Home Latest “തെമ്മാടി” കോളേജിൽ എത്തിയ ആദ്യദിവസം തന്നെ ഞാൻ അവനു മനസ്സിൽ ചാർത്തിയ പേരായിരുന്നു അത്…

“തെമ്മാടി” കോളേജിൽ എത്തിയ ആദ്യദിവസം തന്നെ ഞാൻ അവനു മനസ്സിൽ ചാർത്തിയ പേരായിരുന്നു അത്…

0

” തെമ്മാടി”!!!
കോളേജിൽ എത്തിയ ആദ്യദിവസം തന്നെ ഞാൻ അവനു മനസ്സിൽ ചാർത്തിയ പേരായിരുന്നു അത്… ആദ്യമായി വീട് വിട്ടു, ഇത്രയും ദൂരെ,മൈസൂർ എന്ന നഗരത്തിൽ, ഒപ്പം പഠിച്ച കൂട്ടുകാർ ആരുമില്ലാതെ, അപരിചിതമായൊരു സ്ഥലത്ത് ,ആരെയും അറിയാത്ത അവിടെ, പേടിച്ചരണ്ടു നിൽക്കുമ്പോഴായിരുന്നു അവന്റെ വിളി കേട്ടത്….

” ടി, മലയാളിയാണല്ലേ?? നീയെന്താ തിരുവാതിര കളിയ്ക്കാൻ വന്നതാ!! പട്ടു പാവാടേം മുല്ല പൂവും… നല്ല കോമ്പിനേഷൻ,ഏത് പട്ടികാട്ടിൽ നിന്നാടി?? അതോ ഇനി തമ്പുരാട്ടി സ്ഥലം മാറിയെങ്ങാൻ വന്നതാണോ?? ഇത് എഞ്ചിനീയറിംഗ് കോളേജാ!! അല്ലാതെ കൃഷ്ണന്റെ അമ്പലം അല്ല… നീയൊക്കെ എന്തിനാടി ഈ കോളേജിലേക്ക് തന്നെ വന്നേ?? വല്ല ഗവണ്മെന്റ് കോളേജിലും പോയ പോരായിരുന്നോ??ഒരുങ്ങി കെട്ടി വന്നോളും പട്ടികാട്ടുകാരി!!!”

നല്ല തെറി വന്നതാ വായില്, ഇനിയിപ്പോ സീനിയറിനെ കേറി തെറി വിളിച്ചുന്നു പ്രശ്‌നാവണ്ടാന്നു കരുതി മിണ്ടാണ്ട് പോന്നു…” തെമ്മാടി” . എനിക്കിഷ്ടമുള്ളതല്ലേ ഞാനിടാ… അവനാര ചോക്കാൻ…. പട്ടികാട്ടുകാരി പോലും,.അവനാരാ മഹാരാജാവോ?തെമ്മാടി….മനസ്സിൽ അവനോടുള്ള അമർഷം കത്തി പുകഞ്ഞോണ്ടിരിക്കാണ്.. ഏതോ ചേച്ചിയോട് ചോദിച്ച് ഫസ്റ്റ് ഇയേർസ് ഇരിക്കുന്ന ഓഡിറ്റോറിയത്തിലെത്തി… ആരെയാണോ ഇനി കാണരുതെന്ന് വിചാരിച്ചത് അവൻ എന്റെ തൊട്ടു മുന്നിൽ ഇളിച്ചോണ്ടിരിക്കുന്നു.. അതും മൊത്തം പെൺപിള്ളേരുടെ നടുക്ക്…” തെമ്മാടി” .. പരിചയപ്പെടാൻ വന്നതാവും ജൂനിയെർസിനെ…. മനസ്സ് പറഞ്ഞു.. കൺട്രോൾ നന്ദു, നീയവനെ കണ്ടിട്ടും ഇല്ല, ഒന്നും ഉണ്ടായിട്ടും ഇല്ല… ഹും!!

പ്രിൻസിപ്പൽ വന്നു എല്ലാവരെയും വെൽക്കം ചെയ്തു കൊണ്ടുള്ള പ്രസംഗവും തമ്മിൽ തമ്മിൽ പരിചയപ്പെടുന്ന ചടങ്ങും ഒക്കെ തുടങ്ങി. ഈ തെമ്മാടിയെന്താ പോവാത്തെ? എന്റെ ചിന്ത മുഴുവൻ അതായിരുന്നു.. അപ്പോഴാണ് അവൻ തിരിഞ്ഞു നോക്കിയത്! ഞാൻ ഞെട്ടി പിന്തിരിഞ്ഞു.. ബാക്കിലുള്ള കുട്ടികളെ പരിചയപ്പെടാൻ തുടങ്ങി.. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. അവൻ സീനിയർ അല്ല…
അവൻ സെൽഫ് ഇൻട്രോ ഇങ്ങനെയാണ് പറയുന്നത്… ” ഞാൻ അഭി, മെക്‌ ഫസ്റ്റ് ഇയർ , ഡിപ്ലോമ കഴിഞ്ഞു, അതോണ്ട് സീനിയർ ആണ് ടി, വേണെങ്കി ഒരു കൈ നോക്കാം, കിക്കിക്കി” ,അവന്റൊരു ഉണക്ക ചിരി… തെമ്മാടി, തെമ്മാടി… പലവുരു ആവർത്തിച്ചു.. ഇങ്ങനെയണോ പരിചയപ്പെടുന്നെ!!!

“ആഹാ ആരിത്?? തമ്പുരാട്ടി ഇവിടുണ്ടായിരുന്നോ? അപ്പൊ അമ്പലത്തിലേക്ക് വന്നതല്ല ലെ, ഏതാടി സെക്ഷൻ….” അവനോടുള്ള ദേഷ്യം മുഴുവൻ പുറത്തു ചാടി..
“നീ പോടാ, സീനിയർ ആവുമല്ലൊന്നു കരുതി വെറുതെ വിട്ടതാ, നീയാരാ ന്നെ എടി പോടീ ന്നു വിളിക്കാൻ.. പേടിപ്പിക്കാൻ വന്നിരിക്കുന്നു തെമ്മാടി!!
ആ വിളി ഇത്തിരി ഉച്ചത്തിലായി പോയി.. അവനാകെ അന്തം വിട്ടു നില്പായി,അവനതു പ്രതീക്ഷിച്ചിരുന്നില്ല.. എല്ലാവരും ഞാനെന്തോ മാരകമായ കുറ്റം ചെയ്ത കൂട്ട് എന്നെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി…

എനിക്കാകെ പേടി തുടങ്ങി, അത്രക്കും വേണ്ടായിരുന്നുന്നു സ്വയം തോന്നി.. പക്ഷെ അവന്റെ അഹങ്കാരം എനിക്ക് തീരെ പിടിച്ചില്ല. സ്വതവേ പാവമായ ഞാൻ അന്നാദ്യമായി ഒരാണിനോട് കയർത്തു സംസാരിച്ചു… എനിക്കെന്ത് പറ്റിയെന്നു എനിക്ക് പോലും അറിയില്ലായിരുന്നു..അവൻ അടുത്തേക്കടുത്തേക്ക് വരും തോറും മനസ്സ് പടപടാന്നു ഇടിക്കാൻ തുടങ്ങി… “നീ കൊള്ളാല്ലോ ടി പെണ്ണെ! പൂച്ചയെ പോലത്തെ മോന്തേം പുലിടെ വർത്താനോം, നിന്നെ ഞാൻ എടുത്തോളാം ട്ടോ!!” അതായിരുന്നു തുടക്കം….

പിന്നീടെന്റെ കോളേജ് ജീവിതം മുഴുവൻ ആ തെമ്മാടിയെ ചുറ്റിപ്പറ്റിയായിരുന്നു..
കോളേജിലെവിടെയും അവനായിരുന്നു, എല്ലാ പരിപാടികൾക്ക് മുന്നിലും, എല്ലാ അടിപിടി കേസുകളിലും ആദ്യം അവന്റെ പേരാവും ഉയർന്നു കേൾക്കുക.. ശരിക്കും അവനൊരു തെമ്മാടി തന്നെ ആയിരുന്നോ എന്നെനിക്കറിയില്ല.. പക്ഷെ, എനിക്കവൻ ഓരോ നിമിഷവും തെമ്മാടി മാത്രമായിരുന്നു.. പഠിപ്പിക്കുന്ന ടീച്ചേഴ്സിനോട് ഒരു ഉളുപ്പുമില്ലാതെ കമന്റ് അടിക്കുന്നവനെ തെമ്മാടി എന്ന് തന്നെയല്ലേ വിളിക്കേണ്ടത്? ഹോസ്റ്റലിൽ നിന്നും രാത്രി പുറത്തു ചാടി പെൺപിള്ളേരേം കൊണ്ട് സിനിമക്ക് പോവുന്നവൻ പിന്നെ തെമ്മാടി തന്നെയല്ലേ?? അവന്റെ ഏതോ ഫ്രണ്ടിനെ തല്ലി എന്നും പറഞ്ഞു ബസ് സ്റ്റാന്റിലിട്ടു കുറെ ചെക്കന്മാരെ പൊതിരെ തല്ലുന്നവനെ തെമ്മാടിയെന്നല്ലാതെ പിന്നെന്താ വിളിക്കേണ്ടത്?? കോളേജ് ഡേക്ക് കുടിച്ചു കൂത്താടി ഷർട്ട് ഒക്കെ വലിച്ചെറിഞ്ഞു, ഡാൻസ് എന്നും പറഞ്ഞു എന്തൊക്കെയോ പേകൂത്തു കാണിച്ച അവനെ പിന്നെ തെമ്മാടിയെന്നല്ലാതെ യേശു ക്രിസ്തു ന്നു വിളിക്കാൻ പറ്റോ..

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനാവുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു.. അവന്റെ ഡിപ്പാർട്ടമെന്റ് മെക്കാനിക്ക് ആയിരുന്നിട്ടു കൂടി അവൻ എന്റെ ക്ലാസ്സിലുള്ളവരുടെ കണ്ണിലുണ്ണി ആയിരുന്നു,എനിക്കൊഴികെ!! ഞാൻ മാത്രം അവന്റെ തെമ്മാടിത്തരങ്ങൾ മാത്രം കാണാൻ ശ്രമിച്ചു.. എനിക്ക് അവനോടെന്തോ ശത്രുത പോലെയായിരുന്നു.. എപ്പോഴും അവന്റെ കുറ്റങ്ങൾ മാത്രം കാണാൻ ശ്രമിച്ചു..

ആദ്യമാദ്യം അവൻ എന്നോട് ചിരിക്കാനും കൂട്ടുകൂടാനുമൊക്കെ ശ്രമിച്ചിരുന്നു.. അപ്പോഴൊക്കെ ഞാനവനെ കണക്കിന് കളിയാക്കി,ശത്രുത തീർത്തു.. എന്തിനാണെന്ന് എനിക്ക് പോലുമറിയില്ല.അവന്റെ കൂട്ടുകാരൊക്കെ എന്റെ ശത്രുക്കളായി.. അവരോടൊക്കെ ഞാൻ അകലം പാലിച്ചു.. നന്നായി പഠിച്ചിരുന്നത് കൊണ്ട് കോളേജിൽ എല്ലാവരുടെ ഇടയിലും എനിക്ക് നല്ല പേരായിരുന്നു. എന്നെ വെറുപ്പിക്കേണ്ടെന്നു കരുതി എന്റെ പല കൂട്ടുകാരികളും അവനോടുള്ള സൗഹൃദം ഉപേക്ഷിച്ചു.. ഞാൻ കാണാതെ അവനോട് കൂട്ടുകൂടേണ്ട അവസ്ഥയായി അവർക്കൊക്കെ…

ഈ വെറുപ്പും ദേഷ്യവും എന്തിനാണെന്ന് പലവുരു ഞാൻ എന്നോട് തന്നെ ചോദിച്ചു,.. ആർക്കും തോന്നാത്ത, ആരോടും തോന്നാത്ത ദേഷ്യം എന്തിനു അവനോട് തോന്നണം?? അവനു എന്റെ ജീവിതത്തിൽ ഞാനിത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്?? ആ ചോദ്യങ്ങൾക്കൊക്കെ എനിക്കൊരുത്തരമേ കിട്ടിയുള്ളൂ… ഈ ദേഷ്യവും വെറുപ്പുമെല്ലാം ഒരു തരം മറയാണ്, അവനോടുള്ള എന്റെ പ്രണയം ആരുമറിയാതിരിക്കാനുള്ള ഒരു മറ.. പ്രണയമോ, അതും തനിക്കോ, ആ തെമ്മാടിയോടോ?? ആവർത്തിച്ചാവർത്തിച്ചു ചോദിച്ചു, ഒരെയൊരുത്തരം… അതെ തനിക്കവനോട് പ്രണയമാണ്… പക്ഷെ എങ്ങനെ?? അറിയില്ല, താൻ പോലുമറിയാതെ അവനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു..

അവൻ മറ്റു പെൺകുട്ടികളോട് സംസാരിക്കുമ്പോൾ ഇത്രക്ക് ദേഷ്യം വരുന്നത് അതിനാലാണ്.. അവനെ കുറിച്ച് മോശമായി കേൾക്കുമ്പോൾ വെറുപ്പല്ല ,മറിച്ചു സങ്കടമാണ് വരുന്നത്..

ആ തിരിച്ചറിവ് ലഭിച്ചത് മുതൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി.. ആരോടും പറയാൻ പറ്റാത്ത അവസ്ഥ…എന്റെ ഫ്രണ്ട്സ് അറിഞ്ഞാൽ പിന്നെ തന്നെ കളിയാക്കി കൊല്ലും.. അവന്റെ ഫ്രണ്ട്സ് അറിഞ്ഞാലോ,, ഈശ്വരാ അതിലും ഭേദം സ്വയം കത്തിയെടുത്തു കുത്തി ചാവുന്നതാ… അവനോട് പറയാമെന്നു വിചാരിച്ചാലോ അവനൊരിക്കലും തന്നെ ഇഷ്ടമാവുകയുമില്ല… അത്രയ്ക്കും താനവനെ വെറുപ്പിച്ചിട്ടുണ്ട്…

അതിനു ശേഷമുള്ള ഓരോ ദിവസവും കോളേജ് എനിക്ക് വെറുക്കപ്പെട്ട ഒരിടമായി.. എങ്ങനെയെങ്കിലും ക്ലാസ് തീർന്നു ഹോസ്റ്റലിൽ എത്തിപ്പെട്ടാൽ മതിയെന്നായിരുന്നു.. എല്ലാവരിൽ നിന്നും ഒളിച്ചോടുകയായിരുന്നു.. പ്രത്യേകിച്ചും അവനെ കാണാതിരിക്കാൻ ശ്രമിച്ചിരുന്നു.. പലപ്പോഴും അവൻ മുൻപിലെത്തുമ്പോൾ,മനസ്സ് പതറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..പക്ഷെ,അവൻ എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ എന്ന പോലെ എന്നും ക്ലാസ്സിൽ വരികയും എന്റെ കൂട്ടുകാരികളോടൊക്കെ സൊറ പറഞ്ഞിരിക്കുകയും ചെയ്ത് എന്നെ മൈൻഡ് പോലും ചെയ്യാതെ പോവുമായിരുന്നു.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കേട്ടു അവനു എന്റെ ക്ലാസ്സിലെ ഒരു കുട്ടിയോട് പ്രണയമാണെന്നു.. അതും എന്റെ കൂട്ടുകാരിൽ ഒരാൾ.. ഞാൻ തകർന്നു പോയി.. അവരെ ഒരുമിച്ചു കാണുമ്പോഴൊക്കെ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെയായിരുന്നു…അവിടെ നിന്നാൽ ഭ്രാന്തു പിടിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഒരു പനി എന്നും പറഞ്ഞു ലീവ് എടുത്ത് എല്ലാറ്റിൽ നിന്നും ഒളിച്ചോടാൻ വേണ്ടി വീട്ടിലേക്കുള്ള ട്രെയിൻ കയറിയത്..

ആരിൽ നിന്നാണോ ഒളിച്ചോടാൻ തുടങ്ങിയത് അവൻ എന്റെ നേരെ തൊട്ടു മുന്നിൽ ഇരിക്കുന്നത് പോലെ.. സ്വപ്നമാണോ എന്നറിയാൻ ഞാൻ എന്നെ തന്നെ നുള്ളി നോക്കി, അല്ല സ്വപ്നമല്ല, സത്യമാണ്.. അതവൻ തന്നെയാണ്.. ഈശ്വരാ! എന്നെ പരീക്ഷിച്ചത് മതിയായില്ല ലെ?? ഞാൻ അവനെ കാണാത്ത ഭാവത്തിൽ അപ്പുറത്തു പോയിരുന്നു..
” ദൈവമേ, നന്ദന!! താനൊക്കെ ക്ലാസ് കട്ട് ചെയ്യോ?? പടിപ്പിസ്റ്റിന് ഇങ്ങനത്തെം ഒരു മുഖമുണ്ടോ? ആരെ കാണാൻ പോവാണെടോ?? തനിക്ക് ലൈൻ ഉള്ളതായി എന്റെ അറിവിലില്ലല്ലോ?? പിന്നെ എങ്ങോട്ടാണെടോ? ഞാൻ ഇന്ന് വീട്ടിലോട്ടു പോവാ, ഒരു കസിന്റെ മാര്യേജ്… ”

” ഇയാളൊന്നു മിണ്ടാതിരിക്കാവോ? ഞാൻ ഒന്നും ചോദിച്ചില്ലല്ലോ,, എനിക്കിയാളുടെ ഒരു കാര്യോം അറിയണ്ട.. എങ്ങോട്ടാന്നു വെച്ച പൊയ്ക്കോ… എനിക്കിത്തിരി മനസമാധാനം തന്നാ മതി..എവിടെ ചെന്നാലും സ്വസ്ഥത തരില്ല്യാന്നു വെച്ചാ!!!”.. ഞാൻ ഇത്തിരി കടുപ്പിച്ചാണത് പറഞ്ഞത്..

” ഐ ആം സോറി നന്ദന”.. അവൻ അതും പറഞ്ഞു എണീറ്റ് പോയി.. എനിക്കാകെ വിഷമമായി.. ഞാൻ എന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് അവനെയാണ്.. എന്നിട്ടും, അവനെ വേദനിപ്പിക്കേണ്ടി വരുമ്പോൾ!!!! ഞാനെന്തു ചെയ്യും പിന്നെ?? ആരോട് പറയും എന്റെ അവസ്ഥ!! ആർക്ക് മനസ്സിലാവും..ഓരോന്നോർത്തിരിക്കുമ്പോൾ അവൻ വീണ്ടും എനിക്കഭിമുഖമായി വന്നിരുന്നു.. പക്ഷേ ഇത്തവണ അവൻ എന്നെ ഒന്ന് നോക്കിയത് പോലുമില്ല.. അവൻ പാട്ട് വെച്ച് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.. ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും ഞാൻ അവനെ പ്രതീക്ഷയോടെ നോക്കും,പക്ഷെ അവൻ എന്നെ തീർത്തും അവോയ്‌ഡ് ചെയ്യുകയായിരുന്നു.. അവൻ പിന്നെ എന്നെ ഒന്ന് നോക്കിയത് പോലുമില്ല. അവന് ഇടക്കിടക്ക് കോൾ വരും, അവൻ ഫോണിൽ ചിരിച്ചു വർത്താനം പറയുമ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഇരട്ടിക്കുകയായിരുന്നു…അവളോടാവും ശ്രിങ്കാരം…

അവൻ രാത്രിയായിട്ടും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.. ഒരു പൊതുസ്ഥലമാണെന്നു പോലും നോക്കാതെ ഞാൻ അവനോട് ശബ്ദമുയർത്തി പറഞ്ഞു!
“നിനക്കിപ്പോ എന്നെയൊന്നു നോക്കാൻ പോലും വയ്യാലെ, ഞാനെന്തു തെറ്റ് ചെയ്തു എന്നെ ഇങ്ങനെ ഒഴിവാക്കാൻ!!” അത് മാത്രം പറഞ്ഞതെ എനിക്കോർമ്മയുള്ളു,,പിന്നെ മനസ്സിലുള്ള സങ്കടം മുഴുവൻ പൊട്ടിക്കരഞ്ഞു തീർക്കുകയായിരുന്നു.. കരഞ്ഞു തീർന്നപ്പോഴാണ് ഞാൻ എന്ത് അബദ്ധമാണ് കാണിച്ചതെന്ന് മനസ്സിലായത്… അവനെ അവിടെയൊന്നും കാണാനില്ല.. ഞാൻ വിചാരിച്ചു ഞാൻ പറഞ്ഞതൊന്നും അവന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവില്ല.. ഛെ!! ഒന്നും വേണ്ടായിരുന്നു, മനസൊന്നു ശാന്തമായപ്പോൾ മുഖം കഴുകാനായി ഞാൻ എണീച്ചു. വാതിലിനടുത്തെത്തിയപ്പോൾ അവൻ അവിടെ കാറ്റ് കൊണ്ട് നിൽക്കുന്നത് കണ്ടു..

അവനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെ, ഞാൻ അവൻ അറിയാതിരിക്കാൻ വളരെ പതുക്കെ ചുവടുകൾ വെച്ചു.. മുഖം കഴുകി ഉയർത്തിയപ്പോൾ തൊട്ടു പിന്നിൽ ചിരിച്ചു കൊണ്ടവൻ നിൽക്കുന്നു…
” തനെന്തിനാടോ കരഞ്ഞെ??” അവൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ നിൽക്കുകയാണ്.. “ഒന്നിനുമില്ല”… ഞാൻ അവനെ തട്ടി മാറ്റി പോവാൻ നോക്കി.. പക്ഷെ, അവൻ വിടാനുദ്ദേശമില്ലായിരുന്നു.. അവനെന്നെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് നിന്നു! ” മാറ്, ഞാൻ പോട്ടെ”, ഞാൻ അപേക്ഷിച്ചു..
“പൊയ്ക്കോ”,താൻ കരഞ്ഞത് എന്തിനാണെന്നു പറഞ്ഞിട്ട് പൊയ്ക്കോ?”..

“എനിക്കറിയില്ല,ആർക്കും പറഞ്ഞു മനസ്സിലാക്കിത്തരാനും എനിക്ക് വയ്യ..”.. ഞാൻ മുഖം കുനിച്ചു.. ” എന്നാ എനിക്കറിയാം, ഞാൻ കുറച്ചു നേരം നിന്നെ അവോയ്‌ഡ് ചെയ്തപ്പോ നിനക്കിത്രേം ഫീൽ ആയെങ്കിൽ, ഈ മൂന്നു വർഷം നീയെന്നെ അവോയ്‌ഡ് ചെയ്തോണ്ടിരിക്കുമ്പോ എനിക്കെത്ര ഫീലായിട്ടുണ്ടാവും എന്ന് നിനക്ക് ചിന്തിക്കാൻ പറ്റോ?? എനിക്കറിയായിരുന്നു ടി കള്ളി നിനക്കെന്നെ ഒത്തിരിയൊത്തിരി ഇഷ്ടാണെന്നു ,പക്ഷെ നിന്റെ വായിൽ നിന്നും അതൊന്നു കേൾക്കാൻ വേണ്ടിയിട്ടാടി പെണ്ണെ ഇതൊക്കെ ചെയ്തേ!! നിന്നോട് മിണ്ടാതെ, നിന്നെ ഒഴിവാക്കി,നിന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിച്ചു നിന്നെ കൊണ്ട് തന്നെ ഇതൊക്കെ പറയിപ്പിക്കാൻ… കേട്ടോടി തമ്പുരാട്ടി!! എനിക്ക് നിന്നെ എങ്ങനെയാ ഇഷ്ട്ടായെന്നു ഇപ്പഴും ഒരു പിടിം ഇല്ല., നല്ല നാല്‌ പെട തരാനുള്ളത്ര ദേഷ്യണ്ടായിരുന്നു,, പക്ഷെ പിന്നീടെപ്പോഴോ ഞാൻ പോലുമറിയാതെ നീയെന്റെ മനസ്സിൽ കയറിക്കൂടി… നിനക്കൊരിക്കലും എന്നെ ഇഷ്ടമാവില്ല എന്നായിരുന്നു ഉള്ളു മുഴുവൻ.. അതൊന്നറിയാനാ വിദ്യയുമായി പ്രേമാണെന്നു പറഞ്ഞത്, നിന്റെ മുഖം കണ്ടപ്പോ എനിക്ക് മനസ്സിലായി എനിക്ക് നീയെങ്ങാനെയാണോ,അതെ പോലെയാണ് നിനക്ക് ഞാനെന്നും.. പക്ഷെ, നീ പറയില്ല ന്നുള്ള വാശിയിലായിരുന്നല്ലോ.. അപ്പോ പിന്നെ നിന്നെ കൊണ്ട് പറയിപ്പിച്ചേ അടങ്ങു ന്ന് ഞാനും വിചാരിച്ചു.. ഒന്നുല്ലെങ്കിലും ഞാൻ നിന്റെ തെമ്മാടിയല്ലെടി??എനിക്ക് ഇപ്പൊ ഒന്ന് മാത്രമറിയാം,നീയില്ലാത്ത ഒരു നിമിഷം പോലും എനിക്കിനി വയ്യ”

സ്വപ്നമാണോ സത്യമാണോ എന്ന് വേർതിരിച്ചറിയാൻ പറ്റാത്തൊരവസ്ഥ,എന്റെ അന്തം വിട്ട നിൽപ് കണ്ടിട്ടാണെന്നു തോന്നുന്നു, അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “എന്റെ പൊട്ടി പെണ്ണെ ഐ ലവ് യു ന്ന്””.. ചിരിയും കണ്ണീരും ഒരേ പോലെ വന്നു പോയി.. എന്റെ കണ്ണുനീർ തുടച്ചു കൊണ്ട്, എന്റെ മുഖം അവന്റെ കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ട് ചോദിച്ചു” ഈ തെമ്മാടിയുടെ പെണ്ണാവാമോ??” ഒരുത്തരം നൽകുന്നതിന് മുൻപ് തന്നെ അവനെന്റെ കവിളിൽ അമർത്തി ചുംബിച്ചിരുന്നു…. എന്നിട്ടൊരു കടിയും…

“പോടാ തെമ്മാടി,വേദനിച്ചു ട്ടോ”… അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ,ഈ തെമ്മാടിയെ എനിക്ക് നഷ്ടപ്പെടുത്തല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവന്റെ പ്രണയത്തിലലിയാനായി ഞാൻ അവനിൽ ലയിച്ചു…

രചന : Mubashir Mubu

LEAVE A REPLY

Please enter your comment!
Please enter your name here