Home Latest അയാളുടെ ശരീരം മാത്രമേ മോർച്ചറിയിലേക്ക് പോയിട്ടുള്ളൂ ആത്മാവ് ഇവിടെ എവിടെയോ ചുറ്റികറങ്ങുന്നുണ്ടായിരിക്കുമെന്ന് തോന്നി…part-6

അയാളുടെ ശരീരം മാത്രമേ മോർച്ചറിയിലേക്ക് പോയിട്ടുള്ളൂ ആത്മാവ് ഇവിടെ എവിടെയോ ചുറ്റികറങ്ങുന്നുണ്ടായിരിക്കുമെന്ന് തോന്നി…part-6

0

Part-5 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മാലാഖ  part-6

രചന : രമേഷ്കൃഷ്ണൻ

പുലർച്ചക്ക് ആരോ കൗണ്ടറിൽ വന്ന് തട്ടുന്ന ശബ്ദം കേട്ട് തല പൊക്കി നോക്കി… വാർഡിലുള്ള ഒരു പേഷ്യന്റിന്റെ ബൈസ്റ്റാൻഡറായിരുന്നു..

അയാളോട് ചോദിച്ചു

“എന്താണ്…”

“അതേയ് ആ വാർഡിൽ കിടക്കുന്ന വയസായ ആളില്ലേ അയാൾ ചർദ്ദിക്കുന്നുണ്ട്… ഒന്നു വരുമോ..”

ഉടനെ ഛർദ്ദി നിൽക്കാനുള്ള ഇഞ്ചക്ഷന്റെ മരുന്നും സിറിഞ്ചുമെടുത്ത് അയാളോടൊപ്പം ഓടി

വാർഡിൽ ചെന്ന് നോക്കിയപ്പോൾ എല്ലാവരും ചുറ്റിലും കൂടി നിൽക്കുന്നത് കണ്ടു.. അയാളുടെ കണ്ണുകൾ മറഞ്ഞു തുടങ്ങുന്നുണ്ടായിരുന്നു… സിറിഞ്ചും മരുന്നും കട്ടിലിൽ വെച്ച് അയാളുടെ അടുത്തിരുന്ന് തലയെടുത്ത് മടിയിലേക്ക് വെച്ചു മുഖത്ത് കൊട്ടി വിളിച്ചു

“അച്ഛാ കണ്ണ് തുറക്ക്… ഞാനാണ് കണ്ണ് തുറക്ക്..”

ഇടക്കൊന്ന് കണ്ണ് പാതി തുറന്ന് നോക്കിയപ്പോൾ ചുണ്ടനക്കി…

കൂടി നിന്നവരോട് പറഞ്ഞു

” ഒരു ഗ്ലാസ് വെള്ളം വേഗമെടുക്ക്..”

ആരോ കൊണ്ടുവന്ന വെള്ളം വായിലേക്കൊഴിച്ചു കൊടുത്തു രണ്ട് മൂന്ന് തവണ വെള്ളമിറക്കി… പിന്നെ ഒന്ന് ഓക്കാനിച്ചു.. കോട്ടിലൂടെ ആകെ ശർദ്ദിൽ പരന്നു… പാതി കണ്ണ് തുറന്ന് മുഖത്തേക്ക് നോക്കി കിടന്ന അയാളുടെ പൾസ് നോക്കി ഇടക്കിടെ മിടിച്ച് പിന്നെയത് നിശ്ചലമായി… അറിയാതെ കൺകോണിലുറിയ കണ്ണുനീർ ആരും കാണാതെ തുടച്ചു.. മടിയിൽ നിന്നും തല കട്ടിലിലേക്കെടുത്ത് വെച്ച് പുതപ്പിട്ട് തലവഴി മൂടി സിറിഞ്ചും മരുന്നുമായി തിരിച്ചു പോരുമ്പോൾ പിറകിൽ നിന്ന് അയാൾ വിളിക്കുന്ന പോലെ തോന്നി

“മോളെ…”

അവസാനമായി ഒരിറ്റു വെള്ളമെങ്കിലും എന്റെ കൈകൊണ്ട് അയാൾക്ക് നല്കാനായതിൽ ആശ്വാസം കണ്ടെത്തി
കൗണ്ടറിൽ വന്ന് ഡെത്ത് റിപ്പോർട്ട് എഴുതി റിസപ്ഷനിലേക്ക് വിളിച്ച് പറഞ്ഞു

“അറ്റൻഡറെ ഒരു സ്ട്രെക്ച്ചറുമായി മുകളിലേക്കയക്കൂ തേർഡ് ഫ്ലോറിൽ ജനറൽ വാർഡിലൊരു ഡെത്തുണ്ട്”

കോട്ടൂരി വെള്ളത്തിലിട്ടു വെച്ച് മറ്റൊരു കോട്ടെടുത്തിട്ട് കൈകഴുകി നിന്നപ്പോഴേക്കും അറ്റൻഡറെത്തി അയാളോടൊപ്പം വൃദ്ധൻ കിടന്ന കട്ടിലിനടുത്ത് ചെന്ന് അയാളെ എടുത്ത് സ്ട്രെക്ച്ചറിലേക്ക് കിടത്തി
പുതപ്പെടുത്ത് കട്ടിലിലേക്കിട്ട് അറ്റൻഡർ കൊണ്ടുവന്ന പച്ചപുതപ്പിട്ട് മൂടി

അറ്റൻഡർ അയാളുടെ ജീവനറ്റ ശരീരവുമായി സ്ട്രെക്ച്ചറുന്തി പോകുമ്പോൾ അയാളോട് പറഞ്ഞു

“താഴെനിന്ന് സ്വീപ്പർമാരോട് ആരോടെങ്കിലും ഇത് വന്ന് ക്ലീനാക്കാൻ പറയൂ.. ഇന്നലെ രാത്രി വന്ന വത്സലയും കൂട്ടരുമാണെങ്കിൽ വേണ്ട… വേറെ ആരെങ്കിലും മതി”

അയാളുടെ ശരീരം മാത്രമേ മോർച്ചറിയിലേക്ക് പോയിട്ടുള്ളൂ ആത്മാവ് ഇവിടെ എവിടെയോ ചുറ്റികറങ്ങുന്നുണ്ടായിരിക്കുമെന്ന് തോന്നി… ഇന്നലെ വരെ.. അല്ല ഇന്ന് പുലരും വരെ ജീവനോടെയിരുന്ന ഒരാൾ എത്രവേഗമാണ് ഓർമ്മയായി മാറുന്നത്… നാളെ ഒരുപക്ഷേ ഞാനുമിതുപോലെ ഓർമ്മ മാത്രമായി മാറേണ്ടവളാണല്ലോ.. അമ്മയല്ലാതെ ആരോർക്കനാണെന്നെ…

ഓരോ മരണവും വേദന തന്നെയാണ് ഒരിക്കലും തിരിച്ചു വരാത്ത വേർപാടിന്റെ വേദന സമ്മാനിക്കുന്നതാണ് ഓരോ മരണവും… ഒരുകണക്കിന് മരണം ഒരു രക്ഷപെടലാണ് ബന്ധങ്ങളിൽ നിന്ന് കപടമായ സ്നേഹത്തിന്റെ ഈ ലോകത്തുനിന്നുള്ള ഒരു രക്ഷപെടൽ..

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ നേരം ജിത്തുവിന്റെ മുറിയിലൊന്ന് കയറി

അമ്മ എണീക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.. ജിത്തു കണ്ണ് മിഴിച്ച് കിടക്കുകയായിരുന്നു

അമ്മ എണീറ്റിരുന്നു ചോദിച്ചു

“മോള് പോവാണോ…”

“ആ.. അതെ പുലർച്ചെ ജനറൽ വാർഡിലൊരു ഡെത്ത് ഉണ്ടായി അതിന്റെ പ്രൊസീജിയേഴ്സ് എല്ലാം കഴിഞ്ഞ് ഇപ്പോൾ ഫ്രീയായതേ ഉള്ളൂ..”

“ആരാണ് മരിച്ചത്”

“ആരുമില്ലാത്തോരു വൃദ്ധൻ… മോർച്ചറിയിലേക്ക് മാറ്റി.. ഇനി മുനിസിപ്പാലിറ്റിക്കാർ വന്ന് പൊതു ശ്മശാനത്തിലേക്ക് കൊണ്ടു പോകും..”

ജിത്തുവിനോട് ചോദിച്ചു

” ഇന്നലെ ഉറക്കം കിട്ടിയോ പിന്നെ ”

” ഉം..ഉറങ്ങി നന്നായുറങ്ങി”

” വേദന കുറവില്ലേ…ചിലപ്പോൾ ഇന്ന് ഡോക്ടർ വന്നാൽ ഡിസ്ചാർജിന്റെ കാര്യം പറയും.. ”

” വീട്ടിൽ ചെന്നാലും റെസ്റ്റെടുക്കണം.. ”
” ഉം… ”

” എന്നാൽ ഞാനിറങ്ങട്ടെ വൈകീട്ട് കാണാം..”

അമ്മ പറഞ്ഞു

“അൽപനേരം നിന്നാൽ ഞാനും താഴേക്കുണ്ട് ചായ മേടിക്കണം.. ഒരു ചായ കുടിച്ച് പോകാം.. ”

” ഞാൻ കൗണ്ടറിലുണ്ടാകും.. അമ്മ അങ്ങോട്ട് വന്നാൽ മതി… എനിക്ക് ഡ്യൂട്ടി മാറണം… ”

” ഞാൻ വരാം.. ”

കൗണ്ടറിലെത്തി ഡ്യൂട്ടി മാറി മുഖമൊന്ന് കഴുകി തുടച്ചു… കോട്ടൂരി ഹാംഗറിലിട്ട് മുടി ചീകി കെട്ടി ബാഗെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അമ്മ അതെല്ലാം നോക്കി നിൽക്കുന്നത് കണ്ടു

അമ്മയോട് ചോദിച്ചു

” കുറേ നേരമായോ വന്നിട്ട് ”

” ഇല്ല.. ഇപ്പോൾ വന്നതേയുള്ളൂ.. മോളുടെ കഴിയട്ടെ എന്ന് കരുതി നിന്നതാണ്”

സ്റ്റെപ്പിറങ്ങുമ്പോൾ അമ്മയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു

“പതുക്കെ… സൂക്ഷിച്ച് ഇറങ്ങൂ… ലിഫ്റ്റ് കേടായതോണ്ട് സ്റ്റെപ്പിറങ്ങാനേ പറ്റൂ.. ഗവണ്മെന്റ് കാര്യമല്ലേ കംപ്ലയിന്റ് ചെയ്തിട്ട് ഒരാഴ്ചയായി ഇതുവരെ ഒരു റെസ്പോൺസുമില്ല… ”

” നിങ്ങളുടെ പ്രായത്തിലുള്ള ഒരമ്മ എനിക്കും വീട്ടിലുണ്ട്… ഇപ്പോൾ എന്നെ കാത്തിരിക്കുകയാവും ചായകുടിക്കാനായി.. ”

അമ്മയെ കാന്റീനിലേക്കാക്കുമ്പോൾ അമ്മ പറഞ്ഞു

” ഒരു ചായ കുടിച്ചിട്ട് പോകൂ മോളെ”

” ചായകുടിക്കണമെന്നുണ്ട് പക്ഷേ പല്ല് തേച്ചിട്ടില്ല… നാട്ടിലേക്കുള്ള ബസിന്റെ സമയമായി… ചായ നമുക്ക് പിന്നൊരു ദിവസം കുടിക്കാം.. പോട്ടെ ട്ടോ.. ”

ബസ് വരുന്നതിന് മുമ്പേ കുറച്ച് പച്ചക്കറി വാങ്ങി ബസ്സ്റ്റോപ്പിലെത്തി

ബസ് വന്നപ്പോൾ കണ്ടക്ടർ തലപുറത്തേക്കിട്ട് കൊണ്ട് ചോദിച്ചു

” വീണ്ടും നൈറ്റായോ സിസ്റ്ററേ.. ”

” ആ.. ഇന്നലെ മുതൽ… ഇനി ഒരാഴ്ച ഉണ്ടാകും ഞാന്‍… ”

” ആയിക്കോട്ടെ… ഒരു ടിക്കറ്റ് അധികം കിട്ടുമല്ലോ..”

വീട്ടിലെത്തി കുളി കഴിഞ്ഞ് ചായ കുടിച്ചു… രാവിലെ മരിച്ച വൃദ്ധന്റെ ശരീരം മുനിസിപ്പാലിറ്റിക്കാർ വന്ന് കൊണ്ടുപോയിട്ടുണ്ടാകുമോ എന്നുറപ്പിക്കാനായി മരിയ സിസ്റ്ററേ വിളിച്ചു

സിസ്റ്റർ പറഞ്ഞു

” ബോഡി പത്തുമണിക്ക് ശേഷമേ കൊണ്ടു പോകൂ… രോഗികളോട് ഇത്ര ഇന്റിമസി പാടില്ല ട്ടോ.. അത് അവസാനം നിനക്ക് തന്നെ പാരയാകും… ചിലർ മനസിൽ കയറിയാൽ ഇറങ്ങിപോകാൻ പാടാണ്…”

വൈകുന്നേരം കുളി കഴിഞ്ഞ് ഡ്രസ് മാറുമ്പോൾ ഇന്ന് സാരിയാക്കിയാലോ എന്ന് തോന്നി

കുറേ നാളായി സാരി ചുറ്റിയിട്ട്.. കഴിഞ്ഞമാസം ജാനകിയേടത്തിയുടെ മകളുടെ കല്ല്യാണത്തിന് പോകാനെടുത്ത ഡാർക്ക് ബ്ലൂ സാരിയും ജാക്കറ്റുമെടുത്ത് ചുറ്റി പുറത്തേക്കിറങ്ങിയപ്പോൾ അമ്മ ചോദിച്ചു

“ഇന്നെന്താ പൂതം കെട്ട് ഇങ്ങനെയാക്കിയത് അല്ലെങ്കിൽ കാല് വേറെയാക്കിയ ഡ്രസല്ലേ ഇടാറ്”

“ഒന്നുമല്ല.. ഏതായാലും അലമാരയിലിത് വെറുതെ ഇരിക്കല്ലേ അഥവാ തടിയെങ്ങാനും കൂടിയാ പിന്നെ ജാക്കറ്റ് വെറുതെയാവില്ലേ അതോണ്ട് ചുറ്റാമെന്ന് വെച്ചു”

“ഞാനെപ്പോഴും പറയണതല്ലേ സാരി ചുറ്റാൻ.. ഒരു പെണ്ണെന്താണെന്ന് തിരിച്ചറിയണമെങ്കിൽ സാരിചുറ്റണം.. ”
” അപ്പോൾ ചുരിദാറിട്ടാൽ പെണ്ണല്ലാതാകുമോ… ”

” അങ്ങനെയല്ല… അത് നിനക്ക് സൗകര്യപ്രദമായിരിക്കാം പക്ഷേ സാരിയാണ് പെണ്ണിന് ഭംഗി… ഇപ്പോൾ തന്നെ നിന്നെ കാണാനൊരു ഐശ്വര്യമുണ്ട്… ”

” പൊക്കല്ലേ അമ്മ എന്നെ ഉത്തരത്തിൽ എന്റെ തലമുട്ടും ”

കണ്ണാടിക്കുമുന്നിൽ ചെന്ന് നിന്ന് പൗഡറിട്ട് സാരിക്കിണങ്ങുന്ന തരത്തിലുള്ള പൊട്ട് തൊട്ട് മുടി ചീകി ക്ലിപ്പിട്ട് കണ്ണാടിയിൽ നോക്കി വെറുതെയൊന്ന് ചിരിച്ചു…

ഉയർന്നു നിൽക്കുന്ന മാറിടത്തിലൂടെ പതിഞ്ഞു കിടക്കുന്ന സാരിഞൊറിവുകൾ ശരിക്കാക്കി വയർ കാണുന്ന ഭാഗത്ത് സേഫ്റ്റി പിൻകുത്തി.. ജാക്കറ്റിനുള്ളിലൂടെ കയ്യിട്ട് ബ്രായുടെ വള്ളികൾ ശരിയാക്കി… ചുരിദാറാണെങ്കിൽ ഇത്തരമൊരു പരിപാടിയുടെയും ആവശ്യമില്ലല്ലോ എന്നോർത്തു

അമ്മ പുറത്തു നിന്നും പറയുന്നത് കേട്ടു

“കഴിഞ്ഞില്ലേ നിന്റെ ഒരുക്കം.. ബസിപ്പോൾ വരും ട്ടോ..”

“ദാ…ഇറങ്ങായി അമ്മാ..”

ബസ്സ്റ്റോപ്പിലെത്തിയപ്പോൾ വായ്നോട്ടക്കാരുടെ കണ്ണുകൾ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുന്നതായി തോന്നി ചുരിദാർ തന്നെ ഇട്ടാൽ മതിയായിരുന്നെന്ന് തോന്നി

ആശുപത്രിയിലെത്തി മൂന്നാം നിലയിലേക്ക് കയറുമ്പോൾ ഏതോ ആക്സിഡന്റ് കേസിന്റെ ഒപ്പം വന്ന ഓട്ടോ ഡ്രൈവർമാർ സ്റ്റെയർകേസിലിരിക്കുന്നുണ്ടായിരുന്നു

അവർ എന്നെ നോക്കി കൊണ്ട് പറഞ്ഞു

“ഉം… പുതിയ വണ്ടിയാണെന്ന് തോന്നുന്നു.. രജിസ്ട്രേഷൻ കഴിഞ്ഞിട്ടില്ല ഒന്ന് മുട്ടണോ ടാ…”

സ്റ്റെപ്പ് കയറി മുകളിലേക്ക് പോരുമ്പോൾ ആരോ മറ്റൊരു കമന്റ് പറഞ്ഞു

“എന്തായാലും നാഴി അരിയിട്ടാൽ ആട്ടി കിട്ടും…”

പറഞ്ഞതിന്റെ പൊരുളെന്താണെന്ന് മനസിലാക്കി അത് പറഞ്ഞവനെയൊന്ന് നോക്കിയപ്പോൾ അവൻ തലതാഴ്ത്തിയിരുന്നു…

മുകളിലേക്ക് കയറി കൗണ്ടറിലേക്ക് കയറുമ്പോൾ എല്ലാവരും പറഞ്ഞു

“ജയന്തി ഇന്ന് സൂന്ദരിയായിരിക്കുന്നല്ലോ… ഇന്നെന്താ പ്രത്യേകത… ”

” ഒന്നുമില്ല… ഒരു ചെയ്ഞ്ച് ആരാണ് ഇഷ്ടപെടാത്തത് അത്രതന്നെ..”

അതു പറഞ്ഞെങ്കിലും വേഗം സാരിക്കുമുകളിലൂടെ കോട്ടെടുത്തിട്ടു.. പലരുടെയും നോട്ടത്തിൽ നിന്നും രക്ഷപ്പെടാനായി.. ഒരു പെണ്ണിനെ സാരിയിൽ കാണുമ്പോഴും നഗ്നയായി കാണുമ്പോഴും പലർക്കും ഒരേ നോട്ടമാണെന്ന് തോന്നി

പതിവുതെറ്റാതെ ആവർത്തനമായി മാറിയ ജോലിയിലേക്ക് തിരിഞ്ഞപ്പോൾ ജനറൽ വാർഡിലെ വൃദ്ധൻ കിടന്ന കട്ടിലിൽ പുതിയ രോഗി എത്തിയിരുന്നു… കുറച്ച് നാളത്തേക്ക് സ്വന്തമെന്നു കരുതിയ കട്ടിൽ പോലും എത്രവേഗമാണ് മറ്റൊരാൾ സ്വന്തമാക്കുന്നത്.. സ്വന്തമെന്ന് കരുതുന്നതൊക്കെ തട്ടിപറിച്ചെടുക്കാൻ മനുഷ്യനോളം കഴിവ് മറ്റാർക്കുമില്ലെന്ന് തോന്നി

തുടരും
രമേഷ് കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here