Home Latest അല്ലങ്കിലും ആർത്തവമാണെന്ന് കരുതി ഒരു പെണ്ണിനും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനോ അവധിയെടുക്കാനോ സാധിക്കില്ലല്ലോ…

അല്ലങ്കിലും ആർത്തവമാണെന്ന് കരുതി ഒരു പെണ്ണിനും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനോ അവധിയെടുക്കാനോ സാധിക്കില്ലല്ലോ…

0

വെളുപ്പിനെ തുടങ്ങി അസഹ്യമായ വേദനയും മനംപുരട്ടലും. ‘ഇന്നത്തെ സുബ്ഹി നിസ്ക്കാരം കിട്ടുമെന്ന് തോന്നുന്നില്ല’.
സൽമ ചിന്തിച്ചു. കുറേ സമയം അവൾ ബെഡിൽ ഉരുണ്ടു മറിഞ്ഞു…
താൻ എഴുന്നേറ്റിലങ്കിൽ ഈ ദിവസം എങ്ങനെയായിരിക്കും?
ആ വേദനക്കിടയിലും അവൾ അത് മനസിൽ കണ്ടു ചിരിച്ചു.
ബാപ്പിച്ചീം മക്കളും പുറത്ത് പോയി കഴിക്കേണ്ടി വരും…
അല്ലങ്കിലും ആർത്തവമാണെന്ന് കരുതി ഒരു പെണ്ണിനും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനോ അവധിയെടുക്കാനോ സാധിക്കില്ലല്ലോ…
ഒരു ജോലി സ്ഥലത്തും അവൾക്ക് ലീവു കിട്ടുകയുമില്ല.
പിന്നെന്തു വിശ്രമം…
അടിവയറു പിളരുന്ന വേദനയോടെ സൽമ കുട്ടികളെ ഉണർത്താതെ ബാത്ത് റൂമിലേക്ക് കയറി…
കുളിച്ചിറങ്ങുമ്പോഴും ബാപ്പിച്ചിയും മക്കളും നല്ല ഉറക്കത്തിലാണ്.
അവൾ അടുക്കളയിൽ കയറി ചായയിട്ടു. വേദന അസഹ്യമായി തുടങ്ങിയിരുന്നു അവൾ വീണ്ടും റൂമിലെത്തി തന്റെ കെട്ട്യോനെ തോണ്ടി വിളിച്ചു.
“ഇക്കാ എണിക്ക് ”
“എന്താടി ”
ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയിൽ നൗഷാദ് ചോദിച്ചു.
” വേദന സഹിക്കാൻ പറ്റണില്യാ ”
സൽമ വിഷമത്തോടെ തന്റെ പ്രിയതമനെ നോക്കി. അയാൾക്ക് കാര്യം പിടിക്കിട്ടി.
എല്ലാ മാസവും കിട്ടുന്ന എട്ടിന്റെ പണി തന്റെ സഹധർമ്മിണിക്ക് കിട്ടിയിരിക്കുന്നു..
അയാൾ ചിരിച്ചു.
“വാ പെണ്ണെ”
നൗഷാദ് കൈകൾ വിടർത്തി സൽമയെ തന്റെ നെഞ്ചിലേക്ക് കിടത്തി.
അവളുടെ നെറ്റിയിൽ ചുംബിച്ചു.
അയാളുടെ ഇളം ചൂടുള്ള നെഞ്ചിൽ ചുരുണ്ടുകൂടി കിടന്നപ്പോൾ സൽമക്ക് വേദന കുറയുന്നത് പോലെ തോന്നി.
അവളെ കെട്ടിപ്പിടിച്ച് അടിവയറ്റിൽ അയാൾ പതിയെ തടവി…
ഇതാണ് ഇവളുടെ വേദന കുറയാനുള്ള ഒറ്റമൂലി , അയാൾ ചിരിച്ചു.
ഈ സമയത്തും സ്നേഹിക്കാനും ലാളിക്കാനും ഒരാണു വേണം ഏതു പെണ്ണിനും അത് മനസ്സിലാക്കുന്നവനാണ് യഥാർത്ഥ ഭർത്താവ്, സൽമ ചിന്തിച്ചു…

” ഉമ്മീ”
മകൾ സനയുടെ വിളി കേട്ടണ് സൽമ ആ മയക്കത്തിൽ നിന്നും ഉണർന്നത്.
” ഇന്നെനിക്ക് നേരത്തെ സ്കൂളിൽ പോകണം”
അവൾ ഉമ്മിയോട് പറഞ്ഞു.
” വേഗം എണീറ്റോ മോളെ ബാപ്പിച്ചി എല്ലാം ശരിയാക്കി തരാം, നിന്റെ ഉമ്മിക്ക് ഇന്ന് റെസ്റ്റാ”
എന്നും പറഞ്ഞ് നൗഷാദ് മക്കളായ സനയേയും സൽമാനേയും ബാത്ത് റൂമില്ലേക്ക് കയറ്റി…
അഞ്ചാം ക്ലാസുക്കാരിയായ സനക്ക് കാര്യം പിടി കിട്ടി ഉമ്മിക്ക് മാസത്തിലെ ആ ദിവസങ്ങളിലെ വേദനയും ബുദ്ധിമുട്ടുമാണെന്ന്.
സൽമ മകൾക്ക് ഈ വക കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്താറുണ്ട്.
നൗഷാദ് കുട്ടികളെ കുളിക്കാൻ വിട്ടിട്ട് അടുക്കളയിൽ കയറി ഓരോ ജോലിയും ആരംഭിച്ചു…
സൽമക്ക് കിടക്ക പൊറുതി കിട്ടിയില്ല. പ്രിയതമൻ ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ടിട്ട്.
അവൾ എണീറ്റു.
ഭർത്താവിന്റെ അരികിലെത്തി…
” ഇങ്ങക്ക് ബുദ്ധിമുട്ടായല്ലേ ”
സൽമ വിഷമത്തോടെ ഭർത്താവിനെ നോക്കി..
“പിന്നേ, വല്യാ ബുദ്ധിമുട്ട് തന്നെ ”
നൗഷാദ് അവളെ നോക്കി കളിയാക്കി.
” ഒന്ന് പോടി, അങ്ങ് ദുഫായില് അടുക്കള പണീം അലക്കലും എല്ലാ പണീം ഞാൻ ഒറ്റക്കാണ് മോളേ, ചെയ്തിരുന്നത് ”
അയാൾ ഭാര്യയെ സമാധാനിപ്പിച്ചു..
ഇങ്ങനൊരു ഭർത്താവിനെ കിട്ടിയത് തന്റെ പുണ്യമാണ്…
അൽഹംദുലില്ലാഹ്…
അവൾ പടച്ചവനോട് നന്ദി പറഞ്ഞു…

കുട്ടികൾ കുളിച്ചു വരുമ്പോഴേക്കും നൗഷാദ് അവർക്ക് കഴിക്കാനുള്ള ഭക്ഷണം റെഡിയാക്കിയിരുന്നു…
അവൻ കുട്ടികളെ ഭക്ഷണം കഴിപ്പിച്ചു, തനിക്ക് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി…
“ബാപ്പിച്ചി എന്റെ മുടിയൊന്ന് കെട്ടി താ”
സന നിന്നു ചിണുങ്ങി.
മോളേ, ഈ കാര്യം മാത്രം ബാപ്പിച്ചിക്ക് പറ്റൂലട്ടൊ നീ ഉമ്മിയോട് പറയ്”
നൗഷാദിന് ഇന്നും പിടികിട്ടത്ത കാര്യമാണ് നീണ്ട മുടി പിന്നുന്നത്…
സൽമയെ പോലെ നീണ്ട് ഇടതൂർന്ന മുടിയാണ് സനക്കും. അയാൾ പലതവണ ശ്രമിച്ചിട്ടും മുടി കൈകാര്യം ചെയ്യുന്നത് അവനു ശ്രമകരമായിരുന്നു…
” ഉമ്മീ, ഈ ബാപ്പിച്ചിക്കെന്താ മുടി മെടയാൻ അറിയാത്തത്?”
പരാതിയുമായാണ് സന സൽമയുടെ അരികിലെത്തിയത്.
“വാ”
സൽമ എണീറ്റു സനയുടെ മുടി ചീകാൻ തുടങ്ങി.
” ഉമ്മീ ഇങ്ങക്ക് നല്ല വേദനയുണ്ടോ?”
സന ചോദിച്ചു.
“കുറവുണ്ട് സനാ ”
സൽമ ചിരിച്ചു.
” ഞാനും വല്യാ പെണ്ണായാൽ എനിക്കും ഇതുപോലെ വേദനയുണ്ടാവോ?”
സനയുടെ കുഞ്ഞു വലിയ സംശയങ്ങൾ…
“ചിലപ്പോൾ ഉണ്ടാകാം”
സൽമ പറഞ്ഞു.
“ആര്യക്ക് കഴിഞ്ഞ തവണ നല്ല വേദനയുണ്ടായെന്ന് ”
സനയുടെ കണ്ണുകളിൽ വേദന…
ആര്യ….
സനയുടെ കൂട്ടുക്കാരി…
അവൾ ഋതുമതിയായിട്ട് മൂന്ന് മാസമായി.
എട്ടും പൊട്ടും തിരിയാത്ത പത്തു വയസ്സുക്കാരി…
സൽമക്ക് ആലോചിച്ചപ്പോൾ സങ്കടം തോന്നി.
തന്റെ മകളും ഇതുപോലെ ഋതുമതിയാകും അപ്പോഴേക്കും അവൾക്ക് ഈ കാര്യങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിച്ച് കൊടുക്കണം. അവൾ ഒരിക്കലും പേടിയോടെ ഇതിനെ കാണരുത് എന്ന്
സൽമ മനസിൽ ഉറപ്പിച്ചിരുന്നു.

ഒരു വൈകുന്നേരം സന സ്കൂൾ വിട്ട് വന്നത് കരച്ചിലോട് കൂടിയാണ്. സൽമ ആകെ വെപ്രാളപ്പെട്ട് കാര്യം തിരക്കി.
‘ആര്യക്ക് നിലക്കാത്ത ബ്ലീഡിംഗ്…
യൂണിഫോമിലും ബെഞ്ചിലുമെല്ലാം രക്തം…
ഇത് കണ്ട ആര്യ വലിയ വായിൽ നിലവിളിച്ചു.
ആര്യയുടെ കരച്ചിലുകണ്ട് സനയും കരയാൻ തുടങ്ങി…
അന്ന് മുതൽ സമയം കിട്ടുമ്പോഴൊക്കെ സൽമയും നൗഷാദും ഋതുമതിയാകുന്നതിനെ കുറിച്ച് മകളെ പറഞ്ഞു മനസ്സിലാക്കും.

”ഉമ്മീ കഴിഞ്ഞ ദിവസ്സായിരുന്നു ആര്യയുടെ കാവിലെ ഉത്സവം, പക്ഷേ അവൾക്ക് പോകാൻ പറ്റിയില്ല”
സനയുടെ സംസാരം സൽമയെ ചിന്തകളിൽ നിന്നുണർത്തി.
” അതെന്താ ഉമ്മി ഇങ്ങനെയായാൽ അമ്പലത്തിലൊന്നും പോകാൻ പറ്റില്ലേ?”
വീണ്ടും സനയുടെ ഇമ്മിണി വല്യാ സംശയം
” ഇല്ല സനാ, പോകാൻ പറ്റില്ല.”

സന തുടർന്നു:
ആര്യ കാവിലേക്ക് പോകാനായി ഒരുങ്ങിയതായിരുന്നു അപ്പോഴാണ് അവൾക്ക് ഇങ്ങനെ വേദന ഉണ്ടായത്, ആര്യയും അവൾടെ അമ്മയും മാത്രം പോയില്ല ബാക്കി എല്ലാവരും പോയി. അവൾക്ക് നല്ല സങ്കടം വന്നു. ഒരു പാട് കരഞ്ഞൂന്, ഉത്സവം കഴിഞ്ഞ് ക്ലാസിലേക്ക് വരുമ്പം ഞങ്ങൾ കൂട്ടുക്കാരികൾക്ക് ഒത്തിരി സമ്മാനങ്ങൾ കൊണ്ടു തരാമെന്ന് പറഞ്ഞിരുന്നു മയിൽ പീലിയും വളകളും മുത്തു മാലകളും ക്യൂടെക്സും എല്ലാം അവൾ തരാമെന്ന് പറഞ്ഞിരുന്നു പക്ഷേ ഒന്നിനും പറ്റിയില്ല.
സനയുടെ മുഖത്ത് സങ്കടം നിറഞ്ഞു.
” ഇനിയും ഉത്സവം വരുമല്ലോ അപ്പോൾ വാങ്ങാം”
സൽമ മകളെ സമാധാനിപ്പിച്ചു.
” ഉമ്മീ ആര്യ ഉത്സവം കഴിയണവരെ അവൾടെ വീട്ടിലെല്ലാ താമസിച്ചത് ,എന്തിനാ ഇങ്ങനെ മാറ്റി പാർപ്പിക്കണത്?”
സനയുടെ സംശയങ്ങൾക്ക് കുറവില്ല.
“ആര്യയുടെ വീടിനോട് ചേർന്നല്ലേ കാവ് അത് കൊണ്ടായിരിക്കാം”
സൽമ പറഞ്ഞു.
” എന്നെയും ഇതുപോലെ മാറ്റി താമസിപ്പിക്കൊ?”
സന സൽമയെ നോക്കി.
“ബാക്കി സംശയങ്ങളെല്ലാം നമ്മക്ക് സ്കൂൾ വിട്ട് വന്നിട്ട് തീർക്കാം ഇപ്പോൾ പോകാൻ നോക്ക് ”
സൽമ മകളുടെ നെറ്റിയിൽ ചുംബിച്ചിട്ടു സ്കൂളിലേക്ക് യാത്രയാക്കി…

NB : സാനിറ്ററി നാപ്കിൻ വിട പറഞ്ഞു. പകരം മെൻസ്ട്രൽ കപ്പ് വന്നു. മെൻസ്ട്രൽ കപ്പ് സ്ത്രീകൾക്ക് ഒരു വരദാനമായിരിക്കാം. ഉപയോഗിച്ചവർക്ക് എല്ലാം നല്ല അഭിപ്രായമാണുള്ളത് 800 രൂപ മുടക്കി ഒരെണ്ണം വാങ്ങിയാൽ 10 വർഷം വരെ അണുവിമുക്തമാക്കി ഉപയോഗിക്കാം അങ്ങനെ നോക്കുമ്പോൾ ഇത് ശരിക്കും ലാഭവുമാണ്. നമ്മുടെ കുട്ടികൾക്ക് ഇത് വളരെ ഉപയോഗപ്രദമായിരിക്കാം എന്നാലും പലർക്കും ഇതിനെ കുറിച്ച് വ്യക്തമായ അറിവില്ലന്നതാണ് സത്യം.

Raseena sakariya

LEAVE A REPLY

Please enter your comment!
Please enter your name here