Home Latest ‘പ്രഭേ… ഷർട്ട് എവിടെയാ ഇസ്തിരി ഇട്ടു വച്ചിരിക്കുന്നെ.. എന്റെ സോക്സ്‌ എവിടെ.. എടീ കർച്ചീഫ് കാണുന്നില്ലെന്ന്…...

‘പ്രഭേ… ഷർട്ട് എവിടെയാ ഇസ്തിരി ഇട്ടു വച്ചിരിക്കുന്നെ.. എന്റെ സോക്സ്‌ എവിടെ.. എടീ കർച്ചീഫ് കാണുന്നില്ലെന്ന്… പ്രഭേ.. നീയതെവിടെയാ …’

0

‘പ്രഭേ… ഷർട്ട് എവിടെയാ ഇസ്തിരി ഇട്ടു വച്ചിരിക്കുന്നെ.. എന്റെ സോക്സ്‌ എവിടെ.. എടീ കർച്ചീഫ് കാണുന്നില്ലെന്ന്… പ്രഭേ.. നീയതെവിടെയാ …’

രാജൻ അടുക്കളയിൽ ചെന്നു നോക്കി.. പ്രഭ അടുക്കളയിൽ ബോധമറ്റു കിടക്കുന്നു..

‘പ്രഭേ.. പ്രഭേ. . കണ്ണു തുറക്കെടീ… പ്രഭേ…..’

‘അയ്യോ അമ്മേ….’
രേവതി ഞെട്ടിയുണർന്നു. സമയം രണ്ടു മണി. അവൾ ആകെ വിയർത്തിരുന്നു. ഉറക്കത്തിൽ കരഞ്ഞ ലക്ഷണമുണ്ട്. നെറ്റിയിലും ചുണ്ടില് മുകളിലും കഴുത്തിലും വിയർപ്പു മണികൾ തിളങ്ങി. അവൾ കൈകൊണ്ട് അവ തുടച്ചു നീക്കി.
‘എന്റെ അമ്മയ്ക്കും അച്ഛനും ഒന്നും വരുത്തല്ലേ…’
അവൾ മനമുരുകി പ്രാർത്ഥിച്ചു.

അവൾ പതിയെ എണീറ്റ് അമ്മയുടെ മുറിയിലേക്ക് ചെന്നു. ‘
അമ്മ നല്ല ഉറക്കം.. അച്ഛന്റെ മുറിയിൽ നിന്നും നീട്ടിയുള്ള കൂർക്കംവലി കേൾക്കാം..

അവൾ വീണ്ടും പോയി പ്രാർത്ഥിച്ചു കിടന്നു.

*********

‘പ്രഭേ… ഷർട്ട് എവിടെയാ ഇസ്തിരി ഇട്ടു വച്ചിരിക്കുന്നെ.. എന്റെ സോക്സ്‌ എവിടെ.. എടീ കർച്ചീഫ് കാണുന്നില്ലെന്ന്… പ്രഭേ.. നീയതെവിടെയാ …’

‘എന്റെ രാജേട്ടാ.. ഇതെപ്പോഴും ഞാൻ തന്നെ എടുത്തു തരണോ… എവിടെയൊക്കെയാണെന്നു ഈ പത്തിരുപത്തഞ്ചു വർഷമായിട്ടും അറിയില്ലേ.. എന്നും വിളിച്ചോണം പ്രഭേ.. പ്രഭേ… ന്നു…’

‘രാവിലെ തന്നെ നിന്റെ തിരുമോന്ത കാണാനല്ല. ഇതൊക്കെ നീ കൃത്യമായിട്ട് എടുത്തു വച്ചാൽ ഞാൻ എന്നും രാവിലെ നേരം വൈകി ഇറങ്ങാണോ…’

‘ഓ.. പിന്നെ ഞാൻ എന്നും എല്ല സാധനങ്ങളും കൃത്യസ്ഥലത്തു തന്നെയാ വെക്കാറ്.. നിങ്ങൾ എന്നും നേരം വൈകി എണീക്കുന്നതും പോരാ.. പത്രോം വായിച്ച കുതിയിരിക്കും. എന്നിട് നേരം വൈകുന്നേന് കുറ്റം എനിക്ക്… നിങ്ങൾക്കാ പത്രം വൈകിട്ട് വന്നിട്ടു വായിച്ചാലെന്താ.. ‘

‘പിന്നെ രാവിലത്തെ പത്രം വൈകിട്ടാണോ വായിക്കുന്നെ.. നിനക്ക് വിവരം ഇല്ലാത്തത് ആരുടെ കുറ്റമാ.. ഇപ്പൊ തർക്കിക്കാതെ പോയി ബ്രേക്ഫാസ്റ്റ് എടുത്തു വെക്ക്… ‘

‘രാവിലെ തുടങ്ങിയോ അംഗം..നിങ്ങൾ പ്രേമിച്ചു കെട്ടിയതാണെന്നു ഞാൻ ഒരിക്കലും വിശ്വസിക്കില്ല….

‘എഴുന്നേറ്റോ മഹാറാണി.. അടുത്തമാസം കല്യാണം കഴിക്കേണ്ട പെണ്ണാ.. എഴുന്നേൽക്കുന്ന സമയം കണ്ടില്ലേ. പോയി പല്ലു തെക്കേടി..’

പ്രഭ രേവത്തിക്കുനേരെ കൈ ഓങ്ങി. അവൾ ഓടി ബാത്റൂമിൽ കയറി വാതിലടച്ചു..

‘നിങ്ങളാ.. അവളെ ഇങ്ങനെ വഷളാക്കിയത്..’

പ്രഭ രാജനെ കുറ്റപ്പെടുത്തി..

‘ഈ വക കാര്യങ്ങളൊക്കെ അമ്മമാരാ പെണ്കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത്. അല്ലാതെ എല്ലാത്തിനും എന്നെ കുറ്റപ്പെടുത്തുവല്ല..’

‘എന്റെ ദൈവമേ എന്നു തീരും ഈ അംഗം..’
ബാത്റൂമിലിരുന്ന് രേവതി ആലോചിച്ചു.
******
‘അമ്മേ ഇന്ന് “വാലന്റൈൻസ് ഡേ” അല്ലെ.. ഞാൻ രാഹുലേട്ടന്റെ കൂടെ ഒന്നു പുറത്തു പോവാണെ…’

പ്രഭ കുളിക്കുകയായിരുന്നു.

‘മോളെ ടീ വേഗം വരണേ.. അറിയാല്ലോ അച്ഛനിതൊന്നും ഇഷ്ടമല്ല.’

‘ഞാൻ അച്ഛനോട് നേരത്തെ പെർമിഷൻ വാങ്ങിയതാ… പോവാണെ… ബൈ..’

രാജൻ വന്നപ്പോളും പ്രഭ കുളിക്കുന്ന ഒച്ച കേട്ടു..

അയാൾ അയാളുടെ റൂമിലേക്ക് നടന്നു. ബെഡിൽ ഒരു പാക്കറ്റ് കണ്ടു തുറന്നു നോക്കിയപ്പോൾ ഒരു ചന്ദന നിറത്തിലുള്ള ജുബ്ബയും മുണ്ടും. അതിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു.

‘രാജേട്ടാ.. ഓർക്കുന്നോ നമ്മുടെ പഴയകാലം. ഇന്ന് ഒരു പ്രണയദിനമാണ്. എത്ര നാളായി നമ്മൾ ഒന്നു സ്നേഹത്തോടെ സംസാരിച്ചിട്ട്.. ഇന്ന് മോള് ഇവിടെയില്ലല്ലോ അവൾ വൈകിയെ വരൂ.. ഏട്ടൻ ഒരു മുഴം മുല്ലപ്പൂവുമായി ഏട്ടുമണിയാകുമ്പോൾ ടെറസ്സിൽ വരുമോ.. ഞാൻ തന്ന ഈ ഡ്രസ് ഇട്ടു വേണം വരാൻ. പ്ളീസ്..

‘ഇവൾക്കിതെന്തിന്റെ പ്രാന്താ.. എന്തായാലും നോക്കാം.. മുല്ലപ്പൂ കിട്ടുമൊന്നു നോക്കട്ടെ.. അവൾടെ ഒരാഗ്രഹമല്ലേ.. ‘

********

കുളികഴിഞ്ഞിറങ്ങി വന്ന പ്രഭ കണ്ടത് ഒരു പാക്കറ്റ് ആണ്.. മറൂണ് നിറത്തിലുള്ള സാരി. കൂടെ ഒരു കുറിപ്പും…

‘പ്രഭേ… ഓർക്കുന്നോ നമ്മുടെ പഴയകാലം. ഇന്ന് ഒരു പ്രണയദിനമാണ്. എത്ര നാളായി നമ്മൾ ഒന്നു സ്നേഹത്തോടെ സംസാരിച്ചിട്ട്.. ഇന്ന് മോള് ഇവിടെയില്ലല്ലോ അവൾ വൈകിയെ വരൂ.. നീ ഈ സാരിയുടുത്ത് ഏഴരയാകുമ്പോൾ ടെറസ്സിൽ വരുമോ..’

പ്രഭയുടെ കണ്ണുനിറഞ്ഞു..
‘ഇപ്പോഴും പഴയ സ്നേഹമുണ്ടല്ലേ.. കാണിക്കുന്നില്ലെന്നേയുള്ളൂ.. മോള് വളർന്നപ്പോൾ മുതലാണ് രണ്ടുമുറിയിൽ കിടക്കാൻ തുടങ്ങിയതുപോലും.. ഇന്നിപ്പോ ഏട്ടന്റെ ഇഷ്ടം പോലെ നടക്കട്ടെ…’

**********

ടെറസ്സിൽ പുതിയ സാരിയുടുത്ത് നവവധുവിനെ നാണത്തോടെ പ്രഭ ദൂരേക്ക്‌ നോട്ടം പായിച്ചു നിന്നു.. രാജൻ പുറകിലൂടെ ചെന്നു. അവളുടെ മുടിയിൽ മുല്ലപ്പൂ ചൂടികൊടുത്തു.. പ്രഭ കണ്ണീരോടെ രാജന്റെ നെഞ്ചിൽ ചാഞ്ഞു..
‘എത്ര നാളായി രാജേട്ടാ… നമ്മളിങ്ങനെ.. ‘

രാജൻ അവളുടെ വായ്പൊത്തി…

കുറെ നേരം അവരങ്ങനെ നിന്നു.

‘അല്ല… നല്ല സാരി എവിടുന്നു വാങ്ങി നീ . എന്തായാലും നിനക്കു ഇങ്ങനെ ഒരു ഐഡിയ തോന്നിയത് നന്നായി. നമ്മൾ നമ്മുടെ പ്രണയകാലം വീണ്ടും ഓർത്തല്ലോ..
പ്രഭ മനസ്സിലാകാതെ രാജനെ നോക്കി..

ഇതേ സമയം രേവതിയും രാഹുലും തലക്കു കയ്യും കൊടുത്ത് ടെറസിന്റെ വാതിലിനു പിന്നിൽ നിൽപ്പുണ്ടായിരുന്നു.

‘ഈ സാരിയോ.. രാജേട്ടനല്ലേ…. ഐഡിയ….’
‘രണ്ടു പേരും കാൻഫ്യൂഷൻ ആകണ്ട.. ഐഡിയ ഞങ്ങളുടെയാ..’

എന്നു പറഞ്ഞു കൊണ്ട് കതകിന് പിന്നിൽ നിന്നും വരുന്ന രാഹുലിനെയും രേവതിയെയും കണ്ട്‌ അവർ അകന്നുമാറി..

പിന്നെ പറഞ്ഞത് രേവതിയാണ്.

‘അമ്മേ.. അച്ഛാ.. നിങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ചവരാണ്. എന്നിട്ടും ഇപ്പൊ ആ പ്രണയം എവിടെപ്പോയി. എപ്പോ നോക്കിയാലും കീരീം പാമ്പും പോലെ. ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ അതു പുറത്തു കാണിക്കുന്നതിനെന്താ തെറ്റ്.. എപ്പിഴും ഇങ്ങനെ ഉള്ള സ്നേഹം ഉള്ളതുപോലെ പെരുമാറിയാൽ എന്തു രസമാരിക്കും. ഞങ്ങൾ മക്കൾക്കും അതു തന്നെയാ ആഗ്രഹം.. കഴിഞ്ഞ ദിവസം ഞാൻ ഒരു സ്വപ്നം കണ്ടു. അന്നു മുതലാ ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കാതെ കൂട്ടി വച്ചിട്ട് ആരെ കാണിക്കാനാ.. ഒരു മാസം കഴിയുമ്പോ ഞാൻ അങ്ങു പോകും.. അപ്പോഴും ഇങ്ങനെ കീരീം പാമ്പും പോലെ കഴിയാനാണോ ഭാവം.. അപ്പൊ നിങ്ങൾക്ക് നിങ്ങളെ കാണൂ.

അതോർക്കാതെ സ്നേഹം പൊതിഞ്ഞു വച്ചിട്ട് എന്റെ അച്ഛനും അമ്മയും ഒരിക്കൽ വിഷമിക്കുന്നത് കാണാൻ ഒരിക്കലും ഇടവരരുത്..’

പ്രഭയും രാജനും മോളെ കെട്ടിപ്പിടിച്ചു..

‘എനിക്ക് എന്റെ അമ്മയെ കണ്ട ഓർമയില്ല. പക്ഷെ എല്ലാവരും പറയുമായിരുന്നു അവർ ഇണക്കുരുവികളായിരുന്നുവെന്നു. അച്ഛൻ ഇപ്പോഴും ആ ഓർമയിലാ ജീവിക്കുന്നത്..’

രാജനും പ്രഭയും രാഹുലിന് നേരെ കൈ നീട്ടി.. അവരെല്ലാരും ഒന്നിച്ചു പറഞ്ഞു..

“HAPPY VALENTINES DAY…”

*******
പിറ്റേ ദിവസം…

‘പ്രഭേ… ഷർട്ട് എവിടെയാ ഇസ്തിരി ഇട്ടു വച്ചിരിക്കുന്നെ.. എന്റെ സോക്സ്‌ എവിടെ.. എടീ കർച്ചീഫ് കാണുന്നില്ലെന്ന്… പ്രഭേ.. നീയതെവിടെയാ …’

‘എന്റെ രാജേട്ടാ.. ഇതെപ്പോഴും ഞാൻ തന്നെ എടുത്തു തരണോ… എവിടെയൊക്കെയാണെന്നു ഈ പത്തിരുപത്തഞ്ചു വർഷമായിട്ടും അറിയില്ലേ.. എന്നും വിളിച്ചോണം പ്രഭേ.. പ്രഭേ… ന്നു…’

‘എന്നാ ഞാൻ ഒരു സത്യം പറയട്ടെ.. നിന്റെ ഐശ്വര്യമുള്ള ആ തിരുമുഖം കാണാൻ തന്നെയാ വിളിക്കുന്നെ…’

അതും പറഞ്ഞു രാജൻ പ്രഭയെ തന്നിലേക്ക് വലിച്ചെടുപ്പിച്ചു.

അതുവഴി വന്ന രേവതി പെട്ടെന്ന്കണ്ണു പൊത്തി..

‘അയ്യോ… ഓവറാക്കല്ലേ.. ഞാൻ പോയികഴിഞ്ഞ് എന്തുമായിക്കോ..’

പ്രഭ ചിരിച്ചു കൊണ്ട് രാജനെ തള്ളിമാറ്റി അടുക്കളയിലേക്കു പോയി..

Note :-
സ്വന്തം പങ്കാളിയെ മരിക്കുവോളം പ്രണയിക്കുക.. അതിനു പ്രായം ഒരു തടസ്സമല്ല…

With lots of love..

Written By ദീപാ ഷാജൻ

LEAVE A REPLY

Please enter your comment!
Please enter your name here