Home Latest അസിയേ , മുള്ളീട്ട് കെടന്നാ മതി ഇജി . ഇന്നും പായേല് മുള്ളാനാണ് അന്‍റെ പരിപാടിയെങ്കില്‍...

അസിയേ , മുള്ളീട്ട് കെടന്നാ മതി ഇജി . ഇന്നും പായേല് മുള്ളാനാണ് അന്‍റെ പരിപാടിയെങ്കില്‍ അള്ളാണേ അസിയേ അന്‍റെ ചുക്കാമണി ചെത്തി ഞാന്‍ കാക്കക്കിട്ട് കൊടുക്കും ‘

0

‘ അസിയേ , മുള്ളീട്ട് കെടന്നാ മതി ഇജി . ഇന്നും പായേല് മുള്ളാനാണ് അന്‍റെ പരിപാടിയെങ്കില്‍ അള്ളാണേ അസിയേ അന്‍റെ ചുക്കാമണി ചെത്തി ഞാന്‍ കാക്കക്കിട്ട് കൊടുക്കും ‘

ഉമ്മച്ചി പറഞ്ഞാ പറഞ്ഞതാന്ന് അറിയാവുന്നത് കൊണ്ട് അടുക്കളപ്പുറത്തുള്ള ചെന്തെങ്ങിന്‍റെ ചോട്ടിലേക്ക് കാര്യം സാധിച്ചിട്ട് വന്ന് ചുരുണ്ടു കൂടി കിടന്നുറങ്ങി ഞാന്‍ .

രാവിലെ ഉറക്കമുണര്‍ന്ന് കൈ കൊണ്ട് പരതി നോക്കിയപ്പോള്‍ പതിവുപോലെ പായ നനഞ്ഞാകെ മൊത്തം അല്‍കുല്‍ത്തായിട്ടുണ്ട് .

ഉമ്മച്ചീന്‍റെ മുഖം ഓര്‍മ്മ വന്നപ്പോള്‍ ചെത്തിയെടുക്കുമെന്ന് പറഞ്ഞ സാധനം അവിടെ തന്നെയുണ്ടോന്ന് തപ്പി നോക്കി ഉറപ്പിച്ചു . സമാധാനമായി .

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് എഴുന്നേറ്റ് ചെന്നപ്പോള്‍ സുബ്ഹി നിസ്ക്കാരം കഴിഞ്ഞു വന്ന വാപ്പച്ചി ഇടനാഴിയിലിരിപ്പുണ്ട് . എന്നെ കണ്ടതും വാപ്പച്ചീടെ മുഖത്ത് പതിവില്ലാത്തൊരു വാത്സല്ല്യം . മുറ്റത്ത് പല്ല് തേച്ച് നിക്കണ ഇക്കാക്കന്‍റെ മുഖത്തും അതൊക്കെ തന്നെ ഭാവം .

പതിവായി കൂടു തുറന്ന് കൊടുക്കാറുള്ള എന്നെ കണ്ടതും കോഴികളെല്ലാം കൂടി കൂട്ടില്‍ കിടന്ന് വെപ്രാളം കൂട്ടി . കൂട് തുറന്ന് കൊടുത്ത് എല്ലാത്തിനും തിന്നാനിട്ട് കൊടുത്തതിന് ശേഷം എന്‍റെ പുന്നാര പൂവന്‍ കോഴിയെ കയ്യിലെടുത്ത് ലാളിച്ച് താഴെ വയ്ക്കുമ്പോഴും എന്‍റെ മനസ്സില്‍ ഉമ്മച്ചീടെ കലിപൂണ്ട മുഖമായിരുന്നു .

അടുക്കളയിലെ ജനവാതിലിനിടയിലൂടെ എന്നെ കണ്ടതും ഉമ്മച്ചി സ്നേഹത്തോടെ അസി മോനേ ന്ന് നീട്ടി വിളിച്ചിട്ട് , വേഗം പോയി പല്ല് തേച്ചിട്ട് കുളിച്ചിട്ട് വന്നാല്‍ മോനിഷ്ടമുള്ള ഒരു സാധനം തരാന്ന് പറഞ്ഞു .

ഇതെന്ത് മറിമായം എന്ന് വിചാരിച്ച് അന്തം വിട്ടു നിന്ന ഞാന്‍ വേഗം തന്നെ പല്ലു തേക്കാനോടി .

ചുമരില്‍ തൂക്കിയിട്ടിരിക്കണ കൊട്ടേന്ന് ഒരു നുള്ള് ഉമിക്കരിയെടുത്ത് ഉള്ളം കയ്യിലിട്ട് പൊടിച്ച് പല്ല് നല്ലോണം തേച്ച് കുലുക്കുഴിഞ്ഞ് തുപ്പി .

തലയില് കാച്ചെണ്ണയെടുത്തിട്ട് കിണറ്റിന്‍ കരയില് ഉമ്മച്ചി കോരി വെച്ച വെള്ളമെടുത്ത് കുളി പാസ്സാക്കി ഞാന്‍ അടുക്കളയിലേക്ക് ഓടി .

നിലത്ത് പലകയിട്ട് ഇരുന്നപ്പോള്‍ ഉമ്മച്ചി ഒരു പാത്രത്തില്‍ ഉപ്പുമാവ് കൊണ്ടു വച്ചു .

കൂടെ രണ്ട് കോഴിമുട്ടയും ഒരു സ്റ്റീല്‍ ഗ്ലാസ്സ് നിറച്ച് പാല്‍ ചായയും …!

ഞാന്‍ ഉമ്മച്ചിയെ സ്നേഹത്തോടെ നോക്കി

ഉമ്മച്ചി – നോക്കണ്ട അസിയേ , മ്മടെ കോഴിയിട്ട നല്ല നാടന്‍ മുട്ട തന്നെയാ

കുറച്ച് ദിവസം മുന്‍പ് കൂട്ടില്‍ കിടന്ന ഒരു പച്ച മുട്ടയെടുത്ത് കുടിച്ചതിന് , വിരിയിക്കാന്‍ വയ്ക്കാനുള്ള മുട്ടയെടുത്ത് ഇജി ഇനി കുടിക്കോടാന്നും ചോയിച്ച് ചെമ്പരത്തി കൊമ്പോണ്ട് ചന്തിക്കിട്ട് നെരുവട്ടം പൂശിയ ആ ഉമ്മച്ചി തന്നെയല്ലേ ഈ ഉമ്മച്ചിയെന്ന് കണ്ണ് രണ്ട് വട്ടം ചിമ്മി നോക്കി ഞാനുറപ്പിച്ചു .

ഒന്നും മനസ്സിലാകാതെ ഞാന്‍ മുട്ടയും പാലും കഴിച്ചു . എണീക്കാന്‍ നേരം ഉമ്മച്ചി തലമുടിയില്‍ തലോടി .

ഉമ്മച്ചി – മോന് ഉമ്മച്ചി പുതിയ മുണ്ടും കുപ്പായവും വാങ്ങി വച്ചിട്ടുണ്ട് , വേഗം പോയി അതൊക്കെ ഒന്ന് ഉടുത്ത് നോക്കിക്കേ , പിന്നെ ഇന്നുച്ചക്ക് നല്ല തേങ്ങാച്ചോറും കോഴിക്കറിയും ഉമ്മ വച്ച് തരണുണ്ട് .

പച്ച കരയുള്ള പുതിയ മുണ്ടും കുപ്പായവുമിട്ട് കണ്ണാടീടെ മുന്നില്‍ പോയി നോക്കി നിന്നപ്പോള്‍ ഒരു പുത്യാപ്ലയുടെ ചേലായിരുന്നു എനിക്ക് .. !

ഉടുത്ത കുപ്പായം ഉമ്മച്ചീനെ കാണിക്കാന്‍ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഇടനാഴിയില്‍ നിന്ന് ഞെട്ടിക്കുന്ന ആ സ്വകാര്യം പറച്ചില് ഞാന്‍ കേട്ടത് .

ഉമ്മച്ചി – അല്ലാന്ന് മൂപ്പര് പ്പളാവും വരാ ?

വാപ്പച്ചി – പത്ത് മണിക്ക് ശേഷം വേലിയിറക്ക സമയം നോക്കി വരാന്നാ പറഞ്ഞത് .

ഉമ്മച്ചി – ചെക്കനോട് കാര്യം പറയണ്ടെ ?

വാപ്പച്ചി – ഇജി മുണ്ടാണ്ട് കുത്തിരുന്നോ അവ്ടെ . ഒരു മുള്ളു കുത്തിയാല് വീടു ചുറ്റും കരഞ്ഞോണ്ട് ഓടണോനാണാ ഓന്‍ , ആ ഓനാണോ ഒസ്സാന്‍ സുന്നത്ത് കയിപ്പിക്കാന്‍ വരുന്നൂന്ന് പറഞ്ഞാ സമ്മയിക്കണത് . അതോണ്ടല്ലേ ഞാന്‍ ബന്ധുക്കാരോടെക്കെ സംഗതി കഴിഞ്ഞിട്ട് ഉച്ഛക്ക് ശേഷം വന്നാ മതീന്ന് പറഞ്ഞത് .

എല്ലാം കേട്ട് പകച്ച് നിന്ന എന്നെ നോക്കി നിലത്ത് കൊത്തിപ്പെറുക്കണ പൂവന്‍ കോഴി കഴുത്തുയര്‍ത്തി കൊ . കൊ. കൊ കൊക്കി അപായ സൂചന നല്‍കി .

എന്‍റെ നെഞ്ചത്തൂന്നൊരു പിടച്ചിലുണ്ടായി . ആ പിടച്ചില് മാറും മുന്‍പേ വാപ്പച്ചി പറയണത് കേട്ടു , എടിയേ ഒസ്സ്വാനാണാ വരുന്നതെന്ന് തോന്നണ്ട് , നീയൊരു കിണ്ടിയില് കൊറച്ച് വെള്ളം കൊണ്ടിവിടെ വയ്ക്കെന്ന് .

ആലോചിക്കാനൊന്നും സമയം കിട്ടിയില്ല . ഒറ്റ ചാട്ടത്തിന് മുറ്റത്തെത്തി . സംശയിച്ച് നില്‍ക്കാണ്ട് വീടിന്‍റെ പുറകിലേക്ക് ഓടി . എന്‍റെ ഓട്ടം കണ്ട ഉമ്മച്ചിക്ക് കാര്യം മനസ്സിലായി . പിടിച്ചോളി ഇക്കാ ഓനെ എന്ന് പറയുമ്പോഴേക്കും മമ്മദ് ഹാജിയുടെ കാപ്പി തോട്ടത്തിലേക്ക് ഞാന്‍ ജീവനും കൊണ്ടോടിയിരുന്നു .

പരന്ന് കിടക്കുന്ന കാപ്പി തോട്ടത്തിനുള്ളിലെ ബലമുള്ള ഒരു കാപ്പി ചെടിയുടെ കൊമ്പത്ത് ഞാന്‍ ഒളിച്ചിരുന്നു . അപ്പോഴേക്കും വീട്ടില്‍ നിന്ന് എന്നെ തിരയുന്നതിന്‍റെ ഒച്ചപ്പാടും ബഹളവുമായിരുന്നു .

കോഴി കൂട്ടില്‍ നോക്കിയോ , വിറകു പുരയില് നോക്കിയോ , പൊരുത്ത കോഴീനെ മൂടിയിടണ കൊട്ടക്കുള്ളില്‍ നോക്കിയോ എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു .

കുറേ ഓടിയത് കൊണ്ട് നല്ല കിതപ്പും ദാഹവും ഉണ്ടായിരുന്നു . എന്നാലും എല്ലാം സഹിച്ച് അവിടെ തന്നെ കുത്തിയിരുന്നു . കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ഒച്ചപ്പാടും ബഹളവുമൊന്നും കേള്‍ക്കാതായപ്പോള്‍ ഞാന്‍ മെല്ലെ താഴെയിറങ്ങി .

പതിയെ മുന്നോട്ട് നടന്നു . മുറ്റത്ത് ആരുമില്ല . അടുക്കള വാതിലായിരുന്നു എന്‍റെ ലക്ഷ്യം . അടിവച്ചടി വച്ച് നടന്ന് അടുക്കളയുടെ അടുത്തെത്തി . പെട്ടെന്നാണ് പൂവന്‍ കോഴി കഴുത്ത് നീട്ടി കൊ , കൊ , കൊ , കൊക്കി അപായ സൂചന തന്നത് .

മുന്നോട്ട് വച്ച കാല് മെല്ലെ അവിടെ തന്നെ അമര്‍ത്തി വച്ച് ഞാന്‍ ചെവി കൂര്‍പ്പിച്ചു . പുറകിലാരുടെയോ കാല്‍പ്പെരുമാറ്റം കേട്ടത് പോലെ തോന്നി . തിരിഞ്ഞ് നോക്കിയപ്പോള്‍ വാപ്പച്ചി …!

വച്ച കാല് അനക്കാതെ തന്നെ മുന്നോട്ട് നോക്കിയപ്പോള്‍ മുന്നില് ഉമ്മച്ചി …!

ഇടത്തേ വശത്താണേല്‍ കിണറാണ് . വലത്തേ വശത്താണേല്‍ അടുക്കളയുടെ വാതിലും . പിന്നെ ഒന്നും നോക്കിയില്ല . അടുക്കള വാതിലിലൂടെ അകത്തേക്ക് ഓടി കയറി .

കയറിയ പാടെ അടുക്കള വാതില്‍ ആരോ അടച്ച് കുറ്റിയിടണ ശബ്ദം കേട്ടു . നോക്കിയപ്പോള്‍ വാതിലും ചാരി നില്‍ക്കുന്ന ഇക്കാക്ക … !

രക്ഷപ്പെടാന്‍ ഇനി ഒരു വഴിയുമില്ലെന്ന തിരിച്ചറിവ് തലയ്ക്കകത്തേക്ക് കയറുന്നതിന് മുന്‍പേ തന്നെ പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചണ പോലെ എന്നെയാരോ റാഞ്ചി കഴിഞ്ഞിരുന്നു .

കുതറി നോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല . എല്ലാരും കൂടെ നേരെ എന്നെ കൊണ്ട് പോയി കട്ടിലില്‍ മലര്‍ത്തി കിടത്തി .

കാല് രണ്ടും വാപ്പച്ചിയും , കൈ രണ്ടും ഇക്കാക്കയും അമര്‍ത്തി വച്ചു . ഒസ്സ്വാന്‍ കയ്യിലൊരു ചെല്ല പെട്ടിയുമായി മുറിയിലേക്ക് വന്നു . എന്നെ നോക്കിയൊന്നു ചിരിച്ചു .

ഉടുമുണ്ട് ആരോ പൊക്കി വച്ചപ്പോള്‍ ജനവാതിലിന്‍റെ ഇടയിലൂടെ വന്ന ഉളം കാറ്റ് കൊണ്ടപ്പോള്‍ നല്ലൊരു സുഖം തോന്നി . എന്തോ സാധനം കൊണ്ടവിടെ ചുറ്റും തൊട്ടപ്പോള്‍ നല്ല തണുപ്പും തോന്നി .

പിന്നെ ഒരൊറ്റ വലിയായിരുന്നു …!

ഉമ്മച്ചീന്ന് വിളിച്ചാര്‍ത്തതെനിക്കോര്‍മ്മയുണ്ട് . പിന്നെ നോക്കിയപ്പോള്‍ അരയ്ക്ക് താഴെ ഒരു തുണി കെട്ടും അതിന്‍റെ മുകളിലൊരു ചുവന്ന പൊട്ടും ..

അപ്പോഴേക്കും വെള്ള തുണി കൊണ്ട് അവിടെ ചുറ്റും ആരൊക്കെയോ ചേര്‍ന്ന് പന്തലു കെട്ടി … !

പെട്ടെന്നാണ് മുന്നിലുള്ള ജനവാതിലിന് പുറത്ത് നിന്ന് മൂന്ന് തലകള്‍ എന്‍റെ നേരെ പൊന്തി വന്നത് .. ഹംസയും സുക്കൂറും ജമീലയും …!

ജമീല എന്നെ നോക്കി കളിയാക്കി വിളിച്ചു

‘ പച്ചപക്കീ ‘

ഹംസയും സുക്കൂറും ചേര്‍ന്ന് വിളിച്ചു

‘പച്ചപക്കീ , പച്ചപക്കീ ‘

സങ്കടത്തോടെ ഞാനുമ്മച്ചീനെ വിളിച്ച് ജനവാതിലിന് നേരെ വിരല്‍ ചൂണ്ടി കാണിച്ചു .

ഓടടാ പിള്ളാരെ എന്ന് പറഞ്ഞ് ഉമ്മച്ചി എല്ലാത്തിനേയും ഓടിച്ചു വിട്ടു .

കുടുംബക്കാരൊക്കെ എന്നെ കാണാന്‍ വരാന്‍ തുടങ്ങി . എല്ലാവരുടേയും കയ്യില് പലഹാര പൊതി ഉണ്ടായിരുന്നു .

അതിനുള്ളില് നാടന്‍ കോഴിമുട്ടയും വറുത്ത അണ്ടിപരിപ്പും മുന്തിരിയും മൈസൂര്‍പ്പാക്കുമാണെന്നൊക്കെ ഉമ്മച്ചി വന്ന് കാതില്‍ പറഞ്ഞപ്പോള്‍ വേദനക്ക് ചെറിയൊരാശ്വാസം കിട്ടി .

ചിലരുടെ കൈകള്‍ എന്‍റെ തലയിണക്കടിയിലേക്ക് നീണ്ട് ചില്ലറകളും നോട്ടുകളും നിക്ഷേപിച്ചപ്പോള്‍ വേദനയ്ക്ക് കുറച്ചൂടെ ഒരാശ്വാസം കിട്ടി .

എന്നാല്‍ പിന്നീട് വരുന്നവര് വരുന്നവര് നേരെ വന്ന് മുണ്ട് പൊക്കി നോക്കാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ മട്ടും ഭാവവും മാറി . ഉണക്കമാവുന്നുണ്ടോന്ന് നോക്കാണ് അവരെന്ന് കാതില്‍ പറഞ്ഞെന്നെ ഉമ്മച്ചി സമാധാനിപ്പിച്ചു .

എന്നാലും ചില പെണ്ണുങ്ങള് ഉണക്കം നോക്കിയതിന് ശേഷം എന്‍റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി കൂടി ചിരിച്ചപ്പോള്‍ എനിക്കും വല്ലാണ്ട് നാണം വന്നു .

ആകെ കൂടി ഒരു വെപ്രാളവും പരവേശവുമായി കിടക്കുന്നതിനിടയിലാണ് അടുക്കളയില്‍ നിന്ന് ഉമ്മച്ചി കൊടുത്തു വിട്ട ഒരു ഗ്ലാസ്സ് പാലുമായി അയല്‍വക്കത്തുള്ള സീനത്താത്തേടെ മോള് റസിയ എന്‍റെടുത്തേക്ക് വന്നത് .

അവള്‍ മുണ്ട് പൊക്കി ഉണക്കം നോക്കിയില്ല . കളിയാക്കി ചിരിച്ചില്ല .

‘ നല്ല വേദനയുണ്ടോ അസിക്കാ ‘ എന്ന് മാത്രം ചോദിച്ച് നെറ്റിയില്‍ മെല്ലെ തലോടിയപ്പോള്‍ ഉം എന്ന് ഞാന്‍ മൂളി .

എന്‍റെ പൂവന്‍ കോഴീനെ പോലെ എന്നോട് ഓള്‍ക്കും നല്ല സ്നേഹംണ്ട് അന്നാദ്യമായി ഞാനറിഞ്ഞു ….!

——————————

‘ അസിക്കാ , ഇതെന്താ പാല്‍ ഗ്ലാസ്സും കയ്യില് വച്ച് ആലോചിച്ചിരിക്കുന്നത് , കുറെ നേരമായല്ലോ , ആദ്യ രാത്രിയല്ലേന്ന് കരുതിയാണ് ഞാന്‍ മുണ്ടാണ്ടിരുന്നത് , ഇങ്ങക്കിതെന്ത് പറ്റി ഇക്കാ ‘

തോളില്‍ കൈ വച്ച് കുലുക്കി റസിയ ചോദിച്ചു .

ഒന്നുമില്ലെന്ന് ഞാന്‍ കണ്ണിറുക്കി കാണിച്ചു . ആ മൊഞ്ചുള്ള മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി .

അന്ന് തൊട്ട് ഇന്നീ ഇരുപത്തി രണ്ട് വര്‍ഷം വരെ ഇവളുടെ സ്നേഹവും കരുതലുമായിരുന്നു എന്‍റെ ശക്തി .

പള്ളികൂടത്തീന്ന് കണക്ക് ടീച്ചര്‍ടെ തല്ല് കിട്ടി ഞാന്‍ കരഞ്ഞപ്പോള്‍ അവളെന്‍റെ കൂടെ കരഞ്ഞു . വലുതായിട്ട് ദുബായില്‍ പോവും നേരം വേണ്ടപ്പെട്ടവരെല്ലാരും കരഞ്ഞിട്ടും ഓള് മാത്രം കരഞ്ഞില്ല . ഓളോടെ കത്തെഴുതി കാര്യം ചോദിച്ചപ്പോള്‍ ഓള് പറഞ്ഞു , ഞാന്‍ കൂടി കരഞ്ഞാല്‍ ന്‍റെ ഇക്ക തളര്‍ന്ന് പോവുംന്ന് ഇനിക്കറിയാം , അതോണ്ടാ കരയാഞ്ഞതെന്ന് .

ഓളിവിടെ കാത്തിരിപ്പുള്ളപ്പോള്‍ എനിക്കെന്ത് മണലാരണ്യത്തിലെ ചൂടും തണുപ്പും . നല്ലോണം പണിയെടുത്ത് കാശ് സമ്പാദിച്ച് നാട്ടിലെത്തി എല്ലാവരുടേയും സമ്മതത്തോടെ അതങ്ങ് നടത്തി .

അതെ … ഇന്നായിരുന്നു ഞങ്ങള്‍ടെ കല്ല്യാണം .

പാല് പകുതി കുടിച്ച് ഞാന്‍ റസിയക്ക് നേരെ നീട്ടി . നാണത്തോടെ അവളതേറ്റു വാങ്ങി .

കളിചിരികള്‍ക്കിടയില്‍ റസിയ ചോദിച്ചു , ലൈറ്റ് അണക്കട്ടെ ഇക്കാന്ന് .

അസി – റസിയാ , ലൈറ്റ് അണക്കാന്‍ വരട്ടെ , ഇജി കോഴിക്കൂട് അടച്ചിക്ക്ണോ ?

റസിയ – അത് ഉമ്മ അടച്ചിക്ക്ണ് . എന്തേ ഇക്കാ ?

അസി – അല്ലെടി . ഒരു പൂവന്‍ കോഴി കൊക്കി ഒരപായ സൂചന തന്നത് പോലെ .

റസിയ – അയ്യടാ , ഒന്ന് പോ ഇക്കാ .

അടക്കിപ്പിടിച്ച ചിരികള്‍ക്കിടയില്‍ അവളുടെ നെറ്റിയിലൊരുമ്മ വച്ചപ്പോള്‍ അവളെന്‍റെ നെഞ്ചിലെ ചൂട് തേടി വന്നു …!

രചന;  Magesh boji

LEAVE A REPLY

Please enter your comment!
Please enter your name here