Home Latest ഞാൻ കാണിക്കുന്നത് മുഴുവൻ നീ കണ്ടു പഠിക്കല്ലേ… പിന്നെ ഞാനാരാ നീയാരാന്ന് തിരിച്ചറിയാത്ത അവസ്ഥ വരും…part-2

ഞാൻ കാണിക്കുന്നത് മുഴുവൻ നീ കണ്ടു പഠിക്കല്ലേ… പിന്നെ ഞാനാരാ നീയാരാന്ന് തിരിച്ചറിയാത്ത അവസ്ഥ വരും…part-2

0

Part-1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഥവഴികൾ part-2

 രചന : രമേഷ് കൃഷ്ണൻ

ബസ് കൊല്ലത്തെത്തിയപ്പോഴേക്കും ആളുകൾ ഉറക്കം പിടിച്ചിരുന്നു മുൻവശത്തെ സീറ്റിലിരിക്കുന്ന പയ്യൻ മൊബൈൽ ഓൺ ചെയ്ത് റോഡിലേക്ക് നീണ്ടുപോകുന്ന ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ പറക്കുന്ന ചെറിയ ഈച്ചകളുടെ തിളക്കം ഫേസ്ബുക്കിൽ ലൈവിട്ട് ലൈക്കുകൾ വാരിക്കൂട്ടുന്നത് കണ്ടു
സ്വന്തം അച്ചന്റെ പ്രായമുള്ള ഭാസ്ക്കരേട്ടൻ സ്റ്റിയറിംഗ് വീലിൽ ജീവിക്കാനായി മൽപിടുത്തം നടത്തുന്നത് എന്തുകൊണ്ടാവും അവൻ കാണാതെ പോയത്… ഒരുപക്ഷേ പ്രബുദ്ധരായ മലയാളികൾ ജെട്ടിയിട്ടു നിൽക്കുന്ന സിനിമാനടിക്ക് ലൈക്കും കമന്റും വാരി വിതറുന്ന പോലെ പ്രാരാബ്ദക്കാരന്റെ ലൈവിന് ലൈക്കും കമന്റും നല്കാത്തോണ്ടാവാമെന്ന് മനസിൽ കരുതി…

ടിക്കറ്റെഴുതി കഴിഞ്ഞ് പുറകിൽ നിന്നും കമ്പിയിലൂടെ തൂങ്ങി ചെന്ന് ലൈറ്റുകൾ ഓഫാക്കി എഞ്ചിൻ ബോക്സിനുമുകളിൽ കാൽ മടക്കി യിരുന്ന് ഭാസ്ക്കരേട്ടൻ ഡ്രൈവ് ചെയ്യുന്നത് നോക്കിയിരുന്നു… മുൻപിലുണ്ടായിരുന്ന മുളകയററിയ ലോറിയെ ഓവർടേക്ക് ചെയ്യുമ്പോൾ ഭാസ്ക്കരേട്ടൻ നിർത്താതെ ഹോണടിച്ചുകൊണ്ടിരുന്നു..

എതിരെ നിന്ന് വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിമ്മാക്കുന്നതിന് പകരം വെളളനിറത്തിലുള്ള ലൈറ്റുകൾ ഒന്നുകൂടി പ്രകാശിപ്പിച്ചപ്പോൾ കണ്ണ് മഞ്ഞളിച്ച് തല ചെരിച്ച് ഭാസ്ക്കരേട്ടനെ നോക്കി… ഇരുട്ടിൽ പലതരം ലൈറ്റുകൾ ഭാസ്ക്കരേട്ടന്റെ മുഖത്തുകൂടി കയറിയിറങ്ങി പോകുന്നത് കണ്ടു.. ഒന്നുമറിയാത്ത പോലെ ഭാസ്ക്കരേട്ടന്റെ കൈവിരലുകൾ സ്റ്റിയറിംഗ് വീലിലൊഴുകി നടന്നു..

എറണാകുളം നോർത്ത് സ്റ്റാന്ഡിലെത്തിയപ്പോൾ സമയം പന്ത്രണ്ടര ആയിരുന്നു… ബസിലുണ്ടായിരുന്ന പലരും ഉറക്കത്തിൽ നിന്നുണർന്ന് കൈകുടഞ്ഞ് എവിടെയെത്തിയെന്നറിയാൻ തലപുറത്തേക്കിട്ട് നോക്കി…

ഭാസ്ക്കരേട്ടൻ വണ്ടി ഓഫ് ചെയ്ത് ഡോർ തുറന്ന് തൂങ്ങിയിറങ്ങിയപ്പോൾ ബാഗുമായി ഓഫീസിലേക്കോടി… സ്റ്റാൻഡിൽ കയറിയ സമയം രജിസ്റ്ററിൽ രേഖപെടുത്തി.. ടോയ്ലറ്റിലേക്ക് കയറുമ്പോൾ ബീഡി വലിച്ചുകൊണ്ട് നിന്ന് മൂത്രമൊഴിക്കുന്ന ഭാസ്ക്കരേട്ടനോട് ചോദിച്ചു

“ഒരു ബീഡി എനിക്കും താ ഭാസ്ക്കരേട്ടാ….”

” നീ സാധാരണ വലിക്കാത്തതാണല്ലോ ഇന്നെന്തുപറ്റി”

“ഒന്നുമല്ല.. ഭാസ്ക്കരേട്ടൻ വലിക്കുന്നത് കണ്ടപ്പോഴൊരു കൊതി തോന്നി അത്രതന്നെ…”

“ഞാൻ കാണിക്കുന്നത് മുഴുവൻ നീ കണ്ടു പഠിക്കല്ലേ… പിന്നെ ഞാനാരാ നീയാരാന്ന് തിരിച്ചറിയാത്ത അവസ്ഥ വരും…അവസാനം നമ്മൾ നമ്മോട് തന്നെ സ്വയം ചോദിക്കേണ്ടി വരും നമ്മളിലാരാണ് ഞാനെന്ന്… ”

” നിങ്ങൾക്ക് വട്ട് തന്നെ … വലിച്ച ബീഡിയിൽ കഞ്ചാവ് ഒന്നുമില്ലല്ലോ അല്ലേ.. ”

” ഇല്ല… കാര്യം പറയുമ്പോൾ.. എന്തിനോടെങ്കിലും പ്രതികരിക്കുമ്പോൾ മലയാളിയുടെ പുതിയ ട്രെൻഡാണിത്… ഈ ഒരു ചോദ്യം… കഞ്ചാവൊന്നുമല്ലല്ലോ അല്ലേ..?

ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ബീഡി എടുത്തു തരുമ്പോൾ ഭാസ്ക്കരേട്ടൻ പറഞ്ഞു

“നുർസേട്ടാണ്… ചുണ്ണാമ്പ് കൂടുതലാണ് തൊണ്ടക്കൊരു കിരികിരുപ്പുണ്ട്…. ”

” അത് സാരമില്ല… എപ്പോഴുമൊന്നുമില്ലല്ലോ… വെറുതെ ഒരു രസം.. ”

” ഉം… നട്ടപ്പാതിരക്ക് വലിച്ച് രസിക്കാൻ പറ്റിയ സാധനം തന്നെ… പണ്ട് ഞാനും രസത്തിന് വലിച്ചതാണ് ഇന്നിപ്പോൾ അത് രണ്ട് കെട്ട് ബീഡിയായിരിക്കുന്നു.. ”

ഭാസ്ക്കരേട്ടന്റെ ചുണ്ടിൽ നിന്നും ബീഡിയെടുത്ത് അതിലെ തീകൊണ്ട് തന്നെ ബീഡികത്തിച്ചപ്പോൾ ഭാസ്ക്കരേട്ടൻ പറഞ്ഞു ”

“എന്തിനാ ദാസാ… തീപ്പെട്ടി ഉണ്ടായിരുന്നല്ലോ….”

“വേണ്ട ഭാസ്ക്കരേട്ടാ… ബീഡിവലിക്കുമ്പോൾ ഇങ്ങനെ വലിക്കണം.. കഴുങ്ങ് കയറ്റക്കാർ ഒരു കഴുങ്ങിൽ കയറി മറ്റൊരു കഴുങ്ങിലേക്ക് പടർന്ന് അടക്ക പറിക്കും പോലെയാവുമ്പോഴേ ബീഡിവലിയുടെ സുഖം കിട്ടൂ… ചീട്ടുകളിക്കാരുമങ്ങനെയാണ് വട്ടത്തിലിരുന്ന് ചീട്ടുകളിക്കുന്നവരിലൊരാളേ ബീഡികത്തിക്കൂ… പിന്നെ ചുണ്ടിൽ നിന്ന് ചുണ്ടിലേക്ക് പടർന്നു കയറുന്ന ബീഡിക്കുറ്റികൾ… ”

” ഉം.. ഏമാൻമാർ കണ്ടാൽ വലിയ സുഖമൊന്നും ഉണ്ടാവില്ല… പെറ്റി അടക്കേണ്ടി വരും… ”

” ഈ നട്ടപ്പാതിരക്ക് ഏമാൻമാരൊക്കെ റോഡ്സൈഡിൽ വണ്ടിയിട്ട് സുഖസുഷുപ്തിയിലാവും ”

” ഏതായാലും നീ വലി കഴിഞ്ഞ് വാ.. ഞാൻ വണ്ടിയിലുണ്ടാവും… ”

കൊട്ടാരക്കര ബസിലെ മനോജ് ഓടിക്കയറി വന്ന് മൂത്രമൊഴിച്ച് സിഗ റ്റെടുത്ത് കൊളുത്തുമ്പോൾ പറഞ്ഞു

“. ഹാൾട്ടാവാൻ പോവുകയാണ്… നാളെ ഓഫ് ആണ്… ”

” ഉം… എനിക്ക് നിലമ്പൂര്‍ പോയി തിരിച്ചെത്തണം മറ്റന്നാൾ ഓഫ് ആണ്… ”

ബീഡി വലി കഴിഞ്ഞ് മുഖവും വായയും നല്ലവണ്ണം കഴുകി ടവ്വലെടുത്ത് തുടച്ച് ബാഗുമായി ബസിലേക്ക് ചെല്ലുമ്പോൾ ഭാസ്ക്കരേട്ടൻ സ്റ്റിയറിംഗ് വീലീലേക്ക് തലവെച്ച് കിടക്കുന്നുണ്ടായിരുന്നു

അത് കണ്ടപ്പോൾ ഭാസ്ക്കരേട്ടന്റെ അടുത്ത് ചെന്ന് ചോദിച്ചു

” എന്താ ഭാസ്ക്കരേട്ടാ…”

“ഒന്നുമില്ല… ഞാൻ നിന്നെ കാത്ത് കിടന്നതാണ്.. പിന്നേ നിന്റെ ഫോണിൽ ഗൂഗിൾ പേ ഉണ്ടോ ”

“ഉണ്ടല്ലോ… എന്തേ…ഭാസ്ക്കരേട്ടന്റെ ഫോണിലില്ലേ… ഇൻസ്റ്റാൾ ചെയ്ത് തരണോ.. ”

“വേണ്ട…കടങ്ങൾ വീട്ടാനുള്ളവർക്കും എവിടെനിന്നെങ്കിലും പൈസ വരാനുള്ളവർക്കുമല്ലേ അതിന്റെ ആവശ്യമുള്ളു.. ”

” പിന്നെന്താ ചോദിച്ചത്… ”

” ഹേയ്… ഒന്നുമില്ല… പൈസയല്ലാതെ മറ്റെന്തെങ്കിലും അതിലൂടെ അയക്കാൻ പറ്റുമോന്നറിയാനാണ് ”

” പൈസയല്ലാതെ മറ്റെന്താണ് അതുവഴി ഭാസ്ക്കരേട്ടനയക്കേണ്ടത് ”

” എന്റെ മനസ്… അതയച്ചാൽ പൈസ വന്നതാണെന്ന് കരുതി മെസേജൊന്ന് തുറന്ന് നോക്കുകയെങ്കിലും ചെയ്യുമല്ലോ.. ”

ഭാസ്ക്കരേട്ടന്റെ മനസിലെന്തോ നീറുന്നതായി തോന്നി…

” ആർക്കാണ് അയക്കേണ്ടത് അത് പറയൂ… ഞാനയക്കാം.. ”

” വെറുതെ മോഹിപ്പിക്കല്ലേ… ദാസാ
എനിക്കറിയാം നിനക്കതിനാവില്ലെന്ന് പിന്നെ നേരിട്ട് കാണുമ്പോൾ അറിയാത്ത മനസ് ഇതിലൂടെയയച്ചാലറിയുന്നതെങ്ങനെ”

” ആർക്കാണയക്കേണ്ടതെന്ന് പറഞ്ഞില്ലല്ലോ… ഭാര്യക്കാണോ..”

“അല്ല… എന്റെ മകൾക്ക് ”

” എന്തുപറ്റി ഭാസ്ക്കരേട്ടാ… ”

“ഹേയ്… ഒന്നുമില്ല.. നമുക്ക് പോകാം”

അതുകേട്ട് സമാധാനത്തോടെ പുതുതായി കയറിയ ടിക്കറ്റുകളെഴുതാനായി തിരിഞ്ഞു
അപ്പോഴേക്കും ഭാസ്ക്കരേട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്ത് സ്റ്റാൻഡിന് പുറത്തേക്ക് എടുത്തിരുന്നു

പലരും ഇറങ്ങി പോവുകയും പുതുതായി പലരും കയറുകയും ചെയ്തിരുന്നു… ഓരോ സീറ്റിലും ചെന്ന് നോക്കി ടിക്കറ്റെഴുതി കൊടുത്തു.. ചില വിരുതൻമാർ ഉറക്കം നടിച്ച് കിടക്കും.. അവരെ വിളിച്ചുണർത്തി ടിക്കറ്റ് കൊടുത്തില്ലെങ്കിൽ ടിക്കറ്റ് എക്സാമിനറെങ്ങാൻ കയറിയാൽ ആ പൈസ ശമ്പളത്തിൽ നിന്ന് പോകും…

എല്ലാവരെയും വിളിച്ച് ടിക്കറ്റ് കൊടുത്ത് വീണ്ടും ഭാസ്ക്കരേട്ടന്റെ അടുത്ത് പോയിരുന്നു… ഭാസ്ക്കരേട്ടൻ പറഞ്ഞു

“ഇനി തൃശ്ശൂർ വരെ അധികമാരും കയറാനുണ്ടാവില്ല നിനക്ക് വേണമെങ്കിലൊന്ന് ഉറങ്ങാം..
രണ്ട് മണിക്കൂർ ഉറക്കം കിട്ടും…”

“ഓ.. വേണ്ട ഭാസ്ക്കരേട്ടാ.. ഞാനിവിടിരുന്നോളാം.. ഉറക്കം വരുന്നില്ല…”

“ഇരിക്കണോണ്ട് കുഴപ്പമൊന്നുമില്ല എനിക്കൊരു കൂട്ടാവും പക്ഷേ സാമാനം പഴം പുഴുങ്ങിയ പോലാവും എഞ്ചിൻ ബോക്സാണ് എഞ്ചിൻ ചൂടായിട്ടുണ്ടാവും…പിന്നെ സാമാനം കൊണ്ട് ഒരു കാര്യവുമില്ലാണ്ടാവും ട്ടോ.. ”

” അല്ലെങ്കിലുമിപ്പോൾ അത് അമ്പലമണി പോലെയാണ് ഭാസ്ക്കരേട്ടാ…ഇടക്ക് ആടികളിക്കുമെന്നല്ലാതെ ഉപയോഗമൊന്നുമില്ല.. ”

ഭാസ്ക്കരേട്ടൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു

” അപ്പോൾ എന്നെ പോലെ തന്നെയാണ് നീയുമല്ലേ… ”

“ഉം…”

ഭാസ്ക്കരേട്ടൻ പറഞ്ഞത് ശരിയാണെന്ന് തോന്നി… കുറച്ച് കഴിഞ്ഞപ്പോൾ ചൂട് കയറാൻ തുടങ്ങിയപ്പോൾ ഭാസ്ക്കരേട്ടനോട് പറഞ്ഞു

” ഉപയോഗമൊന്നുമില്ലെങ്കിലും വെറുതെ പുഴുങ്ങി നാശാക്കണ്ടല്ലോ… നല്ല ചൂടുണ്ട്…”

അതു പറഞ്ഞ് ബാഗുമെടുത്ത് പിറകിലെ കണ്ടക്ടർ സീറ്റിലേക്ക് നടന്നു…

പിറകുവശത്ത് ആരുമില്ലാത്തതിനാൽ സീറ്റിൽ തനിച്ചിരുന്നു

മുൻവശത്തെ സീറ്റിലൊരു കുറുമ്പൻ അമ്മയോട് ദേഷ്യപെട്ട് തല സീറ്റിന് മുകളിലൂടെ പൊക്കി നോക്കുന്നത് കണ്ടു… എന്നെ കണ്ട് കുഞ്ഞികണ്ണുകൾ പാതിയടച്ച് മുൻവശത്തെ പലകപല്ലുകൾ കാട്ടി ചിരിച്ചു…

“മോനുറക്കമൊന്നുമില്ലേ…”

“അത് കേട്ട് ആ സ്ത്രീ തലചെരിച്ച് കൊണ്ട് പറഞ്ഞു ഇവൻ വൈകുന്നേരം നേരത്തെ ഉറങ്ങും എന്നിട്ട് പന്ത്രണ്ട് മണിക്ക് എണീറ്റ് കളിതുടങ്ങും അതിവൻ വീട്ടിലായാലുമങ്ങനെ തന്നെയാണ്..”

“കൊള്ളാം… നല്ല ശീലം..”

പിന്നെ മനസിൽ പറഞ്ഞു

“അതോണ്ട് രണ്ടാമത്തെ കുട്ടി അല്പം താമസിച്ചേ ഉണ്ടാവൂ… ”

വണ്ടി ഓടികൊണ്ടിരുന്നു… ഭാസ്ക്കരേട്ടൻ അത്യാവശ്യം സ്പീഡെടുക്കുന്നുണ്ടെന്ന് തോന്നി.. കണ്ണിൽ കുത്തുന്ന ഈ വെളിച്ചങ്ങൾക്കിടയിലൂടെ അയാളെങ്ങനെയാണ് ഇങ്ങനെ വണ്ടിയോടിക്കുന്നതെന്ന് ചിന്തിച്ചു.. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന പോലെ അയാൾ ഇടക്കിടെ ഗിയർ ലിവർ വലിച്ച് തള്ളി…

കണ്ണിൽ വെളിച്ചം തട്ടാതിരിക്കാനായി തൊപ്പി മുഖത്തേക്കിറക്കി വെച്ച് ഉറങ്ങുന്ന യുവാവിന്റെ കൂർക്കം വലി ബസിന്റെ ശബ്ദത്തേക്കാളുച്ചത്തിലുയരുന്നുണ്ടായിരുന്നു… ആലുവയിലും അങ്കമാലി സ്റ്റാൻഡിലും കയറിയപ്പോൾ കയറാനായി ആരും ഉണ്ടായിരുന്നില്ല രണ്ടുമൂന്ന് പേര് ഇറങ്ങി പോയതല്ലാതെ…

എത്രതരം ആളുകളാണ് പലപല ചിന്തകളുമായി ഓടുന്ന വണ്ടിയിലിരുന്നുറങ്ങുന്നത്…

രാജിയും കുട്ടികളും ഇപ്പോൾ നല്ല ഉറക്കത്തിലാവും… അവരുറങ്ങട്ടെ..

പണ്ട് കമലേശ്വരം മുതൽ ശംഖുമുഖം
വരെ ഓടിയിരുന്ന ഒരു പ്രൈവറ്റ് ബസിൽ ജോലി ചെയ്തിരുന്ന കാലത്ത് പുത്തൻപള്ളി ജംഗ്ഷനിൽ നിന്ന് കയറിയിരുന്ന റാണി നഴ്സിനെ ഓർമ്മവന്നു… ആരുകണ്ടാലും ഒന്നു നോക്കി പോകുന്ന ഒരു മദാലസ… ഒരിക്കൽ ചെക്കറായി പോയിരുന്ന ജസ്റ്റിൻ പറഞ്ഞു

“ദാസേട്ടാ… റാണി നഴ്സ് കയറുന്ന സ്റ്റോപ്പിൽ നിന്ന് ഇറങ്ങുന്നത് വരെ ഞാൻ പൈസ പിരിച്ചോളാം.. ദാസേട്ടാ ബാക്ക് ഡോറൊന്ന് നോക്കിയാൽ മാത്രം മതി”

“കൊള്ളാലോ… മോന്റെ പൂതി… നടക്കില്ലെന്ന് മാത്രം… നീ വേണമെങ്കിൽ കിളിയായിക്കോ”

“അതോണ്ടെന്താ കാര്യം…”

“ഇറങ്ങുമ്പോഴും കയറുമ്പോഴും ഒരു ഉരസൽ സുഖം കിട്ടും അത്രതന്നെ.. ”

” ദാസേട്ടാ… ഇത്ര ആർത്തി പാടില്ല ട്ടോ… ”

” ആർത്തിയല്ലടാ… ഇതെന്റെ ചോറാണ്..അവൾ കയറി ഇറങ്ങി പോകും പക്ഷേ ബാഗ് നിറഞ്ഞില്ലെങ്കിൽ മുതലാളി തെറി പറയുക എന്നെയാണ്… ”

“ഓ.. മറ്റാരും ജീവിക്കുന്നില്ലെന്ന് തോന്നും ദാസേട്ടന്റെ വർത്തമാനം കേട്ടാൽ”

ഓരോ ദിവസവും പലതരത്തിലുള്ള പെണ്ണുങ്ങൾ പല ജംഗ്ഷനിൽ നിന്നായി കയറും… ഓരോരുത്തരും കയറുമ്പോൾ ഓരോ മണമാവും… ജമന്തിയുടെ… മുല്ലപ്പൂവിന്റെ… ചെമ്പകത്തിന്റെ മണമുള്ള പെണ്ണുങ്ങൾ… തിരക്കി തിരക്കിനിടയിൽ ദേഹത്തുരുമ്മുന്ന മാംസകുന്നുകളും അടിവയറിൻ ചൂടും… അതിനിടയിലെവിടെ നിന്നാണാവോ ഒരു ചൂരും മണവുമില്ലാത്ത രാജി ജിവിതത്തിലേക്ക് കടന്നു വന്നത്.. ”

നാല്പതായപ്പോഴേക്കും ഒന്നും വേണ്ടാതെ ചുമരിനോട് ചാരി കടന്ന് മൊബൈലും തോണ്ടി എന്തോ വായിച്ചുകൊണ്ട് കിടക്കുന്ന അവൾക്കാണോ അതോ പണികഴിഞ്ഞ് കുളി കഴിഞ്ഞ് കട്ടിലിന്റെ അറ്റത്തേക്ക് ഒതുങ്ങി കിടക്കുന്ന എനിക്കാണോ ദാമ്പത്യത്തിൽ വിരക്തി വന്നതെന്ന് ഓർത്തു… രണ്ടുപേരും കട്ടിലിന്റെ നടുഭാഗത്തെ വിടവ് നികത്താൻ തയ്യാറാവുന്നില്ലല്ലോ എന്നോർത്തു.. എവിടെയാണ് പിഴച്ചത്… പിഴവുകൾ മാത്രമാണല്ലോ ജീവിതത്തിലിന്നുവരെ ഉണ്ടായത്… ”

പരസ്പരമുള്ള സംസാരങ്ങൾ കുറഞ്ഞു തുടങ്ങുകയും കാണുമ്പോൾ ഒരപരിചിതത്വം തോന്നിതുടങ്ങിയതും എന്നു മുതലായിരുന്നു… മടുപ്പിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ ഒരു ചിക്ത്സ അത്യാവശ്യമായിരുന്നു…. ഇതിപ്പോ മടുപ്പ് മൂർച്ഛിച്ച് പരസ്പരമറിയാത്തവരായി മാറി തുടങ്ങിയിരിക്കുന്നു…

ഓരോന്നോർത്ത് ഉറക്കം വരാതെ നെടുവീർപ്പിടുന്നതിനിടയിൽ
ബസ് തൃശൂർ സ്റ്റാൻഡിലേക്ക് കയറിയപ്പോൾ സമയം നോക്കി രണ്ടര ആയിരിക്കുന്നു.. പതിനഞ്ച് മിനിറ്റിലധികം സമയം സ്റ്റാൻഡിലിടാൻ സമയമുണ്ടെന്ന് തോന്നി…

ബസിൽ നിന്നിറങ്ങി ഓഫീസിൽ ചെന്ന് സമയം രേഖപ്പെടുത്തി.. സ്റ്റാൻഡിന് മുന്നിലുള്ള തട്ടുകടയിലേക്ക് നടക്കുമ്പോൾ ഭാസ്ക്കരേട്ടനെ വിളിച്ച് പറഞ്ഞു

“ഭാസ്ക്കരേട്ടാ പതിനഞ്ച് മിനിറ്റിലധികമുണ്ട്.. ഒരു കട്ടൻ കുടിക്കാം…”

“നീ നടന്നോ ഞാനൊന്ന് മൂത്രമൊഴിച്ച് വരാം…”

“ഇതെന്താ ഭാസ്ക്കരേട്ടാ… ആയിരത്തഞ്ഞൂറ് ലിറ്ററിന്റെ ടാങ്കാണോ നിങ്ങടെ മൂത്രസഞ്ചി..”

“അതേടാ.. ആയിരാണോ ആയിരത്തഞ്ഞൂറാണോന്ന് കൂടെ വന്നാൽ കാണിച്ചു തരാം.. ”

” കാണിച്ചു തരാനെന്താ ഇങ്ങളുടെ മൂത്രസഞ്ചി പുറത്താണോ…”

“ആ..അതെ..നീ വാചകമടിക്കാതെ പോയി രണ്ട് ചായക്ക് പറയെടാ..”

തട്ടുകടയിൽ പോയി ചായക്ക് പറഞ്ഞപ്പോൾ കടക്കാര്ൻ ചോദിച്ചു

” ഇന്നെന്താ നേരത്തെ എത്തിയോ”

” ആ.. പതിനഞ്ച് മിനിറ്റുണ്ട് ”

” ആർക്കാണ് രണ്ട് ചായ… ”

“ഡ്രൈവർ വരുന്നുണ്ട്.. ”

തട്ടുകടക്കരികിലെ ബെഞ്ചിൽ ചെന്നിരുന്നപ്പോൾ
അന്നത്തെ ഓട്ടം കഴിഞ്ഞെത്തിയ രണ്ട് നിശാ സുന്ദരികൾ ഉറക്കമകന്ന കണ്ണുകളോടെ ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടു..

സാമാന്യം തരക്കേടില്ലാത്ത രണ്ടെണ്ണവും റോഡ് മുറിച്ച് കടന്ന് കടയിലേക്ക് വന്ന് പറഞ്ഞൂ

” സതീശാ..രണ്ട് ചായ..”

അത് കേട്ടപ്പോൾ അവർ സ്ഥിരം ഓടുന്നവരാണെന്ന് മനസിലായി.. എന്നും ചായ കുടിക്കാനിവിടെ വരുന്നത് കൊണ്ടാവും ഇത്ര പരിചയം

ഇടക്ക് ഇടം കണ്ണിട്ട് അതിലൊരുവൾ നോക്കുന്നത് കണ്ടപ്പോൾ സതീശൻ രണ്ടു ചായയുമായി എന്റെ അടുത്തേക്ക് വരുമ്പോൾ അവരോട് പറഞ്ഞു

“ഇത് നടക്കൂല സുശീലേച്ചീ… ഇവർക്കാകെ പതിനഞ്ച് മിനിറ്റ് മാത്രേ ഇവിടുള്ളൂ ഇപ്പോൾ തന്നെ അഞ്ച് മിനിറ്റ് കഴിഞ്ഞു…”

“ഓ.. ഞങ്ങൾക്ക് അഞ്ച് മിനിറ്റ് തന്നെ ധാരാളമാടാ ചെക്കാ..”

അതുകേട്ട് ഭാസ്ക്കരേട്ടൻ ചെവിയിൽ പറഞ്ഞു

“അഞ്ചുമിനിറ്റ് മതിയെങ്കിൽ ഞാനൊന്ന് പോയാലോ.. ആ ടാറിൻ വീപ്പയുടെ പിറകിലെ അരമതില് തന്നെ ധാരാളം… ”

ഭാസ്ക്കരേട്ടന്റെ വർത്തമാനം കേട്ട് വായിലുണ്ടായിരുന്ന ചായ ചുമച്ച് തുപ്പികളഞ്ഞ് ഭാസ്ക്കരേട്ടനോട് പറഞ്ഞു

” വയസാൻ കാലത്ത് ഉള്ള ഗിയർ ലിവർ കൂടി പൊട്ടിക്കാൻ നിൽക്കണോ.. ആ രണ്ടെണ്ണത്തിന്റെയും ആരോഗ്യം കണ്ടില്ലേ… അതൊന്നും നമ്മളെക്കൊണ്ട് കൂട്ട്യാൽ കൂടില്ല ഭാസ്ക്കരേട്ടാ…”

ഭാസ്ക്കരേട്ടൻ മുഖത്തേക്ക് നോക്കി പറഞ്ഞു

“എന്നാൽ വേണ്ടല്ലേ…അവസാനകാലത്തൊരു പൂതി വന്നപ്പോൾ ചെക്കനത് മുളയിലേ നുള്ളിയല്ലോ.. നമുക്ക് പോകാം..”

“അതാണ് ആരോഗ്യത്തിനും ഭാവിക്കും നല്ലത് ”

പൈസ കൊടുത്ത് തിരിഞ്ഞപ്പോഴേക്കും ഒരു ഓട്ടോയിലെത്തിയ രണ്ടുപേർ അവരെ ഓട്ടോയിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ടു

പോകുന്നവഴി അവർ തലപുറത്തേക്കിട്ട് കടക്കാരനോട് പറഞ്ഞു

“സതീശാ.. ചായ പൈസ പോയി വന്നിട്ട് തരാം.. ”

ഭാസ്ക്കരേട്ടൻ കേൾക്കാനായി പാടി

” കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്കകൊത്തി പോയി.. നല്ല ചുള്ളൻ ചെക്കൻമാർ കൊത്തി പോയി…”

ഭാസ്ക്കരേട്ടൻ വയ്യാത്ത കാലും വെച്ച് തല്ലാനോങ്ങി വന്നപ്പോൾ ചിരിച്ചു കൊണ്ട് ബസിനടുത്തേക്ക് ഓടി..

ബസിൽ കയറി ഇനിയും ഏതാണ്ട് മൂന്നരമണിക്കൂറോളം വേണ്ടി വരുമല്ലോ എന്നോർത്തു തൃശൂരിൽ നിന്ന് കയറിയ യാത്രക്കാരുടെ ടിക്കറ്റ് വാങ്ങി… അപ്പോഴേക്കും ഡ്രൈവറുടെ ഓപ്പോസിറ്റ് സൈഡിലെ സീറ്റ് കാലിയായിരുന്നു..

അതിൽ ചെന്നിരുന്ന് അതുവരെ കിട്ടിയ കലക്ഷൻ എണ്ണി തിട്ടപ്പെടുത്തി ഒരു പേപ്പറിലേക്കെഴുതി വെക്കുമ്പോൾ ഭാസ്ക്കരേട്ടൻ ചോദിച്ചു

“ദാസാ.. ബാക്കി കൊടുക്കാനുള്ള വല്ല ചില്ലറയും ബാക്കിയുണ്ടോ.. വാങ്ങാതെ ഇറങ്ങി പോയത്..”

“ഇല്ല.. ഭാസ്ക്കരേട്ടാ ഏഴ് രൂപ കുറവാണ്…”

“അപ്പോൾ ഗവൺമെന്റിനെയും ആളുകൾ പറ്റിച്ചു തുടങ്ങി അല്ലേ”

“പറ്റിച്ചതല്ല… ചില്ലറയില്ലാഞ്ഞിട്ടല്ലേ..”

“എന്തായാലും നിന്റെ ശമ്പളത്തിൽ നിന്ന് ഏഴ് രൂപ പോയി അത്രതന്നെ..

“മന്ത്രിമാർക്ക് ആയിരമോ അഞ്ഞൂറോ കോടി കക്കാം..അത് ചോദിക്കാനും പറയാനുമിവിടെ ആരുമില്ല… ഐശ്വര്യാ റായി കളറ് മാറിയൊരു ജെട്ടിയിട്ടാൽ അതറിയാത്തവരായി ഈ ലോകത്ത് ആരുമുണ്ടാവില്ല… പക്ഷേ നമ്മളെങ്ങാൻ അറിയാതെ അഞ്ചുരൂപയെടുത്താൽ കേസായി പുകിലായി… ടിവിയിൽ പടമായി..”

ഭാസ്ക്കരേട്ടൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി… കാരണമ റിയാത്ത എന്തോ വേദനയിൽ മനസ് നീറുന്ന അയാളുടെ വാക്കുകളിൽ ആരോടൊക്കെയോ എന്തിനോടൊക്കെയോ ഉള്ള അമർഷം പ്രകടമായിരുന്നു..

തുടരും

രമേഷ്കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here