Home Latest “എന്തിനാടി ഇങ്ങിനെ ജീവിക്കുന്നെ പോയി ചത്തൂടെ നിനക്ക്” ?ബാക്കിയുള്ളോർക്കെങ്കിലും സമാധാനം കിട്ടൂല്ലോ “

“എന്തിനാടി ഇങ്ങിനെ ജീവിക്കുന്നെ പോയി ചത്തൂടെ നിനക്ക്” ?ബാക്കിയുള്ളോർക്കെങ്കിലും സമാധാനം കിട്ടൂല്ലോ “

0

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ഭാമ എഴുന്നേറ്റു. നേരം നന്നേ പുലർന്നിരിക്കുന്നു. അരികത്തു കിടന്നുറങ്ങുന്ന കണ്ണനെ അവൾ നോക്കി ഒരു നിമിഷം ഇരുന്നു. എന്തൊരു നിഷ്കളങ്കമായ ഉറക്കം. ഉള്ളിലെ സ്നേഹത്തിനുറവയിൽ നിന്ന് രണ്ട് തുള്ളി കണ്ണിലൂടെ പുറത്തേക്ക് ചാടി. കണ്ണനെ ഉണർത്താതെ ഭാമ പുറത്തേക്കിറങ്ങി. അടുക്കളയിൽ അമ്മ പണി തുടങ്ങിക്കഴിഞ്ഞു. അവൾ വേഗം കഴുകാനുള്ള പാത്രങ്ങളുടെ അടുത്തേക്ക് നീങ്ങി.

” കുഞ്ഞേ വേണ്ട മാറു ഞാൻ ചെയ്തോളാം ”
“അമ്മേ ഞാൻ ആ പഴയ ഭാമയല്ല അമ്മയുടെ മരുമോളാണ് എന്നോട് എല്ലാം ചെയ്യാൻ പറയണം ”

എന്ന് പറഞ്ഞു ഭാമ മുറ്റത്തേക്കിറങ്ങി പറമ്പിൽ കണ്ണേട്ടന്റെ അച്ഛൻ തെങ്ങിന്റെ തടം എടുക്കുന്നു വയസ്സ് എഴുപതു ആയെങ്കിലും ഇന്നും അധ്വാനിക്കുന്ന മണ്ണിനെ അറിയുന്ന മനുഷ്യനാണയാൾ അവൾ മുറ്റമടിക്കുന്ന ചൂലുമായി കിഴക്ക് ഭാഗത്തേക്ക്‌ നീങ്ങി. അറിയാതെ കണ്ണുകൾ കിഴക്കുഭാഗത്തെ അതിരിലേക്ക് നോക്കി. തലയുയർത്തി നിക്കുന്നു പൂവള്ളി ഇല്ലം.മൂന്നു ദിവസം മുൻപ് വരെ തന്റേതായിരുന്ന വീട്. ഇന്നു താൻ അവിടെ ആരും അല്ല പടിയടച്ചു പിണ്ഡം വെച്ചിരിക്കുന്നു എന്നെന്നേക്കുമായി. ജീവിച്ചിരിക്കെ കർമ്മങ്ങൾ ചെയ്തു മരിച്ചവൾ ആക്കിയിരിക്കുന്നു.
,
“മോളെ ” ഭാമ തിരിഞ്ഞുനോക്കി
ശങ്കരൻ അല്ല കണ്ണേട്ടന്റെ അച്ഛൻ ഇല്ലത്തെ പണിയാളൻ, കുടികിടപ്പുകാരൻ
അച്ഛാ
അവൾ വിളിച്ചു
ശങ്കരന്റെ കണ്ണിൽ ജലം കിനിഞ്ഞു. ഇല്ലത്തെ ചെറിയമ്പുരാട്ടി തന്നെ അച്ഛാന്ന്‌ വിളിച്ചിരിക്കുന്നു.
ഭാമ പറഞ്ഞു അച്ഛൻ എന്തിനാണ് കരയുന്നത് ഇതാണ് ഈശ്വരനിശ്ചയം. എനിക്കിപ്പോൾ സന്തോഷാണ്. കണ്ണേട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇപ്പോൾ… അവൾ മുഴുമിച്ചില്ല.

ഭാമ മുറ്റമടിക്കൽ തുടർന്നു. അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അമ്മ കരയുന്നുണ്ടാവുമോ ഇപ്പോൾ ?അവൾ ഒരു നിമിഷം നിന്നു.രണ്ട് മക്കളാണ് ദത്തൻ തിരുമേനിക്ക് അംബികയും ഭാമയും. അംബികയുടെ വേളി കഴിഞ്ഞു. പുത്തൂർ ഇല്ലത്തെ ഭദ്രൻ തിരുമേനിയുമായി. അന്ന് തുടങ്ങി ഇല്ലത്തിന്റെ ക്ഷയം.അത്ര വഷളനായിരുന്നു അയാൾ. അംബികയെ മാത്രമല്ല ഭാമയെക്കൂടെ നോട്ടമിട്ടാണ് അയാൾ അംബികയെ വേളി കഴിച്ചത്. ചൊവ്വാദോഷക്കാരിയായിരുന്നു ഭാമ. ഒരുപാട് വേളി മുടങ്ങിപ്പോയി ആ കാരണത്താൽ.ഇതിനിടെ ദത്തൻ തിരുമേനി സ്ട്രോക്ക് വന്നു തളര്ന്നു കിടപ്പിലായി. പിന്നെ ഇല്ലത്തിന്റെ പൂർണ്ണ നിയന്ത്രണം ഭദ്രന്റെ കീഴിലായി.

“എയ് തമ്പുരാട്ടി ”
വിളി കേട്ട് അവൾ ഞെട്ടിയുണർന്നു
മുൻപിൽ കണ്ണൻ
അവൾ നാണത്താൽ മുഖം താഴ്ത്തി
“ഇങ്ങിനെ നിന്നാൽ മതിയോ ?ഞാൻ പണിക്കു പോവാ ”
അവൻ പറഞ്ഞു.
“നേരത്തെ വരണം”
, ഭാമ പറഞ്ഞു. ”
നമുക്ക് അമ്പലത്തിൽ പോണം. ഒരു വഴിപാട്‌ ഉണ്ട് എനിക്ക് ദേവിക്ക് ”
“നിനക്ക് ഇനിയും പേടി മാറിയിട്ടില്ലേ
പെണ്ണെ ജനിച്ചാൽ ഒരിക്കൽ മരിക്കും ”
അവൻ അവളെ തന്നിലേക്ക് ചേർക്കാൻ ശ്രമിച്ചു.
ദേ കണ്ണേട്ടാ ആരേലും കാണും അവൾ കുതറി മാറി.
“ശെരി ഞാൻ നേരത്തെ വരാം ”
അവൻ നടന്നുപോകുന്നതും നോക്കി അവൾ പ്രാർത്ഥനയോടെ നിന്നു
എന്റെ ദേവി.. ഒന്നും വരുത്തല്ലേ.. കാത്തോണേ

ഭാമയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. കണ്ണേട്ടൻ ഇല്ലായിരുന്നെങ്കിൽ ആ രാത്രി താൻ… ഭദ്രന്റെ ശല്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സമയവും കാലവും ഒന്നും നോക്കാതെ കയറിപിടിക്കുന്നവൻ. തളര്ന്നു കിടക്കുന്ന അച്ഛന്റെ മുൻപിൽ വച്ചുപോലും.. എല്ലാം കണ്ടും കേട്ടും നിശ്ശബ്ദയായി കണ്ണീരൊഴുക്കുന്ന ചേച്ചി.. വരുന്ന ഓരോ വിവാഹാലോചനകളും ഭദ്രൻ മുടക്കി വിട്ടുകൊണ്ടിരുന്നു. ഒരു ദിവസം ഇല്ലത്തെ തൊഴുത്തിൽ വച്ചു കയറിപ്പിടിച്ച ഭദ്രനെ താൻ തട്ടിയെറിഞ്ഞു ഓടുന്നത് കണ്ണേട്ടൻ കണ്ടിരുന്നു. അച്ഛൻ ശങ്കരനെപ്പോലെ തന്നെ ഇല്ലത്തെ എല്ലാ പണികളും ചെയ്തിരുന്നത് കണ്ണനായിരുന്നു. അച്ഛന് പകരം പലപ്പോഴും കണ്ണനായിരുന്നു പണിക്കു വരിക.

കണ്ണീരു തോരാത്ത ദിനരാത്രങ്ങൾ. എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് ആലോചിച്ച നിമിഷങ്ങൾ എങ്ങോട്ട് പോവാൻ ?എങ്ങോട്ട് തിരിഞ്ഞാലും ഭദ്രൻ എന്ന വിടന്റെ കണ്ണുകൾ.നാലു ദിവസം മുൻപ് രാത്രിയിൽ ഉറങ്ങിപോയി ശരീരത്തിൽ ഇഴയുന്ന രണ്ടു കൈകൾ ആണ് ഞെട്ടിയുണർത്തിയത്. അലറി വിളിച്ചു കൊണ്ട് എഴുനേറ്റു ഓടാൻ ശ്രമിച്ചു കഴിഞ്ഞില്ല. കീഴടങ്ങുമെന്ന മട്ടായപ്പോൾ സർവ്വശക്തിയുമെടുത്തു അയാളെ ആഞ്ഞൊരു തള്ള് വച്ചു കൊടുത്തു.. വാതിൽ തുറന്ന് ഓടി.മുന്നിൽ ചേച്ചി. കെട്ടിപിടിച്ചു പൊട്ടികരഞ്ഞു

“എന്തിനാടി ഇങ്ങിനെ ജീവിക്കുന്നെ പോയി ചത്തൂടെ നിനക്ക്” ?ബാക്കിയുള്ളോർക്കെങ്കിലും സമാധാനം കിട്ടൂല്ലോ “ചേച്ചിയുടെ ഭാവമാറ്റം കണ്ട്‌ സ്‌തബ്ധയായി നിന്നുപോയി. ചേച്ചി പൊട്ടിക്കരഞ്ഞു” എന്നോട് ക്ഷമിക്കു മോളെ.. എനിക്ക് മടുത്തു ഈ ജീവിതം”.ചേച്ചിയെ നോക്കാതെ ഒരു പാവയെപ്പോലെ നടന്നു. കുളക്കരയിൽ എത്തിയതറിഞ്ഞില്ല. നിശ്ചലമായി കിടക്കുന്ന ജലത്തിലേക്ക് അല്പസമയം നോക്കിനിന്നു. ഈ നശിച്ച ജീവിതം.. എന്തിനാ ജീവിക്കുന്നെ,ചേച്ചിയെങ്കിലും സമാധാനമായി ജീവിക്കട്ടെ. പതിയെ കാൽ പടവിലേക്കു വച്ചതും കയ്യിൽ ഒരു പിടുത്തം വീണു. ഇരുട്ടിൽ ആളെ തിരിച്ചറിയാനായില്ല. കുതറി പക്ഷേ ആ ബലിഷ്ഠമായ കൈകൾക്കുള്ളിൽ തന്റെ കൈകൾ ഞെരിഞ്ഞമർന്നു. കരയാൻ ഒരുങ്ങിയ വാ മൂടപ്പെട്ടു.
ഇരുളിന്റെ മറ തെല്ലു കണ്ണിൽ നിന്നു നീങ്ങിയപ്പോൾ താൻ ആ മുഖം കണ്ടു കണ്ണൻ !
“ശബ്ദിക്കരുത് ”
കണ്ണൻ മന്ത്രിച്ചു
“നീയറിയാതെ നിനക്ക് പിന്നാലെ എന്നും ഞാനുണ്ടായിരുന്നു.ജാതിയും മതവും ഒന്നും പ്രശ്നമല്ലെങ്കിൽ നീ ഉപേക്ഷിക്കാൻ ശ്രമിച്ച ഈ ജീവിതം എനിക്ക് തന്നേക്ക്‌. ഈ നെഞ്ചിൽ ജീവനുള്ള കാലം വരെയും ഞാൻ നിന്നെ പോറ്റും. അവിടെ നിന്റെ മടിക്കുത്തഴിക്കാൻ ആരും വരില്ല. ”

ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്റെ ചൊവ്വാദോഷം…
അവൾ പൂർത്തിയാക്കാൻ കണ്ണൻ അനുവദിച്ചില്ല. “അതൊക്കെ മനുഷ്യരുണ്ടാക്കുന്നതാണ് നിനക്ക് സമ്മതമാണോ ?
മുഖം കുനിച്ചു നിന്ന തന്നെ കണ്ണേട്ടൻ സർപ്പക്കാവിന്റെ അടുത്തേക്ക് കൊണ്ടുപോയി അല്പം കുങ്കുമം എടുത്തു നെറുകയിൽ അണിയിച്ചു. മാറിൽ ചേർത്തു പിറ്റേന്ന് പ്രഭാതം വിടർന്നത് ചൂടുള്ള വാർത്തയുമായാണ്. ശങ്കരൻചെറുമന്റെ മകൻ കണ്ണന്റെ കൂടെ പൂവള്ളി ഇല്ലത്തെ ഭാമ ഇറങ്ങിപ്പോയി. പടിയടച്ചു പിണ്ഡം വച്ചു ഭദ്രൻ പകരം വീട്ടി. വാര്ത്തയുടെ ചൂടാറിയപ്പോൾ നാട്ടുകാർ അടുത്ത വാർത്തയുടെ പുറകെ പോയി.

“മോളെ “അവിടെ എന്തെടുക്കാ ”
വെയിലു കൊള്ളാതെ കേറി വാ

“ദാ വരുന്നമ്മേ ”
സന്തോഷകരമായ ഭാമയുടെ രണ്ടാം ജീവിതകാണ്ഡം അവിടെ തുടങ്ങുകയായി.. സ്നേഹത്തിന്റെ സന്തോഷത്തിന്റെ ചന്ദ്രോദയം.
അഞ്ജലി മേരി

രചന ; Anjaly Mary Benny

 

LEAVE A REPLY

Please enter your comment!
Please enter your name here