Home Latest അഭിയേട്ടന്റെ അമ്മയും അച്ഛനും ഇന്നെന്നെ കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാനാകെ തരിച്ചു നിന്നുപോയി.

അഭിയേട്ടന്റെ അമ്മയും അച്ഛനും ഇന്നെന്നെ കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാനാകെ തരിച്ചു നിന്നുപോയി.

0

അഭിയേട്ടന്റെ അമ്മയും അച്ഛനും ഇന്നെന്നെ കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാനാകെ തരിച്ചു നിന്നുപോയി. വലിയ പണക്കാരായ അവരൊക്കെ ഇരിക്കാൻ ഒരിടംപോലുമില്ലാത്ത ഈ കൊച്ചുവീട്ടിലേക്ക് വരുന്നതോർത്തപ്പോൾ ആകെയൊരു ചമ്മൽ..

ഇന്നേക്ക് നാലുവര്ഷമായിരിക്കുന്നു ഞങ്ങൾ പരസ്പ്പരം പ്രണയിക്കാൻ തുടങ്ങിയിട്ട്. കോളേജിലും ക്ലാസ്സിലും പകല്പോലെ തെളിഞ്ഞു നിൽക്കുന്ന പ്രണയം. പക്ഷെ അമ്മയും അച്ഛനും വരുന്ന കാര്യം പറഞ്ഞിട്ടും അഭിയേട്ടനെന്തോ ഒരു ഉത്സാഹക്കുറവുള്ളത് പോലെ ചിലപ്പോൾ ചിലപ്പോൾ ടെൻഷൻ കൊണ്ടാവും.

കോളേജിലെ അവസാന ദിവസ്സം എന്റെ കൈപിടിച്ച് അഭിയേട്ടൻ പറഞ്ഞിരുന്നു
“ഒരിക്കൽ നിനച്ചിരിക്കാത്ത നേരത്തു നിന്റെ വീട്ടിലേക്ക് രണ്ടതിഥികൾ വരുമെന്ന് അതിനപ്പുറം മരണം പിരിക്കുന്ന കാലത്തോളം നീയെന്റെ കൂടെ ഉണ്ടാവുമെന്ന്.”
ഉള്ളിലെ തിരത്തള്ളൽ പുറത്തുകാണിക്കാത്ത ഒരുചിരിയായിരുന്നു ഞാൻ അന്നതിന് പകരം നൽകിയത്.

കാലം സാക്ഷി. അഭിയേട്ടന്റെ വാക്കുകൾ ഇപ്പോൾ പുലർന്നിരിക്കുന്നു. ആ രണ്ടതിഥികൾ മരണം പിരിക്കുന്ന കാലം വരെ എന്നെ അഭിയേട്ടനോട് കൂട്ടിച്ചേർക്കാൻ ഇന്ന് വരുന്നു.

ചെ അഭിയേട്ടൻ ഫോൺ ചെയ്തപ്പോൾ ഇങ്ങോട്ടു വരണ്ട എന്ന്പറയാമായിരുന്നു..
ഈ കൂടിക്കാണൽ പുറത്തെവിടെയെങ്കിലും വെച്ചാക്കാമായിരുന്നു.
അല്ലേൽ വേണ്ട. എന്നയാലും ഈ ഇല്ലാഴ്മയൊക്കെ അവർ അറിയേണ്ടതല്ലേ.
മകൻ ഇഷ്ടപ്പെട്ടത് ദാരിദ്ര്യം നിറഞ്ഞുനിൽക്കുന്ന വീട്ടിലെ പെണ്ണിനെയാണെന്നറിയുമ്പോൾ അവരൊക്കെ എതിർക്കുമെന്നായിരുന്നു ഞാനാദ്യം ധരിച്ചത്. പക്ഷെ ഭയന്നപോലൊന്നും സംഭവിച്ചില്ല. ദൈവത്തിനു നന്ദി. ഇപ്പൊ ആഗ്രഹിച്ച ജീവിതം എനിക്ക് സ്വന്തമാക്കുന്നു. മനസ്സ് ആഹ്ലാദഭരിതമായി

അവരൊക്കെ വരുന്ന കാര്യം പറഞ്ഞപ്പോൾ ‘അമ്മ ആദ്യം വിശ്വസിച്ചില്ല. പിന്നെ പണികളെല്ലാം ചെയ്തു തീർക്കാനുള്ള എന്റെ ഉത്സാഹം കണ്ടപ്പോൾ ബോധ്യമായി.
ദൈവമേ നേരം പോകുന്നല്ലോ. എനിക്കാണെങ്കിൽ ഉടുത്തുമാറാൻ നല്ലൊരു ഡ്രസ്സ് പോലുമില്ല. ആകെയുള്ളത് കഴിഞ്ഞ ഓണത്തിന് അമ്മാവൻ സമ്മാനമായി തന്ന നീല സാരിയാണ്. അതുമിപ്പോൾ നരച്ചുതുടങ്ങിയിരിക്കുന്നു.

കാത്തിരിപ്പിനൊടുവിൽ അവരെത്തി. ‘അമ്മ അവരെ സ്വീകരിച്ചിരുത്തി.
എല്ലാരിലും അല്പനേരത്തെ മൂകത. എന്ത് പറയണമെന്ന് അറിയുന്നില്ല നാണമോ പേടിയോ എന്നെ പിടികൂടിയിരിക്കുന്നു.
അഭിയേട്ടന്റെ അച്ഛനാണ് പറഞ്ഞുതുടങ്ങിയത്.

നോക്ക് ചേച്ചി. പറയുന്നത് കൊണ്ട് നിങ്ങൾക്ക് വിഷമം തോന്നരുത്.
വലിയ തറവാടാണ് ഞങ്ങളുടേത്. പാരമ്പര്യം കൊണ്ടും സമ്പത്കൊണ്ടും. ആ തറവാട്ടിലെ എന്റെ ഏക മകനാണ് അഭി. ഞാൻ സമ്പാദിച്ച സർവ സ്വത്തുക്കളുടെയെല്ലാം ഏക അവകാശി. അങ്ങനെയുള്ള അവൻ ഈ താഴെ തട്ടിലുള്ള കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചാൽ.. അറിയാലോ, അത് ഞങ്ങളുടെ അന്തസിനെയും കുടുംബ മഹിമയെയുമൊക്കെ ബാധിക്കും. മാത്രമല്ല ഈ കാര്യങ്ങളെല്ലാം അഭിയോട് പറഞ്ഞുമനസ്സിലാക്കിയപ്പോൾ ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ അവനും സമ്മതിച്ചിട്ടുണ്ട്, കോളേജിൽ പഠിക്കുന്ന കുട്ടികൾ പ്രണയിക്കുന്നതൊക്കെ സാധാരണയാണ് പലതും അവിടെ തന്നെ അസ്തമിക്കുകയും ചെയ്യും. അങ്ങനെ ഒരു പ്രണയമായേ ഞങ്ങളിതിനെ കാണുന്നുള്ളൂ, മോളും അങ്ങനെ തന്നെ കാണണം. ഇനി അവനെ കാണാനും ബന്ധപ്പെടാനും ശ്രമിക്കരുത്.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു മരവിപ്പായിരുന്നു. കണ്ണിലേക്ക് ഇരുട്ട് കയറും പോലെ. പാതിബോധത്തിൽ ഞാൻ അമ്മയുടെ മേലേക്ക് വീഴുന്നതെ ഓര്മയൊള്ളു. കണ്ണ് തുറന്നപ്പോൾ ആശുപത്രിയിലെ കട്ടിലിൽ ഞാൻ മലർന്നു കിടക്കുന്നു, അടുത്ത് അമ്മയിരിക്കുന്നു. അമ്മാവനുമുണ്ട് കൂടെ. പതിയെ സ്വബോധത്തിലേക്ക് ഞാൻ തിരികെ വന്നു.
ഇല്ല ഞങ്ങളെ പിരിക്കാൻ വേണ്ടി അവർ കളവ് പറയുന്നതാ. എന്നെ മറന്ന് പുതിയൊരു ജീവിതത്തിന് അഭിയേട്ടൻ സാധിക്കില്ല. ഒത്തിരി സ്വപ്നം കണ്ടതാ ഞങ്ങൾ ഒരുമിച്ചൊരു ജീവിതം, കുടുംബം , കുട്ടികൾ, അമ്മെ പറ അവരോട് എനിക്ക് അഭിയേട്ടനെ മറക്കാൻ കഴിയില്ലെന്ന് പറ. അഭിയേട്ടൻ എന്റെയ. ആർക്കും ഞാൻ വിട്ടുകൊടുക്കില്ല. പറ അമ്മെ.. ഞാൻ അമ്മയെ പിടിച്ചു കുളിക്കിക്കൊണ്ടിരുന്നു.

സാരിത്തലപ്പ് കടിച്ചുകൊണ്ട് അമ്മകരയുന്നതൊന്നും ഞാൻ അറിയുന്നില്ല. മനസ്സുനിറയെ ഒരിക്കൽ അഭിയേട്ടൻ തന്ന സ്നേഹമായിരുന്നു ആ ഓര്മകളായിരുന്നു.
പെട്ടന്ന് എല്ലാവരെയും അമ്പരപ്പെടുത്തി ഞാൻ ചിരിക്കാൻ തുടങ്ങി പതിയെ അത് അട്ടഹാസമായി. ബെഡിൽനിന്നും ഇറങ്ങിയോടാൻ തുടങ്ങിയ എന്നെ ആരൊക്കെയോചേർന്ന് ബലമായ് പിടിച്ചുവച്ചു. ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് എന്നെ വലിച്ചു കൊണ്ടുപോകുമ്പോഴും എന്റെ ചുണ്ടുകൾ അഭിയേട്ടൻ എന്റെയ എന്ന് മന്ത്രിച്ചിരുന്നു.

ഇതൊന്നുമറിയാതെ ഭാവിവധുവിനെ സ്വപ്നം കണ്ടുറങ്ങുവായിരുന്നു അഭിയേട്ടനപ്പോൾ..
ശുഭം.

സ്വന്തമാവില്ല എന്നുറപ്പുള്ളവർ ആത്മാർത്ഥമായി പ്രണയിക്കരുത്, അത് ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം..

രചന ; ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here