Home Latest മതി രണ്ടാളും കൂടി എന്നെ തിന്നുന്നത്… രോഗി ഇപ്പോൾ സ്മാർട്ടായല്ലോ… അമ്മക്ക് സന്തോഷമായില്ലേ ഇപ്പോൾ…. Part-7(അവസാന...

മതി രണ്ടാളും കൂടി എന്നെ തിന്നുന്നത്… രോഗി ഇപ്പോൾ സ്മാർട്ടായല്ലോ… അമ്മക്ക് സന്തോഷമായില്ലേ ഇപ്പോൾ…. Part-7(അവസാന ഭാഗം)

0

Part-6 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മാലാഖ  part-7 (അവസാന ഭാഗം)

രചന : രമേഷ്കൃഷ്ണൻ

സാമുവൽ സാർ കണ്ടപാടേ പറഞ്ഞു

“ക്യൂട്ട് ജയന്തി… നിനക്ക് ഈ വേഷം നന്നായിണങ്ങുന്നുണ്ട്..”

“താങ്ക്യൂ.. സാർ..”

ജനറൽ വാർഡിൽ മരുന്ന് കൊടുത്ത് കഴിഞ്ഞ് വന്ന് ജിത്തുവിന്റെ മുറിയിലേക്ക് ചെന്നു വൈകുന്നേരം ഡോക്ടറെഴുതിയ സ്ലിപ്പെടുത്ത് നോക്കി മരുന്നെടുത്താണ് പോയത്..

മുറി തുറന്ന് അകത്ത് കയറിയപ്പോൾ ജിത്തു കട്ടിലിൽ ഇരിക്കുകയായിരുന്നു… തലയിലെ കെട്ട് അഴിച്ചിരിക്കുന്നു.. ഇടതൂർന്ന മുടി നെറ്റിയിലേക്ക് പാറി വീണു കിടക്കുന്നു…

അമ്മയോടെന്തോ പറഞ്ഞ് ചിരിച്ച് അവർ നോക്കിയതെന്റെ മുഖത്തേക്കായിരുന്നു

കുറച്ച് നേരം എന്നെ തന്നെ നോക്കി നിന്നിട്ട് അമ്മ അടുത്തുവന്ന് ചേർത്തു പിടിച്ചിട്ട് ജിത്തുവിനോടായി പറഞ്ഞു

“ഇന്ന് മോള് സൂന്ദരിയായിരിക്കുന്നല്ലോ ജിത്തൂ..”

“അവളല്ലെങ്കിലും സുന്ദരി തന്നെയാണല്ലോ…”

“മതി രണ്ടാളും കൂടി എന്നെ തിന്നുന്നത്… രോഗി ഇപ്പോൾ സ്മാർട്ടായല്ലോ… അമ്മക്ക് സന്തോഷമായില്ലേ ഇപ്പോൾ..”

“ഡോക്ടർ വന്നിട്ടെന്തു പറഞ്ഞു.”

“നാളെ ഡിസ്ചാർജ് ആണ്..”

“ആണോ… നന്നായി.. ഇനിയേതായാലും വീട്ടിൽ പോയി വിശ്രമിക്കാലോ… ”

” ഒരു ഇഞ്ചക്ഷനുണ്ട്.. ”

” ഇനിയഞന്തിനാണ് ഇഞ്ചക്ഷൻ.. ”

” തലയിലെ മുറിവേ ഉണങ്ങിയിട്ടുള്ളൂ കാലിലെ ചതവും കയ്യുടെ പൊട്ടലും ബാക്കി കിടപ്പുണ്ട്”

എന്നാൽ എടുത്തോ എന്ന് പറഞ്ഞ് കൈകാണിച്ചു തന്നപ്പോൾ പറഞ്ഞു”

“കയ്യിനല്ല.. പിറകിലാണ്…”

“അത് വേണോ… കയ്യിലടിച്ചാൽ പോരെ..”

“പോരല്ലോ… അതിനെന്താണിത്ര മടി കിടന്നേ.. ”

മനസ്സില്ലാമനസ്സോടെ ജിത്തു കട്ടിലിൽ ഒരുകൈകൊണ്ട് മുഖം പൊത്തി ചെരിഞ്ഞു കിടന്നു.. അതുകണ്ടപ്പോൾ സരളയുടെ മകന്റെ നിഷ്കളങ്കത ഓർമ്മവന്നു

ത്രീഫോർത്ത് അൽപം താഴ്ത്തി ഇഞ്ചക്ഷനെടുത്ത് കഴിഞ്ഞപ്പോൾ പറഞ്ഞു

” കഴിഞ്ഞു.. ഇനി തിരിഞ്ഞു കിടന്നോളൂ… ”

” കഴിഞ്ഞോ ഞാനറിഞ്ഞില്ല ല്ലോ കുത്തിയത്”

“അമ്മ പറഞ്ഞു

” നല്ല മനസുള്ളവര് നമ്മളിഷ്ടപെടുന്നവര് എന്ത് നമ്മളോട് കാട്ടിയാലും നമുക്ക് വേദന തോന്നില്ല”

മരുന്നും ഗുളികയും മേശപ്പുറത്ത് വെച്ച് പോരുമ്പോൾ ജിത്തു വിളിച്ചു

” ജയന്തീ… ബ്യുട്ടിഫുൾ”

“എന്ത്…”

” നിന്റെ സാരി…”

“താങ്ക്സ്”

രാത്രി ഭക്ഷണം കഴിഞ്ഞ് ഡ്യൂട്ടിയെല്ലാം ഒരുവിധം ഒതുങ്ങിയപ്പോൾ ജിത്തുവിന്റെ റൂമിലേക്ക് ചെന്നു

അമ്മയും മകനുമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു

” ആ.. മോളോ.. വാ.. ഞങ്ങൾ നിന്റെ കാര്യമിപ്പോൾ പറഞ്ഞതേയുള്ളൂ”

“എന്താണ് കുറ്റമാണോ പറഞ്ഞത്”

“അതിന് നിനക്കെന്തെങ്കിലും കുറ്റമുണ്ടായാലല്ലേ പറയാൻ പറ്റൂ”

“കുറ്റം തികഞ്ഞവരാരും ഈ ലോകത്തില്ലെന്നാണ് എന്റെ അറിവ്”

“എന്നാൽ നീ പഠിച്ച അറിവ് തെറ്റാണെന്ന് നീ തന്നെ തെളിയിച്ചു ”

അവർ ഭക്ഷണം കഴിച്ച് എണീൽക്കുന്നത് വരെ കട്ടിലിലിരുന്നു

കഴിച്ച് കഴിഞ്ഞപ്പോൾ കപ്പിൽ വെള്ളം കൊണ്ടുവന്ന് അമ്മയുടെ കയ്യിൽ കൊടുത്ത് കഴിച്ച പ്ലേറ്റ് വാങ്ങി അത് കഴുകി വെച്ചു.. കപ്പിലെ വെള്ളമെടുത്ത് ജിത്തുവിന്റെ കൈ കഴുകിച്ച് ചുണ്ട് തുടച്ചു കൊടുത്തു..

അമ്മ അതെല്ലാം നോക്കിയിരിക്കുന്നുണ്ടായിരുന്നു

ജിത്തുവിന് കഴിക്കാനുള്ള മരുന്നെടുത്ത് കൊടുത്ത് കിടത്തി പുതപ്പിച്ച് അമ്മയുടെ അരികിൽ വന്നിരുന്ന് വിശേഷങ്ങൾ പറഞ്ഞു തുടങ്ങി

അമ്മ പറഞ്ഞു

“നാളെ ഞങ്ങൾ പോകുമ്പോൾ മോളെ കാണാൻ പറ്റില്ലല്ലോ എന്നതാണൊരു വിഷമം”

“അതിനെന്താ അമ്മേ ഞാനിവിടെ തന്നെ ഉണ്ടാകും… നമുക്ക് കാണാമെന്നേ.. പക്ഷേ ഇനി ഇതുപോലൊരു കാണൽ വേണ്ട..”

“മോൾക്കെന്താ വേണ്ടത്… പോകുമ്പോൾ ഞങ്ങളുടെ ഒരു സന്തോഷത്തിന്…”

“ഒന്നും വേണ്ടമ്മേ… എവിടെയെങ്കിലും വെച്ച് കണ്ടാലൊന്ന് പുഞ്ചിരിച്ചാൽ അത് തന്നെ ധാരാളമാണ്… ഒരുപാട് പ്രതീക്ഷിക്കുമ്പോഴും ഒരുപാടാഗ്രഹിക്കുമ്പോഴുമാണ് ഒരുപാട് വേദനിക്കേണ്ടി വരിക.. അതുകൊണ്ട് ഞാനൊന്നും ആഗ്രഹിക്കാറും മോഹിക്കാറുമില്ല.. ”

എല്ലാം കേട്ടു കിടന്ന ജിത്തു പറഞ്ഞു

” നീ നല്ലൊരു നഴ്സ് മാത്രമല്ല.. നല്ലൊരു ഫിലോസഫറും.. മോട്ടിവേറ്ററുമാണ്… മരിക്കാൻ കിടക്കുന്നവർ പോലും ഒരുപക്ഷേ നീ ശുശ്രൂഷിച്ചാൽ ജീവിതത്തിലേക്ക് തിരികെ എത്തിയേക്കാം.. ”

” താങ്ക്യൂ.. ഫോർ ദി കോപ്ലിമെന്റ്.. ”

” എന്നാൽ ശരി… ഞാൻ പോട്ടെ.. ഡ്യൂട്ടിയിലാണ്… അപ്പോൾ നമുക്കിനി കാണാം എവിടെയെങ്കിലും വെച്ച് ഏതായാലും എല്ലാം വേഗം സുഖമാവട്ടെ.. രാവിലെ കാണാം.. ”

രാത്രി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നതിനാൽ ചെറുതായൊന്നുറങ്ങി.. രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് വാർഡിൽ പോയി രാവിലെ കഴിക്കാനുള്ള മരുന്നും ഗുളികകളും കൊടുത്ത് തിരിച്ചു വന്ന് എഴുതാനുള്ള റിപ്പോർട്ടൊക്കെ എഴുതി തീർത്തപ്പോഴും രണ്ടുപേരവിടെ നല്ല ഉറക്കത്തിലായിരുന്നു

ഏഴ്മണിയായപ്പോൾ ജിത്തുവിന്റെ മുറിയിലേക്ക് ചെന്നു അമ്മ സാധനങ്ങൾ പേക്ക് ചെയ്യുന്ന തിരക്കിലായിരുന്നു അമ്മയോടൊപ്പം കൂടി സാധനങ്ങളെല്ലാം പേക്ക് ചെയ്ത് വെച്ച് പോരുമ്പോൾ പറഞ്ഞു

“ഇനി പോകുമ്പോൾ ചായ കുടിച്ച് പോയാൽ മതി.. എന്നാപ്പിന്നെ രണ്ടാമതൊന്ന് സ്റ്റെപ്പ് കയറണ്ടല്ലോ അമ്മക്ക്…”

അമ്മ അടുത്ത് വന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

“എനിക്ക് പിറക്കാതെ പോയ മോളാണ് നീ..”

അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… കട്ടിലിലിരിക്കുന്ന ജിത്തുവിനെ ഒന്നു നോക്കി അയാൾ നെടുവീർപ്പിട്ട് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു…

പിന്നീട് വന്ന ദിവസങ്ങളിൽ ആ മുറിയിലേക്ക് പലരും വരികയും പോവുകയും ചെയ്തു…കണ്ടുമറന്ന മുഖങ്ങളിലൊന്നായി അവരും മാറി തുടങ്ങി

ചില ദിവസങ്ങൾ തുടങ്ങുന്നത് തന്നെ മുഷിച്ചിലോടെയാവും… അവസാനിക്കുന്നതും അങ്ങനെ തന്നെ… പലതരത്തിലുള്ള ആളുകൾ പല മാനസികാവസ്ഥകൾ… ഭ്രാന്തിന്റെ ചങ്ങലകിലുക്കങ്ങൾ…

വേനലിന്റെ അവസാനത്തിലൊരു പകലിൽ മഴ തിമിർത്ത് പെയ്തപ്പോൾ കുട കയ്യിൽ കരുതാത്തതിനാൽ വൈകുന്നേരം ബസിന് പോകാനായി ഇറങ്ങി.. ആശുപത്രി വരാന്തയിൽ നിന്ന് നാട്ടിലേക്കുള്ള ബസ് പോകുന്നത് നോക്കി നിൽക്കേണ്ടി വന്നു..മഴക്കാറ് മൂടി ഇരുട്ടി തുടങ്ങിയിട്ടും മഴ മാറുന്നത് കാണാഞ്ഞ് ചുരിദാർ ഷാളെടുത്ത് തലയിലൂടെയിട്ട് റോഡിലേക്കിറങ്ങി ബസ്സ്റ്റോപ്പിൽ കയറിനിന്ന് ഏതെങ്കിലും മടക്ക ഓട്ടോക്ക് കൈകാണിച്ചു പോകാമെന്ന് കരുതി… കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു കാർ ബസ്സ്റ്റോപ്പ് കടന്നു പോയി റിവേഴ്സ് വരുന്നത് കണ്ടു.. ബസ്സ്റ്റോപ്പിനടുത്തെത്തി ഗ്ലാസ് താഴ്ത്തി ജിത്തുവിന്റെ അമ്മ പറഞ്ഞു…

“മോളെ കയറിക്കോ… ഞങ്ങൾ മോൾക്ക് എവിടേക്കാണ് പോകേണ്ടമെങ്കിൽ അവിടെ കൊണ്ടാക്കി തരാം..”

ആദ്യമൊന്ന് മടിച്ചു നിന്നെങ്കിലും പിന്നെ കാറിലേക്ക് കയറി ഏതായാലും അമ്മയുണ്ടല്ലോ കാറിൽ

കാറിൽ കയറി ഇരുന്നപ്പോൾ ചോദിച്ചു

“എവിടെ പോയി വരികയാണ് രണ്ടുപേരും കൂടി”

“അതൊന്നും പറയണ്ട… രാവിലെ ഇറങ്ങീതാണ് മോളെ.. ഗുരുവായൂര്‍ പോയി ചോറ്റാനിക്കര പോയി.. രണ്ട് സ്ഥലത്തും നല്ല തിരക്കായിരുന്നു”

“അപ്പോഴിന്ന് തീർത്ഥാടനമൂഡിലാണ് രണ്ടാളുമല്ലേ… എങ്ങനെയുണ്ട് ഇപ്പോൾ കാലൊക്കെ സുഖമായില്ലേ..”

“ഉവ്വ്… ഇവൻ ഓഫീസിൽ പോകാൻ തുടങ്ങി”

“ഏതായാലും കയറിയതല്ലേ… ഇനി മഴയത്ത് ഈ നേരത്ത് അങ്ങാടിയിലൊന്നുമിറങ്ങണ്ട ഞങ്ങൾ വീട്ടിലേക്കാക്കി തരാം.. ”

എന്നിട്ട് ജിത്തുവിനോട് ചോദിച്ചു

” നിനക്ക് തിരക്ക് വല്ലതുമുണ്ടോ..”

“എന്ത് തിരക്കുണ്ടെങ്കിലും ഇയാളെ വീട്ടിലാക്കിയിട്ടേ ഇനി പോണുള്ളൂ.. ”

വീട്ടിലേക്കുള്ള വഴികളോരോന്നായി പറഞ്ഞുകൊടുത്ത് വീടിനു പടിക്കലെത്തിയപ്പോൾ അമ്മ വേവലാതി നിറഞ്ഞ മുഖവുമായി ഉമ്മറത്ത് നിൽക്കുന്നത് കണ്ടു

ഡോർതുറന്ന് ഞാനിറങ്ങുന്നത് കണ്ടപ്പോൾ അമ്മ മഴചാറൽ വകവെക്കാതെ മുറ്റത്തേക്കിറങ്ങി

” അമ്മേ.. ഇറങ്ങിയാലൊരു ചായ കുടിച്ച് പോകാം”

“അത് നീ പറഞ്ഞില്ലെങ്കിലും ഞങ്ങൾ ഇവിടെ ഇറങ്ങി ഒരു ചായ കുടിച്ചേ പോകൂ… നിന്നെ പോലൊരു മകളുള്ള ആ അമ്മയെ എനിക്കന്ന് കാണണം.. വളർത്തുഗുണമാണ്..”

എന്നിട്ട് ഡോർതുറന്നിറങ്ങുന്നതിനിടയിൽ ജിത്തുവിനോടായി ചോദിച്ചു

“നീ ഇറങ്ങുന്നില്ലേ.. ”

” ഞാനീ ഗ്ലാസൊന്ന് കയറ്റി വണ്ടി ഓഫ് ചെയ്യട്ടെ അമ്മാ.. ”

വണ്ടായിൽ നിന്നിറങ്ങിയ ജിത്തുവിനെ കണ്ട് ശരിക്കൊന്ന് ഞെട്ടി

കുറ്റി താടിയും കട്ടിമീശയുമുള്ള സുമുഖനായൊരു ചെറുപ്പക്കാരൻ.. അന്ന് ആശുപത്രിയിൽ വച്ച് കണ്ട ആളേ അല്ല… സ്വർണ്ണകരമുണ്ടും കടും കാപ്പി നിറമുള്ള ഷർട്ടുമിട്ട് ഡോറടച്ച് പുറത്തിറങ്ങിയപ്പോൾ ഒരു നിമിഷം നോക്കി നിന്നു പോയി..

പരസ്പരം കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ പറയാൻ മറന്നുവെച്ചതെന്തോ രണ്ടുപേരുടെയുമുള്ളിൽ ഒളിഞ്ഞു കിടക്കുന്നതായി തോന്നി

അവരെയും കൊണ്ട് ഉമ്മറത്തേക്ക് കയറുമ്പോൾ അമ്മയോട് പറഞ്ഞു

“ഇത് എന്റെ ഒരു പേഷ്യന്റായിരുന്നു.. ബസ് കിട്ടാതെ അവിടെ നിന്നപ്പോഴാണ് ഇവരുടെ വണ്ടി വന്നത് വീട്ടിലേക്കാക്കി തരാമെന്ന് ഇവർ പറഞ്ഞപ്പോൾ വണ്ടിയിൽ കയറി പോന്നതാണ്”

അമ്മ പറഞ്ഞു

“ഞാൻ പേടിച്ചിരിക്കയായിരുന്നു.. ഇരുട്ടായി തുടങ്ങുകയും ചെയ്തു..പോരാത്തതിന് ഇങ്ങനത്തെ കാലവും”

അതിന് മറുപടി ജിത്തുവിന്റെ അമ്മയാണ് പറഞ്ഞത്

” ഇവളെകുറിച്ച് നിങ്ങളൊന്നുകൊണ്ടും പേടിക്കേണ്ട..ഈശ്വരാനുഗ്രഹമുള്ള കുട്ടിയാണ്.. അതോണ്ടല്ലേ ഞങ്ങളുടെ മുന്നിൽ തന്നെ വന്നു പെട്ടത്… ഞങ്ങൾ ഇവളെ തപ്പികൊണ്ടിരിക്കുകയായിരുന്നു ”

” ഏതായാലും വന്നകാലിൽ നിൽക്കാതെ അകത്തേക്ക് കയറൂ.. സൗകര്യം കുറവാണ്… എന്നാലും”

“സൗകര്യമൊക്കെ നമ്മൾ നമ്മളുടെ ഇഷ്ടത്തിനുണ്ടാക്കുന്നതല്ലേ.. ഒന്നും കൊണ്ടുപോകാനായി ആരുമൊന്നുമുണ്ടാക്കുന്നില്ലല്ലോ.. ”

അതുപറഞ്ഞ് ജിത്തുവിന്റെ അമ്മ ചെരുപ്പഴിച്ചിട്ട് അകത്തേക്ക് കയറി കൂടെ ജിത്തുവും…

രണ്ടമ്മമാരും കൂടി സംസാരം തുടങ്ങിയപ്പോൾ അകത്ത് പോയി ബാഗ് വെച്ച് ചായയിടാനായി അടുക്കളയിലേക്ക് കയറി

ചായ ഉണ്ടാക്കി ഉമ്മറത്തേക്ക് ഒരു ട്രേയിലത് വച്ച് കൊണ്ടുവന്ന് കൊടുത്തു കൂട്ടത്തിൽ കൊറിക്കാനായി അല്പം ചിപ്സും

ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജിത്തുവിന്റെ അമ്മ ചോദിച്ചു

” മോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്… പേഷ്യന്റിനോടെന്തെങ്കിലും ചോദിക്കാനുണ്ടാവില്ലേ..”

നനഞ്ഞൊട്ടിയ ചുരിദാറിന്റെ പുറത്തേക്ക് കാണുന്ന ബ്രായുടെ വള്ളി കാണാതിരിക്കാൻ ഷാൾകൊണ്ട് അത് മറച്ച് വെക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു

“ഇപ്പോൾ മരുന്നുണ്ടോ..”

“ഒരാഴ്ചത്തേക്ക് കൂടിയുണ്ട്… ”

ജിത്തുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ പണ്ട് സ്വപ്നത്തിൽ കണ്ട കാര്യങ്ങളോർമ്മ വന്നതിനാൽ അല്പം നാണം തോന്നി

അതിനിടയിൽ അമ്മമാർ രണ്ടുപേരും വീടിനുള്ളിലേക്ക് സംസാരിച്ച് കയറി പോയി..

“നിങ്ങളിരിക്കൂ.. ഞാനീ ഡ്രസൊന്ന് മാറി വരാം ആകെ നനഞ്ഞിരിക്കുന്നു ”
അത് പറഞ്ഞ് ബെഡ്റൂമിലേക്ക് കയറി…

ഡ്രസ് മാറാനായി മാറിൽ നിന്നും ഷാളെടുത്ത് കട്ടിലിലേക്കിട്ട് തിരിഞ്ഞപ്പോൾ അലമാരയുടെ കണ്ണാടിയിൽ ജിത്തുവിന്റെ മുഖം കണ്ടു ജാള്യതയോടെ ഷാളെടുത്ത് പുതച്ചപ്പോൾ അമ്മമാരെ ഒന്നു നോക്കി അവർ അടുക്കളയിലാണെന്നുറപ്പാക്കി ജിത്തു മുറിയിലേക്ക് കയറി അടുത്തേക്ക് വന്നപ്പോൾ അമ്മാ എന്ന് വിളിക്കാനായി വായ തുറന്നപ്പോൾ ചുമരിനോട് ചേർത്ത് നിർത്തി വാപൊത്തികൊണ്ട് അവൻ ചോദിച്ചു

“നിനക്കെന്നെ ഇഷ്ടമാണോ..അന്ന് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോയ ശേഷം ഞാനൊന്നുറങ്ങിയിട്ടില്ല… നീയാണ് മനസിൽ എനിക്ക് നിന്നെ അത്രക്കിഷ്ടപെട്ടു…”

വായിൽ നിന്ന് അവൻ കയ്യെടുത്തെങ്കിലും കുറച്ച് സമയം കൂടി വാ തുറന്ന് നിന്നു.. കേട്ടത് സത്യമാണോ എന്നറിയാനായി കൈകളിലൊന്ന് തൊട്ടു നോക്കി

പിന്നെ തല താഴ്ത്തി നിന്നു… ആദ്യമായി ഒരു പുരുഷന്റെ കരങ്ങൾ തോളിൽ പതിഞ്ഞു പിന്നെ ആ കരങ്ങൾ വലിഞ്ഞു മുറുക്കി… കവിളിലൂടെ കുറ്റിതാടിയുരഞ്ഞു..മഴകൊണ്ട് നനഞ്ഞ മാറിടം ചൂടുള്ള പുരുഷ ശരീരത്തിൽ ചതഞ്ഞരഞ്ഞു..ചൂടുള്ള ചുണ്ടുകൾ കവിളിലും നെറ്റിയിലും പതിഞ്ഞു..

അല്പനേരം കഴിഞ്ഞ് അമ്മമാർ സംസാരിച്ച് പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് പിടഞ്ഞു മാറി

ഒന്നുമറിയാത്തപോലെ തിരിഞ്ഞുനോക്കി കൊണ്ട് ജിത്തു പറഞ്ഞു

“അപ്പോൾ അടുത്തയാഴ്ച ഡോക്ടറെ കാണാൻ വരുമ്പോഴേക്ക് ഒന്ന് ബുക്ക് ചെയ്തിടണേ..”

അത് കേട്ട് അമ്മമാർ പറഞ്ഞു

“അതിന് നീ ഇപ്പോഴേ ബുക്ക് ചെയ്ത് കഴിഞ്ഞല്ലോ… ഇവളെ… പിന്നെന്തിനാണ് ഇനിയൊരു ബുക്കിംഗ്..”

അത് കേട്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“ജയന്തീ… ഇവരെല്ലാം ഉറപ്പിച്ചിരിക്കുന്നു ഇനി ഇങ്ങോട്ടിറങ്ങി പോര്”

നാണത്തോടെ ഉമ്മറത്തേക്കിറങ്ങിയപ്പോൾ ജിത്തുവിന്റെ അമ്മ പറഞ്ഞു

” ഇനിയിപ്പോഴേതായാലും നമുക്കൊരു വീടുമതി.. നിങ്ങൾ രണ്ടാളും രാവിലെ പോയാൽ ഞങ്ങൾക്ക് മിണ്ടീം പറഞ്ഞു മിരിക്കാലോ… അത് ഇത് വേണോ ആ വീട് വേണോ എന്ന ഒറ്റ കൺഫ്യൂഷനേയുള്ളൂ.. ”

അവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ പടിവരെ ചെന്നു.. കാറിൽ കയറി പോകുമ്പോൾ ജിത്തുവിന്റെ അമ്മ പറഞ്ഞു

“ഞങ്ങൾ ഡേറ്റ് കുറിച്ച് അറിയിക്കാം.. അപ്പോഴിനി കല്ല്യാണത്തിന് കാണാം ട്ടോ മോളെ.. ”

കാർ പടികടന്ന് പോയപ്പോൾ അമ്മ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു

“നീ ഏതായാലും കണ്ടെത്തിയ ആള് കൊള്ളാം… ഇപ്പോഴാണൊരു മനസമാധാനമായത്… ”

അന്ന് രാത്രി അതുവരെ പൂക്കാതിരുന്ന മുല്ലയിൽ പുതിയ മൊട്ടുകൾ വിരിഞ്ഞു… അത് പൂവായ് വിടർന്നു അതിന്റെ മണം കിഴക്കേമുറ്റത്തിന്റെ അതിരുകടന്ന് ജനലിലൂടെ അകത്തേക്ക് പടർന്നു ആദ്യരാത്രിയുടെ മോഹന സ്വപ്നങ്ങളുമായി വീണ്ടുമൊരു രാവ് വിരുന്നെത്തി….

NB: ഈ കൊറോണക്കാലത്ത് അഹോരാത്രം കഷ്ടപെടുന്ന നഴ്സിംഗ് പ്രൊഫഷൻ ചെയ്യുന്ന എല്ലാ നല്ല സുഹൃത്തുക്കൾക്കും വേണ്ടി….

ശുഭം

രമേഷ്കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here