Home Latest ” ആ തലതെറിച്ചവൻ എണീറ്റില്ലേ ഇതുവരെ, എന്തു മല മറിക്കണ പണി ചെയ്തിട്ടാ അവൻ ഇങ്ങനെ...

” ആ തലതെറിച്ചവൻ എണീറ്റില്ലേ ഇതുവരെ, എന്തു മല മറിക്കണ പണി ചെയ്തിട്ടാ അവൻ ഇങ്ങനെ പോത്തുപോലെ കിടന്നുറങ്ങണേ”

0

“ഈ ചെക്കൻ ഇതുവരെ എണീറ്റില്ലേ? ടാ അച്ചു എണീക്കെട പത്തു മണി ആയി, നാളെ സ്വന്തം പെങ്ങൾടെ കല്യാണാണ് എന്ന വല്ല വിചാരവും ഉണ്ടാ നിനക്ക് ”

“10 മിനിറ്റുകൂടെ അമ്മേ, ഇപ്പൊ വരാം”

“വേഗം ആയിക്കോട്ടെ അമ്മാവൻ വന്നിട്ടുണ്ട് , അങ്ങേർടെ വായീന്ന് ഒന്നും കേൾക്കണ്ടെങ്കിൽ വേഗം എണീറ്റോ എന്റെ മോൻ”

തലേ ദിവസം ചെമ്പുപാത്രം ചുമന്നതിന്റെയും, പന്തലിനുമുള വലിച്ചുകെട്ടാൻ നിന്നതിന്റെയും ക്ഷീണം തെല്ലു പോലും മാറിയിട്ടില്ലായിരുന്നു, എങ്കിലും ഇടങ്കൈ നടുവിൽ ഊന്നിക്കൊണ്ടവൻ വേഗം എണീറ്റു

ഉമ്മറത്തിണ്ണയിലേക്കവൻ കാതോർത്തപ്പോൾ അമ്മാവന്റെ ശബ്ദത്തിന്റെ ഇരമ്പൽ,

” ആ തലതെറിച്ചവൻ എണീറ്റില്ലേ ഇതുവരെ, എന്തു മല മറിക്കണ പണി ചെയ്തിട്ടാ അവൻ ഇങ്ങനെ പോത്തുപോലെ കിടന്നുറങ്ങണേ”

അവന്റെ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല, പതിവായ് കേൾക്കുന്ന പല്ലവിക്ക് പുതുമ തോന്നാത്തതുകൊണ്ടായിരിക്കണം,
ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് അവൻ ഒരു നീണ്ട ലിസ്റ്റുമായ് പുറത്തേക്കിറങ്ങാനൊരുങ്ങി

അമ്മാവന്റെ കണ്ണിൽപ്പെടാതെ രക്ഷപ്പെടാനുള്ള അവന്റെ ശ്രമം വിഫലമായി, കാതു പൊട്ടുന്ന ചീത്ത, ഒപ്പം ഒരു ലോഡ് ഉപദേശവും, പുഞ്ചിരിയോടവൻ എല്ലാം കേട്ടു നിന്നു, ഉമ്മറത്തിണ്ണയിൽ വിഷാദനായിരിക്കുന്ന അച്ഛനെ കണ്ടിട്ടും ശ്രദ്ധിക്കാത്ത മട്ടിൽ അവൻ പുറത്തേക്കിറങ്ങി,

ലിസ്റ്റിൽ ഉള്ള സാധനങ്ങൾ എല്ലാം വാങ്ങി അവൻ നേരേ പോയത് തന്റെ സുഹൃത്തായ സന്തോഷിന്റെ വീട്ടിലേക്കായിരുന്നു, അവൻ സന്തോഷിനെ ഫോണിൽ വിളിച്ചു വരത്തി,

സന്തോഷ് കയ്യിൽ ഒരു പൊതിയുമായി ഇറങ്ങി വന്നു. അവൻ ആ പൊതി അച്ചുവിനു നേരേ നീട്ടിയിട്ട് പറഞ്ഞു

“മൊത്തം 2 ഉണ്ട്, കാര്യങ്ങൾ ഒക്കെ നമുക്ക് ഉഷാറാക്കണം,”

“നീ വേഗം കുളിച്ചിട്ട് ഇറങ്ങ് , വൈന്നേരം പിള്ളേർക്കു കൂടാനുള്ള സാധനം വാങ്ങിയിട്ടില്ല ” അച്ചു പറഞ്ഞു

“നീ അതിനേപ്പറ്റി ടെൻഷനടിക്കണ്ട അതൊക്കെ ഞാൻ സെറ്റ് അക്കിക്കോളാം നീ ബാക്കി കാര്യങ്ങൾ നോക്ക്, ഞാൻ പിള്ളേരുമായിട്ട് മണ്ഡപ ഹാളിൽ വരാടാ”

തിടുക്കത്തിൽ തന്നെ സാധനങ്ങൾ വീട്ടിൽ ഏൽപ്പിച്ചവൻ ഹാളിലേക്ക് ചെന്നു. അച്ചാറിനുള്ള നാരങ്ങ മുതൽ പായസത്തിനുള്ള അടവരെ കൊത്തി അരിഞ്ഞുണ്ടാക്കാൻ ആശാനും പിന്നെ കൂട്ടുകാരും മാത്രമേ ഉള്ളു . അതു കൊണ്ടു തന്നെ പിടിപ്പതും പണി തന്നെയായിരുന്നു,

തിരക്കിനിടയിലെപ്പോഴോ സമയം നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. സന്ധ്യമയങ്ങി 7 മണികഴിഞ്ഞു.

“സന്തോഷേ ഞാൻ വീട്ടിൽ ചെല്ലട്ടെ ടാ . ചെക്കന്റെ വീട്ടുകാർ പുടവ കൊടുക്കാൻ വരും എന്നെ കണ്ടില്ലെങ്കിൽ അത് മോശാവും, നീ ഒന്നു ശ്രദ്ധിക്കണേ. ”

ഞൊടിയിടയിൽ തന്നെ അവൻ വീട്ടിലേക്ക് ചെന്നു . ഉമ്മറത്ത് അമ്മാവൻ ഇരിക്കുന്നുണ്ടായിരുന്നു, ചെന്നു കേറിയില്ല അപ്പോഴേക്കും ശകാരം തുടങ്ങിയിരുന്നു’

“എടാ കഴുവേറി, നീ എവിടെ കറങ്ങിയടിച്ച് നടക്കാർന്നെടാ ? ”

കലവറയിലെ കരിയും പുകയും കലർന്ന വിയർപ്പിന്റെ ഗന്ധം അമ്മാവനു പിടിക്കാത്ത മട്ടിൽ പറഞ്ഞു,

” നാറീട്ട് വയ്യ, പോയി കുളിക്ക് കുരുപ്പെ അവരിങ്ങ് വരാറായി, ”

അവൻ കുളി കഴിഞ്ഞ് അലമാരിയിൽ നിന്നും മൂന്ന് പൊതികൾ എടുത്തു, അതിൽ സന്തോഷ് കൊടുത്ത പൊതിയും ഉണ്ടായിരുന്നു, ആരും കാണാതെ തന്നെ അവൻ അത് അച്ഛനെ ഏൽപ്പിച്ചിട്ട് പറഞ്ഞു

“അച്ഛാ ഒന്നും കാണാതെ ഞാനിത്രക്ക് ഒരുക്കങ്ങൾ നടത്തുമോ ? ഈ പൈസ അച്ഛൻ സൂക്ഷിക്കണം, വരവു ചിലവുകൾ പാകപ്പെടുത്താൻ എന്നേക്കാൾ യോഗ്യൻ അച്ഛൻ തന്നെയാണ്, ഇത്രയേലും ചെയ്തില്ലേൽ ഞാനവളുടെ ആങ്ങള ആയി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല: ”

ആ മദ്ധ്യവയസ്ക്കന്റെ കണ്ണീർത്തടങ്ങൾ കവിഞ്ഞൊഴുകി അയാൾ സ്വന്തം മകനെ മാറോട് ചേർത്തു, ന്റെ കഴിവുകേടു കാരണം ന്റെ കുട്ടിക്ക് മറ്റൊരാളോട് കൈനീട്ടണ്ടി വന്നു ല്ലേ,

അവൻ അച്ഛന്റെ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു ,

“അത് ശെരി തന്നെക്കാൾ മൂത്ത 3 എണ്ണത്തിനെ കെട്ടിച്ചയച്ച എന്റെ രാമച്ചനാണോ ഇത് പറയുന്നത്, നല്ല കാര്യായി. ”

സംഭാഷണത്തിനിടയിൽ അമ്മ ഉള്ളിലേക്ക് കടന്നു വന്നു.
” അച്ചു ഏട്ടത്തിക്കും എനിക്കും നാളെ അണിയാൻ മുല്ലപ്പൂ വാങ്ങിയില്ല നീ ഇപ്പൊ തന്നെ പോയി വാങ്ങിട്ട് വാടാ”

“അമ്മേ അവരു വരാറായില്ലേ? അപ്പൊ ഇവിടെ വേണ്ടതല്ലേ?”

“അതൊക്കെ ഞങ്ങള് നോക്കിക്കോളാടാ അവരു വരാൻ ഇനീം സമയം ഉണ്ട്, നീ വേഗം പോയിട്ട് വാ.”

ഇറങ്ങും നേരം അമ്മാവന്റെ കഴുകൻ കണ്ണുകൾ കൊത്തിപ്പറക്കും വിധത്തിലവനെ നോക്കി,
നിമിഷങ്ങൾക്കകം തന്നെ ചെറുക്കന്റെ വീട്ടിൽ നിന്നും ആളുകൾ എത്തി,

ചടങ്ങുകൾ ആരംഭിക്കും മുൻപേ ചെറുക്കന്റെ വല്യച്ഛൻ ചോദിച്ചു .

“അല്ലാ മൂത്തവൻ എവിടെ പോയി, കണ്ടില്ലല്ലോ ?”

പട്ടുവസ്ത്രങ്ങൾ പരതി നോക്കുന്നതിനിടയിൽ അമ്മ ചോദ്യം കേട്ടില്ലന്ന് നടിച്ചു

മറുപടി പറഞ്ഞത് അമ്മാവനായിരുന്നു

“കള്ള് സഭയിലാകും, എന്റെ അനന്തരവനായതു കൊണ്ട് പറയല്ല, ഇതുപോലെ ഒരു തല തെറിച്ച സന്തതി എന്റെ പെങ്ങളുടെ വയറ്റിൽ എങ്ങനെ വന്നു പിറന്നാവോ?”

അമ്മ അത് കേട്ട ഭാവം നടിക്കാതെ ഇരുന്നു, സഹോദരനോടുള്ള അളവറ്റ സ്നേഹമായിരിക്കണം കാരണം, ധർമ്മസങ്കടത്തിൽ ഉരിയാടാനാവാതെ അച്ഛൻ അമ്മയേ നോക്കുന്നുണ്ടായിരുന്നു.

മുല്ലപ്പൂ വാങ്ങി വരുന്നതിനിടയിൽ അവന്റെ ഫോൺ പല അവൃത്തി റിംങ്ങ് ചെയ്യുന്നുണ്ടായിരുന്നു, വീടെത്തിയതിനു ശേഷം മുല്ലപ്പൂ അമ്മയെ ഏൽപ്പിച്ചതിനു ശേഷം അവൻ ഫോൺ എടുത്തു നോക്കി,

സന്തോഷ് 6 മിസ്സ്ഡ് കോൾസ്, അവൻ തിരിച്ചുവിളിച്ചു,

“ടാ. അച്ചു എവിടാ ടാ, ഇവിടെ പരിപാടികൾ സെറ്റ് ആക്കി , 2 എണ്ണം വിട്ടിട്ട് നമുക്ക് ഭക്ഷണം കഴിക്കാം” സന്തോഷ് പറഞ്ഞു.

മനസ്സിലെ താൽപര്യങ്ങളെ അടക്കി അവൻ മറുപടി പറഞ്ഞു,

“ഇല്ലട നാളെ കഴിഞ്ഞിട്ടേ ഞാൻ അതിനേ പറ്റി ചിന്തിക്കൂ, അല്ലെങ്കിൽ പ്രശ്നമാകും അളിയാ. ”

ഫോൺ കട്ട് ചെയ്ത് അവൻ അഥിതികളെ സ്വീകരിച്ചു. എല്ലാവർക്കും ഭക്ഷണം വിളമ്പിയതിനു ശേഷവും അവൻ രായ്ക്ക് രാമാനം മണ്ഡപത്തിലേക്ക് പോയി

പായസത്തിനുള്ള അട കൊത്തി കഴിഞ്ഞപ്പോഴാണ് അവൻ നടുനിവർന്ന് സമയം നോക്കിയത്, പുലർച്ച 3 മണി കഴിഞ്ഞു, ഈശ്വരാ നേരത്തേ എണീക്കണം, ആശാനോട് വിട പറഞ്ഞവൻ വീട്ടിലേക്ക് കുതിച്ചു.

വീട്ടിൽ ചെന്ന് കിടന്നു കണ്ണടച്ചതും, അമ്മ വന്നു വിളിച്ചുണർത്തിയതും ഒരു സെക്കന്റ് വ്യത്യാസത്തിൽ ആണ് എന്നവനു തോന്നി, കണ്ണു തുറക്കാനേ വയ്യ നല്ല നടുവേദനയും ക്ഷീണവുമുണ്ട്. അവൻ ഒന്നു കൂടെ ഒരു നിമിഷത്തേക്ക് മയങ്ങി

“അച്ചൂ എണീക്കെടാ എല്ലാരും ഇറങ്ങാൻ നിക്കാണ്, എണീറ്റ് കുളിക്ക് മോനേ.”

അമ്മ അവനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു

“വയ്യ, അമ്മേ. നിങ്ങൾ ഇറങ്ങ് ചടങ്ങിനു മുൻപേ ഞാനെത്തും ”

അതും പറഞ്ഞ് 1 മണിക്കൂറിനു ശേഷം അലറാം അടിക്കുന്ന വിധത്തിൽ ഫോണിൽ സെറ്റ് ചെയ്ത് പുതപ്പു കൊണ്ട് അവൻ മുഖം മൂടി വീണ്ടും കിടന്നു,

1 മണിക്കൂറിനു ശേഷം അടിച്ച അലറാമിന്റെ ശബ്ദവീചികൾ അവന്റെ ഉറക്കക്ഷീണത്തിനു മുൻപിൽ തോറ്റു പോയിരുന്നു.

കുറച്ചു സമയത്തിനു ശേഷം സുഹൃത്ത് സന്തോഷ് അവനെയും തിരക്കി അവന്റെ റൂമിൽ ചെന്നു. എണീക്കടാ അച്ചുവേ മുഹൂർത്തത്തിന് സമയായി, സന്തോഷ് അവനെ കുത്തിയെഴുന്നേൽപ്പിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുപോയി,

ചടങ്ങിനു തൊട്ടു മുൻപേ അവർ അവിടെ എത്തിയിരുന്നു. വിദൂരതയിൽ നിന്നും കണ്ണിനു കുളിർമയേകുന്ന ആ കാഴ്ച കണ്ടപ്പോൾ അവന്റെ മിഴികളിൽ നിന്നും ആനന്ദാശ്രു ഒഴുകുന്നുണ്ടായിരുന്നു.

തന്റെ കുഞ്ഞനുജത്തി നവവരനു വരണമാല്യം ചാർത്തി കൊടുക്കുന്നു, വിദൂരതയിൽ നിന്നും ഒരു കാഴ്ച്ചക്കാരനായി അവനത് നോക്കി നിന്നു

“ചടങ്ങ് പൂർത്തിയാകാൻ ചെറുക്കന്റെ കാൽ മച്ചുനൻ കഴുകി തോർത്തണം “, ശാന്തി പറഞ്ഞു, അച്ഛനും അമ്മയും ആൾക്കൂട്ടത്തിൽ പരതി നോക്കുന്നത് തന്നെയാണെന്ന് അവന് മനസ്സിലായ്

“ഈ തലതെറിച്ചവനെ അവശ്യ നേരത്ത് കാണില്ലലോ, സ്വന്തം പെങ്ങൾ ടെ കല്യാണാന്നുള്ള ഒരു വിചാരവുമില്ല.”

മണ്ഡപത്തിനരികെ നിൽക്കുന്ന വല്ല്യച്ഛന്റെ മകനായ കണ്ണനെ അരികിൽ വിളിച്ചു കൊണ്ട് അമ്മാവൻ കർമ്മങ്ങൾ നിർവ്വഹിക്കാൻ നിർദ്ദേശിച്ചു

“അതേ തന്നേക്കാൾ യോഗ്യൻ കണ്ണൻ തന്നെയാണ് ഈ തലതെറിച്ചവന്റെ കൈ കൊണ്ട് മച്ചുനന്റെ കാൽ കഴുകിയാൽ അഴുക്കു കൂടുക മാത്രേ ഉള്ളു, മാത്രമല്ല ഗൾഫിൽ അടിമപ്പണി ചെയ്ത് നാട്ടിൽ തെണ്ടി നടക്കണ ഞാനാണ് അളിയൻ എന്നു പറയുന്നതിനേക്കാൾ നല്ലത് അതല്ലെ, ഇപ്പൊൾ ഒരു സോഫ്റ്റ് വെയർ എൻജിനിയർ ആയ മച്ചുനനെ ഹാർഡ് വെയർ എൻജിനിയറായ മച്ചുനൻ കാൽ കഴുകിക്കൊടുക്കുന്നു കേൾക്കുന്നവർക്കും ഒരു സുഖമുണ്ട് ” അവൻ മനസ്സിൽ പറഞ്ഞു.

ചടങ്ങിനു ശേഷം നിൽക്കാതെ ഉള്ള ഓട്ടമായിരുന്നു. വിളമ്പലിനിടയിൽ വെള്ള ഷർട്ട് മുഴുവനായും വിയർപ്പിൽ കുതിർന്നിട്ടുണ്ടായിരുന്നു, ചെക്കനും പെണ്ണും പന്തിയിൽ വന്നിരിക്കുമ്പോഴും ഇടം കൈയ്യിലെ ഡെവറയിൽ കുത്തിനിറച്ച അവിയലുമായ് അവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നുണ്ടായിരുന്നു

വിവാഹാഘോഷങ്ങളെല്ലാം ഘനഗംഭീരമായിത്തന്നെ നടന്നു, ഇനി പെണ്ണിനെ ചെറുക്കന്റെ കയ്കളിലേക്ക് ഏൽപ്പിക്കണം, വീട്ടിലേക്ക് യാത്ര അയയ്ക്കണം, ഉമ്മറത്തു കിടന്ന കാറിനരികിൽ നിന്നു കൊണ്ട് ചിന്നു അമ്മയേയും കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞതിനു ശേഷം അവൾ കണ്ണുകൾ തുടച്ച് കൊണ്ട് അമ്മയോടായ് ചോദിച്ചു .

“അമ്മേ ഏട്ടനെവിടെയാണ് , ഇന്നത്തെ ദിവസം തന്നെ ശരിക്കൊന്നു കണ്ടിട്ടില്ല.”

“അവൻ തിരക്കിലല്ലേ, മക്കളു ഇറങ്ങിക്കോ ഇനി കാക്കണ്ടാ, ഞാൻ പിന്നെ പറഞ്ഞയയ്ക്കാം .” അച്ഛനും അമ്മയ്ക്കും യാത്ര പറഞ്ഞ് അവൾ പടിയിറങ്ങി

ഇതെല്ലാം കണ്ടു നിന്ന അമ്മാവൻ രോക്ഷത്തോടെ തന്നെ ചോദിച്ചു

“നിന്റെ തലതെറിച്ച സന്തതി എവിടെപ്പോയിക്കിടക്കുവാടീ? ”

അമ്മയുടെ മുഖത്ത് നീണ്ട മൗനം നിലനിന്നു

അപ്പോഴും വീടിന്റെ പിന്നാമ്പുറത്തെ കുമ്മായച്ചുവരിൽ ആ തലതെറിച്ചവന്റെ കണ്ണുനീർ ധാര-ധാരയായ് ഊർന്നിറങ്ങുന്നുണ്ടായിരുന്നു

രചന: ആദർശ് മോഹനൻ

LEAVE A REPLY

Please enter your comment!
Please enter your name here