Home Latest ഞാൻ എപ്പോളാടാ നാറി ഓളെ പിറകെ കൂടി ശല്യം ചെയ്തത്, യ്യ് എവിടെവെച്ചേലും കണ്ടീണോ ഞാൻ...

ഞാൻ എപ്പോളാടാ നാറി ഓളെ പിറകെ കൂടി ശല്യം ചെയ്തത്, യ്യ് എവിടെവെച്ചേലും കണ്ടീണോ ഞാൻ ഓളെ ശല്യം ചെയ്യുന്നത്..

0

യ്യ് എത്രവട്ടം മുഖം കഴുകിയാലും ആ പാട് പോവൂല ഷാനു. അത്രക്കും ചോര കല്ലിച്ചു നിൽക്കുന്നുണ്ട് അവിടെ.
ഹബീബിന്റെ വർത്താനം കേട്ടപ്പോൾ ഞാൻ ബൈക്കിനടുത്തേക്ക് വന്ന്‌ ഒന്നൂടെ കണ്ണാടിയിൽ എന്നെ നോക്കി. ശരിയാ അവൻ പറഞ്ഞത്. മുഖം ചൊക്കിപ്പഴം പോലെ ചുവന്നിട്ടുണ്ട്.
എന്നാലും എന്തൊരു ഇടിയാടാ ആ പഹയമ്മാര് ഇടിച്ചത്, ന്റെ അണപ്പല്ല് വരെ ഇളകിപ്പോയോ എന്നൊരു സംശയം ണ്ട്,
പിന്നേ…. സ്വന്തം പെങ്ങളെ പിറകെ കൂടി ശല്യം ചെയ്യുന്നവനെ ആങ്ങളമാർ പിടിച്ചു ഉമ്മവെക്കും എന്നാണോ യ്യ് വിചാരിച്ചേ. ഇത്രയേ കിട്ടിയുള്ളൂ എന്ന് സമാധാനിച്ചോ. ഇനി ഇത് നിന്റെ വാപ്പ അറിഞ്ഞാലുള്ള പുകിൽ നീ ഓർത്തീണോ. അവർ അടിച്ചത് പോലെയൊന്നുമായിരിക്കില്ല. നീ രണ്ടുകാലിൽ നിൽക്കൂല ഷാനു.. ഒന്നുകിൽ നിന്നെ തച്ചുകൊല്ലും അല്ലെങ്കിൽ നാടുകടത്തും. ഇത് രണ്ടാൽ ഒന്നിനെ നേരിടാൻ യ്യ് തയ്യാറായിക്കോ..

നാട്ടിലെ പ്രമാണിയായ ഉസ്മാൻ ഹാജിയുടെ മകനല്ലേ ഒരു പെണ്ണിന്റെ പിറകെ പോയി അടിവാങ്ങിയത്.
ഇതിനേക്കാൾ വലിയ മാനക്കേടൊന്നും അന്റെ വാപ്പാക്ക് കിട്ടാൻ പോണില്ല.
പ്പ സെയ്താനെ. യ്യ് കുറെ നേരായല്ലോ ചിലക്കുന്നേ.. ഞാൻ എപ്പോളാടാ നാറി ഓളെ പിറകെ കൂടി ശല്യം ചെയ്തത്,
യ്യ് എവിടെവെച്ചേലും കണ്ടീണോ ഞാൻ ഓളെ ശല്യം ചെയ്യുന്നത്..
കണ്ടപ്പോൾ ഇഷ്ടം തോന്നി. അത് അവളോട് നേരെ ചെന്നുപറഞ്ഞു, അത്രേ ചെയ്‌തൊള്ളൂ, അല്ലാതെ ഇഷ്ടം ഇല്ലാത്തൊരാളുടെ പിറകെ കൂടി ശല്യം ചെയ്യാൻ ഞാൻ അന്നെപ്പോലെ പരനാറിയല്ല..

പിന്നെ എന്തിനാ ഹിമാറെ അവരൊക്കെ വന്ന് അന്നേ പഞ്ഞിക്കിട്ടത്,
അതാ എനിക്കും പിടുത്തം കിട്ടാത്തത്..
ഒന്നുമല്ല അവൾ വീട്ടിൽ പറഞ്ഞുകാണും..
ഹേയ് ഓൾ പറയൂല. ഞാനന്ന് പോയി ഇഷ്ടാണ് ന്ന് പറഞ്ഞപ്പോൾ ഓളെ കണ്ണിലൊരു തിരയിളക്കം കണ്ടീനി..
ഹ എന്നാ ഉറപ്പാ അവൾ പറഞ്ഞത് തന്ന്യാ. ആ തിരയിളക്കമാണ് ഇപ്പൊ ഒരു സുനാമി ആയി വന്നത്, ഏതായാലും ഇനി രണ്ടുദിവസം എങ്കിലും മുഖത്തെ ആ പാട് അന്റെ വാപ്പാനെ കാണിക്കാതെ നടന്നോ,. അല്ലേൽ അടുത്തത് ഭൂകമ്പമായിരിക്കും,.

വീട്ടിലേക്ക് ബൈക്കോടിക്കുമ്പോഴും മനസ്സ് നിറയെ ഷാഹിന ആയിരുന്നു, ഒരു കല്യാണപ്പന്തലിൽനിന്നും മനസ്സിൽ കയറിക്കൂടിയ ഹൂറി, മറ്റാരെങ്കിലും കയറി കൊത്തുന്നതിനുമുന്നെ എന്റെതാക്കാം എന്നുകരുതിയാണ് വേഗം ചെന്ന് ഇഷ്ടം പറഞ്ഞതും. പക്ഷെ..
ഇല്ല അവൾ പറഞ്ഞു കാണില്ല. അവൾക്കെന്നെ ഇഷ്ടമാകും. മനസ്സിൽ ചിന്തകൾ പൂത്തപ്പോൾ ദൂരം പോയതൊന്നും ഞാൻ അറിഞ്ഞില്ല, വീടിന്റെ മുന്നിൽ ബൈക്ക് നിറുത്തി ഞാൻ അകത്തേക്കൊന്ന് പാളിനോക്കി.
ഉപ്പായില്ലെന്ന് ഉറപ്പുവരുത്തി വേഗം അകത്തേക്ക് ചെന്നു. ഉമ്മ ഞാൻ കിടക്കാൻ പോവാണ്, എന്നും പറഞ്ഞു നേരെ റൂമിലേക്ക് പാഞ്ഞു. അടികിട്ടിയത് കൊണ്ടാണെന്ന് തോന്നുന്നു, നല്ല ക്ഷീണം കണ്ണിൽ ഉറക്കം തളംകെട്ടി നിൽക്കുന്നു,

അൽപനേരം കഴിഞ്ഞപ്പോൾ വീട്ടിൽ ഉപ്പയുടെ ശബ്ദം കേട്ട് ഞാനൊന്ന് ഞെട്ടി,
ഷാനു.. ഇവിടെ വാ.
പടച്ചോനെ പെട്ട്. എല്ലാം ഉപ്പ അറിഞ്ഞു കാണും. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.
ഡാ ഷാനു..
ഉപ്പയുടെ ശബ്ദം കനത്തപ്പോൾ ഞാൻ വേഗം താഴോട്ടിറങ്ങി ഉമ്മയുടെ പിറകിൽ പോയി നിന്നു.
എന്താ നിന്റെ മുഖത്തൊരു പാട്..
അത്.. ഞാൻ
നിന്ന് വിക്കണ്ട. എല്ലാം ഞാനറിഞ്ഞു. കണ്ണിൽ കണ്ടൊരോടൊക്കെ തല്ലും വാങ്ങിവന്നിരിക്കാ നാണം കെട്ടവൻ. പോത്തുപോലെ വളർന്നല്ലോ എന്നിട്ട് തിരിച്ചൊരടി പോലും കൊടുത്തോ നീ. എന്നെ പറയിപ്പിക്കാനായിട്ട്..

ന്റെ റബ്ബേ ന്റെ കുട്ടീനെ ആരാ അടിച്ചത്. ഉപ്പാടെ വർത്താനത്തിൽ ഉമ്മാടെ ചങ്കിടിപ്പ് കൂടിയെന്ന തോന്നുന്നേ.. മിക്കവാറും ഇന്ന് ആ കുടുംത്തിലെ എല്ലാരേം ഉമ്മ പ്രാകി കൊല്ലും.
ഒന്നല്ല ഫാത്തിമാ നിന്റെ മോൻ ഒരു പെണ്ണിന്റെ പിറകെ പോയി അത് അവളുടെ ആങ്ങളമാർ കണ്ടു അവർ വന്ന് തച്ചിട്ടു പോയി അത്രേയൊള്ളൂ.
എന്താ ഷാനു ഞാൻ ഈ കേള്ക്കുന്നെ.. അമ്മയെന്നെ നോക്കിയപ്പോൾ ഞാൻ തലതാഴ്ത്തി.

അല്ല അനക്ക് ആ പെണ്ണിനെ ശരിക്കും ഇഷ്ടാണോ..
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഉപ്പയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ അത്ഭുദപ്പെട്ടു.. ഇതെന്ത് മറിമായം. ഉപ്പയുടെ പേരിനും പ്രശസ്തിക്കും മങ്ങലേൽപ്പിച്ചതിന് ഒന്നുകിൽ നാടുകടത്തൽ അല്ലെങ്കിൽ അടി, ഇതിലൊന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ..

എന്താ യ്യ് മിണ്ടാത്തെ. അനക്ക് ഇഷ്ടമാണെങ്കിൽ ഞാൻ നടത്തിത്തരും നിങ്ങടെ കല്യാണം.. അല്ലേൽ നീ ഇനിയും ഏതേലും പെണ്ണിന്റെ പിറകെ പോയി എനിക്ക് മാനക്കേടുണ്ടാക്കും. എന്താ ഫാത്തിമ നിന്റെ അഭിപ്രായം. ഇവനെ കെട്ടിക്കാനായില്ലേ..
ഇങ്ങളെന്തേലും തീരുമാനിക്കി. എനിക്ക് എന്തായാലും എതിർപ്പില്ല..
കണ്ടോ. എനിക്കും അന്റെ ഉമ്മാക്കും സമ്മതം ആണ്. ഇനി നീ തീരുമാനിക്ക്..
നിനക്ക് ആ പെണ്ണിനെ കല്യാണം കഴിക്കാൻ ഇഷ്ടമാണെങ്കിൽ നമുക്ക് ആലോചിക്കാം..

മനസ്സിൽ ഒരു പടക്കക്കട കത്തിയപോലെ.. പൂത്തിരിയും മത്താപ്പൂവും എല്ലാം കിടന്ന് മിന്നിത്തിളങ്ങുന്നു.
എന്നാലും ഇതെങ്ങനെ സംഭവിച്ചു.. ഉപ്പാക്ക് ഇനി വല്ല മാനസാന്തരവും… ആ എന്തേലുമാകട്ടെ. മമ്മുക്ക പറഞ്ഞപോലെ സംഭവിച്ചതെല്ലാം ഗുഡിന്. ഒരു അടികിട്ടിയാലെന്താ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോവുകയല്ലേ..

അത് എനിക്ക് സമ്മതമൊക്കെയാണ്. പക്ഷെ അവരൂടെ സമ്മതിക്കണ്ടേ. മാത്രമല്ല അവളുടെ ആങ്ങളമാർ വന്ന് അടിക്കുകേം ചെയ്ത സ്ഥിതിക്ക് ഇനി എന്തായാലും സമ്മതിക്കലുണ്ടാവില്ല.. ഞാനൊന്ന് എറിഞ്ഞു നോക്കി.
അതൊന്നും നീ അറിയണ്ട. നിനക്ക് സമ്മതം ആണേൽ ഞാൻ അവരോട് സംസാരിക്കാം. ഇനി അവർക്ക് സമ്മതമല്ലേൽ, നീ വിളിച്ചാൽ അവൾ ഇറങ്ങിവരുമെങ്കിൽ നമുക്കിറക്കി കൊണ്ടുവരാമെടാ.. എന്റെ മോൻ അവളെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അവൾ നിനക്കുള്ളതാ.. ഇത് ഉപ്പ തരുന്ന വാക്കാണ്..

അതൂടെ കേട്ടപ്പോഴേക്ക് ഞാൻ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി..
യാ…. ഹൂ….
ഈ പൊന്നുപ്പയെ ആണല്ലോ ഞാൻ നേരത്തെ സംശയിച്ചെതെന്ന് ഓർത്തപ്പോൾ എനിക്കെന്നോട്തന്നെ പുച്ഛം തോന്നി..
……………………………………………

തോളിലൊരു കൈവന്നു പതിച്ചപ്പോഴാണ് ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്.. സ്വബോധം വന്നപ്പോൾ ഞാൻ എന്റെ റൂമിൽ കിടന്നുറങ്ങുന്നു.. അടുത്തുമ്മയും.
അയ്യേ. അപ്പൊ ഇത്രനേരം കണ്ടതെല്ലാം സ്വപ്നമായിരുന്നോ.. ചെ.
ഡാ ഷാനു നിന്നെ ഉപ്പ വിളിക്കുന്നുണ്ട്.
ഹേ.. എന്ത്..
നിന്നെ ഉപ്പ വിളിക്കുന്നുണ്ടെന്ന്..
എന്തിന്..
അറിയൂല. ആരൊക്കെയോ ഫോണിൽ വിളിച്ചിരുന്നു. നിന്റെ എന്തൊക്കെയോ കാര്യങ്ങൾ ശരിയാക്കാൻ..
എന്തായാലും നടത്തണം എന്നൊക്കെ ഫോണിലൂടെ പറയുന്നത് കേട്ട്..
ഹേ ശരിക്കും. മനസ്സ് വീണ്ടും ആഹ്ലാദഭരിതമായി.. ഇത് അതിനുതന്നെ. ഇതുവരെ ഞാൻ എന്തായിരുന്നോ സ്വപ്നം കണ്ടത് അത് ഇപ്പോൾ സംഭവിക്കുന്നു. പാതിരാത്രിക്ക് കാണുന്ന സ്വപ്നവും ഫലിക്കും എന്നാരോ പറഞ്ഞിരുന്നു..
നീ വേഗം മുഖമൊക്കെ കഴുകി വാ,
ഞാനിതാ എത്തി.

അഴിഞ്ഞു വീണ ലുങ്കി വാരിചുറ്റി ഞാൻ വേഗം താഴോട്ടോടി. ആ വാർത്ത കേൾക്കാൻ എന്റെ കാതുകൾ വെമ്പിനിൽക്കുന്നു..
ഹാളിൽ ഉപ്പ എന്നെ കാത്തിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പുതുമണവാളന്റെ നാണംകൂറി
മന്ദംമന്ദം ഉപ്പയുടെ അടുത്തേക്ക് നീങ്ങി..
ഉപ്പയെന്നെ വിളിച്ചുവോ.. ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു.

പ്പ ഹിമാറെ, കണ്ട പെണ്കുട്ടികളുടെയൊക്കെ പിറകെ പോയി എന്നെ നാണം കെടുത്തുന്നോ എന്നും ചോദിച്ചോണ്ട് പിൽന്നിലൊളിപ്പിച്ച ചൂരലുകൊണ്ടെന്നെ അറഞ്ചം പുറംച്ചം അടിയോടടി..
പെട്ടന്നുള്ള ഉപ്പയുടെ ഭാവമാറ്റത്തിൽ പേടിച്ചു കരഞ്ഞോണ്ട് ഞാൻ ഉമ്മയുടെ പിറകിലേക്കോടി..
ഓട്ടത്തിന്റെ സ്പീഡുകൊണ്ടാണെന്ന് തോന്നുന്നു നേരത്തെ ഞാൻ ചുറ്റിക്കെട്ടിയ ലുങ്കി അഴിഞ്ഞുവീണുപോയി.
ഒരു പ്രായപൂർത്തിയായ ഞാൻ വെറും ഷെഡിപുറത്തു ഉമ്മയുടെ പിറകിൽ അഭയം തേടി നിന്നു.
ഇങ്ങനെ ആയിരുന്നില്ലല്ലോ ഞാൻ സ്വപ്നം കണ്ട ഉപ്പ, എന്ന് കരഞ്ഞോണ്ട് മനസ്സിൽ ഓർത്തു

മാറിനിന്നോ ഫാതിമ അല്ലേൽ ആനക്കും കിട്ടും എന്ന ഉപ്പയുടെ ഭീഷണിക്ക് മുന്നിൽ ഉമ്മക്ക് മാറിനിൽക്കേണ്ടി വന്നു. പിന്നീട് തൃശൂർ പൂരമായിരുന്നു. എന്റെ അരക്കു താഴെ അടികൊള്ളാത്ത ഒരു പാടുപോലും ഇല്ല. തുണിയുടെ മറവില്ലാതെ തൊലികൾക്ക് നേരിട്ടേറ്റ പ്രഹരത്തിൽ പലയിടങ്ങളിലും ചോരപൊടിഞ്ഞിരിക്കുന്നു… പ്രത്യേകിച്ചും പിന്നാമ്പുറത്ത്..
ഉപ്പയുടെ കൈ കടഞ്ഞപ്പോൾ അടിക്ക് ശമനം വന്നു. വടി വലിച്ചെറിഞ്ഞു എന്തോ പിറുപിറുതൊണ്ട് ഉപ്പ അകത്തേക്ക് പോയി.
ഒന്നിരുന്നു കരയാൻ പോലും അനുവദിക്കാതെ എന്റെ പിന്നാമ്പുറം എന്നെക്കാളേറെ നീറാൻ തുടങ്ങി. അവസാനം ഷെഡിപ്പുറത്തു തറയിൽ കമഴ്ന്നു കിടന്നു കരഞ്ഞു. ഒരുപാട്

സംഭവബഹുലമായ കുറച്ചു നിമിഷങ്ങൾക്കുശേഷം ഉപ്പ വീണ്ടും വന്നു. കയ്യിൽ ഒരു കവറുമായി.
ഉപ്പയുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ ഞാൻ വേഗം രണ്ടുകൈകൊണ്ടും എന്റെ പിന്നാമ്പുറം മറച്ചുപ്പിടിച്ചു, ഇനിയൊരു അടി താങ്ങാനുള്ള പതപതപ്പ് അവിടെയില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട്.

ഇതാ നിന്റെ പാസ്സ്‌പോർട്ട്. ഇനി എന്റെ മോൻ ഈ നാട്ടിൽ നിന്നാൽ പിന്നെ എനിക്ക് നാട്ടിൽ തലയുയർത്തി നടക്കാൻ കയ്യില്ല അതുകൊണ്ട് അടുത്ത ആഴ്ചതന്നെ മോൻ ഗള്ഫിലേക്ക് വിട്ടോ. എല്ലാം ഞാൻ വിളിച്ചു ശരിയാക്കിയിട്ടുണ്ട്.
ഇത്രയും കൂടെ കേട്ടപ്പോൾ ഞാൻ ആകെ തളർന്നു,. ഉമ്മ നേരത്തെ പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ ആണ് വെക്തമാകുന്നത്..
അങ്ങനെ പൊള്ളുന്ന മനസ്സുമായി, നീറുന്ന പിന്നാമ്പുറവുമായി ഞാൻ നാടുകടത്തപ്പെടുന്നു..
ഫ്‌ളൈറ്റിൽ നിന്ന് യാത്ര ചെയ്യാൻ സൗകര്യമുണ്ടാവണേ എന്നുമാത്രമാണ് ഇപ്പൊ എന്റെ പ്രാർത്ഥന..

ശുഭം

( കഥ വായിച്ചുതുടങ്ങിയപ്പോൾ അധികമാളുകളും ധരിച്ചത് അവസാനത്തിൽ ഷാനുവിന്റെയും ഷാഹിനയുടെയും കല്യാണമാവും എന്നായിരിക്കും അല്ലെ.. എന്നാൽ തെറ്റി.
കഥയിൽ മാത്രമേ ട്വിസ്റ്റ് നടക്കൂ.. ജീവിതത്തിൽ എപ്പോഴും അതുണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് കലിപ്പൻ വാപ്പമാർ ഉള്ളവർ പ്രേമത്തിൽ സൂക്ഷിച്ചിടപ്പെടുക )

രചന ; ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here