Home Latest കുറ്റബോധം കൊണ്ട്‌ തല കുനിച്ചിരുന്നെങ്കിലും മനസ്സിൽ ഒരായിരം തവണ മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു

കുറ്റബോധം കൊണ്ട്‌ തല കുനിച്ചിരുന്നെങ്കിലും മനസ്സിൽ ഒരായിരം തവണ മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു

0

ഈ മായ ചേച്ചിയോട്‌ ഒരു ആയിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട്‌ ഉണ്ണീന്ന് വിളിക്കല്ലെ, വിളിക്കല്ലേന്ന്.. എന്‍റെ പേരു ദീപക്കെന്നാ , ഇങ്ങൾക്ക്‌ ദീപുന്ന് വീളിച്ചുടെന്നുള്ള എന്റെ ചോദ്യം കേട്ട്‌ ഓ ആയിക്കോട്ടെ സർ എന്ന് പറഞ്ഞിട്ട്‌ എന്റെ കവിളിൽ ഒന്നമർത്തി നുള്ളി ചേച്ചി അവിടെ നിന്നും പോയെങ്കിലും എന്റെ ദേഷ്യം കുറഞ്ഞിരുന്നില്ല…

നഴ്സിംഗ്‌ പഠിക്കാൻ എത്തിയതായിരുന്നു ബാംഗ്ലൂരിലെ പ്രശസ്തമായ ആ ഹോസ്പിറ്റലിൽ, വീട്ടുകാരെയും കൂട്ടുകാരെയും വിട്ടതിനേക്കാൾ വിഷമമായിരുന്നു ഹോസ്റ്റലിലെ പച്ചരി ചോറ് , രണ്ട്‌ വർഷമായി അവിടെ ജോലി ചെയ്യുന്ന മായചേച്ചിയെ കണ്ട്‌ മുട്ടിയത്‌ മുതലാണു നേരെ ചോവ്വേ ആഹാരം കഴിച്ച്‌ തുടങ്ങിയത്‌… ഇവിടെ വന്ന് ഒറ്റപ്പെട്ട്‌ താമസിക്കുന്നതല്ലെ അവർക്ക്‌ നിന്റെ മേൽ ഒരു കണ്ണുണ്ടെടാ എന്ന് കൂട്ടുകാർ പറയുമെങ്കിലും എനിക്ക്‌ ഇത്‌ വരെ ഒന്നും തോന്നിയിട്ടില്ല… ബാക്കി എല്ലാം സഹിക്കാമെങ്കിലും ഈ ഉണ്ണീന്നുള്ള വിളി മാത്രം സഹിക്കാൻ കഴിയില്ല…

വീട്ടിലേക്ക്‌ പോകാൻ ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ നിന്നപ്പോഴാണു മായചേച്ചിയുടെ കോൾ വന്നത്‌

ടാ ഉണ്ണി ഞാനും ഉണ്ട്‌ നാട്ടിലേക്ക്‌, എനിക്കും കൂടി ടിക്കറ്റ്‌ എടുക്കണേന്ന് പറഞ്ഞത്‌ അവന്മാർ കേട്ടത്‌ മുതൽ ഓരോ ക്ലാസ്‌ എടുത്ത്‌ തുടങ്ങിയിരുന്നു എനിക്ക്‌..

അടുത്തടുത്തുള്ള സീറ്റിലായിരുന്നു യാത്ര, നാട്ടിലെ വിശേഷങ്ങളും , മറ്റും പറഞ്ഞ്‌ ഉറക്കത്തിലേക്ക്‌ ചേച്ചി വീണതും അവന്മാർ പഠിപ്പിച്ച പാഠങ്ങൾ എന്‍റെ മനസ്സിലേക്ക്‌ ഓടിയെത്തി, കൈകൾ നല്ല വിറക്കുന്നുണ്ടെങ്കിലും ഞാൻ പതിയെ കൈകൾ ചേച്ചിയുടെ ചുമലിലേക്ക്‌ വെച്ചു ഒന്നമർത്തിയപ്പോഴേക്കും ഞെട്ടി കണ്ണുകൾ തുറന്ന് ചേച്ചി എന്നെ നോക്കിയപ്പോഴേക്കും നിറഞ്ഞ്‌ തുളുമ്പിയിരുന്നു ആ കണ്ണുകൾ..

അത്‌ ഞാൻ അറിയാതെ , സോറി ചേച്ചി എന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ ആ യാത്രയിൽ എന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നില്ല ചേച്ചി, ഒന്നും മിണ്ടാതെ ചേച്ചി പുറകിലെ സീറ്റിലേക്ക്‌ മാറിയിരുന്നപ്പോൾ സത്യത്തിൽ നിറഞ്ഞത്‌ എന്‍റെ കണ്ണുകളായിരുന്നു, കുറ്റബോധം കൊണ്ട്‌ തല കുനിച്ചിരുന്നെങ്കിലും മനസ്സിൽ ഒരായിരം തവണ മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു ഞാൻ ചേച്ചിയോട്‌…

ബസ്‌ നിർത്തി ഇറങ്ങിയപ്പോഴും ആ മുഖത്തേക്ക്‌ നോക്കാൻ എനിക്ക്‌ കഴിഞ്ഞിരുന്നില്ല, ഇറങ്ങും മുമ്പ്‌ എനിക്ക്‌ നേരെ നീട്ടിയ കവർ ആദ്യം മേടിക്കാൻ മടി കാണിച്ചെങ്കിലും എന്റെ മടിയിലേക്ക്‌ വെച്ചിട്ട്‌ ചേച്ചി ബസിൽ നിന്ന് ഇറങ്ങിയിരുന്നു, ദൂരെ നിന്ന് മാറി ചേച്ചിയുടെ ഹസ്ബന്‍റിന്‍റെ കൂടെ പോകുന്നത്‌ കണ്ടിട്ടാണു ഞാനും വീട്ടിലേക്ക്‌ തിരിച്ചത്‌..

വീട്ടിലേക്കുള്ള വഴിയിൽ വെച്ച്‌ ആ കവർ ഞാൻ തുറന്നപ്പോൾ കണ്ടത്‌ ഒരു പഴയ ഫാമിലി ഫോട്ടോയായിരുന്നു, ചേച്ചിയും അമ്മയും അച്ചനും പിന്നെ ഒരു കുഞ്ഞനിയനും കൂടി നിൽക്കുന്ന ഫോട്ടോയിൽ അനിയന്റെ ഫോട്ടോയ്ക്ക്‌ മുകളിൽ എഴുതിയ നാലാം വയസ്സിൽ എന്നെ ഒറ്റക്കാക്കി പറന്ന പോയ എന്‍റെ ഉണ്ണിക്കുട്ടൻ…. എന്ന ആ അക്ഷരങ്ങൾ എന്റെ കണ്ണുകൾ നിറച്ചുവെങ്കിലും എനിക്കത്‌‌ വായിക്കാൻ കഴിഞ്ഞിരുന്നു…

രചന: ഷാനവാസ് ജലാൽ

LEAVE A REPLY

Please enter your comment!
Please enter your name here