Home Latest ഒരുത്തി തേച്ചുപോയതിന്റെ വേദന ഹൃദയത്തിൽകിടന്ന് ചൾക്കോ,പിൾക്കോന്ന് ഇടിക്കാൻ തുടങ്ങിയിട്ട് മാസം അഞ്ചായി

ഒരുത്തി തേച്ചുപോയതിന്റെ വേദന ഹൃദയത്തിൽകിടന്ന് ചൾക്കോ,പിൾക്കോന്ന് ഇടിക്കാൻ തുടങ്ങിയിട്ട് മാസം അഞ്ചായി

0

എന്റെ പ്രതികാരം ഇങ്ങനെയിരിക്കും

സൗദിയിൽ നിന്നും 3 മാസത്തെ ലീവിന് നാട്ടിൽചെന്ന എന്നെ പെണ്ണുകെട്ടിക്കണമെന്ന് അമ്മക്ക് ഒരേ നിർബന്ധം.

ഒരുത്തി തേച്ചുപോയതിന്റെ വേദന ഹൃദയത്തിൽകിടന്ന് ചൾക്കോ,പിൾക്കോന്ന് ഇടിക്കാൻ തുടങ്ങിയിട്ട് മാസം അഞ്ചായി
അതിനിടക്ക് ഒരുപെണ്ണുകാണൽ,
ആലോചിക്കുമ്പോൾതന്നെ തല പെരുകുന്നു.

സമയം എട്ടരകഴിഞ്ഞിട്ടും ബെഡിൽ നിന്നുമെണീക്കാത്ത എന്നെ അനിയത്തിവന്നാണ് വിളിക്കുന്നത്. അവൾക്കറിയില്ലല്ലോ ഉറക്കത്തിന്റെ വില.
ഇവിടെ 13 മണിക്കൂർഡ്യൂട്ടി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഫേസ്ബുക്കിലും, വാട്ട്സാപ്പിലും കേറിനിരങ്ങി അത്യാവശ്യം ഫോൺവിളികളൊക്കെ കഴിഞ്ഞ് മിച്ചം വരുന്ന നാലോ അഞ്ചോ മണിക്കൂർ ഉറക്കത്തിനായിമാറ്റിവെച്ച് അടുത്ത ഡ്യൂട്ടിക്ക് പോകാൻ അലാറം വച്ചെഴുന്നേൽക്കുമ്പോ ആകെ ഭ്രാന്തുപിടിച്ചിട്ടുണ്ടാകും.

“ഏട്ടാ…. വിനുവേട്ടാ.. ”

“മ്..”
ഒന്ന് മൂളിക്കൊണ്ട്
പുതപ്പ് മാറ്റി ഞാൻ അവളെയൊന്ന് നോക്കി.

കുളിച്ച്, നെറ്റിയിൽ കളഭംചാർത്തി, അഴിഞ്ഞുവീണ കേശത്തിൽനിന്നും ഇറ്റിവീഴുന്ന ജലകണികൾ എന്റെ മുഖത്തേക്ക് പതിച്ചപ്പോൾ ഉറക്കത്തിൽനിന്നും ഞാനെഴുന്നേറ്റു.

കണ്ണുത്തിരുമ്പി ഞാനവളെ വീണ്ടും സൂക്ഷിച്ചുനോക്കി.

“ദൈവമേ…ഞാൻ കണ്ടത് സ്വപ്നമായിരുന്നോ..?”
എന്റെ ത്രീഫോർത്തും , ബനിയനുംവലിച്ചുകേറ്റി, മുടിയഴിച്ചിട്ട്, വായയിൽ ബ്രെഷുംകേറ്റി, കൈയിലെ കപ്പിൽ മുഖം കഴുകാനുള്ള വെള്ളം എന്റെ മുഖത്ത് തെളിച്ചുകൊണ്ട് നിൽക്കുന്നു കുട്ടിപിശാച്.

“എടി…. നിക്കടി അവിടെ…”
അരിശംമൂത്ത ഞാൻ ബെഡിൽനിന്നു ചാടിയെഴുന്നേറ്റ് അവളുടെ പിന്നാലെ ഓടി.

അടുക്കളയിൽ ദോശചുടുന്ന അമ്മയുടെ പിന്നിൽ അഭയംതേടിയ അവളെ ഞാൻ വെല്ലുവിളിച്ചു.

“ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവാടി തീപ്പട്ടിക്കൊള്ളി..”
കാവിമുണ്ട് മടക്കിക്കുത്തി ഞാൻ നിന്നു

“വേണ്ട..ഞാൻ തുപ്പും..”
വായിൽനിന്ന് ബ്രെഷെടുത്ത് അവൾ പറഞ്ഞു.

“ആഹ്‌ഹാ… അത്രക്കായോ,”
രണ്ടും കൽപ്പിച്ച് ഞാൻ അമ്മയുടെപിന്നിൽ മറഞ്ഞുനിൽക്കുന്ന അനിയത്തിയുടെ അടുത്തേക്ക് ചെന്നതും,
ദീപാവലിക്ക് പൂത്തിരി കത്തിച്ചപോലെ അവളുടെ വായിൽനിന്നും കോൾഗേറ്റിന്റെ പത എന്റെ മുഖത്തേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു.

“കാക്ക തൂറി ന്നാ തോന്നുന്നേ..,
മുഖത്ത് ആയില്ലല്ലോ…”

ഹരിഹർനഗറിലെ ജഗതീഷിന്റെ ഡയലോഗ് അറിയാതെ നാവിൻതുമ്പിൽ കിടന്നാടി.
കാവിമുണ്ടിന്റെ ഒരു തലകൊണ്ട് മുഖം തുടച്ച് ഞാൻ സടകുടഞ്ഞ സിംഹത്തെപോലെ ഗർജിച്ചുനിന്നതും,
ദോശ മറച്ചിടുന്ന ചട്ടുകംകൊണ്ട് ‘അമ്മ പുറത്തൊരു സീലുവച്ചു.

“പോയിക്കുളിക്കട ചെക്കാ…വന്നിട്ട് 3 ദിവസേആയുള്ളു അപ്പഴേക്കും തുടങ്ങിയോ രണ്ടും”
ചട്ടുകംകൊണ്ട് വീണ്ടും അടിക്കാനോങ്ങിയപ്പോഴേക്കും ഞാൻ മുങ്ങി.

തോർത്തുമുണ്ടെടുത്ത് ബാത്റൂമിലേക്ക് പോകാൻ നിൽക്കുമ്പോഴാണ്
പിന്നിൽനിന്നും ‘അമ്മ വിളിക്കുന്നത്.

“ഡാ…., ആ വേലായുധേട്ടൻ ഒരു കുട്ടിണ്ട് ന്ന് പറഞ്ഞിരുന്നു. പറ്റുച്ചാ ഒന്നുപോയിനോക്ക്, ഇന്ന് ഞായറാഴ്ചയല്ലേ, ”

“പൊന്നമ്മേ…. എന്നെയൊന്ന് വെറുതെ വിടോ…”
കൈകൾ കൂപ്പി ഞാൻ തൊഴുത്തുനിന്നു.

“വേണ്ടടാ,… പോണ്ടാ, കഴിഞ്ഞ തവണ വന്നപ്പോഴും നീയതുതന്നെ പറഞ്ഞത്.
നിന്റെ കൂടെയുള്ള പ്രദീപും, ദിബിനും, വിനീഷുമെല്ലാം പെണ്ണുകെട്ടി നീയിനി ആരെ കാത്തുനിൽക്കാ, എനിക്കാണെങ്കിൽ വയ്യ,
നിനക്ക് ഇപ്പ എത്രന്നാ വിചാരം. നാലുകൊല്ലംകൂടെ കഴിഞ്ഞാ മുപ്പത് വയസാകും, അതല്ല ഇനിയെന്റെ കണ്ണടഞ്ഞു പോയിട്ടെ കല്യാണം കഴിക്കൊള്ളുന്നുണ്ടോ..ണ്ടങ്കിൽ ഇപ്പപറയണം, ഞാൻ വല്ല ആറ്റിലോ, കിണറ്റിലോ ചാടി ചാത്തോളാ…”

“മതി അമ്മേ, പരിപ്പൊന്നും പഴയപോലെ വേവുന്നില്ല.”
ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ഇനിയിപ്പ ഞാൻ കാരണം ചാവാൻ നിൽക്കേണ്ട, വേലയുധേട്ടനോട് പറഞ്ഞോളൂ, ഞാൻ പൊയ്കോളാ…”

കുളികഴിഞ്ഞ് ഞാൻ കൂട്ടുകാരെ വിളിച്ച് പെണ്ണുകാണാൻ പോകാൻ തയ്യാറായിനിന്നു.

“ഏട്ടാ….. ദേ പ്രദീപേട്ടൻ ദുഷ്ട്ടനെയും കൊണ്ട് വന്നിരിക്കുന്നു.”
ഉമ്മറത്തുനിന്ന് അനിയത്തി വിളിച്ചുപറയുന്നത് കേട്ട് ഞാൻ അമ്പരന്നു നിന്നു,

“ദുഷ്ട്ടനോ, അതാരാപ്പാ..”
ഉമ്മറത്ത് പോയി നോക്കിയ ഞാൻ അനിയത്തിയുടെ തലമണ്ടകിട്ട് ഒരുകൊട്ടുകൊടുത്തു.

പ്രദീപ് വാങ്ങിയ പുതിയ ദാറ്റ്സൺ കാറിനെ അവൾ ദുഷ്ട്ടനെന്ന് വിളിച്ച് അഭിസംബോധന ചെയ്തത്.

റൂമിലേക്ക് കേറിവന്ന പ്രദീപ് ഞാൻകൊണ്ടുവന്ന പെർഫ്യൂമെടുത്ത്‌ മേലാസകാലം പൂശി.

“ഡേയ്… ഒന്ന് പുറത്തുപോടെ ഞാനീ സാധാനമൊന്ന് ഇട്ടോട്ടെ,..”

ആങ്കറിൽ തൂക്കിയിട്ടിരിക്കുന്ന അണ്ടർവെയർ ചൂണ്ടികാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ജെട്ടികളുടെ ലോകത്തേക്ക്, കുട്ടനാട്ടിൽ നിന്നും മറ്റൊരു ജെട്ടികൂടി, കാവാലം ജെട്ടി”
അനിയത്തിടെ തലമുടി ചീന്തുന്ന ചീർപ്പിൽ ജെട്ടി തൂക്കികൊണ്ട് പ്രദീപ് പറഞ്ഞു.

“ബ്ലഡി ഫൂൾ…. യൂ ഗെറ്റ് ഔട്ട് ഹൗസ്.”
രണ്ട് തെറി ഫിറ്റാക്കി ഞാൻ അവനെ ചവിട്ടി പുറത്താക്കി.

അമ്മയോട് യാത്രപറഞ്ഞു ഞങ്ങൾ കട്ടചങ്കുകളായ ദിബിനെയും, വിനീഷിനെയുംകൂട്ടി പെണ്ണുകാണാൻ പോയി

കൂട്ടുകാരെയെല്ലാം ഒരുമിച്ചുകണ്ടപ്പോൾ കാറ് ഞങ്ങൾക്ക് വീടുപോലെയായി, ഒച്ചയും
ബഹളവുമായിപോകുന്ന ഞങ്ങളിലേക്കായി വഴിയോരയാത്രക്കാരുടെ കണ്ണുകൾ മുഴുവനും.

“നിന്റെ പഴയ കാമുകി വിളിക്കാറില്ലേ വിനോ…”
പിൻസീറ്റിലിരുന്ന് ദിബിൻ ചോദിച്ചത് കേട്ട ഞാൻ കാറിന്റെ കണ്ണാടിയിലൂടെ അവനെ തീക്ഷ്ണമായി നോക്കി.

“എടാ, പൂച്ചാമ്മു, വേണ്ടാ നീ.., ഇന്ന് രാവിലെ പ്രദീപിന്റെ പെണ്ണുണ്ടല്ലോ ബിൻസി, അവളുമായി ഞാൻ ഇതേവിഷയത്തിന്റെ പേരിൽ ഒന്നുടക്കിതാ,
സോ, ബീ കെയർ ഫുൾ, ഇല്ലങ്കിൽ അണ്ണാൻ ചപ്പിയ നിന്റെ മോന്ത ഞാൻ ഇടിച്ചു പ്ലിങ് ആക്കിമാറ്റും.”

“ഉത്തരവ് രാജാവേ..”
ഒന്നാക്കിയപോലെ അവൻ പറഞ്ഞു.

തിരൂരിൽ നിന്ന് പൂങ്ങോട്ടുകുളതെത്തിയപ്പോൾ ബ്രോക്കർ വേലായുധേട്ടൻ വിളിച്ചുകൊണ്ടിരുന്നു.

“വേലയുധേട്ടാ…ദേ ഞങ്ങൾ പൂങ്ങോട്ടുകുളത്തിന്ന് തിരിയുന്നു.”

ഫോണെടുത്ത് സംസാരിക്കുന്നതിനിടയിൽ
വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് ഞാൻ കാറ് തുഞ്ചൻ റോട്ടിലേക്ക് തിരിച്ചു.

ഖയാംതിയ്യറ്റർ കഴിഞ്ഞ് കോപ്പറേറ്റീവ് കോളേജിലേക്ക് പോകുന്ന വഴിയിൽനിന്നും ഒരു വെള്ള ആക്ടിവ വളവ് തിരിഞ്ഞുവരുന്നത് കണ്ടപ്പോൾ തന്നെ പ്രദീപ് പറഞ്ഞു

“മോനെ ദേണ്ടാ ഒരുത്തി റമ്പർപാലുകുടിച്ചുകൊണ്ട് വരുന്നു”

പറഞ്ഞു നാവെടുത്തില്ല തെണ്ടി,
എതിരെ വന്ന ഓട്ടോറിക്ഷയെ മറികടന്ന് പ്രദീപിന്റെ ഫോർ റെജിസ്ട്രഷൻ കാറിന്റെ മുൻപിലേക്ക്.

ധിം തരികിടതോം ദേ കിടക്കുന്നു വണ്ടിയും മുതലാളിയും.

“എടി…..”
അരിശം മൂത്ത പ്രദീപ് ഡോർ തുറന്ന് പുറത്തേക്ക് ചാടി.

സീറ്റ് ബെൽറ്റൂരി ഞാനും ഇറങ്ങി ചെന്നു.

ബോണെറ്റ് ഉള്ളിലേക്ക് ഞെളുങ്ങിനിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മവന്നത് പണ്ട് അയൽവാസിയുടെ തലയിൽ തെങ്ങോല വീണപ്പോളുണ്ടായ മുഖഭാവമായിരുന്നു.
ബുൾസൈ അടിച്ചപോലെ കിടക്കുന്ന ബോണറ്റിനെ അൽപ്പനേരം പ്രദീപ് നോക്കിനിന്നു.

ചുറ്റും കൂടിയവർ പെൺകുട്ടിയെ പിടിച്ചെഴുന്നേല്പിച്ചു,

“ഡോ… താനേത് മാനത്ത് നോക്കിയാടോ വണ്ടിയോടിക്കുന്നെ,”
കൈമുട്ട് ഉഴിഞ്ഞുകൊണ്ട് അവൾ എന്റെ നേരെ തിരിഞ്ഞു.

സത്യം പറയാലോ, ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറിനടക്കുന്നത് കണ്ടപ്പോൾതന്നെ മനസിൽ ലഡ്ഡുപൊട്ടി. മിഴികളിൽ അഞ്ജനം വാൽനീട്ടിയെഴുതിയിരിക്കുന്നു.
കിഴക്കുനിന്ന് ഉദിച്ചുയർന്ന അരുണന്റെ കിരണമേറ്റ് അവളുടെ മൂകുത്തിയിൽ പതിച്ച വെള്ളക്കല്ലുകളുടെ തിളക്കം എന്റെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറി.
നെറ്റിയിൽ ചന്ദനകുറിക്കുതാഴേ കറുത്ത വട്ടപൊട്ടുമിട്ട്, ദേവലോകത്തെ അപ്സരസ് വന്നുനിൽക്കുന്നപോലെ എന്റെ മുൻപിൽ അവൾ വന്നുനിന്നു.

“ഡോ,, തന്നോടാ ചോദിച്ചേ…”
വിരൽ ചൂണ്ടികൊണ്ട് ബാഹുബലിയിലെ ദേവസേന നിൽക്കുന്നപോലെ അവൾ
എന്റെനേർക്കുനിന്നു.

“ഡി… പെണ്ണേ, മരിയാദക്ക് സംസാരിക്കണം,
റോഡിലൂടെ പോകുന്ന ചെക്കന്മാരുടെ വായിൽ നോക്കി വണ്ടിയോടിച്ചാ ഇങ്ങനെയിരിക്കും.
വണ്ടിയെടുത്തൊണ്ടു പോടി.. കീടമേ..”
ഞാൻ തിരിഞ്ഞു നിന്നതും,
പഴംചക്ക വീണ പോലെയോരു ശബ്ദം എന്റെ പുറത്തുനിന്ന്.

കൈയിലുള്ള ഹെൽമെറ്റുകൊണ്ട് എന്റെ പുറത്ത് ഗണപതിക്ക് തേങ്ങ ഉടക്കുന്നപോലെ ഒരേറ്.

“ദേ, പെണ്ണായതോണ്ട് മാത്രം വിടാ, ഇല്ലെച്ചാ ഉപ്പിലിട്ട നിന്റെമോന്ത ഞാൻ ചമ്മന്തിയാക്കിയേനെ, ഇതെന്തോന്ന് സാധനം, പ്രദീപേ…”

“നീ പോടാ മരത്തലയ,…”
ആൾകൂട്ടത്തിനിടയിൽ നിന്നുകൊണ്ട് അവൾ എന്നെ നോക്കി വിളിച്ചു.

“മരത്തലയൻ നിന്റെ അച്ഛനാടി പണ്ടാരമേ ”
അതു പറഞ്ഞതേയെനിക്ക് ഓർമ്മയുള്ളൂ.

ഒരു കൈ മൂക്കിൻതുമ്പിലൂടെ പായുന്നത് കണ്ടു. വളരെ പെട്ടന്നുതന്നെ
എന്റെ ഇടത് കവിളിൽ അവളുടെ മൃദുലമായ കരങ്ങൾ പതിഞ്ഞു,
പിന്നെ ഒരുനിമിഷം കണ്ണൊക്കെ മഞ്ഞളിച്ചു പോയി.

കണ്ണുതിരുമ്പി നോക്കിയപ്പോൾ കൂടെയുണ്ടായിരുന്ന തെണ്ടികൾ പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്.

അരിശംമൂത്ത ഞാൻ അവൾക്ക് നേരെ തിരിഞ്ഞതും , ഉടനെ ആകുട്ടി കുഴഞ്ഞുവീണതും ഒരുമിച്ചായിരുന്നു.

“കൃഷ്ണാ… ചതിച്ചോ…”
അല്പ്ം ഭയം ഉള്ളിൽ തോന്നിയപ്പോൾ അതുപങ്കിടാൻ ഞാൻ ദൈവത്തെ കൂട്ടുപിടിച്ചു.

കുഴഞ്ഞുവീണ അവളെ രണ്ടു ചേച്ചിമാർ താങ്ങിപിടിച്ച് ഞങ്ങളുടെ കാറിൽ കയറ്റി.
എന്നിട്ട് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച അവളുടെ പേരോ നാളോ ഒന്നുമറിയാതെ ഞങ്ങൾക്ക് വിവരങ്ങൾ കൊടുക്കാൻ നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.

നീലനിറമുള്ള ബെഡിൽ ചന്ദനകളർ ദാവണിയുടുത്തു ഡ്രോപെടുത്തുകിടക്കുന്ന അവളെ കണ്ടാൽ ആരായാലും ഒന്നുനോക്കിപോകും, എന്തൊരു ഓമനത്വമുള്ള മുഖം.

പക്ഷെ പുരുഷാരമധ്യത്തിൽ വച്ച് എന്റെ നേർക്ക് കൈയോങ്ങിയ അവളോട് അടങ്ങാത്ത പ്രതികാരമായിരുന്നു.
അതുകൊണ്ടാകാം ഹോസ്പിറ്റലിൽ വച്ച് അവളുടെ പൂർണ്ണവിലാസം ഞാൻ ചോദിച്ചറിഞ്ഞത്.

പ്രതികാരത്തിന്റെ ആദ്യഘട്ടം.

ഫോണെടുത്ത് ബ്രോക്കർ വേലായുധേട്ടനെ വിളിച്ചു.
“ഇനിയെനിക്ക് പെണ്ണ് തിരയണ്ട, ഞാനൊരു കുട്ടിയെകണ്ടു.അവളെ മതി എനിക്ക്.”
എന്റെ ശക്തമായ തീരുമാനം ഞാൻ അയാളെ അറിയിച്ചു.
എന്നിട്ട് അവളുടെ വീട്ടിലേക്ക് എന്റെ അച്ഛനെയും അമ്മയെയും കൂട്ടി പെണ്ണുചോദിക്കാൻ പോയി,
ആദ്യമവൾ എതിർത്തെങ്കിലും, പിന്നീട് ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചു.

വൈകാതെ ഒരുമാസത്തിനുള്ളിൽ ഞാൻ അവളുടെ കഴുത്തിൽ താലിച്ചാർത്തി.

പ്രതികാരത്തിന്റെ രണ്ടാം ഘട്ടം.

അവളോടുള്ള ദേഷ്യം മറന്ന് ഞാനവളെ സ്നേഹിക്കാൻ തുടങ്ങി എന്റെ ജീവനേക്കാൾ കൂടുതൽ, അതിപ്പോ എങ്ങനെ ഞാൻ പറഞ്ഞുതരാ…

“വിനുവേട്ടാ….”
അകത്തുനിന്ന് അഞ്ജലിയുടെ വിളികേട്ടപ്പോൾ ഞാൻ അങ്ങോട്ട് നോക്കി.

“എന്താ അഞ്ജലി..”

“എനിക്ക് വിശക്കുന്നു….
അല്ല..! കുറെ നേരായല്ലോ ഫോണിൽ കുത്തിയിരിക്കാൻ തുടങ്ങിയിട്ട്, ന്താ അത്..”

പ്രതികാരത്തിന്റെ മൂന്നാം ഘട്ടം.

അകത്തുനിന്ന് അവൾ പതിയെ നടന്നുവരുന്നതു കണ്ടഞാൻ പറഞ്ഞു.

“മോളെ പതുക്കെ..,
ഡോക്ടർ പറഞ്ഞിട്ടില്ലേ ഇങ്ങനെ എഴുന്നേറ്റ് നടക്കരുതെന്ന്, ഇപ്പൊ നിനക്ക് വേണ്ടത് റെസ്റ്റാണ്. വളരെ ശ്രദ്ധിക്കണം ഏട്ടാമാസാ,”

എന്റെ അടുത്തുവന്നിരുന്ന് അവൾ ഫോണെടുത്തു നോക്കി.

“ഇതെന്താ, ഇയെഴുതിവച്ചിരിക്കുന്നെ”

“ഒരു പ്രതികാരത്തിന്റെ കഥയാ.
എടി, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ന്താന്നറിയോ.?”
അവളോട് ചേർന്നിരുന്ന് ഞാൻ ചോദിച്ചു.

“ഇല്ല്യാ ,ന്തേ”

“ഹഹഹ, കഴിഞ്ഞകൊല്ലം നിന്റെ മഹനീയ കരങ്ങൾ എന്റെ മുഖത്തുപതിച്ച ദിവസാണ് ഇന്ന്.”

“ങേ, അതിപ്പോഴും ഓർക്കുന്നുണ്ടോ..?”
കസേരയിൽ ഇരിക്കുന്ന എന്റെ നെറുകയിൽ വിരലോടിച്ചുകൊണ്ട് അവൾ ചോദിച്ചു.

“മ്.. അന്നുഞാൻ വിചാരിച്ചതാ നിന്നോട് പ്രതികാരം ചെയ്യണം ന്ന്..”

“എന്നിട്ട് ചെയ്‌തോ…”
പരിഹാസഭാവത്തിൽ അവൾ ചോദിച്ചു.

“ചെയ്തല്ലോ.. എന്റെ പ്രതികാരം ദേ ഇങ്ങനെയിരിക്കും.”

അവളുടെ വയറ് ഉഴിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.
എന്നിട്ട് മൃദുലമായ ആ വയറിൽ ഒരുചുടുചുംബനവും കൊടുത്തു.

“അയ്യേ…. പോ അവിടന്ന്… നാണമില്ലല്ലോ..
ഇങ്ങനെ പ്രതികാരം ചെയ്യാൻ.”
മുഖം തിരിച്ച് അവൾ പറഞ്ഞു.

“ഹഹഹ, ഇതൊരു പാഠമാണ്, ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും.”
നുണകുഴികവിളിൽ ഞാനൊരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു.

ഹോ നമ്മുടെയൊരു അവസ്ഥേ… പ്രതികാരം ചെയ്തതും പോരാ, ഈ സമയത്ത് വീട്ടുപണിയുമെടുക്കണം..

അപ്പഴേ ഞാനവൾക്ക് അൽപ്പം ഭക്ഷണം കൊടുത്ത്, കണ്ണിൽ പൊന്നീച്ച പാറിയതിന്റെ വാർഷികം ആഘോഷിക്കട്ടെ,
നിങ്ങളിതു വായിച്ചിട്ട് ഇവിടെയിരിക്ക് ഞാനിപ്പ വരാം.

രചന : വിനു വിനീഷ്.

 

LEAVE A REPLY

Please enter your comment!
Please enter your name here