Home Latest അർദ്ധരാത്രി ഈ രണ്ടുമണിയോടടുക്കുന്ന സമയത്ത് ബൈക്കിൽ ഞാൻ സഞ്ചരിക്കണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകണം.

അർദ്ധരാത്രി ഈ രണ്ടുമണിയോടടുക്കുന്ന സമയത്ത് ബൈക്കിൽ ഞാൻ സഞ്ചരിക്കണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകണം.

0

അവിഹിതബന്ധം

ഈ കറുത്തിരുണ്ട രാത്രിയുടെ നിശബ്ദതയെ ബേധിച്ചുകൊണ്ട് എന്റെ ബൈക്ക് സഞ്ചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് സമയമായി.

അർദ്ധരാത്രി ഈ രണ്ടുമണിയോടടുക്കുന്ന സമയത്ത് ബൈക്കിൽ ഞാൻ സഞ്ചരിക്കണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകണം.

രണ്ട് മാസങ്ങൾക്കു മുന്നെയാണ് എന്റെ മൊബൈലിലേക്ക് ആ കോൾ വന്നത്.
കുറച്ച് സംസാരിച്ചതിന് ശേഷമാണ് നമ്പർ തെറ്റി എന്നത് അവർക്ക് ബോധ്യമായത്.
പിന്നെ ക്ഷമ ചോദിക്കലും മറ്റുമായുള്ള സന്ദേശങ്ങളിലൂടെ ഞങ്ങൾ കൂടുതൽ അടുത്തു.

അവരുടെ പേര് രശ്മി,
കല്യാണം കഴിഞ്ഞിട്ട് അഞ്ചുവർഷമായി,
ഭർത്താവ് വിദേശത്തു ജോലി ചെയ്യുന്നു.

അഞ്ചു വർഷമായിട്ടും കുട്ടികളില്ലാത്തത് കാരണം അവരുടെ ദാമ്പത്യ ജീവിതം അവർക്കിടയിലുള്ള അകൽച്ചകൾക്ക് വഴിവെച്ചു.

ഇപ്പോൾ അവരുടെ ഭർത്താവിന് അവരിൽ തീരെ താല്പര്യമില്ലത്രേ. വിരസമായ ജീവിതം തള്ളിനീക്കുമ്പോളാണ് ഒരു നിമിത്തമെന്നപോലെ എന്നെ പരിചയപ്പെട്ടതെന്ന് അവരെന്നോട് പറഞ്ഞിട്ടുണ്ട്.
ഞാനവർക്ക് ദൈവത്തിന്റെ സമ്മാനമാണത്രെ.

വെറും രണ്ട് മാസങ്ങൾകൊണ്ടുള്ള പരിചയം വെച്ചു അവരിന്നെന്നോട് അവരുടെ വീട്ടിലേക്ക് ചെല്ലാൻവേണ്ടി ക്ഷണിച്ചപ്പോൾ ആദ്യമത് കാര്യമായിട്ടാണോ എന്ന് ഞാനും ചിന്തിക്കാതിരുന്നില്ല കാരണം ഒരിക്കൽപോലും തമ്മിൽ കാണാത്ത ഒരു ഫോട്ടോ പോലും അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊടുക്കാതെ എന്നെ അവർ വിശ്വസിക്കണമെങ്കിൽ അവർക്കെന്നെ ഒരുപാട് ഇഷ്ടമായിക്കാണും.

അവരുടെ ഭർത്താവിനില്ലാത്ത ഒരുപാട് ഗുണങ്ങൾ എന്നിലുണ്ടത്രെ, എന്നും അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കും, സ്നേഹത്തോടെ സംസാരിക്കും, അവരുടെ എല്ലാ കാര്യങ്ങളിലും കെയറുണ്ടാകും എന്നൊക്കെ അവർ പറയുമ്പോൾ ഇതെല്ലാം അവയിൽ ചിലത് മാത്രമാണെന്ന് അവർ കൂട്ടിച്ചേർക്കാൻ മറന്നില്ല.

അവരുടെ വീടടുക്കുന്തോറും എന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടേയിരുന്നു.

ഓടിക്കിതച്ചെന്റെ വണ്ടി അവർ പറഞ്ഞ വീടിന്റെ ഉമ്മറത്തെത്തി.

എങ്ങും രാത്രിയുടെ നിശബ്ദത തളം കെട്ടിനിൽക്കുന്നു. ദൂരെയെവിടെയോ നിന്ന് കുറുക്കന്മാരുടെ കൂട്ട ഓരിയിടൽ ഇരുട്ടിന്റെ താളത്തിനു ഭംഗം വരുത്തിക്കൊണ്ട് എന്നിലെ ഭയത്തെ വർധിപ്പിച്ചു.

ഞാൻ ബൈക്ക് നിറുത്തിയിറങ്ങി ചുറ്റുഭാഗമെല്ലാം ഒന്ന് കണ്ണോടിച്ചു.
അടുത്ത് മറ്റു വീടുകളൊന്നുമില്ലായെന്നു തോന്നുന്നു. ദൂരെ ഒരു നൂറു മീറ്ററകലെയായി ഇടക്കിടക്ക് മങ്ങിയും തെളിഞ്ഞും പ്രകാശിക്കുന്ന ഒരു തെരുവ് വിളക്ക് കാണാം.
ഞാൻ വീണ്ടും ചുറ്റുഭാഗമെല്ലാം ഒന്ന്കൂടി നിരീക്ഷിച്ചുകൊണ്ട് വീടിന്റെ മതിലിൽ ചാരിനിന്ന് വിറയ്ക്കുന്ന കൈകളാൽ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈലെടുത്തു അവർക്ക് വിളിച്ചു, രണ്ടാമത്തെ റിങ്ങിൽ തന്നെ അവർ ഫോണെടുത്തത് കണ്ടപ്പോൾ ഈ അർദ്ധരാത്രിയിലും അവരെനിക്ക് വേണ്ടി മാത്രം ഉറങ്ങാതെ കാത്തിരിക്കുകയാണെന്ന് എന്റെ മനസ്സെന്നോട് മന്ത്രിച്ചു.

ഗേറ്റ് മെല്ലെത്തുറന്ന് വീടിന്റെ വാതിൽ ലക്ഷ്യമാക്കി ഞാൻ നടന്നടുത്തു.

കോളിംഗ് ബെല്ലടിക്കാൻ കൈ ഉയർത്തിയതും എന്റെ പരിശ്രമത്തെ നിഷ്ഫലമാക്കിക്കൊണ്ട് ആ വാതിൽ മെല്ലെ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു.

എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവരുടെ അഴകും ശരീര ഭംഗിയും.

എനിക്ക് പിറകെ വാതിൽ അടച്ചുതാഴിട്ട് അവരെന്നെ അവിടെയുള്ള സോഫയിലേക്ക് ആനയിച്ചിരുത്തി.

പരസ്പരം ഒന്നും സംസാരിക്കാൻ കഴിയാതെ ഞങ്ങൾ കുറച്ച്നേരം മൗനമായെങ്കിലും ആ മൗനത്തിനു കടിഞ്ഞാണിട്ട്കൊണ്ട് അവരെന്നോട് ചോദിച്ചു

“സുഖമാണോ ഉണ്ണി നിനക്ക് “…… ?

അവരെ പരിചയപ്പെട്ട അന്നുമുതൽ ഓരോ ദിവസവും പലതവണ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്ന ഒരേയൊരു ചോദ്യമാണ് സുഖമാണോ എന്നത് എന്നാലും ആണെന്നമട്ടിൽ ഞാൻ തലയാട്ടി.

പിന്നെയും ഞങ്ങൾക്കിടയിൽ കുറച്ച്നേരം മൗനം ഒരു ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ കയറിവന്നു.

എന്റെ നിയന്ത്രണരേഖ കടന്നുകൊണ്ട് മിടിച്ചിരുന്ന എന്റെ ഹൃദയം തൊണ്ടക്കുഴിലെ വെള്ളം മുഴുവൻ വറ്റിച്ചുകളഞ്ഞെന്ന് ബോധ്യപ്പെട്ടപ്പോൾ ഞാനവരോട് ഒരു ഗ്ലാസ്‌ വെള്ളം ആവശ്യപ്പെട്ടു.

അവർ നൽകിയ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്തുകൊണ്ട് ഞാനവരോട് ചോദിച്ചു…

“ചേച്ചിയെന്തിനാണെന്നോട് വരാൻ പറഞ്ഞത് “…. ?

“ഉണ്ണിക്കറിയാമല്ലോ എന്റെ കാര്യങ്ങളൊക്കെ, ഞാനെല്ലാം ഉണ്ണിയോട് പറഞ്ഞിട്ടുണ്ട്. നമ്മൾതമ്മിൽ പരിചയപ്പെട്ടിട്ട് വെറും രണ്ടുമാസം മാത്രമേ ആയിട്ടൊള്ളുവെങ്കിലും മനസ്സ്കൊണ്ട് ഞാനെന്നോ ഉണ്ണിയുടെ സ്വന്തമായിക്കഴിഞ്ഞു”

“ഇനിയെനിക്ക് നമുക്കിടയിൽ രഹസ്യങ്ങളൊന്നും ഇല്ലാതെ ഒരു നൂൽബന്ധത്തിന്റെ തടസ്സംപോലും ഇല്ലാതെ ഉണ്ണിയുടെ സ്വന്തമാകണം.
ഈയൊരു രാത്രിക്ക് വേണ്ടിയാണ് ഉണ്ണി ഞാനിത്രയും ദിവസം കാത്തിരുന്നത്”.

അവർ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാനെന്റെ പേഴ്സിൽ കരുതിയിരുന്ന പത്രത്തിന്റെ തുണ്ടെടുത്തു അവർക്ക് നേരെ നീട്ടിക്കൊണ്ടവരോട് ചോദിച്ചു.
“ചേച്ചി ഈ വാർത്ത വായിച്ചിട്ടുണ്ടോ “…. ?

എന്റെ ചോദ്യം കേട്ടതും ആ പത്രത്തുണ്ടിലെ വാർത്തയിലേക്കവരുടെ കണ്ണുകൾ ശരവേഗത്തിൽ പാഞ്ഞു.

പത്രവാർത്തയുടെ തലക്കെട്ടും അതിലെ ഫോട്ടോയും കണ്ടപ്പോൾ അവർ പറഞ്ഞു…..

“ഇതാർക്കാണ് ഉണ്ണി അറിവില്ലാത്തത്, സോഷ്യൽ മീഡിയയിലെല്ലാം വന്ന് കേരളമൊട്ടാകെ പരന്ന വർത്തയല്ലേ ഇത് ”

“അതേ ചേച്ചി ഇത് ആ വാർത്ത തന്നെയാണ് പക്ഷെ ഇതെനിക്കും എന്റെ വീട്ടുകാർക്കും വെറുമൊരു വാർത്ത മാത്രമായിരുന്നില്ല.
ഈ ഫോട്ടോയിൽ കാണുന്നത് എന്റെ ചേച്ചിയാണ് എന്റെ ഒരേയൊരു കൂടപ്പിറപ്പ്”.

“ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്.
ഞാനും ചേച്ചിയും അച്ഛനും അമ്മയുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം”.

“എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ചേച്ചിയായിരുന്നു. ചെറുപ്പത്തിൽ ഞാൻ കാണിച്ചു കൂട്ടുന്ന എല്ലാ കുസൃതികൾക്കും ശിക്ഷ കിട്ടിയിരുന്നത് ചേച്ചിക്കായിരുന്നു അല്ലെങ്കിൽ ചേച്ചി മനപ്പൂർവം എനിക്ക് വേണ്ടി ഏറ്റെടുക്കുകയായിരുന്നു എല്ലാം”

“ഞാൻ ചേച്ചി എന്നാണ് വിളിച്ചിരുന്നെങ്കിലും എന്റെ മനസ്സിൽ ഞാൻ എപ്പോഴും ചേച്ചിയെ അമ്മേയെന്നായിരുന്നു വിളിച്ചിരുന്നത്”.

“ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് ഞാനായിരുന്നു. എനിക്കോർമ്മ വെച്ച കാലംമുതൽ എന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം പോയപ്പോൾ എന്റെ ലോകം ശൂന്യമായി.
ഇടക്ക് ഞാൻ ചേച്ചിയെ അങ്ങോട്ട്‌ പോയിക്കാണുമായിരുന്നു”.

“എന്റെ കൂട്ടുകാരൊക്കെ പറഞ്ഞറിഞ്ഞ അളിയന്മാരിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു എന്റെ അളിയൻ”

“പ്രവാസിയായിരുന്ന അളിയൻ കല്യാണത്തിന് നാട്ടിൽ വരുമ്പോൾ ചേച്ചിക്ക് ഞാനൊരു അനിയനുണ്ടെന്ന് അറിഞ്ഞു എനിക്കായി ഒരു മൊബൈൽ ഫോണും വസ്ത്രങ്ങളും മറ്റുമൊരുപാട് സാധനങ്ങളും കൊണ്ടുവന്നിരുന്നു”.

“അളിയനോട് സംസാരിക്കുമ്പോൾ ഒരു അളിയൻ എന്ന ബന്ധത്തിനപ്പുറം പലപ്പോഴും എനിക്കെന്റെ സ്വന്തം ചേട്ടനെപ്പോലെ തോന്നിയിരുന്നു.
അതൊക്കെ കണ്ടപ്പോൾ എന്റെ ചേച്ചിക്ക് കിട്ടിയ ജീവിതമോർത്ത് പതിയെപ്പതിയെ എന്റെ വിഷമമെല്ലാം ഞാൻ മറന്നു”.

“കല്യാണം കഴിഞ്ഞു വെറും ഒന്നര മാസമേ അളിയന് നാട്ടിൽ നിൽക്കാൻ കഴിഞ്ഞൊള്ളു അതിനുള്ളിൽ അളിയന് തിരിച്ചുപോകേണ്ടി വന്നു.
അളിയൻ വാങ്ങിയ ബൈക്ക് എനിക്ക് സമ്മാനിച്ചിട്ടാണ് അളിയൻ വിദേശത്തേക്ക് തിരിച്ചുപോയത് ”

“അവിടന്ന് ഒരു വർഷത്തിന് ശേഷം അളിയൻ നാട്ടിൽ വരുന്നതിനു ഒരാഴ്ച മുന്നെയാണ് ഞങ്ങളുടെ രണ്ടു കുടുംബങ്ങളുടെയും മാനാഭിമാനമെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തന്നെ ജീവനുതുല്യം അല്ലെങ്കിൽ അതിനേക്കാൾ സ്നേഹിച്ച ഭർത്താവിനെയും ഞങ്ങളെയുമെല്ലാം വിട്ട് ചേച്ചി വേറെയൊരാളുടെ കൂടെ ഒളിച്ചോടിപ്പോയത്”.

“അളിയൻ മുടങ്ങാതെ അയച്ചിരുന്ന പൈസയും അളിയന്റെ വീട്ടിലെ അമിത സ്വാതന്ത്രവുമാണ് ചേച്ചിക്ക് അങ്ങിനെ ചെയ്യാൻ ധൈര്യംകൊടുത്തത്”.

“വെറുമൊരു മിസ്സ്ഡ് കോളിലൂടെ പരിചയപ്പെട്ട ഒരാളുമായി ചേച്ചി ഇഷ്ടത്തിലാവുകയും തുടർന്നുണ്ടായ നാട് വിടലും ഞങ്ങളുടെ രണ്ടു കുടുംബങ്ങളെയും മാനസികമായി തളർത്തിക്കളഞ്ഞു”.

“ആ ഷോക്കിൽ കുഴഞ്ഞു വീണ എന്റെ അമ്മ ഇന്നും ഒരു കട്ടിലിൽ ജീവച്ഛവമായി കിടക്കുന്നു. അച്ഛൻ വി ആർ എസ് എടുത്ത് പുറത്തിറങ്ങി നടക്കാൻ കഴിയാതെ വീട്ടിലിരിപ്പായി”

“ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് പോലീസിൽ കേസ്കൊടുത്തത് പക്ഷെ ഫലമൊന്നും ഉണ്ടായില്ല”.

“സ്വന്തം കൂടപ്പിറപ്പിന്റെ നഗ്ന ഫോട്ടോകളും വിഡിയോയും കാണേണ്ടി വന്ന ഒരു അനിയന്റെ മാനസികാവസ്ഥ ചേച്ചിക്ക് പറഞ്ഞാൽ മനസ്സിലാകുമോ എന്നെനിക്കറിയില്ല പക്ഷെ
എല്ലാം സഹിക്കേണ്ടി വന്നു”.

“അവിടന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം ചേച്ചിയെ കണ്ടെത്തിയെന്നും പറഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നപ്പോൾ എന്റെയൊരാളുടെ വാക്കിന്റെ പുറത്ത് മാത്രമാണ് അച്ഛൻ ചേച്ചിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്”.

“വീട്ടിലെത്തിയിട്ടും ചേച്ചി കണ്ണീരുകൊണ്ട് മാത്രമേ ഞങ്ങളോട് സംസാരിച്ചോള്ളൂ.
തളർന്നു കിടക്കുന്ന അമ്മയുടെ കാലിൽ കിടന്നു ഒരുപാട് കരഞ്ഞു. അന്ന് രാത്രി ഞാൻ കിടക്കുമ്പോൾ പെയ്തൊഴിയാതെ മൂടിക്കെട്ടിനിന്ന കാർമേഘം പെയ്തൊഴിഞ്ഞ പോലെ ശാന്തമായിരുന്നു എന്റെ മനസ്സ്”.

“പക്ഷെ പിറ്റേ ദിവസം ഒരു കഷ്ണം കയറിൽ തൂങ്ങിയാടുന്ന ചേച്ചിയുടെ ദേഹമാണ് ഞാൻ കണ്ടത്”.

” പിടികിട്ടാതിരുന്ന ചേച്ചിയുടെ കാമുകനെ ചേച്ചിയുടെ മരണശേഷമാണു പോലീസ് പിടിക്കുന്നതും ആ അപ്രിയ സത്യങ്ങൾ നാട് മുഴുവൻ അറിയുന്നതും”.

“എനിക്കായി മാത്രം കിട്ടണമെന്ന് ചേച്ചി കരുതിയത് കൊണ്ടാകാം ചേച്ചിയുടെ ആത്മഹത്യകുറിപ്പ് എന്റെ ബൈക്കിന്റെ ടാങ്ക് കവറിൽ വെച്ചത്. അതിൽ ചേച്ചി ഇങ്ങനെ എഴുതിയിരുന്നു”………….

“മോനെ ഉണ്ണി ഈ ചേച്ചി ജീവിതത്തിൽ തോറ്റുപോയവളാണ്. വെറുമൊരു മിസ്സ്ഡ് കോളിലൂടെ തുടങ്ങിയ ബന്ധമാണ് ഇന്നെന്നെ ഈ ആത്മഹത്യാക്കുറിപ്പ് എഴുതുവാനുള്ള അവസ്ഥയിൽ എത്തിച്ചത്.

“അയാളുടെ കൂടെ ഇറങ്ങിപ്പോയ എന്റെ കൈയിലുള്ള സ്വർണവും പണവുമെല്ലാം തീർന്നപ്പോൾ അയാൾ എന്റെയടുത്തേക്ക് ഓരോരുത്തരെ വിളിച്ചുകൊണ്ട് വരാൻ തുടങ്ങി. അതിന് വഴങ്ങാതായപ്പോൾ ബലമായി എന്റെ നഗ്ന ഫോട്ടോകളും വിഡിയോയും എടുത്തെന്നേ ബ്ലാക്‌മെയ്ൽ ചെയ്യാൻ തുടങ്ങി. പിടിച്ചുനിൽക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോൾ എല്ലാത്തിനും എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു”.

“അയാളുടെ ആവശ്യം തീർന്നപ്പോൾ എന്നെയൊരു പെൺവാണിഭ സംഘത്തിന് വിറ്റ് അയാൾ കടന്നുകളഞ്ഞപ്പോൾ ഞാനെന്റെ ജീവൻ അവസാനിപ്പിക്കാൻ തുനിഞ്ഞതായിരുന്നു പക്ഷെ എനിക്ക് കഴിഞ്ഞില്ല”.

“പോലീസ് എന്റെ അടുക്കലെത്തുമ്പോഴേക്കും ഔഷധ സത്തെല്ലാം ഊറ്റിയെടുത്തു വെളിയിലെറിയപ്പെട്ട ഒരു വേരിനെപ്പോലെ എനിക്കെല്ലാം നഷ്ടമായിരുന്നു”.

“ഇനിയും ഈ പാപഭാരമേന്തി ജീവിക്കാൻ എനിക്ക് വയ്യ. ചേട്ടനോട് എന്നെ ശപിക്കരുതെന്ന് പറയണം, എനിക്ക് മാപ്പ് തരാൻ പറയണം. അച്ഛനെയും അമ്മയെയും നീ നല്ലവണ്ണം നോക്കണം, ചേച്ചി പോകുന്നു നിങ്ങൾക്ക് നല്ലത് വരട്ടെ”.

“ഒറ്റ നിമിഷംകൊണ്ട് ലോകം മുഴുവൻ ഇരുട്ടിലായ പോലെ തോന്നിപ്പോയി ചേച്ചി എനിക്ക്. അതിന്റെ ഷോക്കിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുമ്പോളാണ് ഞാൻ ചേച്ചിയെ പരിചയപ്പെട്ടത്”.

“ഇന്നീ അർദ്ധരാത്രി ചേച്ചിയെന്നോട് വരാൻ പറഞ്ഞപ്പോൾ ഞാൻ വന്നത് ചേച്ചിയെ എനിക്ക് നഷ്ടമായ എന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനത്തു കണ്ടത്കൊണ്ടാണ്”.

“പിന്നെ ചേച്ചി പറഞ്ഞതുപോലെ കുട്ടികളില്ലാത്തതുകൊണ്ടാണ് ചേച്ചി ഭർത്താവുമായി അകലുവാൻ കാരണമെന്നത് എനിക്ക് തോന്നുന്നില്ല”.

“ഒരു പ്രവാസിയായ ചേച്ചിയുടെ ഭർത്താവ് ഒരുപക്ഷെ ജോലിയിലുള്ളസമ്മർദ്ദംകൊണ്ടോ അല്ലെങ്കിൽ ചേച്ചിയെ പിരിഞ്ഞിരിക്കുന്നതിലുള്ള മനോവിഷമം കൊണ്ടോ ആകാം ഇങ്ങനെയൊക്കെ പെരുമാറുന്നത്”.

“എല്ലാവർക്കും എല്ലാം തുറന്നു പറയാൻ കഴിയില്ല. ചില ആളുകൾ തങ്ങളുടെ സങ്കടങ്ങൾ മറ്റുള്ളവരോട് തുറന്നു പറയും മറ്റുചിലർ തന്റെ വേണ്ടപ്പെട്ടവരെ വിഷമത്തിലാഴ്ത്താതിരിക്കാൻ എല്ലാം തന്റെ ഉള്ളിലൊതുക്കും”.

“ചേച്ചി എല്ലാ കാര്യങ്ങളും ചേച്ചിയുടെ ഭർത്താവിനോട് തുറന്നു പറഞ്ഞ് പുതിയൊരു ജീവിതത്തിന് വഴിയൊരുക്കാൻ ശ്രമിക്കണം”

“പിന്നെ സ്വന്തം ഭർത്താവ് ഇവിടെ നിന്ന് പ്ലൈൻ കയറിയാൽ തന്റെ ആഗ്രഹങ്ങളും കഴപ്പും തീർക്കാൻ നാട്ടിലെ ആണുങ്ങളെ തേടിയിറങ്ങുന്ന സ്ത്രീകളെ മനുഷ്യസ്ത്രീകളുടെ കൂട്ടത്തിൽ ഉൾപെടുത്താൻ കഴിയില്ല”.

“സർവ്വ ശക്തനായ ദൈവം നമ്മുടെ മുന്നിൽ പല അത്ഭുതങ്ങളും അനുഗ്രഹങ്ങളും കാണിക്കാറുണ്ട് അതിൽ ചിലത് നമ്മുടെ നഗ്ന നേത്രങ്ങൾകൊണ്ട് നമുക്ക് കാണാൻ കഴിയില്ല മറ്റു ചിലത് നമ്മൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു”.

“എനിക്കുറപ്പുണ്ട് ചേച്ചി നിങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർത്താൽ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് മുൻപിലും വർഷിക്കപ്പെടും”.

“പിന്നെ ചേച്ചിയെന്നെ എന്നും ഓർക്കണമെന്ന് ഞാൻ പറയില്ല പക്ഷെ ഒരിക്കലുമെന്നെ മറക്കരുത് കാരണം എന്നെ മറന്നാൽ ഞാൻ പറഞ്ഞ വാക്കുകളും എന്നെ മറക്കുന്നതോടൊപ്പം മണ്ണിട്ട് മൂടിയേക്കാം”.

എല്ലാം പറഞ്ഞുകഴിഞ്ഞു ഞാൻ അവിടെ നിന്ന് യാത്രയാവുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് കണ്ടപ്പോൾ അതൊരു ശുഭകാര്യത്തിനുള്ള തുടക്കമാവട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു.

പിന്നീടെനിക്ക് അവരിൽ നിന്ന് മെസ്സേജുകളോ കോളുകളോ വന്നില്ല. വർഷങ്ങൾ കൊഴിഞ്ഞുപോയി.

അവിടന്ന് അഞ്ചു വർഷങ്ങൾക്കു ശേഷം എന്റെ കല്യാണ ദിവസം താലികെട്ട് കഴിഞ്ഞു സ്റ്റേജിൽ അതിഥികളെ സ്വീകരിക്കുന്നതിനിടയിൽ പരിചിത മുഖങ്ങൾ കടന്ന്പോയപ്പോൾ അതിനിടയിലാണ് അവരെ ഞാൻ കണ്ടത്.

അവരെന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു അവരുടെ ഭർത്താവിനെയും മൂന്നു വയസ്സായ മകളെയും എനിക്ക് പരിചയപ്പെടുത്തി.

വൈകുന്നേരം എന്നോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ചേച്ചിയുടെ നിറഞ്ഞ കണ്ണുകളിൽ ഒരു അനിയന്റെ സ്ഥാനം എനിക്ക് കാണാൻ കഴിഞ്ഞു.

ഞങ്ങളുടെ ആദ്യ രാത്രിയിൽ തുറന്നിട്ട ജനൽപാളിയിലൂടെ ആകാശചോലയിലെ പൂർണ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുകയായിരുന്ന എന്റെ മുന്നിലേക്ക് അടച്ചിട്ട വാതിൽ മെല്ലെ തുറന്നു കൈയിലുള്ള പാൽ നിറച്ച ഗ്ലാസ്‌ തടി മേശമേൽ വെച്ചുകൊണ്ട് എന്റെയടുക്കൽ വന്നു അവളെന്റെ കാലിൽ വീണപ്പോൾ….
എന്റെ കൈകൾകൊണ്ടവളെ പിടിച്ചെഴുന്നേല്പിച് അവളുടെ നിറഞ്ഞ കണ്ണുകൾ തുടക്കുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു..

“ഏട്ടാ ഏതൊരു പെണ്ണിനും തനിക്ക് വരാൻ പോകുന്ന ഭർത്താവിനെക്കുറിച്ചു ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ ഉണ്ടാകും. പക്ഷെ എനിക്ക് വരാൻ പോകുന്ന ആളെക്കുറിച്ചു എനിക്കൊരൊറ്റ മോഹമേ ഉണ്ടായിരുന്നുള്ളു അത്‌ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു യഥാർത്ഥ പുരുഷനാകണമെന്നായിരുന്നു അത്‌”.

“പക്ഷെ ആ ചേച്ചി എന്നോട് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ “ഭാര്യയുടെ കാണപ്പെട്ട ദൈവം ഭർത്താവാണെന്ന്” ആരോ പറഞ്ഞത് സത്യമാണെന്നു ഞാൻ എന്റെ മനസ്സിൽ ഉറപ്പ് വരുത്തി.
അതേ എന്റെ കാണപ്പെട്ട ദൈവം എന്റെ ഭർത്താവാണ് ആ ഭർത്താവിന്റെ കാലിലാണ് ഞാനിപ്പോ തൊട്ടു അനുഗ്രഹം വാങ്ങിച്ചത്”.

“എനിക്കുറപ്പാണ് ഏട്ടാ എന്നെ ദൈവം അനുഗ്രഹിച്ചിട്ടുണ്ടാവും ഞാനാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യമുള്ള പെണ്ണ്”.

അവളത് പറഞ്ഞു തീർന്നതും അവളെയെന്റെ മാറോടുചേർത്തു അവളുടെ അധരങ്ങളിൽ ഞാൻ ചുംബിക്കുമ്പോൾ അവളുടെ കണ്ണുകൾ അവൾ ഇറുക്കി അടച്ചിരുന്നു.

രചന ; Abdu Rahman

LEAVE A REPLY

Please enter your comment!
Please enter your name here