Home Latest അച്ഛമ്മ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ വിനു ഏട്ടന്റെ പെണ്ണാണെന്ന് ..അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷായി അന്നേരം...

അച്ഛമ്മ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ വിനു ഏട്ടന്റെ പെണ്ണാണെന്ന് ..അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷായി അന്നേരം തൊട്ട് മനസ്സിൽ ഞാനും സ്വപ്നം കണ്ട് തുടങ്ങി…

0

അഞ്ജലി അച്ഛന്റെ തറവാട്ടിലേക്ക് വരുന്നത് അവൾക്കു 15 വയസ്സുള്ളപ്പോഴാണ് ..തറവാട്ടിലുള്ളവരെ പറ്റി അവൾക്കു കേട്ട് കേൾവി മാത്രമേയുള്ളൂ..അച്ഛൻ തറവാട്ടിലുള്ളവരെ എതിർത്ത് ഇഷ്ടമുള്ള പെണ്ണിനെ കല്യാണം കഴിച്ചത് കാരണം ,അമ്മയേം കൂട്ടി ഉടനെ തന്നെ നാട്ടിൽ നിന്നും പൂനയിലേക്കു പോന്നതായിരുന്നു …

അച്ഛച്ചന് തീരെയും വയ്യെന്നും ഞങ്ങളെയൊക്കെ കാണാൻ ആഗ്രഹമുണ്ടെന്നും അറിഞ്ഞപ്പോൾ പുറപ്പെട്ടതാണ് ..തറവാട്ടിലെത്തി കഴിഞ്ഞപ്പോൾ ഒരുപാട് ആൾക്കാരുണ്ട് അവിടെ ….എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത് ..മൂന്ന് അമ്മായിമാരുണ്ടെന്നു അച്ഛൻ പറഞ്ഞിട്ട് രണ്ട് പേരെ മാത്രമേ കണ്ടുള്ളൂ..അവിടെയുള്ളവരുമായൊക്കെ ഞാൻ പെട്ടെന്ന് കൂട്ടായി..വിനു ഏട്ടൻ മാത്രം എന്നെ വല്ലാതെ മൈൻഡ് ചെയ്‌തില്ല ..ഞാൻ നോക്കുമ്പോഴൊക്കെ
എല്ലാരോടും ഫ്രണ്ട്‌ലി ആയിട്ട് പെരുമാറുന്നുണ്ട് ….എന്നെ കൊച്ചു കുട്ടിയായിട്ടാണ് കാണുന്നതെന്ന് എനിക്ക് തോന്നി..ഞാൻ കാണാത്ത അമ്മായിടെ മോൻ ആണ് വിനു ഏട്ടനെന്നു പിന്നീടാണ് എനിക്ക് മനസ്സിലായത്..

തറവാട്ടിൽ നിന്ന് പോവുന്നതിന്റെ അന്ന് ചെറിയമ്മായി പറഞ്ഞു ….അച്ഛനും വല്യമ്മായിയും ഇപ്പോഴും പിണക്കത്തിലാണെന്നും ,അതുകൊണ്ടാണ് അമ്മായി ഞങ്ങളുടെ അടുത്തേക്ക് വരാത്തതെന്നും.

എനിക്ക് അത് കേട്ടപ്പോൾ വിഷമം തോന്നി ..അമ്മായി ഒരു കാര്യം കൂടെ പറഞ്ഞു …അച്ഛമ്മ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ വിനു ഏട്ടന്റെ പെണ്ണാണെന്ന് ..അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷായി അന്നേരം തൊട്ട് മനസ്സിൽ ഞാനും സ്വപ്നം കണ്ട് തുടങ്ങി ..വിനു ഏട്ടൻ അറിയാതെ ഞാൻ ഏട്ടനെ സ്നേഹിച്ചു തുടങ്ങി ..

പിന്നെ 4 വർഷം കഴിഞ്ഞു ഞങ്ങൾ നാട്ടിലേക്കു പോയത്,ഒരു കല്യാണത്തിനായിരുന്നു..

അവിടെ വെച്ചാണ് വിനുവേട്ടൻ എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്..പിന്നീട് എന്നോട് സംസാരിക്കാനും തുടങ്ങി ..
അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി..നാട്ടിൻപുറത്തെ കാഴ്ചകളൊക്കെ എന്നെ കാണിക്കാനും ഏട്ടന് വല്യ ഉത്സാഹമായിരുന്നു..പാടവും. നെല്ല് കൊയ്യുന്നതും,അമ്പലവും, കാവും പുഴയും അങ്ങനെയെല്ലാം എന്നെ കൂടെ കൊണ്ട് നടന്നു കാണിച്ചു തന്നു..കുളത്തിൽ നീന്തി കുളിക്കുന്നതൊക്കെ കാണാൻ നല്ല രസായിരുന്നു..
പോവുന്നതിന്റെ തലേന്ന് എനിക്ക് ഏട്ടന്റെ നമ്പറും തന്നു..അപ്പോഴും അമ്മായി മാത്രം ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല ….പോവുന്ന അന്ന് എല്ലാരോടും യാത്ര ചോദിക്കുമ്പോഴും ഏട്ടനെ കണ്ടില്ലാ ….എനിക്ക് എന്തോ നല്ല വിഷമമായി ….ഞാൻ ഏട്ടനെ തിരഞ്ഞു എല്ലായിടത്തും നടന്നു …ഒടുവിൽ കുളക്കടവിൽ തനിച്ചിരിക്കുന്ന വിനു ഏട്ടനെ ഞാൻ കണ്ടു ….”എന്തെ ഏട്ടാ ഇവിടെ വന്നിരിക്കണേ ..? ഞാൻ എവിടെയൊക്കെ നോക്കി .. ഞാൻ പോവായിട്ടോ ….എല്ലാരും ഒരുങ്ങി കഴിഞ്ഞു..”
ഏട്ടനൊന്നും മിണ്ടിയില്ലാ എന്നോട് ..ഞാൻ അടുത്തു പോയിരുന്നു ….ഏട്ടന് വിഷമത്തോടെ എന്നോട് ചോദിച്ചു “നീ പോവാനല്ലേ ..?ഇനി എപ്പൊഴാ നമ്മൾ കാണുന്നത്..?
നിന്നോട് ഒരു കാര്യം പറയണം എന്നുണ്ടായിരുന്നു..പറയാൻ എനിക്ക് മടിയുണ്ട് ..”

“എന്തായാലും പറ വിനുവേട്ടാ”..എന്റെ അടുത്തേക്ക് നീങ്ങിയിരുന്നിട്ട് എന്റെ കണ്ണിൽ നോക്കി ഏട്ടൻ പറഞ്ഞു ….”നിന്നെ എനിക്ക് വേണം പെണ്ണേ ..എന്റേതു മാത്രമായിട്ട് ..നിനക്കു എന്നെ ഇഷ്ടപെടോന്നു എനിക്ക് ഒരു ടെൻഷൻ …അതാണ് ഞാൻ …”പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ ഞാൻ ഏട്ടനെ മുഖം പിടിച്ചു കളിവിൽ ഒരു ഉമ്മ കൊടുത്തു ….എന്നിട്ട് എണീറ്റ് ഓടാൻ ഒരുങ്ങിയതും എന്നെ പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്തു ..പറഞ്ഞു “ഇപ്പോഴാണ് എനിക്ക് സമാധാനം ആയത് ……ഇനി നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല ..”

ദൂരെ നിന്ന് എന്നെ വിളിച്ചു അന്വേഷിക്കുന്നത് കേട്ട് ഞാൻ എണീറ്റു ….വാ ഏട്ടാ പോവാം ..എന്നെ വിളിക്കുന്നുണ്ട് ..അപ്പോഴേക്കും ചെറിയമ്മായി അടുത്തെത്തി …”നീ ഇവിടെ ഉണ്ടായിരുന്നോ ….അച്ഛൻ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു എന്നെയും കൂട്ടി പോയി ……മനസ്സ് നിറഞ്ഞാണ് ഞാൻ അവിടുന്ന് പോന്നത് ……എത്രയോ വർഷത്തെ എന്റെ മോഹം ……ഏട്ടന് എന്നോട് തന്നെ പറഞ്ഞല്ലോ ഇഷ്ടമാണെന്ന് …

പിന്നെ ഞങ്ങൾ ചാറ്റിങ് , കാൾ ഒക്കെയായി വല്ലാതെ അടുത്തു ….ഇടക്കൊക്കെ വഴക്കിടും എന്നാലും അധിക നേരം പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല .

എന്റെ ഡിഗ്രി പൂർത്തിയായപ്പോൾ വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി ..ഓരോ കാരണങ്ങൾ പറഞ്ഞു ഞാൻ അതൊക്കെ മുടക്കി ..ഒടുവിൽ എനിക്ക് പറയേണ്ടി വന്നു വിനുവേട്ടനെ എനിക്ക് ഇഷ്ടാണെന്നും ,ഏട്ടനെ മാത്രമേ കെട്ടൂ എന്നും അച്ഛൻ സമ്മതിച്ചില്ല …വാശിയായിരുന്നു അച്ഛന് ..അമ്മായിടെ മുൻപിൽ തോറ്റു കൊടുക്കില്ലെന്ന് ….ഞാൻ വിനുവേട്ടനോട് പറഞ്ഞു വീട്ടിലെ അവസ്ഥ ….ഒന്നും മിണ്ടാതെ മൂളി കേട്ടു ….എന്നിട്ട് കാൾ കട്ട് ചെയ്തു ..

എന്റെ സമരം കണ്ടിട്ടൊന്നും അച്ഛൻ വഴങ്ങിയില്ല ….അമ്മയുടെ കണ്ണീരും..ആത്മഹത്യ ഭീഷണിയും ..സഹിക്ക്യ വയ്യാതെ ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞു എന്നെ മറന്നേക്കാൻ ..ഏട്ടന് നല്ല സങ്കടായി ….അമ്മായിയോട് പോയി കാര്യങ്ങൾ പറഞ്ഞു ….ഞങ്ങൾ പ്രണയത്തിലാണെന്നും, എന്റെ അച്ഛന് ഈ ബന്ധം ഇഷ്ടമല്ലെന്നും, എനിക്ക് വേറെ കല്യാണം ഉറപ്പിച്ചെന്നൊക്കെ..

അമ്മായിക്ക് വാശിയായി ….എന്നേക്കാൾ നല്ല പെണ്ണിനെ ഏട്ടന് കല്യാണം കഴിപ്പിക്കണം എന്നൊക്കെയായി ..

വിനുവേട്ടനോട് എന്നെ മറക്കാൻ പറഞ്ഞെങ്കിലും ഉറപ്പിച്ച ബന്ധത്തിന് ഞാൻ അപ്പോഴും സമ്മതിച്ചിരുന്നില്ല …കല്യാണം നാട്ടിൽ വെച്ചു നടത്താൻ വേണ്ടി എല്ലാരും നാട്ടിലേക്കു പോയി …കാര്യങ്ങളൊക്കെ തറവാട്ടിലുള്ളവർ എല്ലാരും അറിഞ്ഞു ..അച്ഛമ്മയും ചെറിയമ്മായിയൊക്കെ എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചു ……അങ്ങനെ അച്ഛൻ സമ്മതിച്ചു ……ഇഷ്ടമില്ലാതെ ആണെങ്കിലും അച്ഛനും മാമൻമാരുമൊക്കെ വിനുവേട്ടന്റെ വീട്ടിലേക്ക് പോയി ….അമ്മായി അവരെ അപമാനിച്ചു വിട്ടു ……വിനുവേട്ടന് പെണ്ണ് കിട്ടാതെ വന്നാലും എന്നെ വേണ്ടെന്നു അവരു പറഞ്ഞു ….ഞാൻ എന്നെ മറക്കാൻ പറഞ്ഞ അന്ന് തൊട്ട് ഏട്ടനും എന്നോട് ദേഷ്യമായിരുന്നു ….ഞാൻ ഏതു സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് ഏട്ടൻ ആലോചിച്ചില്ല ..ഏട്ടനേക്കാൾ നല്ല ബന്ധം കിട്ടിയപ്പോൾ എന്റെ മനസ്സ് മാറിയതാണെന്ന് അവര് കരുതി ……അങ്ങനെ ഇഷ്ടമില്ലാത്ത ആളുടെ മുൻപിൽ താലിക്കു തല കുനിക്കേണ്ടി വന്നു …അരുണിന്റെ ഭാര്യയായി …

പൂനയിൽ തന്നെയായിരുന്നു അരുണേട്ടന്റെ കുടുംബവും താമസിച്ചിരുന്നത് ……..കല്യാണം കഴിഞ്ഞ അന്ന് രാത്രിപോലും ഞാൻ അരുണേട്ടനോട് അടുപ്പം കാണിച്ചില്ല ..മനസ്സ് മുഴുവൻ വിനുവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ……കുറച്ചു ദിവസം കുഴപ്പം ഒന്നും ഉണ്ടായില്ല ….പിന്നെ എന്നോട് ദേഷ്യം കാണിച്ചു തുടങ്ങി …രണ്ടു മാസം കഴിഞ്ഞപ്പോൾ അവരുടെ വീട്ടുകാർ അറിഞ്ഞു …ഞങ്ങൾ തമ്മിൽ ബന്ധമൊന്നും ഇല്ലെന്ന് ….അവർ എന്റെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു ..എന്റെ വീട്ടുകാരും അരുണേട്ടന്റെ ഭാഗത്തു നിന്ന് എന്നെ കുറ്റപ്പെടുത്തി ….എന്നിട്ട് പോലും ഒരിത്തിരിയെങ്കിലും മനസ്സ് കൊണ്ട് മാറിചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ലാ .

അവരെന്റെ സ്വർണമൊക്കെ വാങ്ങി വെച്ചു ……ഒന്നിനും എനിക്ക് പരാതിയുണ്ടായിരുന്നില്ല ……ഒരു വേലക്കാരിയെക്കാൾ അവരെന്നെ കഷ്ടപ്പെടുത്തി ….ഞാൻ ആരോടും ഒന്നും പറഞ്ഞില്ല …6 മാസം അങ്ങനെ കഴിഞ്ഞു …ഒരു ദിവസം മദ്യപിച്ചിട്ടാണ് അരുണേട്ടൻ വന്നത് ..അന്ന് രാത്രി എന്റെ എതിർപ്പ് വക വെക്കാതെ അയാൾ എന്നെ ബലാൽക്കാരമായി കീഴ്‌പ്പെടുത്തി …അയാൾക്കു ഒരു തരാം വാശിയായിരുന്നു..അന്നത്തെ ആ ബല പ്രയോഗത്തിന്റെ ഫലമായി ഞാൻ ഗർഭിണിയായി …അത് അറിഞ്ഞിട്ട് പോലും ഒരു തരി ദയ അവരാരും എന്നോട് കാണിച്ചില്ലാ ..

എന്റെ ഒരു സുഹൃത്തായ ജീനക്ക്‌ മാത്രമേ എന്റെ കാര്യങ്ങൾ അറിയുമായിരുന്നുള്ളൂ …അവൾ എല്ലാ കാര്യവും വിനുവേട്ടനെ വിളിച്ചു പറഞ്ഞു …ഇപ്പോഴും ഞാൻ വിനുവേട്ടനെ ഓർത്തു ജീവിക്കുന്നത് കൊണ്ടാണ് എനിക്ക് എല്ലാ കഷ്ടപ്പാടും സഹിക്കേണ്ടി വന്നതെന്ന് അറിഞ്ഞപ്പോൾ ഏട്ടന് എന്നോടുള്ള ദേഷ്യമൊക്കെ മാറി ..എന്നെ വിളിച്ചു, സംസാരിച്ചു ….എനിക്ക് ഒരുപാട് ആശ്വാസം തോന്നി ….എന്നെ വിനുവേട്ടൻ മനസ്സിലാക്കിയല്ലോ ….എനിക്ക് അത് മതിയായിരുന്നു ..

അച്ഛൻ എന്നെ കാണാൻ വന്നപ്പോൾ നിറവയറോടെ ഞാൻ അവിടെ കഷ്ടപ്പെടുന്നത് കണ്ടു ……അച്ഛൻ ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു …അപ്പോൾ തന്നെ അച്ഛൻ എന്നെയും കൂട്ടി വീട്ടിലേക്കു പോന്നു ….എന്റെ സ്വർണ്ണമൊന്നും അവർ തിരിച്ചു തന്നില്ല ….അങ്ങനെ അച്ഛൻ കേസ് കൊടുത്തു ……എല്ലാ വിവരങ്ങളും അറിഞ്ഞ അമ്മായിക്ക് സന്തോഷായി ……അവരുടെ മോനെ വേണ്ടെന്നു പറഞ്ഞു വല്യ ബന്ധം തേടിപ്പോയ എനിക്ക് ഈ അവസ്ഥ തന്നെ വരണമെന്നൊക്കെ അവർ പറഞ്ഞു നടന്നു …

അപ്പോഴും ഒരാശ്വാസം വിനുവേട്ടനായിരുന്നു …ഇടയ്ക്ക് വിളിക്കും ……കാര്യങ്ങളൊക്കെ അന്വേഷിക്കും ….എന്നെ ആശ്വസിപ്പിക്കും …അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ഞാൻ പ്രസവിച്ചു ….ഒരു മോളെ ….അവളെ കാണാൻ പോലും അരുണേട്ടൻ വന്നില്ല ..

ഇടയ്ക്കു ഒരു ദിവസം വിനുവേട്ടൻ വിളിച്ചു പറഞ്ഞു …ഏട്ടന് കല്യാണം നോക്കാനുണ്ടെന്നൊക്കെ ….മറുത്തൊന്നും പറയാൻ ആവാതെ ഞാൻ കേട്ട് നിന്നു..നിന്നു..ജീനയോടു ഞാൻ പറഞ്ഞു ഏട്ടന് കല്യാണം നോക്കനുണ്ടെന്ന്‌ ….അവളെന്നോട് പറഞ്ഞു ….”നിനക്കു പറഞ്ഞൂടായിരുന്നോ.. അവനു വേണ്ടിയല്ലേ നീ ഈ അവസ്ഥയിലായത് ….നിന്നെ കെട്ടാൻ പറയെടി .”

വേണ്ട ജീന ഏട്ടന് അങ്ങനെയൊരു മനസ്സുണ്ടായിരുന്നെങ്കിൽ എന്നോട് കല്യാണക്കാര്യം പറയില്ലല്ലോ ..”ഞാൻ പറഞ്ഞിട്ട് എന്തിനാ എനിക്ക് ..”

എന്റെ സങ്കടം മനസ്സിലാക്കി അവൾ വിനുവേട്ടനെ വിളിച്ചു സംസാരിച്ചു ….ഏട്ടന് എന്നെ സ്വീകരിക്കാൻ പറ്റില്ലെന്ന് ….ഒരു കുഞ്ഞുണ്ടായിപ്പോയില്ലേ …അമ്മായിക്ക് അല്ലെങ്കിലേ എതിർപ്പാണ് …ഇപ്പൊഴെന്തായാലും സമ്മതിക്കില്ലെന്ന് ..അവൾ ഏട്ടനോട് വഴക്കിട്ടു ….നിനക്കു വേണ്ടിയാ അഞ്ജലി ഇത്ര നാളും ജീവിച്ചതെന്നും ….നിന്നെ മറന്നു ജീവിക്കാൻ അറിയാത്തത് കൊണ്ടാണ് അവൾക്കു ഇപ്പൊ ഈ ഗതി വന്നതെന്നുമൊക്കെ പറഞ്ഞു ..

ഇതൊക്കെ കേട്ട ശേഷം വിനുവേട്ടൻ എന്നെ വിളിച്ചു പറഞ്ഞു …”നിന്നെ മറക്കാൻ എനിക്കും കഴിയില്ല ……നീ എന്നെ വേണ്ടെന്നു പറഞ്ഞു പോയപ്പോൾ എന്റെ കൂടെ നിന്ന അമ്മയെ എനിക്ക് വേദനിപ്പിക്കാനുമാവില്ല ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നീ പറഞ്ഞു താ ..”

നെഞ്ച് പൊടിയുന്ന വേദനയോടെ ഞാൻ വിനുവേട്ടനോട് പറഞ്ഞു “ഏട്ടൻ അമ്മായി പറഞ്ഞതുപോലെ അനുസരിച്ചോളൂ ……എന്നെ നോക്കേണ്ടാ ….ഞാനും എന്റെ മോളും ഇവിടെ ജീവിച്ചോളാം ..”

എനിക്ക് നീ കൂടെയില്ലാതെ പറ്റില്ല അഞ്ചു .. എന്റെ കല്യാണം കഴിഞ്ഞാലും ..നീ ഈ കോൺടാക്ട് അവസാനിപ്പിക്കരുത് ……അത് എനിക്ക് സഹിക്കില്ല ” ഏട്ടന്റെ വാക്കുകൾക്കു മറുപടി പറയാനുള്ള കരുത്തു എനിക്ക് ഇല്ലായിരുന്നു ….ഒന്നും മിണ്ടാതെ കാൾ കട്ട് ചെയ്തു …

പൊട്ടി കരഞ്ഞ് കൊണ്ട് താഴെ ഇരുന്നു …കുഞ്ഞു മോൾടെ മുഖം കണ്ടിട്ട് മരിക്കാനും കഴിയനില്ലല്ലോ ഭഗവാനെ ..? ഞാൻ സ്നേഹിച്ചവന് എന്നെ സ്വീകരിക്കാൻ കഴിയില്ലാ ……എന്നെ കല്യാണം കഴിച്ചവന്റെ കൂടെ ജീവിക്കാൻ മനഃസാക്ഷി അനുവദിക്കണുമില്ലാ , ഇനി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാമെന്ന് കരുതിയാലും അവർക്ക് എന്നെ വേണ്ട..മകളുടെ ദുർവിധിയോർത്തു നീറി ജീവിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുൻപിൽ സങ്കടം പുറത്തു കാണിക്കാതെ ഒരു പാവയെ പോലെ അഭിനയിച്ചു ജീവിച്ചു തീർക്കണം എന്തൊരു വിധിയാണിത് ….എനിക്ക് മാത്രം എല്ലാം നഷ്ടമായി ……മോളെയും വാരിയെടുത്തു നെഞ്ചോടു ചേർത്തു കുറെ ഇരുന്നു കരഞ്ഞു …ഭൂമിയിൽ ഒരു പെണ്ണിനും ഇങ്ങനൊരു വിധി കൊടുക്കല്ലേ എന്ന പ്രാർത്ഥനയോടെ …

രചന: റിനി

LEAVE A REPLY

Please enter your comment!
Please enter your name here