Home Latest നന്ദേട്ടാ വല്ലാതെ വേദനിക്കുന്നു… സഹിക്കാനൊക്കുന്നില്ല…

നന്ദേട്ടാ വല്ലാതെ വേദനിക്കുന്നു… സഹിക്കാനൊക്കുന്നില്ല…

0

നന്ദേട്ടാ വല്ലാതെ വേദനിക്കുന്നു… സഹിക്കാനൊക്കുന്നില്ല…

നീയൊന്ന് അടങ്ങിക്കിടക്ക് ദേവൂ. എത്ര പറഞ്ഞാലും കേൾക്കില്ല. കുറച്ചൊക്കെ സഹിച്ചേ പറ്റൂ. നിനക്കു മാത്രം ഒരു വേദന.

അതല്ല നന്ദേട്ടാ …. ഇതിപ്പൊ എത്ര ദിവസായി ഈ വേദന…. നാളെ എന്നെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ടോവോ…?

ഉം ….. നാളെ നോക്കാം. ഇപ്പൊ നീയൊന്ന് അടങ്ങിക്കിടക്ക്. എനിക്കുറങ്ങണം.

എനിക്കെന്തോ ഉറങ്ങാൻ ഒക്കുന്നില്ല. സഹിക്കാനാകാത്ത വയറു വേദന. ഇതിപ്പോ കുറേ ദിവസായി..
എത്ര പറഞ്ഞിട്ടും നന്ദേട്ടനും അമ്മയും ഹോസ്പിറ്റലിൽ കൊണ്ടോവാൻ കൂട്ടാക്കുന്നുമില്ല.
കടുത്ത വേദന കൊണ്ട് ഉറങ്ങാതെ നേരം വെളുപ്പിച്ചു.

എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവണം നന്ദേട്ടൻ ഹോസ്പിറ്റലിൽ കൂടെ വരാൻ തയ്യാറായി.

വിദ്യാഭ്യാസം വളരെ കുറഞ്ഞ എനിക്ക് ഡോക്ടർ പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ല. എന്തൊക്കെയോ ടെസ്റ്റുകൾ…

അതിന്റെ റിസൾട്ടുമായി പിറ്റേന്നു ചെന്നപ്പോൾ ഡോക്ടർ എന്നെ പുറത്തു നിർത്തി നന്ദേട്ടനോട് സംസാരിച്ചു.
അക്ഷമയായി ഞാൻ പുറത്തു കാത്തിരുന്നു. എന്താവും ഡോക്ടർ നന്ദേട്ടനോട് മാത്രമായി പറയുക….?
എനിക്കെന്തെങ്കിലും അസുഖം…?

ഡോക്ടറുടെ മുറിയിൽ നിന്നു പുറത്തു വന്ന നന്ദേട്ടനിൽ എന്തോ മാറ്റം..
കാര്യം തിരക്കിയിട്ടും മൗനം..
എന്താ നന്ദേട്ടാ …?
ഡോക്ടറെന്താ പറഞ്ഞത്….? എനിക്കെന്തെങ്കിലും അസുഖം….?

ഇല്ല ദേവൂ ….
ഒന്നൂല്ല….
ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വരും. പെട്ടെന്നു കേട്ടാൽ നീ പേടിക്കുമെന്നു കരുതിയാ ഡോക്ടർ എന്നോട് മാത്രമായി പറഞ്ഞത്.
നീ പേടിക്കണ്ട. ഇത് നിസ്സാരമാണ്.

നന്ദേട്ടൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിൽ ഓഫീസിൽ പോലും പോകാതെ നന്ദേട്ടൻ എനിക്ക് കൂട്ടിരുന്നു.
കുറേ നാളുകളായി എനിക്കന്യമായിരുന്ന നന്ദേട്ടന്റെ സ്നേഹം എനിക്ക് തിരിച്ചു കിട്ടിയ ദിനങ്ങളായിരുന്നു അത്.
ചിലപ്പോഴൊക്കെ നന്ദേട്ടന്റെ ഈ മാറ്റത്തിൽ എനിക്ക് സംശയം തോന്നാതിരുന്നില്ല.

ഇനി എനിക്കെന്തെങ്കിലും അസുഖം…? ഞാൻ മരിച്ചു പോകുമെന്ന് അറിയാവുന്നതു കൊണ്ടാണോ നന്ദേട്ടന്റെ ഈ മാറ്റം…?
ഒന്നും മനസ്സിലാക്കുന്നില്ല…

ഓപ്പറേഷനു മുന്നുള്ള സമ്മതപത്രത്തിൽ എനിക്കൊപ്പം ഒപ്പിടുമ്പോൾ നന്ദേട്ടന്റെ കൈകൾ വിറച്ചുവോ …?

പേടിയോടെ തന്നെ ഓപ്പറേഷനെ നേരിട്ടെങ്കിലും സുഖമായി വീട്ടിൽ തിരിച്ചെത്തി.

രണ്ടു മാസത്തിനു ശേഷം ഒരു ദിവസം വീണ്ടും ആ പഴയ വേദന.
അതുവരെ ചെയ്ത ചികിത്സയുടേയും ഓപ്പറേഷന്റെയും വിവരങ്ങൾക്കായി അതുവരെ ചികിത്സിച്ച ഡോക്ടറെ കാണാൻ തീരുമാനിച്ചു.

നന്ദേട്ടൻ സ്ഥലത്തില്ലാതിരുന്നതു കൊണ്ട് തനിച്ചാണ് പോയത്.
അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ ഡോക്ടർ ഞെട്ടിയതുപോലെ…

എന്താ ദേവൂ വന്നത് ….?
വേദനയൊക്കെ മാറിയില്ലേ…?

ഇല്ല ഡോക്ടർ …
ഇന്നലെ മുതൽ വീണ്ടും …
ഡോക്ടർ എനിക്കെന്റെ അസുഖത്തിന്റെ പൂർണ്ണ വിവരങ്ങൾ അറിയണം.
അതിന്റെ എല്ലാ രേഖകളും….

നോക്ക് ദേവൂ ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണ്. ഇവിടെ നിന്നും ടെസ്റ്റ് റിസൾട്ട് ഉൾപ്പെടെ ഒരു രേഖയും ഞങ്ങൾ പുറത്തു തന്നു വിടില്ല.

ഇല്ല ഡോക്ടർ നിങ്ങളെന്തോ എന്നിൽ നിന്നു മറക്കുന്നു. ടെസ്റ്റ് റിസൾട്ടുകൾ പുറത്തു തന്നു വിടാതെ നിങ്ങൾ സാധാരണക്കാരെ ചൂഷണം ചെയ്യുന്നു നിങ്ങളതു തന്നില്ലെങ്കിൽ എനിക്ക് മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടി വരും. വന്ന ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞ് ഡോക്ടറോഡ് കയർത്തു …

മറ്റൊരു ഡോക്ടറെ സമീപിക്കും എന്ന എന്റെ ഭീഷണിയിൽ ഭയന്നിട്ടാവണം എല്ലാം തുറന്നു പറയാൻ ഡോക്ടർ തയ്യാറായത് ..

ദേവൂ നിങ്ങൾ എന്നോട് ക്ഷമിക്കണം… ഞാൻ നിരപരാധിയാണ് …

ഡോക്ടർ എന്താ പറയുന്നത് …?
ഡോക്ടറെന്തിന് എന്നോട് ക്ഷമ ചോദിക്കണം…

അത് ദേവൂ നിനക്ക് കാര്യമായ അസുഖം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുറച്ചു ദിവസത്തെ ചികിത്സ കൊണ്ട് മാറാവുന്ന അസുഖം മാത്രം ….
ഓപ്പറേഷൻ മുഖേന നീക്കം ചെയ്തത് നിന്റെ കിഡ്ണിയാണ് …
വൻ തുക പ്രതിഫലം വാങ്ങി ഒരു റാക്കറ്റിന് ….
അത്തരം ഒരു റാക്കറ്റിലെ ഒരു കണ്ണി മാത്രമാണ് ഞാൻ…

എന്റെ ജോലിക്ക് നിരക്കാത്തതാണ് ഞാൻ ചെയ്തത് …
അറിയാം ഒരു ഡോക്ടർ ഒരിക്കലും ഇത് ചെയ്യാൻ പാടില്ല …
നീ ക്ഷമിക്ക്..
ഇതു പുറം ലോകമറിഞ്ഞാൽ എന്റെ അഭിമാനം …..
ജോലി…
കുടുംബം ….

ഡോക്ടറുടെ വാക്കുകളൊക്കെ അവ്യക്തമായാണ് ഞാൻ കേട്ടത് .കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു .

ഡോക്ടർ നിങ്ങൾ എന്നെ അല്ല വഞ്ചിച്ചത്…. നിങ്ങളുടെ പ്രൊഫഷനെ തന്നെയാണ്… നിങ്ങളിൽ മാത്രം വിശ്വാസം അർപ്പിച്ച് ദിനം പ്രതി ഇവിടെയെത്തുന്ന ആയിരങ്ങളെയാണ്…
ജീവൻ കൊടുക്കേണ്ട നിങ്ങൾ തന്നെ ജീവനെടുക്കാൻ ശ്രമിക്കുന്നു..
ചിലപ്പോൾ നിങ്ങളെപ്പോലുള്ളവർക്കെതിരെ എനിക്കൊന്നും ചെയ്യാൻ പറ്റിയെന്നു വരില്ല പക്ഷേ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഈ സമൂഹം ഇതിനെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യും..

ഇതിൽ നിങ്ങൾക്കുള്ള പ്രതിഫലം എന്തായിരുന്നു…?
ദേഷ്യം കൊണ്ട് വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു …

അത് ദേവൂ കിട്ടിയ തുകയുടെ 40% മാത്രമായിരുന്നു എനിക്ക് …

ബാക്കി…ബാക്കി ….നന്ദനാണ് വാങ്ങിയത് …

അതു കേട്ടതും ഭൂമി പിളർന്ന് ഇല്ലാതായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി….
നെഞ്ചി പൊട്ടി മരിച്ചു പോകും പോലെ…

നന്ദേട്ടൻ ….
എന്റെ നന്ദേട്ടൻ …
എന്നോടിത്….

രചന: അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here