Home Latest ജിജോയേ… സർക്കാര് ശമ്പളം തരുന്നത് ഉറങ്ങാനല്ല…. അല്ലെങ്കിലേ നമ്മടെ കാര്യം പരുങ്ങലിലാണ് നീ കണ്ടില്ലേ പത്രവാർത്ത…...

ജിജോയേ… സർക്കാര് ശമ്പളം തരുന്നത് ഉറങ്ങാനല്ല…. അല്ലെങ്കിലേ നമ്മടെ കാര്യം പരുങ്ങലിലാണ് നീ കണ്ടില്ലേ പത്രവാർത്ത… താല്ക്കാലികക്കാരെ പിരിച്ചു വിടുമെന്ന് പറയുന്നു…part-1

0

കഥവഴികൾ part-1

 രചന : രമേഷ് കൃഷ്ണൻ

വീട്ടിൽ നിന്നിറങ്ങി തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്ന് ബസിറങ്ങുമ്പോൾ സമയം ഏഴ്മണിയായിരുന്നു.. സീറ്റിൽ നിന്ന് ബാഗെടുത്ത് ഡോർതുറന്ന് പുറത്തേക്കിറങ്ങിയപ്പോഴേക്കും റോഡിലെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം കത്തി തുടങ്ങിയിരുന്നു.. പലയിടങ്ങളിൽ നിന്ന് ജോലികഴിഞ്ഞെത്തുന്നവർ പല ബസുകളിലായി സ്റ്റാൻഡിൽ വന്നിറങ്ങുന്നുണ്ട്… പിന്നെ വീടെത്താനുള്ള തിടുക്കത്തിൽ പലരും പലവഴിക്കോടുന്നു… ഓരോ ബസിന് മുൻപിലും ചെന്ന് ബോർഡ് നോക്കി തനിക്ക് പോകാനുള്ള ബസാണോ എന്ന് നോക്കുന്നു… ചിലർ ബസ് കാണാഞ്ഞ് നിരാശയോടെ സ്റ്റാന്ഡിലെ ക്ലോക്ക് റൂമിനടുത്തുള്ള മൂത്രപുരയിൽ കയറി നാലുപാടും നോക്കി ധൃതിയിലൊരു സിഗററ്റ് കത്തിച്ച് ആർത്തിയോടെ രണ്ടുമൂന്ന് പുകയെടുത്ത് പോലീസെത്തും മുൻപേ കുത്തികെടുത്തുന്നു…

നിലത്ത് വീണ് പലവഴിക്ക് പരക്കുന്ന വെള്ളതുള്ളി പോലെയാണ് യാത്രക്കാരെന്ന് തോന്നി… ഒരിടത്ത് വന്ന് പലവഴി ചിതറിപോകുന്നവർ..

ബാഗും തോളിലിട്ട് സ്റ്റേഷൻ മാസ്റ്ററുടെ റൂമിലേക്ക് കയറുമ്പോൾ കോട്ടയം ഫാസ്റ്റിലെ ജിജോ ചോദിച്ചു

“ആ.. ദാസേട്ടാ… ഇന്ന് നൈറ്റാണോ ഏതാ റൂട്ട്….”

“ലോംഗ്… വഴിക്കടവ്.. ആണ്..”

“ആ… അപ്പോൾ വല്യ കുഴപ്പമില്ല ഒരു രണ്ട് മണി കഴിഞ്ഞാലുറങ്ങാൻ പറ്റും”

“ജിജോയേ… സർക്കാര് ശമ്പളം തരുന്നത് ഉറങ്ങാനല്ല…. അല്ലെങ്കിലേ നമ്മടെ കാര്യം പരുങ്ങലിലാണ് നീ കണ്ടില്ലേ പത്രവാർത്ത… താല്ക്കാലികക്കാരെ പിരിച്ചു വിടുമെന്ന് പറയുന്നു… ”

” പിരിച്ചുവിടട്ടെ… ഒരു ജോലി തരാൻ സർക്കാരിനെ കൊണ്ട് കഴിയില്ലെങ്കിലും ഉള്ള ജോലി കളയാൻ മാറി മാറി വരുന്ന സർക്കാരുകളുഷാറാണല്ലോ.. അവർക്കൊക്കെ അവരുടെ കാര്യം മാത്രമേയുള്ളൂ… അതോണ്ടാണ് പറഞ്ഞത് വല്യ ആത്മാർത്ഥത കൊണ്ടൊന്നും ഈ ലോകത്തൊരു കാര്യവുമില്ലെന്ന്… ”

” ഉം.. നീയിന്ന് ഏത് ലൈനാണ്…”

” കണ്ണൂർ ഫാസ്റ്റിലാണ്… ”

” എപ്പോഴാണ്… ”

” എട്ടുമണി… ”

” ഞാൻ നിന്റെ തൊട്ടുപിറകിലുണ്ടാവും… പെരുമ്പിലാവ് വരെ… ”

” എത്രമണിക്കാണ് ദാസേട്ടന്റെ വണ്ടി”

” എട്ടേകാലിന്… ”

” സൂപ്പർഫാസ്റ്റല്ലേ… ഭാസ്ക്കരേട്ടനല്ലേ കപ്പിത്താൻ ”

” അതെ…നീ പോകുന്നതിലാര്.. ”

” കപ്പിത്താൻ ഞാനും ചൂണ്ടക്കാരൻ ഗിരിയും… ”

” ഏത്.. നമ്മടെ എറണാകുളം ഫാസ്റ്റിലെ ഗിരിയോ.. ”

” ആ.. അവൻ തന്നെ… ഇതുവരെ എത്തിയിട്ടില്ല… ഇന്നലത്തെ കെട്ട് എറങ്ങീട്ടുണ്ടാവില്ല…. ”

” ഉം.. എന്നാ ശരി… ഞാൻ റിപ്പോർട്ട് ചെയ്യട്ടെ… ”

അതുപറഞ്ഞ് സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കകത്തേക്ക് കയറിയപ്പോൾ

സ്റ്റേഷൻ മാസ്റ്റർ ആൽബർട്ട് സാറ് ചോദിച്ചു

” ഇന്നെന്താ ദാസാ… നേരത്തെ എത്തിയോ… രാത്രി ഭക്ഷണം കയ്യിൽ കരുതിയിട്ടുണ്ടോ… എട്ടേകാലിനല്ലേ വണ്ടി… ”

” ഇന്ന് എടുത്തില്ല… കാന്റീനിൽ നിന്ന് കഴിക്കാം… ഒരു കട്ടനടിച്ച് കയറാം.. നൈറ്റ് ഫുൾ ഓട്ടമല്ലേ…”

“ആ… ചപ്പാത്തിക്ക് കടലക്കറിയും ഉരുളകിഴങ്ങുമെടുക്കണ്ട… നിനക്കറിയാലോ നമ്മടെ കാന്റീനിന്റെ അവസ്ഥ… പിന്നെ ഉറക്കം പോയാൽ വയറ് ചീത്തയാവാനത് മതി… ”

റിപ്പോർട്ട് ചെയ്ത് ഡ്രസ് മാറി കാന്റീനിൽ പോയി ചായകുടിക്കാനിരുന്നു… കാന്റീൻ നടത്തുന്ന മൊയ്തീൻ ചോദിച്ചു

” ദാസാ…നൈറ്റായോ… ”

” ഉവ്വ്… ഇന്നുമുതൽ ഒരാഴ്ച നൈറ്റാണ്… ”

” ഉം… എന്താ കഴിക്കാൻ വേണ്ടത് ”

” ഇവിടെന്താണുള്ളതെന്ന് നിനക്കല്ലേ അറിയൂ മൊയ്തീനേ… ഞാൻ വല്ലതും പറഞ്ഞാൽ നിനക്കത് തരാൻ ബുദ്ധിമുട്ടാവും… അതോണ്ട് നീ രണ്ട് വലിച്ചാൽ നീളുന്ന ചപ്പാത്തിയും ലേശം കറിയും താ… കൂട്ടത്തിൽ കടുപ്പത്തിലൊരു കട്ടനും… നിന്റെ വാട്ടവെള്ളം വേണ്ട… ”

” ഓ… ആയിക്കോട്ടെ.. ഇതാദ്യം തന്നെ പറഞ്ഞാൽ നിനക്ക് ഇപ്പോൾ കഴിച്ചു തുടങ്ങായിരുന്നു…”

അടുക്കളയിലേക്ക് നോക്കി മൊയ്തീൻ വിളിച്ചു പറഞ്ഞു

” മൂന്ന് ചപ്പാത്തി നല്ലോണം മൊരിഞ്ഞത് പുറത്തേക്ക്… ഒരു സ്ട്രോംഗ് കട്ടനും.. ”

ചായകുടിച്ചു കൊണ്ടിരുന്നപ്പോൾ ഭാസ്ക്കരേട്ടൻ കയറി വരുന്നത് കണ്ടു… മുപ്പർക്ക് പ്രായം കൂടി വരുന്നത് പോലെ തോന്നി

ഒരു കട്ടന് ഓർഡർ ചെയ്ത് എന്തോ ആലോചിച്ച് പുറത്തേക്ക് കാല് ചൊറിഞ്ഞു കൊണ്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ഭാസ്ക്കരേട്ടനെ പിറകിൽ നിന്ന് വിളിച്ചു

” ഭാസ്ക്കരേട്ടാ… ഇവിടെ…. ദാ ഇങ്ങോട്ട് നോക്ക്…”

ഭാസ്ക്കരേട്ടൻ എണീറ്റു വന്ന് തൊട്ടുമുമ്പിലിരുന്ന് കൊണ്ട് ചോദിച്ചു

“നീയെന്താ ദാസാ… ഇന്ന് നേരത്തെ എത്തിയോ.. ഭക്ഷണം കൊണ്ടുവന്നില്ലേ ഇന്ന്”

“ഇല്ല.. ഭാസ്ക്കരേട്ടാ…അതോണ്ടല്ലേ ഇവിടുന്ന് കഴിക്കുന്നത്…”

” എന്തു പറ്റി ഇന്ന്… സാധാരണ നീ കൊണ്ടുവരാറുള്ളതാണല്ലോ…”

“വൈഫ് കുട്ടികളുമായി വീട്ടിൽ പോയി.. അച്ഛനും അമ്മയും മാത്രമേയുള്ളൂ വീട്ടിൽ… നാളെ ഒരു കല്ല്യാണമുണ്ട്… ”

” അപ്പോൾ നീ പോകുന്നില്ലേ…”

“ഇല്ല…ലീവില്ലല്ലോ…”

“ഉം…ലീവില്ലാത്തതുകൊണ്ടോ അതോ ലീവാക്കാനുള്ള മനസില്ലാത്തതുകൊണ്ടോ.. ”

” അതെന്താണെന്ന് എനിക്കുമറിയില്ല ഭാസ്ക്കരേട്ടാ… അത്താഴം വിളമ്പുന്ന സമയത്ത് അരവയറുമായി അത് നോക്കിനിൽക്കുന്ന പട്ടിണിക്കാരനാവാൻ മനസനുവദിക്കാത്തോണ്ടാവാം.. ”

” പൂർണ്ണ പട്ടിണിക്കാരനായ എന്നോടാണോ ദാസാ അരപട്ടിണിക്കാരന്റെ കഥ പറയുന്നത്”

കട്ടൻ ചായ മൊത്തികുടിക്കുന്നതിനിടയിൽ ഭാസ്ക്കരേട്ടനോട് ചോദിച്ചു

” ഭാസ്ക്കരേട്ടൻ കഴിച്ചാണോ വന്നത് ”

” അതെന്തു ചോദ്യമാണ് ദാസാ.. വീട്ടിൽ നിന്ന് കഴിക്കാതെ പോരാനാവുമോ… കഴിച്ചു… കയ്പക്ക ജ്യൂസും കക്കരിയും… ഷുഗറല്ലേ എനിക്ക്… ചോറ് ഒക്കെ കഴിച്ച കാലം മറന്നു…. ചപ്പാത്തിയുണ്ടാക്കി തരാൻ വീട്ടിലാരുണ്ട്…കെട്ട്യോള് അനിയന്റെ കല്ല്യാണത്തിന് മാല മാറ്റി കൊടുക്കാത്തതിന് പിണങ്ങി പോയതല്ലേ… നിനക്കറിയില്ലേ ഇനി എനിക്ക് റിട്ടയറാവാൻ ഒരു മാസമേയുള്ളൂ… പി. എഫിന്റെ പൈസ കിട്ടാറാവുമ്പോഴേക്കും വരും..ആവശ്യങ്ങളാണല്ലോ പിണക്കങ്ങളുടെ ദൈർഘ്യം നിശ്ചയിക്കുന്നത്… ”

” അപ്പോൾ മക്കളില്ലേ… അവരോ.. ”

” ഉണ്ടായിരുന്നു… അവരെ കല്ല്യാണം കഴിച്ചയച്ചു… എല്ലാവർക്കും അവരവരുടെ ലോകമല്ലേ… ഇപ്പോൾ പഴയപോലെ ഗിയറൊന്നും വർക്ക് ചെയ്യാത്തോണ്ടാവും കെട്ടിയോൾക്കും എന്നെ വേണ്ടാതായിരിക്കുന്നു… ഇനി ഒരു സഡൻബ്രേക്കിന് സമയമായെന്ന് തോന്നി തുടങ്ങിയിരിക്കുന്നു.. ആരുമറിയാതൊരു സഡൻ ബ്രേക്ക്.. ”
” ഒന്നു പോയേ…. ഭാസ്ക്കരേട്ടാ.. ഭാസ്ക്കരേട്ടനിനിയും ആക്സിലേറ്ററിലൊന്ന് കാലമർത്തി വെച്ചാൽ ഒരുപാട് കാലമിനിയുമോടാനാവും.. ”

” ദാസാ… അതിനുള്ള മനസ് വാടകക്കെടുക്കേണ്ടി വരുമെന്ന് മാത്രം ”

” ജീവിതത്തിൽ നിന്റെ പോലെ ഒരു താല്ക്കാലികക്കാരനായാൽ മതിയായിരുന്നു എന്ന് തോന്നാറുണ്ട് ചിലപ്പോൾ… എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാവുന്ന അല്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോകാൻ സ്വതന്ത്ര്യമുള്ളൊരു താല്ക്കാലികക്കാരന്റെ റോൾ ”

കഴിച്ചുകൊണ്ടിരുന്ന ചപ്പാത്തി പാതിയിൽ നിർത്തി കുറച്ച് നേരം ഭാസ്ക്കരേട്ടന്റെ മുഖത്തേക്ക് നോക്കിയിരുന്നു….ഇതുപോലൊരു അവസ്ഥ നാളെ എനിക്കും വരാനുള്ളതാണല്ലോ എന്ന് ഓർത്തു..

കൈകഴുകി ഭാസ്ക്കരേട്ടന്റെ ചായപൈസകൂടി കൊടുത്ത് പുറത്തേക്കിറങ്ങി… തോളിലൊരു തോർത്തുമുണ്ടുമിട്ട് മുന്നിൽ നടക്കുന്ന ഭാസ്ക്കരേട്ടൻ ഷുഗർ വന്ന് പഴുത്ത കാൽ നീട്ടിവെച്ച് നടക്കുന്നത് നോക്കി… കാലിലെ വേദനയെക്കാളധികം ആ മനസ് വേദനിക്കുന്നുണ്ടെന്ന് തോന്നി..

മുറിയിൽ പോയി ബാഗെടുത്ത് ഓപ്പണിംഗ് ബാലൻസ്കണക്ക് കൊടുത്ത് ബാഗുമായി ബസിലേക്ക് കയറുമ്പോൾ ഭാസ്ക്കരേട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തിട്ടിരുന്നു..

ആളുകളെല്ലാം ഭക്ഷണം കഴിച്ച് ചെറിയ മയക്കത്തിലേക്ക് പോകാൻ തുടങ്ങിയിരുന്നു… വണ്ടി പുറകിലേക്ക് വലിപ്പിച്ച് ഭാസ്ക്കരേട്ടൻ മുന്നോട്ട് വണ്ടിയെടുത്തപ്പോൾ ആളുകളൊന്ന് അനങ്ങിയിരുന്നു….

ബസിന്റെ മുൻപിൽ പോയി ചെറിയ ക്യാബിൻ തുറന്ന് ബസിനുള്ളിലെ ലൈറ്റുകളോരോന്നായി ഓൺ ചെയ്ത്… ടിക്കറ്റെഴുതാനായി തുടങ്ങി.. ഭാസ്ക്കരേട്ടൻ ഇടക്ക് കണ്ണടയല്പം പൊക്കി കൈകൊണ്ട് കണ്ണ് ഇടക്കിടെ തുടക്കുന്നത് കണ്ടു..

പ്രായമായി തുടങ്ങിയപ്പോൾ ഒരുപക്ഷേ തിമിരത്തിന്റെ തുടക്കമായിട്ടുണ്ടാവും… ദൂരേക്ക് നീണ്ടുപോകുന്ന റോഡിലൂടെ കാലം കുറേ ആയല്ലോ ഭാസ്ക്കരേട്ടൻ ചക്രമുരുട്ടാൻ തുടങ്ങിയിട്ട്.. ലീവുള്ള ദിവസം പോലും ഭാസ്ക്കരേട്ടൻ സ്റ്റാൻഡിലെത്തും… ഒരാവശ്യവുമില്ലെങ്കിലും വണ്ടിയുടെ ടയർ കൊട്ടിയും കണ്ണാടി ശരിയാക്കിയുമൊക്കെ വണ്ടിക്കടുത്ത് കാണും….

ഓടി തീർക്കാനാവാത്ത യാത്രകളിനിയുമുണ്ട് ആവലാതിയും വേവലാതിയും വിട്ടൊഴിയാത്ത ഈ ജീവിതത്തിലെന്നോർമ്മിപ്പിക്കുന്ന ഭാസ്ക്കരേട്ടനെന്നും ഒരു അത്ഭുതം തന്നെയാണെന്ന് തോന്നി…

ഭാസ്ക്കരേട്ടൻ ഇടക്ക് പറയാറുണ്ട്..

“ഈ ബസ് പോലെയാണെന്റെ ജീവിതവും അധികമെവിടെയും സ്റ്റോപ്പില്ലാത്ത മഴയും വെയിലും കൊണ്ട് നിറം മങ്ങിയ തൊലിയുമായി നേരവും കാലവുമില്ലാതെ ഞാനോടികൊണ്ടിരിക്കുന്നു… ആർക്കുവേണ്ടി ഓടുന്നുവെന്നോ എന്തിനുവേണ്ടി ഓടുന്നുവെന്നോ തിരിച്ചറിയാനാവാതെ…”

ഭാസ്ക്കരേട്ടൻ പറഞ്ഞതാണ് ശരി.. ആർക്കുവേണ്ടിയെന്നോ എന്തിനുവേണ്ടിയെന്നോ അറിയാത്ത യാത്രകൾ തന്നെയാണല്ലോ ഓരോരുത്തരുടെയും ജീവിതം…ഓടി തീർന്ന് മൂലയിലൊതുങ്ങുമ്പോൾ മാത്രം തിരിച്ചറിയുന്നു അതുവരെ കണ്ട മുഖങ്ങൾക്ക് പിറകിലെ യഥാർത്ഥ മുഖങ്ങൾ….

തുടരും
രമേഷ് കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here