Home Abhijith Unnikrishnan ഞാൻ ആവേശത്തിൽ എന്തൊക്കെയോ ചെയ്തുപോയി, തെറ്റുണ്ടോ ചോദിക്കാൻ കഴിഞ്ഞില്ല… Part – 17

ഞാൻ ആവേശത്തിൽ എന്തൊക്കെയോ ചെയ്തുപോയി, തെറ്റുണ്ടോ ചോദിക്കാൻ കഴിഞ്ഞില്ല… Part – 17

1

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

നീയും ഞാനും Part – 17

രചന : Abhijith Unnikrishnan

സിദ്ധു ഗേറ്റ് അടച്ചിട്ട് ആരോടും സംസാരിക്കാൻ നിൽക്കാതെ മുറിയിലേക്ക് നടന്നു, ശില്പ അച്ഛനെയൊന്ന് നോക്കി, അച്ഛൻ അവളുടെ കയ്യിൽ പിടിച്ചിട്ട്..
മോള് വിഷമിക്കണ്ട, അവന്റെ കൂടെ പോയി നിൽക്ക്, ഒരുപാട് തല്ല് കിട്ടിയിട്ടുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം, മരുന്ന് വല്ലതും ഇരിക്കുന്നുണ്ടേൽ അവന് കൊടുത്തേക്ക്..

ശില്പ മുറിയിലേക്ക് നടക്കാനൊരുങ്ങിയപ്പോൾ അച്ഛൻ പുറകിൽ നിന്ന് വിളിച്ചു…
മോളെ ഒരു നിമിഷം..
ശില്പ നിന്നിട്ട് അച്ഛന് നേരെ തിരിഞ്ഞു..
അച്ഛൻ അരികിലേക്ക് വന്നു.
അവനോട് പറഞ്ഞേക്ക് ചെയ്തതോർത്ത് വിഷമിക്കേണ്ടെന്ന്, നല്ലതാണ് ഇപ്പോൾ സംഭവിച്ചത്, അച്ഛന് ദേഷ്യമൊന്നുമില്ലെന്ന് അവനോട് പറയു..

ശില്പ തലയാട്ടിയിട്ട് മുറിയിലേക്ക് കയറി, സിദ്ധു കട്ടിലിൽ കിടക്കുകയായിരുന്നു, ശില്പയെ കണ്ടപ്പോൾ എഴുന്നേറ്റു, അവൾ അടുത്തേക്ക് വന്നിട്ട്..
വയ്യെങ്കിൽ കിടന്നോ..

അപ്പോൾ എനിക്ക് വിശക്കുന്നതിനോ..

ശില്പ അറിയാതെ ചിരിച്ചു..
ഞാൻ കഴിക്കാനെടുക്കാം..

അതു കുഴപ്പമില്ല ഞാൻ അങ്ങോട്ട് വരാം..
സിദ്ധു അടുക്കളയിലേക്ക് നടന്നു.
എല്ലാവരും കഴിച്ചോ..?

ഉം ഞങ്ങളൊക്കെ കുറച്ച് മുമ്പേ കഴിച്ചതേയുള്ളൂ, നീ വരാൻ വൈകിയാലോ വിചാരിച്ചു.

സിദ്ധു ശില്പ കൊണ്ടു വന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി, ഓരോ തവണ ചവക്കുമ്പോഴും വേദനകൊണ്ട് കണ്ണടക്കുന്നത് കണ്ട് ശില്പ അവന്റെ തോളിൽ തൊട്ടു.
ഒരുപാട് വേദനിക്കുന്നുണ്ടോ..

സിദ്ധുവൊന്ന് അവളെ തലയുയർത്തി നോക്കി..
ഏയ്‌ അത്രക്കൊന്നുമില്ല, ചെറുതായിട്ട് മുറിഞ്ഞിട്ടുണ്ട് അതിന്റെയാ..
സിദ്ധു കുറച്ച് കഴിച്ചിട്ട് മതിയാക്കി എഴുന്നേറ്റു, ശില്പ അവന് വേണ്ടി കിടക്ക തയ്യാറാക്കി, അരികിലായി കിടന്നിട്ട് സിദ്ധുവിന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു..
എന്താ നീ ആലോചിക്കുന്നേ സിദ്ധു..?

സിദ്ധു ശില്പയെ ചേർത്തിട്ട്..
ഞാൻ ആവേശത്തിൽ എന്തൊക്കെയോ ചെയ്തുപോയി, തെറ്റുണ്ടോ ചോദിക്കാൻ കഴിഞ്ഞില്ല, ഒറ്റയ്ക്ക് തീരുമാനം എടുത്തു ഇപ്പോൾ അത്‌ ശരിയാണോന്ന് എങ്ങനെ അറിയും..

ശില്പ സിദ്ധുവിനെ തലചെരിച്ചു നോക്കി..
എനിക്ക് വേണ്ടിയല്ലേ..

സിദ്ധു അവളെ തന്നെ നോക്കികൊണ്ടിരുന്നു..
ഞാൻ കൂടെയുള്ളപ്പോൾ നിനക്കൊന്നും സംഭവിക്കില്ല, അതൊരു ഉറപ്പല്ലേ നിനക്കിപ്പോൾ..

ശില്പ ചിരിച്ചു..
ആണല്ലോ..

ഞാൻ ഒരുപാട് നേരം ചിന്തിച്ചിട്ടും കിട്ടാത്തൊരു ഉത്തരം നീയെനിക്ക് പറഞ്ഞു തരുമോ..

ശില്പ സിദ്ധുവിന്റെ അരികിലേക്ക് ഒന്നുകൂടി നീങ്ങി കിടന്നു..
ഞാൻ തന്നെ ചോദ്യവും പറയട്ടെ..

പറഞ്ഞോ..

നീ അയാളെ പിടിച്ചു പുറത്താക്കി ഇനി ചേച്ചിയുടെ ജീവിതം എന്താവുമെന്നല്ലേ..
സിദ്ധുവിനൊരു കാര്യമറിയോ സത്യത്തിൽ അങ്ങേരെകൊണ്ട് ചേച്ചിക്ക് ഒരു ഉപകാരവുമില്ല, ചേച്ചിയെയും കുട്ടികളെയും നോക്കുന്നത് അച്ഛനല്ലേ..

സിദ്ധു ശില്പയെ തലോടി..
നമ്മുക്ക് നോക്കിയാലോ.

ശില്പ പെട്ടെന്ന് സിദ്ധുവിനെ നോക്കിയിട്ട്..
എങ്ങനെ… എന്താ ഉദ്ദേശിക്കുന്നേ തെളിച്ചു പറ..

സിദ്ധു ചിരിച്ചു..
എല്ലാവർക്കും ആഗ്രഹങ്ങള് കാണില്ലേ, ഇപ്പോൾ ചേച്ചിയോട് ചോദിച്ചാൽ കുട്ടികളെ നല്ലപോലെ പഠിപ്പിക്കണം അവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സാഹചര്യങ്ങള് ഉണ്ടാക്കി കൊടുക്കണം, ആവശ്യമുള്ളതൊക്കെ വാങ്ങികൊടുക്കണം അങ്ങനെ..

ശില്പ നോട്ടം മാറ്റാതെ..
അതുകൊണ്ട്..

സിദ്ധു ഒന്ന് കൂടി ചിരിച്ചിട്ട്..
അതുകൊണ്ട് നമ്മുക്ക് ചേച്ചിയെ സ്വന്തമായി ജീവിക്കാൻ വിട്ടാലോ, ആരുടെയും ചിലവില്ലാതെ..

ശില്പ എഴുന്നേറ്റിരുന്നു..
സത്യം പറ ആദ്യായിട്ട് വീട്ടിൽ വന്നപ്പോഴേ ഈ പ്ലാൻ മനസ്സിലുണ്ടായിരുന്നില്ലേ..

ഏയ്‌ അമ്മ സത്യം ഇത് ഇപ്പോൾ കിട്ടിയതാ..

ശരി അതുവിട്, ചേച്ചിയോട് ചോദിച്ചു നോക്കാം ഞാൻ ഇതിനെക്കുറിച്ചു എന്താണ് അഭിപ്രായമെന്ന്..
ശില്പയോന്ന് സിദ്ധുവിനെ നോക്കിയിട്ട്..
ഒരുപക്ഷേ ആ പാവത്തിനെ കൊണ്ട് സാധിച്ചില്ലെങ്കിലോ..

സിദ്ധു എഴുന്നേറ്റ് ശിൽപയുടെ തോളിൽ തട്ടി..
ഈ ഞാൻ… അതായത് നിന്റെ ഭർത്താവ് ഒരു പെങ്ങളെ കൂടി നോക്കാൻ ബാധ്യസ്ഥനാണെന്ന് മനസ്സിലാക്കി എക്സ്ട്രാ പണിയെടുക്കും..

അത്‌ അല്ലെങ്കിലും വേണ്ടി വരും..

സിദ്ധു ചിരിച്ചു..
അതെന്താ..

കയ്യിലിരിപ്പ് ശരിയല്ല, അടുത്തതെന്താണെന്ന് ആർക്കറിയാം.

സിദ്ധു അവളുടെ തോളിൽ തട്ടിയിട്ട്..
പേടിക്കണ്ട ഏട്ടൻ രണ്ട് ദിവസം റെസ്റ്റ്.

എന്തിന്..?

പിന്നെ ഇത്രേം തല്ലും കൊണ്ടിട്ട് നാളെ പണിക്കും പോവണോ, എന്ത് ദുഷ്ടത്തിയാടി നീ..

ശില്പ ചിരിച്ചു..
ജോലിക്കൊന്നും പോവണ്ട, എന്നാലും എന്തിനാ ലീവ്..

സിദ്ധു കിടന്നിട്ട് തലയിലൂടെ പുതപ്പിട്ടു..
ടീച്ചറാണ് പോലും..

ഡാ ഇത് പറഞ്ഞിട്ട് പോ… നാളെ എന്തെങ്കിലും പ്രശ്നമുണ്ടോ..

സിദ്ധു പതിയെ പുതപ്പ് താഴ്ത്തി, ശില്പയെയൊന്ന് നോക്കിയിട്ട്..
എനിക്കറിയാം നിനക്കെന്നെ വിശ്വാസമുണ്ടാവില്ലെന്ന്..

ശില്പ സിദ്ധുവിന്റെ അരികിൽ കിടന്നു..
സീരിയസ്സായിട്ട് ചോദിക്കുവാ, നാളെ എന്തേലും പ്രശ്നമുണ്ടോ.

സിദ്ധു അവളുടെ മുഖത്തിന്‌ നേരെ തിരിഞ്ഞു..
നാളെ എന്നല്ല ഇനിയങ്ങോട്ട് ഒരുപാട് പ്രശ്നങ്ങളുണ്ടാവാം, അതൊക്കെ നേരിടാനുള്ള മനക്കരുത്ത് കയ്യിൽ വെച്ചോ..

നീ വീണ്ടും തമാശ പറയാതെ കാര്യമായിട്ട് സംസാരിക്ക്..

സിദ്ധു അവളുടെ തോളിൽ ചാഞ്ഞു..
നമ്മളെ കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ട് നാളെ.. പക്ഷെ നീ പേടിക്കൊന്നും വേണ്ട ഇവിടെ പോലീസും നാട്ടുകാരൊക്കെയുണ്ടല്ലോ..

ശില്പ സിദ്ധുവിനെ നോക്കി..
ഇന്ന് നിന്നെ ആരെങ്കിലും രക്ഷിക്കാൻ വന്നോ..

അതുപിന്നെ..
സിദ്ധു തല താഴ്ത്തി..
നീ ടെൻഷനാവണ്ട, ഞാനില്ലേ കൂടെ..

അതാണ് ഇപ്പോഴെന്റെ പേടി.. അമ്മ പറഞ്ഞിരുന്നു കരാട്ടയാണ് ബ്ലാക്ക് ബെൽട്ടാണെന്നൊക്കെ.. ഇത്രേം തല്ലു കൊണ്ടിട്ടും എഴുന്നേറ്റ് വന്നിട്ടുണ്ടെങ്കിൽ ഉറപ്പായും അവന്മാർക്ക് നല്ലോം കിട്ടിയിട്ടുണ്ടാവും..

സിദ്ധു ആലോചിച്ചിട്ട്..
കുറച്ച്.

ശില്പ അവനെയൊന്ന് തട്ടി..
നുണ പറയുന്നോ.. കൊല്ലണമെന്ന് ഭീഷണിയൊക്കെ വരണമെങ്കിൽ നീ അങ്ങോട്ടും കൊടുത്തിട്ടുണ്ടാവും..

എനിക്കതൊന്നും ഓർമ്മയില്ല, അവര് വരാന്ന് പറഞ്ഞിട്ടുണ്ട് അത്ര തന്നെ..

എന്തോ കല്യാണത്തിന് ക്ഷണിച്ചിട്ട് വരുന്നുണ്ടെന്ന് പറയുന്നത് പോലെയാണല്ലോ..

സിദ്ധു അവളെയൊന്ന് നോക്കിയിട്ട്.
മിണ്ടാതെ കിടന്നുറങ്ങോ പ്ലീസ്..

അപ്പോൾ നിനക്കല്ലേ ഇത്രേം നേരം തല്ലു കിട്ടിയേ, വേദനിക്കുന്നൊന്നുമില്ലേ..

അത്‌ സാരമില്ല..

എനിക്ക് സാരമുണ്ട്..
ശില്പ മുറിവിലൊക്കെ മരുന്ന് വെച്ചു കൊടുത്തിട്ട് കിടന്നു, രാവിലെ സിദ്ധു പുറത്തിരിക്കുമ്പോഴാണ് വേലിയരുകിൽ ശബ്ദം കേട്ടത്, തക്കസമയത്ത് തന്നെ ശില്പ ചായയും കൊണ്ട് പുറത്തേക്ക് വന്നു, സിദ്ധു അവളെ പിടിച്ചു അരികിലേക്ക് ഇരുത്തി, അവൾ കാര്യം മനസ്സിലാവാതെ നോക്കികൊണ്ടിരുന്നു..
ഒരു ഉമ്മ വെച്ചോട്ടെ..

ശില്പ ചിരിച്ചു..
ഇപ്പോഴോ.?

വേഗം പറ..

സിദ്ധുവിന്റെ മുഖത്തെ ആവേശം കണ്ടപ്പോൾ ഒന്നുകൂടി ചിരിച്ചു..
ശരി വെച്ചോ..

സിദ്ധു അവളെ എഴുന്നേൽപ്പിച്ചു, ചേർത്ത് നിർത്തിയിട്ട് ഒരുമ്മ കൊടുത്തു, പെട്ടെന്ന് വേലിയരുകിൽ ശബ്ദം കേട്ടപ്പോൾ ശില്പ തിരിഞ്ഞു നോക്കി, കയ്യിലൊക്കെ കെട്ടുമായൊരു രൂപം കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി, സിദ്ധുവിനെ നോക്കിയിട്ട്..
ഇതിനായിരുന്നോ ഞാൻ നിനക്ക് സ്നേഹം കൂടിയിട്ടാണെന്ന് തെറ്റിദ്ധരിച്ചു..

ശില്പ ഒന്നുകൂടി ചേർന്നിട്ട് സിദ്ധുവിനെ ഉമ്മ വെച്ചിട്ട് ചിരിച്ചു.
ഇപ്പോൾ അവന് നല്ലോം ദേഷ്യം വരുന്നുണ്ടാവില്ലേ..

സിദ്ധു വേലിയരുകിലേക്ക് നോക്കി..
വേലിക്ക് ബലമുള്ളതുകൊണ്ട് രക്ഷപെട്ടു.

ആര്..?

അവൻ അല്ലാതാര്..

അങ്ങനെ പറ, ഞാൻ അടിയേ പ്രോത്സാഹിപ്പിക്കുകയല്ല, എന്നാലും ഇങ്ങോട്ട് വന്നാൽ അങ്ങോട്ട് കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല..

സിദ്ധു ശില്പയെ വിട്ടിട്ട് മാറി..
നല്ല മോട്ടിവേഷൻ പിന്നെ എങ്ങനെ ഞാൻ നന്നാവും..

ശില്പ അകത്തേക്ക് പോയപ്പോൾ സിദ്ധു വേഗത്തിൽ കുളിച്ചു റെഡിയായി പുറത്തേക്ക് വന്നു, ശില്പ അവനെ തടഞ്ഞിട്ട്..
ഈ വധഭീഷണി നിലനിൽക്കുമ്പോഴും അവിടുന്ന് എങ്ങോട്ടാണാവോ കുറ്റിയും പറിച്ചുകൊണ്ട്..

സിദ്ധു ചിരിച്ചിട്ട്..
അതുപിന്നെ എനിക്ക് പുറത്തേക്കൊന്നും പോവണ്ടേ, ഞാൻ കടയിൽ പോയി സാധങ്ങൾ വാങ്ങിയിട്ട് വരാം..

ശില്പ സിദ്ധുവിന്റെ കയ്യിൽ പിടിച്ചു നിർത്തി..
സാറിന്റെ ഉത്തരവാദിത്തം എനിക്കിഷ്ടമായി, പക്ഷേ ഒറ്റയ്ക്ക് പോവണ്ട ഞാനും കൂടി വരാം..

ഇങ്ങട് നോക്ക് എനിക്ക് പ്രായപൂർത്തിയായി ഒറ്റയ്ക്ക് പോവാനൊക്കെ അറിയാം..

ശില്പ കൈവിട്ടു.
ഞാനില്ലാതെ പോവുകയാണെങ്കിൽ പൊയ്ക്കോ..

സിദ്ധു അവളെ നോക്കി പുഞ്ചിരിച്ചു..
നീ വേഗം റെഡിയായിട്ട് വാ.

ശില്പ മുറിയിലേക്കോടി പെട്ടെന്ന് വസ്ത്രം മാറി പുറത്തേക്ക് വന്നു, സിദ്ധുവിന്റെ കൂടെ റോഡിലേക്കിറങ്ങി, നടന്നു കുറച്ച് ദൂരമെത്തിയപ്പോഴാണ് പുറകിൽ ആരോ നടന്നു വരുന്നത് പോലെ തോന്നിയത്, ശില്പ വെറുതെയൊന്ന് തിരിഞ്ഞു നോക്കി, ആരെയും കാണാനില്ല, അവളൊന്ന് നെഞ്ചിൽ കൈവെച്ചിട്ട് ദീർഘാശ്വാസമെടുത്തു, സിദ്ധു ചിരിച്ചു..
ഞാനുള്ളപ്പോൾ ആര് വരാൻ, നീ നിന്റെ പേടി വിട്ടിട്ട് കൂളായിട്ട് നടക്കോ..

എന്നാൽ കൂളാവാൻ എങ്ങോട്ടെങ്കിലും പോയാലോ..

പിന്നെന്താ..
സിദ്ധു ആദ്യം വന്ന ബസ്സിൽ അവളെയും കൂട്ടി ടൗണിലേക്ക് പുറപ്പെട്ടു, ഒരുപാട് കറങ്ങി ഷോപ്പിങ്ങോക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും നേരം കുറച്ച് ഇരുട്ടിയിരുന്നു, സ്റ്റോപ്പിൽ ബസ്സിറങ്ങി രണ്ടുപേരും നടക്കാൻ തുടങ്ങി, ശില്പ ക്ലബ്ബിലേക്കൊന്ന് നോക്കി അകത്തു നല്ല ബഹളമാണ്, കുറച്ച് ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് പുറകിൽ ആരോ നടന്നു വരുന്നതായി തോന്നിയത്, അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി, സിദ്ധു അവളെ തട്ടിയിട്ട്..
ഇത്രേം നേരം കുഴപ്പമില്ലായിരുന്നല്ലോ, വിട് വിട് ആരുമില്ല പേടിക്കണ്ട..

ശില്പയോന്ന് നിന്നു.സിദ്ധു അവളുടെ കയ്യിൽ തൊട്ടു..
എന്തുപറ്റി..?

ശില്പ ഭയത്തോടെ..
ആ വെളിച്ചം കൂടി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് മുഴുവൻ ഇരുട്ടാണ്..

സിദ്ധു ചിരിച്ചു..
അതിനെന്താ.. നമ്മുടെ കയ്യിൽ ടോർച്ചില്ലേ..

നമ്മുടെ പുറകിൽ ആളുണ്ട് സിദ്ധു..

സിദ്ധുവൊന്ന് നിന്നു, ശിൽപയുടെ കൈപിടിച്ച് മുന്നിലേക്ക് നടത്തി..
നീ വാ ഞാനില്ലേ കൂടെ..

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here