Home Latest എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു...

എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു ഒരുത്തി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല

0

എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു ഒരുത്തി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല.കല്യാണ ദിവസം ആകുന്നതും കാത്തിരിക്കുന്ന പ്രിയയോട് ഞാനെന്തു പറയും. ബസ്സിൽ ഉള്ളവരൊക്കെ എന്നേം അവളേം നോക്കുന്നുണ്ട് മുടിയിൽ പിടിച്ചു വലിച്ചു കുട്ടികളെപ്പോലെ പെരുമാറുന്ന നിവേദിത… അമ്മ വീട്ടിലെ കാര്യസ്ഥന്റെ മോളു മാളുട്ടി… ഓരോ കാര്യങ്ങളും ഒരു സിനിമ കാണുന്നപോലെ….

“മീനാക്ഷിടെ മകൻ വരുന്നുണ്ട്…സിറ്റിന്ന് മുത്തശ്ശിയോട് പറ… സന്തോഷമാകട്ടെ ‘അമ്മായി ലക്ഷ്മിയമ്മ പറഞ്ഞു…
അമ്മാവനും അമ്മായിക്കും മക്കളില്ലാത്തതു കൊണ്ട് മാളൂനെ സ്വന്തം മകളെ പോലെയാണ് കാണുന്നത്. പോരാത്തതിന് മാളുന്റെ അച്ഛൻ കാര്യസ്ഥൻ എന്നതിലുപരി അമ്മാവന്റെ കളികൂട്ടുകാരനുമാണ്. കാവും കുളങ്ങളും ഉള്ള അടിപൊളി നാലുകെട്ട് വീട്.നട്ടുച്ച വെയിലിലും തണുപ്പ് തോന്നുന്നത് അന്തരീക്ഷം…

“മുത്തശ്ശി അറിഞ്ഞോ കൊച്ചു മകൻ വരുന്നുണ്ട് സിറ്റിന്ന്… “മാളു പറഞ്ഞു.
ഇത് കേട്ടതും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.

“അഞ്ചോ പത്തോ വയസുള്ളപ്പോൾ കണ്ടതാ അവനെ…എപ്പോഴാ വരാന്ന് വല്ലതും പറഞ്ഞിരുന്നോ കുട്ട്യേ… ”

“ഇല്ല മുത്തശ്ശിയെ ന്നോട്…ഒന്നും ലക്ഷ്മിയമ്മ പറഞ്ഞില്ല… ”

വൈകുന്നേരം അമ്മാവനും മാളൂന്റെ അച്ഛൻ മാധവനും പുറത്തു നിന്ന് വന്നു….

“ലക്ഷ്മിയെ വിളിക്ക് മോളെ…. “ശ്രീധരൻ അമ്മാവൻ പറഞ്ഞു.

“അമ്മേ ദേ അച്ഛൻ വിളിക്കുന്നു….അവൾ അടുക്കളയിലേക്ക് പോയി ലക്ഷ്മിയമ്മയേം കൂട്ടി വന്നു…

“ആ ചെക്കൻ നാളെ ഇങ്ങു എത്തും…എന്തോ കുരുത്തക്കേട് ഒപ്പിച്ചോണ്ടുള്ള വരവാണ്…”

“എന്തുട്ടാ ആ കുട്ടി ഒപ്പിച്ചത്. “ലക്ഷ്മിയമ്മ ചോദിച്ചു.

“പഠിക്കണ കോളേജിൽ എന്തോ അടിപിടി അവിടെ നിൽക്കാൻ പറ്റാണ്ടായിന്നു… അവൾക്കൊരു ആവശ്യം വന്നപ്പോൾ എട്ടനേം തറവാടും ഓർമ്മ വന്നോളു. “,

“എന്തുട്ടാ ഏട്ടാ പറയണേ മീനാക്ഷിയേടത്തിക്ക് നമ്മളല്ലേ ഒള്ളു… “ലക്ഷ്മിയമ്മ പറഞ്ഞു…

“മ്മ്….. എന്തുട്ടാ മാളു നോക്കി നിൽക്കുന്നത് സന്ധ്യയായി കാവില് വിളക്ക് വെക്കണില്ലേ നീ ”

“ഉവ്വ അച്ഛാ… ദേ പോണു ”

മാളൂന്റെ മനസിലും കൊതിയുണ്ട് പഴയ കളിക്കൂട്ടുകാരനെ കാണാൻ… അവൾക്കു കിടന്നിട്ടു ഉറക്കം വരുന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു….
വെളുപ്പിന് നാല് മണിക്ക് പൂത്തൂര്മന ഉണരും…
“മോളു പോയി കുളിച്ചു കാവില് വിളക്ക് വെക്കു… അടുക്കളയിലെ പണി ഒരു വിധം കഴിഞ്ഞു ഇനി അമ്മ ചെയ്തോളാം…ശ്രീധരനച്ചന്റെ വായിന്നു എനിക്ക് കേൾക്കും അടുക്കളയിലിട്ടു കഷ്ടപെടുത്തിന്നു പറഞ്ഞു… ”

അവൾ കുളിക്കാനായി കുളിക്കടവിലേക്ക് പോയി പടികൾ ഇറങ്ങി വെള്ളത്തിൽ തൊട്ട് നോക്കി മരം കോച്ചുന്ന തണുപ്പ്… വെള്ളത്തിൽ ഇറങ്ങി മുങ്ങി നിവർന്നപ്പോൾ ഒരു അല്ലിയാമ്പലിന്റെ അഴകായിരുന്നു അവൾക്കു…. ആകാശത്തു വെള്ളകീറുന്ന വെളിച്ചത്തിൽ അവൾ ഉദിച്ചു നിന്നു… താമര വള്ളികൾ പോലുള്ള കൈകൾ… ചന്ദന നിറമാർന്ന മേനിയഴക്…

കുളിച്ചു അവൾ കാവിലേക് പോയി… കാവിലെ ഇരുട്ട് അവളെ ഇതുവരെ പേടി പെടുത്തിട്ടില്ല… പക്ഷെ ഇന്ന് എന്തോ അവളുടെ പുറകെ ഉള്ളപോലെ തോന്നി… അവൾ വേഗം നടന്നു…. വിളക്ക് വെച്ച് തിരിഞ്ഞതും അവൾ പേടിച്ചു അലറികരഞ്ഞു….
“അയ്യോ…. അമ്മേ…. അച്ഛാ. ഓടി വായോ ” അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു നിന്നു
അവൾ അടുത്തേക്ക് ചെന്ന്… ജീൻസും ടി-ഷർട്ട്‌ ഇട്ടു ഒരുത്തൻ കിടക്കുന്നു… ശ്രീധരനും എല്ലാവരും ഓടിയെത്തി…

“അച്ഛാ…. ദേ…. “അവൾ മാധവന്റെ അടുത്തേക്ക് മാറി നിന്നു…
“മാളു നീ കുറച്ചു വെള്ളമിങ്ങെടുത്തേ “ശ്രീധരൻ പറഞ്ഞു..

“ശരി അച്ഛാ… ”

മുഖത്ത് വെള്ളം തെളിച്ചപ്പോൾ ആളു ഉണർന്നു..
ചുറ്റുപാടും നോക്കി….
“അമ്മാവ ഞാനാ ഇത് മീനാക്ഷിടെ മോൻ ”

“മോനെപ്പൊഴാ എത്തിയത്.. “ലക്ഷ്മിയമ്മ ചോദിച്ചു.

“എത്തീട്ടു കുറെ നേരായി ആരേം ശല്യം ചെയ്യണ്ടാന്ന് കരുതി ഇവിടെ കിടന്നു.. ”
മാളൂന്റെ ഉള്ളിൽ ചിരിയാണ് ഉണ്ടായതു…അത് കേട്ടപ്പോൾ… മാളൂന്റെ മുഖത്ത് നോക്കാതെ അവൻ എണീറ്റു….

“മാളു നീ ആ മുറിയൊന്നു ശരിയാക്കിയിട്.. “ശ്രീധരൻ പറഞ്ഞു
“ശരി അച്ഛാ…. ”

അന്ന് പതിനൊന്നു മണിയായിട്ടും അവൻ എണീറ്റില്ല…

“മോളെ മാളു നീ അവനെ പോയി വിളിച്ചേ… ”

“ശരി അമ്മേ… ”

എപ്പോഴും എണ്ണയുടെ മണമുള്ള ഇടനാഴിയിലൂടെ നടന്നു തട്ടിൻ മുകളിലെ മുറിയിലേക്ക് മെല്ലെ നടന്നു. അവൻ കിടക്കുന്നതു നോക്കി.സുന്ദരമായ നെറ്റിതടം.നീളൻ മൂക്കിന് ഭംഗിയേകുന്ന പോടീ മീശ. കട്ടിലിനോട് ചേർന്ന് ഒരു ഗിറ്റാർ ഇരിപ്പുണ്ട്.. അത് എടുത്തപ്പോൾ അടുത്തിരുന്ന വെള്ളപാത്രം താഴെ വീണതും അവൻ ചാടിയെണീറ്റു. അവൾ തിരിഞ്ഞു നടന്നു.

“അമ്മായി വിളിക്കാൻ പറഞ്ഞു അതാ…. “അവൾ ചിരിച്ചു.

“എന്തിനാ ഇയ്യാള് ചിരിക്കൂന്നേ?”

“ഏയ്… ഒന്നുല്ല… “അവൾ പിന്നേം ചിരിച്ചു
“എന്തോണ്ട് പറ ”

“ബോധംകെട്ടു വീണതല്ലേ ഞാൻ കണ്ടു. “അവൾ പിന്നേം ചിരിച്ചു..
അമളി പറ്റിയ മുഖവുമായി അവൻ ഇരുന്നു.
“അതെ ആരോടും പറയല്ലേട്ടാ… ”

“മ്മ് മ്മ് ”

“എന്താ ഇയ്യാളുടെ പേര്. ”

“അറിഞ്ഞിട്ടു എന്തിനാ.”

“അമ്മ പറയാറുണ്ട് എനിക്ക് ഒരു കളികൂട്ടുകാരി ഉണ്ടെന്നു… അത് താനാണ് എന്ന് മനസ് പറയുന്നു.. പറ എന്താ….. ”

“നിവേദിത…. ”

“ഓ….എല്ലാരുടേം മാളൂട്ടി അല്ലെ “.
“മ്മ് മ്മ് ”

“ഏട്ടന്റെ പേര്… ”

“ഹരി…ശ്രീഹരി ”

“വല്യ തല്ലുകൊള്ളിയാണല്ലേ.. ”

“അങ്ങനൊന്നുല്ല… ”

“വല്യ തല്ലുകൊള്ളിയെന്തേ എന്ത് കണ്ടിട്ടാ നാഗ കാവില് ബോധം കേട്ടു വീണത്… ”
മറുപടി പറയും മുൻപേ…

“മോളെ മാളു… ”

“അമ്മ വിളിക്കുന്നു…ഞാൻ പോണു. ”

പിന്നീട് ഓരോ ദിവസവും ഹരി അവളെ കാണാനാണ് നേരം വെളുപ്പിച്ചത്…

ഗിറ്റാർ കൈയിൽ വെച്ച് ഇരിക്കുമ്പോൾ അവൾ കയറി വന്നു…

“ഇതൊക്കെ വായിക്കാനറിയോ… ”

“അറിയാം… മ്യൂസിക് ആണെന്റെ ലക്ഷ്യം.. ഇതില്ലെങ്കിൽ ഞാനില്ല.. ”

“ഞാൻ കരുതി പത്രാസ്സിനു കൊണ്ട് നടക്കുന്നത് ആണെന്ന്. “അവൾ ചിരിച്ചു..
ഹരിയുടെ സ്വഭാവം വെച്ച് പെട്ടന്ന് തന്നെ നാടുമായി അടുത്ത്… അതിലുപരി മാളുവും ഹരിയും.

നാഗകാവിൽ വെച്ച് അവർ ഹൃദയങ്ങൾ കൈമാറി…
കുളക്കടവിൽ ഹരിയുടെ നെഞ്ചോട്‌ ചേർന്ന് അവൾ ഇരുന്നു.

“മാളൂന്റെ അമ്മ…., “ഹരി പകുതി വച്ചു നിർത്തി.മാളൂന്റെ കണ്ണുകളിൽ നനവ് പടര്ന്ന്.

“ഏയ്… എന്താ ഇത്.. പറയണ്ട… എനിക്ക് കേൾക്കണ്ട “ഹരി പറഞ്ഞു.

“അങ്ങനൊന്നുല്ല ഹരിയേട്ടാ…അമ്മയെ ഞാൻ കണ്ടിട്ടു ഇല്ല.. ആ സ്നേഹം അനുഭവിച്ചത് ഇവിടെ വന്നപ്പോളാ..സ്വന്തം മോളെ പോല ഇവിടുള്ളവര് എന്നെ നോക്കുന്നെ. ”

“മതി പറഞ്ഞതും കണ്ണ് നിറച്ചതും.ഇനി ഇത് നിറയാൻ പാടില്ല. “അവൻ അവളെ തന്നോടടിപ്പിച്ചു.

“നമ്മള് പ്രേണയിക്കണോ ഹരിയേട്ടാ… ”

“അറിയില്ല ഇതിനു പ്രണയമെന്നാണ് പേരെങ്കിൽ നമ്മൾ പ്രണയിക്കുകയാണ് മാളു.. സംഗീതത്തെ എത്രത്തോളം ഞാൻ സ്നേഹിക്കുന്നോ അത്രത്തോളം അല്ലെങ്കിൽ അതിനേക്കാൾ ഏറെ.. ” അവൻ കുളത്തിലെ താമര പൂവിലക്ക് നോക്കി കൊണ്ട് പറഞ്ഞു…

“അഴകാർന്ന അല്ലിയാമ്പൽ പൂ പോലെ വിടർന്ന മുഖമാണ് മാളു നിനക്ക്. ” മെല്ലെ കവിളിലൂടെ വിരലോടിച്ചു.

“വെറുതെ മോഹിപ്പിക്കണോ…ഈ പാവം പെണ്ണിനെ… “അവൾ നിഷ്കളങ്കമായി ചോദിച്ചു.

“എന്റെ ജീവിതം മ്യൂസിക് ആണ്.. ആ ലക്ഷ്യം പൂർത്തിയാക്കണം.. അത് വരെ കാത്തിരിക്കാനുള്ള മനസ് ഉണ്ടോ.. ”

“എന്താ ഹരിയേട്ടാ… ഈ ജന്മം മൊത്തം ഞാൻ കാത്തിരിക്കും.”

ദിവസങ്ങൾ കടന്നു പോയി.. പോകാനുള്ള ദിവസവും അടുത്ത്.

“നാളെ പോകും അല്ലെ ഹരി…., ”

“ഉവ്വ അമ്മാവ….”

“ഇനി എപ്പോഴാ ഇങ്ങോട്ട്.. ”
“അറിയില്ല…. ഉടനെ വരാം.. ” ഇതെല്ലാം കേട്ടുകൊണ്ട് ഈറൻ അണിഞ്ഞ കാണുകളുമായി വാതിൽ മറയിൽ മാളു നിന്നു…

ഹരി മുറിയിൽ എല്ലാം അടക്കി പെറുക്കി വെക്കുകയായിരുന്നു. അവൾ ഓടി വന്നു പുറകിൽ കെട്ടിപിടിച്ചു.

“പോകാണല്ലേ തനിച്ചാക്കി.. “അവളുടെ മിഴികളിലെ ജലകണം ഹരിയുടെ ഷർട്ട്‌ നനച്ചു. പിന്നിൽ നിന്നു മുന്നിലേക്ക് പിടിച്ചു നിർത്തി അവളുടെ കണ്ണുകൾ തുടച്ചു.

“എടി പൊട്ടി പെണ്ണെ ഞാൻ വരും ലക്ഷ്യങ്ങളൊക്കെ നിറവേറ്റി.. പെണ്ണെ നിന്റെ കാലിലെ കൊലുസിൽ കുടുങ്ങി കിടക്കല്ലേ എന്റെ മനസ് നീ പോകുന്ന ഇടങ്ങളിലൊക്കെ എന്റെ മനസും വരും. വീട്ടിൽ പോയി അമ്മയോട് എല്ലാം പറയണം.എന്നിട്ട് കൂട്ടി കൊണ്ട് പോവും ഞാൻ എന്റെ ലോകത്തേക്ക്. ”

“മ്മ് മ്മ്. സന്ധ്യ ആകാറായി പോയി കുളിക്കു ഞാൻ മടക്കി വെക്കാം. ”

രാത്രി അത്താഴം കഴിച്ചു കഴിഞ്ഞു…

“മാളു രാത്രി കുളക്കടവിൽ വരോ… ”

“മ്മ് മ്മ് ”

കല്ല്പടവിൽ അവൻ ആകാശം നോക്കി കിടന്നു വല്ലാത്തൊരു ഇരുട്ട്.. ഇടക്ക് ഇടിമിന്നലിന്റെ വെളിച്ചം.പിന്നിൽ കൊലുസിന്റെ ശബ്ദം കേട്ടു.. വെള്ളികൊലുസിട്ട കാലുകൾ തന്റെ അടുത്ത് വന്നു നിന്നു…ഇടക്കുള്ള ഇടിമിന്നലിന് വെളിച്ചത്തിൽ ചുവന്ന ദാവണിയിൽ അവളെ കണ്ടു..

അവൾ അവനോടു ചേർന്ന് ഇരുന്നു..

“നാളെ പോണം അല്ലെ ഹരിയേട്ടാ… ”

“പോണം.. പോയാൽ ഇനി കൊണ്ട് പോവാനേ ഞാൻ വരൂ കാത്തിരിക്കില്ലേ നീ ”

“കാത്തിരിക്കും.. ഒരു യുഗം എടുത്താലും എന്റെ ഹരിയേട്ടൻ വരുമെന്ന് എനിക്കറിയാം… എന്റെ ഇഷ്ടം സത്യമാണ്… നാഗ ഡയവങ്ങൾ കൂടെ ഉണ്ടല്ലോ ”

“മഴ വരണ പോലുണ്ട്. ”
“വാ അകത്തു പോകാം. ”

“വേണ്ട മാളു ഇത് സാധാരണ മഴയല്ല ”
അവൾ അവന്റെ മാറോടു ചേർന്ന് കിടന്നു

“പിന്നെ എന്താ ഹരിയേട്ടാ… ”

“ഇത് നമ്മുടെ പ്രണയമഴയാണ്. മണ്ണിൽ വന്നു മഴത്തുള്ളികൾ ചേരുംപോലെ നിന്നിൽ ഞാൻ വന്നു ചേരും. ഈ ഇടിയുടെ ഒച്ച നമ്മുടെ ഹൃദയത്തിന്റെ മിടിപ്പാണ്.” ആ മഴയിൽ അവരുടെ മനസിന്റെ ദൂരം കുറയുകയായിരുന്നു.

അവളിട്ടിരുന്ന സിന്ദൂരം പൊട്ടിന് ചുവ്വപ്പു മൂക്കിന് മുകളിലൂടെ ഒഴുകി പടർന്നു.. അവൻ അവളിലും.

“മഴക്കു എന്ത് ചൂടാണ് മാളു ”
“ചൂടോ… ”

“നിന്റെ ശ്വാസം മഴക്കു ചൂടെകുന്നു മാളു. “അവൻ അവളെ പതുകെ പുണർന്നു

“നമുക്കു ഉണ്ടാകുന്ന മോളായിരിക്കും നീ കഴിഞ്ഞാൽ ഏറ്റവും സുന്ദരി ഈ ഭൂമിയിൽ “യാമങ്ങൾ ഇഴഞ്ഞു നീങ്ങി

“ഇനി ഒരു മഴക്കാലം വരുമ്പോഴേക്കും എന്നെ കൂടെ കൂട്ടോ. ”

“മഴ പെയ്യുന്നതേ നമ്മൾക്ക് വേണ്ടിയല്ലേ മാളു… നമ്മളെ പോലെ പ്രണയിക്കുന്നവർക്കു വേണ്ടി ”

നേരം പുലരാൻ പോകുന്നു… ഹരിയുടെ മനസ് മൊത്തം ഇപ്പൊ അവളൊപ്പം പൂത്തൂർ മനയിലാണ്…

ജോലിയും ലക്ഷ്യങ്ങളും നേടിയെടുക്കാൻ ഒരുപാട് കാലമെടുത്തു… കാത്തിരിക്കാൻ ഒരുത്തി ദൂരത്തുള്ളത് കൊണ്ട് ഒരിക്കലും ഹരിക്ക് മടുപ്പു തോന്നിയിരുന്നില്ല.. എല്ലാം അമ്മയോട് പറഞ്ഞപ്പോളാണ് ഹരി ഒരു കാര്യം അറിയുന്നത്.. മാളൂന്റെ കല്യാണ കഴിഞുന്നു.. അവനതു ഉൾകൊള്ളാൻ കഴിയുന്നതിനു അപ്പുറമായിരുന്നു. പിന്നീട് സംഗീതമായിരുന്നു അവന്റെ ജീവിതം… ഓട്ട പാച്ചിലിനിടയിൽ പ്രിയയെ പരിചയപെട്ടു.. അമ്മയുടെ സുഹൃത്തിന്റെ മകളു കൂടിയാണ് പ്രിയ.. ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ മാളൂനെ ഒളിപ്പിച്ചു വച്ചു അവൻ എല്ലാത്തിനും സമ്മതം മൂളി.. കല്യാണം വിളിക്കാനുള്ള യാത്രയിൽ ഒരിക്കലും മാളൂനെ കണ്ടുമുട്ടല്ലേ എന്ന് അവൻ പ്രാർത്ഥിച്ചു.. ഇന്നും മനസ്സിൽ ആ രാത്രി പുതുമഴയുടെ ഗന്ധമുള്ള രാത്രി ഇപ്പോഴും ഹരിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല… ബസ്സ് ഇറങ്ങിയപ്പോൾ മുതൽ ആളുകൾ ഒരു ശത്രുവിനെ പോലെ അവനെ നോക്കി.
തറവാട് വീടിനു മുൻപിൽ അവൻ കയറി ചെന്നു… ഒരു ഇരുട്ടറയിൽ ഇരുന്നു ഹരിയുടെ കാലൊച്ചയുടെ ശബ്ദം അവൾ കേട്ടു… പ്രകൃതി അവന്റെ വരവ് അവളെ കാറ്റിനാൽ അറിയിച്ചു…

“അമ്മാവ… ”

“വിളിച്ചു പോകരുത് നീ എന്നെ അങ്ങനെ.. ”

“എന്തെ അമ്മാവ… ഞാൻ എന്ത് ചെയ്തു. ”

“പിഴച്ചവളെ കാണാനാണോ നീ വന്നത്. ”
“പിഴച്ചവളോ ആരുടെ കാര്യം അമ്മാവൻ ഈ പറയുന്നേ . ”

“അവള് നീ വരുന്നത് വരെ ഞങ്ങളുടെ വിളക്കായിരുന്നു… നീ അകത്തു കയറി നോക്കു. ”
അവൻ ഓടി അകത്തു കയറി.. പതുകെ വാതിൽ ചാരി നിന്നു ഊർന്നു ഇരുന്നു.. കൊലുസു ഇടേണ്ട കാലിൽ ചങ്ങല..

“എന്താ അമ്മാവ ഉണ്ടായേ.. എന്നെ മറന്നു വേറെ ഒരുത്തനെ കല്യാണം കഴിച്ചതല്ലേ ഇവള് ”

“ഹ്ഹ്… വേറെ കല്യാണം കഴിക്കേ.. നീ എന്താ ഹരി പറയണേ. ”

“അമ്മ എന്നോട് അങ്ങനെയാ പറഞ്ഞത് ”

“നിന്റെ കുഞ്ഞിന്റെ അമ്മയാണ് ഇവളെന്നു അറിഞ്ഞപ്പോൾ.. വിളിച്ചു അമ്മയോട് പറഞ്ഞിരുന്നു. പിഴച്ച പെണ്ണിനെ വേണ്ടാന്നു നീ അല്ലെ പറഞ്ഞത്. ”

“ഞാൻ പറഞ്ഞിട്ടില്ല.. അമ്മയാണോ അമ്മാവനോട് പറഞ്ഞത്. ”
“മ്മ്മ് “ശ്രീധരൻ മൂളി…

“നീ പിഴച്ചവൾ എന്ന് പറഞ്ഞപ്പോൾ പോയതാ എന്റെ കുട്ടീടെ മനസിന്റെ താളം. ” അവൻ അവളുടെ അടുത്ത് ഇരുന്നു..

“നോക്കു മോളെ ഹരിയേട്ടൻ ഇതൊന്നും അറിഞ്ഞിട്ടില്ല.. “അവൻ അവളുടെ ചങ്ങലകൾ അഴിച്ചു… അവൾ അപ്പോഴും കയ്യിലുള്ള പാവക്ക് ഉമ്മ നൽകുകയായിരുന്നു.

“കുഞ്ഞിനെ കൂടി നഷ്ടപ്പെട്ടപ്പോൾ.. അവൾ ആകെ തകർന്നു പോയി.. ”
“അമ്മാവ കൊണ്ട് പോക ഞാനിവളെ… പഴയ മാളു ആക്കി ഞാനിവളെ തിരിച്ചു കൊണ്ടുവരും. ”

അവളെ നെഞ്ചോട്‌ ചേർത്ത് അവൻ പടിയിറങ്ങി…. സംഗീതത്തിന്റെ അവന്റെ ലോകത്തേക്ക് അവളേം കൊണ്ട് യാത്ര തുടങ്ങി…

രചന: ദേവിപ്രസാദ് c ഉണ്ണികൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here