Home Latest ക്ഷെ ഇന്ന് അവള്‍ നിങ്ങളുടെ മാത്രം ഭാര്യയല്ല എന്ന് ദയവായി മനസിലാക്കുക. പല പുരുഷന്മാരുമായും അവള്‍ക്ക്...

ക്ഷെ ഇന്ന് അവള്‍ നിങ്ങളുടെ മാത്രം ഭാര്യയല്ല എന്ന് ദയവായി മനസിലാക്കുക. പല പുരുഷന്മാരുമായും അവള്‍ക്ക് രഹസ്യബന്ധം ഉണ്ട്

0

ഭാര്യയുടെ അവിഹിതബന്ധം

“നിങ്ങളുടെ ഒരു അഭ്യുദയകാംക്ഷിയാണ് ഈ കത്തെഴുതുന്നത്. എനിക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങള്‍ക്ക് എന്നെയും അറിയാം. പക്ഷെ തല്ക്കാലം ഞാന്‍ ആരാണ് എന്ന് വെളിപ്പെടുത്തുന്നില്ല. അതിന്റെ കാരണം, വളരെ അപ്രിയമായ ഒരു സത്യമാണ് എനിക്ക് പറയാനുള്ളത് എന്നതാണ്. ആത്മസംയമനത്തോടെ ഞാന്‍ പറയുന്നത് കേള്‍ക്കുക. എടുത്തുചാടി ഒന്നും ചെയ്യരുത്. എല്ലാം നേരില്‍ ബോധ്യപ്പെട്ട ശേഷം മാത്രം ചെയ്യുക.

നിങ്ങള്‍ കുടുംബത്തിനു വേണ്ടി ഗള്‍ഫില്‍ കിടന്ന് പെടാപ്പാടു പെടുകയാണല്ലോ? അവിടെ നിന്നും നാട്ടിലേക്ക് പണം അയച്ചു കൊടുക്കുന്ന പണം കൊണ്ട് താങ്കളുടെ അച്ഛനും അമ്മയും ഒപ്പം ഭാര്യയും സുഖമായി ജീവിക്കുന്നു. ഗള്‍ഫിലെ ജോലി മൂലമാകാം, നിങ്ങള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയെത്തന്നെ ലഭിച്ചു. പക്ഷെ ഇന്ന് അവള്‍ നിങ്ങളുടെ മാത്രം ഭാര്യയല്ല എന്ന് ദയവായി മനസിലാക്കുക. പല പുരുഷന്മാരുമായും അവള്‍ക്ക് രഹസ്യബന്ധം ഉണ്ട് എന്ന് വളരെ വ്യക്തമായി മനസിലാക്കിയതിന് ശേഷമാണ് ഞാനീ കത്ത് എഴുതുന്നത്. മിക്കവാറും എല്ലാ രാത്രികളിലും നിങ്ങളുടെ വീട്ടിലേക്ക് ചില വരത്തുപോക്കുകള്‍ ഉണ്ട്.

നിങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ മാത്രമാണ് ഞാനീ കത്ത് എഴുതുന്നത്. യാതൊരു മനസാക്ഷിയും ഇല്ലാതെ നിങ്ങളെ ചതിച്ചുകൊണ്ടിരിക്കുന്ന ഭാര്യയെ ഇനിയും ചുമക്കണോ എന്ന് സ്വയം ചിന്തിക്കുക. ഞാന്‍ ആദ്യം പറഞ്ഞത് പോലെ എടുത്തുചാടി ഒരു തീരുമാനവും എടുക്കരുത്. പറഞ്ഞത് സത്യമോ എന്ന് നേരില്‍ ബോധ്യപ്പെട്ട ശേഷം മാത്രം നിങ്ങളുടെ ഔചിത്യം പോലെ വേണ്ടത് ചെയ്യുക”

സന്ദീപ്‌ കസേരയിലേക്ക് ചാരിക്കിടന്ന് അമിതമായി വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിച്ചു. ഇത് ഇപ്പോള്‍ പത്താമത്തെ തവണയാണ് അവന്‍ ഈ കത്ത് വായിക്കുന്നത്. രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ തലേന്ന് വന്ന കത്തുകളുടെ കൂട്ടത്തില്‍ തന്റെ പേരില്‍ വന്ന കത്ത് കൌതുകത്തോടെ ആയിരുന്നു അവന്‍ തുറന്നത്. കാരണം മൊബൈല്‍ ഫോണ്‍ രംഗത്ത് എത്തിയതോടെ കത്തിടപാടുകള്‍ പൂര്‍ണ്ണമായി ഇല്ലാതായതാണല്ലോ. ആരാകും നാട്ടില്‍ നിന്നും തനിക്ക് കത്തയച്ചത് എന്ന് മനസിലോര്‍ത്ത്‌ കൊണ്ട് അത് തുറന്നപ്പോള്‍ തന്റെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ ശക്തിയുള്ള ഒരു സ്ഫോടകവസ്തു ആണ് അതിന്റെ ഉള്ളില്‍ എന്നവന്‍ അറിഞ്ഞിരുന്നില്ല.
ഗ്രീഷ്മ, തന്റെ പ്രിയതമ; എന്നും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരം താനുമായി കൊഞ്ചിക്കുഴഞ്ഞു പ്രേമം പ്രസരിപ്പിച്ച് വിരഹത്തിന്റെ ദുഃഖം അകറ്റിത്തരുന്ന തന്റെ എല്ലാമെല്ലാമായ ഭാര്യ, തന്നെ ചതിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ അവന്‍ തളര്‍ന്നു പോയിരുന്നു. അത്തരം വിദൂരമായ ഒരു തോന്നല്‍ പോലും അവന് താങ്ങാന്‍ സാധിക്കുമായിരുന്നില്ല. ആരോ കള്ളം എഴുതി വിട്ടിരിക്കുകയാണ് എന്ന് മനസിനെ ബോധ്യപ്പെടുത്താന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും ആ ശ്രമം വിജയം കണ്ടില്ല.

വീട്ടുകാരുടെ ആലോചനയ്ക്ക് വിവാഹം വിട്ടുകൊടുത്തിരുന്ന അവന് വളരെ സുന്ദരിയായ, നല്ല കുടുംബത്തില്‍ ജനിച്ച ഒരു പെണ്ണിനെത്തന്നെയായിരുന്നു അച്ഛന്‍ കണ്ടുപിടിച്ചു കൊടുത്തത്. അവളെ ഭാര്യയായി ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷവാനും അതിലേറെ അഭിമാനിക്കുന്നവനും ആയിരുന്നു സന്ദീപ്‌. സ്വപ്നത്തില്‍പ്പോലും അവള്‍ തന്നെ ചതിക്കും എന്നവന്‍ കരുതിയിട്ടില്ല. അത്രയ്ക്ക് സ്നേഹമാണ് അവള്‍ തനിക്ക് തന്നുകൊണ്ടിരിക്കുന്നത്. പക്ഷെ പലരും പറയാറുള്ളത് പോലെ ചിരിച്ചുകൊണ്ട് ചതിക്കാന്‍ പെണ്ണിനേക്കാള്‍ കഴിവ് മറ്റാര്‍ക്കും ഇല്ല എന്നുള്ളത് തന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍!

സന്ദീപ്‌ കൂലങ്കഷമായി ചിന്തിച്ചു. ഈ വിവരം തനിക്ക് ആരോടും പറയാന്‍ പറ്റുന്ന ഒന്നല്ല. സ്വന്തം ഭാര്യയ്ക്ക് പരപുരുഷബന്ധം ഉണ്ടെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍, അതില്‍പ്പരം ഒരു അപമാനം വേറെ ഉണ്ടോ? അച്ഛനോടോ അമ്മയോടോ ഇത് പറയാന്‍ പറ്റുമോ? അവര്‍ തകര്‍ന്നു പോകില്ലേ? ഉറ്റ സുഹൃത്തുക്കളോട് പോലും അതെപ്പറ്റി സംസാരിക്കാന്‍ അവന്‍ മടിച്ചു. കാരണം അവരോടൊക്കെ ഗ്രീഷ്മയുടെ മഹത്വം, അവളുടെ സ്വഭാവം എന്നിവയെക്കുറിച്ച് വാതോരാതെ അവന്‍ സംസാരിക്കാറുള്ളതാണ്. ജോലിയില്‍ അല്‍പ്പം പോലും ശ്രദ്ധിക്കാന്‍ കഴിയാതെ സന്ദീപ്‌ ഓഫീസിനു പുറത്തിറങ്ങി ആലോചനയില്‍ മുഴുകി. മനസ് പൂര്‍ണമായി കൈമോശം വന്നിരിക്കുകയാണ്. അവന്‍ പലതും ആലോചിച്ചു. പക്ഷെ എല്ലാ വഴികളും ചെന്നെത്തി നില്‍ക്കുന്നത് ഈ വിവരം വേറെ ആരുമായിട്ടെങ്കിലും പങ്കു വയ്ക്കണം എന്ന സാഹചര്യത്തില്‍ ആണ്. അത് ഒരു കാരണവശാലും പറ്റുകയുമില്ല എന്ന് തിരിച്ചറിഞ്ഞ അവന്‍ അവസാനം ഒരു തീരുമാനത്തില്‍ എത്തി.

രാത്രിയുടെ മറവില്‍ സന്ദീപ്‌ തലയില്‍ ഒരു തോര്‍ത്തു കെട്ടി മുഖം മറച്ച്, സൈക്കിളില്‍ സ്വന്തം വീടിന്റെ പരിസരത്ത് എത്തി ഇരുട്ടില്‍ മറഞ്ഞു നിന്നു. അടുത്തെങ്ങും നിരത്ത് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വീട് ഇരുട്ടില്‍ മൂടി നില്‍ക്കുകയാണ്. ചീവീടുകളുടെ കരച്ചില്‍ അല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. ദൂരെ എവിടെയോ നായകള്‍ ഓലിയിടുന്ന ശബ്ദം കാറ്റില്‍ ഒഴുകി എത്തുന്നുണ്ട്. സാധാരണ മട്ടില്‍ നാട്ടില്‍ എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍, അവിടെ, ആ മുറിക്കുള്ളില്‍ കിടക്കുന്ന ഗ്രീഷ്മയുടെ ഒപ്പം, അവളെ പുണര്‍ന്നു കിടക്കേണ്ട താനാണ് ഇപ്പോള്‍ ഇവിടെ ഒരു അന്യനെപ്പോലെ, ഭാര്യയുടെ ജാരനെ കണ്ടുപിടിക്കാന്‍ വേണ്ടി കാത്തു നില്‍ക്കേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നത്.

കൈയില്‍ ശക്തിയേറിയ സാമാന്യം നീളമുള്ള ടോര്‍ച്ചും, അരയില്‍ ഗള്‍ഫില്‍ നിന്നും പ്രത്യേകമായി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും തിരുകി അവനവിടെ നിന്നു. അവളുടെ ജാരന്‍ ഇന്ന് വരണേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് അവന്‍ ഉദ്വേഗത്തോടെ കാത്തുനിന്നു. ആകെ പത്തുദിവസത്തെ അവധിയാണ് കമ്പനി തന്നിരിക്കുന്നത്. ജോലി പോയാലും ഒന്നുമില്ല എന്ന മാനസികാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു അവധി ചോദിച്ചത്. പറ്റില്ല എന്നായിരുന്നു മാനേജരുടെ പെട്ടെന്നുള്ള മറുപടി. അപ്പോള്‍ തന്റെ കണക്ക് തീര്‍ത്ത് പറഞ്ഞു വിട്ടേക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ തന്നെ ഒന്ന് നോക്കി. തനിക്ക് എന്തോ പ്രശ്നമുണ്ട് എന്ന് മനസിലാക്കി അയാള്‍ പത്തു ദിവസത്തെ അവധി അനുവദിക്കുകയായിരുന്നു. ഈ പത്ത് ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ദിനങ്ങളാണ്.

ഏതാണ്ട് ഒരു മണിക്കൂര്‍ നിന്നിട്ടും ആരെയും കാണാതെ വന്നപ്പോള്‍ സന്ദീപ്‌ മെല്ലെ നിലത്ത് ഇരുന്നു. അവളെയും അവനെയും പിടികൂടിക്കഴിഞ്ഞാല്‍ തുടര്‍ന്ന് എന്ത് ചെയ്യണം എന്നവന്‍ വ്യക്തമായി പദ്ധതി തയാറാക്കിയിരുന്നു. എന്തായാലും അവളെയോ അവനെയോ കൊന്നിട്ട് ജയിലില്‍ പോകാന്‍ തക്ക മണ്ടന്‍ അല്ല താന്‍. പക്ഷെ വല്ലവനും ചവച്ചു തുപ്പുന്ന ഒരു ചണ്ടിയെ ചുമക്കാന്‍ മാത്രം വിഡ്ഢി അല്ല താന്‍ എന്ന് അവളും അവനും അറിയണം. അവര്‍ മാത്രമല്ല, എല്ലാ നാട്ടുകാരും അറിയണം. അവള്‍ നാറിപ്പുഴുത്ത് ആത്മഹത്യ ചെയ്യണം. അവളെ താന്‍ നാറ്റിക്കും; സോഷ്യല്‍ മീഡിയ വഴി താനിത് ലോകത്തെ മൊത്തം അറിയിക്കും. തണുപ്പുള്ള ആ രാത്രിയിലും അവന്റെ ദേഹം വിയര്‍ക്കുന്നുണ്ടായിരുന്നു.

സന്ദീപ്‌ വാച്ചില്‍ നോക്കി. സമയം പതിനൊന്നര. അവന്‍ ഇരുട്ടിലൂടെ ചുറ്റും നോക്കി. കാഴ്ചകള്‍ അവ്യക്തമാണ്. കണ്ണും കാതും കൂര്‍പ്പിച്ച് ശ്രദ്ധിച്ചുകൊണ്ടിരുന്ന അവന്‍ പെട്ടെന്ന് ചെറിയ ഒരു ശബ്ദം കേട്ടു. ആരോ നടന്നുവരുന്നതിന്‍റെയും ഒപ്പം ഒരു സൈക്കിള്‍ ഉരുളുന്നതിന്റെയും ശബ്ദം. സന്ദീപ്‌ ജാഗരൂകനായി. അവന്‍ വേഗം എഴുന്നേറ്റ് ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി. ഇരുട്ടിലൂടെ ഒരു രൂപം സൈക്കിള്‍ ഉരുട്ടിക്കൊണ്ട് വരുന്നത് കണ്ട സന്ദീപിന്റെ രക്തം തിളച്ചു. അപ്പോള്‍ കത്തില്‍ പറഞ്ഞത് പൂര്‍ണ്ണ സത്യം തന്നെ! അവന്റെ മനസ്സില്‍ പകയും ദുഖവും ഒരേപോലെ നിറഞ്ഞു. പകയോടെ, അതിലേറെ ആകാംക്ഷയോടെ അവന്‍ അവിടേക്ക് നോക്കിക്കൊണ്ട്‌ കുറേക്കൂടി ഇരുട്ടിലേക്ക് മാറി.

സൈക്കിള്‍ ഉരുട്ടിക്കൊണ്ട്‌ വന്ന ആള്‍ അതുമായി നേരെ തന്റെ വീടിന്റെ പറമ്പിലേക്ക് കയറുന്നത് കണ്ടപ്പോള്‍ സന്ദീപിന് തന്റെ ദേഹം തളരുന്നത് പോലെ തോന്നി. ഈ നിമിഷം വരെയും തന്റെ മനസ്സില്‍ വായിച്ചത് സത്യമാകല്ലേ എന്നൊരു ചെറിയ പ്രതീക്ഷയും മോഹവും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ മനസ് പൂര്‍ണമായി തന്റെ വരുതിയില്‍ നിന്നും പോയിരിക്കുകയാണ്. ഇത്ര നാളും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഇല്ല..രണ്ടിനെയും ഞാന്‍ കൊല്ലും. ചതിക്ക് പകരം ചോദിക്കാതെ വിടാന്‍ താനൊരു ഷണ്ഡന്‍ അല്ല. വൈകുന്നേരങ്ങളില്‍ തന്നോട് മധുരമായി പ്രേമസല്ലാപം നടത്തിയിട്ട് രാത്രി ശരീരത്തിന്റെ തൃഷ്ണ തീര്‍ക്കാന്‍ പരപുരുഷനെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്ന തന്റെ ഭാര്യ എന്ന യക്ഷി ഒരു വേശ്യയെക്കാള്‍ അധപതിച്ചവള്‍ ആണ്; അവള്‍ ജീവിച്ചിരുന്നുകൂടാ. നിമിഷങ്ങള്‍ കൊണ്ട് തീരുമാനം മാറ്റിമറിച്ച സന്ദീപ്‌, ഇടതുകൈയില്‍ ടോര്‍ച്ചും, വലതുകൈയില്‍ കത്തിയും പിടിച്ച് ഇരുട്ടിലൂടെ പതുങ്ങിപ്പതുങ്ങി വീടിന്റെ പരിസരത്തേക്ക് കയറി. സ്വന്തം വീട്ടുവളപ്പില്‍ ഒരു കള്ളനെപ്പോലെ കയറേണ്ടി വന്ന ഗതികേട് അവനിലെ പക ആളിക്കത്തിച്ചു. വന്നവന്റെ സൈക്കിള്‍ ചെടികളുടെ മറവില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അവന്റെ ശരീരം കോപം കൊണ്ട് വിറച്ചു.

രണ്ടു ശവങ്ങള്‍ അല്‍പ്പസമയത്തിനകം ഇവിടെ വീഴും! അതിനുള്ള ധൈര്യം സമാഹരിക്കാന്‍ എന്നോണം അവന്‍ അല്‍പനേരം അവിടെ നിന്നു. പിന്നെ ഒരു മാര്‍ജാരനെപ്പോലെ പതുങ്ങി വീടിന്റെ പിന്നിലേക്ക് നടന്നു. ഒരു പെണ്ണിന്റെ കുണുങ്ങിക്കൊണ്ടുള്ള ചിരിയും പുരുഷന്റെ കിതപ്പ് കലര്‍ന്ന പതുങ്ങിയ ശബ്ദവും കേട്ടപ്പോള്‍ സന്ദീപ്‌ ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തി. അവന്‍ കത്തി മുറുകെ പിടിച്ചുകൊണ്ട് മെല്ലെ മുന്‍പോട്ടു ചെന്നു. അവിടെ, വീടിന്റെ പിന്നിലുള്ള കാലിയായി കിടക്കുന്ന തൊഴുത്തിന്റെ വരാന്തയില്‍ പരസ്പരം കെട്ടിപ്പുണരുന്ന രണ്ടു രൂപങ്ങള്‍! ഗ്രീഷ്മയും അവളുടെ ജാരനും! അവര്‍ ആവേശത്തോടെ ചുംബിക്കുകയാണ്. സന്ദീപിന്റെ ദേഹം വിറച്ചു! വഞ്ചകി! സ്വന്തം ഭര്‍ത്താവിനെ ചക്കര വാക്ക് പറഞ്ഞു വിശ്വസിപ്പിച്ച് അവനെ നിഷ്കരുണം ചതിക്കുന്ന കുലട! അവളുടെ ആവേശം കണ്ടില്ലേ! സന്ദീപ്‌ കത്തി ശക്തമായി പിടിച്ച് അവരുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.

“അയ്യോ ചേട്ടാ ദാ ആരോ വരുന്നു..”

അവന്‍ അടുത്തേക്ക് ചെന്നതും അങ്ങനെ ഉറക്കെ പറഞ്ഞുകൊണ്ട് അവള്‍ ഒപ്പം ഉണ്ടായിരുന്നവനെ തള്ളിമാറ്റി ചാടി എഴുന്നേറ്റ് ഓടിയതും ഒരുമിച്ചായിരുന്നു. അവനും മിന്നല്‍ പോലെ എഴുന്നേറ്റ് ഓടി. സന്ദീപ്‌ പുരുഷന്റെ പിന്നാലെ ഓടി അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവന്‍ സൈക്കിള്‍ എടുത്ത് മിന്നായം പോലെ പൊയ്ക്കഴിഞ്ഞിരുന്നു. സന്ദീപ്‌ നിരാശയോടെയും അതിലേറെ പകയോടെയും നിന്ന് കിതച്ചു! നായിന്റെ മോന്‍ രക്ഷപെട്ടു കളഞ്ഞു. ഇല്ല. അവനെ കിട്ടിയില്ലെങ്കിലും വേണ്ടില്ല; അവളെ ഞാന്‍ കൊല്ലും. പകയോടെ വീടിന്റെ പിന്നിലേക്ക് കുതിക്കാന്‍ ശ്രമിച്ച അവന്‍ വീടിനുള്ളില്‍ ലൈറ്റുകള്‍ പ്രകാശിക്കുന്നത് കണ്ട് ഒന്ന് അറച്ചു. അച്ഛനും അമ്മയും ഉണര്‍ന്നിരിക്കുന്നു. അവള്‍..ആ കുലട..അവളുടെ കുടല്‍ എനിക്കെടുക്കണം! ഒരു നിമിഷം അങ്കലാപ്പില്‍ ഇരുട്ടിലേക്ക് മാറിയ അവന്റെ ഷര്‍ട്ടിനു കൂട്ടി ആരോ ശക്തമായി പിടിച്ചു.

“പന്ന നായിന്റെ മോനെ..നീ ആയിരുന്നു ആള്‍ അല്ലെ? ഇന്ന് നിന്നെ ഞാന്‍”

സന്ദീപിന് പ്രതികരിക്കാന്‍ കഴിയുന്നതിനും മുന്‍പേ അവന്റെ മുഖമടച്ച് അടി വീണു കഴിഞ്ഞിരുന്നു.

“ഇവിടെ വാടീ..നിന്നെ ഇന്ന് കൊല്ലും ഞങ്ങള്‍”

ഒരു പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചു വലിച്ച് ഒരു സ്ത്രീ വരുന്നത് കണ്ണില്‍ നിന്നും പൊന്നീച്ച പറന്ന ആ സമയത്ത് സന്ദീപ്‌ കണ്ടു. വീട്ടിനുള്ളില്‍ നിന്നും അച്ഛനും അമ്മയും ഗ്രീഷ്മയും ഉറക്കച്ചടവോടെ ഇറങ്ങി വരുന്നത് കൂടി കണ്ടപ്പോള്‍ അവന്‍ ഞെട്ടി.

“കിട്ടിയെടി..ദാ ഇവനാ ഇവളെ കാണാന്‍ വന്നത്..ഇങ്ങോട്ട് മാറി നില്‍ക്കെടാ പന്നീ വെളിച്ചത്തിലേക്ക്”

അയാള്‍ അവനെ വെളിച്ചത്തിലേക്ക് പിടിച്ചു തള്ളി.

“അയ്യോ ചേട്ടാ..ദൈവമേ ഞാന്‍ എന്താ ഈ കാണുന്നത്..അമ്മെ അച്ഛാ ഇത് സന്ദീപേട്ടന്‍ അല്ലെ..”

ഗ്രീഷ്മ അവനെ കണ്ടു ഞെട്ടി നിലവിളിച്ചുകൊണ്ട് അവിശ്വസനീയതയോടെ പുറത്തേക്ക് ഓടിവന്നു. അയല്‍വാസി ശങ്കരനും ഭാര്യ സുശീലയും അവരുടെ മൂത്ത മകള്‍ രേവതിയെയും പിടിച്ച് അന്തം വിട്ട് അവനെയും പിന്നെ അവളെയും നോക്കി. സന്ദീപ്‌ ചിരിക്കണോ അതോ കരയണോ എന്ന മട്ടില്‍ ഭൂമി പിളര്‍ന്ന് തന്നെ അങ്ങ് വിഴുങ്ങിയിരുന്നെങ്കില്‍ എന്ന് അതിയായി ആശിച്ചുകൊണ്ട്‌ എല്ലാ മുഖങ്ങളിലും നിസ്സഹായനായി നോക്കി അവസാനം രേവതിയില്‍ എത്തിയപ്പോള്‍ അവള്‍ അവനെ കണ്ണിറുക്കി കാണിച്ചു..താങ്ക്സ് ഏട്ടാ എന്നൊരു ധ്വനി ആ കണ്ണിറുക്കലിനുണ്ടായിരുന്നു..

രചന ; Samuel

LEAVE A REPLY

Please enter your comment!
Please enter your name here