Home Latest ഒരു തരത്തിൽ ഒരു കച്ചവടം തന്നെയായിരുന്നു അച്ഛന്റെയും അമ്മയുടെയും കല്യാണം.

ഒരു തരത്തിൽ ഒരു കച്ചവടം തന്നെയായിരുന്നു അച്ഛന്റെയും അമ്മയുടെയും കല്യാണം.

0

ഒരു തരത്തിൽ ഒരു കച്ചവടം തന്നെയായിരുന്നു അച്ഛന്റെയും അമ്മയുടെയും കല്യാണം.
നാട്ടിലെ ഇലക്ട്രീഷ്യൻ ആയിരുന്ന അച്ഛനെ മാത്രമേ കല്യാണം കഴിക്കുകയൊള്ളു എന്ന് തറവാട്ടിലെ ഏകസന്തതിയായ അമ്മ വാശി പിടിച്ചപ്പോൾ അമ്മമ്മക്ക് സമ്മതം മൂളേണ്ടി വന്നു.

പക്ഷെ തനിക്ക് താഴെയുള്ള തന്റെ രണ്ടു പെങ്ങമ്മാരെ കല്യാണം കഴിപ്പിച്ചയച്ചതിനു ശേഷമേ താൻ തന്നെക്കുറിച്ചു ചിന്തിക്കുകയൊള്ളു എന്ന് അച്ഛൻ പറഞ്ഞപ്പോൾ,
തന്റെ മകൾക്ക് വേണ്ടി അവരുടെ കല്യാണച്ചിലവുകളെല്ലാം അമ്മമ്മ വഹിക്കാമെന്ന് സമ്മതിച്ചു.

പക്ഷെ അതിന് പകരമായി അവർ അച്ഛനോട് ആവശ്യപ്പെട്ടത് മരണം വരെ സ്വന്തം മകളുടെ കൂടെ അവരുടെ വീട്ടിൽ കഴിയണമെന്നാണ്.
അച്ഛന്റെ ജീവന് വില പറഞ്ഞുറപ്പിച്ചു അച്ഛനെ പൈസ കൊടുത്തു വാങ്ങിക്കുകയായിരുന്നു അവർ.

ഒരു സമ്പന്ന നായർ കുടുംബത്തിൽ പിറന്ന അമ്മ കോളേജിൽ പഠിക്കുന്ന കാലത്താണ് അച്ഛനെ കാണുന്നതും അവർ തമ്മിൽ ഇഷ്ടത്തിലാകുന്നതുമെല്ലാം.

ദാരിദ്രം നിഴലിച്ചിരുന്ന അച്ഛന്റെ വീട്ടിൽ നിന്ന് തന്നെ പണയം വെച്ചിട്ടായാലും വേണ്ടില്ല തന്റെ കൂടെപ്പിറപ്പുകൾക്ക് ഒരു ജീവിതമുണ്ടാകുമല്ലോ എന്ന് കരുതി അച്ഛൻ ആ കച്ചവടത്തിന് സമ്മതം മൂളി.

എന്തിനും മൂന്നാം സ്ഥാനമേ ആ വീട്ടിൽ അച്ഛനുണ്ടായിരുന്നുള്ളു.
വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അമ്മമ്മയാണ്. അത്‌ അമ്മയിലൂടെ അച്ഛനിലെത്തും. പക്ഷെ അച്ഛന് ഒരു കാര്യത്തിലും അഭിപ്രായ സ്വാതന്ത്രമുണ്ടായിരുന്നില്ല.

ഏക്കർ കണക്കിനുള്ള നെൽപ്പാടങ്ങളും തെങ്ങും തോപ്പുകളുമെല്ലാം നോക്കി നടത്തിയിരുന്നത് അച്ഛനായിരുന്നു.

തെങ്ങിന്റെ ചുവടു കിളക്കാൻ വരുന്ന കുഞ്ഞാടി ചേട്ടനോട് എനിക്കീ വീട്ടിലെ കാര്യസ്ഥപ്പണിയാണെന്ന് ഇടക്കെപ്പോഴോ അച്ഛൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

നെല്ലായാലും തേങ്ങയായാലും വിളവെടുപ്പ് കഴിഞ്ഞാൽ വീട്ടിലെ ആവശ്യത്തിന് പത്തായപ്പുര നിറയ്ക്കും, ബാക്കിയുള്ളത് ടൗണിൽ കൊണ്ടുപോയി വിൽക്കും അതാണ് പതിവ്.

വില്പന കഴിഞ്ഞ് പൈസയുടെ കണക്ക് കൃത്യമായി അമ്മമ്മയെ പറഞ്ഞു ധരിപ്പിക്കണം അതിന് വിപരീതമെങ്ങാനും സംഭവിച്ചാൽ പിന്നെ അമ്മമ്മ അച്ഛനെയും അച്ഛന്റെ വീട്ടുകാരെയും കുറിച്ച് പറയാൻ തുടങ്ങും.

അതിരാവിലെ അച്ഛൻ എന്നെയും അനിയനെയും തെങ്ങിൻ തോപ്പിലൂടെ നടന്നു നെല്പാടത്തിലേക്ക് വെള്ളം തേവുന്ന ആ ചെറിയ കുളത്തിന്റെ അരികിൽ കൊണ്ട് പോകും.

എന്തിനാണ് എന്നും ഇങ്ങനെ പോകുന്നതെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു…… “പ്രകൃതിയെന്നാൽ ദൈവത്തിന്റെ വരദാനമാണ് നമ്മൾ എന്നും അത്‌ കണ്ടുണരണം അതിന്റെ നൈർമല്യം നുകരണം”.

രാവിലെ ചോറ് പൊതിഞ്ഞുകൊണ്ടു പോകാൻ അച്ഛൻ സമ്മതിക്കില്ല. ഉച്ചക്ക് സ്കൂളിൽ കഞ്ഞിക്കു ബെല്ലടിക്കുമ്പോൾ സ്കൂളിന്റെ ഗേറ്റിനു പുറത്ത് ആ തുരുമ്പെടുത്ത സൈക്കിളിൽ എനിക്കും അനിയനും വേണ്ട ചോറുമായി അക്ഷമനായി അച്ഛൻ ഞങ്ങളെ കാത്തു നില്പുണ്ടാവും.

“അച്ഛാ വയറു നിറഞ്ഞു” എന്ന് പറയുന്നത് വരെ ഞങ്ങൾക്ക് രണ്ടുപേർക്കും ഊട്ടിവിട്ട് ഞങ്ങളുടെ കൈയും വായും കഴുകിച്ചു കവിളിലോരോ ഉമ്മയും തന്നിട്ടേ അച്ഛൻ അവിടന്ന് പോകാറുള്ളൂ.

സ്കൂൾ വിട്ട് ഗേറ്റിനു പുറത്ത് വന്നാൽ അച്ഛൻ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടാകും.
അനിയനെ സൈക്കിളിന്റെ മുന്നിലും എന്നെ പിറകിലും ഇരുത്തി അച്ഛൻ ഞങ്ങളെ കൊണ്ടുപോകും വഴി പറയും “മക്കളെ നന്നായി പിടിച്ചോളണം കെട്ടോ”
ഞങ്ങൾ ഉം എന്ന് തലയാട്ടും.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിക്ക് രാമേട്ടന്റെ ഒരു പെട്ടിക്കടയുണ്ട്. അവിടെ സൈക്കിൾ നിർത്തി എനിക്കിഷ്ടമുള്ള പൊടി മിട്ടായിയും അനിയന് ജോക്കർ മിട്ടായിയും വാങ്ങിതന്നിട്ട് പറയും “വീട്ടിലെത്തുന്നതിനു മുന്നെ കഴിക്കണം ഇല്ലെങ്കിൽ അമ്മമ്മ വഴക്ക് പറയുമെന്ന്”.

എന്നും രാത്രി കിടക്കുമ്പോൾ അച്ഛൻ പറഞ്ഞുതരുന്ന ആ കഥ കേൾക്കാതെ ഞാനും അനിയനും ഉറങ്ങാറില്ല.

എന്നും അച്ഛന് പറയാനുണ്ടായിരുന്നത് ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച മൂന്നു മക്കളുടെയും അച്ഛന്റെ മരണ ശേഷം അവരെ വളർത്താൻ പാട്പെട്ട ഒരു പാവം അമ്മയുടെയും കഥയാണ് .

ഓരോ ദിവസവും അച്ഛനത് പറയുമ്പോൾ എന്തൊക്കെയോ വ്യത്യസ്തത തോന്നിയിരുന്നു.
പിന്നീടെന്നോ എനിക്ക് മനസ്സിലായി അച്ഛൻ പറയുന്നത് അച്ഛന്റെ സ്വന്തം ജീവിതമായിരുന്നെന്ന്.

അച്ചന്റെ വീട്ടിലെ ദാരിദ്രത്തെക്കുറിച്ചും അച്ഛൻ ഈ കല്യാണത്തിന് തയ്യാറായ അവസ്ഥയെക്കുറിച്ചും പറഞ്ഞ് അമ്മമ്മ അച്ഛനെ കുത്തിനോവിക്കുമ്പോൾ നിസ്സഹായനായി തലകുനിച്ചു നിൽക്കും അച്ഛൻ, പിന്നെ തൂമ്പയെടുത്തു പറമ്പിലേക്ക് പോകും.

അവധിക്കു ഞങ്ങൾ അച്ഛന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞാൽ ആ വീടുമായുള്ള ബന്ധം കല്യാണം കഴിഞ്ഞപ്പോൾ അവസാനിച്ചതാണ്, ഇനിയൊരു ബന്ധം പുതുക്കൽ വേണ്ട എന്ന് അമ്മമ്മ പറയും. അമ്മക്കും അങ്ങോട്ട്‌ പോകാൻ ഇഷ്ടമായിരുന്നില്ല.

പണത്തിന്റെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ് അമ്മയും അമ്മമ്മയും അച്ഛനെ ജീവിതത്തിൽ വിലയില്ലാത്തവനെന്നു പറഞ്ഞു തരം താഴ്ത്തുമ്പോൾ മറുപടിയില്ലാതെ അച്ഛൻ പലപ്പോഴും അവരുടെ മുന്നിൽ ഒരു നിസ്സഹായനെപ്പോലെ നിൽക്കും.

ഒരു പക്ഷെ എല്ലാം കേട്ട് സഹിക്കവയ്യാതെ ആയിരിക്കും അച്ഛൻ അന്ന് വീട് വിട്ടുപോയത്.

എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അച്ഛൻ വീട്ടിൽ നിന്നെങ്ങോട്ടോ ഇറങ്ങിപ്പോയത്.
എന്നും രാവിലെ കിടക്കയിൽ നിന്നെഴുന്നേല്പിക്കുന്ന അച്ഛനെ കാണാതായപ്പോൾ ഞാൻ അച്ഛനെ തിരക്കി അമ്മക്കരികിൽ വന്നതും അമ്മമ്മ പറഞ്ഞു…..

“അവൻ ഇവിടത്തെ പൊറുതി
മതിയാക്കിപ്പോയെന്ന്, നന്ദിയില്ലാത്തവനെയാണ് ഇത്രയും കാലം ഇവിടെ നിർത്തിയത് “.

അല്ലെങ്കിലും അമ്മമ്മക്ക് ഒരു അച്ഛനെക്കുറിച്ചെന്തറിയാം അല്ലെങ്കിൽ ഭർത്താവിനെക്കുറിച്ചെന്തറിയാം.

തന്റെ ഭർത്താവിനെയും സ്വന്തം സാരിത്തലപ്പിൽ കുടുക്കിയിട്ട താക്കോലുകളുടെ കൂട്ടത്തിൽ കൊണ്ടു നടന്നിരുന്ന ആളായിരുന്നത്രെ അമ്മമ്മ. ആ ആള് അച്ഛൻ പോയപ്പോൾ ഇങ്ങനെ പറഞ്ഞതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.

അച്ഛൻ പോയതിനു ശേഷമാണു അമ്മ പോലും അച്ഛന്റെ വിലയറിഞ്ഞത്. സ്വന്തം അമ്മയുടെ വാക്ക് കേട്ട് പലപ്പോളായി അമ്മപോലും അച്ഛന്റെ പ്രവർത്തികളിൽ കുറ്റങ്ങൾ കണ്ടിരുന്നു.

അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് എന്നെയും അനിയനെയും വളർത്തുന്നതെന്ന് ആദ്യമൊക്കെ എന്തോ വലിയ ത്യാഗം പോലെ അമ്മ ഞങ്ങളോട് പറഞ്ഞിരുന്നെങ്കിലും അമ്മ തന്നെ പിന്നീടത്‌ തിരുത്തിപറഞ്ഞു,
അമ്മയും അച്ഛന്റെ വില മനസ്സിലാക്കിത്തുടങ്ങിയിരുന്നു.

അച്ഛൻ പോയതോടെ നോക്കി നടത്താനാളില്ലാതെ കൃഷിയെല്ലാം നശിച്ചു. നെല്പാടങ്ങളെല്ലാം വിറ്റു ആ പൈസ അമ്മമ്മ എന്റെയും അനിയൻറെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.

അമ്മമ്മയും മരിച്ചതോടെ അമ്മയുടെ ലോകം തീർത്തും ഏകാന്തമായി. ഞാൻ ഹയർ സ്റ്റഡീസിന് ബാംഗ്ളൂരിലേക്ക് പോയി. പിന്നെ വീട്ടിൽ അനിയനും അമ്മയും മാത്രം.

മെഡിക്കൽ റെപ്പായ അമ്മയുടെ ചെറിയമ്മാമയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അച്ഛൻ അഡ്മിറ്റായിട്ടുണ്ടെന്ന് എന്നെ വിളിച്ച് പറഞ്ഞത്.

മെഡിക്കൽ കോളേജിൽ പേവാർഡിലെ ഏഴാമത്തെ ബെഡ്ഢിൽ കിടന്നിരുന്ന അച്ഛനെ ഞാൻ കാണുമ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ശരീരമെല്ലാം ശോഷിച്ചു കണ്ടാൽ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത രൂപം.

അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം എവിടെയൊക്കെയോ അലഞ്ഞു അവസാനം മദ്യത്തിന്റെ പിടിയിലകപ്പെട്ടു.
കുടി കാരണം അച്ഛന്റെ കരളെല്ലാം നശിച്ചിരുന്നു.

അവിടെനിന്ന് അച്ഛനെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഡോക്ടറെന്നോട് പറഞ്ഞു
“അച്ഛനെ നന്നായി നോക്കണം ഇനി അധിക നാൾ ജീവൻ നീളിക്കില്ലയെന്ന് “.

അച്ഛൻ വീട്ടിൽ വന്നു കയറിയപ്പോൾ അമ്മ അച്ഛന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു കരഞ്ഞു പക്ഷെ അച്ഛൻ അമ്മയെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു പറഞ്ഞു “സാരമില്ല സുമേ ഒന്നില്ലെങ്കിലും നിനക്ക് രണ്ടു ആൺകുട്ടികളെ കൂട്ടിനാക്കിയല്ലേ ഞാൻ പോയത് “.

എനിക്ക് വിദേശത്തു ജോലി കിട്ടിയപ്പോൾ അമ്മ ആദ്യം എതിർത്തെങ്കിലും അച്ഛൻ പറഞ്ഞു “അവൻ പോകട്ടെ അവന്റെ ആഗ്രഹം അതാണെങ്കിൽ അത്‌ നടക്കട്ടെ, എന്റെ ഗതി എന്റെ മക്കൾക്ക്‌ വരാൻ പാടില്ല ”

രാത്രി എട്ടരമണി കഴിഞ്ഞാൽ ഉമ്മറത്തെ വെളിച്ചമെല്ലാമണച്ച് പുറത്തെ ചാരു കസേരയിൽ ഇരുട്ടിലേക്ക് നോക്കി അച്ഛനൊരു ഇരുത്തമുണ്ട്. പഴയ കാര്യങ്ങളോർത്ത് അച്ഛന്റെ ഉള്ള് വല്ലാതെ വിങ്ങുന്നുണ്ടാവാം.

ഞാൻ പ്രവാസ ജീവിതം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇന്നും അച്ഛൻ ഞങ്ങളുടെ കൂടെയുണ്ട്.

ഞാൻ എന്റെ ജോലി രാജി വെച്ചു വീട്ടിലേക്ക് തിരിച്ചു വരുന്നു എന്ന് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു “ഉണ്ണീ അച്ഛന്റെ കൈയിൽ സമ്പാദ്യമൊന്നുമില്ലയെന്നു നിനക്കറിയാമല്ലോ, അമ്മമ്മ വിറ്റ നെല്പാടങ്ങളെല്ലാം വിൽപ്പനക്ക് വെച്ചിരിക്കുന്ന ബോർഡ്‌ ഞാൻ റോഡരികിൽ കണ്ടു. ഞാനാ സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുത്തിട്ടുണ്ട് നമുക്ക് കൃഷിയെല്ലാം ചെയ്തു കിട്ടുന്നത്കൊണ്ട് ഇവിടെ ജീവിക്കാം”.

അച്ഛന്റെ കൈപിടിച്ച് നെല്പാടത്തിലൂടെ നടന്നതെല്ലാം എന്റെ ഓർമയിൽ വരുന്നുണ്ട്. ഇനി അച്ഛന്റെ പിന്നാലെ എന്റെ മോന്റെ കൈപിടിച്ച് അച്ഛന്റെ വാത്സല്യം നുകർന്നുകൊണ്ട് ആ പഴയ നല്ല ഓർമ്മകൾ താലോലിച്ചു ഇനിയുമെനിക്ക് ആ പത്ത് വയസ്സുകാരനെപ്പോലെ നടക്കണം.

രചന ; Abdurahman

LEAVE A REPLY

Please enter your comment!
Please enter your name here