Home Latest കഠാര സൈക്കിളിന്റെ പുറകിൽ പാൽപ്പാത്രങ്ങൾക്കിടയിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ചു.

കഠാര സൈക്കിളിന്റെ പുറകിൽ പാൽപ്പാത്രങ്ങൾക്കിടയിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ചു.

0

രചന : സജി എം മാത്യു

കറുത്ത പാറക്കല്ലുകൾ കൊണ്ട് പുള്ളികുത്തിയ കുന്നുകൾക്ക് ഇടയിൽനിന്ന് സൂര്യൻ തല നീട്ടിയിട്ടുണ്ടായിരുന്നില്ല. കോടമഞ്ഞിൻറെ നേർത്ത ചുരുളുകൾ കാഴ്ച്ചയെ മറയ്ക്കുന്നു.

പുലർകാലത്തെ അരണ്ട വെളിച്ചത്തിൽ പുറകിൽ വെച്ചുകെട്ടിയ പാത്രങ്ങളിൽ നിന്നും പാൽ തൂവി പോകാതെ ശ്രദ്ധാപൂർവ്വം കുര്യാച്ചൻ റോഡിലെ കുണ്ടും കുഴികളും ഒഴിവാക്കി സൈക്കിൾ ചവിട്ടി . ഹസ്സനാരുടെ ചായക്കട രാവിലെ അഞ്ചരയ്ക്ക് തുറക്കും. സമോവറിൽ വെള്ളം ചൂടാകും മുമ്പ് പാലെത്തിക്കണം.

റോഡരികിലെ വീടുകളിൽ നിന്നും പലപ്പോഴും നായ്ക്കൾ കുരച്ചുംകൊണ്ട് സൈക്കിളിന്റെ മുമ്പിലേക്ക് ഓടിയെത്തി. കുര്യാച്ചന്റെ പരിചിതമായ സൈക്കിളും പാൽപ്പാത്രങ്ങളും കണ്ട് ക്ഷമാപണമെന്നപോലെ ചെറുതായ് മുരണ്ടുകൊണ്ട് അവ പിൻവാങ്ങി.

പോലീസ് ഇൻസ്‌പെക്ടർ ഭാസ്കരന്റെ വാടക വീടും കടന്ന് കുറച്ചു ദൂരം ചെന്നപ്പോൾ ആണ് റോഡിൽ എന്തോ തിളങ്ങുന്നത് കുര്യാച്ചൻ കണ്ടത്, സൈക്കിൾ കുറച്ചപ്പുറത്തു മാറ്റി നിറുത്തി. സാവധാനം തിളങ്ങുന്ന വസ്തുവിന്റെ അടുത്തെത്തി. ചന്തമുള്ള ഒരു കഠാര , തിളക്കം കണ്ടാലറിയാം നല്ല മൂർച്ച ഉള്ളതാണെന്ന്. ചുറ്റും നോക്കി ആരെയും കാണുന്നില്ല, കുര്യാച്ചൻ സാവധാനം കഠാര കൈയ്യിൽ എടുത്തു. ചിത്രപ്പണി ചെയ്ത കൈപ്പിടി, നല്ല വിലയുണ്ടാവും. കൊള്ളാം രാവിലത്തെ കണി മോശമല്ല. കഠാരയിൽ എന്തോ പറ്റിപ്പിടിച്ചിട്ടുണ്ട് ഒന്ന് കഴുകണം. കുര്യച്ചൻ ചുറ്റും നോക്കി. റോഡരികിലെ വയലിൽ ഇറങ്ങി, കഠാര കഴുകി അരണ്ട വെളിച്ചത്തിൽ ചാക്കുകെട്ടുപോലൊന്നിൽ ചവിട്ടിക്കയറി തിരികെ റോഡിലെത്തി.

കഠാര സൈക്കിളിന്റെ പുറകിൽ പാൽപ്പാത്രങ്ങൾക്കിടയിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ചു.

ചായക്കടയിൽ എത്തി പാലളന്നൊഴിച്ചു പതിവ് പോലെ ഹസ്സനാരോട് ഒരു ചായക്ക് പറഞ്ഞിട്ട് പുറത്തിട്ടിരിക്കുന്ന ബഞ്ചിൽ അന്നത്തെ പത്രമെടുത്തു നിവർത്തി വായിക്കാനിരുന്നപ്പോൾ ആണ് കുര്യാച്ചൻ തന്റെ കാലുകളിൽ രക്തക്കറ കണ്ടത്.

“കർത്താവെ ഇനിയാ കഠാര എവടെയെങ്കിലും കൊണ്ട് മുറിഞ്ഞുകാണുമോ” മനസ്സിൽ ഒരങ്കലാപ്പ് .
പുലരിവെളിച്ചം വീണു തുടങ്ങിയിരുന്നു. രണ്ട് കാലുകളും സസൂഷ്മം നിരീക്ഷിച്ചു. മുറിവുകൾ ഒന്നും കാണാനില്ല. അപ്പോഴാണ് കഠാര കഴുകിയിട്ട് വയലിൽ നിന്നും തിരികെ റോഡിലേക്ക് കയറുമ്പോൾ ഒരു ചാക്കുകെട്ടിൽ ചവിട്ടി കയറിയത് ഓർമ്മ വന്നത്.

” വല്ല എമ്പോക്കികളും അറവ്മാലിന്യം കൊണ്ടുവന്നിട്ടിരുന്നതാവാം, ഛെ എന്നാലും ചീഞ്ഞ മണമൊന്നും ഉണ്ടായിരുന്നില്ലല്ലോ”

തൊട്ടപ്പുറത്തെ പഞ്ചായത്തു പൈപ്പിൽ കാലുകഴുകി, തിരികെ ഹസ്സനാരുടെ ചൂട്ചായ മോന്തി കൊണ്ട് വീണ്ടും പത്രത്തിലേക്ക് . എന്നത്തേയും പോലെ ആദ്യം ചരമ പേജിൽ പരിചയത്തിലുള്ള ആരുടെയെങ്കിലും പടം വന്നിട്ടുണ്ടോ എന്ന് നോക്കി. ആരെയും കാണാത്തതിൽ അലപം നിരാശ തോന്നി. പറ്റുബുക്കിൽ ചായയുടെ കാശെഴുതി സൈക്കിളിൽ കാലിപ്പാത്രങ്ങൾ തൂക്കി വീട്ടിലേക്കു മടങ്ങി.

വീട്ടിലെത്തി പശുക്കളെ അഴിച്ചു കുളിപ്പിച്ച് പുല്ലും വെള്ളവും കൊടുത്തു. പിന്നെ കൊച്ചുമറിയം കൊടുത്ത കഞ്ഞിയും പുഴുക്കും കഴിച്ചിട്ട് കോലായിൽ ഇട്ടിരുന്ന ചാര് കസേരയിൽ ഒന്ന് വിസ്തരിച്ചിരുന്നു. വന്നപ്പോൾ തന്നെ സൈക്കിളിന്റ പുറകിൽ നിന്നും കഠാര കോലായിലെ കഴുക്കോലിൻറെ ഇടയിലേക്ക് മാറ്റിയിരുന്നു. എഴുന്നേറ്റ് കഠാര കൈയിലെടുത്തു, വിരൽകൊണ്ട് അതിന്റെ മൂർച്ച പരിശോധിച്ചു.

“അപ്പച്ചാ, ഞാനിറങ്ങുവാന്നെ”

പുറകിൽ നിന്നും മകൾ ലില്ലിക്കുട്ടിയുടെ ശബ്ദം പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞട്ടി. ഞെട്ടലിൽ കൈവിരൽ കഠാരയുടെ മൂർച്ചയേറിയ വായ്ത്തലയിൽ പോറി ചോര പൊടിഞ്ഞു. മുറിഞ്ഞ ചൂണ്ടുവിരൽ വായിലിട്ട് പ്രഥമശിശ്രൂഷ നൽകി .

പുറത്തേക്കിറങ്ങിയ മകൾ മുറ്റത്തു നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ചോദിച്ചു

” എന്നതാടി നിന്ന് പരുങ്ങുന്നേ.. കാശ് വല്ലതും വേണോ”

ആണും പെണ്ണുമായിട്ട് ആകെ ഒന്നിനെയേ ദൈവം തന്നുള്ളൂ, അതുകൊണ്ടുതന്നെ അല്പം കൂടുതൽ ലാളിച്ചാണ് കുര്യാച്ചനും കൊച്ചുമറിയവും ലില്ലിയെ വളർത്തിയിരുന്നത്. ആ നാട്ടിലെ കാണാൻ ഒരുവിധം കൊള്ളാവുന്ന പെൺകുട്ടികളിൽ അവളും പെടും . അതുകൊണ്ട് തന്നെ അല്ലറചില്ലറ പൂവാല ശല്യങ്ങളും ഉണ്ട്. അടുത്തുള്ള കോളേജിൽ രണ്ടാം വർഷ ബിരുദത്തിന് പഠിക്കുന്നു. . കുര്യാച്ചൻ പൊതുവെ ശാന്തശീലനാണ്, പക്ഷെ മകളെ ആരെങ്കിലും ശല്യപ്പെടുത്തിയതറിഞ്ഞാൽ പിന്നെ മുന്നും പിന്നും നോക്കൂല. നല്ല അധ്വാനി ആയ അങ്ങേരുടെ ബലിഷ്ടമായ കൈകൾ പല പൂവാലന്മാരെയും പേടിസ്വപ്നമായിരുന്നു.

“അപ്പൻ എന്റെ കൂടെ പള്ളിക്കവല വരെ ഒന്ന് വരാമോ. ആ കൊച്ചുപറമ്പിലെ അലോഷീടെ ശല്യം പിന്നേം കൂടുന്നുണ്ട്”

കുര്യച്ചൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല, കോലായിലെ അയയിൽ കിടന്ന ഒരു ഷർട്ട് എടുത്ത് തോളത്തിട്ടു.

മകളുടെ കൂടെ ഇടവഴിയിലേക്കിറങ്ങി. പോകുന്ന പോക്കിൽ കഠാര എടുത്ത് എളിയിൽ തിരുകി.
കൊച്ചുപറമ്പിലെ ചത്തുപോയ ദേവസ്യയുടെ മൂത്തമകൻ അലോഷി, ഒരു തല തിരിഞ്ഞ ജന്മം, എട്ടാം ക്ലാസ്സുവരെ മാത്രമെ പഠിച്ചിട്ടുള്ളു. ടൗണിൽ ചുമട്ടുതൊഴിലാണ് ജോലി. ആളൊരു സ്ത്രീലമ്പടനാണ്. ആറടി പൊക്കവും ഉരുക്കു പോലത്തെ ശരീരവും. അവന്റെ നിഴലുകണ്ടാൽ സ്ത്രീകൾ വഴിമാറി നടക്കും. അല്ലെങ്കിൽ അവന്റെ വായിൽ നിന്നും വരുന്ന വൃത്തികേടുകൾ കേൾക്കണം, ആളൊഴിഞ്ഞ സ്ഥലമാണേൽ ചില ചെറു തോണ്ടലുകളും മാന്തലുകളും ചിലപ്പോൾ കിട്ടും. ചുരുക്കം ചില അലവലാതി പെണ്ണുങ്ങൾക്ക് അവന്റെ നേരമ്പോക്കുകൾ കുറച്ചൊക്കെ ഇഷ്ടവുമായിരുന്നു.

ഒന്ന് രണ്ടാഴ്ച്ച മുമ്പ് ലില്ലിമോള് അവന്റെ ശല്യത്തെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചായിരുന്നു, അന്ന് പള്ളിക്കവലയിൽ വച്ച് അവനോടൊന്നു കോർത്തു. തടിമിടുക്ക് കൂടുതൽ അവനായത് കൊണ്ട് കൈയ്യാങ്കളിക്ക് നിന്നില്ല. കുര്യാച്ചൻ അലോഷിയെ ഒന്ന് വിരട്ടി, അലോഷി തിരിച്ചും. നാട്ടുകാരിടപെട്ട് രണ്ടുപേരെയും സമാധാനിപ്പിച്ഛ് കവലയിൽ നിന്നും പറഞ്ഞുവിട്ടു. പോകുന്ന പോക്കിൽ കുര്യാച്ചൻ അലോഷി കേൾക്കാൻ പാകത്തിൽ അല്പം ഉറക്കെ പറഞ്ഞു.

“ഇനി നീ എന്റെ മോളെ ശല്യപ്പെടുത്തി എന്നറിഞ്ഞാൽ, കർത്താവാണേ നിന്നെ ഞാൻ വെറുതെവിടുകേലാ, പൂളിക്കളയും..കേട്ടോടാ..”

എവിടെ, അലോഷി ഇതുപോലെ എത്ര പേരെ കണ്ടിരിക്കുന്നു, അവൻ പിന്നെയും ലില്ലിക്കുട്ടിയെ റോഡിൽ കണ്ടാൽ എന്തെങ്കിലും ചൊറിയണ വർത്തമാനം പറയും.

പള്ളിക്കവല വരെ മകളുടെ മുന്നിലൂടെ അവൾക്ക് തുണയായി നടന്നു, എളിയിൽ തിരുകിയ കഠാര നൽകുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല, അലോഷിയല്ല, അവന്റപ്പൻ ദേവസി വന്നാലും ഒരു കൈ നോക്കിക്കളയാം എന്ന് മനസ്സിൽ വിചാരിച്ചു. പക്ഷെ അന്ന് അവർക്ക് മുമ്പിൽ അലോഷി പ്രത്യക്ഷപ്പെട്ടില്ല. മകളെ യാത്രയാക്കി തിരികെ നടക്കുമ്പോൾ വഴിയരികിലെ കാശിത്തുമ്പയിലും കമ്മ്യുണിസ്റ്റ് പച്ചയിലും കഠാരയുടെ മൂർച്ച പരിശോദിച്ചു.

മനസ്സിൽ പ്രേം നസീറിന്റെ കടത്തനാടൻ കഥാപാത്രങ്ങൾ. ഒരു കാട്ടുചേമ്പില വെട്ടി വീഴ്ത്തി ഇടുപ്പിൽ കൈകൾ രണ്ടും വച്ച് നസീറിന്റെ ഭാവാഭിനയം നടത്തിക്കൊണ്ടിരുന്നപ്പോൾ ഒരശരീരി.

“നീയെന്താടാ കാടും പള്ളയും വെട്ടിക്കളിക്കുവാ”

ഇടവഴിയുടെ അരികിലെ റബ്ബർത്തോട്ടത്തിൽ നിന്നും വെട്ടുകാരൻ ഔസേപ്പ് വിളിച്ചു ചോദിച്ചു.

“ഏയ് ഒന്നൂല്ല, ഇതിന്റെ മൂർച്ച എങ്ങിനെയുണ്ടെന്നു നോക്കിയതാ”

കയ്യിലിരുന്ന കഠാര ഉയർത്തിക്കാണിച്ചിട്ട് കുര്യാച്ചൻ ജാള്യത മറച്ചു വീട്ടിലേക്ക് നടന്നു.

ഉച്ചയ്ക്ക് പശുവിന്റെ പുല്ലുവെട്ടും തെങ്ങിന്റെ ചോട് ചെത്തലും കഴിഞ്ഞൊരൽപ്പം ചോറും ഉണ്ട് കോലായിൽ കിടന്നൊന്ന് മയങ്ങുമ്പോൾ പുറത്ത് ഒരു ബഹളം.

ഒരു നായ ഓടി വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു, അതിന്റെ തുടലും പിടിച്ചു ഒരു കാക്കിക്കുപ്പായക്കാരനും.

എഴുന്നേറ്റ് മുറ്റത്തേക്ക് ചെന്നപ്പോൾ കണ്ടു പുറകെ അഞ്ചാറ് പോലീസും പിന്നെ കുറെ നാട്ടുകാരും.
നായ സൈക്കിളിൽ മണം പിടിച്ചു പിന്നെ കുര്യച്ചന്റെ നേർക്ക് നോക്കി കുരച്ചു…

******************
കോടതിമുറിയിലെ പ്രതിക്കൂട്ടിൽ നിൽക്കെ കുര്യാച്ചൻ തൊഴുകൈയോടെ ജഡ്ജിനെ നോക്കി പറഞ്ഞു

“ഞാൻ നിരപരാധിയാണ്, അലോഷ്യയെ കൊന്നത് ഞാനല്ല”.

നീരുവന്ന് വീർത്ത ചുണ്ടുകളും അടികൊണ്ട് ഇളകിയ പല്ലുകളും കടന്ന് കുര്യാച്ചൻ പറഞ്ഞ വാക്കുകൾ വ്യക്തതയോടെ നീതിപീഠത്തിന്റെ പാതിയടഞ്ഞ കാത് വരെ എത്തിയില്ല.

പ്രോസിക്യൂഷൻ വക്കീലിന്റെ വാദങ്ങൾ എല്ലാം ശരിവച്ചു കൊണ്ട് ജഡ്ജ് തന്റെ വിധി പുറപ്പെടുവിച്ചു –

“കുര്യച്ചന് ജീവപരന്ത്യം കഠിനതടവ് വിധിക്കുന്നു ,

പ്രതി കുറ്റം സമ്മതിച്ചിട്ടെല്ലെങ്കിലും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും

കൃത്യം ചെയ്യാൻ ഉപയോഗിച്ച കഠാര പ്രതിയുടെ കയ്യിൽ നിന്നും കണ്ടെത്തുകയും ചെയ്തു, മാത്രമല്ല പ്രതിയുടെ കാൽപ്പാടുകൾ മൃതദേഹത്തിൽ പതിഞ്ഞിരുന്നു..മുൻപൊരിക്കൽ അലോഷിയെ കൊല്ലും എന്ന് പ്രതി ഭീഷണിപ്പെടുത്തുന്നതിനും സാക്ഷികൾ ഉണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ കുറ്റവാളിയെ കണ്ടെത്തിയ പോലീസ് പ്രത്യക അഭിനന്ദനം അർഹിക്കുന്നു.”

കോടതി മുറിയിലെ മേശപ്പുറത്തു തെളിവിനായ് വച്ചിരുന്ന കഠാരയുടെ കൈപ്പിടിയിലെ കൊത്തുപണികൾക്കിടയിൽ വളരെ ചെറുതായ് കൊത്തിയ ഒരു പേര് ആരും കണ്ടില്ല ‘ഭാസ്ക്കരൻ” എന്ന പേര്.

എന്നാൽ തന്റെ സുന്ദരിയായ ഭാര്യയുടെ ശരീരത്തിൽ അവളുടെ സമ്മതത്തോടെ അലോഷി ചില കൊത്തുപണികൾ നടത്തുന്നത് ഇൻപെക്ടർ ഭാസ്ക്കരൻ ഒരിക്കൽ കാണാനിടയായിരുന്നു.

സജി എം മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here