Home Latest ഒരു പ്രത്യേക സുഖം ആണ് പെണ്ണേ എന്നുള്ള ആ വിളി കേൾക്കുമ്പോ. ആരോടും ഇത് വരെ...

ഒരു പ്രത്യേക സുഖം ആണ് പെണ്ണേ എന്നുള്ള ആ വിളി കേൾക്കുമ്പോ. ആരോടും ഇത് വരെ തോന്നാത്ത ഭ്രാന്തമായ ഒരു ആഗ്രഹവും അടുപ്പവും ആണ് കിച്ചുവിനോട് തോന്നുന്നത്.

0

“നീയെന്റെ മനസ്സിൽ എന്നും ഉണ്ടാവും കിച്ചു, ഒരു നൊമ്പരമായി….” മെസ്സേജ് ടൈപ്പ് ചെയ്തുകൊണ്ടിക്കേ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു….

അവനാണ് ആദ്യം മൈഥിലിക്ക് മെസ്സേജ് അയച്ചു തുടങ്ങിയത്. അപരിചിതരുടെ മെസ്സേജുകൾക്കു താൻ അങ്ങനെ റിപ്ലൈ ഒന്നും കൊടുക്കാറില്ല. പക്ഷെ തന്റെ പാട്ടുകൾ ഇഷ്ടമാണെന്നു പറഞ്ഞപ്പോ, നല്ല പാട്ടുകൾ പാടിയാൽ ഇനിയും അയച്ചു തരണം എന്ന് പറഞ്ഞപ്പോ, ഒരു ആരാധകനെ നഷ്ടപ്പെടുത്താൻ തോന്നിയില്ല! പ്രത്യേകിച്ച് മനോഹരമായ ഒരു ശബ്ദത്തിന്റെ ഉടമയെ.

“താനവിടെ ഓക്കെയാണോ?” അപ്രതീക്ഷിതമായ ചോദ്യം കേട്ടപ്പോൾ അല്പം അസ്വസ്ഥത തോന്നി. തെല്ലൊരു അഹങ്കാരത്തോടെ തന്നെ തിരിച്ചു റിപ്ലൈ ചെയ്തു “Yes, I am fine. In fact I love my life here”. തനിക്കെന്താണിവിടെ ഒരു കുറവ്! അമേരിക്കയിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയ ഭർത്താവും ഓമനയായ മകളും ഒരുമിച്ചു നല്ലൊരു ജീവിതം. പണത്തിനോ ആർഭാടങ്ങൾക്കോ യാതൊരു കുറവും ഇല്ല! “അല്ല, പുറം രാജ്യങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണുങ്ങൾ ഒരുപാടു struggle ചെയ്യുന്നത് കണ്ടിട്ടുണ്ട്. Especially inlaws കൂടെയുണ്ടെങ്കിൽ, അതുകൊണ്ടു ചോദിച്ചതാണ്. വേറൊന്നും വിചാരിക്കല്ലേ കേട്ടോ”. കിച്ചുവിന്റെ റിപ്ലൈ കണ്ടു മൈഥിലിയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

“എടോ താൻ ഒക്കെയാണോ?” ഫേസ്ബുക് മെസ്സഞ്ചറിൽ കിച്ചുവിന്റെ മെസ്സേജ് കണ്ടു മൈഥിലിക്ക് കലി അടക്കാൻ ആയില്ല. കുറേ ദിവസം ആയി അവന്റെ messages ignore ചെയ്ത്കൊണ്ടിരിക്കുവാണ്. ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് എന്തിനാണ് ഇങ്ങനെ എന്നും മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്നത്? “I am okay, but you need to slow down! ഇങ്ങനെ എന്നും മെസ്സേജ് അയക്കുന്നത് എനിക്ക് ഇഷ്ടമല്ല”. പറഞ്ഞു കഴിഞ്ഞപ്പോ എന്തോ നേടിയ പോലെ തോന്നി. അപ്പൊ തന്നെ റിപ്ലൈ കിട്ടി, “Okay” പിന്നൊരു സ്മൈലിയും.

ലേറ്റസ്റ്റ് പാട്ടിന്റെ ലൈക്കുകൾക്കിടയിൽ പരിചയമുള്ള ഒരു പേര്, കിച്ചുവാണ്. അന്നത്തെ ഫേസ്ബുക് ചാറ്റിനു ശേഷം അവൻ പിന്നെ മെസ്സേജ് ഒന്നും അയച്ചിട്ടില്ല. തന്റെ അന്നത്തെ റിപ്ലൈ കുറച്ചു കടുത്തു പോയി.” Thank you for respecting my request and privacy”, മെസ്സേജ് send ചെയ്യുമ്പോ പ്രതികരണം എന്തായിരിക്കും ഒന്നൊരു ഭയം ഇല്ലാതില്ലായിരുന്നു. റിപ്ലൈ പെട്ടെന്ന് തന്നെ വന്നു, പതിവ് പോലെ ഒരു സ്മൈലി. കുറച്ചു സമയം ചാറ്റ് ചെയ്തു. ഇത്രയും മോശമായി പെരുമാറിയിട്ടും അവന്റെ ഫ്രണ്ട്ഷിപ് നഷ്ടപ്പെട്ടില്ലലോ, സന്തോഷം തോന്നി.

തല പെരുക്കുന്നതു പോലെ തോന്നി മൈഥിലിക്ക്. നന്ദേട്ടന്റെ അച്ഛനും അമ്മയും അമേരിക്കയിൽ എത്തിയിട്ട് രണ്ടു മാസം ആവുന്നു. നാട്ടിൽ അവരോടൊത്തുള്ള ജീവിതം മടുത്താണ് ഇങ്ങോട്ടു ഓടി രക്ഷപ്പെട്ടതു. കഴിഞ്ഞ പ്രാവശ്യം അവരിവിടെ വന്നപ്പോൾ ജോലി ഉണ്ടായിരുന്നത് കൊണ്ട് ഒരാശ്വാസം ആയിരുന്നു. ഇതിപ്പോ രാവും പകലും അവരോടൊപ്പം…ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു.

സ്ഥലകാലബോധം ഇല്ലാതെ whatsapp messages scroll ചെയിതു കൊണ്ടിരുന്നു മൈഥിലി. കിച്ചിവിന്റെ പഴയ ഒരു മെസ്സേജ്, ഒരുപാട് നാള് മുൻപ് അയച്ചതാണ്. തനിക്കിപ്പോ ശെരിക്കും ഒരു distraction ആവശ്യമാണ് ഇല്ലെങ്കിൽ അധികം വൈകാതെ സമനില തെറ്റും! “ഹലോ, ബിസി ആണോ?” മെസ്സേജ് send ചെയ്യുമ്പോ വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു. “ഹലോ, തിരക്കാടോ. എന്തൊക്കെയുണ്ട് വിശേഷം?” കിച്ചുവിന്റെ റിപ്ലൈ ഉടനെ തന്നെ വന്നു. മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒന്നൊളിച്ചോടാൻ ഒരു സ്വപ്നലോകത്തേയ്ക്കു മൈഥിലി മുങ്ങാങ്കുഴിയിട്ടു.

“ഒരു pic അയച്ചേ”. ചാറ്റിങിനിടയിൽ ഓർക്കാപ്പുറത്താണ് കിച്ചുവിന്റെ ആവശ്യം! “അയ്യേ pic ഒന്നുമില്ല, ഞാൻ ഒരു കോലത്തിലാണ്. മേക്കപ്പ് ചെയ്യാതെ ഞാൻ ആരുടേയും മുൻപിൽ പ്രത്യക്ഷപ്പെടാറില്ല”. റിപ്ലൈ അയക്കവേ അവൾക്കു ചിരിയടക്കാൻ ആയില്ല. “അയക്കടോ, വേറാരുമല്ലലോ ഞാനല്ലേ”. മുടിയൊന്നു കോതിയൊതുക്കി കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിന്റെ ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു. “ഒരു സെൽഫി എടുത്തു അയക്ക് കോരങ്ങീ, ഇങ്ങനെ കണ്ണാടിയുടെ മുൻപിൽ നിന്ന് കോപ്രായം കാണിക്കാൻ അല്ല പറഞ്ഞത്”. “തല്ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ്, സെൽഫിയിൽ എന്നെ കാണാൻ കൊള്ളില്ല കിച്ചു”. ഒരു കൊച്ചു കുട്ടിയെപ്പോലെ മൈഥിലി ചിണുങ്ങി. “ഒന്ന് പോടോ, തൻ അപാര ഗ്ലാമർ അല്ലെ!” ജീവിതത്തിൽ ആദ്യമായി ഒരു കോംപ്ലിമെൻറ് കിട്ടുന്നത് പോലെ തോന്നി മൈഥിലിക്ക്. സുന്ദരിയാണെന്ന് പരിചയക്കാർ പലരും പറയാറുണ്ട്, പക്ഷെ കിച്ചുവിന്റെ നാവിൽ നിന്ന് അത് കേട്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഫീലിംഗ്. ഉള്ളിൽ ഒരായിരം ചിത്രശലഭങ്ങൾ ഒരുമിച്ചു ചിറകടിക്കുന്നതു പോലെ തോന്നി അവൾക്ക്.

കിച്ചിവിന്റെ മെസ്സേജുകൾ കിട്ടാതെ വയ്യെന്നുള്ള അവസ്ഥയായിരിക്കുന്നു ഇപ്പൊ. രാവും പകലും അവനോടു ചാറ്റ് ചെയ്യുന്നു മാത്രാണ് ഇപ്പോഴൊത്തെ ജ്വരം! “മുഖവുര ഒന്നും ഇല്ലാതെ ചോദിക്കട്ടെ,do you love me?” കിച്ചുവിന്റെ മെസ്സേജ് വായിച്ചപ്പോ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നുന്നതു പോലെ തോന്നി. “I don’t know, Love is a such deep emotion”, മറുപടി കൊടുക്കുമ്പോ പറഞ്ഞറിയിക്കാനാവാത്ത ഏതൊക്കെയോ വികാരങ്ങൾ അലയടിക്കുകയായിരുന്നു,മൈഥിലിയുടെ മനസ്സിൽ. തെറ്റാണു ചെയ്യുന്നതെന്നറിഞ്ഞിട്ടും ഇരുവർക്കും പിന്മാറാൻ ആയില്ല. ഒരിക്കലും ഒരുമിക്കാൻ സാധിക്കില്ലെങ്കിലും രണ്ടാളും പരസ്പരം മത്സരിച്ചു സ്നേഹിച്ചു, ഒന്നും തിരികെ പ്രതീക്ഷിക്കാതെ….

“എണീറ്റില്ലേ പെണ്ണെ”, കിച്ചുവിന്റെ മെസ്സേജ് കണ്ടാണ് മൈഥിലി എഴുന്നേറ്റത്. ഒരു പ്രത്യേക സുഖം ആണ് പെണ്ണേ എന്നുള്ള ആ വിളി കേൾക്കുമ്പോ. ഈ വരുന്ന ജനുവരിയിൽ വയസു 36 തികയും എങ്കിലും, ഒരു മധുരപതിനേഴുകാരിയാണ് താൻ എന്ന് മൈഥിലിക്ക് തോന്നി. എന്നെന്നേക്കും ആയി നഷ്ടമായി എന്ന് തോന്നിയ മൃദുല വികാരങ്ങൾ എല്ലാം ഈ കഴിഞ്ഞ കുറെ നാളുകളായി വീണ്ടും തന്നിൽ ഉണർന്നിരിക്കുന്നു! ആരോടും ഇത് വരെ തോന്നാത്ത ഭ്രാന്തമായ ഒരു ആഗ്രഹവും അടുപ്പവും ആണ് കിച്ചുവിനോട് തോന്നുന്നത്.

അടുത്തയാഴ്ച കിച്ചു അമേരിക്കയിലേക്ക് വരികയാണ്. 3 മാസത്തെ ഒരു വർക്ക് പ്രൊജക്റ്റ്. മെസ്സേജുകളിലൂടെ മാത്രം താൻ പ്രണയിച്ച തന്റെ പ്രിയ കൂട്ടുകാരനെ അങ്ങനെ നേരിൽ കാണാൻ പോവുന്നു! ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടാൻ തോന്നി മൈഥിലിക്ക്. മൂന്നര മണിക്കൂർ യാത്രയേയുള്ളു ഹ്യുസ്റ്റണിൽ നിന്ന് ഡള്ളാസിലേക്കു. അങ്ങനെ ഒരുപാട് നാളത്തെ തന്റെ കാത്തിരിപ്പിന് ഒരു അവസാനം ആവുന്നു. മലയാളി അസോസിയേഷനുകളുടെ പരിപാടികൾക്കെല്ലാം സ്ഥിരമായി പാടാറുള്ളത് കൊണ്ട് ഈ ഡള്ളാസിലുള്ള എല്ലാ മലയാളികൾക്കും തന്നെ അറിയാം. ഏതെങ്കിലും ഒരു ഹോട്ടൽ മുറിയിൽ വച്ച് കാണേണ്ടി വരും. “ശ്ശൊ കേൾക്കുമ്പോ തന്നെ എന്തൊരു വശപ്പിശക്!” “നമ്മുടെ കാര്യം അല്ലെങ്കിലും തുടക്കം തന്നെ ഒരു വശപ്പിശകല്ലേ”. കിച്ചുവിന്റെ കുറുമ്പ് നിറഞ്ഞ ആ മറുപടിയിൽ പോലും ഒരു കടലോളം പ്രണയം ഉണ്ടെന്നു തോന്നി മൈഥിലിക്ക്.

എങ്ങനെയായിരിക്കും തമ്മിൽ കാണുമ്പോൾ. Starting trouble ഒന്നും ഉണ്ടാവാൻ വഴിയില്ല. കിച്ചുവിന് മുൻപിൽ തനിക്കു ഒന്നും മറയ്ക്കാനും ഒളിക്കാനും ഇല്ല. ഈ ചുരുങ്ങിയ നാളു കൊണ്ട് തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കിച്ചിവിനോട് പങ്കുവച്ചു കഴിഞ്ഞു. 15 വർഷം ഒരുമിച്ചു ജീവിച്ചിട്ടും ഇന്ന് വരെ നന്ദേട്ടൻ അറിയാത്ത കാര്യങ്ങൾ പോലും കിച്ചുവിന് തന്നെപ്പറ്റി അറിയാം. കാണുമ്പോൾ ഓടിച്ചെന്നൊന്നു കെട്ടിപിടിക്കണം. ആ കരങ്ങൾക്കുള്ളിൽ ഉടലോടുടൽ പറ്റിച്ചേർന്നു, ആ നെഞ്ചിന്റെ ചൂടറിഞ്ഞു ഇങ്ങനെ നിൽക്കണം. ചുണ്ടോടു ചുണ്ടമർത്തി അതിൽ അലിഞ്ഞിങ്ങനെ ഇല്ലാണ്ടാവണം. സുഖകരമായൊരു ആലസ്യത്തിലേക്കു മൈഥിലി മയങ്ങി വീണു.

നന്ദേട്ടനോട് താൻ ചെയ്യുന്നത് ഒട്ടും ശെരിയല്ല. തങ്ങൾക്കിടയിലുള്ള സ്നേഹം നഷ്ടപ്പെട്ടു തുടങ്ങിയിട്ട് വര്ഷങ്ങളായി. നന്ദേട്ടന്റെ വീട്ടുകാരാൽ മനസിനുണ്ടായ മുറിവുകൾ മരണം വരെ ഉണങ്ങില്ല. പക്ഷെ അതിനേക്കാളേറെ മനസിനെ മുറിപ്പെടുത്തിയത് നന്ദേട്ടന്റെ ഒന്നും കണ്ടില്ല കേട്ടില്ല എന്നുള്ള ഭാവം ആണ്. തന്റെ വിഷമങ്ങൾ അറിയിക്കാൻ ശ്രമിച്ചിരുന്നു, വിവാഹത്തിന്റെ ആദ്യ നാളുകളിൽ. പക്ഷെ അച്ഛനെയും അമ്മയെയും പറ്റി മോശമായതൊന്നും കേൾക്കാനുള്ള മനക്കട്ടി നന്ദേട്ടനില്ല എന്ന് മനസ്സിലാക്കിയതോടെ പിന്നീടെല്ലാം സ്വയം ഉള്ളിലൊതുക്കി.

എങ്കിലും ഇങ്ങനെ ഒരുമിച്ചു ജീവിച്ചു വഞ്ചിക്കുന്നത് ശെരിയല്ല. കിച്ചുവിനെ പരിചയപ്പെടുന്നത് വരെ ഈ ജീവിതത്തിൽ നിന്ന് ഒരു മോചനം ഇല്ലെന്നാണ് കരുതിയിരുന്നത്. പക്ഷെ അവൻ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം വല്ലാത്തൊരു ധൈര്യം കിട്ടിയിരിക്കുന്നു, ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും എന്നൊരു ധൈര്യം. സത്യത്തിൽ ആ പറയുന്നതിൽ വലിയൊരു നുണയുണ്ട്. തന്നെ ഒറ്റയ്ക്ക് ജീവിക്കാൻ വിടാൻ കിച്ചുവിന് മനസ്സ് വരില്ല എന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ പറയുന്നു. താൻ ഒറ്റയ്ക്കായാൽ അവൻ എന്തായാലും കൂടെ വരും. നല്ലൊരു ജോലി കണ്ടുപിടിക്കണം എന്നിട്ടു ഒരു വാടക വീടെടുത്തു മാറണം. “അപ്പൊ മാളൂട്ടിയോ?” കിച്ചുവിന്റെ ചോദ്യത്തിൽ വല്ലാത്തൊരു ആകാംഷ ഉണ്ടായിരുന്നു. “മാളൂട്ടിയുടെ പകുതി കസ്റ്റഡി എനിക്ക് കിട്ടുമായിരിക്കും”. മെസ്സേജ് സെൻറ് ചെയ്യുമോ മൈഥിലി ഉറച്ചൊരു തീരുമാനം എടുത്തിരുന്നു.

“ഇത്ര മാത്രം മല മറിക്കുന്ന എന്ത് തിരക്കാണ് അവിടെ ഉള്ളത്?” ദേഷ്യവും സങ്കടവും മൈഥിലിയുടെ ഉള്ളിൽ നുരഞ്ഞുപൊങ്ങി. കിച്ചു എത്തിയിട്ട് ഒരു മാസമായി, ഇത് വരെ തന്നെ കാണാൻ വരുന്നതിന്റെ ഒരു ലക്ഷണവും ഇല്ല. ഇപ്പൊ പഴയ പോലെ മെസ്സേജുകളും അയക്കാറില്ല. ഇനി തന്നെ മടുത്തു കാണുമോ? whatsapp എടുത്തു നോക്കി കിച്ചു online ഉണ്ട്. ഇപ്പോഴും ഓൺലൈനിൽ കാണാം പക്ഷെ തനിക്കു മെസ്സേജ് അയക്കാൻ മാത്രം സമയമില്ല. ഇനി വേറെയാരെയെങ്കിലും കിട്ടി കാണുമോ? ഭയം തന്റെ കണ്ണുകളിലേക്കു ഇരച്ചു കയറുന്നതു പോലെ തോന്നി മൈഥിലിക്ക്.

“ജോലി തിരക്ക് കൊണ്ടാണെടോ, അല്ലാതെ തന്നോട് സംസാരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പഴയ പോലെ ചിറ്റ് ചാറ്റ് ചെയ്യാൻ ഇപ്പൊ സമയം കിട്ടുന്നുല്ല”. കിച്ചുവിന്റെ മറുപടിക്കു മൈഥിലിയുടെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്ന സങ്കടത്തെ തെല്ലു പോലും അടക്കാൻ ആയില്ല. “ഒരിക്കലെങ്കിലും നമുക്കൊന്ന് കാണാം കിച്ചു, ഈ ജീവിതകാലത്തിൽ ഒരിക്കലെങ്കിലും…” മെസ്സേജ് അയക്കവേ സകല നിയന്ത്രണവും വിട്ടു മൈഥിലി പൊട്ടിക്കരഞ്ഞു പോയി. “എന്താടോ ഇത്? ഞാൻ വരാൻ മാക്സിമം ശ്രമിക്കാം. താൻ കിടന്നുറങ്”. ആശ്വാസവാക്കിനേക്കാൾ ഒരു ഒഴിവാക്കൽ ആയാണ് മൈഥിലിക്ക് ആ മറുപടി കണ്ടപ്പോൾ തോന്നിയത്.

“കുറച്ചു ദിവസത്തേയ്ക്ക് ഞാൻ ഓൺലൈനിൽ ഉണ്ടാവില്ല കിച്ചു. ഞാൻ ആരോടോ രഹസ്യമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് നന്ദേട്ടന് നല്ല സംശയം ഉണ്ട്”. നന്ദേട്ടന്റെ കണ്ണ് വെട്ടിച്ചു തിടുക്കത്തിൽ മെസ്സേജ് അയച്ചിട്ട് ഹിസ്റ്ററി ഡിലീറ്റ് ചെയിതു. കോടതി മുറിയിലേതു പോലെയുള്ള ചോദ്യം ചെയ്യലുകൾ സഹിച്ചു മടുത്തു, ഇനി ഇത്ര നാൾ പിടിച്ചു നില്ക്കാൻ പറ്റും എന്നറിയില്ല. താനൊരു മോശം സ്ത്രീയായി മാറിക്കഴിഞ്ഞെന്നു അവൾക്ക് തോന്നി. നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല മൈഥിലി എന്ന് നന്ദേട്ടൻ പറഞ്ഞപ്പോ സങ്കടം തോന്നി. പക്ഷെ എന്തോ, എത്ര ശ്രമിച്ചിട്ടും പഴയ പോലെ സ്നേഹമയിയായ, വിശ്വസ്തയായ ഒരു ഭാര്യയായിരിക്കാൻ ഉള്ള കഴിവ് തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. നന്ദേട്ടന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയേണ്ടി വന്ന ഈ കഴിഞ്ഞ ആറു മാസങ്ങൾ തന്റെ മനസിനെയും ജീവിതത്തെയും ആകെ തകിടം മറിച്ചിരിക്കുന്നു.

“എന്നെ മിസ് ചെയ്തോ, അതോ കുറച്ചു ദിവസം ശല്യം ഇല്ലാത്തതു കൊണ്ട് സമാധാനം ഉണ്ടായിരുന്നോ?” അഞ്ചാറു ദിവസം കൂടി കിച്ചുവിന് മെസ്സേജ് അയക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആയിരുന്നു മൈഥിലിക്ക്. “എങ്ങനെയാടോ താൻ എനിക്കൊരു ശല്യം ആവുന്നത്….മിസ് ചെയിതു…ഒരുപാട്…..” വിരഹത്തിന്റെ നൊമ്പരത്തിനു നടുവിൽ ആ മറുപടി ഒരു കുളിർതെന്നലായിരുന്നു.

ഏകദേശം ഒരു മാസമായി കിച്ചുവിനോടൊന്നു മര്യാദയ്ക്ക് ചാറ്റ് ചെയ്തിട്ട്. നന്ദേട്ടൻ ഉള്ളപ്പോ ഇപ്പൊ മാക്സിമം ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കും. ആളിപ്പോ ഒരുപാട് മാറിയിരിക്കുന്നു. എന്റെ വിഷമങ്ങൾ കേൾക്കാനും മനസിലാക്കാനും തുടങ്ങിയിരിക്കുന്നു. താനും ഒരുപാട് മാറി, രണ്ടു മാസം മുൻപുണ്ടായിരുന്ന ആ ധൈര്യം ഇപ്പൊ ഇല്ല. കഴിഞ്ഞ കുറെ നാളുകളായി ഒരുപാട് ചിന്തിച്ചു കൂട്ടി. കുറച്ചു പൈസ സേവ് ചെയ്യണം, വീട് മാറണം, ഇൻഡിപെൻഡന്റ് ആവണം….എല്ലാം നടക്കാത്ത സ്വപ്നങ്ങൾ ആണ്. പുതിയ ജോലിയെല്ലാം ആയെങ്കിലും, ആ ധൈര്യം എവിടെയോ ചോർന്നു പോയിരിക്കുന്നു. തനിക്കീ ജീവിതത്തിൽ നിന്ന് ഒരിക്കലും ഒരു മോചനം ഇല്ല എന്നുള്ള തോന്നൽ വീണ്ടും ശക്തമായിരുന്നു.

മാത്രമല്ല, തന്നെക്കാൾ ഏഴു വയസിനു ഇളയതാണ് കിച്ചു. പ്രണയത്തിനു പ്രായമോ, ജാതിയോ ഒന്നും ഇല്ലെങ്കിലും ഒരുമിച്ചൊരു ജീവിതം ഒരിക്കലും പ്രാക്ടിക്കൽ അല്ല. കിച്ചുവിന്റെ കൂടെ കുറച്ചു ദിവസങ്ങൾ എങ്കിലും ജീവിക്കാൻ വേണ്ടി കൂടി ആണ് ഒരു വാടക വീടെടുത്തു മാറാൻ ചിന്തിച്ചത്. സ്വപ്നങ്ങൾ ഒരുപാട് കണ്ടു…ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കണം, തണുപ്പുള്ള മഞ്ഞുകാലത്തെ കൗച്ചിൽ കെട്ടിപ്പിടിച്ചിരുന്നൊന്നു ടീവി കാണണം, നനുത്ത പ്രഭാതങ്ങളിൽ കിച്ചണിൽ ഒരുമിച്ചു നിന്ന് ഒന്ന് കോഫി കുടിക്കണം, വീക്കെന്റുകളിൽ ഔട്ടിങ്ങിനും, ക്ലബ്ബിങ്ങിനും ഒക്കെ പോകണം! അങ്ങനെ അങ്ങനെ ഒരുപാടു സ്വപ്നങ്ങൾ.

പക്ഷെ എല്ലാവരും തന്നെ മോശമായൊരു സ്ത്രീയായായിരിക്കും കാണുന്നത്, ഒരു പക്ഷെ മാളൂട്ടി പോലും. ആരും തന്നെ സപ്പോർട്ട് ചെയ്യില്ല, സ്വന്തം അച്ഛനും അമ്മയും പോലും. അങ്ങനൊരു അവസ്ഥ വന്നാൽ പിടിച്ചു നിൽക്കാൻ തനിക്കു കഴിയുമോ. കുറച്ചു നാൾ കഴിയുമ്പോ കിച്ചു അവനു ചേർന്നൊരു പെണ്ണിനെ വിവാഹം കഴിക്കും. അത് കഴിയുമ്പോ താൻ എന്ത് ചെയ്യും. ഒരായിരം ചോദ്യങ്ങൾ മൈഥിലിയുടെ മനസിനെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.

നന്ദേട്ടൻ മൂന്നു ദിവസത്തേയ്ക്ക് കാലിഫോർണിയയിൽ ഒരു മീറ്റിംഗിന് പോയിരിക്കുയാണ്. ഇന്ന് രാത്രി കിച്ചുവിനോട് ഒന്ന് സമാധാനമായി ചാറ്റ് ചെയ്യണം, എത്ര നാളായി….വൈകുന്നേരം വരെയുള്ള കാത്തിരിപ്പ് അസഹ്യമാണെന്ന് അവൾക്ക് തോന്നി. ഓഫീസിൽ നിന്ന് തിരിച്ചു വന്നു പെട്ടെന്ന് പണികൾ എല്ലാം തീർത്തു, മാളൂട്ടിയെ കിടത്തിയുറക്കി, ആവേശത്തോടെ അവൾ കിച്ചിവന് മെസ്സേജ് അയച്ചു. ആദ്യത്തെ മെസ്സേജിന് ഒഴികെ വേറൊന്നിനും മറുപടിയില്ല. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു അവൾക്ക്, ഇതിനാണോ താൻ ഇത്രയും ദിവസം കാത്തിരുന്നത്? അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ കുറെ മെസ്സേജുകൾ തുരു തുരാ അയച്ചു. കുറെ കഴിഞ്ഞാണ് കിച്ചുവിന്റെ മറുപടി വന്നത്. ഫോൺ സൈലന്റ് ആയിരുന്നത്രേ. താൻ ഓൺലൈൻ ഉണ്ടായിരുന്നത് കിച്ചുവിന് അറിയാമായിരുന്നില്ലേ, പിന്നെ എന്ത് കൊണ്ട് ഫോൺ ചെക്ക് ചെയ്തില്ല. ഒന്നും രണ്ടും പറഞ്ഞു അത് വലിയ വഴക്കിൽ ആണ് അവസാനിച്ചത്.

സമയം പന്ത്രണ്ടു മണി. “ഉറങ്ങാൻ പറ്റുന്നില്ല കിച്ചു, ഇന്ന് ഒരുപാടു സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. മെസ്സജുകൾക്കു റിപ്ലൈ കിട്ടാത്തപ്പോ ഒരുപാട് സങ്കടം വന്നു അതുകൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്”. “വിഡിയോയിൽ വാടോ, എനിക്കൊന്നു കാണണം”. പ്രതീക്ഷിക്കാത്ത റിപ്ലൈ ആണ് വന്നത്, കിച്ചുവിന്റെ ദേഷ്യം എല്ലാം അലിഞ്ഞ പോലെ തോന്നി. “ഞാനില്ല കിച്ചു, എനിക്കൊരു മൂഡ് ഇല്ല”, അടുത്ത വഴക്കിനു കാരണമാവുമോ എന്ന് പേടിച്ചാണ് റിപ്ലൈ അയച്ചത്. “വാടോ എത്ര ദിവസം ആയി ഇങ്ങനൊരു അവസരത്തിനായി രണ്ടു പേരും കാത്തിരിക്കുന്നു”. മനസില്ലാ മനസോടെ മൈഥിലി വീഡിയോ കാൾ ബട്ടൺ അമർത്തി. വീഡിയോയിലൂടെ സ്നേഹം പങ്കു വയ്ക്കാൻ എന്തോ അവൾക്ക് അത്ര താല്പര്യം ഇല്ലായിരുന്നു. എങ്കിലും കിച്ചുവിനെ നിരാശപ്പെടുത്താൻ കഴിയാത്തതിനാൽ പറഞ്ഞത് അനുസരിക്കാൻ ശ്രമിച്ചു.

“എങ്കിൽ താൻ പൊയ്ക്കോ”. പ്രതികരണങ്ങളിലുള്ള തന്റെ താൽപര്യക്കുറവ് മനസിലാക്കിയെന്നോണം കിച്ചു പറഞ്ഞു. മറുപടിക്കു കാത്തു നിൽക്കാതെ വീഡിയോ കാൾ കട്ടും ചെയിതു. “സോറി കിച്ചു കാത്തു കാത്തിരുന്ന വീഡിയോ കാൾ ഒരു disappointment ആയിപ്പോയല്ലേ!” തമാശ രീതിയിൽ തിരിച്ചു മെസ്സേജ് ഇട്ടെങ്കിലും മൈഥിലിയുടെ മനസ്സിൽ ഒരു കൊടുങ്കാറ്റു ആഞ്ഞടിക്കുകയായിരുന്നു. എത്ര നാളായി താനും കാത്തിരുന്നതാണ് ഇങ്ങനൊരു അവസരം. എന്നിട്ടു എന്താണ് തനിക്കു സംഭവിച്ചത്?

മാളൂട്ടിയുടെ സ്കൂളിന് പുറത്തു അവൾ കാർ പാർക്ക് ചെയിതു. പതിനഞ്ചു മിനിറ്റ് കൂടിയുണ്ട് ബെൽ അടിക്കാൻ. ഫോൺ ഒന്ന് കൂടി എടുത്ത് നോക്കി, ഇല്ല കിച്ചുവിന്റെ മെസ്സേജ് ഇപ്പോഴും വന്നിട്ടില്ല. ഇന്നലെ രാത്രി മുതൽ അയച്ച മെസ്സേജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ല അവൻ. തന്റെ മനസിന്റെ വിങ്ങലുകൾ എല്ലാം മെസ്സേജുകളിൽ ആക്കി കിച്ചുവിന് അയച്ചു. ഒരുപാട് ഒരുപാട് താൻ അവനെ സ്നേഹിക്കുന്നുണ്ട്. പക്ഷെ അവന്റെ ഒരു നല്ല ഫ്രണ്ട് ആവാൻ മാത്രമേ തനിക്കിനി സാധിക്കുകയുള്ളു.

അവൻ തന്റെ മനസ്സിൽ എന്നും ഉണ്ടാവും എന്ന് പറഞ്ഞത് വെറുതെയല്ല. തന്റെ ഓരോ ശ്വാസത്തിലും കിച്ചു ഉണ്ടാവും…എന്നും…ഒരു ഫ്രണ്ട് ആയിട്ട് എങ്കിലും അവൻ ജീവിതാന്ത്യം വരെ തന്നോടൊപ്പം വരെ ഉണ്ടായിരുന്നെങ്കിൽ…സാധ്യതയില്ല, അവനിപ്പോ ഏറ്റവും അധികം വെറുക്കുന്നത് തന്നെയായിരിക്കും. “എന്നെകിലും ഒരു സങ്കടം വരുമ്പോ ഒന്ന് സംസാരിക്കാൻ, തോളത്തൊന്നു തല ചായ്ക്കാൻ ആരെങ്കിലും വേണമെന്നുണ്ടെങ്കിൽ ഞാൻ നിനക്ക് വേണ്ടി ഇവിടെ ഉണ്ടാവും കിച്ചു, നല്ലൊരു ഫ്രണ്ട് ആയി…” ഇത് തങ്ങൾ തമ്മിലുള്ള അവസാനത്തെ മെസ്സേജ് ആയിരിക്കും എന്നവൾക്കു തോന്നി.

ദൂരെ നിന്ന് സ്കൂൾ ബെല്ലിന്റെ ശബ്ദം അവളുടെ കാതുകളിൽ വന്നു പതിച്ചു. സൺ ഡാഷ് മിറർ നോക്കി, കണ്ണീരിൽ അലിഞ്ഞ മെയ്ക്ക് അപ്പ് അവൾ തുടച്ചു വൃത്തിയാക്കി. ഫോൺ കോട്ടിന്റെ പോക്കറ്റിൽ ഇട്ടു. ഡോർ തുറന്നു മൈഥിലി നടന്നു നീങ്ങി…..സുന്ദരമായ ആ സ്വപ്ന ലോകത്തിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്….
രചന: Krishna Meera

LEAVE A REPLY

Please enter your comment!
Please enter your name here