Home Latest “തേച്ചപെണ്ണു നല്ല തേപ്പുപെട്ടി ആയപ്പോൾ ആദ്യം പെങ്ങളുടെ കല്യാണത്തിനു തീരുമാനം ആയത്…

“തേച്ചപെണ്ണു നല്ല തേപ്പുപെട്ടി ആയപ്പോൾ ആദ്യം പെങ്ങളുടെ കല്യാണത്തിനു തീരുമാനം ആയത്…

0

“തേച്ചപെണ്ണു നല്ല തേപ്പുപെട്ടി ആയപ്പോൾ ആദ്യം പെങ്ങളുടെ കല്യാണത്തിനു തീരുമാനം ആയത്…
തേച്ച പെണ്ണിനെയോർത്ത് കാലം കഴിക്കാനുളളതല്ല ജീവിതമെന്ന് ഞാൻ മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു….
പെങ്ങളുകെട്ടി രണ്ടുപിള്ളേരുമായി…മൂത്തതിനു അഞ്ചു വയസ്സും ഇളയതിനു രണ്ടു വയസ്സും….
സ്നേഹിച്ചവൾ തേച്ചപ്പോളെടുത്ത തീരുമാനമാണ് ഇനി തേക്കാത്തൊരു പെണ്ണിനെ കെട്ടൂവെന്ന്…
കാലം ആർക്കായും കാത്തു നിൽക്കില്ല..പക്ഷേ ഞാൻ മാത്രം അതറിയാതെ പോയി..അമ്മയിപ്പോഴും ചുറു ചുറുക്കായി ഓടി നടക്കുന്നതിനാൽ പട്ടിണിയില്ലാതെ കഴിഞ്ഞു കൂടി…
” നാളെ ഞാനൊന്നു വീണാൽ നിന്റെ കാര്യം കട്ടപ്പുക….”
അമ്മ പാതി കാര്യമായും തമാശയായും പറഞ്ഞു…അതുകേട്ട് നെഞ്ചിടിച്ചത് എന്റെയാണു….
പിന്നെ ചറപറാ പെണ്ണുകാണാൽ.കാപ്പി കുടി കുശാലായി നടന്നതു മിച്ചം.പെണ്ണിനെ കാണുമ്പോൾ എനിക്ക് തേച്ചവളെ ഓർമ്മവരും..അതുകാരണം പെണ്ണിനു എന്നെ പിടിച്ചാലും അവസാനം ഞാൻ പിന്മാറും…

അമ്മ നേർച്ച നേരാത്ത അമ്പലങ്ങൾ ഇല്ല…വിളിക്കാത്ത ദൈവങ്ങളുമില്ല..കാണിക്കയിട്ട പൈസ്ത്തുട്ട് പോയതു മിച്ചം.ദൈവങ്ങളൊട്ടു വിളി കേട്ടതുമില്ല…
ഒടുവിൽ നിരാശനായി മദ്യത്തിൽ അഭയം തേടി.ചെയ്യുന്നത് അപ്പോൾ തെറ്റെന്ന് തോന്നിയില്ല…
സിഗരറ്റും മദ്യവും ആരോഗ്യത്തിനു ഹാനികരമെന്ന് ഡോക്ടർമാർ വിളിച്ചു കൂവുമ്പഴും ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്നതും ഇവരാണെന്നാണു സത്യവും…
സംഭവം അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല…ടെൻഷൻ വന്നാൽ ആണുങ്ങൾ മിക്കവരും ഇത് ഉപയോഗിച്ച് പോകും….
ഒരു ദിവസം അടിച്ചു പൂക്കുറ്റിയായി നാലുകാലിൽ ഇഴഞ്ഞില്ലെങ്കിലും ഏകദേശം അതൊക്കെ തന്നെ…ഒരുവിധം വീട്ടിൽ കയറി കിടന്നത് ഓർമ്മയുണ്ട്….
പിറ്റേന്ന് അമ്മയുടെ വായിലെ സരസ്വതി മുഴുവനും കേട്ടതോടെ മദ്യപാനത്തിനു ഒരു തീരുമാനം ആയി…
കാര്യം എന്റെ അമ്മയൊക്കെ തന്നെ ദേഷ്യം വന്നാൽ കണ്ണും മൂക്കുമൊന്നും കാണില്ല…
മകനെ പെണ്ണുകെട്ടിക്കാൻ അമ്മതന്നെ മുന്നിട്ടിറങ്ങി..ദൂരെയൊരിടം വരെ പോകാനുണ്ടെന്നും പറഞ്ഞു അമ്മ എന്നെയും കൂട്ടി രാവിലെ തന്നെ സ്ഥലം വിട്ടു….
ചെന്നുകയറിയ വീട് കണ്ടതും ഞാൻ അറിയാതെയൊന്നു ഞെട്ടി…
“ദൈവമേ ചതിച്ചോ…..”
പെണ്ണുകാണൽ തന്നെ..ഇനിയൊരു രക്ഷയുമില്ല…അമ്മയെല്ലാം മുൻ കൂട്ടി തീരുമാനിച്ചു ഉറപ്പിച്ച പോലത്തെ ഭാവം….
ദൂരെ ആണെന്ന് പറഞ്ഞിട്ടു വന്നിരിക്കുന്നത് അധികം ദൂരമില്ലാതാനും…പെങ്ങളുടെ വീട്ടീന്ന് അവളെയും കുട്ടികളെയും കൂട്ടിയാണ് ഞങ്ങൾ വന്നത്…..

“ചേട്ടോ പെട്ടു ട്ടാ…അമ്മ രഹസ്യ ചരടുവലി നടത്തുകയായിരുന്നു..ഞാനും സപ്പോർട്ട് ചെയ്തു… കല്യാണം നടന്നാൽ ഒരു പവന്റെ വള വാങ്ങിത്തരാമെന്നാണു ഓഫർ.ഞാനും അങ്ങ് സപ്പോർട്ട് ചെയ്തു. എന്റെ ആങ്ങള ക്രോണിക് ബാച്ചിലറായി നടക്കുന്നതും എനിക്ക് നാണക്കേടാ.മറ്റൊന്നും വിചാരിക്കരുത് ….”
ആകെയുള്ള കൂടപ്പിറപ്പ് കൂടെ നിന്ന് തന്നത് എട്ടിന്റെ പണി…..
“പിന്നെ ഒരു സർപ്രൈസ് ഉണ്ട് ട്ടാ….”
ചായയുമായി വന്ന പെണ്ണിനെ കണ്ടു ഞാൻ അറിയാതെ ചാടിയെഴുന്നേറ്റു….
“എന്നെ തേച്ചവൾ…..”
“എടീ ഭയങ്കരീ തേച്ചിട്ടു പോയ നീ വീണ്ടും…”
ഞാൻ കോപം കൊണ്ട് അലറിയതും അവൾ ഭയന്ന് പിന്നോക്കം ചാടി…ചാട്ടത്തിൽ അവളുടെ കയ്യിൽ നിന്നും ചൂടുചായ എന്റെ നെഞ്ചിലേക്ക്….
ശരീരവും മനസ്സും ചൂടായ ഞാൻ പിന്നെയും ഹീറ്റായി കൊണ്ടിരുന്നു…
ഒടുവിൽ പെണ്ണിന്റെ അമ്മയാണു കാര്യങ്ങൾ തുറന്നു പറഞ്ഞത്….


“മോനെ എനിക്കു മക്കൾ രണ്ടു ഉണ്ട്.. ഇരട്ട പെൺകുട്ടികൾ…മൂത്തവൾക്കു ബ്ലഡ് കാൻസർ ആയിരുന്നു. എന്റെ കുഞ്ഞു മനസ്സു വളരെ നൊന്താണു മോനുമായുളള ബന്ധത്തിൽ നിന്നും പിന്മാറിയത്.അധികം ആയുസ്സ് അവൾക്കില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു….എന്റെ കുഞ്ഞ് കരയാത്ത ദിവസങ്ങൾ ഇല്ല..എന്റെ കുഞ്ഞു മരിക്കുമ്പോളും മോനെയോർത്താണു കൂടുതൽ വിഷമിച്ചതും….”
ആ അമ്മയൊന്നു നിർത്തി..ഗദ്ഗദം കൊണ്ട്..
വല്ലാത്ത ഷോക്കിലായിരുന്നു ഞാൻ… എന്റെ അമ്മക്കു പെങ്ങൾക്കും കൂസലില്ല…ഒരുപക്ഷേ അവർ ഇതിനു മുമ്പെ അറിഞ്ഞിരുന്നുവോ…
“ഇവൾക്കു കെട്ടിയാൽ ഭർത്താവ് വാഴില്ലെന്ന് കണിയാൻ പറഞ്ഞിരുന്നു.ദല്ലാൾ ആലോചനയുമായി വന്നപ്പോഴും ഞങ്ങൾ കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു….മോന്റെ അമ്മ ഇവിടെ വന്നപ്പോൾ ആണ് ബാക്കി സത്യങ്ങൾ അറിഞ്ഞത്…മോന്റെ കൂട്ടുകാരന്റെ അടുക്കൽ കാര്യങ്ങൾ തിരക്കി അറിഞ്ഞാണു ബ്രോക്കറും അമ്മയും എത്തിയത്.നിങ്ങൾക്ക് രണ്ടു പേർക്കും ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിൽ ഞാൻ സമ്മതം പറഞ്ഞു……”
ആദ്യത്തെ ഷോക്ക് വിട്ടുമാറിയതും ഉളളിൽ കുറ്റബോധം തളംകെട്ടി..ഈ നിമിഷം വരെ അവൾ തന്നെ തേച്ചവൾ എന്നായിരുന്നു ധാരണ… ഈശ്വരാ തന്റെ നന്മ ആഗ്രഹിച്ച പെൺകുട്ടിയെ താൻ ഏതെല്ലാം രീതിയിൽ പരിഹസിച്ചിരിക്കുന്നു….
“ദൈവമേ.‌ക്ഷമിക്കണേ…‌” ഞാൻ മനസ്സിൽ പറഞ്ഞു
കോളേജിൽ പഠിക്കുന്ന ടൈമിലും പ്രണയകാലത്തും ഇരട്ടകളാണെന്ന് അവൾ സൂചിപ്പിച്ചിരുന്നില്ല….

“ഏട്ടാ…അവൾക്കൊരുപാട് ജീവനായിരുന്നു ഈ ഏട്ടനെ..ഞാനും ആഗ്രഹിച്ചിരുന്നു നന്മയുളള ഏട്ടനെ എന്നെങ്കിലും കാണണമെന്ന്.പക്ഷേ ഇങ്ങനെയൊരു കൂടിക്കാഴ്ച ഞാൻ സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല….”
ഇരട്ടകളിൽ ശേഷിച്ചവൾ പറഞ്ഞു…
ഞാൻ സ്നേഹിച്ചവളുടെ കുഴിമാടം കാണാനും ഞാൻ നിന്നില്ല….ഓർമ്മകൾ സങ്കടങ്ങളാണു….
ഇരുവീട്ടുകാർക്കും പ്രത്യേകം ഡിമാന്റ് ഉണ്ടായിരുന്നില്ല..അതുകൊണ്ട് കല്യാണക്കാര്യത്തിൽ ഒരുതീരുമാനം ആയി…
പുത്രന്റെ കെട്ടു കണ്ടതും അമ്മക്കു സമാധാനമായി…..
കെട്ട് കഴിഞ്ഞു അഞ്ചു വർഷം പിന്നിട്ടു…രണ്ടു ഇരട്ടക്കുട്ടികൾ ഞങ്ങളുടെ മക്കളായി…ഒരാണും ഒരു പെണ്ണും….
.ഒടുവിൽ ഞങ്ങളോട് ദൈവം കനിഞ്ഞു….
ഈശ്വരൻ സഹായിച്ചു ഈ അഞ്ചുവർഷം ഒരു മരണവും നടന്നില്ല….

തെറ്റിയത് കണിയാനാണു…ഞങ്ങളുടെ ജീവിതം ഉദാഹരണം…
NB: വിശ്വാസം നല്ലതാണ്… പക്ഷേ അധികമാകരുത് എന്നുമാത്രം….

രചന: സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here