Home Latest ഇന്നലെ വന്നവൻ നിന്റെ ആരാ? അവൻ എപ്പൊഴാ ഇവിടുന്നു പോയത്… ഇവിടെ എപ്പോഴും വരാറുണ്ടോ? ഇത്...

ഇന്നലെ വന്നവൻ നിന്റെ ആരാ? അവൻ എപ്പൊഴാ ഇവിടുന്നു പോയത്… ഇവിടെ എപ്പോഴും വരാറുണ്ടോ? ഇത് എപ്പോ തുടങ്ങിയതാണെന്നു പറയ്‌?

1

എന്റെ മോളോട് ഞാൻ ഇന്നേവരെ ഒന്ന് ശബ്ദമുയർത്തി സംസാരിച്ചിട്ടും കൂടിയില്ല …പക്ഷേ ഇന്ന് എനിക്ക് അവളോട് ദേഷ്യപ്പെടേണ്ടിവന്നു..അതും അവളുടെ സ്വന്തം അമ്മക്ക് വേണ്ടി….
ഓർത്തപ്പോൾ രാജീവ് വല്ലാതെ അസ്വസ്ഥനായി …

മോളെ വിളിച്ചു നോക്കി …അവൾ അറ്റൻഡ് ചെയ്യണില്ല ..ചിലപ്പോൾ ഉറങ്ങിക്കാണും …അല്ലെങ്കിൽ എന്നോട് പിണങ്ങി കാണും …ബിന്ദുനെ വിളിച്ചു ചോദിച്ചിട്ട് കിടക്കാം ……അല്ലെങ്കിൽ എനിക്ക് ഇന്ന് ഉറങ്ങാൻ പറ്റില്ല …വീട്ടിലേക്കു വിളിച്ചപ്പോൾ അവൾ അറ്റൻഡ് ചെയ്തു …
“ബിന്ദു ..അനു മോൾ ഉറങ്ങിയോ ..?”എന്ന് ചോദിച്ചപ്പോൾ
“മ്മ് …ഉറങ്ങി …. മോള് കുറെ കരഞ്ഞു ..അവൾക്കു നല്ല വിഷമമുണ്ട് …ആദ്യമായിട്ടല്ലേ അവളെ വഴക്കു പറഞ്ഞത് …”

“വിഷമിച്ചിട്ടെന്തു കാര്യം ….എനിക്ക് എന്ത് ചെയ്യാൻ പറ്റും ,അവൾ അനുസരിക്കാഞ്ഞിട്ടല്ലേ ..?അനു ന്റെ അമ്മക്ക് അവളെ കാണണം എന്ന് എത്രനാളായി ഞാൻ മോളോട് പറയുന്നു..ഒന്ന് പോയി കണ്ടൂടെ അവൾക്ക് ..ബിന്ദു …നീ പറഞ്ഞാലേ ഇനി മോൾ കേൾക്കൂ …ഒന്ന് പറഞ്ഞു സമ്മതിപ്പിക്ക് …പ്ലീസ് …

“രാജീവേട്ടൻ വിഷമിക്കേണ്ടാ ..അനു നെ…ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം ….മോൾടെ കൂടെ ഞാനും പോവാം …”ഇതൊന്നും ഓർത്തു വിഷമിക്കാതെ ഉറങ്ങിക്കോളൂ ……എന്നും പറഞ്ഞു ബിന്ദു ഫോൺ കട്ട് ചെയ്‌തു …

ഫോൺ കട്ട് ആയി കഴിഞ്ഞു രാജീവ് ഉറങ്ങാനായി കിടന്നു …ഓർമ്മകൾ ഓരോന്നായി മനസ്സിലേക്ക് ഓടിവന്നു ..അനു മോൾടെ അമ്മയെ .എന്റെ റീനയെ …ഇപ്പൊ എന്റേതല്ലെങ്കിലും …ഒരുനാൾ എന്റെ എല്ലാമായിരുന്ന അവളെ ഞാൻ കല്യാണം കഴിക്കുമ്പോൾ റീനക്ക് പ്രായം 18 ആവുന്നേയുള്ളൂ …കുട്ടിക്കളി മാറിയിട്ടില്ല …എന്റെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം കാരണം അവൾക്കു എപ്പോഴും വഴക്കു കേട്ടിരുന്നു ..എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവളെ ..പക്വത ആവും മുന്നേ അവൾ അനു ന്റെ അമ്മയുമായി …

ആയിടയ്ക്ക് ജോലി ആവശ്യത്തിനായി വീട്ടിൽ നിന്നു മാറി താമസിക്കേണ്ടി വന്നു …അവളും മോളും തനിച്ചായിരുന്നു ഞാൻ ജോലിക്കു പോയി തിരിച്ചുവരുന്നത് വരെ …അത് കാരണം, അടുത്ത വീട്ടിലെ ഒരു വയസ്സായ സ്ത്രീയോട് ഒന്ന് പറഞ്ഞേൽപ്പിച്ചു അവരെയൊന്നും ശ്രദ്ധിക്കാൻ …. വീട്ടിലെ ജോലിയൊക്കെ തീർന്നാൽ ഒറ്റയ്ക്ക് ഇരിക്കേണ്ട ,അവരുടെ വീട്ടിൽ പോയിരിക്കാൻ അവരു പറഞ്ഞതനുസരിച്ചു ആദ്യമൊക്കെ റീന അവിടെ പോയിരിക്കും ……ഞാൻ വന്നു കഴിഞ്ഞാൽ തിരിച്ചു വീട്ടിലേക്ക് പോരും..ആദ്യത്തെ കുറച്ചു നാളുകൾ നല്ല രീതിയിൽ മുന്നോട്ട് പോയി..

പിന്നെ …പിന്നെ അങ്ങോട്ട് പോവാതിരിക്കാൻ അവൾ ഓരോരോ കാരണങ്ങൾ കണ്ടെത്താൻ തുടങ്ങി ..ചോദിക്കുമ്പോഴൊക്കെ വ്യക്തമായ ഒരു മറുപടി തരാതെ അവൾ ഒഴിഞ്ഞു മാറി …ഇടയ്ക്കു അവളുടെ ബന്ധുക്കളും എന്റെ ആൾക്കാരുമൊക്കെ വരുമായിരുന്നു …അവളുടെ ഒരു കസിൻ ആണെന്നും പറഞ്ഞു ഒരാൾ രണ്ടു പ്രാവശ്യം വന്നിരുന്നു..ഞാൻ അത് കാര്യമാക്കി എടുത്തിരുന്നില്ല ..ഒരു ദിവസം ഞാൻ വരാൻ വൈകിയ അന്ന് “എന്തേ ഇത്ര വൈകിയേ..? ഞങ്ങൾ പേടിച്ചിരിക്കായിരുന്നു..”എന്നവൾ പറഞ്ഞപ്പോൾ ഞാൻ ദേഷ്യപ്പെട്ടു …

“നിന്നോട് ഞാൻ പറഞ്ഞതല്ലേ അവരുടെ വീട്ടിൽ പോയിരുന്നോളാൻ ….പിന്നെ ഇവിടെ ഇങ്ങനെ പേടിച്ചിരിക്കേണ്ട ആവശ്യമുണ്ടായിരുന്നോന്നു..ഞാൻ ചോദിച്ചപ്പോൾ”അവൾക്ക് മറുപടിയില്ലായിരുന്നു…അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം കൂടി ……”എന്താ നീ അവിടെ പോവാത്തത് “എന്ന് പിന്നെയും ചോദിച്ചപ്പോൾ അവൾ പറഞ്ഞു .”ആ അമ്മേടെ മോൻ ശരിയല്ല …ഒരുമാതിരി നോട്ടവും സംസാരവും ഒക്കെയാണ് ….അതാ ഞാൻ അങ്ങോട്ട് പോവാത്തത് “..

ഇത് കേട്ടപ്പോൾ ഞാൻ ദേഷ്യപ്പെട്ടു ..”നിനക്കു ഇതെന്നോട് പറഞ്ഞൂടായിരുന്നോ ..?..?എപ്പോ ചോദിച്ചാലും മിണ്ടാട്ടം ഉണ്ടാവില്ല …”

“എങ്ങനെയാ ഞാൻ പറയാ …ദേഷ്യപ്പെട്ട് അവരോടു വല്ലതും ചോദിയ്ക്കാൻ പോയെങ്കിലൊന്നു പേടിച്ചിട്ടാണ് ഞാൻ ഇതുവരെ പറയാതിരുന്നതെന്നുള്ള അവളുടെ മറുപടി കേട്ട് റീനയോടു അന്നേരം ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും ആ സ്ത്രീയോട് ഇതൊന്നു ചോദിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു …

പിറ്റേന്ന് അവരെ തനിച്ചു കണ്ടപ്പോൾ ഞാൻ ആ കാര്യം അവരോടു പറഞ്ഞു…ഞാൻ അവരുടെ മകനെ പറ്റി പറഞ്ഞത് കേട്ടപ്പോൾ അവരാകെ തളർന്നപോലെയായി ….അതു കേട്ട ശേഷം അവരു പറഞ്ഞ വാക്കുകൾ എന്റെ ഹൃദയം കീറി മുറിക്കുന്നതായിരുന്നു …”മോനോട് ഒരു കാര്യം പറയാനുണ്ട് …ഇത് പറയണം എന്ന് കരുതിയതല്ല..ഞാൻ ആയിട്ട് ഒരു ജീവിതം ഇല്ലാതാക്കരുതെന്നു മനസ്സിൽ ഉറപ്പിച്ചതായിരുന്നു …ഇനിയും പറഞ്ഞില്ലെങ്കിൽ നിരപരാധിയായ എന്റെ മോനും തെറ്റുകാരനായി തീരും”

“റീന നല്ല കുട്ടിയാണ് …പക്ഷേ അവളുടെ കുടുംബകാരനാണെന്നു പറഞ്ഞിട്ട് ഒരുത്തൻ വരാറില്ലേ …അവനെ രാജീവ് കണ്ടിട്ടുണ്ടാവും…” ഒന്ന് നിർത്തിയിട്ട് അവർ തുടർന്ന് ……ഞാൻ പറയുന്നത് കേട്ടിട്ട് മോൻ പ്രശ്നം ഒന്നും ഉണ്ടാക്കരുത് ..അവൾ ചെറുപ്പമാണ് …അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാവും …

അവര് പറയുന്നത് കേട്ട് എനിക്ക് ദേഷ്യം വന്നു ..നിങ്ങൾ കാര്യം പറയുന്നുണ്ടോ ..കുറെ നേരമായിട്ട് ഓരോന്നു പറയുന്നുണ്ടല്ലോ …

അവര് ആകെ പേടിച്ചു ..പിന്നെ ..മെല്ലെ പറയാൻ തുടങ്ങി ..അവളുടെ കുടുംബത്തിലേ പയ്യനും റീനയുമായിട്ട് അരുതാത്ത ബന്ധം ഉണ്ട് ..ഞാൻ പലതും കണ്ടിട്ടുണ്ട് …നീ ഇല്ലാത്ത പകൽ സമയത്തു പലപ്പോഴും അവൻ ഇവിടെ വരാറുണ്ട് ….”അവൻ എന്തിനാ മോളെ എപ്പോഴും ഇങ്ങോട്ട് വരുന്നത് ..കണ്ടാലേ അറിയാം അവൻ ശരിയല്ലെന്ന് ” ഇങ്ങനെ ഞാൻ റീനയോടു പറഞ്ഞത് മുതലാണ് അവൾ ഞങ്ങളുടെ വീട്ടിൽ വരാതെ ആയത് ..അല്ലാതെ എന്റെ മോൻ റീനയെ ശരിക്കും കണ്ടിട്ടും കൂടിയുണ്ടാവില്ല …

അവര് പറഞ്ഞത് മുഴുവൻ ഞാൻ കേൾക്കണുണ്ടായിരുന്നില്ല …എന്റെ ചെവി അടച്ചപോലെയായിരുന്നു …ഞാൻ അവരോട് മറുപടി ഒന്നും പറഞ്ഞില്ല …പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ രണ്ട് മൂന്ന് ദിവസങ്ങൾ കടന്നുപോയി …ഒരു ദിവസം രാവിലെ അയാൾ വന്നു ,.റീനയുടെ കസിൻ …എനിക്ക് അത്യാവശ്യമായിട്ട് ഒരിടം വരെ പോകാനുണ്ടെന്നും , വരാൻ വൈകുമെന്നും പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി .

ആ സ്ത്രീ പറഞ്ഞതിൽ വാസ്തവമുണ്ടോ എന്നറിയാൻ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു വന്നു ..ഡോർ ഒക്കെ അടഞ്ഞു കിടക്കാണ് …കാളിങ് ബെല്ലിൽ വിരൽ അമർത്താൻ പോയെങ്കിലും കൈ എടുത്തു …വീടിന്റെ പുറകിലേക്ക് പോയി നോക്കി …ബെഡ്‌റൂമിന്റെ അടുത്തു എത്തിയപ്പോൾ അകത്തു നിന്നും അടക്കിപ്പിടിച്ച സംസാരം കേട്ടു ..ജനൽ പാളിക്കിടയിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച ഒരു ഭർത്താവ് ഒരിക്കലും കാണാൻ പാടില്ലാത്തതായിരുന്നു .നെഞ്ചുപൊട്ടുന്ന വേദനയിലും എന്തു ചെയ്യണമെന്നറിയാതെ ഞാൻ തിരിച്ചു നടന്നു ..

രാത്രി ഏറെ വൈകിയാണ് വീട്ടിലേക്ക് വന്നത് …റീന സാധാരണപോലെ” എന്തേ ഇത്ര വൈകി …എവിടെ പോയതായിരുന്നു “എന്നൊക്കെ ചോദിക്കണുണ്ടായിരുന്നു ..ഒന്നിനും വ്യക്തമായ മറുപടി കൊടുക്കാൻ തോന്നിയില്ല ……ഭക്ഷണം വേണ്ടെന്നും പറഞ്ഞു മോളെയും കെട്ടിപിടിച്ചു കിടന്നു ……എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല .

പിറ്റേന്ന് രാവിലെ ഞാൻ ജോലിക്കു പോയില്ല ……കാര്യം ചോദിച്ച അവളോട് ഞാൻ മറുചോദ്യമാണ് ചോദിച്ചത് ..”.ഇന്നലെ വന്നവൻ നിന്റെ ആരാ ..? അവൻ എപ്പൊഴാ ഇവിടുന്നു പോയത് ….ഇവിടെ എപ്പോഴും വരാറുണ്ടോ ..? എന്റെ ചോദ്യവും മുഖഭാവവും കണ്ട് അവൾക്ക് മറുപടി പറയാനൊരു പ്രയാസം ……”നീ പേടിക്കേണ്ട ..എന്താണെങ്കിലും സത്യം മാത്രം പറഞ്ഞാൽ മതി ……ഞാൻ ഇന്നലെ എവിടെയും പോയിട്ടില്ല …..കുറച്ചു കഴിഞ്ഞപാടെ ഇങ്ങോട്ട് തിരിച്ചു വന്നിരുന്നു …നിങ്ങളെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി വീണ്ടും പോയതാണ് ..എനിക്ക് എല്ലാം മനസ്സിലായിട്ടും ഉണ്ട് …അതുകൊണ്ട് കളവു പറഞ്ഞു കഷ്ടപെടെണ്ടാ ……ഇത് എപ്പോ തുടങ്ങിയതാണെന്നു പറയ്‌ ..???

അവൾ കരഞ്ഞു കൊണ്ട് എന്റെ കാലിൽ വീണു ..”തെറ്റുപറ്റിപോയി .എന്നോട് ക്ഷമിക്കണം …എന്നെ ഉപേക്ഷിക്കരുത്” …എന്നൊക്കെ പറഞ്ഞു കരയുന്നുണ്ടായിരുന്നു ….ഒരു ഇത്തിരി പോലും ദയ എനിക്ക് അവളോട് തോന്നിയില്ല ….അന്ന് തന്നെ റീനയെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടു …മോളെയും കൊണ്ട് തിരിച്ചു പോന്നു …ഞങ്ങളുടെ ബന്ധവും വേർപ്പെടുത്തി …

വാശിയായിരുന്നു എനിക്ക് , അവൾക്കു എന്റെ മോളെ കൊടുക്കില്ലെന്ന് …അന്ന് മുതൽ എന്റെ നെഞ്ചോടു അടക്കിപ്പിടിച്ചു വളർത്തിയതാണ് …ഇതിനിടയിൽ പലവട്ടം റീന ,മോളെ കാണാൻ സ്കൂളിൽ പോയിരുന്നു …ആദ്യമൊക്കെ മോളെ കണ്ടിരുന്നു എങ്കിലും പിന്നെ അവൾ വന്നാൽ മകളെ കാണിച്ചു കൊടുക്കരുതെന്നുള്ള എന്റെ ആവശ്യത്തെ തുടർന്ന് സ്കൂൾ അധികൃതരും അവൾക്കു മോളെ കാണിച്ചു കൊടുത്തില്ല …അവൾ പോവുമ്പോൾ എന്റെ അനു ന് 6 വയസ്സാണ് പ്രായം ……ഇപ്പൊ 15 വർഷം കഴിഞ്ഞിരിക്കുന്നു ……അവർ തമ്മിൽ കണ്ടിട്ട് …

മോളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്നു എല്ലാരും പറഞ്ഞപ്പോഴും വാശിയായിരുന്നു ജീവിച്ചു കാണിക്കാൻ …പക്ഷേ …..ഒരു പെൺകുട്ടിക്ക് വളർന്നു വരുമ്പോൾ അമ്മയുടെ സ്ഥാനത്തു ആരെങ്കിലും വേണമെന്ന് ഏറെ വൈകാതെ തന്നെ എനിക്ക് ബോധ്യമായി തുടങ്ങി …എന്റെ മോൾക്ക് വേണ്ടി ഞാൻ ഒരു കല്യാണം കഴിച്ചാൽ , ആ സ്ത്രീക്ക് ഒരിക്കലും എന്റെ മോളെ സ്വന്തം മോളെ പോലെ കാണാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു …ഈ കാര്യം ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞപ്പോൾ ….അവനാണ് ബിന്ദു വിനെ കുറിച്ച് എനിക്ക് പറഞ്ഞു തന്നത് ..

അവളുടെ അമ്മ ചെറുപ്പത്തിൽ മരിച്ചിട്ട് രണ്ടാനമ്മവളർത്തിയതാണ് ബിന്ദുനെ ..അതുകൊണ്ട് തന്നെ അങ്ങനെ വളരുന്ന കുട്ടിയുടെ വിഷമം അവളെക്കാൾ നന്നായിട്ട് മറ്റാർക്കും മനസ്സിലാവില്ലെന്നു എനിക്ക് തോന്നി …ബിന്ദുവിനെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടെ കൂട്ടി …എന്റെ അനുമോൾക്ക് നല്ലൊരു അമ്മയെ കിട്ടി..

അധികം താമസിയാതെ എനിക്ക് ഒരു ജോലി ദുബായിൽ ശരിയായി ,ഞാൻ ഇങ്ങോട്ട് പോന്നു …സ്വസ്ഥമായിട്ട് ജീവിതം മുന്നോട്ട് പോവുകയായിരുന്നു …അപ്പോഴാണ് കമ്പനിയിൽ പുതിയതായിട്ട് ജോലിക്ക് വന്ന ആൾ റീനയുടെ നാട്ടുകാരനായിരുന്നു എന്നറിഞ്ഞത് ….അയാളുടെ ഭാര്യ എന്നെ കണ്ടപ്പോൾ രാജീവ് അല്ലേ.. റീന പറഞ്ഞിട്ട് അറിയാമെന്നൊക്കെ പറഞ്ഞു സംസാരിക്കാൻ വന്നു ….എന്തോ അവരോടു കൂടുതൽ സംസാരിക്കാൻ ഞാൻ താല്പര്യം കാണിച്ചില്ല …എന്നിട്ടും ഒരു ദിവസം അവരു വന്നു എന്നോട് പറഞ്ഞു … റീനക്ക് അസുഖമാണെന്നും അവൾക്കു മകളെ കാണാൻ ആഗ്രഹമുണ്ടെന്നും ….അങ്ങനെ കേട്ടപ്പോൾ പഴയ ദേഷ്യം തന്നെയാണ് ആദ്യം തോന്നിയത് ……പിന്നെ എന്തോ റീനയെ കുറിച്ച് അറിയണം എന്ന് തോന്നി ….അവരോടു ചോദിച്ചപ്പോൾ അവർ റീനയുടെ നമ്പർ തന്നിട്ട് ഒന്ന് വിളിക്കാമോ എന്ന് ചോദിച്ചു …രണ്ട് ദിവസം ആ നമ്പർ കൈയിൽ വെച്ചു നടന്നു ….വിളിക്കാൻ തോന്നിയില്ല ….മനസ്സിന് സമാധാനം കിട്ടാതെയായി …അപ്പോൾ വിളിച്ചു നോക്കി .. നെഞ്ചിടിപ്പോടെയാണ് അവളുടെ ശബ്ദത്തിനായി കാതോർത്തത് ….നീണ്ട 15 വർഷങ്ങൾക്കിപ്പുറം ആ ശബ്ദം കേട്ടപ്പോൾ വേദനയാണ് തോന്നിയത് …

പക്ഷേ അവൾ വളരെ ബോൾഡ് ആയിട്ടാണ് സംസാരിച്ചത് ….എന്റെ ശബ്ദത്തിലെ വിറയാലൊന്നും അവളിൽ കണ്ടില്ലാ …”സുഖമാണോ “എന്ന് ചോദിച്ചപ്പോൾ ……”ഇപ്പൊ കുറച്ചായിട്ട് നല്ല സുഖത്തിലാണ്” എന്നാ പറഞ്ഞത് ….”നിനക്കു വയ്യെന്ന് കേട്ടല്ലോ” എന്ന് ചോദിച്ചപ്പോൾ അവൾ ചിരിച്ചു ……”കേട്ടത് സത്യമാണ് ….ഇന്ന് ഞാൻ ഒരു കാൻസർ പേഷ്യന്റാണെന്ന്”അവൾ പറഞ്ഞത് കേട്ട് ഞാൻ ആകെ തരിച്ചുപോയി ….

എനിക്ക് അത് താങ്ങാൻ പറ്റിയില്ല ….അവൾക്കിങ്ങനെ ഒരു രോഗം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല …കീമോ ചെയ്യാറുണ്ടെന്നും ഇപ്പൊ സുഖായിട്ട് വരുന്നുണ്ടെന്നൊക്കെ അവൾ പറഞ്ഞു ……ഇനിയെങ്കിലും എനിക്ക് എന്റെ മോളെ ഒന്ന് കാണിച്ചു തരോ എന്നവൾ ചോദിച്ചപ്പോൾ …മറുപടിക്കായി എനിക്ക് ഒന്ന് ആലോചിക്കേണ്ട ആവശ്യം പോലും വന്നില്ല ……ഏറ്റവും അടുത്ത ദിവസം അനു നിന്റെ അടുത്തേക്ക് വരുന്നുണ്ട് എന്നവൾക്ക് ഉറപ്പു
നൽകി ….ഒന്നും ആലോചിച്ചു ടെൻഷൻ ആവേണ്ടെന്നും …..അസുഖം എല്ലാം വേഗം സുഖാവട്ടെ എന്നും പറഞ്ഞിട്ടാണ് ഞാൻ ഫോൺ വെച്ചത് …

വീട്ടിലേക്ക് വിളിച്ചിട്ട് ബിന്ദുനോട് കാര്യം ഒക്കെ പറഞ്ഞു ….മോൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു …15 വർഷങ്ങൾ കൊണ്ട് എന്റെ മനസ്സിൽ റീനയോടു ക്ഷമിക്കാൻ കഴിഞ്ഞു എങ്കിൽ ….അതെ 15 വർഷം എന്റെ മോൾടെ ഉള്ളിൽ അവളുടെ അമ്മയോടുള്ള വെറുപ്പ് …പകയായിട്ടാണ് വളർന്നത് …ഞാൻ മോളോട് അക്കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും
അവൾ എന്റെ വാക്കുകൾ കേൾക്കാൻ പോലും നിന്നു തന്നില്ല …

ഇന്നും അതെ കാര്യം പറയാൻ വിളിച്ചതാണ് ….അപ്പോഴും അവൾക്കു അമ്മയെ കാണേണ്ടെന്നു വാശി ….പെട്ടെന്ന് അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ….ഞാൻ അവളെ വഴക്കു പറഞ്ഞു …അവൾ പറഞ്ഞതിലും കാര്യമുണ്ട് …”അച്ഛൻ പറയുന്നു അവർ എന്റെ അമ്മയാണെന്നും അവർക്ക് എന്നെ കാണണമെന്നും ….ഇത്രേം കാലം ഇല്ലാതിരുന്ന സ്നേഹം അവർക്ക് എവിടുന്നു വന്നു ….എന്റെ മനസ്സിൽ അമ്മയുടെ സ്ഥാനത്തു ഒരാളേയുള്ളു ….അത് എന്റെ ഈ അമ്മയാ ……ഞാൻ എന്റെ അമ്മയെ വിട്ട് എങ്ങോട്ടും പോവില്ല …” എന്നും പറഞ്ഞു ഫോൺ വെച്ചതാണ് …

മോൾക്ക് അറിയില്ലല്ലോ പഴയ കാര്യങ്ങളൊന്നും …ദേഷ്യവും വാശിയും കൊണ്ട് ഇല്ലാതായ ജീവിത കഥകളൊന്നും ……ഇന്ന് പക്ഷേ റീനയോടു ഒരിത്തിരിപോലും ദേഷ്യം ഉള്ളിൽ ഇല്ലാ …സഹതാപമോ കുറ്റബോധമോ അങ്ങനെ എന്തൊക്കെയോ ആണ് ….എങ്ങനെയെങ്കിലും മോളെ റീനയുടെ അടുത്തെത്തിക്കണം ….ബിന്ദു പറഞ്ഞാൽ അവൾ അനുസരിക്കും …അത്രക്കും അടുപ്പമാണ് അവർ തമ്മിൽ ……ആ ഒരു ആശ്വാസത്തിൽ രാജീവ് കിടന്നു …

അനു മോൾ തന്നെ കാണാൻ വരും എന്നറിഞ്ഞപ്പോൾ തൊട്ട് റീനക്ക് ഭയങ്കര സന്തോഷമായിരുന്നു ……അല്ലെങ്കിലും ഇടയ്ക്ക് രാജീവ് വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ റീനക്ക് നല്ല മാറ്റം കണ്ടു തുടങ്ങി ….പിന്നെ രാജീവ് എപ്പോ വിളിക്കുമ്പോഴും മോൾ എപ്പൊഴാ വരുന്നത് എന്ന് ചോദിച്ചോണ്ടിരിക്കും … അനു ഇപ്പൊ വല്യ പെണ്ണായിട്ടുണ്ടാവും ….കാണാൻ എങ്ങനെയിരിക്കും ……എന്നൊക്കെ ഓർത്തു റീനക്ക് ആകാംക്ഷയായിരുന്നു

കഴിഞ്ഞ 15 വർഷങ്ങൾ …ആദ്യമൊക്കെ തന്റെ ജീവിതം കൈവിട്ട് പോയ വേദനയായിരുന്നു …ചെയ്ത് പോയ തെറ്റ് ന്റെ പേരിൽ സ്വയം ഉരുകി തീർന്ന വർഷങ്ങൾ ….പിന്നെ മോളെ ഒന്ന് കാണാനുള്ള കൊതിയായിരുന്നു …ഏട്ടന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവളെ തനിക്ക് കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു …ഇടയ്ക്കു മോളെ ഒന്ന് കാണാനുള്ള അവകാശം പോലും നിഷേധിച്ചപ്പോൾ ഭ്രാന്തിന്റെ വക്കിലായിരുന്നു …പലരും പറഞ്ഞു അറിഞ്ഞു …ഏട്ടന്റെ വിവാഹം കഴിഞ്ഞു എന്നും ..എന്റെ മോളെ പൊന്നുപോലെ നോക്കുന്നുണ്ട് എന്നൊക്കെ ..കേട്ടപ്പോൾ ആശ്വാസമാണ് തോന്നിയത് …എവിടെയായിരുന്നാലും എന്റെ മോൾ സുഖായിരുന്നാൽ മതി ….ഞാൻ കണ്ടില്ലെങ്കിലും അവൾക്ക് വിഷമങ്ങൾ ഇല്ലാതിരുന്നാൽ മതി …അങ്ങനെ കുറെ വർഷങ്ങൾ …

പിന്നെ ഓരോരോ അസുഖങ്ങളായി …അവസാനം ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ വല്യ വിഷമം ഒന്നും തോന്നിയില്ല ……ആർക്കും വേണ്ടാത്ത ഈ ജീവിതം അങ്ങനെയങ്ങു തീർന്നു പോവട്ടെ എന്നാശ്വസിച്ചു …പക്ഷേ അപ്പോഴും ഉള്ളിൽ എന്റെ മോളെയൊന്നു കാണണം എന്നത് വല്ലാത്ത ഒരു വേദനയായിട്ട് വളർന്നു…ഇപ്പൊ മോളെ കാണാൻ പറ്റും എന്നായപ്പോൾ ജീവിക്കാൻ കൊതി തോന്നി തുടങ്ങിയിരിക്കുന്നു..

..അപ്പോഴാണ് ഓർത്തത് രാജീവേട്ടൻ വിളിച്ചില്ലല്ലോ എന്ന് .? അങ്ങനെ ആഗ്രഹിക്കാൻ എനിക്ക് അവകാശമില്ലെന്നു അറിയാം ….എന്നാലും ഇപ്പൊ ആ വിളിക്കായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിരിക്കുന്നു ……ഇപ്പൊ എന്റെ ആരുമല്ലെങ്കിലും ഏട്ടൻ തരുന്ന ആശ്വാസ വാക്കുകൾക്ക് ഞാൻ കഴിക്കുന്ന മരുന്നുകളേക്കാൾ എനിക്ക് ജീവിക്കാനുള്ള കരുത്തു തരുന്നുണ്ട് …കൂടുതൽ ആഗ്രഹങ്ങൾ ഒന്നും ഇല്ലാ …എന്റെ മോളെ കാണണം ….അത് മാത്രം മതിയെനിക്ക് …

ബിന്ദുവിന്റെ സ്‌നേഹപൂർവമായ ഉപദേശത്തിലൂടെ അനു സമ്മതിച്ചു ഒന്ന് പോയി കാണാമെന്ന് ..പക്ഷേ ബിന്ദു കൂടെയുണ്ടെങ്കിൽ മാത്രമേ പോകൂ എന്നവൾ വാശിപിടിച്ചു ..എങ്ങനെയെങ്കിലും മോളെ അവളുടെ അമ്മയുടെ അടുത്തെത്തിക്കാൻ വേണ്ടി ബിന്ദു അവളുടെ കൂടെ വരാമെന്ന് സമ്മതിച്ചു ….രാജീവേട്ടനെ വിളിച്ചു പറഞ്ഞു അനുമോൾ സമ്മതിച്ചിട്ടുണ്ട് ….നാളെ ഞങ്ങൾ പോവുന്നുണ്ട് എന്ന് ..രാജീവിന് ആശ്വാസമായി ….അപ്പോൾ തന്നെ റീനയെ വിളിച്ചു പറഞ്ഞു ..നാളെ നിന്റെ അടുത്തു അനുമോൾ ഉണ്ടാവും എന്ന് …അത് കേട്ടപ്പോൾ റീനക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല ….ഇത്രയും വർഷത്തെ തന്റെ ആഗ്രഹമാണ് ..നെഞ്ചിനകത്തു ഒരു വിങ്ങൽ പോലെ …ശ്വാസം എടുക്കാൻ പോലും പ്രയാസം തോന്നി …ഈശ്വരാ ….നാളെ ഒരു ദിവസത്തേക്ക് കൂടി എനിക്ക് ആയുസ്സ് നീട്ടി തരണേയെന്നു ഉള്ളുരുകി പ്രാർത്ഥിച്ചു …”രാജീവേട്ടാ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നുന്നു …എന്റെ മോളെയൊന്നു കാണാൻ പറ്റോ എനിക്ക്….അവളെ ഒന്ന് കണ്ടിട്ട് എനിക്ക് മരിച്ചാലും വിഷമം ഇല്ല …അതുവരേക്കും എനിക്ക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കണേ …ഏട്ടന്റെ പ്രാർത്ഥന ദൈവം കേൾക്കും”

“ഒന്നും ഉണ്ടാവില്ല ….നീ സമാധാനമായിട്ട് ഉറങ്ങിക്കോ ….രാവിലെ ആവുമ്പോഴേക്കും മോൾ നിന്റെ അടുത്തുണ്ടാവും..പ്രാർത്ഥിച്ചു കിടന്നോളൂ..”എന്നും പറഞ്ഞു രാജീവ് ഫോൺ വെച്ചു ….അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു അയാൾ കരഞ്ഞു പ്രാർത്ഥിച്ചു ….ആപത്തു ഒന്നും വരുത്തല്ലേ എന്ന് …എങ്ങനെയെങ്കിലും നേരമൊന്നു വെളുത്താൽ മതിയെന്നായി …

ബിന്ദുന്റെ കൂടെ അനു ക്യാൻസർ വാർഡിലേക്ക് കേറി…അവിടെയുള്ള കാഴ്ചകൾ കണ്ട് ..അനു ന് അതുവരെയും മനസ്സിലുണ്ടായിരുന്ന വെറുപ്പും ദേഷ്യമൊക്കെ മാറി പകരം …..പേടിയും വിറയലുമൊക്കെയാണ് തോന്നിയത് ……’അമ്മ കിടക്കുന്ന ബെഡ് കാണിച്ചു കൊടുത്തിട്ട് ബിന്ദു മാറി നിന്നു ……അമ്മയുടെ അടുത്തെത്തി ..അമ്മേന്നു വിളിക്കുമ്പോൾ അനു ന്റെ ശബ്ദം പുറത്തേക്ക് വന്നില്ല ……മെല്ലെ കൈയിൽ തൊട്ട് പിന്നേം വിളിച്ചു …മയക്കത്തിലായിരുന്ന റീന മെല്ലെ കണ്ണ് തുറന്നു …റീനക്ക് മനസ്സിലായില്ല അനു നെ …അമ്മേ നു പിന്നേയും വിളിച്ചപ്പോഴാണ് റീന ഉണർന്നത് …താനിത്രയും കാലം കാത്തിരുന്ന തന്റെ മോൾ ….അവളെ കണ്ടിട്ട് തനിക്ക് മനസ്സിലായില്ലല്ലോ ….റീനയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി …അനു അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു കട്ടിലിൽ ചാരിയിരുത്തി ….കണ്ണൊക്കെ തുടച്ചു കൊടുത്തു ..അമ്മയെ കെട്ടിപിടിച്ചു …ഉമ്മവെച്ചു …

അമ്മയും മകളും സ്നേഹം പങ്കുവെക്കുന്നത് നിറകണ്ണുകളോടെ ബിന്ദു നോക്കി നിന്നു ….രാജീവിന്റെ കാൾ വന്നപ്പോൾ ….അവൾ അറ്റൻഡ് ചെയ്‌തു …മോൾക്ക് ദേഷ്യമൊന്നും ഇല്ലെന്നറിഞ്ഞതോടെ രാജീവിന് ആശ്വാസം തോന്നി ……”ഇനിയുള്ള നാൾ അനു അമ്മയുടെ കൂടെ നിന്നോട്ടെ അല്ലെ ബിന്ദു “എന്ന് ചോദിച്ചപ്പോൾ …സന്തോഷത്തോടെ “അങ്ങനെതന്നെ ആയിക്കോട്ടെ രാജീവേട്ടാ “എന്നും പറഞ്ഞു ബിന്ദു തിരിച്ചു നടന്നു ……തിരിഞ്ഞു നോക്കിയപ്പോൾ കാണാമായിരുന്നു മോൾടെ ചുമലിൽ ചാരിയിരുന്നു നിറഞ്ഞ ചിരിയോടെ അവളുടെ സംസാരം കേട്ടിരിക്കുന്ന റീനയെ

രചന: സുൽത്താന

1 COMMENT

  1. ഇത് ഒരുമാതിരി മറ്റെലെ ക്ലൈമാക്സ്‌ ആയിപ്പോയി

LEAVE A REPLY

Please enter your comment!
Please enter your name here