Home Latest “നീ കൂടെയില്ലാത്ത പ്രണയദിനങ്ങളുടെ ഓർമ്മകളാണ് ഈ വൈലറ്റ് പൂക്കൾ “

“നീ കൂടെയില്ലാത്ത പ്രണയദിനങ്ങളുടെ ഓർമ്മകളാണ് ഈ വൈലറ്റ് പൂക്കൾ “

0

രചന : Sai Bro

അവൾക്കെന്നും വൈലറ്റ് നിറത്തോടായിരുന്നു പ്രിയം…

അവളുടെ ആ ഭ്രമം ആയിരുന്നു ഞാനവളെ ശ്രദ്ധിക്കാനുള്ള കാരണവും..

ഡിഗ്രീ ആദ്യവർഷം ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ഒരു തർക്കം വന്നുപെട്ടു…

ഏത് നിറമുള്ള പൂവിനാണ് കൂടുതൽ അഴക്…

ഓരോത്തർക്കും വ്യത്യസ്ത അഭിപ്രായമായിരുന്നു..

ചിലർ വാകയെ ഇഷ്ടപെട്ടപ്പോൾ മറ്റുചിലർ ഇലഞ്ഞിപൂക്കൾക്ക്‌ വേണ്ടി വാദിച്ചു..

ചെമ്പനീർ പൂക്കളും, സൂര്യകാന്തിയും, ചെണ്ടുമല്ലിയും, ചെത്തിയും,ചെമ്പകവും ഞങ്ങളുടെ തർക്കതിനിടയിലേക്ക് കടന്നുവന്നു..

” വൈലറ്റ് പൂക്കൾക്കാണ് ഏറെ ഭംഗി ”

ആ അഭിപ്രായം പറഞ്ഞ പെൺകുട്ടിയിലേക്ക് എന്റെ മിഴികൾ നീണ്ടു…

ലിച്ചി…

അതായിരുന്നു അവളുടെ പേര്..

ആരാലും ശ്രദ്ധിക്കപെടാത്ത, ഒരുകാര്യങ്ങളിലും ഇടപെടാത്ത ഒരു പെൺകുട്ടി..

അവളാണ് ഈ അഭിപ്രായം പറഞ്ഞത് എന്നോർത്തപ്പോൾ എനിക്ക് അതിശയം തോന്നി..

ലിച്ചി, ഏത് വൈലറ്റ് പൂവിനാണ് താൻ പറഞ്ഞ ആ ഭംഗി.. ?

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഉത്തരം നൽകി..

എല്ലാ വൈലറ്റ് പൂക്കൾക്കും ഭംഗിയുണ്ട്.. മറ്റൊരു പൂവിനുമില്ലാത്ത ആകർഷണവും…

ഇവൾ ആള് കൊള്ളാലോ ഞാൻ മനസ്സിൽ പറഞ്ഞു..

അന്നുമുതൽ ഞാൻ ലിച്ചിയെ ശ്രദ്ധിച്ചുതുടങ്ങി..

നീണ്ട് മെലിഞ്ഞു, ചുരുണ്ട മുടിയുള്ള, തൂവെള്ള നിറമുള്ള ലിച്ചിക്ക് മറ്റാരിലും ഇല്ലാത്ത ഒരു പ്രത്യേകത ഞാൻ കണ്ടു…

അവളുടെ ചാരനിറമുള്ള കൃഷ്ണമണികൾ..

ഞാൻ അവളെ അറിയാത്ത ഭാവത്തിൽ ശ്രദ്ധിക്കുമ്പോഴെല്ലാം അതെങ്ങനെയോ കണ്ടുപിടിച്ചു ആ വിടർന്ന പൂച്ചകണ്ണുകൾകൊണ്ട് അവൾ എന്നെയും നോക്കുമായിരുന്നു…

ആ നോട്ടം പലപ്പോഴും അകാരണമായി എന്നെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു..

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കാൻ അവളോടൊപ്പമുള്ള കോളേജ് ജീവിതത്തിൽ എനിക്ക് കഴിഞ്ഞതുമില്ല..

ആ വർഷത്തെ കോളേജിലെ ക്രിസ്മസ് ആഘോഷങ്ങളിൽ എനിക്ക് ക്രിസ്മസ് ഫ്രണ്ട് ആയി കിട്ടിയത് ലിച്ചിയെ ആയിരുന്നു..

എല്ലാവരും വിലപിടിപ്പുള്ള സമ്മാനങ്ങൾ തങ്ങളുടെ ക്രിസ്മസ് ഫ്രണ്ടിന് കൈമാറുമ്പോൾ ലിച്ചി എനിക്ക് തന്ന ഗിഫ്റ്റ് എന്നെ ഒരേസമയം അതിശയിപ്പിക്കുകയും, നിരാശപെടുത്തുകയും ചെയ്തു..

ഒരു ചെറിയ ചെടിച്ചട്ടിയിൽ നില്കുന്ന പേരറിയാത്ത ഒരു പൂച്ചെടി ആണ് അവൾ എനിക്ക് നൽകിയ സമ്മാനം..

എന്റെ കണ്ണുകളിലെ നിരാശ കണ്ടറിഞ്ഞിട്ടാവണം അന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ലിച്ചി എന്റെ അടുത്തെത്തി..

ഞാൻ തന്ന സമ്മാനം തന്നെ നിരാശപെടുത്തിയോ.. ?

ഏയ്‌, അങ്ങിനെയൊന്നുമില്ല..
ഞാൻ താഴേക്ക്‌ നോക്കി പതുക്കെ പറഞ്ഞു..

അത് നശിപ്പിക്കരുത് ഭാവിയിൽ ഉപകാരപ്പെടും അത്രയും പറഞ്ഞു ലിച്ചി നടന്നകന്നു…

വാലന്റൈൻസ് ഡേയിൽ ലിച്ചി വീണ്ടും എന്നെ അത്ഭുതപ്പെടുത്തി…

വൈലറ്റ് നിറമുള്ള ഒരു പുഷ്പം സമ്മാനിച്ച്‌ എനിക്ക് പ്രണയദിനാശംസകൾ നേർന്ന അവളുടെ കണ്ണുകളിൽ കണ്ട ഭാവം..

ആ പൂച്ചക്കണ്ണുകൾ വെട്ടി തിളങ്ങുന്നതുപോലെ തോന്നി അപ്പോൾ…

കോളേജ് ജീവിതത്തിലെ മൂന്ന് വർഷങ്ങളിലെ മൂന്ന് പ്രണയദിനങ്ങളിലും ലിച്ചി വൈലറ്റ് പൂക്കളുമായി എന്നെ തേടിയെത്തി…

പക്ഷെ മറ്റൊരുതരത്തിലും അവൾ എന്നോടടുക്കാൻ ശ്രമിച്ചിരുന്നില്ല..

ഞാനും അങ്ങിനെതന്നെ..

പക്ഷെ ക്ലാസ്സിൽ അവളെ കാണാത്ത ദിവസങ്ങിൽ പേരറിയാത്തൊരു അസ്വസ്ഥത മനസിനുള്ളിൽ പടരുന്നതും ഞാനറിയുന്നുണ്ടായിരുന്നു..

കലാലയജീവിതത്തിലെ അവസാന ദിവസം,
കണ്ണും നിറച്ചുകൊണ്ട് എല്ലാവർക്കും കൈകൊടുത്തു പിരിഞ്ഞുപോകുമ്പോൾ ലിച്ചിയും ഓടിക്കിതച്ചെത്തി..

എനിക്ക് കൈതരാൻ വേണ്ടി..

എന്റെ കയ്യിൽ നിന്നും കൈതലം ഊർത്തിയെടുക്കുമ്പോൾ അവളൊരു കാര്യം പതിയെ പറഞ്ഞു..

ഞാൻ അന്ന് നൽകിയ പൂച്ചെടി നശിക്കാതെ നോക്കണം..

അന്ന് വീട്ടിൽ തിരിച്ചെത്തിയ പാടെ ഞാൻ അമ്മയോട് ആദ്യം തിരഞ്ഞത് ആ ചെടിയെ കുറിച്ചായിരുന്നു..

പുതിയ വീടിന് വേണ്ടി കെട്ടിയ തറക്ക് പിറകിൽ അമ്മ ആ ചെടി ഭദ്രമായി കുഴിച്ചിട്ടു എന്നത് എനിക്ക് ആശ്വാസം നൽകി..

നാളുകൾ ഏറെ കടന്നുപോയി..

അപ്രതീക്ഷിതമായുള്ള അപ്പന്റെ മരണംമൂലം കുടുംബഭാരം എനിക്ക് ഏറ്റെടുക്കേണ്ടി വന്നു..

ഒരു പ്രവാസ ജീവിതത്തിന് ഞാൻ നിർബന്ധിതനായി..

നീണ്ട നാല് വർഷങ്ങൾ…

അത്രയും വേണ്ടിവന്നു അപ്പൻ പണിത ആ തറ എനിക്കൊരു വീടാക്കി മാറ്റാൻ..

അമ്മയുടെയും അപ്പന്റെയും സ്വപ്നമായിരുന്നു ആ വീട്..

ഞാനത് ഇപ്പോൾ സാക്ഷാത്കരിച്ചു…

മൂന്ന് മാസത്തെ ലീവിൽ
നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ പുതിയ വീടിനെകുറിച്ചും അമ്മയെ പറ്റിയും മാത്രമായിരുന്നു ചിന്ത മനസ്സിൽ..

അമ്മ അവസാനം ഫോൺ ചെയ്തപ്പോൾ പറഞ്ഞത് ഓർമവന്നു അപ്പോൾ..

നിനക്ക് ഒരു പെണ്കുട്ടിയെ നോക്കി വെച്ചിട്ടുണ്ട്.. പുതിയ വീടിന്ടെ താമസവും നിന്റെ വിവാഹവും ഒരുമിച്ചുതന്നെ നടത്തണം…

അങ്ങനെ ഞാനും ഒരു കുടുംബനാഥൻ ആകാൻപോകുന്നു..

ഓർത്തപ്പോൾ ഒരു ഉൾപുളകം മനസ്സിൽ..

നാട്ടിലെത്തി പുതിയ വീട് കണ്ടപ്പോൾത്തന്നെ മനസ്സ് നിറഞ്ഞു..

എല്ലാം ഞാൻ മനസ്സിൽകണ്ടതുപോലെതന്നെ..

കോൺട്രാക്റ്റർ മിടുക്കാനാണ്..

പെട്ടെന്നാണ് കണ്ണുകൾ വീടിന് പുറകിൽ നില്കുന്ന വലിയ മരത്തിലേക്ക് നീണ്ടത്..
ഒരു കുടപോലെ ശിഖിരങ്ങൾ വിരിച്ചു ആ മരം വീടിന് തണലേകുന്നു…

പിന്നെയും കണ്ണോടിച്ചപ്പോൾ കണ്ടു ആ ചില്ലകൾക്കിടയിൽ വിടർന്നു നിൽക്കുന്ന
“വൈലറ്റ് ” പൂക്കൾ..

ലിച്ചി….

വർഷങ്ങൾക്കു ശേഷം ഞാനാപേര് നന്ദിയോടെ മനസ്സിലോർത്തു…

കുറച് ദിവസം കഴിഞ്ഞപ്പോൾ ഒരു പൂതി..

പുതിയ വീടിന് മുൻപിലായി ഒരു ചെറിയ പൂന്തോട്ടം ഒരുക്കണം..

അന്ന് തന്നെ അമ്മയെയുംകൂട്ടി പുറപെട്ടു അടുത്തുള്ള നേഴ്സറിയിലേക്ക്‌…

വീടിന് കുറച്ചകലെയുള്ള നഴ്സറിയിൽ എത്തിയപ്പോൾ മുൻവശത് ആരെയും കണ്ടില്ല..

വട്ടംചുറ്റി കറങ്ങി പിറകിലെത്തിയ ഞാൻ ആ കാഴ്ച്ചകണ്ട്‌ അമ്പരന്നു..

പൂക്കളാൽ നിറഞ്ഞ വലിയ ഒരു താഴ്‌വാരം തൊട്ടുമുന്നിൽ…

പൂക്കളിൽനിന്നും നിന്നും പൂമ്പാറ്റകളും വണ്ടുകളും അവിടെങ്ങും മൂളിപ്പറക്കുന്നു..

ഏതോഒരു പുലർച്ചയിൽ കണ്ട സുന്ദര സ്വപ്നംപോലെ തോന്നി എനിക്ക് ആ കാഴ്ച്ച..

കുറച്ചൂടെ മുന്നോട്ട് ചെന്നപ്പോൾ കണ്ടു, ആ താഴ്‌വാരത്തിനു നടുവിൽ ഒരു പെൺകുട്ടി..

അവൾ പൂക്കളോടും ഇലകളോടും കുശലം പറയുന്നു..

അവളുടെ കിന്നരംകേട്ട് പൂക്കൾ കുണുങ്ങി ചിരിക്കുന്നതുപോലെ..

ഏതോ പുഷ്പത്തിൽ നിന്നും തേൻനുകർന്നിറങ്ങിയ ഒരു പൂമ്പാറ്റ പാറിപ്പറന്നു വന്നു അവളുടെ ചുരുണ്ടമുടിക്കിടയിൽ വിശ്രമിച്ചു.

അവളത് അറിഞ്ഞിട്ടില്ലെന്ന് തോനുന്നു…

എന്റെ കാലടിശബ്ദം കേട്ടിട്ടാവണം ആ പെൺകുട്ടി ഒന്ന് ഞെട്ടി തിരിഞ്ഞു…

ലിച്ചി….. !

പൂക്കൾക്കിടയിൽ സുഗന്ധമേറുന്ന മറ്റൊരു പൂവായി ലിച്ചി എന്റെ കണ്മുന്നിൽ നിറഞ്ഞു നിന്നു.

അവൾ എന്നെകണ്ടു ആദ്യം ഒന്നമ്പരന്നു..

ആ പൂച്ചക്കണ്ണുകൾ മെല്ലെ ചിമ്മിയടഞ്ഞു..

അവൾ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു..

പക്ഷെ ഞാൻ മറ്റേതോ ലോകത്തായിരുന്നു അപ്പോൾ.

കാലം അവളിൽ അധികം മാറ്റങ്ങൾ വരുത്തിയിരുന്നില്ല..

മുൻപത്തേക്കാളും ലച്ചിയിൽ കണ്ട ഒരേഒരു വ്യത്യാസം ആ മൂക്കിൽ കണ്ട മൂക്കുത്തികല്ലായിരുന്നു.

അതവളെ കുറച്ചൂടെ സുന്ദരിയാക്കിയതുപോലെ..

ലിച്ചിയുടേതായിരുന്നു ആ പൂന്തോട്ടം ..

ഞാൻ വന്നകാര്യം അറിഞ്ഞപ്പോൾ അവൾക്കു സന്തോഷമായി..

അതുവരെ കാണാത്ത കുറേതരം പൂക്കളെ ലിച്ചി അമ്മക്ക് പരിചയപെടുത്തി കൊടുക്കുണ്ടായിരുന്നു..

എന്തുകൊണ്ടോ ഞാൻ ഒരു പൂച്ചെടി പോലും അവിടെനിന്നും മേടിച്ചില്ല..

ലിച്ചി വീണ്ടും നിർബന്ധിച്ചപ്പോൾ ഇനിയൊരിക്കലാവാം എന്ന് പറഞ്ഞ എന്നെ അമ്മ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു..

അമ്മയെയും കൂട്ടി കാറിൽ കയറുമ്പോൾ ലിച്ചി ഓടിക്കിതച്ചെത്തി…

ഒരുപിടി വൈലറ്റ് പൂവിൻ തണ്ടുകൾ അവൾ എനിക്കുനേരെ നീട്ടി..

യാന്ത്രികമായി അത് വാങ്ങുമ്പോൾ ആ വിടർന്ന പൂച്ചക്കണ്ണുകളിലേക്ക് അറിയാതൊന്നു നോക്കിപോയി..

തിളങ്ങുന്ന വെള്ളാരം കണ്ണുകൾ….

ആ നോട്ടത്തെ നേരിടാനാകാതെ അവളോട്‌ യാത്രപറഞ്ഞു പെട്ടെന്ന് കാറിൽ കയറി..

തിരികെയുള്ള യാത്രയിൽ കയ്യിലെന്തോ തടഞ്ഞപോലെ തോന്നിയപ്പോഴാണ് ലിച്ചി സമ്മാനിച്ച പൂക്കൾക്ക് താഴെ മടക്കി വെച്ചിരിക്കുന്ന ഒരു കടലാസ് ശ്രദ്ധയിൽ പതിഞ്ഞത്..

“നീ കൂടെയില്ലാത്ത പ്രണയദിനങ്ങളുടെ ഓർമ്മകളാണ് ഈ വൈലറ്റ് പൂക്കൾ ”

കടലാസിലെ വരികൾ ഹൃദയത്തിലേക്ക് അള്ളിപ്പിടിച്ചു കയറുന്നത് പോലെ..

ഒരു കൊളുത്ത് വീണ് കഴിഞ്ഞു…

കണ്ണടച്ചിരിക്കുമ്പോൾ പിറകിൽ നിന്നും അമ്മയുടെ സ്വരം കേട്ടു..

നീയെന്താടാ അവിടെനിന്നും ഒന്നും പൂച്ചെടി പോലും മേടിക്കാതെ പോന്നത്.. ?

അമ്മേ, നമുക്ക് അവിടുത്തെ ഒന്നുരണ്ടു പൂക്കൾ മാത്രം പോരാ,
ആ പൂന്തോട്ടം മുഴുവനും എനിക്ക് സ്വന്തമാക്കണം.

കുറച്ചുനാൾ കഴിഞ്ഞു എന്റെ പുതിയ വീട്ടിലെ ഉമ്മറപ്പടിയിൽ ലിച്ചിയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ ഒരു വൈലറ്റ് പൂവ് കാറ്റിൽ പറന്ന് ഞങ്ങൾക്കരികിൽ വന്നു വീണു..

ആ പൂവെടുത്തു കയ്യിൽപിടിച്ചു ഞാൻ ലിച്ചിയുടെ കാതിൽ സ്വകര്യം പറഞ്ഞു..

ലിച്ചി, നീ പണ്ട് പറഞ്ഞത് ശരിയാണ്..

“വൈലറ്റ് പൂക്കൾക്കാണ് കൂടുതൽ ഭംഗിയും ആകർഷണവും ”

Sai Bro

LEAVE A REPLY

Please enter your comment!
Please enter your name here