Home Divya Anu Anthikkad കണ്ണ് നിറഞ്ഞിട്ട് കയ്യിലിരിക്കുന്ന ഫോണിന്റെ സ്ക്രീൻ വ്യക്തമായി കാണുന്നില്ല. സ്വപ്നമാണോ യാഥാർഥ്യമാണോ ഒന്നും തിരിച്ചറിയാൻ വയ്യ…

കണ്ണ് നിറഞ്ഞിട്ട് കയ്യിലിരിക്കുന്ന ഫോണിന്റെ സ്ക്രീൻ വ്യക്തമായി കാണുന്നില്ല. സ്വപ്നമാണോ യാഥാർഥ്യമാണോ ഒന്നും തിരിച്ചറിയാൻ വയ്യ…

0

രചന: Divya Anu Anthikad

കണ്ണ് നിറഞ്ഞിട്ട് കയ്യിലിരിക്കുന്ന ഫോണിന്റെ സ്ക്രീൻ വ്യക്തമായി കാണുന്നില്ല. സ്വപ്നമാണോ യാഥാർഥ്യമാണോ ഒന്നും തിരിച്ചറിയാൻ വയ്യ..

രവിയേട്ടന്റെ ഫോൺ ആണ് കയ്യിലിരിക്കുന്നത്. ഓഫീസിലേക്ക് പോയപ്പോൾ രവിയേട്ടൻ ഫോൺ എടുക്കാൻ മറന്നു.. പതിവില്ലാത്തതാണ് ഇങ്ങനൊരു മറവി..

ബെല്ലടിക്കുന്നത് കേട്ട് മുറിയിൽ വന്ന് നോക്കിയപ്പോഴാണ് രവിയേട്ടൻ ഫോൺ മറന്ന കാര്യം കണ്ടത്..

ഹലോ പറഞ്ഞതും മറുതലക്കൽ റിപ്ലൈ ഒന്നുമില്ല.. തിരിച്ചു വിളിച്ചപ്പോൾ ഓഫ്‌ ആക്കി കളഞ്ഞു..

രവിയേട്ടനെ ഓഫീസിലേക്ക് വിളിച്ചുപറയാം ഫോൺ ഇവിടെ ഉണ്ടെന്ന്.. റിംഗ് ചെയ്തിട്ടും ആരും എടുക്കുന്നില്ല..

വെറുതെ മെസ്സേജുകൾ ഒന്ന് നോക്കിയതാണ്.. കാഴ്ച മങ്ങിയ പോലെ.. താൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന തന്റെ രവിയേട്ടനാണോ മറ്റൊരുപെണ്ണിനോട്…..

വായിക്കാൻ പോലും അറപ്പുതോന്നുന്ന വിധത്തിലുള്ള മെസ്സേജുകൾ..

തനിക്കില്ലാത്ത കുറ്റങ്ങളില്ല.. ഒട്ടും റൊമാന്റിക് അല്ലത്രേ.. അടുക്കളയിൽ നിർത്താനേ കൊള്ളൂ എന്ന്.. മക്കളുടെ അമ്മയോടുള്ള ഒരൗദാര്യം ആണത്രെ ഈ വീട്ടിലെ തന്റെ ജീവിതം..

പഠനം കഴിഞ്ഞ് വിവാഹാലോചന വന്നപ്പോൾ തന്നെ ജോലിക്ക് വിടാം എന്നുള്ള വാഗ്ദാനം ഒക്കെ കാറ്റിൽ പറന്നുപോയി..

വിവാഹത്തിന്റെ രണ്ടാം മാസം ഗർഭിണിയായ തന്നെ സ്നേഹം കൊണ്ട് പൊതിയുന്ന ഭർത്താവിന്റെ കീഴിൽ നിന്നും എവിടേക്കും പോകാൻ തോന്നിയില്ല എന്നുള്ളതാണ് സത്യം..

അന്ന് മുതൽ ഇന്ന് വരെ കാര്യമായ വഴക്കുകൾ ഒന്നുമില്ലാത്ത ജീവിതം.. പിണക്കങ്ങൾ ഇണക്കങ്ങളാകാൻ നിമിഷങ്ങൾ മതിയായിരുന്നു..

ആ രവിയേട്ടനാണ് ഇന്ന് മറ്റൊരു പെണ്ണിനോട് തന്നെ പറ്റി ഇത്രയും മോശമായി പറഞ്ഞിരിക്കുന്നത്..

മക്കളെ നോക്കിയും രവിയേട്ടന്റെ കാര്യങ്ങൾ ഒരു മുടക്കം ഇല്ലാതെ ചെയ്‌തും നടന്ന് ഇവരെന്റെ ലോകം എന്ന് ചിന്തിച്ചും നടന്നതാണോ എന്റെ തെറ്റ്… അറിയില്ല..

എനിക്ക് വേണ്ടി ഞാൻ ജീവിച്ചില്ല.. അതായിരിക്കും എന്റെ തെറ്റ്.. നെഞ്ചിനകത്തു ഒരു ഭാരം.. മുറിയിൽ വെളിച്ചം ഉണ്ടെങ്കിലും കണ്ണിൽ ഇരുട്ട് മാത്രം…

മറ്റൊരു പെണ്ണിനെ മനസ്സിലിട്ട് എങ്ങനെ എന്റെ അടുത്ത്…………

എന്റെ ശരീരത്തോട് തന്നെ അറപ്പു തോന്നുന്നു.. ഈ മനുഷ്യന്റെ നെഞ്ചിൽ തല വച്ചാണോ ഞാൻ സ്വപ്നം കണ്ടിരുന്നത്….

എന്റെ ശരീരവും മനസ്സും ഒരുക്കിയതും ഒരുങ്ങിയതും എല്ലാം ആർക്കുവേണ്ടി…

എനിക്ക് എന്ത്‌ കുറവുണ്ടെങ്കിലും രവിയേട്ടന് എന്നോട് പറയാമായിരുന്നില്ലേ….

കൂടെ കഴിയുന്ന ഓരോ നിമിഷവും ഞാൻ എത്ര ആത്മാർഥമായി സ്നേഹിച്ചു..വിശ്വസിച്ചു…
അതെല്ലാം ഒരു ചീട്ടു കൊട്ടാരം ആയിരുന്നോ ദൈവമേ…

കൂടെ കഴിയുന്ന എന്റെ പോരായ്മകൾ മറ്റൊരുവളോട് പറയുന്നനേരം എന്നോട് തുറന്നുപറഞ്ഞിരുന്നെങ്കിൽ…..

വിറച്ചുകൊണ്ടാണെങ്കിലും രണ്ടു വരി എഴുതി…

രവിയേട്ട ഞാൻ പോകുന്നു….നമ്മുടെ മക്കളെ പോകുന്നവഴിയിൽ ഞാൻ കൊണ്ടുപോകും…. മക്കൾക്ക്‌ വേണ്ടിയുള്ള ജീവിതത്തിന് ഇതിനേക്കാൾ അന്തസ്സ് ഉണ്ടാകും എന്ന് കരുതുന്നു…ഇറക്കി വിടുന്നതിനും മുൻപേ ഞാൻ അന്തസ്സോടെ ഇറങ്ങുന്നു… അവർ വളരട്ടെ ആരെയും വഞ്ചിക്കാൻ അറിയാത്ത മക്കളായി…

രചന: Divya Anu Anthikad

LEAVE A REPLY

Please enter your comment!
Please enter your name here