Home Latest ഒരുകാലത്ത് തന്റെ എല്ലാമെല്ലാമായിരുന്നു അലക്സ്‌ നല്ലൊരു ബന്ധം വന്നു ചേർന്നപ്പോൾ വീട്ടുകാരെ പിണക്കാൻ വയ്യെന്ന് പറഞ്ഞു...

ഒരുകാലത്ത് തന്റെ എല്ലാമെല്ലാമായിരുന്നു അലക്സ്‌ നല്ലൊരു ബന്ധം വന്നു ചേർന്നപ്പോൾ വീട്ടുകാരെ പിണക്കാൻ വയ്യെന്ന് പറഞ്ഞു തന്നെ പിരിഞ്ഞു

0

“സ്വർഗം താണിറങ്ങി വന്നതോ ?
സ്വപ്നം പീലിനീർത്തി നിന്നതോ… ”

എഫ്എമ്മിൽ ഇഷ്ടഗാനം കേൾക്കുന്നതോടൊപ്പം മെഷിനിൽ നിന്ന് കഴുകി എടുത്ത തുണികൾ ബക്കറ്റിലേക്ക് പെറുക്കിവെക്കുകയായിരുന്നു ഹിമ. ബാൽക്കണിയിൽ അടുത്തടുത്തായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് അയയിൽ ഓരോന്നായി വിരിച്ചിടുമ്പോഴാണ് അവളുടെ കണ്ണുകൾ താഴെക്ക് പോയത്. ഒരു ചുവന്ന കാറും പിറകെ വീട്ടുസാധനങ്ങൾ നിറച്ചൊരു ടെമ്പോയും ഫ്ലാറ്റിന്റെ വലിയ ഗേറ്റ് കടന്ന്, ഇന്റർലോക്ക് ടൈലുകൾ പാകിയ കോംബൗണ്ടിലേക്ക് പ്രവേശിച്ചത് അവൾ കണ്ടു. പുതിയ താമസക്കാരവും അവൾ ഊഹിച്ചു, ബക്കറ്റ് കാലിയായപ്പോൾ അവശേഷിച്ച വെള്ളം പൂത്തുനിൽക്കുന്ന ഡാലിയ ചട്ടിയിലേക്ക് പകർന്ന് അവൾ ബക്കറ്റുമായി അകത്തേക്ക് പോന്നു.

ചാർജ് തീരാറായതിനാൽ മൊബൈലിലെ പാട്ടുനിർത്തി, ചാർജറിൽ കുത്തിയിട്ടു. സെറ്റിയിൽ ഉണങ്ങിയ തുണികൾ കൂട്ടിയിട്ടിട്ടുണ്ട്. ടീവി ഓൺ ചെയ്ത്, റിമോട്ടുമായി അവൾ സെറ്റിയിലേക്കിരുന്നു.
അൽപം പഴയൊരു ലവ്‌സ്റ്റോറി ചാനൽ മാറ്റുന്നതിനിടെ കണ്ണിൽ പെട്ടു, ഇത് മതി അവൾ റിമോട്ട് ടീപ്പോയിൽ വെച്ചു.

സച്ചുമോന്റെ ബനിയനും, ട്രൗസറും പെറുക്കിയെടുത്ത് ആദ്യം മടക്കിയെടുത്തു. മോൾടേം ഗിരിയെട്ടന്റേം അയേൺ ചെയ്യണം, ബാക്കിയെല്ലാം മടക്കി വാർഡ്രോബിൽ അടക്കി വെച്ച ശേഷം അവൾ ടേബിളിനരികിൽ മടക്കിവെച്ച അയേണിങ് ടേബിളെടുത്തു നിവർത്തി വെച്ചു. ബെഡ്ഷീറ്റ് മടക്കിയിട്ട്, അയേൺ ബോക്സും പ്ലഗ് ചെയ്ത് അവൾ തന്റെ ജോലിയാരംഭിച്ചു.. മോളുടെ യൂണിഫോംസ് തീർന്നപ്പോൾ തന്നെ അത് കൊണ്ടുപോയി ഹാങ്ങറിൽ ഇട്ടു.. ഫ്രിഡ്ജിൽ നിന്നും അൽപം വെള്ളമെടുത്തു കുടിച്ചു, ഷാൾ കൊണ്ട് മുഖവും കഴുത്തും തുടച്ചു.

ടീവി സ്‌ക്രീനിൽ അപ്പോൾ, പിണങ്ങിയ നായികയെ അനുനയിപ്പിക്കാൻ ശ്രമിച്ച നായകന്റെ തോളിലേക്ക് ചായുന്ന നായികക്കൊപ്പം ഒരു പാട്ടുസീൻ ആരംഭിച്ചു.

പെട്ടെന്നാണവൾക്ക് ഗിരിയെ വിളിച്ചില്ലല്ലോ എന്ന് ഓർമവന്നത്, ഓഫീസിനടുത്ത് നല്ലൊരു ഫ്ലാറ്റു കിട്ടാനുണ്ടത്രേ, അങ്ങോട്ട്‌ മാറണമെന്നുണ്ട് അയാൾക്ക്‌ . നമുക്കൊന്ന് പോയി കാണാമെന്ന് ഹിമയോട് പറഞ്ഞ ആ അത്താഴസമയം മുതൽ അവൾ അൽപം നീരസം ഭാവിച്ചാണ് നടപ്പ്. എട്ടു വർഷമായി ഇവിടെ വന്നിട്ട്, മനസ്സിനോട് വല്ലാതെ അടുത്തുപോയി ഇവിടം.. ബെഡ്‌റൂമിൽ നിന്ന് പുറത്തേക്കു വിദൂര കാഴ്ച നൽകുന്ന നീല വിരിയിട്ട ജാലകം അതിലൊന്നു മാത്രം. അങ്ങനെ എത്രയെത്ര പ്രിയഇടങ്ങൾ.. ഗിരിയേട്ടനതൊക്കെ വെറും മരവും കട്ടയും കൊണ്ടു തീർത്ത വെറും വസ്തുക്കൾ ആയിരിക്കാം.. എന്നാൽ തനിക്കതല്ല .. അവൾ ഉള്ളിൽ വിതുമ്പി..

ഗിരിയെപ്പറ്റി ഓർത്തതും, ഫോൺ എടുത്തു… ഗിരിയേട്ടന്റെ കോൺടാക്ട് പിക്ച്ചറിനൊപ്പം അഞ്ചുമിസ്സ്കാൾ എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വന്നു. അവൾക്ക് ഗിരിയോട് അലിവു തോന്നി, ചിരിയോടെ അങ്ങോട്ട്‌ വിളിച്ചു.

ആദ്യത്തെ റിങ്ങിൽ തന്നെ ഗിരി ഫോണെടുത്തു, ” തനിക്കു വിഷമമാണേൽ വിട്ടേക്ക്ഡോ…അൽപം കൂടുതൽ ഡ്രൈവ് വേണമെന്നല്ലേ ഉള്ളു, സാരല്ല്യ… ചിരിയോടെ ഗിരിയതു പറഞ്ഞതും അവളുടെ മനസ്സിൽ ഒരു കുളിർക്കാറ്റ് വീശി .ഫോണിൽ റേഞ്ച് കിട്ടാത്തോണ്ടു ഗിരിയുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പോകുന്നു.. ഹിമ ഡോർ തുറന്നു ഫോണുമായി കോറിഡോറിലേക്ക് പ്രവേശിച്ചു.

ഹലോ… ഹലോ, ഗിരിയേട്ടാ… അവൾ ഒന്നൂടെ വിളിച്ചു. തൊട്ടുമുന്നിലെ എയ്റ്റ് ബി യുടെ ഡോർ തുറന്നു കിടക്കുന്നു, രണ്ട് മൂന്ന് യൂണിയൻ തൊഴിലാളികൾ ഓരോ ഫർണിച്ചറുകൾ ചുമന്നു കൊണ്ടു വരുന്നു. പെട്ടെന്നാണ് അവരുടെ പുറകെ വരുന്ന ആളെ ഹിമ കണ്ടത്.. അലക്സ്‌ !!

ഒന്നും കേൾക്കാത്തൊണ്ട് മറുതലക്ക് കാൾ കട്ടായിരുന്നു.

അൽപം തടിച്ചു, കുറച്ചു കഷണ്ടി കയറിയതൊഴിച്ചാൽ വലിയ മാറ്റമൊന്നുമില്ല അലെക്സിന്, ഹിമയെ കണ്ടതും അലക്സിൽ ഒരു ദയനീയമായൊരു ചിരി വിടർന്നു.

യൂണിയൻ തൊഴിലാളികൾക്ക് പൈസ കൊടുത്തു സെറ്റിൽ ചെയ്തശേഷം, അലക്സ്‌ ഹിമക്കരികിലേക്ക് വന്നു. ദേഹം തളർന്നു പോവുന്നത് പോലെ തോന്നി അവൾക്ക്.. ഒരുകാലത്ത് തന്റെ എല്ലാമെല്ലാമായിരുന്നു അലക്സ്‌. നല്ലൊരു ബന്ധം വന്നു ചേർന്നപ്പോൾ വീട്ടുകാരെ പിണക്കാൻ വയ്യെന്ന് പറഞ്ഞു തന്നെ പിരിഞ്ഞു പോയവൻ, ചങ്കു തകരുന്ന വേദനയോടെ കടന്നുപോയ ആ നാളുകൾ പത്തുവർഷം പിന്നിട്ടുവെങ്കിലും ആ ഓർമയിൽ അവളുടെ ഉള്ളു പിടഞ്ഞു.

“ഹിമാ”….

അലക്സിന്റെ ആർദ്രമായ വിളിയിൽ അവൾ മിഴികളുയർത്തി,അവനെ നോക്കി ആ മിഴികളിൽ പറഞ്ഞു മതിവരാത്ത പ്രണയത്തിന്റെ ബാക്കിപത്രം അവൾ വായിച്ചെടുത്തു. അറിയാതെ നിറഞ്ഞു തൂവിയ അവളുടെ മിഴികൾ ഷാളിൻ തുമ്പാൽ തൂത്തു അവൾ..

അലക്സ്‌ അവളുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു… “ഹിമാ, എന്നോട് ക്ഷമിക്കു, ഞാൻ വിട്ടുകളഞ്ഞ മാണിക്യത്തിന്റെ വില ഞാനിന്നു തിരിച്ചറിയുന്നു. തിരക്കുകളും, കൺസൾട്ടിങ്ങും റിസേർച്ചും തിരക്കുകളും കഴിഞ്ഞ് എന്നെയൊന്നു സ്നേഹിക്കാൻ വരെ അവൾക്ക് സമയമില്ല. ” കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ നമ്മൾ കാമ്പസ് കുട്ടികളൊന്നുമല്ല അലക്സ്‌ “എന്നാണ് അവളുടെ സ്ഥിരം പല്ലവി…എന്നെ നെഞ്ചിൽ കൊണ്ടു നടന്നിരുന്ന നിന്നെ വിട്ടു കളഞ്ഞതിന് ദൈവം നിശ്ചയിച്ച ശിക്ഷയായിരിക്കാം”.

അയാളുടെ കണ്ണു നിറയുകയും, ശബ്ദം ഇടറുകയും ചെയ്തത് ഹിമ തിരിച്ചറിഞ്ഞു..

കയ്യിലിരുന്ന ഫോൺ ഡിസ്പ്ലേ യിൽ വീണ്ടും ഗിരിയുടെ ചിരിച്ച മുഖത്തോടൊപ്പം ഏട്ടനു മാത്രമായി സെറ്റ് ചെയ്ത പ്രിയ ഗാനവും ഹിമയെ പെട്ടെന്ന് ഞെട്ടിയുണർത്തി..

അവൾ അലക്സിനെ ഒന്നു നോക്കിയിട്ട്… “നോക്കു, അലക്സ്‌ ഞാനിന്നൊരു ഭാര്യയും രണ്ട് മക്കളുടെ അമ്മയുമാണ്. എന്റെ ഭർത്താവിന് എന്നെ ജീവനാണ്, ഇനിയെന്നെ പഴയ ഹിമയായി കാണരുത് പ്ലീസ്.. ”
വിളറിയ മുഖത്തോടെ നിൽക്കുന്ന അലെക്സിന് നേരെ വാതിൽ വലിച്ചടച്ചു കൊണ്ട് അവൾ കരച്ചിലോടെ അകത്തേക്കോടി…

നീല വിരിയിട്ട ജാലകത്തിൻ പടിയിൽ മുഖമമർത്തി, അവൾ വിങ്ങിപ്പൊട്ടികരഞ്ഞു.. കാറ്റിൽ ഇളകി ആടുന്ന നീലകർട്ടൻ അവളെ തഴുകും പോലെ തോന്നി അവൾക്ക്..
മുഖം സോപ്പിട്ടു കഴുകി ടവ്വലിൽ അമർത്തിത്തുടച്ച് അവൾ കിച്ചണിലേക്ക് നടന്നു.

ഏലക്കായിട്ടു തിളപ്പിച്ച ചായ അല്പം കടുപ്പത്തോടെ തന്നെ ഫ്ലാസ്കിലാക്കി, പഴം പൊരിയും തയ്യാറാക്കി കാസറോളിൽ അടച്ചതും മോള് കതകിൽ മുട്ടി..

“അമ്മേ , പ്രൊജക്റ്റ്‌ വർക്ക് കുറെയുണ്ട്… വേം പണി തീർക്കണേ “..

പഴം പൊരി പാത്രത്തിലേക്കെടുത്ത്,പാൽ കപ്പുമായി അവള് ടേബിളിലിരുന്നു കഴിക്കാൻ തുടങ്ങി,

ഉറക്കമെണീറ്റു വന്ന സച്ചുമോനും അവൾ പാല് കൊടുക്കുന്നുണ്ട്.

ഡോർ ബെല്ലടിച്ചതും, മോളോടിച്ചെന്നു വാതിൽ തുറന്നു. ഗിരി വരുന്നത് നോക്കിയിരിക്കലാണ് സ്കൂളുവിട്ടു വന്നാൽ അവളുടെ മെയിൻ പണി.

ബാഗും മറ്റും താങ്ങിപ്പിടിച്ച് മോള്, അടുക്കളയിലോട്ടു ചെന്നു. ഹിമ വീട്ടു സാധനങ്ങളും, പച്ചക്കറിയും അടങ്ങിയ കവർ കൗണ്ടർ ടോപ്പിൽ വെച്ച് ബാഗുമായി ബെഡ്റൂമിലേക്ക് പോയി.

ഗിരി അപ്പോഴേക്കും, ഡ്രസ്സ്‌ മാറി കയ്യും, കാലും മുഖവും കഴുകി കിച്ചനിലോട്ടു ചെന്നു. കാസറോളിൽ നിന്നും ഒരു പഴംപൊരി എടുത്ത് കഴിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു. ആവി പറക്കുന്ന ചായയുമായി ഹിമ പുറകെ ചെന്നു. ഇനി പിള്ളേരും അച്ഛനും കൂടി ഒരു യുദ്ധമാണ്. ചായകുടി കഴിഞ്ഞ് ഗിരി കുട്ടികളേം കൂട്ടി താഴെ നടക്കാൻ ഇറങ്ങി, ഇനി സന്ധ്യ ആവുമ്പഴേ തിരികെ വരൂ.

ഹേമ അത്താഴത്തിനുള്ള ചപ്പാത്തിക്ക് മാവ് കുഴക്കാനെടുത്തു. മൂന്നു നാല് മുട്ടയെടുത്ത് കഴുകി പുഴുങ്ങാനിട്ടു.

“ദീപം, ദീപം “….. വൈകീട്ട് വിളക്കുവെച്ചു ലളിതാസഹസ്രനാമം ചൊല്ലാനിരുന്നതും ഗിരിയും കുട്ട്യോളും വന്നു….

നാമം ചൊല്ലിക്കഴിഞ്ഞ് കുട്ടികളെ മേല്കഴുകിച്ചു ഹിമ , മോൾടെ കൂടെ പ്രൊജക്റ്റ്‌ ചെയ്യാനിരുന്നു.

സച്ചുമോൻ വിശന്നു വാശിപിടിക്കാൻ തുടങ്ങിയപ്പോൾ എല്ലാരേം വിളിച്ചു ചപ്പാത്തീം, മുട്ടറോസ്റ്റും വിളമ്പി.. പ്ലേറ്റൊക്കെ കഴുകി വന്നപ്പോൾ മോനുറങ്ങണം.. അങ്ങനെ അവനെ ഉറക്കി, കഴിഞ്ഞ് മോൾടെ പ്രൊജക്റ്റ്‌ ചെയ്യാനിരുന്നു വീണ്ടും..

എല്ലാം തീർന്നപ്പോൾ മണി പത്തര.ഹിമ റൂമിലെത്തിയപ്പോ മോനെ ഉണർത്താതിരിക്കാൻ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഒരു നോവൽ വായിക്കുകയായിരുന്നു ഗിരി.
വാർഡ്രോബിൽ നിന്നൊരു നെറ്റി എടുത്ത്, ടവലുമെടുത്ത് ഹിമ മേൽകഴുകാൻ ബാത്‌റൂമിൽ കയറി.

മേൽകഴുകി വന്ന് അവൾ, മോനെ പുതപ്പിച്ചു കൊടുത്തു. ഹിമ വന്നതും വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ടേബിളിലേക്ക് വെച്ച് ടേബിൾലാമ്പ് അണച്ചു ഗിരി. ഗിരിയോട് ചേർന്നുകിടന്നു കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവൾ ഗിരിയുടെ കാതിൽ പറഞ്ഞു…, “നമുക്കിവിടന്നു മാറാം ഗിരിയേട്ടാ… നിക്ക് സമ്മതാ.. ”
ഗിരിയുടെ സ്നേഹ ചുംബനങ്ങളുടെ ചൂടിൽ അവൾ ഒരു തൂവൽ പോലെ പൊങ്ങിമറ്റേതോ ലോകത്തേക്ക് പൊങ്ങിപ്പറക്കുമ്പോൾ, അവരെ തഴുകിക്കൊണ്ടൊരു കുസൃതികാറ്റ് നീല വിരികളിൽ തട്ടി അകത്തേക്ക് വീശിക്കൊണ്ടിരുന്നു.

രചന: നിമ്മി ദാസ്

LEAVE A REPLY

Please enter your comment!
Please enter your name here