Home Latest ഇതുപോലൊരു മഴയുള്ള പുലരിയിലാണ് എനിക്ക് എന്റെ മൂത്തമോളെ കിട്ടിയത്… ഇന്നവളുടെ പിറന്നാളാണ്.. ഞാനിന്നലെ വെറുതെയൊന്ന് കലണ്ടർ...

ഇതുപോലൊരു മഴയുള്ള പുലരിയിലാണ് എനിക്ക് എന്റെ മൂത്തമോളെ കിട്ടിയത്… ഇന്നവളുടെ പിറന്നാളാണ്.. ഞാനിന്നലെ വെറുതെയൊന്ന് കലണ്ടർ നോക്കിയപ്പോഴാണ് കണ്ടത്…part-3(അവസാന ഭാഗം)

0

Part-2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഥവഴികൾ part-3 (അവസാന ഭാഗം)

 രചന : രമേഷ് കൃഷ്ണൻ

തൃശ്ശൂരിൽ നിന്നും പോരുന്ന വഴി ഞാങ്ങാട്ടിരി എത്തിയപ്പോൾ എതിരെ വന്നൊരു ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് റോഡിൽ നിന്നുമൽപമിറങ്ങി സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു പിക്കപ്പിനെ ചാരി കടന്നു പോയപ്പോൾ ഭാസ്ക്കരേട്ടന്റെ മകന്റെ പ്രായം പോലുമില്ലാത്തൊരു ചെക്കൻ ഭാസ്ക്കരേട്ടനെ തെറി വിളിക്കുന്നത് കേട്ടപ്പോൾ ഒരുനിമിഷം പഴയ പ്രൈവറ്റ് ബസിലെ കണ്ടക്ടറുടെ സ്വഭാവം രക്തത്തിൽ കലർന്നത് പോലെ തോന്നി…അതിനു ശേഷം ഭാസ്ക്കരേട്ടൻ കാര്യമായൊന്നും മിണ്ടിയില്ല… അനാവശ്യമായി ഒരാൾ തെറി പറഞ്ഞാൽ പറയുന്നവർക്കതൊരു സുഖമാണെങ്കിലും കേൾക്കുന്നവരുടെ മനസിലതൊരു മുറിവു തന്നെ ആകുമെന്ന് തോന്നി

പെരിന്തൽമണ്ണയെത്തി ആളുകളിറങ്ങി പുതിയ ആളുകൾ കയറിയപ്പോൾ ബസ്സ്റ്റാൻഡ് വിട്ടിറങ്ങി…

ബസ്സ്റ്റാന്ഡിനുടുത്തുള്ള ആശുപത്രിയുടെ ക്യാന്റീനിൽ നിന്നും രാവിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്റെ മണം വരുന്നുണ്ടായിരുന്നു…

പുതിയ ആളുകളിൽ നിന്ന് ടിക്കറ്റ് വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്സിനുള്ളിൽ ചുരുട്ടി വെച്ച പുതപ്പെടുത്ത് നാലായി മടക്കി എഞ്ചിൻബോക്സിനു മുകളിൽ വിരിച്ച് അതിന് മുകളിലിരുന്ന് ഭാസ്ക്കരേട്ടന്റെ മൂഡ് മാറ്റാനായി പറഞ്ഞു

“ഇനി ഏതായാലും സാധനം പുഴുങ്ങി പോവില്ല ട്ടോ… ഞാൻ പുതപ്പ് വിരിച്ചിട്ടുണ്ട്…”

അതിന് മറുപടിയൊന്നും പറയാതെ ഭാസ്ക്കരേട്ടൻ പുറത്തേക്ക് നോക്കി വണ്ടിയോടിച്ചു…

പട്ടിക്കാട് എത്തിയപ്പോൾ റെയിൽവേ ഗേറ്റ് അടച്ചിരുന്നു… ട്രെയിനാണോ ഗൂഡ്സാണോ വരുന്നതെന്നറിയാനായി പുറത്തേക്ക് നോക്കിയിരുന്നു… കിഴക്കേമാനത്ത് പുലരിതുടിപ്പിന്റെ ചുവന്ന പാളികൾ ചെറുതായി വന്നുകൊണ്ടിരുന്നു….

ട്രെയിൻ പോയി ഗേറ്റ് തുറന്നപ്പോൾ എതിരെ നിന്ന് വരുന്ന വാഹനങ്ങൾക്ക് പോകാനായി പരമാവധി വണ്ടി ഒതുക്കിയപ്പോൾ എണീറ്റ് സൈഡ് നോക്കി കൊണ്ട് പറഞ്ഞു

“പോവാം… ഭാസ്ക്കരേട്ടാ… വല്ലാതെ ഈ സൈഡ് ചാരാതെ എടുത്തോ”

പാണ്ടിക്കാട് ടൗൺ കഴിഞ്ഞപ്പോൾ മഴ ചാറി തുടങ്ങി ഭാസ്ക്കരേട്ടൻ പറഞ്ഞു

“ദാസാ… ഇന്നിനി രാത്രിയല്ലേ ഉള്ളൂ മടക്കം… ഇന്നെന്റെ വകയാണ് ചിലവ്…”

“അതെന്താ… ഇന്ന് പ്രത്യേകത…”

“ഇതുപോലൊരു മഴയുള്ള പുലരിയിലാണ് എനിക്ക് എന്റെ മൂത്തമോളെ കിട്ടിയത്… ഇന്നവളുടെ പിറന്നാളാണ്.. ഞാനിന്നലെ വെറുതെയൊന്ന് കലണ്ടർ നോക്കിയപ്പോഴാണ് കണ്ടത്…”

“എന്നിട്ട് മോളെ വിളിച്ചില്ലേ…. ”

” ഇല്ല… അവൾ ഫോണെടുക്കില്ല…അതങ്ങനെയാണ്.. അവൾ പണ്ട് ചെറുപ്പത്തിൽ നെഞ്ചത്ത് കിടന്ന് മൂത്രമൊഴിച്ചതിന്റെ ചൂട് ഇന്നുമുണ്ട് മനസിൽ…പക്ഷേ അവളുടെ മനസിൽ എന്റെ മുഖം പണ്ടേ അവളുടെ അമ്മ മായ്ച്ചതാണ് ”

അത് പറഞ്ഞ് ഇടക്ക് എതിരെ വരുന്ന വണ്ടികൾക്ക് ഡിം ലൈറ്റടിച്ചു കൊടുത്ത് വീണ്ടും പറയാൻ തുടങ്ങി

” എന്നും രാവിലെ ഇറങ്ങി രാത്രി വീട്ടിലെത്തുകയും ചിലദിവസങ്ങളിൽ രാത്രി വീട്ടിലില്ലാതിരിക്കുകയും ചെയ്തതിനാലാവാം കുട്ടികൾക്കും അവൾക്കും എന്നിൽ നിന്നും അകലം വന്ന് തുടങ്ങിയത്… ആദ്യമൊക്കെ മക്കൾ രണ്ടുപേരും ഞാൻ ചെല്ലുന്നത് വരെ കാത്തിരിക്കുമായിരുന്നു… പിന്നെ ചെല്ലുമ്പോഴേക്കും അവരുറങ്ങുകയും പോരുമ്പോൾ അവർ എണീൽക്കാതാവുകയും ചെയ്തു… ഇടക്കിടെ ചെറിയ കാര്യങ്ങൾക്ക് ഭാര്യ കുട്ടികളെയുമെടുത്ത് പിണങ്ങി പോകുന്നത് പിണക്കം കൊണ്ടല്ല എന്നെ മടുത്തിട്ടാണെന്ന് മനസിലായത് ഏറെ കഴിഞ്ഞായിരുന്നു…ഒറ്റത്തവണ വിളിച്ച് പിന്നീടൊന്ന് കൂടി വിളിക്കാൻ ശ്രമിക്കാതെ വണ്ടിയോടിക്കുന്നതിനിടയിൽ ഒരുപക്ഷേ കാണാഞ്ഞിട്ടാവാമെന്ന വീണ്ടുവിചാരമില്ലാതെ ഞാൻ വിളിച്ചിട്ടെടുത്തില്ലെന്ന പരാതി കേൾക്കാനായി മാത്രം തിരിച്ചു വിളിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് അവൾ മാറി തുടങ്ങിയിരുന്നു… ചില സമയത്ത് തോന്നും അവൾ പരാതി പറയാനുള്ള കാരണങ്ങൾ ചികയുന്ന തിരക്കിലാണെന്ന്…. ചിലരെ മനസ്സിലാക്കാൻ കാലങ്ങൾ തന്നെ വേണ്ടിവരും… മറ്റുചിലരെ മനസിലാക്കാൻ ഒരു വിളിതന്നെ ധാരാളം…. ”

” കുട്ടികൾ അവളുടെ സ്വഭാവം കണ്ട് വളരുകയും അമ്മാവൻമാർ രക്ഷകർത്താക്കളായി മാറുകയും ചെയ്തപ്പോൾ അച്ഛനെന്ന ഞാൻ അവർക്ക് അന്യനാവുകയായിരുന്നു..
അവരുടെ രണ്ടുപേരുടെയും വിവാഹത്തിന് അച്ഛനെന്ന എനിക്ക് ഒരു റോളുമുണ്ടായിരുന്നില്ല.. കൊള്ളരുതാത്തവനായ ഒരു അച്ഛനായി മറ്റുള്ളവരുടെ മുന്നിൽ ഞാൻ അപ്പോഴേക്കും മാറിയിരുന്നു… മാറിയതല്ല… അവൾ പറഞ്ഞ് മാറ്റി എന്ന് പറയുന്നതാവും ശരി… അവരുടെ ശരികൾക്കിടയിലെ ഏറ്റവും വലിയ തെറ്റ് എന്നും ഞാൻ മാത്രമായിരുന്നു…ഇളം മനസിൽ ചെറുപ്പം മുതലേ കൊത്തിവെച്ച അച്ഛനെന്ന തെറ്റ് കാലക്രമേണ അതിന് തിളക്കമേറി വന്നിരിക്കാം… അവരുടെ മനസിൽ ഒരടയാളമവശേഷിപ്പിക്കാൻ കഴിയാതെ പോയൊരച്ഛനാണ് ഞാൻ”

മഴ ശക്തി കൂടി തുടങ്ങിയപ്പോൾ വൈപ്പർ ഓൺ ചെയ്തു… ഏതോ കാലത്ത് പണിമുടക്കിയ വൈപ്പർ ഞരങ്ങിമൂളി മെല്ലെ ചലിച്ചു തുടങ്ങി ഗ്ലാസിൽ വരവീഴ്ത്തികൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ചലിച്ച വൈപ്പറിൽ പറ്റി പിടിച്ച പൊടി മഴവെള്ളത്തിലിളകി ഗ്ലാസിൽ വരവീഴ്ത്തി കൊണ്ടിരുന്നു…

സ്വയം ഉരുകി തീരുന്ന മെഴുകുതിരി പോലെയാണ് ഭാസ്ക്കരേട്ടൻ എന്ന് തോന്നി കഴിഞ്ഞ ഇരുപത് വർഷമായി വളയം പിടിക്കുന്നു… ആർക്കുവേണ്ടി… എന്തിനു വേണ്ടി….അവസാനനാളിൽ മുറ്റത്തിന്റെ മൂലയിൽ വെയിലും മഴയുമേറ്റ് കിടക്കുന്ന കണ്ണൻ ചിരട്ട പോലെ ആർക്കും വേണ്ടാതാകാനോ… ഒരുപക്ഷേ നാളെ ഞാനും ഇതുപോലൊക്കെ തന്നെ ആയിരിക്കാം… പരസ്പരം നോക്കുമ്പോൾ കാണാത്ത മനസെന്ന സാധനത്തിന് മുറിയിലിട്ട കട്ടിലുകൾക്കിടയിലെ വിടവിനേക്കാൾ അധികം വിടവുണ്ടെന്ന് തോന്നി തുടങ്ങിയിരിക്കുന്നു…

ഗ്ലാസിൽ പുകമൂടിയപ്പോൾ തോർത്തുമുണ്ടെടുത്ത് ഗ്ലാസ് തുടച്ചപ്പോൾ ഭാസ്ക്കരേട്ടൻ പറഞ്ഞു

” ദാസാ.. ഫസ്റ്റ് എയ്ഡ് ബോക്സിൽ ന്യൂസ് പേപ്പറുണ്ടാകും അതെടുത്ത് തുടക്ക് എന്നാലേ ഈ പുക മൂടൽ മാറൂ..”

ആളുകളെല്ലാം എണീറ്റ് സൈഡ് ഷട്ടറിടുന്നതിന്റെ ഒച്ചകേട്ടു

ഫസ്റ്റ് എയ്ഡ് ബോക്സിൽ ചുരുട്ടിക്കൂട്ടി വെച്ച പൊടിപിടിച്ച ഏതോ കാലത്തെ ന്യൂസ് പേപ്പറെടുത്ത് കുടഞ്ഞ് പൊടികളഞ്ഞ് ഗ്ലാസ് തുടച്ചപ്പോൾ കുറേ മൂടൽ മാറി… റോഡിലെ ഗട്ടറുകളിൽ മഴവെള്ളം നിറഞ്ഞതിനാൽ ഗട്ടറിന്റെ ആഴമറിയാതെ വണ്ടി പലഗട്ടറുകളിലും ചാടികൊണ്ടിരുന്നു..
സൈഡ് ഷട്ടറില്ലാത്തതിനാൽ സൈഡിലൂടെ കണ്ണാടിക്ക് മുകളിൽ തട്ടി തെറിക്കുന്ന വെള്ളതുള്ളികൾ വീണ് ഭാസ്ക്കരേട്ടന്റെ ഷർട്ടിന്റെ ഒരുവശം മുഴുവൻ നനഞ്ഞിരുന്നു..

ഭാസ്ക്കരേട്ടൻ തുടർന്നു

” ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഉഴിഞ്ഞിട്ട നേർച്ചകോഴിയെ പോലെ… ഞാൻ… ജീവിച്ചിരിക്കുന്നു എന്ന് പറയാനായി മാത്രം ജീവിച്ചിരിക്കുന്നൊരാൾ… ഒരുപക്ഷേ ഇതെന്റെ അവസാനത്തെ ഓട്ടമാവും..”

“അതെന്താ ഭാസ്ക്കരേട്ടാ… അടുത്ത മാസമല്ലേ റിട്ടയർ ചെയ്യുന്നത്”

“ഒരു സുഖമില്ല… വി.. ആർ.. എസ് കൊടുക്കുകയാണ്… ഈ ട്രിപ്പ് നാളെ അവസാനിപ്പിക്കുമ്പോള്‍…”

“റിട്ടയർമെന്റിന് ഒരുമാസം മുന്നേ എന്തിനാണ് വി.. ആർ.. എസ്… ലീവെടുത്താൽ പോരെ… ”

” നോക്കട്ടെ… എന്റെ പല തീരുമാനങ്ങളും ഇതുപോലെ തീരുമാനമാകാതെ പകുതി വഴിയിൽ കുടുങ്ങി പോയതിനാലാണ് ഞാനിന്നിങ്ങനെ ആയത്…ഉപേക്ഷിക്കേണ്ടതൊക്കെ പണ്ടേ ഉപേക്ഷിച്ച് പുതിയ വഴികൾ തേടിയിരുന്നെങ്കിൽ എനിക്കെന്റെ മക്കളെയെങ്കിലും കിട്ടിയേനെ… ”

” ഞാനോരു അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ ഭാസ്ക്കരേട്ടാ… ഇഷ്ടമുള്ളത് ചെയ്തോളൂ… ഓരോന്നോർത്ത് മനസ് വിഷമിച്ച് വണ്ടിയോടിക്കണ്ട… എല്ലാം ശരിയാവും മക്കളൊക്കെ ഒരിക്കൽ അച്ഛനെ തിരിച്ചറിയും… ”

” എന്നെയാരും തിരിച്ചറിയണമെന്ന വാശിയൊന്നുമെനിക്കില്ല ദാസാ… തിരിച്ചറിഞ്ഞില്ലെങ്കിലും മറക്കാതിരിക്കുകയെങ്കിലുമാവാലോ.. അല്ലേ… ”

അത് പറയുമ്പോൾ ഭാസ്ക്കരേട്ടന്റെ തൊണ്ട ഇടറിയ പോലെ തോന്നി..

വാണിയമ്പലത്തെത്തിയപ്പോഴേക്കും മഴ ഒന്നുകൂടി ശക്തിയായി… ഉണ്ടായിരുന്ന പേപ്പറോണ്ടൊക്കെ തുടച്ച് കഴിഞ്ഞപ്പോൾ വാണിയമ്പലത്ത് ഒരാളിറങ്ങാനായി ബെല്ലടിച്ചു.. ബാക്ക് ഡോർ തുറന്ന് മഴയത്ത് പുറത്തേക്ക് ചാടിയ അയാൾ ഡോറടക്കാൻ മറന്നിരുന്നു..

ഡോറടക്കാനായി പിറകിലേക്കോടി ഡോറടച്ച് ഡബിൾ ബെല്ലടിച്ച് സൈഡിൽ പൊങ്ങി നിന്ന ഷട്ടറടച്ച് ബസിനുള്ളിലൂടെ നടന്ന് മുമ്പിലേക്കെത്താനായപ്പോൾ മരം കയറ്റി പോകുന്ന ലോറിയെ ഓവർടേക്ക് ചെയ്യുമ്പോൾ ഭാസ്ക്കരേട്ടൻ റോഡ് കാണാതെ പുകമൂടിയ ഗ്ലാസ് ഒരു കൈകൊണ്ട് തുടക്കൂന്നത് കണ്ടു… ബസ് റോഡിൽ നിന്നിറങ്ങി റോഡരികിൽ നിന്ന ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് പുറകിലേക്കുരുണ്ട് പോയി ഏതോ കമ്പിയിൽ തലയിടിച്ച് കുറച്ച് സമയത്തേക്ക് കണ്ണിലിരുട്ട് കയറി…

ആളുകളുടെ നിലവിളിയും മുൻപിൽ നിന്ന് പുകയുയരുന്നതും കണ്ട് തപ്പിതടഞ്ഞെഴുന്നേറ്റ്… ആളുകളെ തള്ളിമാറ്റി ബസിന് മുൻവശത്തേക്ക് ചെന്നപ്പോൾ ഭാസ്ക്കരേട്ടനിരുന്ന സീറ്റിൽ ഇലക്ട്രിക് പോസ്റ്റിന്റെ മുറിഞ്ഞ കഷ്ണം കയറി നിൽക്കുന്നുണ്ടായിരുന്നു…

കണ്ണുകളിൽ ഇരുട്ട് കയറുകയും ബോധം നഷ്ടപ്പെടുകയും ചെയ്യുന്നതറിഞ്ഞു

ആരോ കുലുക്കി വിളിച്ചുണർത്തിയപ്പോഴേക്കും ആളുകൾ കൂടി തുടങ്ങിയിരുന്നു

മഴനനഞ്ഞ് ആളുകൾക്കിടയിലൂടെ നടന്ന് റോഡരികിൽ പായയിൽ പൊതിഞ്ഞ് വെച്ച് ശരീരത്തിനടുത്തേക്ക് ചെന്നു പായ തുറന്ന് ഭാസ്ക്കരേട്ടന്റെ മുഖത്തേക്കൊന്ന് നോക്കി… ഒരുവശം ചതഞ്ഞ മുഖം കാണാനാവാതെ കണ്ണു പൊത്തി കരഞ്ഞ് റോഡിലിരുന്നു..

ഭാസ്ക്കരേട്ടന്റെ വാക്കുകൾ അറം പറ്റിയതായി തോന്നി….പാതിയിൽ വെച്ച് യാത്ര മതിയാക്കി ഭാസ്ക്കരേട്ടൻ യാത്രയായിരിക്കുന്നു എന്ന സത്യം മനസിനെ വല്ലാതെ ഉലച്ചു… മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു…ഒരുപക്ഷേ ഭാസ്ക്കരേട്ടന്റെ മനസിലെ മുറിവുകളിലെ രക്തക്കറ മായ്ക്കാനാവാം….

ശുഭം
രമേഷ്കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here