Home Latest നിന്റെ ആദ്യരാത്രിയാ. ഒന്ന് പാളിയാൽ പിന്നെ കയ്യീന്ന് പോകും പറഞ്ഞേക്കാം. ഷമീറിന്റെ ചോദ്യം കേട്ടപ്പോൾ അവനുനേരെ...

നിന്റെ ആദ്യരാത്രിയാ. ഒന്ന് പാളിയാൽ പിന്നെ കയ്യീന്ന് പോകും പറഞ്ഞേക്കാം. ഷമീറിന്റെ ചോദ്യം കേട്ടപ്പോൾ അവനുനേരെ ഒരായിരം പുച്ഛം വാരി വിതറി ഞാനൊന്ന് ചിരിച്ചു.

0

അതിൽ പറയുന്ന പോലെയൊക്കെ വേണോ ഷുക്കൂറെ. നിന്റെ ആദ്യരാത്രിയാ. ഒന്ന് പാളിയാൽ പിന്നെ കയ്യീന്ന് പോകും പറഞ്ഞേക്കാം.
ഷമീറിന്റെ ചോദ്യം കേട്ടപ്പോൾ അവനുനേരെ ഒരായിരം പുച്ഛം വാരി വിതറി ഞാനൊന്ന് ചിരിച്ചു.
പാളാനോ അതും എന്റെ കയ്യിൽ നിന്ന്, ഡാ ഉണക്കച്ചുള്ളികളെ. ഇത് കുട്ടിയാലിയുടെ മകൻ ഷുക്കൂറാണ്. അതുകൊണ്ട് അക്കാര്യമോർത്തു മക്കൾ ടെൻഷനാവണ്ട.. നിങ്ങൾ ആദ്യം ഞാൻ പറഞ്ഞപോലെ സംഗതി ഒപ്പിക്ക്.
പിന്നെ, പുറമെ കണ്ടാൽ കള്ളല്ല എന്നാരും പറയരുത് കുപ്പി അത്രക്ക് പെർഫെക്റ്റ് ആവണം. ഒക്കെ.
അതൊക്കെ ഞങ്ങളേറ്റു. മനോജേട്ടന്റെ പീടിയൻറെ ബാക്കിൽ പോയാൽ കള്ളും കുപ്പി ഒരുപാട് കിട്ടും അത് കഴുകി അതിലിത്തിരി പെപ്സി വാങ്ങി ഒഴിക്കാൻ വലിയ പണിയൊന്നുമില്ല. പക്ഷെ,
എന്താ ഒരു പക്ഷെ..
എങ്ങാനും സംഗതി പാളിയാൽ ഞങ്ങളുടെ പേര് യ്യ് മിണ്ടിപ്പോകരുത്..
അതില്ല, ഇത് ഷുക്കൂറിന്റെ വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം;
ന്ന വിട്ടോളി. പിന്നെ ഒരു കാരണവശാലും ആ കുപ്പി എന്റെ റൂമിൽ എത്തിക്കുന്നത് വേറെ ആരും അറിയരുത്.
ഓക്കേ. അക്കാര്യം ഞങ്ങളേറ്റു.

അതും പറഞ്ഞു അവർ പോയി. ഹോ ആദ്യമായി കൂട്ടുകാരെ ഓർത്തിപ്പോൾ എനിക്ക് ഇപ്പോൾ അഭിമാനം തോന്നുന്നു. ഞാനൊന്ന് ശ്വാസം മേലോട്ടെടുത്തു തലയുയർത്തിനിന്നു..
ഇന്നായിരുന്നു എന്റെകല്യാണം.. വലിയ ആർഭാടങ്ങളോട് കൂടെ തന്നെ. ആളും ആരവങ്ങളും കഴിഞ്ഞിപ്പോൾ വീട്ടിൽ ഇപ്പോൾ ഞങ്ങൾ വീട്ടുകാർ മാത്രം ബാക്കിയായി.
ഇനി ആദ്യരാത്രി, ഓർത്തപ്പോൾ എന്റെ ചുണ്ടിൽ ഒരു കള്ളചിരിയൂറീ. പക്ഷെ എനിക്കൊരു ആദ്യരാത്രിയുണ്ടേൽ അത് ആ ഉനൈസിന്റെ കഥയിലെ ആദ്യരാത്രിപോലെയായും എന്ന് ആ കഥ വഴിച്ചപ്പോഴേ മനസ്സിലുറപ്പിച്ചതാ. അതിനുവേണ്ടിയാണ് നിക്കാഹ് കഴിഞ്ഞിട്ടും ഞാൻ എന്റെ സുമിയോട് ഞാൻ ഫോണിലൂടെ പോലും മിണ്ടാതിരുന്നത്.

സംഗതി വളരെ സിമ്പിൾ ആണ്, ബട്ട് പവർഫുൾ.. ഭയങ്കര പവർഫുൾ ആണ്.
ആരെങ്കിലും നിലത്തൊന്ന് അമർത്തിച്ചവിട്ടിയാൽ പേടിച്ചോടുന്ന ഞാൻ ഒരു പോക്കിരിയാണെന്നും കള്ളുകുടിയനാണെന്നും പെണ്ണുപിടിയനാണെന്നുമൊക്കെ ആദ്യരാത്രി തന്നെ അവളെ വിശ്വസിപ്പിക്കുക. പുതിയൊരു ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ എന്റെ ഭർത്താവൊരു തെംമ്മാടി ആണെന്നറിയുമ്പോൾ ആ കഥയിലെ പോലെ പേടിച്ചു കണ്ണീരൊഴുക്കുന്ന അവളോട് പതിയെ ഇതൊക്കെ ഞമ്മടെ അഭിനയം ആയിരുന്നു എന്ന് പറയുക. അപ്പോൾ അവളുടെ മുഖത്തുവിരിയുന്ന സന്തോഷം കണ്ട് യഥാർത്ഥ ആദ്യരാത്രിയിലേക്ക് കടക്കുക. ഇതാണ് പ്ലാൻ.
അതിനുവേണ്ടി പെപ്സി ഒഴിച്ച കള്ളുംകുപ്പി ഏതാനും നിമിഷങ്ങൾക്കകം ഇവിടെ എത്തും. ബാക്കി എന്റെ മുടിഞ്ഞ അഭനയവും.. ഞാനിന്ന് തകർക്കും.

മുറ്റത്തു ഇരുട്ട് വീണുതുടങ്ങി. ഈ പഹയമ്മാരെ കാണുന്നില്ലല്ലോ.. അവരുടെ വരവും പ്രതീക്ഷിച്ചു ഉമ്മറത്തൂടെ ഞാൻ ഉലാത്തുമ്പോഴാണ് പിന്നിൽ നിന്നും ഒരു ചോദ്യം അല്ല ഇക്കാക്ക, ഇങ്ങക്ക് ഇപ്പോഴേ ടെൻഷൻ തുടങ്ങിയോ എന്ന്
നോക്കിയപ്പോൾ പെങ്ങളാണ്.. കല്യാണം കഴിഞ്ഞത് കൊണ്ട് അവൾക്കതൊക്കെ പെട്ടന്ന് മനസ്സിലാവുമല്ലോ..
ഹേയ് എനിക്കെന്ത് ടെൻഷൻ. ഞാൻ വെറുതെ ഒരു വ്യായാമം ആയിക്കോട്ടെ എന്ന് കരുതി നടക്കുന്നത,,.. നല്ലതല്ലേ..
ഉം ഉം എന്നൊന്ന് നീട്ടിമൂളി ഒരാക്കിച്ചിരിയും ചിരിച്ചു അവൾ അടുക്കളയിലേക്ക് പോയി..
അപ്പോഴാണ് ഞാൻ പറഞ്ഞതിൽ രണ്ടാമതൊരു അർഥം കൂടെയുണ്ടെന്ന് കാര്യം എനിക്ക് മനസ്സിലായത്. അയ്യേ.. ചെ. അവൾ എന്ത് വിചാരിച്ചുകാണും,
അല്ലേൽ എന്താ ആദ്യരാത്രി എന്താണെന്നുള്ളത് പരസ്യമായൊരു രഹസ്യമാണ്.
അവളെന്ത് വേണേലും കരുതട്ടെ. എനിക്കെന്താ..

അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ വീണ്ടും ഉലാത്തൽ തുടർന്ന്. നേരം പോകുന്നു ഇനി ഈ കുതിരകൾ എന്നെ കബളിപ്പിച്ചു കടന്നു കളഞ്ഞോ.. ഈ ചിന്ത തലച്ചോറിൽ ചുറ്റിത്തിരിയുമ്പോഴേക്ക് അവരുടെ ബൈക്കിന്റെ ഹോൺ കാതിൽ മുഴങ്ങി. ഉടനെ തന്നെ ഞാൻ ഇറങ്ങി അവരുടെ അടുത്തേക്ക് ഓടി.
അല്ല ചെങ്ങായിമാരെ എത്ര നേരായി ങ്ങളൊക്കെ പോയിട്ട്.
പോ കുരിപ്പെ. ഇപ്പൊ പഴേ പോലെയല്ല. നാട്ടിൽ ഇരുന്ന് കള്ളും കഞ്ചാവും കുടിച്ചാൽ അടി പിറകെ വരും. അടിക്കാൻ വരുന്നോരോട് അന്റെ പിരാന്തൊന്നും പറഞ്ഞാൽ തലേൽ കേറൂല..
ന്ന കൊണ്ടോയി പണ്ടാരമടക്ക്. ഒരു ഗിഫ്റ്റ് ആയി പൊതിഞ്ഞ ഒരു പെട്ടി അവർ എനിക്ക് കൈമാറി.
ഷുക്കൂറെ അപ്പോൾ ഞമ്മളെ കരാർ തീർന്നു. ഇനി നീ ആയി എന്റെ പാടായി.. ഞമ്മള് പോവാ ഹാപ്പി ആദ്യരാത്രി.
ഇതും പറഞ്ഞു ബൈക്കുമെടുത്തു അവർ പോയി.

പെട്ടിയുമായി റൂമിലേക്ക് നടക്കുമ്പോൾ ഹാളിൽ ഉമ്മ നിൽക്കുന്നു. അല്ല ഷുക്കോ ഇന്നന്റെ കല്യാണം കഴിഞ്ഞ ദിവസ്സല്ലേ. എത്ര നേരായി ഓൾ മുറീല് അന്നേം കാത്തിരിക്കാൻ തുടങ്ങിയിട്ട്. ചെല്ല് വേഗം…
ഉമ്മ എന്നെ ഉന്തിവിടുമ്പോൾ ബാക്കിയെല്ലാരും ഇളിക്കുന്നുണ്ട്. കൂടെ പെങ്ങളുടെ കമന്റും
ഇക്ക നേരത്തെ ഉമ്മറത്തൂടെ നടന്ന് എക്സൈസ് എടുക്കുന്നുണ്ടായിരുന്നു നേരത്തെ.. ഇതോടെ ആയപ്പോൾ അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി. മനസ്സിൽ ഞാനും ചിരിച്ചെങ്കിലും പുറമെ ഒരു ഗൗരവം വരുത്തി അവളെ ഒന്ന് ദഹിപ്പിച്ചു നോക്കി വേഗം ഞാൻ മുറിയിലേക്ക് നടന്നു.

പാവം സുമി എന്നെ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും. ഞാൻ റൂമിലെത്തിയതും എന്നെ കണ്ട അവൾ കട്ടിലിൽ നിന്നും എഴുനേറ്റ് തല താഴ്ത്തി നിന്നു. പക്ഷെ അതിലൊന്നും ശ്രദ്ധിക്കാതെ ഞാൻ കയ്യിലുള്ള പെട്ടി തുറക്കാൻ തുടങ്ങി.
ഡീ ആ വാതിൽ പോയി അടച്ചിട്ടുവാ. ഇത്തിരി ഗൗരവത്തോടെയാണ് ഞാൻ പറഞ്ഞത്. അനുസരണയുള്ള കുട്ടിയെ പോലെ സുമി വാതിൽ അടച്ചു തിരിച്ചു വന്നു.
ഞാൻ വീണ്ടും പെട്ടി തുറക്കുന്നതിൽ മുഴുകി,
ഇക്കാ എന്ന സുമിയുടെ വിളികെട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി
കയ്യിൽ ഒരു ഗ്ലാസ് പാലുമായി നാണം തൂകി സുമി നിൽക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം എന്റെ കണ്ടറോൾ പോയി. പക്ഷെ ഞാൻ നിയന്ത്രണം വിട്ടില്ല.

ഇതെന്താ.. വീണ്ടും ഗൗരവം നിറഞ്ഞ എന്റെ ചോദ്യം.
പാൽ. ഇക്ക രാത്രി പാൽ കുടിക്കും എന്ന് ഉമ്മ പറഞ്ഞു. മധുരമൂറുന്ന ശബ്ദത്തിൽ അവളുടെ ഉത്തരം.
.
ഹ ഈ പാൽ പങ്കിട്ടുകുടിച് ഒത്തിരി സംസാരിച് ആനന്ദ നർത്തമാടി അങ്ങനെ അങ്ങനെ അല്ലെ,,
അവൾ നാണം കൊണ്ടോന്ന് പൂത്തുലഞ്ഞു.
എന്നാലേ അതിന് മോള് വേറെ ആരെയെങ്കിലും നോക്കണം.
നീ എന്താടി കരുതിയെ നിന്നേം കെട്ടിപിടിച്ചു കിടക്കാനാണ് ഈ രാത്രിയെന്നോ. ഹ ഹ നടന്നതുതന്നെ. എനിക്ക് എന്റെ കാര്യങ്ങളൊക്കെ ചെയ്തുതരാണ് ഒരാൾ, ഒരു അടിമ അതാണ് നീ.. പിന്നെ ഒരു പെണ്ണിൽ നിന്നും കിട്ടുന്ന സുഖങ്ങളൊക്കെ എനിക്ക് നേരത്തെ തന്നെ കിട്ടിയിട്ടുണ്ട്. എന്തായാലും അവരിൽ നിന്നും കിട്ടാത്ത ഒരു സുഖവും നിനക്ക് നൽകാൻ കഴിയില്ല എന്ന ഉറപ്പുമുണ്ട് എനിക്ക്,.

ഇത്രയും കേട്ടപ്പോൾ അവളൊന്ന് പകച്ചു. മുഖമൊക്കെ വിളറി, ഇത് കണ്ടപ്പോൾ എനിക്ക് എനിക്കാവേശം കൂടി.
ഞാൻ തുടർന്നു.
പിന്നെ ഈ കാര്യങ്ങളൊന്നും ഇവിടെ വേറെ ആർക്കും അറിയില്ല.. ഇവിടെ ഞാൻ നല്ല കുട്ടിയ, നിസ്‌കാരവും നോമ്പുമൊക്കെയുള്ള നല്ല കുട്ടി.
പക്ഷെ ഞാൻ കള്ളുകുടിക്കും പെണ്ണ് പിടിക്കും പിന്നെ നിനക്കൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത തറവേലകൾ വേറെയും ഉണ്ട്.. അതൊക്കെ വഴിയേ അറിഞ്ഞോളും മോളിപ്പം പോയി ആഗ്ലാസ്സിലെ പാൽ കളഞ്ഞു ഗ്ലാസ് മാത്രം കൊണ്ടുവാ. അപ്പോഴേക്കും ഞാൻ ഈ കുപ്പിയൊന്ന് പൊട്ടിക്കട്ടെ..
കയ്യിലെ കുപ്പി ഒന്ന് കുലുക്കി അവൾക്ക് നേരെ തിരിഞ്ഞു. പക്ഷെ ഉനൈസിന്റെ ആ കഥയിലെ പേടിച്ചു കരയുന്ന ഷാഹിന ആയിരുന്നില്ല അവൾ. ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുവന്നു.
കയ്യിലുള്ള പാലും ഗ്ലാസ് ഒരൊറ്റ ഏറായിരുന്നു. ഗ്ലാസ് നിലത്തു വീണ് ചിതറിയ ഒച്ചകേട്ട് ഞാൻ ഞെട്ടി. എന്റെ കയ്യിലുള്ള കുപ്പിയടക്കം വിറക്കാൻ തുടങ്ങി. ഹേ ഇങ്ങനെ അല്ലല്ലോ ആ കഥയിൽ.. ഇതെന്താ ഇവൾ കരയാത്തെ എന്നൊക്കെ ചിന്തിക്കുമ്പോഴാണ് കതകിൽ ശക്തമായ മട്ട് കേൾക്കുന്നത്.

ഡാ ഷുക്കു വാതിൽ തുറക്ക്. പുറത്തൂന്ന് ഉമ്മ വിളിക്കാൻ തുടങ്ങി, പടച്ചോനെ പണി പാളിയോ.. എനിക്കാണെങ്കിൽ കയ്യും കാലും വിറച്ചിട്ട് ഒരടി നടക്കാനും കഴിയുന്നില്ല.
അവസാനം സുമി തന്നെ വാതിൽ തുറന്നു. ഡാമിലെ ഷട്ടർ തുറക്കുമ്പോൾ വെള്ളം വരുന്നത് പോലെ എല്ലാം കൂടെ എന്റെ റൂമിലേക്ക് ഒഴുകി ഒഴുകി വന്നു., അപ്പോഴേക്കും ആരും കാണാതെ ഞാൻ കുപ്പി ഒളിപ്പിച്ചിരുന്നു.
ഉമ്മ അമ്മായി അനിയത്തി മൂത്തച്ചി എന്നുവേണ്ട മാന്യമായ രീതിയിൽ നാണംകെടാനുള്ള സകലരും ഉണ്ട്, ഉമ്മ എന്നെയൊന്ന് കനപ്പിച്ചു നോക്കി അവളോട് ചോദിച്ചു എന്താ മോളെ പറ്റിയത്.

എനിക്ക് ഈ ബന്ധം വേണ്ട. സുമി പറഞ്ഞത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി ഞാനും,
അതേയ് ഞങ്ങൾ സമ്പത്തിന്റെ കാര്യത്തിൽ ലേശം പിന്നോട്ടാണ് ശരിതന്നെ പക്ഷെ എന്നുകരുതി ഒരു കള്ളുകുടിയേന്റെയും പെണ്ണുപിടിയെന്റെയും കൂടെ ജീവിക്കേണ്ട ഗതിഗേടൊന്നും എനിക്കില്ല.
എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ. എന്താ ഇപ്പൊ സംഭവിച്ചേ.
ഇതാ നിക്കുന്നു നിങ്ങളുടെ മകനോട് തന്നെ ചോദിച്ചുനോക്കി. മൂപ്പരാണ് ഇപ്പൊ എന്നോട് പറഞ്ഞെ ഞാൻ കള്ളുകുടിക്കും പെണ്ണുപിടിക്കും എന്നൊക്കെ. കല്യാണത്തിന് മുന്നേ തന്നെ ഒരു പെണ്ണിൽ നിന്നും കിട്ടുന്ന സുഖമൊക്കെ മൂപ്പർ അനുഭവിച്ചതാണത്രേ. ഇത്രയും ആയപ്പോഴേക്കും എല്ലാം എന്റെ നേരെ തിരിഞ്ഞു.

ശരിയാണോ ഷുക്കൂറെ ഞാൻ കേട്ടത്. ഉമ്മയുടെ ചോദ്യം എന്റെ ചെവിയിൽ മുഴങ്ങി.
അത് ഉമ്മ.. എന്തേലും പറയാൻ തുടങ്ങുന്നതിനു മുന്നേ ഒരൊറ്റ അടിയായിരുന്നു.
ഠപ്പേ.. ന്റള്ളോ എന്നുപറഞ്ഞു ഞാൻ കട്ടിലിലേക്ക് വീണു. ഇതെന്തൊരു അടിയ, മോണയിലെ പല്ലൊരെണ്ണം ഇളകിപ്പോയെന്ന തോന്നുന്നേ. അത് ഉമ്മ ഞാൻ പറയുന്നതൊന്ന് കേള്ക്കി. എന്നിട്ട് അടിച്ചോളി.
ഇനി നീ ഒരക്ഷരം മിണ്ടരുത് ഇളയതല്ലേ എന്ന കരുതി കൊഞ്ചിച്ചു വഷളാക്കിയതാ ഞാൻ ചെയ്ത തെറ്റ്. ഇതും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി.
അപ്പോഴേക്കും ഇക്കയും ഉപ്പയും റൂമിലെത്തിയിരുന്നു, കാര്യമറിഞ്ഞപ്പോൾ ഇക്കാടെ വകയും കിട്ടി.ഒരെണ്ണം

ഇങ്ങളെല്ലാരുംകൂടി എന്നെ തല്ലിക്കൊല്ലുന്നതിനു മുന്നേ ഞാൻ പറയുന്നതൊന്ന് കേള്ക്കി. അടികൊണ്ട ദേഷ്യത്തിൽ ഞാൻ കിടന്ന് അലറി.
ഞാൻ ഇന്റെ ജീവിതത്തിൽ ഇതുവരെ കള്ളുകുടിച്ചിട്ടില്ല. പെണ്ണിനെ തൊട്ടിട്ടില്ല,. ആദ്യരാത്രി ഒന്ന് കുളൂസാക്കാന് ഞാൻ ഓളോട് ഇതൊക്കെ വെറുതെ പറഞ്ഞതാ.
അല്ല അല്ല മൂപ്പരെ കയ്യിൽ ഞാൻ കണ്ടതാ ഒരു കുപ്പി കള്ള്.. ഇങ്ങളെല്ലാരും വന്നപ്പോൾ ഒളിപ്പിച്ചതാ.. സുമി എന്നെ ചൂണ്ടി വിളിച്ചു പറഞ്ഞു. അവളെന്റെ പുക കണ്ടേ അടങ്ങൂ..
ഷുക്കൂറെ എവിടെ ആ കുപ്പി.
അത് ഇക്ക അതിൽ കള്ളോന്നുമല്ല. ഞമ്മടെ ഉമ്മാണെ സത്യം.,.
പറഞ്ഞു തീർന്നില്ല അപ്പോഴേക്കും കിട്ടി ഉമ്മാടെ അടുക്കൽന്ന് അടുത്തത്, പ്പ ദജ്ജാലെ കണ്ട ഹാറാമിനൊക്കെ എന്നെ പിടിച്ചു സത്യം ചെയ്യുന്നോ..
എന്നെ കൊല്ലി.. എല്ലാരും കൂടെ എന്നെ കൊല്ലിന്ന്.. ന്റെ ദേഷ്യം ഉച്ചസ്ഥായിൽ എത്തി.

മര്യാദക്ക് പറഞ്ഞോ ആ കുപ്പി എവിടെ എന്ന് അല്ലേൽ അന്റെ ഇറച്ചിവേദനാവും.. ഇക്കാടെ ഭീഷണി വീണ്ടും വന്നു.
അതാ ആ അലമാരയിൽ ഉണ്ട് പോയി എടുത്ത് കുടിച്ചിട്ട് പറ കള്ളാണോ അതോ പെപ്സിയാണോ എന്ന്. ഞാൻ നിന്നു കാറി.
ഇക്ക അലമാരയിൽ നിന്നും ആ കുപ്പിയെടുത്തു മൂക്കിനോട് അടുപ്പിച്ചു.,
ഇത്.. ഇത് പെപ്സിയാണല്ലോ.. അതുകേട്ടതും ഞാൻ ഒഴികെ മറ്റെല്ലാവരും ഞെട്ടി.
ഇപ്പം എന്തായി. ഞാൻ പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ലല്ലോ.

ഇതിനെല്ലാം കാരണം ആ ഉനൈസ് ഒറ്റഒരുത്തനാ.
ഉനൈസോ അതാരാ.പരിചയമില്ലാത്ത പേരുകേട്ടപ്പോൾ ഇക്കയെന്ന് ശങ്കിച്ചു. ഇക്കാക്കയുടെ ചോദ്യം.
ആ ആർക്കറിയാം. ആ ഹിമാർ ഫേസ്ബുക്കിൽ എഴുതിയ കഥയിൽ ഇങ്ങനെ ഒരു ആദ്യരാത്രിയാണ്, നാലായിരത്തോളം ആളുകൾ ലൈക് ചെയ്ത കഥ ആയോണ്ട് അത് ഞാനും ഒന്ന് പരീക്ഷിച്ചു നോക്കിയതാ..പക്ഷെ,,

കാര്യങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചപ്പോൾ എന്റെ റൂമിൽ കൂട്ടച്ചിരി മുഴങ്ങി. പക്ഷെ സുമിക്ക് മാത്രം ചിരിയില്ല. മുഖത്തു വേറെ എന്തോ ഒരു ചമ്മൽ പോലെ.
എല്ല്ലാം കെട്ടഴിഞ്ഞപ്പോൾ ഉമ്മ പതിയെ എന്റെ അടുത്തേക്ക് വന്നു, ന്റെ കുട്ടിക്ക് വേദനിച്ചോ എന്ന് ചോദിച്ചു,
പൊക്കോണം എല്ലാം ഇവിടെ മനുഷ്യന്റെപല്ലിളകി, ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി എല്ലാം പിരിഞ്ഞു പോകാൻ തുടങ്ങി. ഇപ്പോൾ റൂമിൽ ഞാനും സുമിയും മാത്രം,
സോറി ഇക്കാ എന്നും പറഞ്ഞു അവൾ കുണിങ്ങി എന്റെ അടുത്തേക്ക് വരാൻ തുടങ്ങി,
നിക്ക് നിക്ക് ആദ്യം ഈ നിലത്തുള്ള പാലൊക്കെ തുടച്ചു വൃത്തിയാക്ക് എന്നിട്ട് വന്ന് കിടന്നാൽ മതി, അപ്പോഴേക്കും ആ കഥയെഴുതിയ ഹിമാറിനെ നാല് തെറിവിളിക്കാൻ കഴിയോ എന്ന് ഞാനൊന്ന് നോക്കട്ടെ..
ശുഭം.

(nb; ഞാനെഴുതുന്ന പൊട്ടത്തരങ്ങളൊക്കെ ദയവു ചെയ്ത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കരുത്.
അഥവാ ശ്രമിച്ചാൽ ഞമ്മളെ ഷുക്കൂറിന്റെ ആദ്യരാത്രിപോലെ ചീറ്റിപ്പോകും..)

രചന: Unais Bin Basheer

LEAVE A REPLY

Please enter your comment!
Please enter your name here