Home Latest എനിക്ക് ഈ ഒരു രാത്രി മാത്രം മതിയെടോ… ഇനി രണ്ടല്ല പത്തുവർഷം വരെ കാത്തിരിക്കാൻ…

എനിക്ക് ഈ ഒരു രാത്രി മാത്രം മതിയെടോ… ഇനി രണ്ടല്ല പത്തുവർഷം വരെ കാത്തിരിക്കാൻ…

0

രചന : Jishanth Konolil

” മക്കൾ ഉറങ്ങിയോ…”
അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു.

” ഉറങ്ങി….”

“എന്നാൽ വാ….”അയാൾ എണീറ്റ് അവളുടെ കൈ പിടിച്ച് പതിയെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

പുറത്ത് നല്ല നിലാവുണ്ട്.
മുറ്റത്ത് അവൾ നട്ട ചെമ്പകത്തിന്റെ നനുത്ത ഗന്ധം അവിടമാകെ വ്യാപിച്ചിരുന്നു.
അവർ കൈകൾ ചേർത്തു പിടിച്ച് മരത്തിന്റെ ചുവട്ടിൽ ഇരുന്ന് പരസ്പ്പരം മുഖാമുഖം നോക്കി.
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.

അല്പനേരം കണ്ണുകൾക്ക് സംസാരിക്കാൻ വേണ്ടിയാവണം മനസ്സ് മൗനത്തിന്‌ ഇടം നൽകിയത്.

അവൾ പതിയെ ചോദിച്ചു….
“ഇനിയും രണ്ടു വർഷം കാത്തിരിക്കണം അല്ലെ മാഷേ…?”
അയാൾ ഒന്ന് പുഞ്ചിരിച്ചു.

“എനിക്ക് ഈ ഒരു രാത്രി മാത്രം മതിയെടോ… ഇനി രണ്ടല്ല പത്തുവർഷം വരെ കാത്തിരിക്കാൻ”

അവൾ പതിയെ അയാളുടെ മുടിയിഴകളിൽ തലോടി.

പ്രവാസ ജീവിതം തുടങ്ങിയിട്ട് എട്ട് വർഷം. എന്തെങ്കിലും സമ്പാദിച്ചോ എന്ന് ചോദിച്ചാൽ ഒന്നും തന്നെയില്ല.
എങ്കിലും ഒരു കാര്യത്തിൽ അയാൾ തൃപ്തനായിരുന്നു.
പെങ്ങളുടെ വിവാഹത്തിന് ആരുടെയും മുൻപിൽ കൈ നീട്ടേണ്ടി വന്നില്ല.
ഇനിയുള്ളൊരു ആഗ്രഹം സ്വന്തമായൊരു വീടാണ്.
മുറ്റത്തിരുന്നുകൊണ്ട് അയാൾ തന്റെ വീടിന്റെ ചുവരിലേക്ക് കണ്ണോടിച്ചു.

കല്ലുകൾക്ക് പകരം മുഴുവനും കട്ടയാണ്.
പൊളിച്ചു കഴിഞ്ഞാൽ പണിത്തരമായിട്ട്പോലും ഒന്നും തന്നെ കിട്ടാനില്ല.
നല്ലത് ഒറ്റയടിക്ക് നിരത്തുന്നതാണ്.
ആലോചിക്കുമ്പോൾ എന്തോ ഉള്ളിലൊരു പേടി.

പെട്ടന്നാണ് ഒരു തുള്ളി കണ്ണുനീർ അയാളുടെ കയ്യിലേക്ക് വീണത്. അയാൾ പതിയെ അവളുടെ മുഖം തടവി.

“നീയെന്താ കരയുകയാണോ…..!
കരയാതെടി പെണ്ണേ….
ഞാനൊരു സാധനം കൊണ്ടു വന്നിട്ടുണ്ട് ദേ, നോക്കിയേ…”

അയാൾ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്ത് തുറന്ന് അവൾക്ക് നേരെ നീട്ടി.
വണ്ണം കുറഞ്ഞ നൂൽക്കമ്പി പോലൊരു മാലയായിരുന്നു അത്.

“എന്റെ കുട്ടി ഇനി ഇതിട്ടു നടന്നാൽ മതി. ഇനി ഈ കഴുത്തിൽ ആ കറുത്ത ചരട് വേണ്ട”.
അയാൾ അവളെ ചേർത്തു പിടിച്ചു.

രണ്ട് വർഷം മുൻപ് പെങ്ങളുടെ കല്യാണത്തിന് തന്നെ കടക്കാരനാക്കാതിരിക്കാൻ വേണ്ടി കെട്ടുതാലിവരെ ഊരി തന്നതണ്.

വന്നിട്ട് കുറച്ചു ദിവസ്സമായെങ്കിലും ഇതുവരെ ഒളിപ്പിച്ചു വച്ചത് ഇതുപോലൊരു അവസരത്തിനാണ്.
എപ്പോഴും ആളും ബഹളവും, പിന്നെ പെങ്ങള് എനിക്കൊന്നും കൊണ്ടുവന്നില്ലേ… എന്ന് ചോദിച്ചാൽ വിഷമമാകുകയും ചെയ്യും.

അവൾ അയാളെ കെട്ടിപ്പിടിച്ച് ഏങ്ങി ഏങ്ങി കരഞ്ഞു.
അയാൾ അവളുടെ നെറുകയിൽ പതിയെ തലോടി.

നേരം പുലരുവോളം അവർ അവരുടെ സ്വസ്ഥമായ ലോകത്ത് എന്തൊക്കെയോ കുശലം പറഞ്ഞുകൊണ്ടിരുന്നു.

വർഷങ്ങൾ കടന്നുപോയി.
ആഗ്രഹം പോലെ വീടുപണി തുടങ്ങിയെങ്കിലും.
പിന്നീടുള്ള ആവശ്യങ്ങളുടെ എണ്ണവും കൂടിക്കൊണ്ടേയിരുന്നു.

ഓരോ വരവിനും സുഖമുള്ള ഓരോ ഓർമകളും പേറിയാണ് മടക്കമെങ്കിലും ഇടക്കെവിടെയൊവെച്ച് ആ ചുണ്ടുകളിലെ പഴയ പുഞ്ചിരി മാഞ്ഞുപോയിരുന്നു.

മക്കൾക്ക് ഓരോ വരവും ആഘോഷമാണ്. പുതിയ ഡ്രെസ്സ്, ബാഗ്, വാച്ച്, അങ്ങിനെ നാട്ടിലെത്തും മുന്നേ ഓർഡറുകൾ ഒരുപാടുണ്ടാകും.

ഗൾഫുകാരന്റെ മക്കളല്ലേ…. അയാൾ തന്നെക്കുറിച്ച് പുച്ഛസ്ഥായിയിൽ ഒന്ന് ചിന്തിച്ചു.

നീണ്ട ഇരുപത് വർഷത്തിനൊടുവിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായപ്പോഴേക്കും വയ്യാതായിരിക്കുന്നു…!
ശരീരത്തിനെന്നപ്പോലെ മനസ്സിനേയും ജരാനരകൾ ബാധിച്ചു തുടങ്ങി.

ഇനിയൊരു മടക്കമില്ല…!

മക്കൾ എന്തിനും പ്രാപ്തരായിരിക്കുന്നു.
ഭാരങ്ങളെല്ലാം ഇറക്കി വെച്ച് ഒന്ന് സ്വസ്ഥമാകണം.

ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ പിന്നെയും ബാക്കിയായത് കുറേ കൊച്ചു കൊച്ചു സ്വപ്നങ്ങളായിരുന്നു.

വർഷങ്ങൾക്കൊടുവിൽ ഇന്ന് രണ്ടുപേരും സ്വസ്ഥമായപ്പോഴേക്കും ആ പഴയ മനസ്സല്ലാതെ അവയോടൊപ്പം സഞ്ചരിക്കാനുള്ള കഴിവ് കാലം എപ്പഴോ കവർന്നെടുത്തിരിക്കുന്നു.

വിണ്ടു കീറിയ പരുക്കൻ കാലുകൾ അവൾ മടിയിലേക്ക് എടുത്തുവെച്ച് കുശലം പറഞ്ഞ് ചിരിച്ചപ്പോൾ എപ്പഴോ അറിയാതെ ഒന്നാശിച്ചു പോയി.,ആ പഴയ കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിലെന്ന്.

സന്ധ്യയ്ക്ക് വിളക്ക് വെച്ച് ഉമ്മറത്ത് പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി എല്ലാവരും ഒത്തുകൂടിയപ്പോഴാണ് കുടുംബത്തിന് ഇത്ര’ ഇമ്പം’ ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്.

സംസാരത്തിനിടയിൽ സമയം കടന്നുപോയതറിഞ്ഞില്ല.
ചാരെയിരുന്നവൾ ഉറങ്ങി തുടങ്ങിയിരിക്കുന്നു.

“പാറു…….”

അവളെ തട്ടി വിളിച്ചു. ആ കൈകൾ ബലഹീനമായി നിലം പതിച്ചതും പകച്ചുപോയതും ഒരുമിച്ചായിരുന്നു.

“ഇല്ല അവൾക്കൊന്നും സംഭവിച്ചില്ല….”
ആ കവിളുകൾ തടവി ഒന്നുകൂടെ ഉച്ചത്തിൽ വിളിച്ചു.

അപ്പോഴേക്കും അവിടെ നിലവിളി ഉയർന്നിരുന്നു.
ചെവികൾ ആരോ പൊത്തിയപ്പോലെ തോന്നി.
തലയിൽ ഇരുട്ട് കയറുന്നു.
അവൾ, അവൾക്കെന്താണ് സംഭവിച്ചത്…!

‘മരിച്ചുവോ…..?’

അങ്ങിനെയെങ്കിൽ താൻ കാരയേണ്ടതല്ലേ..?

ഇല്ല….ഒന്നും സംഭവിച്ചില്ല.
ആരൊക്കെയോ ഓടി വരുന്നുണ്ട്….
കയ്യിൽ എണ്ണയും, ചന്ദനത്തിരിയുമുണ്ട്.

ആ നിമിഷം അവിടം ചെമ്പകത്തിന്റെ രൂക്ഷഗന്ധം ഒഴുകാൻ തുടങ്ങി.

അയാൾ ആ ചെമ്പക മരത്തിലേക്ക് നോക്കി.
“ഇല്ല പൂത്തിട്ടില്ല…”

തിരിഞ്ഞു നോക്കിയതും അയാൾക്ക് മനസ്സിലായി.

‘താൻ ഒറ്റപ്പെട്ടിരിക്കുന്നു… !!!

അത് മരണത്തിന്റെ ഗന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here