Home Latest ഞാന്‍ ഉടുത്ത് ഒരുങ്ങി നടക്കുന്നത് നിങ്ങള്‍ക്കിഷ്ടമല്ലല്ലോ.. ഞാനിവിടുത്തെ അടുക്കളക്കാരിയല്ലേ…

ഞാന്‍ ഉടുത്ത് ഒരുങ്ങി നടക്കുന്നത് നിങ്ങള്‍ക്കിഷ്ടമല്ലല്ലോ.. ഞാനിവിടുത്തെ അടുക്കളക്കാരിയല്ലേ…

0

നിങ്ങളെപ്പോ വന്നു…?
എന്താണിവിടെ ഇരിക്കുന്നത്…?
എനിക്ക് സാരി വാങ്ങിയോ…?
ഇല്ല…
നിങ്ങള്‍ വാങ്ങൂല. എനിക്കറിയാം..
ഞാന്‍ ഉടുത്ത് ഒരുങ്ങി നടക്കുന്നത് നിങ്ങള്‍ക്കിഷ്ടമല്ലല്ലോ..
ഞാനിവിടുത്തെ അടുക്കളക്കാരിയല്ലേ…
നിങ്ങളുടെ ഉമ്മയോ പെങ്ങന്മാരോ
എന്ത് പറഞ്ഞാലും പറഞ്ഞ് തീരുന്നതിന് മുമ്പ് നടത്തിക്കൊടുക്കുമല്ലോ…
ടീ… നീ പോകുന്നുണ്ടോ എന്റെ
അടുത്ത് നിന്ന്…
അല്ലെങ്കില്‍ തന്നെ തല പെരുത്ത് നില്‍ക്കുകയാണ്..
എന്തെങ്കിലും പറയാന്‍ തുടങ്ങിയാല്‍ ആട്ടിപ്പായിക്കുക എന്നത് നിങ്ങള്‍ പഠിച്ചു വെച്ചതാണല്ലോ…
എന്നാല്‍ പിന്നെ ഒന്നും ചോദിക്കില്ലല്ലോ…
റംലേ….. നീ പോകുന്നുണ്ടോ…?
എന്റെ കയ്യില്‍ നിന്നും വാങ്ങിക്കാതെ…

തല്ലിന്റെ കുറവ് കൂടിയല്ലേ ഒള്ളൂ…
അതും കൂടി ആയിക്കോട്ടെ …
എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവളാണല്ലോ പെണ്ണ്..
സ്വന്തം കൂടപ്പിറപ്പിന്റെ കല്ല്യാണത്തിന് പോകാനൊരു സാരി..
അത്രയല്ലേ ചോദിച്ചൊള്ളു…
നിങ്ങള്‍ക്ക് ഒാരോ മാസത്തിലും ഒരോ വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ ഞാനെന്തെങ്കിലും പറയാറുണ്ടോ…?
രണ്ട് വര്‍ഷമായി നിങ്ങളെനിക്കൊരു കര്‍ച്ചീഫ് പോലും വാങ്ങിത്തന്നിട്ട്..
ശരീരത്തില്‍ നിറയെ സ്വര്‍ണവുമായി ഈ വീട്ടില്‍ കയറിവന്ന ഞാന്‍ ഇപ്പോള്‍ കാതിലൊരു ഈര്‍ക്കിലിയുടെ കഷ്ണവും കഴുത്തിലൊരു ചരടും കെട്ടിയാണ് പുറത്തിറങ്ങുന്നത്..
ആളുകള്‍ കാണാതിരിക്കാന്‍ വേണ്ടി എന്റെ കാതും കഴുത്തും മഫ്ത്തക്കുള്ളില്‍ ഒളിപ്പിച്ചുവെക്കാന്‍ ഞാന്‍ പെടുന്ന പാട് നിങ്ങള്‍ക്കറിയുമോ ..?
റംല കരഞ്ഞു തുടങ്ങിയിരുന്നു ..
എല്ലാം നശിപ്പിച്ചു…
ഒാരോ പഞ്ചാരവാക്ക് പറഞ്ഞ് ഒാരോന്ന് ഊരി വാങ്ങുമ്പോഴും ഞാനോര്‍ത്തില്ല ഇതോടൊപ്പം നഷ്ടപ്പെടുന്നത് എന്നോടുള്ള ഇഷ്ടം കൂടിയാണെന്ന്…
ഇത്രയും കാലം എന്നോട് കാണിച്ചിരുന്ന സ്നേഹം ശരീരത്തിലുള്ള പൊന്നിനോടാണെന്ന്..
ടീ.. നീ എന്താണ് പറഞ്ഞു വരുന്നത്…?
ഞാന്‍ നിന്റെ പൊന്നിന് വേണ്ടി നിന്റെ പിറകെ വാലാട്ടി വന്നു എന്നോ…?

അതേ… നിങ്ങളുടെ കാര്യം നേടാന്‍ മാത്രമെ നിങ്ങളെന്നെ സ്നേഹിച്ചിട്ടൊള്ളൂ എന്ന്…
പറഞ്ഞ് തീര്‍ന്നതും സലീമിന്റെ കൈ അവളുടെ കവിളില്‍ പതിഞ്ഞതും ഒരുമിച്ചായിരുന്നു …
റംല കരഞ്ഞു കൊണ്ട് അകത്തേക്കോടി..
ഇതുവരെ കാണാത്ത ഉപ്പയുടെ പുതിയ മുഖം കണ്ട് മകള്‍ ഹസ്നയും അകത്തേക്ക് വലിഞ്ഞു…
ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിയ സലീമിന്റെ മനസ്സിലേക്ക് പെട്ടൊന്നാണ് ടൗണില്‍ തന്നെ കാത്തിരിക്കുന്ന ബഷീറിന്റെ ഭീകരമുഖം മനസ്സിലേക്ക് വന്നത്…
അവന് പണം കൊടുക്കണം..
ഇല്ലെങ്കില്‍ അവന്‍ വീട്ടിലേക്ക് വരും..
ഇന്നാണ് അവസാനത്തെ അവധി..
ഇരുപത്തി അയ്യായിരം രൂപ പലിശക്ക് വാങ്ങിയതാണ്.. ഇപ്പോള്‍ വട്ടിയും പലിശയും ചേര്‍ത്ത് അന്‍പതിനായിരം രൂപയായി…
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ വീട്ടിലേക്ക് തന്നെ തിരിച്ചുകയറി..
നേരെ ഉമ്മയുടെ അടുത്തേക്ക് ചെന്നു..
ഉമ്മാ… നിങ്ങളുടെ കഴുത്തിലുള്ള ആ മാലയൊന്ന് തരാമോ…? പണയം വെക്കാനാ… ഒരാഴ്ച കഴിഞ്ഞാല്‍ തിരിച്ചുതാരാം..
മോനേ.. സലീമേ….
നിന്നെ ഞാന്‍ ചെറുപ്പം മുതല്‍ കാണുന്നതല്ലേ… ആ നമ്പര്‍ ഉമ്മാന്റെ അടുത്ത് ചിലവാകുകയില്ല..
നീ പോ…
അടുത്ത ഊഴം തന്റേതാണെന്ന് മനസ്സിലാക്കിയ പെങ്ങള്‍ സലീം ചോദിക്കുന്നതിന് മുമ്പ് തന്നെ മുറിയിലേക്ക്കയറി വാതിലടച്ചു…

ഉമ്മാ പ്ലീസ് …
ഇന്ന് കാശ് കൊടുത്തില്ലെങ്കില്‍ എന്റെ ബുള്ളറ്റ് അവര്‍ പിടിച്ചോണ്ട് പോകും..
ഞാന്‍ ഒരുപാട് കാലത്തിന് ശേഷം ആറ്റുനോറ്റ് വാങ്ങിയ വണ്ടിയാണുമ്മാ….
അത് നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല ഉമ്മാ…
നഷ്ടപ്പെടട്ടേ….
ആ കുന്ത്രാണ്ടം കയ്യില്‍ കിട്ടിയതിന് ശേഷം നീ ജോലിക്ക് പോയിട്ടുണ്ടോ..?
കൂട്ടുകാരുടെ കൂടെ ബുള്ളറ്റില്‍ ടൂര്‍ പോകാന്‍ വരുത്തിവെച്ച കടമല്ലേ…
ആ കടം ബുള്ളറ്റ് കൊണ്ട് തന്നെ
വീട്ടിയാല്‍ മതി…
നിരാശയോടെ സലിം വീടിന്റെ കോലായില്‍ വന്നിരുന്നു …
മുറ്റത്ത് കിടക്കുന്ന വണ്ടിയിലേക്ക് നോക്കിയതും അവന്റെ കണ്ണുകള്‍ നിറഞ്ഞു..
പെട്ടൊന്നാണ് മകള്‍ ഹസ്ന ഒരു കടലാസിന്റെ പൊതി അവന്റെ അടുത്ത് വെച്ചതും അകത്തേക്കോടിപ്പോയതും..
അവനതെടുത്ത് തുറന്ന് നോക്കി..
മകളുടെ ഒരു ജോഡി പാദസരവും
റംലയുടെ കൊളുത്ത് പൊട്ടിയ ഒരു നെക്ലേസും കുറച്ച് പണവും…
അവനതെടുത്ത് അകത്തേക്ക് കയറി..
റംല ബെഡില്‍ കമിഴ്ന്ന് കിടന്ന് കരയുകയാണ് . ഹസ്ന അവളുടെ
അടുത്ത് തന്നെ ഇരിക്കുന്നു…
റംലേ എന്ന് വിളിച്ചിട്ടും കേള്‍ക്കാത്ത മട്ടില്‍ അവളൊന്ന് തിരിഞ്ഞു കിടന്നു..
അവന്‍ വണ്ടിയുമെടുത്ത് പുറത്തേക്ക് പോയി…
രാത്രിയാണ് സലിം തിരിച്ച് വന്നത്…
അപ്പോഴും റംല അതേ കിടപ്പിലാണ്..
തേങ്ങലിന്റെ ശബ്ദം മാത്രം പുറത്ത് കേള്‍ക്കാം..
സലിം അവളെ പിടിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചതും അവള്‍ അവന്റെ കൈ തട്ടിത്തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു …

ഇനി എന്താ നിങ്ങള്‍ക്ക് വേണ്ടത്..? ഊരിത്തരാന്‍ ഇനിയൊന്നുമില്ല എന്റെയും മോളുടേയും ശരീരത്തില്‍ …
ഇനിയും കടം തീര്‍ന്നില്ലെങ്കില്‍ എന്നെയും മോളേയും കൊണ്ട് പോയ് വിറ്റോളൂ…
റംല ആര്‍ത്തുകരഞ്ഞു…
മുഖം ബെഡിലേക്ക് പൂഴ്ത്തി
കരച്ചിലടക്കാന്‍ ശ്രമിച്ചു…
കാലില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് റംല തല ഉയര്‍ത്തി നോക്കിയത്…
തന്റെ കാലിലേക്ക് ഉറ്റുവീഴുന്ന സലീമിന്റെ കണ്ണുനീര്…
ചങ്ക് പിടഞ്ഞെങ്കിലും കാണാത്ത പോലെ തിരിഞ്ഞു കിടന്നു…
സലീം അവളുടെ അടുത്ത് വന്നിരുന്നു ..
റംലാ… എന്നോട് ക്ഷമിക്കെടീ…
നിനക്ക് ഒരുപാട് വേദനിച്ചോ…?
സലിം അവളുടെ തലയെടുത്ത്
മടിയിലേക്ക് വെച്ചു…
എതിര്‍ക്കാന്‍ മനസ്സ് പറഞ്ഞിട്ടും ശരീരം അനുവദിക്കുന്നില്ല…
അവള്‍ കണ്ണടച്ച് കിടന്നു..
സലീം അവളുടെ കവിളിലെ തന്റെ കൈവിരലുകളുടെ തിണര്‍ത്ത പാടില്‍ തലോടി… അതില്‍ തടവുംതോറും അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ..
റംലാ…
പാപിയാണ് ഞാന്‍…
നിനക്കിതുവരെ ഒരു സന്തോഷവും തന്നിട്ടില്ല..
ഒാരോ കാരണങ്ങള്‍ പറഞ്ഞ് നിന്റെ സ്വര്‍ണമെല്ലാം ഞാന്‍ നശിപ്പിച്ചു.
നിന്റെ ഒരു കാര്യങ്ങളും ഞാന്‍ ശ്രദ്ധിച്ചില്ല..
എല്ലാം നശിപ്പിച്ചത് കൂട്ടുകാര്‍ക്ക് വേണ്ടിയാണ്…
എന്റെ കുടുംബത്തേക്കാള്‍ ഞാന്‍
വില കല്‍പ്പിച്ചത് കൂട്ടുകാര്‍ക്കായിരുന്നു..
ജോലിക്കും പോകാതെ രാവിലെ ബുള്ളറ്റുമെടുത്ത് പുതിയ ഒാരോ സ്ഥലങ്ങള്‍ തിരഞ്ഞ് പിടിച്ച് കറങ്ങുമ്പോള്‍ വഴിച്ചിലവിന് കാശില്ലാതാകുമ്പോള്‍ മാത്രമെ നിന്നെ ഞാന്‍ ഒാര്‍ത്തിരുന്നൊള്ളൂ…
ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കിപ്പറഞ്ഞ് ഒാരോന്ന് ഊരിവാങ്ങി ഞാനെല്ലാം വിറ്റുതുലച്ചു..
ഇന്ന് എന്റെ മാനവും വണ്ടിയും നഷ്ടപ്പെടും എന്നറിഞ്ഞപ്പോള്‍ ചോദിക്കാതെ തന്നെ ബാക്കിയുള്ളതും ഊരിത്തന്ന നിന്റെ മനസ്സ് ഇത് വരെ ഞാന്‍ കാണാന്‍ ശ്രമിച്ചില്ല..
അങ്ങനെയുള്ള നിന്റെ മുഖത്ത് ഞാന്‍ കൈവെച്ചു പോയല്ലോടീ…
ഈ പാപമെല്ലാം ഞാനെവിടെ കൊണ്ട് പോയി തീര്‍ക്കും…
റംലാ…. നീ എന്തെങ്കിലും ഒന്ന് പറയെടീ… അല്ലെങ്കില്‍ എന്നെയൊന്ന് തിരിച്ചടിക്ക്…
ഈ വിങ്ങള്‍ സഹിക്കാന്‍ വയ്യ…
സലീം പൊട്ടിക്കരഞ്ഞു …
അത് വരെ അടക്കിപ്പിടിച്ചിരുന്നതെല്ലാം പൊട്ടിച്ചീറ്റി റംല ആര്‍ത്തുകരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ച് കൊണ്ട് അവന്റെ
വായ പൊത്തി…
നിമിഷങ്ങളോളും രണ്ടാളും ഒന്നും
പറയാതെ പൊട്ടിക്കരഞ്ഞു …

സലീം അവളെ പതുക്കെ പിടിച്ചുമാറ്റി.. പോക്കറ്റില്‍ നിന്നും ഒരു പൊതിയെടുത്തു..
ആശ്ചര്യത്തോടെ തന്നെ നോക്കി നില്‍ക്കുന്ന റംലയുടെ കാതുകളില്‍ നിന്നും ഈര്‍ക്കിലിയുടെ കഷ്ണം വലിച്ചൂരി അവനത് അണിയിച്ചു.
പുതിയ ഒരു ജോഡി കമ്മല്‍…
ഉപ്പയുടെയും ഉമ്മയുടെയും പല നേരങ്ങളിലും പല തരത്തിലുമുള്ള സ്നേഹ പ്രകടനങ്ങളെ തിരിച്ചറിയാതെ അന്തം വിട്ട് നില്‍ക്കുന്ന ഹസ്നയെ സലീം പിടിച്ച് മടിയിലിരുത്തി..
മാറ്റിവാങ്ങിയ സ്വര്‍ണകൊലുസ്സ് അവളുടെ കാലുകളിലും അണിയിച്ചു….
തന്നെത്തന്നെ തുറിച്ചു നോക്കുന്ന
റംലയെ ഒരു നുള്ള് കൊടുത്ത്
കൊണ്ട് സലീം പറഞ്ഞു..
ടീ….. നീ നോക്കി പേടിപ്പിക്കല്ലേ…
ഇത് ഇനി ഞാന്‍ ഊരി വാങ്ങിക്കില്ല…
എന്റെ വണ്ടി വിറ്റു… കടം വീട്ടി.. ബാക്കിയുള്ളതിന് ഇതും പിന്നെ
നിനക്കും മോള്‍ക്കും ഒാരോ ജോഡി ഡ്രസ്സുമെടുത്തു..
നാളെത്തൊട്ട് ഞാനിനി സ്ഥിരമായി
പണിക്ക് പോകാന്‍ തീരുമാനിച്ചു..
നഷ്ടപ്പെട്ടതെല്ലാം നമുക്ക് തിരിച്ചെടുക്കണം…
ഇനി എനിക്ക് കുടുംബത്തിന് വേണ്ടി ജീവിക്കണം…
ഇക്കാ നിങ്ങളുടെ സ്വപ്നമായിരുന്നില്ലേ ബുള്ളറ്റ്….?
സലീം റംലയേയും ഹസ്നയേയും നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് റംലയുടെ ചെവിയില്‍ പറഞ്ഞു..
ഇനി നീയാണെടി എന്റെ ബുള്ളറ്റ്….

രചന: അസ് മാസ്

LEAVE A REPLY

Please enter your comment!
Please enter your name here