Home Latest പാത്തൂ.. ഇതൊക്കെ ഏതാടി ആൾക്കാർ.. ഉപ്പ പിന്നേം കെട്ടിയോ.. ഉപ്പയല്ല കെട്ടിയത്.. കെട്ടാൻ പോകുന്നത്...

പാത്തൂ.. ഇതൊക്കെ ഏതാടി ആൾക്കാർ.. ഉപ്പ പിന്നേം കെട്ടിയോ.. ഉപ്പയല്ല കെട്ടിയത്.. കെട്ടാൻ പോകുന്നത് ഇക്കയാണ്..

0

രണ്ടുമാസത്തെ അവധിക്ക് നാളെ നാട്ടിലേക്ക് വണ്ടികയറുകയാണ് ഞാൻ.
ഇന്നേക്ക് കടൽകടന്ന് ഇവിടെ എത്തിയിട്ട് നീണ്ട മൂന്നുവർഷം തികയുന്നു..

കിടന്നിട്ട് ഉറക്കം വരുന്നില്ല.

അതങ്ങനെയാണ്.. നാളെയെ പ്രതീക്ഷിച്ചു കിടക്കുമ്പോഴൊന്നും ഉറക്കം വന്ന് പുണരില്ല..

പ്രവാസം പലർക്കും പല തരത്തിലാണ്.. ചിലർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനെത്തുന്നവർ, മറ്റു ചിലർ സമ്പാദിക്കാനായി വരുന്നവർ, പുതിയ ഒരു മേച്ചിപ്പുറം തേടിവന്നവരും കൂട്ടത്തിലുണ്ട്..

ഇതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായ ഒരു സാഹചര്യം കൊണ്ടതാണ് ഞാൻ ഒരു പ്രവാസി ആയത്..

അറക്കൽ തറവാട്ടിലെ ആദ്യ സന്തതിയായാണ് എന്റെ ജനനം.
ഉപ്പ നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണിയും..

ജീവിതത്തിന്റെവ ഒരു ഘട്ടത്തിൽ പോലും പ്രയാസമെന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല.

തറവാട്ടിലെ ആദ്യ സന്തതി എന്നതുകൊണ്ട് സർവത്ര സുഖങ്ങളും അനുഭവിച്ചാണ് ഞാൻ വളർന്നത്. പക്ഷെ എല്ലാത്തിനും ഒരു അവസാനമുണ്ടാവുമല്ലോ.

എന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു..

നാട്ടിലെ ഒരു വൈകുന്നേരം..
പന്തുകളിക്കിടെ ഉണ്ടായ അടിപിടിയിൽ വാദി ഭാഗം എന്റെ ടീമും പ്രതിഭാഗം എതിർ ടീമും ആയതോണ്ട് ഉന്തും തള്ളലിൽ എന്റെ കൈ ചെന്ന് പതിച്ചത് അപ്പുറത്തെ ക്യാപ്റ്റന്റെ മൂക്കിലാണ്…

മഴക്കാലമായാൽ കിണറുംകരയിൽ നിന്നും വെള്ളം ഉറവപൊട്ടി വരുന്നത് കണ്ടിട്ടില്ലേ ഏറെക്കുറെ അവന്റെ മൂക്കിൽ നിന്നും അതുപോലെ രക്തം വരാൻ തുടങ്ങി..

ഉറവയാണോ അതോ അവന്റെ മൂക്കിന്റെ പലമാണോ പൊട്ടിയെതെന്ന് ചോദിച്ചാൽ സത്യമായും എനിക്കറിയില്ല.

അതുവരെ കളി കണ്ടിരുന്ന സകല ഓൾഡ് ഏജ് തെണ്ടികളും ഓടിക്കൂടി എന്നെ കുറെ ചീതേം പറഞ്ഞു അവനെയും തൂക്കി എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി..

എന്തായാലും നീ അവനെ അടിക്കേണ്ടിയില്ലായിരുന്നു.. എന്നും പറഞ്ഞു കൂടെ കളിച്ച തെണ്ടികളും കാലൊഴിഞ്ഞു..

സംഗതി ഗ്രൗണ്ടും നാടും ചുറ്റി തിരിഞ് ന്റെ വീട്ടിലും എത്തി.. അതുവരെ പേരുദോഷം കേൾപ്പിക്കാത്ത ഉപ്പയുടെ മകൻ ഗുണ്ട ആയത്രെ..

ഈ നാട്ടുകാർ തെണ്ടികളെ കൊണ്ട് തോറ്റല്ലോ..

അത് കഴിഞ്ഞു ഏറെയൊന്നും ആയിട്ടില്ല., മൂപ്പരെന്നെ മൂന്നാഴ്ചക്കകം ഏഴ് കടലിനിക്കരെ എത്തിച്ചു..

അന്നാ നാടുകടത്തലിൽ എനിക്കുള്ള നഷ്ടം രണ്ടാണ്..

ഒന്ന് എന്റെ നാടും കളി സ്ഥലവും വീടും കുടുംബവും ഒഴിഞ്ഞുള്ള ഈ ഒറ്റപ്പെടൽ..

രണ്ട്. ഇടനെഞ്ചിലെപ്പോഴോ കയറിക്കൂടിയ പ്രണയം..

ഈ തലതെറിച്ചവന് എവിടുന്നാ പ്രേമം എന്നല്ലേ.. പറയാം,

ഷാഹിന.. അതാണ് അവളുടെ പേര്.
ന്റെ അനിയത്തി പാത്തൂസിന്റെ ഒരേയൊരു കൂട്ടുകാരി.. അവളാണ് നായിക. പക്ഷെ ഈ കഥയിൽ നായികയേക്കാൾ കൂടുതൽ റോൾ ന്റെ പാത്തൂസിനാണ്. കാരണം എന്റെ പ്രേമം നമ്മടെ നായിക ഒരിക്കലും അറിഞ്ഞിട്ടില്ലെന്നതുതന്നെ.

വലിയ തറവാടായത് കൊണ്ട് ഷാഹിക്കും പാത്തൂസിനും വീട്ടിൽ എവിടെയും പൂർണ സ്വതന്ത്ര്യം ആയിരുന്നു.. അതുകൊണ്ട് തന്നെ പ്രേമം പൂക്കാൻ വേറെ രാസവളങ്ങളൊന്നും തേടി ഞാൻ പോയില്ല. അത്യാവശ്യം മൊഞ്ചുള്ള,എപ്പോഴും കാണുന്ന ഒരു പെണ്ണിനോട് പത്തിരുപത്തൊന്ന് വയസ്സുള്ള ഒരാണിന് പ്രേമം തോന്നിയതിൽ വല്ല അത്ഭുദവും ണ്ടാ.. ണ്ടാ.. ണ്ടാന്ന്.. ഇല്ല.

ഇത് എന്റെ പാത്തൂസ് വഴി അവളെ അറിയിക്കാനായിരുന്നു പ്ലാൻ.

അതിന് വേണ്ടി നല്ലൊരു പ്രേമലേഖനവും എഴുതി മടക്കി എന്റെ ഷെൽഫിൽ വെച്ചിരുന്നതാ.
പക്ഷെ പടച്ചോന് നല്ല ടൈമിംഗ് ആയിരുന്നു.. കറക്റ്റായിട്ട് ആ ദിവസ്സം തന്നെ ഞാൻ ഞമ്മടെ ക്യാപ്റ്റന്റെ മൂക്കിന്റെ പാലം തകർത്തിലെ..

ഹ ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഇടക്ക് ഞാൻ നാട്ടിലേക്ക് വിളിക്കുമ്പോൾ പാത്തൂസിനോട് ഓൾടെ കാര്യമൊക്കെ കൊള്ളാതെ കൊള്ളിച്ചു ചോദിക്കാറുണ്ട്. അപ്പോഴൊക്കെ അവൾ പെട്ടന്ന് തന്നെ വിഷയം മാറ്റി നാട്ടിലേക്ക് കൊടുത്തയക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറയാൻ തുടങ്ങും.. അതൊക്കെ കേട്ട് മനം മടുത്തു ഞാൻ ഫോൺ വെക്കും.
പിന്നെ എപ്പോഴോ അവളുടെ കല്യാണം കഴിഞ്ഞെന്ന് പാത്തൂസ് വഴി അറിഞ്ഞു..

ഹാ കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി പെട്ടിയുമെടുത് നാട്ടിലേക്ക്..
മൂന്ന് വർഷത്തിന് ശേഷമുള്ള എന്റെ റീ എൻട്രി ആണ്. അതെന്തായാലും പൊലിപ്പിക്കണം..

മുറിയിലെ നേരിയ വെളിച്ചത്തിൽ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള പെട്ടിയിലേക്ക് ഒന്നൂടെ നോക്കി. മനസ്സിൽ വല്ലാത്ത സന്തോഷം. എങ്ങനേലും ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ..

എന്നേക്കാൾ മുന്നേ ഖൽബ് നാട്ടിലെത്തി.

സുബ്ഹിക്ക് വെച്ച അലാറം കരയുന്നത് കേട്ടാണ് ഉറക്കമുണർന്നത്..

ഏതാവാനാട ഇത്ര നേരത്തേ അലാറം വെച്ച പണിക്കുപോന്നത് എന്നും പറഞ്ഞു കണ്ണ് തുറന്നു നോക്കിയപ്പോഴാണ് പടച്ചോനെ ഇന്നാണല്ലോ എനിക്ക് നാട്ടിൽ പോകാനുള്ളതെന്ന് ഓർത്തത്..

ആലോചനക്കിടയിൽ ഇന്നലെ എപ്പോഴോ ഉറങ്ങിപ്പോയതാണ്.

നേരെ പള്ളിയിൽ പോയി നിസ്‌ക്കരിച്ചു.
യാത്ര സുഖകരമാവാൻ നിസ്കാരം കഴിഞ്ഞു മനമുരുകി പ്രാർത്ഥിച്ചു. തിരിച്ചു റൂമിലെത്തി..

10 മണിക്കാണ് ഫ്ലൈറ്റ്. 7 മണിക്ക് വണ്ടിയുമായി ആഷി വരാമെന്ന് പറഞ്ഞതാണ്.

കൂടെയുള്ളവരോടൊക്കെ ഇന്നലെ തന്നെ യാത്ര പറഞ്ഞതാണ്..

പുതിയ ഡ്രെസ്സും ഷൂവും ഒരു ഭംഗിക്ക് റെയ്ബാൻ ഗ്ലാസ്സും കൂടെ ഒരു ഹെഡ്‍സെറ്റും എടുത്ത് വെച്ച് ഞാൻ അവന് വേണ്ടി റൂമിൽ കാത്തിരുന്നു.. അതിനിടയിൽ വീട്ടിലേക്കൊന്ന് വിളിച്ചു..

വീട്ടിലിന്ന് മൂന്നാം പെരുന്നാളാണ്.. ഞാൻ വരുന്നതോണ്ട് പാത്തൂസ് ഇന്ന് ക്ലാസിനൊന്നും പോയിട്ടില്ല.. ഉപ്പയും അവളും ആകും എയർപ്പോട്ടിലേക്ക് എന്നെ കൂട്ടാൻ വരുന്നത്.. ഉമ്മയുടെ വാക്കിൽ ആകാംഷയും സ്നേഹവും മാത്രം..

ഉച്ചക്ക് കരിപ്പൂരിൽ ഫൈറ്റിറങ്ങി. ഉപ്പ അപ്പോഴേക്കും കാറുമായി എത്തിയിരുന്നു. എസ്‌കലേറ്റർ ഇറങ്ങിവരുന്ന കാഴ്ച്ചയിൽ പാത്തൂസിനെ കണ്ണിലുടക്കി.. കൂടെ ഉപ്പയുമുണ്ട്. മുഖത്തുനിന്നും കൂളിങ്ക്‌ളാസ്സ് എടുത്ത് മാറ്റി ഞാൻ കൈവീശി കാണിച്ചു.. അടുത്തെത്തിയതും പാത്തൂസ് എന്റെ റെയ്ബാൻ എടുത്ത് അവള് വെച്ചു.. എന്നിട്ട് പറഞ്ഞു..

ഇക്കാനെ കാണാൻ അടിപൊളി ആയിക്ക് ലെ ഉപ്പാ..

ഉം
എന്തിനോ ഉപ്പയുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

ഞങ്ങൾ നേരെ കാറിലേക്ക് നടന്നു
മഴ പെയ്ത് തുടങ്ങിയിരിക്കുന്നു.. ചിലപ്പോൾ ഇടവപ്പാതി എനിക്ക് വേണ്ടി കാത്തിരുന്നതാവും.. വണ്ടി ഓടി തുടങ്ങിയപ്പോൾ മഴക്ക് ശക്തികൂടി.

അതിനിടയിൽ പുതിയ ഡ്രൈവറെ പാത്തൂസ് എനിക്ക് പരിചയപ്പെടുത്തിത്തന്നു.

ഇക്ക ഇതാരാണ് എന്നറിയോ.?

ഞാൻ ഇല്ലെന്ന് തലയാട്ടി..

എന്റെ ഒരു കൂട്ടുകാരി ഇല്ലേ ഷാഹിന.. ഓൾടെ ഉപ്പയാ..

എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി..
അത് പുറത്തുകാണിക്കാതെ ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു..

വീട്ടുവളപ്പിലേക്ക് കാർ തിരിഞ്ഞതും ഒത്തിരി പേർ എന്നെ കാണാനെന്ന വണ്ണം തിരക്കുകൂട്ടി കാറിലേക്ക് നോക്കുന്നുണ്ട്. വീടൊക്കെ മുഖച്ഛായ ആകെയൊന്ന് മാറിയിരിക്കുന്നു. പഴയ ആ തറവാട് പുരയാണെന്ന് കണ്ടാൽ പറയൂല. തമിഴ് സിനിമയിലെ പാട്ടൊക്കെ ഡബ് ചെയ്ത് മലയാളത്തിൽ ആക്കിയത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ..

ഇതെന്താ പാത്തൂ ഇത്രേം ആൾ..

അതൊക്കെ പറയാം.. ഇക്ക ഇറങ്ങിവാ..

ഒരുപാട് ആളുകൾ വന്ന് സലാം പറയുന്നുണ്ട്. എല്ലാർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ അകത്തേക്ക് കയറി. കണ്ണുകൾ തിരയുന്നത് ഉമ്മയെ ആണ്. ഏറ്റവും പിറകിൽ വാതിലിനോട് ചേർന്ന് നിൽക്കുന്നുണ്ട് ഉമ്മ.. നേരെ ചെന്ന് കട്ടിപ്പിടിച്ചു നെറ്റിയിൽ ചുംബിച്ചു..
ഈ കൈക്കുള്ളിൽ ഇങ്ങനെ ജീവിതാവസാനം വരെ നിൽക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിപ്പോയി..

ഇക്ക മേലെയാണ് ഇക്കാടെ റൂം.. വാ ഞാൻ കാട്ടി തരാം..

പിറകിൽ നിന്നും പാത്തൂന്റെ വിളി കേട്ട് ഞാൻ അവളുടെ കൂടെ എന്റെ റൂം ലക്ഷ്യമാക്കി നടന്നു.

പാത്തൂ.. ഇതൊക്കെ ഏതാടി ആൾക്കാർ.. ഉപ്പ പിന്നേം കെട്ടിയോ..

ഉപ്പയല്ല കെട്ടിയത്..
കെട്ടാൻ പോകുന്നത് ഇക്കയാണ്..
ഇക്കാന്റെ കല്യാണ നിശ്ചയത്തിന് വന്നൊരാ ഇതൊക്കെ.

ഞാനൊന്ന് ഞെട്ടിയോ.. ഹ ഞെട്ടി..

എന്റെ നിശ്ചയോ.. അതിന് പെണ്ണൊക്കെ കാണണ്ടേ..

അതൊക്കെ കണ്ടല്ലോ..

ആര്..

ഞാനും ഉപ്പയും ഉമ്മയുമൊക്കെ..

നിങ്ങൾ കണ്ടാ മതിയോ.. ഞാൻ കാണണ്ടേ,.. എന്റെയല്ലേ കല്യാണം..

ഇനിയൊന്നും പറഞ്ഞിട്ട് കാര്യല്ല.. ഉപ്പ വാക്ക് കൊടുത്തു.

അള്ളോ.. എന്റെ ഉള്ളിൽ പിന്നേം കൊള്ളിയാൻ മിന്നി. ഉപ്പ വാക്കു കൊടുത്താൽ കൊടുത്തതാണ്.

പണ്ട് കളിച്ചുനടക്കേണ്ട പ്രായത്തിൽ എന്നെ നാടുകടത്തി.. അത് പോട്ടെ ഞാൻ ക്ഷമിച്ചു.
ഇപ്പോ കെട്ടുനടക്കേണ്ട പ്രായത്തിൽ ഏതേലും പെണ്ണിനെ വച്ചു കെട്ടുനടത്തുന്നോ.. ഞാൻ സമ്മതിച്ചത് തന്നെ..

എന്റെ ഇഷ്ടത്തിന് ഇവിടെ യാതൊരു വിലയും ഇല്ലേ..?
ഞാനിത് മുടക്കും..
ഉപ്പയാണത്രെ ഉപ്പ എനിക്കിങ്ങനെത്തെ ഒരു ഡാഡി വേണ്ട..

അതൊക്കെ നമുക്ക് മുടക്കാം. ആദ്യം ഇക്ക ആ പെണ്ണിനെ ഒന്ന് കാണ്. ഇക്കാടെ റൂമിൽ ഉണ്ട് അവൾ..

എനിക്ക് കാണണ്ട ആ മൂദേവിയെ..

ഇക്ക പോയി കാണ്, എന്നിട്ട് ബാക്കി നമുക്ക് നോക്കാം..

അപ്പൊ കണ്ടേക്കാം ലെ..

ആ ചെല്ല്..

നീ കൂടെ നിക്കണം ട്ടോ പാത്തൂസേ

അതൊക്കെ ഞാൻ ഏറ്റ് ഇക്ക പോയി കാണ്..

ഞാൻ റൂമിലേക്ക് കയറിയപ്പോൾ കർട്ടൻ ചാരി പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട് അവൾ..
ഞാനൊന്ന് തൊണ്ടയനക്കി എന്റെ വരവറിയിച്ചു..

അവൾ എന്റെ നേരെ തിരിഞു..
അവളെ കണ്ടതും ഞാൻ സ്റ്റക്ക് ആയിപ്പോയി.. ഞാൻ പണ്ട് നാലാം ക്ലാസിൽ പൊട്ടിയപോലെ ലഡു അങ്ങട് പൊട്ടലോടെ പൊട്ടൽ..

ഷാ.. ഹി ന
ഞാൻ അറിയാതെ പറഞ്ഞു പോയി..

അപ്പോഴാണ് പിറകിൽ പാത്തൂസിന്റെ വിളി..

മോനെ ഇക്കൂസേ.. പെണ്ണിനെ ഇഷ്ടായോ..

ഇവൾ..? ഞാൻ സംശയത്തോടെ അവളെ നോക്കി..

ഇവളാണ് എന്റെ ഷാഹി.. ഇക്കാനെ ഞങ്ങൾക്ക് രണ്ടാൾക്കും അന്നേ ഒരു സംശയം ഉണ്ടേനി.. ഇക്കാന്റെ നോട്ടവും സംസാരവും..
പിന്നെ ഇക്കാടെ പ്രേമലേഖനം കൂടെ കിട്ടിയപ്പോൾ എനിക്കുറപ്പായി..

അയ്യേ.. ഛെ
ഞാനൊന്ന് ചൂളിപ്പോയി..

ഇവളോട് ചോദിച്ചപ്പോൾ ഇവൾക്കും സമ്മതം..

പിന്നെ ഒന്നും നോക്കീല ഉമ്മാനേം ഉപ്പാനേം പറഞ്ഞു സമ്മതിപ്പിച്ചു.

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ രണ്ടാളെയും മാറി മാറി നോക്കി.

ഇക്കാക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നുകരുതിയാണ് ഇന്നുതന്നെ എൻഗേജ് നടത്താൻ തീരുമാനിച്ചത്..
ഇനിയിപ്പോ ഇക്കാക്ക് ഇഷ്ടപ്പെട്ടീല എന്ന് ഞാൻ ഉപ്പയോട് പോയി പറഞ്ഞു വരാം..

എന്ന് പറഞ്ഞു അവൾ പുറത്തേക്ക് ഓടി.
ഡീ നിക്ക് എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചുനിർത്തി..

ഡീ പത്തോ.. ഉപ്പ എന്റെ നന്മക്ക് വേണ്ടിയല്ലേ ഒക്കെ ചെയ്യുന്നത്.. ഉപ്പാടെ സന്തോഷല്ലേ ഞമ്മളെയും സന്തോഷം.. ഉപ്പാനെ എതിർത്തിട്ട് ഞമ്മള് ജീവിച്ചിട്ട് കാര്യണ്ടോ.. മോൾക്ക് ഇതൊക്കെ ആരേലും പറഞ്ഞു തരണോ..

ഇക്കാടെ കുട്ടി വാ..
ഈ കല്യാണമാണ് ഉപ്പാക്ക് ഇഷ്ടമെങ്കിൽ എനിക്കൊരു എതിരഭിപ്രായവും ഇല്ല..

അയ്യാ..
എന്താ സോപ്പിങ്.. ഡീ ഷാഹി നീ തീർന്നീടി തീർന്നു.. നല്ലൊരു ഓന്തിനെയാ നിനക്ക് കിട്ടിയത്..

താഴെ എല്ലാവരും എന്റെ സമ്മതം അറിയാനെന്നോണം എന്നെ കാത്തിരിപ്പുണ്ട്.
അവരോടൊക്കെയായി പാത്തൂസ് പറയാൻ തുടങ്ങി..

ലേഡീസ് ഏൻഡ് ജന്റിൽമാൻ.. എന്റെ ഇക്കയും സർവോപരി അലമ്പനുമായ നമ്മടെ മണവാളൻ ചെക്കന്.. ചെറുപ്പം മുതലേ എന്റെ പിറകെ കൂടി എന്നെ ശല്യം ചെയ്യുന്ന എന്റെ സ്വന്തം ഷാഹിമോളെ കെട്ടാൻ യാതൊരുവിധ ഇഷ്ടക്കേടുമില്ലെന്ന് അറീച്ചു കൊള്ളുന്നു.. ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ..

അതേയ് അവന് സമ്മതാണ് ഇങ്ങള് തിയതി നോക്കിക്കോളി എന്ന് ഉമ്മ ചെന്ന് ഉപ്പയോട് പറയുമ്പോൾ

മുകളിൽ ഹണിമൂൺ ഊട്ടി വേണോ മൈസൂർ മതിയോ എന്ന ചർച്ചയിലായിരുന്നു ഞങ്ങൾ.

രചന ; ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here