Home Latest മച്ചാനെ, നീ അവളെ മറന്നേക്ക്.. ഇതെത്രനാളായി ഈ പിറകെ നടക്കൽ തുടങ്ങീട്ട്.. ?

മച്ചാനെ, നീ അവളെ മറന്നേക്ക്.. ഇതെത്രനാളായി ഈ പിറകെ നടക്കൽ തുടങ്ങീട്ട്.. ?

0

ആകാശേ, ഇവൾ എന്താടാ ഇങ്ങനെ.. ?

ഭൂമി ചവിട്ടിക്കുലുക്കി നടന്നകലുന്ന സായയെ നോക്കി ഞാൻ നിരാശ നിറഞ്ഞ സ്വരത്തിൽ കൂടെയുള്ള ചങ്കിനോട് ചോയ്ച്ചു..

മച്ചാനെ, നീ അവളെ മറന്നേക്ക്.. ഇതെത്രനാളായി ഈ പിറകെ നടക്കൽ തുടങ്ങീട്ട്.. ?

ഈ ജന്മത്തിൽ ആ പോയവൾക്ക് നിന്നോട് ഇഷ്ടം തോന്നാൻ പോകുന്നില്ല, നീ ആ കേസ് വിട് മുത്തേ..

ആകാശ് അത് അറുത്തുമുറിച്ചു പറഞ്ഞപ്പോൾ എന്റെ ചങ്കൊന്നു നീറി..

‘സായ’…

ഓള് സുന്ദരിയാണ്,… !

അതുകൊണ്ട് തന്നെയാണ് ഓൾടെ പിറകെ ഇഷ്ടമാണെന്നു പറഞ്ഞു കൂടിയതും..

പക്ഷെ എന്റെ ആ ഇഷ്ടത്തെ അവൾ നിഷ്കരുണം തട്ടിയകറ്റിയപ്പോൾ പിന്നെ എനിക്ക് അതൊരു വാശിയായി മാറി..

എങ്ങിനെയെങ്കിലും സായയുടെ ഇഷ്ടം പിടിച്ചുപറ്റാൻ അറിയാവുന്ന വഴികൾ എല്ലാം പരീക്ഷിച്ചു നോക്കി..

പക്ഷെ അവൾ അതിലൊന്നും വീണില്ലെന്നു മാത്രമല്ല, എന്നെ കാണുമ്പോൾ ഒരു പുച്ഛഭാവമാണ് ആ മുഖത്തിപ്പോ കാണുന്നത്..

ഡാ മച്ചാനെ, നീ ഓൾടെ കാര്യം ഓർത്ത് ബേജാറാവല്ലേ.. അല്ലേലും ഈ പെൺപിള്ളേർ ഒന്നും ശരിയല്ലെടാ.

അതുംപറഞ്ഞ് ആകാശ് എന്റെ കവിളിലൊന്ന് തലോടിയപ്പോഴാണ് ഞാൻ അവനെകുറിച്ച് ഓർത്തത്..

ചങ്ക് സുഹൃത്താണ് ആകാശ്.., കാണാൻ സുന്ദരൻ.. ഒരു ചോക്ലേറ്റ് പയ്യൻ ലുക്കാണ് അവന്..

അവനൊന്നു ചിരിച്ചുകാണിച്ചാൽ മതി ഏതുപെണ്ണും മയങ്ങും.. അത്രക്ക് വശ്യതയാണ് ആ മുഖത്തിന്..

എന്നിട്ടും അവന് പെൺവർഗ്ഗത്തെ ഇഷ്ടമല്ലത്രെ… !

അതെങ്ങനെയാ, എറിയാൻ അറിയുന്നവന്റെ കയ്യിൽ പടച്ചോൻ വടി കൊടുക്കില്ലല്ലോ..

അന്ന് രാത്രി ഉറങ്ങാൻകിടക്കുമ്പോൾ മനസ്സ് പതിവിലേറെ അസ്വസ്ഥമായിരുന്നു..

‘സായ ‘…. അവളുടെ പുഞ്ചിരിയും നുണക്കുഴിയും മനസ്സിലങ്ങനെ തെളിഞ്ഞു വരുന്നു..

നാളെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം.. സായയോട് കാര്യങ്ങൾ ഒന്നൂടെ വിശദമായി പറഞ്ഞുനോക്കാം.. തന്റെ ആത്മാർത്ഥ പ്രണയം അവൾക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല..

മനസ്സിനിങ്ങനെ ആത്മവിശ്വാസം കൊടുത്തു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി..

രാവിലെ എണീറ്റു പത്രത്തിൽ പരതുമ്പോൾ ഒരുകയ്യാൽ മൊബൈലിൽ ആകാശിന്റെ നമ്പർ ഡയൽ ചെയ്തു..

ആകാശേ, ഇന്നലത്തെ അതേ സ്ഥലം, അതേ സമയം.. എനിക്കവളോട് ഒന്നൂടി സംസാരിക്കണം.. എന്റെ പ്രണയം സത്യസന്ധമാണെന്നു എനിക്കവളെ ബോധ്യപ്പെടുത്തണം.. നീയൊന്നു കൂടെ നിക്കണം ട്ടോ..

മുത്തേ, നിന്നോട് എത്രതവണയായി ഞാൻ പറയുന്നു ഓൾടെ കാര്യം വിടാൻ.. ഒരു സായ പോലും.. നീ തനിച്ചു പോയാൽ മതി എന്നെ നോക്കണ്ട..

അങ്ങേത്തലക്കൽ ഫോൺ ഡിസ്കണക്റ്റ് ചെയ്തപ്പോൾ എനിക്ക് വിഷമംതോന്നിയില്ല..

കാരണം എന്തൊക്കെ പറഞ്ഞാലും, പറഞ്ഞസമയത്തു ആകാശ് കൂടെയുണ്ടാകും എന്നെനിക്കു അറിയാമായിരുന്നു..

എന്റെ ചങ്ക് ബ്രൊ അല്ലേ മച്ചാൻ.. !

ദേ, ഓള് വരുന്നുണ്ട്.. നീ പോയി ചോയ്ക്ക്.. എന്നിട്ട് ഓൾടെ വായേല് ഇരിക്കുന്നത് മുഴോനും കേട്ടിട്ട് വായോ എന്ന് പറഞ്ഞു മടിച്ചു നിന്നിരുന്ന എന്നെ സായയുടെ മുന്നിലേക്ക് എന്നെ തള്ളിവിട്ടത് ആകാശായിരുന്നു..

പക്ഷെ സായയുടെ കൂർത്തനോട്ടം ഏറ്റപ്പോൾ മനസ്സിൽ സംഭരിച്ചുവെച്ച ധൈര്യമെല്ലാം ഒരുനിമിഷംകൊണ്ട് ചോർന്നുപോയപോലെ..

തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വരാത്തപോലെ..

സായേ… എനിക്ക് നിന്നെ ഇഷ്ട്ടാണ്.. വെറും ഇഷ്ടമല്ല, കല്യാണം കഴിച്ചു കൂടെകൂട്ടാനുള്ള ഇഷ്ടം.. അതോണ്ടാണ് ഇങ്ങനെ നിന്റെ പിറകെ നടക്കുന്നത്.. എന്നെ ഒന്ന് മനസ്സിലാക്കു പ്ലീസ്..

വികാരാധീനനായി ഞാൻ പറയുന്നതൊന്നും ചെവികൊള്ളാതെ അവൾ ധൃതിയിൽ നടന്നകലാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പെട്ടെന്നൊരു വേപ്രളത്തിന് ഞാനാ കൈത്തണ്ടയിൽ കയറി പിടിച്ചുപോയി..

അതിന് പക്ഷെ കാലിലെ ചെരുപ്പൂരി അവൾ എന്റെ മുഖത്തടിക്കും എന്ന് സ്വപ്നത്തിൽപോലും ഞാൻ കരുതിയില്ല..

അനുവാദമില്ലാതെ ഒരു സ്ത്രീയുടെയും ശരീരത്തിൽ സ്പർശിക്കരുത്…. !

മുഖത്തിന് നേരെ കൈചൂണ്ടി സായ പറഞ്ഞ വാക്കുകൾ തലച്ചോറിൽ വണ്ടിനെപ്പോലെ മുരളുമ്പോൾ ആകാശ് ഓടിക്കിതച്ചു അടുത്തെത്തി..

ആ നായിന്റെ മോള് നിന്നെ തല്ലിയോടാ.. ?

സായയുടെ ചെരുപ്പിന്റെ ഹീൽ കുത്തികൊണ്ട് തിണിർത്തു കിടക്കുന്ന എന്റെ കവിളിലേക്ക് നോക്കി ആകാശ് ചോദിച്ചപ്പോൾ താഴേക്കു നോക്കി ഞാൻ തലകുമ്പിട്ടു നിന്നു..

എന്നിട്ടും നീയൊന്നും പറഞ്ഞില്ലേ ഓളോട്.. ?

അവൾക്കുള്ളത് നാളെ കൊടുക്കാം നീ വാടാ ആകാശേ..

ഇരുൾവീണ ഇടവഴിയിലൂടെ നടക്കുമ്പോൾ ആകാശ് വീണ്ടും ചോദിച്ചു..

എന്താടാ നിന്റെ മനസ്സിൽ.. ?

അതുകേട്ടു ഞാനൊന്നു നിന്നു., എന്നിട്ട് പതിയെയെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

ഇന്ന് അവളുടെ കയ്യിലൊന്നു തൊട്ടപ്പോൾ ചെരുപ്പൂരി അവളെന്റെ മുഖത്തടിച്ചു.. നാളേം ഞാനവളെ കാണും, തൊടുകയും ചെയ്യും.. കയ്യിൽ മാത്രമല്ല, അവളുടെ ശരീരത്തിലെ ഓരോ അണുവിലും എന്റെ കൈവിരലുകൾ സ്പർശിക്കും.., ആ ശരീരത്തിന്റെ ചൂട് ഞാനറിയും..

അവൾ നോവിച്ചുവിട്ടത് ഒരാണിനെ ആയിരുന്നു എന്ന് നാളെയവൾ അറിയും.. ജീവിതകാലം മുഴുവനും അതോർത്തവൾ ദുഖിക്കണം..

എന്റെ ഉറച്ച തിരുമാനം കേട്ട ആകാശ് പിന്നീടൊന്നും പറഞ്ഞില്ല..

വീട്ടിലേക്ക് കയറാൻ നേരത്ത് ഞാനവനെ തിരിഞ്ഞുനോക്കി..

നാളെ അതേ സ്ഥലം, അതേസമയം.., ആകാശേ നീയുണ്ടാവില്ലേ കൂടെ.. ?

മറുപടി നൽകാതെ, അടിയേറ്റ് തിണിർത്തു കിടക്കുന്ന എന്റെ കവിളിലൊന്ന് തലോടിക്കൊണ്ട് ആകാശ് നടന്നകന്നപ്പോൾ ഞാനൊന്നു പുഞ്ചിരിച്ചു..

എനിക്കറിയാമായിരുന്നു നാളെയും അവനെന്റെ കൂടെ കാണുമെന്ന്..

പിറ്റേന്ന് വൈകീട്ടായപ്പോഴേക്കും എന്റെ മനസ്സിൽ പലവിധ ചിന്തകൾ വേലിയേറ്റം നടത്തിക്കൊണ്ടിരുന്നു..

ഇത്രയുംനാൾ മനസ്സിൽ കൊണ്ടുനടക്കുന്ന പെണ്ണല്ലേ സായ, അവളെ ഉപദ്രവിക്കണോ.. ?

പക്ഷെ എന്റെ ആണത്തത്തെ ആണവൾ അപമാനിച്ചിരിക്കുന്നത്, വെറുതെ വിടരുത് ഓളെ..

തലച്ചോറും മനഃസാക്ഷിയും തമ്മിൽ വാദപ്രതിവാദങ്ങൾ നടത്തവേ ആകാശ് ചെവിക്കരുകിൽ ചുണ്ട് ചേർത്തു പതിഞ്ഞ സ്വരത്തിലതു മന്ത്രിച്ചു..

ഒളിപ്പോ വരും.. നമുക്ക് ഈ കുറ്റികാട്ടിൽ ഒളിച്ചുനിൽക്കാം,… അപ്രതീക്ഷിതമായി നീ അവളുടെ മുന്നിലേക്ക് ചാടി വീഴണം..

നിന്നെക്കണ്ടു ഓള് പകച്ചുനിൽക്കുന്ന സമയത്തു സകലശക്തിയുമെടുത്തു അവളുടെ അടിവയറ്റിൽ തൊഴിക്കണം..

എന്നിട്ടവളെ വലിച്ചു ഈ കുറ്റിക്കാട്ടിലേക്ക് കേറ്റണം..

പിന്നെ നീയായി, നിന്റെ പ്രതികാരമായി… !

ഒരു വഷളചിരിയോടെ ആകാശ് അത്രയും പറഞ്ഞപ്പോൾ വിസ്മയത്തോടെ ഞാനവനെയൊന്നു നോക്കി..

സായയോട് എനിക്കുള്ളതിനേക്കാൾ ദേഷ്യം അവനുണ്ടെന്നു തോന്നി ആവാക്കുകൾ കേട്ടപ്പോൾ..

വർദ്ധിച്ച ഹൃദയമിടിപ്പോടുകൂടി സായയുടെ വരവുംകാത്തു കുറ്റികാട്ടിൽ പതുങ്ങിയിരിക്കുമ്പോൾ എനിക്ക് പിറകിൽ ആകാശുമുണ്ടായിരുന്നു..

എന്നോട് ചേർന്നിരിക്കുന്ന ആകാശിന്റെ ശരീരോഷ്മാവ് വർദ്ധിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു

പേടികൊണ്ടായിരിക്കാം അവൻ ശ്വാസം വലിച്ചു വിടുന്നുണ്ടായിരുന്നു..

ഞാനൊന്ന് ഇടവഴിയിലേക്ക് തലയെത്തിച്ചു നോക്കി..

ഇല്ല.. സായയെ കാണുന്നില്ല..

പിറകിൽ ചേർന്നിരുന്ന ആകാശിന്റെ കൈവിരലുകളുടെ തണുപ്പ് കവിളിൽ ഏറ്റപ്പോൾ ശ്രദ്ധയൊന്നു തിരിഞ്ഞു..

പതുക്കെ ആ വിരലുകൾ ഷർട്ടിനിടയിലൂടെ എന്റെ നെഞ്ചിലെ രോമങ്ങളിൽ ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി..

ആകാശേ, നീയെന്താ ഈ കാട്ടുന്നെ.. ?

അത് പറഞ്ഞു ഞാനാ കൈകൾ തട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ അവനെന്നെ പിറകിൽനിന്നും വരിഞ്ഞു മുറുക്കാൻ ശ്രമിച്ചു..

പുറമെ കാണുന്നതിനേക്കാൾ ശക്തി അവന്റെ ശരീരത്തിനുണ്ടെന്ന് ആ നിമിഷമാണ് മനസിലായത്..

നിന്നെ എനിക്ക് വേണം, ഒരു പെണ്ണിനും വിട്ടുകൊടുക്കില്ല നിന്നെ ഞാൻ..

ഭ്രാന്തമായി മുരണ്ടുകൊണ്ട് ആകാശിന്റെ കൈവിരലുകൾ എന്റെ അടിവയറിനെ ലക്ഷ്യം വെച്ചു നീങ്ങിയപ്പോൾ സകലശക്തിയുമെടുത്തു ഞാനവനിൽനിന്നും കുതറിയകന്നു…

ആകാശിന്റെ പിടിയിൽനിന്നും രക്ഷപെട്ടു ഇടവഴിയിലൂടെ വേച്ചു വേച്ചു നടക്കുമ്പോൾ മനസ്സു നിറയെ വെറുപ്പായിരുന്നു, സങ്കടമായിരുന്നു.. എന്തിനോടോ…

നെഞ്ചിലൂടെ ഒച്ചിനെപ്പോലെ ഇഴഞ്ഞിറങ്ങിയ വിരലുകളെകുറിച്ചോർത്തപ്പോൾ അടിവയറ്റിൽനിന്നും എന്തോ ഒന്ന് ഉയർന്നു തൊണ്ടക്കുഴിയിൽ മുട്ടി നിൽക്കുന്നതുപോലെ തോന്നി..

തലകറങ്ങുന്നതുപോലെ തോന്നിയപ്പോൾ വഴിയരികിലെ പാറക്കല്ലിൽ പതിയെ തളർന്നിരുന്നുപോയി..

പെട്ടെന്നാണ് സായയെകുറിച്ചു ഓർമവന്നത്.. താൻ ചെയ്യാനൊരുങ്ങിയ പ്രവർത്തിയെക്കുറിച്ചു ഓർത്തത്… !

നിഴലുപോലെ കൂടെനടന്നവൻ മറ്റൊരു ഉദ്ദേശത്തോടുകൂടി തന്റെ ശരീരത്തിൽ തൊട്ടപ്പോൾ താനിത്രക്കും അസ്വസ്ഥനായെങ്കിൽ,

ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ നഗ്നതയിൽ സ്പർശിക്കുകയും, അവളെ ബലമായി പ്രാപിക്കാൻ മുതിരുകയും ചെയ്യുമ്പോൾ അവരുടെ മനസ്സിനേൽക്കുന്ന മുറിവും വിഷമവും എത്രത്തോളമായിരിക്കും.?

ഇത് തന്നെയല്ലേ താൻ സായയോട് ചെയ്യാൻ തുനിഞ്ഞതും.. ?

ഇപ്പോൾ മനസ്സിലാകുന്നു പീഡിപ്പിക്കപ്പെടുന്നവരുടെ മാനസികാവസ്ഥ…

കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായി വഴിയരുകിൽ അങ്ങിനെ ഇരിക്കുമ്പോൾ ചുമലിൽ ഒരു കരസ്പർശനമേറ്റു..

തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു സായ.. !

ഇന്നലെ എന്റെ കയ്യിൽ കയറിപിടിച്ചപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു, അതാ അങ്ങിനെ ചെയ്തത്.. കുറച്ചു കൂടിപോയെന്നറിയാം.. സോറി ട്ടോ…

ഹേയ്, താനെന്തിനാ സോറി പറയുന്നേ.. തെറ്റ് എന്റെഭാഗത്താണ്.., ഞാനത് മനസിലാക്കാൻ കുറച്ചു സമയമെടുത്തു… ഇന്നലെ സംഭവിച്ചതിനെല്ലാം ഞാനാണ് തന്നോട് ക്ഷമചോദിക്കേണ്ടത്. ..

എന്റെ ഏറ്റുപറച്ചിലിനുള്ള മറുപടിയെന്നോണം അവളുടെ വലിയകണ്ണുകളൊന്നു വിടർന്നു.. !

കവിളിൽ കുഞ്ഞു നുണക്കുഴി തെളിഞ്ഞു.. !

ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു…

സായയുടെ കൈപിടിച്ച് ആളൊഴിഞ്ഞ ഇടവഴിയിലൂടെ പതിയെ നടക്കുമ്പോൾ എന്റെ കണ്ണുകൾ വഴിയരുകിൽ ഒരു മുഖത്തെ പരതുകയായിരുന്നു… ആകാശിനെ..

കാരണം, അവനെന്റെ ചങ്ക് ആയിരുന്നു.. ചങ്ക് ബ്രൊ…!

രചന :സായ് ബ്രൊ.

LEAVE A REPLY

Please enter your comment!
Please enter your name here