Home Latest “അത്യാവശ്യമായി വീട്ടിൽ എത്തണം എന്ന് പറഞ്ഞു ‘അമ്മ വിളിച്ചു. ഓടി വന്നപ്പോഴേക്കും ബസ് പോയി. ഇനി...

“അത്യാവശ്യമായി വീട്ടിൽ എത്തണം എന്ന് പറഞ്ഞു ‘അമ്മ വിളിച്ചു. ഓടി വന്നപ്പോഴേക്കും ബസ് പോയി. ഇനി എന്താ ചെയ്യാ ?ഒരു ഓട്ടോ പോലും വരണില്ല.”

0

“എന്താ മീനു ടീച്ചറെ വിഷമിച്ചു നിക്കുന്നെ ?”

മീനു തിരിഞ്ഞു നോക്കിയപ്പോ കൂടെ ജോലി ചെയ്യുന്ന ഹരി സർ പിന്നിൽ നിക്കുന്നു.
“അത്യാവശ്യമായി വീട്ടിൽ എത്തണം എന്ന് പറഞ്ഞു ‘അമ്മ വിളിച്ചു. ഓടി വന്നപ്പോഴേക്കും ബസ് പോയി. ഇനി എന്താ ചെയ്യാ ?ഒരു ഓട്ടോ പോലും വരണില്ല. അമ്മയാണേൽ കാര്യം എന്താണ് എന്ന് പറഞ്ഞതും ഇല്ല.. ”

“ടീച്ചറിന് ബൈക്കിൽ കേറാൻ പേടിയില്ലെങ്കിൽ ഞാൻ വീട്ടിൽ ആക്കാം. ”

മറ്റു വഴികൾ ഇല്ലന്ന് മനസിലാക്കി മീനു കയറി. തന്റെ ദേഹത്തു തട്ടാതെ ബൈക്കിന്റെ അങ്ങേ തലയ്ക്കൽ പേടിച്ചു ഇരിക്കുന്ന മീനുവിനെ കണ്ടു ഹരിയ്‌ക്കു ചിരി അടക്കാൻ ആയില്ല. അത് കണ്ടു മീനു ചോദിച്ചു “മാഷെന്തിനാ ചിരിക്കണെ ??”

“ഏയ് തന്റെ ഇരുപ്പ് കണ്ട ചിരിച്ചെയാ. ഞാൻ തന്നെ പിടിച്ചു തിന്നതൊന്നും ഇല്ലെടോ. ”

മീനു പറഞ്ഞു “മാഷിനങ്ങനൊക്കെ പറയാം. ആരേലും കണ്ടാൽ ചീത്തപ്പേരു എനിക്കാ ”
ഹരി ചോദിച്ചു “എന്ത് ചീത്തപ്പേര് ??ഞാനും താനും ഒരേ സ്കൂളിൽ 2 വർഷമായി ജോലി ചെയ്യുന്നു. അത്യാവശ്യ ഘട്ടത്തിൽ എന്റെ ബൈക്കിൽ കേറി എന്ന് വച്ചു എന്ത് സംഭവിക്കാനാ ??”

“കാണുന്നവർക്കു അറിയില്ലല്ലോ ഈ സാഹചര്യം. അവരുടെ കണ്ണിൽ പല അർത്ഥങ്ങൾ ആകും. അവരെയും കുറ്റം പറയാൻ പറ്റില്ല.കാലം അതാണല്ലോ ”

ഹരി ഒന്നു ചിരിച്ചു. ഹരി വേഗം മീനുവിന്റെ വീട്ടിൽ എത്തി. മുറ്റത്തു കാർ കിടക്കുന്നുണ്ട്. മുന്നിൽ ഒരു മൂന്നു നാല് പേരുണ്ട്. മുറ്റത്തേയ്ക് കയറ്റി ബൈക്ക് നിർത്തി. മീനുവിനെ കണ്ടതും ‘അമ്മ ഓടി വന്നു. “എന്താ മോളെ താമസിച്ചെ ??നിന്നെ കാണാൻ ഒരു കൂട്ടര് വന്നിട്ടുണ്ട്. പെട്ടന്നായിരുന്നു വന്നത്. അല്ലാ ഇത് ആരാ ?” ‘അമ്മ ഹരിയെ നോക്കി ചോദിച്ചു.

ഹരി മറുപടി പറയും മുന്നേ മുതിർന്ന ഒരാൾ ഇടയിൽ കേറി പറഞ്ഞു
“കണ്ടില്ലേ പെങ്കുട്ട്യോൾ കണ്ട ചെക്കന്മാരുടെ കൂടെ ബൈക്കിലാ വീട്ടിലേക്കു വരണത്. എവിടെയെല്ലാം പോയിട്ടാ വരാണെന്ന ആർക്കു അറിയാം ?ഇങ്ങനെ അഴിഞ്ഞാടി നടക്കുന്ന ഒരുത്തിയെ ആണോ ആദിത്യാ നീ കെട്ടാൻ പോണത് ?വേണ്ട. ഈ ബന്ധം വേണ്ട. ”

മീനുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ ഹരിയെ നോക്കി. ഇറങ്ങാൻ തുടങ്ങിയ ആ അമ്മാവനെ തടഞ്ഞു നിർത്തി ഹരി പറഞ്ഞു

“നിങ്ങൾക് ഇവിടെ നിന്ന് പോകാം പക്ഷെ അത് സത്യം മനസിലാക്കിയിട്ട് മതി. ഞാൻ ഹരി. ഞാനും മീനുവും ഒരേ സ്കൂളിലാണ് ജോലി ചെയ്യുന്നത്. നിങ്ങൾ നേരത്തെ പറഞ്ഞ പോലെ പല ആൺപിള്ളേരുടെ കൂടെ കറങ്ങി നടക്കുന്ന പെൺകുട്ടികൾ ഉണ്ടാകാം. പക്ഷെ മീനുവിനെ അങ്ങനെ കാണണ്ട. ബസ് കിട്ടാതെ വിഷമിച്ചു നിന്ന മീനുവിനെ നിർബന്ധിച്ചത് ഞാൻ ആണ്. സ്ത്രീകൾ ദേഹത്തു ഒന്ന് തൊട്ടാൽ പൊട്ടുന്ന വികാരവും ഉള്ളിലേറ്റി നടക്കാനും മാത്രം നട്ടെല്ല് ഇല്ലാത്തവൻ അല്ല ഞാൻ. അങ്ങനെ എന്തെങ്കിലും ഒരു വികാരം എനിക്ക് തോന്നിയിട്ടുണ്ടെൽ അത് ഞാൻ ഒരു വര്ഷം മുൻപ് താലി കെട്ടി വീട്ടിൽ കൊണ്ട് വന്നവളോട് മാത്രമേ തോന്നിയിട്ടുള്ളൂ. ”
ഇത്രയും അമ്മാവനോടായ് പറഞ്ഞു ഹരി ഉമ്മറത്തെ കസേരയിൽ എല്ലാം കേട്ടിരിക്കുന്ന പയ്യനോടായ് പറഞ്ഞു

 

“സഹോദരാ ഞാനും പെണ്ണുകാണാൻ പോയപ്പോൾ ദേ ഈ അമ്മാവനെ പോലുള്ളവർ പറഞ്ഞതാ ജോലിയൊക്കെ ഉള്ളവൾ അല്ലെ കറങ്ങിയടിച്ചു നടക്കുന്നവൾ ആകുമെന്ന്. അവളോട് ഒരു വാക്കു പോലും സംസാരിക്കാതെ ഇവരുടെ വാക്കുകൾ വിശ്വസിച്ചു പോയിരുന്നെങ്കിൽ എനിക്ക് എന്റെ ജീവിതം നഷ്ടമായേനെ എന്ന് കാലം തെളിയിച്ചിരുന്നു. ഒരു തെറ്റ്ധാരണയുടെ പുറത്തു ഒരു മാണിക്യം നഷ്ടപ്പെടുത്തരുത്. ”
കസേരയിൽ നിന്നും എഴുന്നേറ്റ് ആദിത്യൻ ഹരിയെ നോക്കി പറഞ്ഞു
“അമ്മാവൻ അമ്മാവന്റെ നിലപാട് ആണ് അറിയിച്ചത്. ഞാൻ ഇത് വരെയും എന്റെ തീരുമാനം പറഞ്ഞിട്ടില്ല. മീനു തെറ്റ് ചെയ്തിട്ടില്ല എന്ന് നിറഞ്ഞു തുളുമ്പാൻ നിക്കുന്ന അവളുടെ കണ്ണുകൾ പറയുന്നുണ്ട്. എനിക്ക് അതിലും വലുതായി ഒരു തെളിവും വേണ്ട. അപ്പൊ എങ്ങനെയാ അളിയാ ഈ പെങ്ങളെ എനിക്ക് കെട്ടിച്ചു തരുവല്ലേ ?മോശമല്ലാത്ത ഒരു ജോലിയും അവളുടെ കണ്ണ് നിറയാതെ പോറ്റാനുള്ള നട്ടെല്ലും എനിക്ക് ഉണ്ടെന്ന് ബോധ്യം ആയാൽ അളിയനു അവളെ എന്റെ കൂടെ വിടാം. ”

ഹരിയും ആദിയും പൊട്ടിച്ചിരിച്ചു. ആദി പതിയെ നടന്ന അമ്മാവന്റെ അടുത്തെത്തി പറഞ്ഞു “അമ്മാവാ അമ്മാവൻ ആദ്യം ചാടി പോയ സ്വന്തം മോളെ നന്നാക്കൂ. എന്നിട് വല്ലവരുടെയും മോളെ നന്നാക്കാം. സ്നേഹ ബന്ധങ്ങളുടെ ആഴവും വിശുദ്ധിയും മനസിലാകാതെ ആരെയും കുറ്റപ്പെടുത്തരുത്. എനിക്ക് മീനുവിനെ മതി. ഈ കാര്യത്തിൽ അമ്മാവനെ എനിക്ക് എതിർക്കാം. കാരണം അവൾ എന്റെ കൂടെയാ ജീവിക്കാൻ പോകുന്നത് അമ്മാവന്റെ കൂടെയല്ല. ”

ഒന്നും മിണ്ടാതെ അമ്മാവൻ കാറിൽ കയറി. ആദി മീനുവിനെ ഒന്ന് നോക്കി. ഒന്നും ഇല്ലെടോ എന്ന് കണ്ണുകളാൽ പറഞ്ഞു എല്ലാരോടും യാത്ര ചോദിച്ചു മടങ്ങി.

Note:സത്യം മനസിലാക്കി സംസാരിക്കുക. കാരണം നാവിൽ നിന്ന് വരുന്ന ഓരോ അക്ഷരങ്ങൾക്കും ബ്രഹ്മാസ്ത്രതേക്കാൾ ശക്തിയുണ്ട്.

*********

Written By  anamika anu

LEAVE A REPLY

Please enter your comment!
Please enter your name here