്കാനും വീട് വൃത്തിയാക്കാനും അലക്കാനും ഫുഡ് ഉണ്ടാക്കാനുമൊക്കെ ആണെങ്കിൽ എനിക്കൊരു പണിക്കാരിയെ വെച്ചാൽ മതിയല്ലോ.. പിന്നെ കൂടെ കിടക്കാൻ മാത്രമായി എന്തിനാ ഞാൻ ഇവളെ സഹിക്കുന്നെ?? ഐ നീഡ് എ മോഡേൺ വൈഫ് ,എന്റെ പോലെ ചിന്തിക്കുന്ന,എന്റെ ഇഷ്ടങ്ങളെ ചേർത്ത് പിടിക്കുന്ന, എന്നെ ബോറടിപ്പിക്കാത്ത ഒരു വൈഫ്”….. സൊ ഐ നീഡ് എ മ്യുച്ചൽ ഡിവോഴ്‌സ്… ശ്യാം മുഷ്ട്ടി ചുരുട്ടി മേശയിൽ ആഞ്ഞിടിച്ചു കൊണ്ട് പറഞ്ഞു തീർത്തു…

“ഓക്കേ ശ്യാം, കുറച്ചു നേരം പുറത്തിരിക്കാമോ? ഞാൻ ഗൗരിയോടും സംസാരിക്കട്ടെ…

“സൊ ഗൗരിക്കിപ്പോ കാര്യങ്ങളൊക്കെ ക്ലിയർ ആയി കാണുമല്ലോ? ഇത്രയും ആണ് തനിക്കെതിരെ ഉള്ള ആരോപണങ്ങൾ… തനിക്കെന്തെങ്കിലും പറയാനുണ്ടോ?? ”

കണ്ണ് തുടച്ചു കൊണ്ട് ഗൗരി ചോദിച്ചു.
” എവിടെയാണ് സർ ഒപ്പിടേണ്ടത്?” ശ്രീജിത്ത് അത്ഭുദപ്പെട്ടു ചോദിച്ചു…

“തനിക്കിതിനൊന്നും മറുപടി ഇല്ലേ ഗൗരി? ഇതൊക്കെ നിസ്സാര പ്രശ്നങ്ങൾ അല്ലെ? ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ? ഞാൻ ശ്യാമിനെ പറഞ്ഞു മനസ്സിലാക്കിക്കാം…..”

” എന്തിന്?? ഇത്രയും നാൾ ഞാൻ ജീവിച്ചിരുന്നത് സ്വപ്ന ലോകത്തിലായിരുന്നു.. എന്റെ ശ്യാമേട്ടൻ എന്ന സ്വപ്ന ലോകത്തിൽ.. അറിവ് വെച്ച പ്രായം മുതൽ കേട്ടതാണ് ശ്യാമിന്റെ ആണ് നീ എന്ന വാക്ക്.. അത് നെഞ്ചിലേറ്റി നടന്നു.. ശ്യാമേട്ടൻ പറഞ്ഞ അൺ എജുക്കേറ്റഡ് എന്താണെന്ന് എനിക്ക് മനസ്സിലായില്ല, മലയാളം എം എ എന്ന് മുതലാണ് അൺ എജുകേറ്റഡ് ആയത്?? ശ്യാമേട്ടനെ കുറിച്ച് മാത്രമേ ഞാനെന്നും ചിന്തിച്ചിട്ടുള്ളൂ… ശ്യാമേട്ടനു പൊടി അടിച്ചാൽ അലർജി ആണ്.. അത് കൊണ്ടാണ് വീടിന്റെ മുക്കും മൂലയും വരെ ഞാൻ സമയങ്ങളോളമെടുത്തു വൃത്തിയാക്കുന്നത്.. വൈകീട്ട് മാത്രമേ ഏട്ടൻ വീട്ടിൽ നിന്നും കഴിക്കു.. അപ്പൊഴെങ്കിലും വിഷമയമില്ലാത്ത, ദേഹത്തിനു നല്ലതായ ,വാഴക്ക മെഴുക്കു പുരട്ടി പോലുള്ളതൊക്കെ ഉണ്ടാക്കി വെക്കുന്നെ.. ഏട്ടന്റെ ആരോഗ്യത്തിന് വേണ്ടി മാത്രം.. അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് ഏട്ടന്റെ ശനിദശ അകറ്റാനായിട്ടു മാത്രമായിരുന്നു.. പിന്നെ ഞാൻ ഞാനായൽ മതി എന്നുള്ള ചിന്ത, ഞാൻ എങ്ങിനെ നടന്നാലും എന്റെ ഏട്ടന് എന്നെ ജീവനാണ് എന്നുള്ള തെറ്റിദ്ധാരണ അതായിരുന്നു ഏട്ടൻ നിർബന്ധിച്ചപ്പോൾ പോലും മോഡേൺ ഡ്രെസ്സുകൾ ഒന്നും ഇടാതിരുന്നത്…. ഇന്നെന്റെ ആ ധാരണ മാറി.. ഈ ലോകത്തെ ഏറ്റവും സൗഭാഗ്യവതിയായ പെണ്ണ് ഞാൻ ആണെന്നായിരുന്നു എന്റെ വിശ്വാസം.. ഞാൻ സ്നേഹിക്കുന്നത് പോലെ എന്റെ ഏട്ടനെ സ്നേഹിക്കാൻ മറ്റൊരാൾക്കും കഴിയില്ല എന്നായിരുന്നു എന്റെ വിശ്വാസം.. എല്ലാം തെറ്റായിപ്പോയി… എന്റെ ശ്യാമേട്ടനല്ലാതെ മറ്റൊരു പുരുഷൻ ഇന്നോളം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. ഇനിയൊട്ട് ഉണ്ടാവുകയുമില്ല… പക്ഷെ, ശ്യാമേട്ടന്റെ ജീവിതത്തിലെ വിഴുപ്പായി ഞാൻ ഇനി ഉണ്ടാവില്ല….”

സർ പേപ്പർ തന്നോളൂ… ‘”

അവൾ കണ്ണീരോടെ ആ പേപ്പറിൽ ഒപ്പു വെച്ച് പുറത്തേക്ക് നടന്നു..

“ശ്യാം അകത്തേക്ക് വരൂ, ഗൗരി സൈൻ ചെയ്തിട്ടുണ്ട്..

ശ്യാമപ്പോൾ അത്ഭുദത്തോടെ പറഞ്ഞു..

“ഓ!! ഇത്ര പെട്ടെന്ന് സൈൻ ചെയ്തോ.. ഇനി ഇതിന്റെ പേരിൽ അവൾടെ കണ്ണീരും ഡ്രാമയും സഹിക്കണമല്ലോ ന്നു കരുതിയതാ….
അതൊഴിവായല്ലോ… ആശ്വാസം..

“ഒരു മിനിറ്റ് ശ്യാം… ഇതൊന്നു കേട്ട് നോക്കൂ…”

ഗൗരി പറഞ്ഞതെല്ലാം തന്റെ ഫോണിൽ റെക്കോർഡ് ചെയ്തത് അയാൾ ശ്യാമിനു നേരെ നീട്ടി…

അത് കേട്ട് കഴിഞ്ഞ ശ്യാമിനോടയി ശ്രീജിത്ത് പറഞ്ഞു…

” കസ്തൂരിയുടെ ഗന്ധം തേടി നടക്കുന്ന മാനിനെ പോലെ ആണെടോ താൻ? സ്വന്തം ശരീരത്തിൽ നിന്നുമാണത് വരുന്നതെന്ന് അതിനറിയില്ല… കയ്യിലുള്ള വൈഡൂര്യത്തെ ഉപേക്ഷിച് താൻ ഏത് കനകത്തെയാണെടോ തേടുന്നത്?? ഇത്രയും സ്നേഹിക്കുന്ന ഒരു ഭാര്യയെയാണ് ഏതൊരു ആണും ആഗ്രഹിക്കുക… ഗൗരി തനിക്കൊരിക്കലും നാണക്കേടല്ല മറിച്ച തന്റെ അന്തസ്സും അഭിമാനവുമാണവൾ…. ” ഇത്രയും ഞാൻ തന്നോട് പറഞ്ഞില്ലെങ്കിൽ ഞാനൊരു മനുഷ്യൻ ആവില്ലെടോ!! ഇനിയൊക്കെ തന്റെ തീരുമാനം…

ഒഴുകി വരുന്ന കണ്ണീരടക്കാൻ പാടുപെട്ട് അവൻ കുറെ നേരം ആ മുറിയിൽ ഇരുന്നു.. പിന്നീട് ശ്രീജിത്തിനോടയി ചോദിച്ചു… “അവൾ എനിക്ക് മാപ്പു നൽകുമോ സർ”..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“താൻ ശ്രമിച്ചു നോക്ക്……”

ഗേറ്റ് കടന്നപ്പോൾ ഗൗരി ബാഗുമായി പുറത്തിരിക്കുന്നുണ്ടായിരുന്നു…

“ഗൗരി”… ഞാൻ……
നീയെന്നോട് ക്ഷമിക്കില്ലേ?? ഞാൻ നിന്നെ അറിയാതെ….പ്ളീസ് ഗൗരി…..” ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

“എനിക്കൊരു ദേഷ്യവുമില്ല ശ്യാമേട്ടനോട് .. ശ്യാമേട്ടനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വേദന മാത്രമേ ഉള്ളു….

“ഗൗരി….” മോളെ ക്ഷമിക്കില്ലേ നീ??”

” ഒരുപാട് സമയമെടുക്കുമായിരിക്കാം എന്റെ മനസ്സിലെ ഈ മുറിവ് ഉണങ്ങാൻ… എന്നാലും ഇനി ശ്യാമേട്ടന്റെ കൂടെ ഒരു ജീവിതമില്ല… ഇത്രയും കാലം അഭിനയിച്ചു കൊണ്ട് ,എന്നെ ഒരു കോമാളി ആക്കുകയായിരുന്നു ശ്യാമേട്ടൻ… എന്റെ ആത്മാഭിമാനമാണ് ഇന്ന് നഷ്ടമായത്… ഞാൻ,എന്റെ സ്വത്വം, അതൊന്നും ഇഷ്ടമില്ലാത്ത ശ്യാമേട്ടനോട് ഞാൻ എങ്ങിനെ ക്ഷമിച്ചു ജീവിക്കണമെന്നാണ് പറയുന്നത്….

” ഗൗരി, പോവരുത്… എനിക്ക് തെറ്റ് പറ്റി… നിന്റെ സ്നേഹം,നിന്റെ കരുതൽ അതൊന്നും കാണാനും മനസ്സിലാക്കാനും ഞാൻ ശ്രമിച്ചില്ല… എന്റെ സ്റ്റാറ്റസ്, ഫ്രണ്ട്സിന്റെ മോഡേൺ ആയിട്ടുള്ള ഭാര്യമാർ, അവരെയൊക്കെ മാത്രമേ എന്റെ ഇരുളടഞ്ഞ മനസ്സിന് കാണാൻ കഴിഞ്ഞുള്ളു..നിന്റെ കറ കളഞ്ഞ സ്നേഹം ഞാൻ കണ്ടില്ലെന്നു നടിച്ചു… നീ എപ്പോഴും പറയാറില്ലേ, തെറ്റിനെ തെറ്റ് കൊണ്ടല്ല ശരി കൊണ്ടാണ് തിരുത്തേണ്ടത് എന്ന്… പോവരുത് ഗൗരി,… എനിക്ക് നിന്നെ വേണം…”

അവൻ അവളെ ചേർത്ത് നിർത്താനായി കൈകൾ ഉയർത്തി…

“ഇല്ല ശ്യാമേട്ടാ, ഒരു ഭാര്യയായ ഞാൻ ചിലപ്പോൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങളോട് ക്ഷമിച്ചേക്കാം… പക്ഷെ അതിലുപരി ഞാനൊരു പെണ്ണാണ്… ആത്മാഭിമാനമുള്ള പെണ്ണ്… ആ പെണ്ണിന് ഒരിക്കലും നിങ്ങളോട് ക്ഷമിക്കാനാവില്ല… എന്നെ കാത്തിരിക്കണോ വേണ്ടയോ എന്ന് ഏട്ടന് തീരുമാനിക്കാം.. ഇപ്പോൾ ഞാൻ ഇറങ്ങുന്നു.. ” അവൾ ബാഗുമെടുത്തു കൊണ്ട് നടന്നു…..

തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു…

“ശ്യാമേട്ടാ…..

ഞാൻ തോൽക്കില്ല!!ഏട്ടൻ പറഞ്ഞ ആ പട്ടികാട്ടിൽ ഒരു കുഞ്ഞു സ്കൂളുണ്ട്… അവിടെ ടീച്ചറായി ജോലി നോക്കണം… ആർക്കും ഭാരമാകാതെ ഇനി ജീവിക്കണം.. സ്വന്തം കാലിൽ… കാണിച്ചു കൊടുക്കണം.. ഈ അൺ എജുകേറ്റഡ് കൺട്രി പെണ്ണിന്റെ ശക്തി എന്താണെന്ന്‌….

“”ഗൗരി,പ്ലീസ്””‘ അവന്റെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണീർ പെയ്തിറങ്ങി…

അവളത് അവഗണിച്ചുകൊണ്ട് മുന്നോട്ടു നടന്നു നീങ്ങി….

മുറ്റത്ത് കാർ വന്നു നിന്നപ്പോഴേ അവൾക്കു മനസ്സിലായി, അത് തന്റെ ശ്യാമേട്ടൻ ആണെന്ന്…

ആകെ കോലം കെട്ടു പോയിരിക്കുന്നു.. പാവം… അവൾ മനസ്സിലോർത്തു…

മനസ്സിലെ സന്തോഷം മുഖത്ത് പ്രകടിപ്പിക്കാതെ അവൾ മുഖത്തു ഗൗരവം വരുത്തി മുറിയിലിരുന്നു…

“ഗൗരി!!! ”

എത്ര ദിവസമായി ആ വിളിയൊന്നു കേൾക്കാൻ താൻ കൊതിക്കുന്നു….

” ഇനിയും വയ്യെടോ താനില്ലാതെ!!! ഇനിയും ശിക്ഷിക്കണോ എന്നെ?? നീ തോറ്റില്ല, നിന്റെ ശ്യാമേട്ടൻ തോറ്റു…”.. അവൻ പൊട്ടിക്കരഞ്ഞു…

ആ മുഖം കൈക്കുമ്പിളിൽ ഉയർത്തി കൊണ്ടവൾ പറഞ്ഞു….

“എന്റെ ശ്യാമേട്ടൻ തോൽക്കാൻ ഞാൻ സമ്മതിക്കില്ലെങ്കിലോ…കുറച്ചു ദിവസം ഒറ്റക്ക് കഴിയട്ടെ, അപ്പൊ മനസ്സിലാവും ഈ ഗൗരീടെ സ്നേഹം ന്നെ വിചാരിച്ചുള്ളൂ…
ശ്യാമേട്ടനില്ലാതെ ഗൗരിക്കൊരു ജീവിതമേ ഇല്ല… എന്നെ ഇത്രക്കും സങ്കടപെടുത്തിയില്ലേ… കുറച്ചു സങ്കടപെടട്ടെ ന്നു കരുതി..ന്നാലും മൂന്നു മാസം വേണ്ടി വന്നുലോ എന്നെ ഒന്ന് വന്നു കാണാൻ….. ”

“എന്റെ പൊന്നു മോളെ, നീയെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ… ഈ മൂന്നു മാസം എനിക്ക് മൂന്ന് വർഷമായിരുന്നു… നീയാണെന്റെ ജീവനും ജീവിതവും പ്രാണനും എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു…. ” അവളുടെ മൂർദ്ധാവിൽ കണ്ണീരിൽ കുതിർന്ന ചുംബനം കൊണ്ടവൻ കുങ്കുമം തൊട്ടു…

“ഏട്ടാ ഇപ്പോഴും ഞാൻ അൺ എജ്യൂക്കേറ്റഡ് കൺട്രി തന്നെയാ ട്ടോ….”

“ഒന്ന് പോടീ, ശവത്തിൽ കുത്താതെ..
അവനവളെ മാറോടാണച്ചു….

ശുഭം…

രചന: രോഹിത വിജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here