Home Latest നിങ്ങളെ വിവാഹം ചെയ്യാൻ എനിക്ക് സൗകര്യമില്ല… മര്യാദക്ക് ഈ ആലോചനയിൽ നിന്നു പിൻമാറിക്കൊള്ളണം…

നിങ്ങളെ വിവാഹം ചെയ്യാൻ എനിക്ക് സൗകര്യമില്ല… മര്യാദക്ക് ഈ ആലോചനയിൽ നിന്നു പിൻമാറിക്കൊള്ളണം…

0

നിങ്ങളെ വിവാഹം ചെയ്യാൻ എനിക്ക് സൗകര്യമില്ല …. മര്യാദക്ക് ഈ ആലോചനയിൽ നിന്നു പിൻമാറിക്കൊള്ളണം ….
പെണ്ണു കാണാൻ വന്നവന്റെ മുഖത്തു നോക്കി ഞാനിത് പറഞ്ഞപ്പോൾ അയാളൊന്നു ഞെട്ടി.
ഒന്നും പറയാതെ തിരിഞ്ഞു നടന്നു.

എല്ലാരും പോയി കഴിഞ്ഞപ്പോൾ അമ്മാവന്റ മകൾ മാളു ദേഷ്യത്തോടെ അരികിൽ വന്നു.

നീയിതെന്തു ഭാവിച്ചാ അമ്മൂ….? ഇതെത്രാമത്തെ ആലോചനയാ നീയായിട്ട് മുടക്കുന്നത്….? നിന്റമ്മേടെ സങ്കടമെങ്കിലും നീയൊന്നു മനസ്സിലാക്ക്… നിനക്കെന്തിന്റെ കുറവാ ……?
നീയീ കാട്ടണത് അഹങ്കാരമല്ലേ…?
നിന്റെ വിവാഹം നടന്നു കാണാൻ പ്രാർത്ഥനയും വഴിപാടുമായി നടക്കുന്ന അമ്മയെ ഓർത്തെങ്കിലും…..

നിനക്കെന്താ മാളൂ പറഞ്ഞാൽ മനസ്സിലാവില്ലേ…?
എത്ര തവണ പറഞ്ഞു എനിക്ക് കല്യാണത്തിന് താൽപര്യമില്ലാന്ന് …..

പിന്നെ നീയെന്താ സന്യസിക്കാൻ പോവാണോ ….? നിന്റെ മനസ്സിൽ എന്താണെന്നെങ്കിലും തുറന്നു പറ….
ഇനി മറ്റു വല്ല ബന്ധവും….
എന്തുണ്ടെങ്കിലും നീ തുറന്നു പറ നമുക്ക് പരിഹാരമുണ്ടാക്കാം…

നീ നിന്റെ കാര്യം നോക്കി പോ മാളൂ…. എനിക്കൊരു ബന്ധവുമില്ല. കല്യാണം വേണ്ട. അത്ര തന്നെ ….

എങ്കിൽ നീ ഒന്നറിഞ്ഞോ. നാളെ നിന്നെ കാണാൻ ഒരാൾ വരുന്നുണ്ട് .നീയെത്ര എതിർത്താലും അത് നടത്താൻ തന്നാ നിന്റെ അമ്മാവൻമാരുടെ തീരുമാനം….

അവളുടെ വാക്കുകൾ കേട്ട് ഞെട്ടിയെങ്കിലും ഞാൻ പുഞ്ചിരിച്ചു. അടുത്തവനേം ഓടിക്കേണ്ടി വരുമല്ലോ ഈശ്വരാ …..

പിറ്റേന്ന് പെണ്ണുകാണാൻ വന്ന ചെക്കനെ കണ്ട് ഒന്നു ഞെട്ടി…

വിഷ്ണുവേട്ടൻ…

കോളേജിൽ തന്റെ സീനിയറായി പഠിച്ച തന്റെ നാട്ടുകാരൻ ….

പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവർ സംസാരിക്കട്ടെ…..
ചെറുക്കെന്റ അമ്മാവൻ ഇതു പറഞ്ഞു തീരുന്നതിനു മുന്നേ ഞാൻ ഇടയിൽ കയറി….

എനിക്ക് സംസാരിക്കാനുണ്ട്…

എല്ലാവരും രൂക്ഷമായി എന്നെ ഒന്ന് നോക്കി…..

അതിനെന്താ സംസാരിക്കാല്ലോ…. വിഷ്ണുവേട്ടനാണ് മറുപടി പറഞ്ഞത് .

പതിവിനു വിപരീത എനിക്കെന്തോ വാക്കുകൾ പുറത്തേക്കു വന്നില്ല. അതിനാലാവണം ഞാൻ പറയാൻ കരുതിയത് വിഷ്ണുവേട്ടൻ പറഞ്ഞു….

അമ്മൂ……. നിനക്കെന്നെ ഇഷ്ടമായിട്ടില്ല അല്ലേ…?
ഞാനീ വിവാഹത്തിൽ നിന്നു പിന്മാറണം അതല്ലേ നിന്റെ ആവിശ്യം…..?

അതേ എന്ന് ഞാൻ തലകുലുക്കി…..

അമ്മൂ അല്ലെങ്കിലും ഇഷ്ടമില്ലാത്ത നിന്നെ നിർബന്ധിച്ച് ഒരു വിവാഹത്തിന് ഞാനും തയ്യാറല്ല.
അഞ്ചു വർഷത്തോളമായി എന്റെ മനസ്സിൽ ഒരു കുട്ടിയുണ്ട്. എല്ലാം അവളോട് തുറന്നു പറഞ്ഞ് എനിക്കവളെ സ്വന്തമാക്കണം.

വിഷ്ണുവേട്ടൻ ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ എന്തോ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി. ഇതും നടക്കില്ല….. സമാധാനമായി….

അമ്മൂ ഒരു കാര്യം….
നിന്റെ മനസ്സിൽ ആരെങ്കിലും…..

ഇല്ല വിഷ്ണുവേട്ടാ…. അങ്ങനാരുമില്ല ….

പിന്നെത്തിനാ നീ വരണ ആലോചനയൊക്കെ ഇങ്ങനെ മുടക്കുന്നത് …?
നിനക്കെന്നെ ഒരു നല്ല സുഹൃത്തായി കണ്ടെങ്കിലും എല്ലാം തുറന്നു പറഞ്ഞൂടേ…..?

ഞാൻ പറയാം പക്ഷേ ആരും അറിയില്ലാന്ന് ഏട്ടൻ എനിക്ക് വാക്കു തരണം.

ഇല്ല അമ്മൂ….. ആരും അറിയില്ല….

ഏട്ടാ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങളായി. എന്നെ ഇതുവരെ എത്തിക്കാൻ അമ്മ ഒരു പാട് കഷ്ടപ്പെട്ടു. അമ്മാവൻമാരുടേം സഹായം ഒരുപാടുണ്ടായിരുന്നു. ഇന്നെന്റെ കല്യാണവും അവർക്കൊരു ബാധ്യതയായി മാറിയിരിക്കുന്നു. വരുന്നവർക്കെല്ലാം പൊന്നും പണവും വേണം.

എന്റെ സുഖവും സന്തോഷവും നോക്കി ഞാനിതിൽ ഏതെങ്കിലും വിവാഹത്തിനു സമ്മതിച്ചാൽ സ്ത്രീധനം നൽകുന്നതിനു വേണ്ടി സ്വന്തമായുള്ള വീടു കൂടി വിൽക്കേണ്ടി വരും. പിന്നെ എന്റെ അമ്മ അമ്മാവൻമാർക്ക് ഒരു ബാധ്യതയാവും .
അതു കൊണ്ടാ ഞാൻ……

നീ പറഞ്ഞതൊക്കെ ശരിയാ അമ്മൂ… പക്ഷേ അമ്മയെക്കൂടി നോക്കാൻ മനസ്സുള്ള ഒരാളെ സ്വീകരിക്കാൻ നീ തയ്യാറായാൽ പ്രശ്നം തീരില്ലേ ……?

ഇല്ല വിഷ്ണുവേട്ടാ ……
അതിന് തയ്യാറായി ഒരാൾ വന്നാൽ തന്നെ എങ്ങനെ വിശ്വസിക്കും….?
വിവാഹ ശേഷം അമ്മയെ നോക്കിയില്ലെങ്കിലോ…..?

എന്റെ ആ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടിയതിനാലാവണം വിഷ്ണുവേട്ടൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു .

എന്റെ അമ്മൂ നീ എന്തു പറഞ്ഞാ ഇതും മുടക്കിയത്….. എന്ന ചോദ്യവുമായി മാളു മുറിയിലേക്ക് കടന്നു വന്നു ……

ഡീ കഴുതേ ……. ഇതു ഞാൻ മുടക്കേണ്ടി വന്നില്ല. വിഷ്ണുവേട്ടന്റെ മനസ്സിൽ മറ്റാരോ ഉണ്ട്. ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

നിന്റെ വിധി അല്ലാണ്ടെന്താ…. ഇതും പറഞ്ഞ് മാളു പോയി ….

പിറ്റേന്ന് ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ അകത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കുന്നു. അടുക്കള വാതിലിലൂടെ അകത്തു കടന്നു. അകത്തെ സംസാരം ഞാൻ ശ്രദ്ധിച്ചു….

ഇനി ഒട്ടും വൈകിക്കണ്ടാ അടുത്ത മാസം പത്തിനു തന്നെ വിവാഹം നടത്താം…..

ആരൊക്കെയോ പറയുന്നു….. .
അടുത്ത മാസം എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു….
ഒന്നും മനസ്സിലാവാതെ ഞാൻ തരിച്ചു നിന്നു…

* * * * * * * * * * * *

ഡീ അമ്മൂ വഴക്കാളി….. നീയെന്താ ഇരുന്ന് സ്വപ്നം കാണുവാണോ ……?
ഈശ്വരാ ഇന്നേക്ക് മൂന്നു വർഷായല്ലോ ഞാനീ വഴക്കാളിയെ സഹിക്കാൻ തുടങ്ങീട്ട്…

ദേ ഏട്ടാ വേണ്ടാ…

പോയി എന്റെ അമ്മേ സഹായിക്കെടീ…

പറച്ചിലു കേട്ടാൽ തോന്നുമല്ലോ നിങ്ങടെ സ്വന്തം അമ്മയാണെന്ന് ….?

അതേടീ എന്റെ അമ്മ തന്നാ…. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട എനിക്ക് കിട്ടിയ പുണ്യമാ നിന്റെ അമ്മ…..

അല്ല വിഷ്ണുവേട്ടാ ഇനിയെങ്കിലും പറയോ നിങ്ങൾ അഞ്ചു വർഷം സ്നേഹിച്ച ആ കുട്ടി അതാരായിരുന്നു….? എന്തിനാ നിങ്ങൾ അവളെ വേണ്ടെന്ന് വച്ച് എന്നെ വിവാഹം ചെയ്തത് …..?

ഡീ വഴക്കാളീ അതിനിയും നിനക്ക് മനസ്സിലായില്ലേ …..?
ഞാൻ അഞ്ചു വർഷം മനസ്സിൽ കൊണ്ടു നടന്നത് നിന്നെ തന്നെയാ …….
അങ്ങനൊരു നമ്പർ ഇട്ടില്ലായിരുന്നെങ്കിൽ നിന്റെ മനസ്സിലുള്ളത് നീ തുറന്നു പറയില്ലായിരുന്നു……
അതാ ഞാൻ…

ഡാ ദുഷ്ടൻ ഏട്ടാ എന്നാലും എന്നോടിത് വേണ്ടാരുന്നു ….

****

Written By  അതിഥി അമ്മു

#For_more_storys_and_videos_like_our_page_and_stay_connected.

LEAVE A REPLY

Please enter your comment!
Please enter your name here