Home Latest “ഏട്ടാ… ‘മെനു’ ആയീട്ടോ. നല്ല വയറുവേദനയുണ്ട്. പാഡ് വാങ്ങിക്കാൻ മറക്കല്ലേ.”

“ഏട്ടാ… ‘മെനു’ ആയീട്ടോ. നല്ല വയറുവേദനയുണ്ട്. പാഡ് വാങ്ങിക്കാൻ മറക്കല്ലേ.”

0

“ഏട്ടാ… ‘മെനു’ ആയീട്ടോ. നല്ല വയറുവേദനയുണ്ട്. പാഡ് വാങ്ങിക്കാൻ മറക്കല്ലേ.”

വൈകിട്ട് കവലയിൽ ബസ്സിറങ്ങി അല്പം പച്ചക്കറിയും സാധനങ്ങളും വാങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് പ്രിയയുടെ മെസ്സേജ് ഓർമ്മവന്നത്.നേരെ തിരിഞ്ഞ് മെഡിക്കൽ ഷോപ്പിലേക്ക് നടന്നു.

പിരീഡ് ആയാൽ ആദ്യത്തെ രണ്ടുദിവസം അവളുടെ അവസ്‌ഥ വലിയ കഷ്ടമാണ്. വയറുവേദനകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെപോലെ ചുരുണ്ടുകൂടും. അടുത്തിരുന്ന് കൈത്തലം പിടിച്ച് തലോടാനല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത നിസ്സഹായത.പലതവണ ഹോസ്പിറ്റലിൽ കൊണ്ടുപോയതാണ്. ഇപ്പോൾ വേദനസംഹാരികൾ അവൾ തന്നെ കഴിക്കും.

മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാൻ രണ്ട് പെണ്കുട്ടികൾക്ക് മരുന്നെടുത്ത് കൊടുക്കുകയാണ്.അവർ ഒരറ്റത്തേക്ക് ഒതുങ്ങിനിന്നു.

“എന്തേ”
സെയിൽസ്മാൻ ചിരിച്ചുകൊണ്ട് അന്വേഷിച്ചു.
“പാഡ് വേണം”

പെട്ടന്ന് മുഖത്തെ ചിരി മാഞ്ഞു. ഒരു നേർത്ത അങ്കലാപ്പോടെ പെണ്കുട്ടികളുടെ നേർക്കാണയാളുടെ നോട്ടം പോയത്. അവർ കേട്ടോ എന്നാവും. അവരാവട്ടെ നോട്ടം ദൂരേക്ക് മാറ്റി തങ്ങളൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ നിൽക്കുന്നു. എടുത്തിരുന്ന ജോലി മുഴുമിക്കാതെ അയാൾ വേഗം പോയി ‘സാധനം’ കൊണ്ടുവന്നു.കൈ താഴ്ത്തിപ്പിടിച്ച് എന്തോ കള്ളത്തരം ചെയ്യുന്നപോലെയാണ് അയാൾ കൊണ്ടുവന്നത്. വേഗം ഒരു ന്യൂസ്‌പേപ്പറെടുത്ത് പൊതിയാൻ തുടങ്ങിയപ്പോൾ അയാളോട് പറഞ്ഞു.

“പൊതിയണ്ട. കവറിലിട്ട് തന്നാൽമതി”.

അയാൾക്ക് വെപ്രാളം കൂടി. പെണ്കുട്ടികൾ നാണം അമർത്താൻ പാടുപ്പെടുന്നതുകണ്ടു. അപ്പോഴാണോർത്തത് കഴിഞ്ഞതവണ പ്രിയ പ്രത്യേകം പറഞ്ഞിരുന്നു സ്റ്റേ ഫ്രീ വാങ്ങിയാൽ മതിയെന്ന്. അവൾക്ക് അല്പംകൂടി കംഫർട് ആയിരിക്കുന്നത് അതാണത്രെ.കവറിൽ നിന്നെടുത്ത് തിരിച്ചുകൊടുത്തിട്ട് പറഞ്ഞു.

“ഇതല്ല..സ്റ്റേഫ്രീ മതി”

അപ്പോഴേക്ക് പെണ്കുട്ടികൾ ചിരിക്കാൻ തുടങ്ങിയിരുന്നു.
“എത്രയാ”
“40”
അയാൾ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
പണം പേഴ്സിൽനിന്നെടുക്കുമ്പോൾ അയാളോട് ചോദിച്ചു
“എന്തിനാണ് നിങ്ങൾ ഇത്ര മടിക്കുന്നത്. ഇത് ഇത്ര മോശം വസ്തുവാണോ. പിന്നെന്തിനാണ് നിങ്ങൾ ഇത് വിൽപ്പനക്ക് വെച്ചിരിക്കുന്നത്?”.
അയാൾ ഒന്നു പരുങ്ങി. ഒരു വളിച്ച ചിരിവരുത്തിയിട്ട് പറഞ്ഞു.

“അതുപിന്നെ.. ഈ പെണ്കുട്ടികൾ ഇവിടെ നിൽക്കുമ്പോൾ”

“അതിനെന്താ. അവർക്ക് ഇതിനെക്കുറിച്ച് അറിയാത്തവരാണോ. അവരും ഇത് ഉപയോഗിക്കുന്നവരല്ലേ”.

പിന്നെ പെണ്കുട്ടികളോടയി പറഞ്ഞു.
“നോക്കൂ…ഞാനിതുവാങ്ങിയത് എനിക്ക് ഉപയോഗിക്കാനല്ല. നിങ്ങളെപ്പോലെ ഒരു പെണ്ണിന് ഉപയോഗിക്കാനാണ്.ആർത്തവം ഒരു മോശം കാര്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ”
അവർ ചിരി നിർത്തി.
“ഇനിയെങ്കിലും ആർത്തവത്തിന്റെ കാര്യം പറയുമ്പോൾ ശബ്ദം താഴ്ത്തിരിക്കുക. പാഡാവട്ടെ മറ്റെന്താവട്ടെ,നിങ്ങൾക്കാവശ്യമുള്ള സാധനം വാങ്ങിക്കുമ്പോൾ തല ഉയർത്തി തന്നെ ചോദിച്ചു വാങ്ങുക. നിങ്ങളാണ് ധൈര്യം കാണിക്കേണ്ടത്”
****


വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ആറേഴുപേർ സൊറപറഞ്ഞിരിക്കുന്നു. എല്ലാവരും സുഹൃത്തുക്കളാണ്. അല്പനേരം കുശലം പറഞ്ഞു നിന്നു.

“തെന്താ കവറില്… ബ്രെഡ് പാക്കേറ്റോ”
രവിയാണ് ചോദിച്ചത്.
“അല്ല, ഇത് പാഡാണ്. പ്രിയക്കിന്ന് പിരീഡ് ആയി”

മനഃപൂർവമാണങ്ങനെ പറഞ്ഞത്. പെട്ടന്ന് ചെറിയൊരു നിശബ്ദത. പിന്നെ ചിരി പടർന്നു.

“നിന്റൊരു കാര്യം..ഇതൊക്കെ ഇങ്ങനെ പബ്ലിക് ആയിട്ട് പറയാമോ?”
“എന്താ ഇതിലിത്രയ്ക്ക് നാണിക്കാൻ. എന്താ നിങ്ങളുടെ ആരുടെയും ഭാര്യമാർക്ക് മാസമുറ ഉണ്ടാവാറില്ലേ?”
“അതല്ല. എന്നാലും…”
“ഒരെന്നാലുമില്ല. ഓരോ പെണ്ണിനും മാസത്തിൽ ഒരിക്കൽ ഉണ്ടാവുന്ന ശാരീരികാവസ്ഥയല്ലേ. അതായത് നാല് പെണ്ണുണ്ടെങ്കിൽ അതിൽ ഒരു പെണ്ണിന് മെൻസസ് ആയിരിക്കും.അതിൽ നാണിക്കാനും മറച്ചുവെക്കാനും ഒന്നുമില്ല.”
****
വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും ഏട്ടനും ഏട്ത്തിയും എല്ലാം ഉമ്മറത്തു തന്നെയുണ്ട്. എന്തോ നാട്ടുവർത്തനം പറഞ്ഞിരിപ്പാണ്. പ്രിയ കിടക്കുകയായിരിക്കും. എന്റെ ശബ്ദം കേട്ടിട്ടാവണം പ്രിയ ഓടി വന്നു കൈനീട്ടി. ആരും കാണാതെ പാഡ് വാങ്ങി അകത്തെത്തിക്കാനുള്ള തത്രപ്പാടാണെന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ അത് അവഗണിച്ചു. പച്ചക്കറിയും സാധനങ്ങളും ഓരോന്നായി കവറിൽനിന്നെടുത്ത് അമ്മയെ ഏൽപ്പിച്ചു. അവസാനം അമ്മക്ക് പിറകിലായിനിന്ന അവൾക്ക് നേരെ കൈനീട്ടിക്കൊണ്ട് എല്ലാരും കേൾക്കെത്തന്നെ പറഞ്ഞു.

“ദാ.. പാഡാണ്”
മെഡിക്കൽ ഷോപ്പിലും സുഹൃത്തുക്കളും കണ്ട അതേ അങ്കലാപ്പ് എല്ലാവരുടെ മുഖത്തും കാണായി.

************************
പക്ഷെ പിന്നീട് അത്തരം വാക്കുകൾ മടികൂടാതെ ഉപയോഗിക്കുകയും ഉപയോഗിക്കാൻ പ്രിയയെ പ്രേരിപ്പിക്കുകയും ചെയ്തതോടെ വീട്ടിൽ അവ “ഒളിച്ചും മറച്ചും വെക്കേണ്ട” വാക്കുകളുടെ ഗണത്തില്നിന്നു പുറത്തുവന്ന് മറ്റുവാക്കുകളോടൊപ്പം തുല്യതനേടി.

രചന : shan Kappil

LEAVE A REPLY

Please enter your comment!
Please enter your name here