Home Latest “ഈ അമ്മയെ കാണാൻ ഒരു രസോമില്ല… അച്ഛൻ ഇപ്പോഴും നല്ല സുന്ദരനാണ്… അച്ഛൻ എന്തു കണ്ടിട്ടാ...

“ഈ അമ്മയെ കാണാൻ ഒരു രസോമില്ല… അച്ഛൻ ഇപ്പോഴും നല്ല സുന്ദരനാണ്… അച്ഛൻ എന്തു കണ്ടിട്ടാ ഈ അമ്മയെ കെട്ടിയത് “

0

അമ്മ അഥവാ ഭാര്യ

“ഈ അമ്മയെ കാണാൻ ഒരു രസോമില്ല… അച്ഛൻ ഇപ്പോഴും നല്ല സുന്ദരനാണ്… അച്ഛൻ എന്തു കണ്ടിട്ടാ ഈ അമ്മയെ കെട്ടിയത് ” – കുട്ടികൾ പലപ്പോഴും തമാശയായിട്ടെങ്കിലും ഇങ്ങനെ ചോദിക്കുമാ യിരുന്നു. ഇതു കേൾക്കുമെങ്കിലും ഉള്ളിൽ സങ്കടമുണ്ടെങ്കിലും ഒന്നും പ്രതികരിയ്ക്കാതെ അവളുടെ ജോലിയിൽ മുഴുകുകയായിരുന്നു പതിവ്.

അവൾ പ്രതികരിക്കുന്നത് വല്ലപ്പോഴും മാത്രം. അതും അവൾക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി…കുട്ടികൾ എന്നെ എതിർത്തു സംസാരിക്കുമ്പൊ മാത്രം “അച്ഛനോടങ്ങനെ പറഞ്ഞുകൂട” എന്നു പറഞ്ഞവൾ ശാസിക്കും. അതല്ലെങ്കിലും അങ്ങനെയാണ്.. അവൾക്കു വേണ്ടി അവളൊന്നും ചെയ്യാറില്ല.. അന്നും ഇന്നും. അവൾ അമ്പലത്തിൽ പോയാൽ അവളുടെ പേരിൽ വഴിപാടു കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല…

എന്നിട്ടുംകുട്ടികൾക്കെന്തോ അവളെ മടുത്തു തുടങ്ങീന്നെനിക്കിടയ്ക്കു തോന്നും… കുട്ടികൾക്ക് മാത്രമല്ല എനിയ്ക്കും പലപ്പോഴും അവളെ മടുത്തിരുന്നു… കിടപ്പറയിൽ പോലും…

ഞാനിന്നും ഓർക്കുന്നു മോൾ എഴാം ക്ലാസ്സിൽ നല്ല മാർക്കോടെ പാസായ ദിവസം… ഓടി വന്ന ഉടനെ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. എന്നാൽ തൊട്ടടുത്തു നിന്ന അവളെ നോക്കി “അമ്മയെ ഞാൻ കെട്ടിപ്പിടിക്കൂല്ല, അമ്മയ്ക്ക് ചാണകത്തിന്റെ മണമാ” എന്ന് മോൾ പറഞ്ഞു. ഇതു കേട്ട് ചിരിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് പോയി ആരും കാണാതെ കണ്ണീർ തുടച്ച അവളെ ഞാൻ കണ്ടു…. ശെരിയാണ് അവൾക്ക് ചാണകത്തിന്റെ മണമുണ്ടായിരുന്നു. ശെരിക്കും തൊഴുത്തിലെ പശുക്കളെ നോക്കീം ചാണകം വാരീം ചാണകത്തിന്റെ മണം മാത്രo അവൾ എടുത്തിട്ട് പശുക്കൾ തരുന്ന മായം കലരാത്ത ശുദ്ധമായ പാൽ ഞങ്ങൾക്കു മാത്രമായി അവൾ കരുതി വച്ചിരുന്നു.

പിന്നാമ്പുറത്ത് അവൾ നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിഷമയമില്ലാത്ത പച്ചക്കറികളും പഴങ്ങളും അവൾ ഞങ്ങൾക്കു വിളമ്പി. കറിയിൽ ഇത്തിരി ഉപ്പോ മുളകോ കൂടിയാലും കുറഞ്ഞാലും അവളെ കുറ്റപ്പെടുത്താൽ ഞാനും മക്കളും മത്സരിച്ചിരുന്നു… അന്നൊന്നും ഞങ്ങൾക്കായി അവളുടെ വിയർപ്പിൽ നട്ടുനനച്ചുണ്ടാക്കിയ ശുദ്ധമായ പച്ചക്കറികളുടെ സ്വാദ് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല.

 

മോൻ കോളേജിൽ നിന്ന് ടൂറു പോകാൻ ഇറങ്ങാൻ നേരം അവൾ അടുക്കളയിലെ ഏതോ പാത്രത്തിൽ സൂക്ഷിച്ചിരുന്ന മുഷിഞ്ഞു ചുരുണ്ട കുറച്ചു നോട്ടുകൾ മകന്റെ കയ്യിൽ അവൾ തിരുകിക്കൊടുത്തപ്പോൾ “ഈ മുഷിഞ്ഞ നോട്ടുകൾ എനിക്കു വേണ്ട അമ്മേ എനിക്കുള്ളത് അച്ഛൻ തന്നു… ഈ മുഷിഞ്ഞ ചില്ലറ കണ്ടാൽ കൂട്ടുകാർ കണ്ടാൽ കളിയാക്കും” എന്നു അവളോട് അവൻ പറഞ്ഞു….പലതിൽ നിന്നും മിച്ചം പിടിച്ചും പിശുക്കീം അവൾ സൂക്ഷിച്ചു വച്ച ആ വിയർപ്പിൽ കുതിൽ ചെറിയ നോട്ടുകളുടെ വില അവനന്നറിഞ്ഞില്ല…

അവളുടുക്കുന്ന സാരിക്കു വിയർപ്പു നാറ്റം ആണെന്ന് മക്കൾ പല തവണ പരാതി പറഞ്ഞിട്ടുണ്ട്… പകലന്തിയോളം വീടുമുഴുവൻ ഓടി നടന്നു ജോലി ചെയ്യുന്ന അവൾ ഒരു യന്ത്രമല്ലെന്നും ഏതൊരു മനുഷ്യനെയും പോലെ അവൾക്കും വിയർപ്പിന്റെ ഗ്രന്ധി ഉണ്ടെന്നും അവർ തിരിച്ചറിഞ്ഞില്ല… ഇതൊക്കെയാണെങ്കിലും അലക്കു കല്ലിൽ അലക്കി ഉണക്കി തേച്ചു തന്നിരുന്ന എന്റെയും മക്കളുടെയും തുണികൾക്ക് ആ വിയർപ്പു നാറ്റം ഉണ്ടായിരുന്നില്ല.

ഊണുമുറിയിൽ ഞങ്ങളോടൊന്നിച്ചിരുന്ന് അവൾ ഭക്ഷണം കഴിച്ചിട്ടിപ്പൊ കാലം ഏറെയായി… “അമ്മയ്ക്കൊന്നു വൃത്തിയായിട്ടു വന്നു ഭക്ഷണം കഴിച്ചുടേ…” – വീട്ടിലെ പണിയെല്ലാം തീർത്ത് തളർന്നു ഭർത്താവിനും മക്കൾക്കും ഒപ്പമിരുന്നു ഭക്ഷണം കഴിക്കാൻ വന്ന അവൾക്ക് മകനിൽ നിന്നും കിട്ടിയ വാക്കുകൾ. പിന്നീടങ്ങോട്ട് അവളുടെ തീൻമേശ അടുക്കളയിലെ പഴയ ഒരു തേഞ്ഞു ദ്രവിച്ച ഒരു സ്റ്റൂൾ ആയിരുന്നു… ഒരുതരത്തിൽ അവളെ ആ അടുക്കളയിൽ ചങ്ങലയില്ലാതെ ബന്ധിയ്ക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം…

ശെരിക്കും പറഞ്ഞാൽ അവളെ ഒരു യന്ത്രമായാണ് ഞാനും കുട്ടികളും കണ്ടിരുന്നത്. സ്വിച്ച് ഇട്ടാൽ അലക്കി, പാത്രം കഴുകി, ആഹാരം മേശപ്പുറത്തെത്തിക്കുന്ന ഒരു യന്ത്രം. അവൾ എവിടേക്കെങ്കിലും പോകുമ്പോ ഒന്നു കൂടെ ചെല്ലാനോ ഭാര്യയെന്നോ അമ്മയെന്നോ പറഞ്ഞ് മറ്റുള്ളോർക്ക് അവളെ പരിചയപ്പെടുത്താനോ ഞങ്ങൾക്ക് മടിയായിരുന്നു…

പിന്നെ എപ്പോഴോ ഒരു ദിവസം ചിതലരിച്ചിരു കിടന്ന എന്റെ കല്യാണ ആൽബം തുറന്നു കണ്ട എന്റെ മക്കൾ ഒന്നു ഞെട്ടി…. കാണാൻ ഭംഗിയില്ലാ എന്നു അവർ വിധിയെഴുതിയ അവരുടെ അമ്മ അതായത് എന്റെ ഭാര്യയുടെ രൂപം കണ്ട്… ഇന്നീക്കാണുന്ന രൂപമായിരുന്നില്ല… അതിസുന്ദരിയായ ഒരു പെണ്ണായിരുന്നു അവളന്ന്…. ആ സുന്ദര രൂപം എന്റെ മനസ്സിൽ നിന്നു പോലും മാഞ്ഞിരുന്നു…ഈ വീടിനും ഞങ്ങൾക്കും വേണ്ടി വിശ്രമമില്ലാതെ ഓടിയതിനു കാലം അവൾക്കു നല്കിയ സമ്മാനമാണ് ഇന്നത്തെ അവളുടെ കോലം എന്ന് ഞാനും മക്കളും നിറകണ്ണുകളോടെ തിരിച്ചറിഞ്ഞു…

ഇന്നു ഒരുപാടു നാളുകൾക്കു ശേഷം ഞങ്ങളോടൊന്നിച്ചിരിന്നു ഭക്ഷണം കഴിക്കുമ്പോൾ എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോ അവൾക്ക് ചാണകത്തിന്റെയോ വിയർപ്പിന്റെയോ മണിമല്ല…മറിച്ച് വാൽസല്യനിധിയായ ഒരമ്മയുടേയും സ്നേഹ നിധിയായ ഭാര്യയുടെയും സ്നേഹത്തിന്റെ ഗന്ധം മാത്രം.

(ഇതുപോലെ മറ്റുള്ളവർക്കായി ജീവിക്കുന്ന ചില അമ്മമാർക്കും ഭാര്യമാർക്കും വേണ്ടി സമർപ്പിക്കുന്നു)

രചന ; P. Sudhi

LEAVE A REPLY

Please enter your comment!
Please enter your name here