“ശ്ശോ ഈ നശിച്ചൊരു ജാതകം..ആശിച്ചും മോഹിച്ചും വഴിപാടും ഒക്കെ നേർന്ന് കിട്ടിയതാ.. എന്നിട്ടെന്താ? ഇങ്ങനൊന്നും ആരേം ജനിപിക്കരുത്. ജനനം നന്നാവണം.. ഇതിപ്പോ എത്രാമത്തെ ആലോചനയാ! ഹാ! നല്ല യോഗും ഭാഗ്യൂം വേണം നല്ലൊരു ജീവിതം കിട്ടാൻ …”
അപ്പുറത്താരോ സങ്കടം കോറിയിടുന്നത് കേട്ടവൾ സ്വയം വിലയിരുത്തി.. എനിക്കിപ്പോ എന്താ ഒരു കുറവ്.. കല്ല്യാണം കഴിച്ചില്ലേലും ജീവിക്കൂലേ?
“ജീവിക്കും… അച്ഛനമ്മമാരുടെ കാലശേഷം ആരും കാണില്ല തിരിഞ്ഞു നോക്കാൻ.. അതൊണ്ട് നല്ലോണം പ്രാർത്ഥിച്ചോ നല്ലൊരു ചെറുക്കനെ കിട്ടാൻ…”
********
വയസ്സറിയിച്ച കാലം മുതൽ തന്റെ വീരപുരഷ സങ്കൽപ്പത്തിനു ഒരു പട്ടാളക്കാരന്റെ രൂപമായിരുന്നു… നാടുക്കാക്കുന്ന ഒരു ധീര ജവാൻ.. പലരും ആധരവോടും ബഹുമാനത്തോടും നോക്കിക്കാണുന്ന ഒരു സൈനികൻ.. ഇന്ത്യയിലെ പല പല ഭാഗങ്ങളിലും സ്ഥലമാറ്റം കിട്ടുമ്പോൾ അവനോടൊത്ത് പലയിടങ്ങളിലും കറങ്ങണം. പല നാടിന്റെം സംസ്കാരവും ആചാരങ്ങളും പഠിക്കണം.. കാശ്മീർ എന്ന സുന്ദര ഭൂമി ഒരിക്കലെങ്കിലും കാണണം.. ആരെങ്കിലും ചോദിക്കുമ്പോൾ പട്ടാളക്കാരന്റെ ഭാര്യയാണെന്ന് അഭിമാനത്തോടെ പറയണം.. അതൊരു അലങ്കാരം തന്നെയാണ്…
“എടീ അത് മാത്രോം അല്ല ആള് വല്ല യുദ്ധത്തിലെങ്ങാൻ മരിച്ചു പോയാൽ ജവാന്റെ വിധവ എന്ന് പറയുമ്പോഴും വെയ്റ്റ് ഇരട്ടിക്കും.. എന്നും അംഗീകരിക്കപെടും. ഒരു കുഞ്ഞുണ്ടേൽ ആ ജോലി അവനു കിട്ടുവേം ചെയ്യും.. പട്ടാളക്കരന്റെ ഭാര്യയായാൽ ഇങ്ങനേം ചില ഗുണങ്ങളുണ്ട്.. ”
സന്തത സഹചാരിയുടെ അസ്ഥാനത്തുള്ള ഡയലോഗ് ഒട്ടും പിടിച്ചില്ലാന്ന് മാത്രമല്ല.. വിധവ.. അങ്ങനൊരു സ്ഥാനം ഏതൊരു പെണ്ണും ആഗ്രഹിക്കില്ല..
” അങ്ങനൊരു അവസ്ഥ വന്നാൽ സതി എന്ന ആചാരം തിരികെ കൊണ്ടുവരും ഞാൻ.”
ജയിക്കാനാണെങ്കിലും ചുട്ട മറുപടി കൊടുത്തു കലിപ്പടക്കി…
വർഷങ്ങൾ കടന്നു പോയി. മകൾക്ക് കല്ല്യാണപ്രായമായെന്ന തിരിച്ചറിവ് അച്ഛനമ്മമാരേക്കാളും കൂടുതൽ നാട്ടുകാർക്കായപ്പോൾ പെണ്ണു ചോദിക്കുന്നവർക്ക് ചൂണ്ടി കാണിക്കാൻ താൻ ഒരു ഇരയായി.. പലർക്കും വില്ലനായ് മാറികൊണ്ടിരിക്കുന്ന ജാതകമെന്ന ഓമനപേരുള്ള ഓലക്കെട്ട് എടുത്തു പുറത്ത് വച്ചപ്പോൾ ജ്യോത്സ്യർക്കും അടിച്ചു ഉഗ്രൻ ഒരു ലോട്ടറി.. അസ്സൽ ഒരു ചൊവ്വാദോഷക്കാരിയെ.. അച്ഛനും അമ്മയ്ക്കും കിട്ടി ഒരു എട്ടിന്റെ പണിയും..
” ഇന്നുതന്നെ നോക്കാൻ തുടങ്ങണം. സംഗതി ചൊവ്വാദോഷമാ. യോജിച്ചില്ലേൽ ഭർത്തൃനാശം ഫലം.. ”
ലാളിച്ചും ഓമനിച്ചും കൊണ്ടു നടന്ന സങ്കൽപ്പത്തിലെ പട്ടാളക്കാരൻ, ജ്യോൽസ്യന്റെ വെടിയേറ്റു മരിച്ചു.. ഇനി ചൊവ്വാദോഷം കാരണം ഒരു യുദ്ധം പ്രക്യാപിച്ചാലോ? എന്തിനാ ഒരു പരീക്ഷണം..?
വർഷങ്ങളും മാസങ്ങളും മാറി മറയുന്നതല്ലാതെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല.. ഒന്നും യോജിക്കാത്ത സ്ഥിതിക്ക് താൻ തന്നെ ഒരാളെ കണ്ടു പിടിക്ക് എന്ന പലരുടെയും അഭിപ്രായം ഗൗനിചില്ല.. ഇതിപ്പോ പൈകിടാവിനു ചിക്കൻ ബിരിയാണി ഓഫർ പോലെ.. അനാവശ്യം.. യുക്തിവാദി എന്ന പട്ടം അലങ്കരിക്കുന്ന പലർക്കു പോലും ളളളിന്റെ ഉള്ളിൽ ഇതേക്കുറിച്ച് പ്രകടിപ്പിക്കാത്ത ഒരു ആശങ്കയുണ്ട് എന്ന് പല സാഹചര്യങ്ങളും കാട്ടിത്തന്നപ്പോൾ ആ ആഗ്രഹവും മണ്ണിട്ടു മൂടി.. ഇഷ്ടങ്ങളും കുറവുകളും കണ്ടറിഞ്ഞു ഒപ്പം കൂടാൻ തയ്യാറായ ആളേ പോലും ജീവിതത്തിലേക്ക് ക്ഷണിക്കാൻ തോന്നിയില്ല.. ഒറ്റയ്ക്കുള്ളൊരു ജീവിതം. അതിനൊരു സുഖാ.. പക്ഷെ പലർക്കും സങ്കടം സാക്ഷിയാകാനുള്ള നിന്ദാപാത്രമായ് മാറിയപ്പോൾ സന്ധ്യാസമയങ്ങളിലെ പ്രാർത്ഥനകളിൽ അറിയാതൊരു പ്രാർത്ഥന കൂടെ ഉരുവിടാൻ തുടങ്ങി..
” അടുത്ത ജന്മമെങ്കിലും ചൊവ്വാദോഷക്കാരിയായ് ജനിപ്പിക്കല്ലേ.. ”
രചന: Priya Manikkoth