Home Latest കുളത്തിലെ വെള്ളത്തിന്റെ കുളിര് കാലിലൂടെ അരിച്ചു കയറി.. ഒന്നുരണ്ട് പടവുകളിറങ്ങി കഴുത്തൊപ്പം വെള്ളത്തിൽ കിടന്നുകൊണ്ട്...

കുളത്തിലെ വെള്ളത്തിന്റെ കുളിര് കാലിലൂടെ അരിച്ചു കയറി.. ഒന്നുരണ്ട് പടവുകളിറങ്ങി കഴുത്തൊപ്പം വെള്ളത്തിൽ കിടന്നുകൊണ്ട് ആകാശത്തേക്ക് നോക്കി…

0

ഇലഞ്ഞിപൂമണമുള്ള സന്ധ്യകൾ

രചന : Ramesh Krishnan

ഒരു ഞെട്ടിൽ വിരിഞ്ഞ ഭംഗിയുള്ള പൂക്കളായിരുന്നു നാമിരുവരും ഒരു വസന്തകാലത്തിനപ്പുറം ആയുസില്ലാത്ത പ്രണയത്തിന്റെ നിലാപൂക്കൾ…..

“നീതൂ… നീ ഈ സന്ധ്യാ സമയത്ത് കുളത്തിലേക്ക് കുളിക്കാൻ പോകണ്ട ഒന്നിനോക്കോണം പോന്ന പെണ്ണായി.. ഗന്ധർവ്വൻമാർ ഭൂമിയിലേക്കിറങ്ങുന്ന സമയാണ്.. വല്ലതും പറ്റി പോയാൽ പിന്നെ…”

അരുതായ്മകൾ മാത്രം ചൂണ്ടിക്കാട്ടാനായി എല്ലാവീട്ടിലും കാണും ഇതുപോലെ ഓരോ മുത്തശ്ശി മാർ എന്ന് മനസിൽ പറഞ്ഞ് അത് കേൾക്കാതെ കയ്യിൽ കുളി കഴിഞ്ഞ് മാറി ഉടുക്കാനുള്ള തുണികളുമായി കുളപടവുകളിറങ്ങി..

കുളത്തിലെ വെള്ളത്തിന്റെ കുളിര് കാലിലൂടെ അരിച്ചു കയറി.. മാറിയുടുക്കുവാനുള്ള തുണികൾ കൽപടവിൽ വെച്ച് ഒന്നുരണ്ട് പടവുകളിറങ്ങി കഴുത്തൊപ്പം വെള്ളത്തിൽ കിടന്നുകൊണ്ട് ആകാശത്തേക്ക് നോക്കി… മേഘകീറുകൾക്കിടയിൽ തേങ്ങാപൂളുപോലെ ചന്ദ്രൻ ഉദിച്ചു തുടങ്ങിയിരുന്നു… നാലുപാടുമൊന്ന് നോക്കി ഇനി അമ്മമ്മ പറഞ്ഞ പോലത്തെ നാട്ടിലെ ഗന്ധർവ്വൻമാരെങ്ങാനും കൈതപൊന്തക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ…?

അധികനേരം വെള്ളത്തിൽ കിടക്കാതെ വേഗം കുളിച്ച് കയറി തുണികൾ മാറിയുടുത്ത് ഉമ്മറത്തെ ത്തി.. അലക്കിയ തുണികൾ അഴയിൽ വിരിച്ച് രാവിലെ ഉണങ്ങാനിട്ട തുണികളിൽ നിന്ന് ഉണങ്ങിയതെടുത്ത് കോലായിൽ വെച്ച് മുടി കോതിയൊതുക്കി ഉണങ്ങാനായി പരത്തിയിട്ടു…

ഉമ്മറത്ത് നിലവിളക്ക് കൊളുത്തി വെച്ച് നാമം ചൊല്ലികൊണ്ടിരുന്ന അമ്മമ്മ അത് കണ്ട് പറഞ്ഞു

“അശ്രീകരം… ത്രിസന്ധ്യക്ക് മുടികോതി മുടികെട്ട് മുറ്റത്തിട്ടാൽ തറവാട് മുടിഞ്ഞു പോകും… ലക്ഷണക്കേടേ കാട്ടൂന്ന് വെച്ചാലെന്താ ചെയ്യാ…”

ഉള്ളിൽ ദേഷ്യം വന്നെങ്കിലും ഉമ്മറത്തിട്ട മുടികെട്ട് കാലുകൊണ്ട് തോണ്ടി തൊടിയിലേക്കിട്ട് കൊണ്ട് അമ്മമ്മയോട് ചോദിച്ചു…

“എന്നിട്ട് ഇതൊക്കെ നോക്കി ജീവിച്ച അമ്മമ്മയുടെ തറവാടിന്റെ അടിത്തറയെങ്കിലും ഇന്നുണ്ടോ… ”

” പൊയ്ക്കോ… ന്റെ കൺമുന്നിൽ നിന്ന് അധികപ്രസംഗി… കണ്ണികണ്ട പുസ്തകങ്ങൾ വായിച്ചിട്ട് ആരോട്… എന്താ പറയാന്ന് വരെ അറിയാണ്ടായിരിക്കുണൂ പെണ്ണിന്..”

അമ്മമ്മക്ക് ദേഷ്യം വന്നെന്നു മനസിലായപ്പോൾ വേഗം അകത്തേക്ക് കയറി…

അമ്മ അടുക്കളയിൽ മൊളകൂഷ്യം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പിറകിലൂടെ ചെന്ന് അരയിലൂടെ കയ്യിട്ട് പിടിച്ചുകൊണ്ട് ചോദിച്ചു

” എന്തായി ഭവാനിയമ്മേ അടുക്കള പണികളൊക്കെ… ഞാൻ സഹായിക്കണോ.. ”

” നിന്റെ കുളി കഴിഞ്ഞതല്ലേ അമ്മയാകെ വിയർത്തിരിക്കുന്നു.. മാറി നിൽക്ക് ഭക്ഷണത്തിന് സമയമായാൽ വന്ന് കഴിച്ച് സഹായിച്ചാൽ മതി…”

“എന്നാലേ ഞാൻ പോയി… ഭക്ഷണത്തിന് സമയമാവുമ്പോൾ അറിയിക്കണേ… അപ്പോഴേക്കും അമ്മ കുളിച്ച് സുന്ദരിക്കുട്ടിയായി നിക്കണേ.. ”

” ഒന്നു പോയി തരാമോ”
എന്ന് അമ്മ കൈകൂപ്പികൊണ്ട് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അടുക്കളയിൽ നിന്ന് ഹാളിലേക്ക് പോന്നു…

ടി. വി വെച്ച് ചാനലുകളോരോന്നായി നോക്കുമ്പോൾ ഉമ്മറത്തിരുന്ന് രാമായണം വായിക്കുന്ന അമ്മമ്മ പറയണത് കേട്ടു

” ആ ടിവിയുടെ ഒച്ച ഒന്ന് കുറച്ച് വെച്ചേ നീതൂ… ചെവിതലകേൾക്കണില്ല… ഞാനിവിടെ വായിക്കണത് കണ്ടൂടേ നിനക്ക്…”

“അമ്മമ്മാ… നിങ്ങളിത് വായിക്കണത് നേരം കൊണ്ട് ടിവിയിൽ രാമായണം കണ്ടു നോക്കൂ… കാലമൊക്കെ അങ്ങെത്തിയിരിക്കുന്നു… ദൈവങ്ങളെല്ലാം ടിവിയിലാണ് ഇപ്പോൾ ..”

“ദാ…ന്നെകൊണ്ട് ഈ തൃസന്ധ്യക്ക് നല്ല വാക്ക് പറയിക്കരുത് നീ… നിന്നോടല്ലേ പറഞ്ഞത് ശബ്ദം കുറക്കാൻ.. ”

” ഓ.. ഞാൻ നിർത്തി.. തീർന്നില്ലേ പ്രശ്നം… ”

ടിവി ഓഫ് ചെയ്ത് നടുതളത്തിൽ നിന്നുമുള്ള മരഗോവണി കയറി മുകളിലെ റൂമിലെത്തി.. തൊടിയിലേക്ക് കാഴ്ചകിട്ടുന്ന ജനവാതിൽ തുറന്നു.. തൊടിയിൽ ഇലഞ്ഞിമരത്തിന് താഴെ ഇലഞ്ഞിപൂക്കൾ വീണുകിടന്ന തറയിൽ കരിങ്കുട്ടിയും ഗുളികനുമിരിക്കുന്നു… അതിനു മുൻപിലായി ചെറിയ കൽവിളക്കിൽ അമ്മമ്മ സന്ധ്യക്ക് കത്തിച്ചു വെച്ച തിരി കാറ്റിലിളകിയാടുന്നു.. ഇരുട്ടിൽ തിരിനാളത്തിന്റെ വെളിച്ചത്തിൽ മുഖമില്ലാത്ത തറവാട്ടു ദൈവങ്ങൾ കുടിയിരിക്കുന്നു..

മൺമതിലിനപ്പുറത്തായി നീണ്ടുകിടക്കുന്ന പാടത്തിനക്കരെ നിന്നും കോളനിപുരയിലെവിടിയോ ഒരു കുട്ടി കരയുന്നുണ്ട്…കാറ്റിലൊഴുകിയെത്തുന്ന കരച്ചിലിനൊപ്പം മീൻ വറുത്ത മണവും..കാറ്റിലിളകുന്ന വാഴകൈകൾക്കിടയിലൂടെ ഇടക്കിടെ മിന്നി തെളിയുന്നുണ്ട് കുളത്തിലെ വെള്ളത്തിൽ വീണുകിടക്കുന്ന പൂർണ്ണവളർച്ചയെത്താത്ത ചന്ദ്രന്റെ വിളറിയ മുഖം….

ജനലരികിലിട്ട മരമേശയിൽ നിരന്നു കിടക്കുന്ന പുസ്തകങ്ങളിലൊന്നെടുത്ത് മങ്ങിയ വെളിച്ചത്തിൽ നിവർത്തി നോക്കി.. അമ്മമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കുരുത്തംകെട്ട എഴുത്തുകാരിയുടെ നീർമാതളം പൂത്ത കാലം…

എത്രയോ തവണ വായിച്ചതാണെങ്കിലും വീണ്ടും വീണ്ടും ചില സമയങ്ങളിൽ വായിക്കാൻ തോന്നുന്ന കൃതിയുടെ ആദ്യ താളുകൾ മറിച്ച് വായനയുടെ ലോകത്തിലേക്ക് കയറി…

അമ്മ ഊണുകഴിക്കാനായി വിളിക്കുന്നത് കേട്ടപ്പോൾ പുസ്തകം മടക്കി വെച്ച് താഴോട്ടിറങ്ങി… കൈ കഴുകി ഊണിനിരുന്നപ്പോൾ അമ്മമ്മ അമ്മയോട് പറയുന്നത് കേട്ടു

“ഇങ്ങനേം ണ്ടോ പെങ്കുട്ട്യോള്.. നാളെ അന്യ വീട്ടിലേക്ക് കയറിചെല്ലേണ്ടവളാണ്.. അനുസരണ ലെവലേശമില്ല.. അയിത്തോം ശുദ്ധോം അതുമില്ല.. തറവാടിന്റെ മാനം കളയാണ്ടിരുന്നാ മതിയായിരുന്നു മുത്തപ്പാ..”

“ഞാനായിട്ട് ഒന്നും കളയാൻ പോണില്ല അമ്മമ്മ… എല്ലാവർക്കും അവരവരുടേതായ ചില ലോകങ്ങളുണ്ടാവില്ലേ… അമ്മമ്മ ക്ക് ഇപ്പോൾ ഭക്തിയുടെ കാലമാണ് ഞാനങ്ങനെയാണോ… അമ്മമ്മയുടെ പ്രായാവുമ്പോൾ ഞാനും നന്നാവുമായിരിക്കും.. ”

” കണ്ണികണ്ട പുസ്തകങ്ങള് വായിച്ചിട്ടാണ് നീ ഇങ്ങനെയായത്.. പണ്ട് എത്ര നല്ല കുട്ടിയായിരുന്നു.. ”

” അമ്മയൊന്ന് മിണ്ടാതിരിക്കണുണ്ടോ.. അവൾ ആകെ ഇവിടേക്ക് വരുന്നത് ആഴ്ചയിലൊരിക്കലാണ്…പഴംപുരാണം പറഞ്ഞ് അവളെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട സമാധാനമായി വല്ലതും കഴിച്ചോട്ടെ അവൾ.. ”

അമ്മ ഇടപെട്ടതോടെ അമ്മമ്മ സംസാരം നിർത്തി..

ഭക്ഷണം കഴിഞ്ഞ് കൈകഴുകി വീണ്ടും മുകളിലെത്തി.. പകുതിയാക്കി നിർത്തിയ പുസ്തകം വീണ്ടും തുറന്നു… ഇലഞ്ഞിപൂ വിരിയുന്ന മണം ജനാലയിലൂടെ മുറിയിലാകെ വന്ന് നിറഞ്ഞു.. നീർമാതളത്തിന്റെ താളുകളിൽ ആ മണം പടർന്നു.. മണമായി നിശ്വാസമായി ഓരോ വരികളും ഉള്ളിലേക്ക് വലിച്ചെടുത്ത് നട്ടപാതിരയിലെപ്പോഴോ കസേരയിലിരുന്ന് തന്നെ ഉറങ്ങി പോയി…

പിറ്റേന്ന് കാലത്തു തന്നെ കുളി കഴിഞ്ഞ് ബാഗ് റെഡിയാക്കി ഭക്ഷണം കഴിച്ചെന്ന് വരുത്തി യാത്രക്ക് തയ്യാറായി.. അമ്മയോടും അമ്മയോടും യാത്രപറഞ്ഞ് പടിയിറങ്ങുമ്പോൾ തിരിഞ്ഞു നോക്കി അമ്മമ്മയോടായി പറഞ്ഞു

“അമ്മമ്മാ.. ഇനി അടുത്തയാഴ്ച വരെ എന്റെ ശല്യമുണ്ടാവില്ല ട്ടോ
അതുവരെ അമ്മമ്മക്ക് ഇഷ്ടമുള്ള പോലെ നടന്നോളൂ…”

യാത്രയിലുടനീളം വീടും കുളവും ഇലഞ്ഞിതറയുമായിരുന്നു മനസിൽ ടൗണെത്താറായപ്പോൾ ആ കുളിര് മാഞ്ഞു തുടങ്ങി.. ഓഫീസിലെ തിരക്കിന്റെ നട്ടുച്ചവെയിലിന്റെ ചൂട് ഉള്ളിലേക്കരിച്ചെത്തി..

റൂമിൽ ചെന്ന് ബാഗ് കിടക്കയിലേക്കിട്ട് മുടി ചീകി ഓഫീസ് ബാഗെടുത്ത് മുറി പൂട്ടി ഇറങ്ങി.. റൂംമേറ്റായ നഴ്സ് സാന്ദ്രക്ക് ഡേ ഡ്യൂട്ടിയായതിനാൽ നേരത്തെ ഇറങ്ങിയിട്ടുണ്ടാവും.. ഇനി വൈകീട്ടേ വരൂ..

ഓഫീസിലെത്തിയപ്പോൾ തിങ്കളാഴ്ച ആയതിനാൽ തിരക്ക് തുടങ്ങിയിരുന്നു… ബാഗ് മേശപ്പുറത്ത് വെച്ച് ദൈനംദിന കർമ്മപരിപാടിയിലേക്കിറങ്ങാനായി തുടങ്ങുമ്പോൾ അടുത്തിരുന്ന കസേരയിൽ നിന്നും ആരോ വിളിച്ച പോലെ തോന്നി… തിരിഞ്ഞു നോക്കിയപ്പോൾ അതുവരെ കാണാത്ത ഒരാളെ കണ്ട് അത്ഭുതത്തോടെ അയാളെ നോക്കി.

“ഹായ്… ഞാൻ അരുൺ… ഇന്ന് ജോയിൻ ചെയ്തേ ഉള്ളൂ… താനെന്നെ കണ്ടില്ലെന്ന് തോന്നി അതുകൊണ്ടാണ് പരിചയപെടാമെന്ന് കരുതിയത്”

വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ.. വെള്ളാരം കണ്ണുകളും ചെമ്പിച്ച കട്ടിമീശയുമുള്ള ഒറ്റനോട്ടത്തിൽ ഒരു സിനിമാനടന്റെ പോലുള്ള ആൾ…

“ഹായ്.. ഞാൻ നീതു.. ഒരു വർഷമായി ഇവിടെയാണ്.. ”

” വീടെവിടെയാണ്.. ”

” കുറച്ച് ദൂരെയാണ്.. ഇവിടെ ഹോസ്റ്റലിലാണ്.. ”

” ഞാനും ഹോസ്റ്റൽ നോക്കുന്നുണ്ട് പോക്കുവരവ് ബുദ്ധിമുട്ടാണ്..”

“ശരി.. ബാക്കി വിശേഷങ്ങൾ ലഞ്ച് ബ്രേക്കിന് കാണുമ്പോൾ പറയാം പണി നടക്കട്ടെ…”

“ഓകെ.. കാണാം.. ”

ലഞ്ചിന് എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ ബാഗ് തുറന്ന് ഭക്ഷണം പുറത്തെടുത്തതോടെ കൂടെ ജോലിചെയ്യുന്ന ലതിക പറഞ്ഞു

” ഉം.. നീതു ഇന്ന് വീട്ടിൽ നിന്നാണ് വരുന്നത്… മോരുകറിയും.. തീയ്യലും.. മീൻവറുത്തതുമെല്ലാമുണ്ട്.. സാധാരണ ഹോസ്റ്റലിലെ പുളിങ്കറിയും പയറുപ്പേരിയുമാണല്ലോ ഉണ്ടാവുക..”

അവളത് പറഞ്ഞപ്പോൾ ചെറിയ ചമ്മലുണ്ടായെങ്കിലും അത് പുറത്തുകാട്ടാതെ തിരിഞ്ഞു നോക്കിയത് അരുണിന്റെ മുഖത്തേക്കായിരുന്നു…

അവൻ ചിരിച്ചുകൊണ്ട് ലതികയോടായി പറഞ്ഞു

” അതേയ് നാളെ മുതൽ നീതുവിന്റെ കൂടെ പുളിങ്കറിയുമായി ഞാനുമുണ്ടാവും.. എനിക്കും ഒരു ഹോസ്റ്റൽ കിട്ടീട്ടുണ്ട്..”

” ഉം.. എന്നാൽ പുളിങ്കറികൾ രണ്ടാളും കൂടി ഞങ്ങൾക്കൊരു സാമ്പാറ് കൂട്ടിയുള്ള ഊണിനുള്ള അവസരമൊരുക്കി താ..”

അത് പറഞ്ഞപ്പോൾ ലതിക തുടയിൽ ആരും കാണാതെ ഒന്ന് നുള്ളി..

” ഹേയ്.. അതാരും പ്രതീക്ഷിക്കേണ്ട.. ഞങ്ങള് കഞ്ഞിയും ചമ്മന്തിയുമാണ് കൊടുക്കാനുദ്ദേശിക്കുന്നത്..”

എത്ര സരസമായാണ് അയാൾ ആളുകളെ കയ്യിലെടുക്കുന്നതെന്നോർത്തു.. വന്ന് കയറിയപ്പോഴേക്കും അയാൾ ഓഫീസിലുള്ള എല്ലാവരുമായും കമ്പനിയായിരിക്കുന്നു… ഇത്രകാലമായിട്ടും ഓഫീസിലെ പലരെയും തനിക്കറിയുകപോലുമില്ലല്ലോ..
ഊണുകഴിക്കുന്നതിനിടയിൽ അയാളെന്തൊക്കെയോ തമാശകൾ പറയുന്നുണ്ടായിരുന്നു…

ഊണുകഴിഞ്ഞ് വീണ്ടും വന്ന് ചെയറിലിരുന്നപ്പോൾ തലേന്ന് രാത്രി പുസ്തകം വായിച്ച് ഉറക്കം പോയതിനാൽ ചെറുതായൊരു മയക്കം വരുന്ന പോലെ തോന്നി കാന്റീനിൽ പോയി ഒരു കട്ടൻ കുടിക്കാം എന്ന് കരുതി കാന്റീനിൽ ചെന്ന് കട്ടൻ ചായക്ക് ഓർഡർ ചെയ്ത് വെറുതെ പുറത്തേക്ക് നോക്കിയിരുന്നു..

കാന്റീനിന് മുന്നിലുള്ള പൂമരത്തിന്റെ താഴെ നിർത്തിയിട്ട ബൈക്കിൽ ചാരി നിന്ന് അരുൺ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു… കയ്യിലെരിയുന്ന സിഗററ്റ് ഇടക്കിടെ ആഞ്ഞു വലിച്ച് പുകചുരുളുകൾ വൃത്താകൃതിയിൽ പുറത്തേക്ക് തള്ളി നിരയൊത്തപല്ലുകൾ പുറത്തുകാട്ടി ചിരിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്ത് സിഗററ്റ് വലിച്ചെറിഞ്ഞ് കാന്റീനിലേക്ക് വരുന്നത് കണ്ടു

“രാമേട്ടാ… ഒരു കട്ടനെടുത്തേ.. ഉറക്കം വരുന്നു…”
എന്ന് പറഞ്ഞ് അയാൾ കസേര വലിച്ചിട്ട് ഇരുന്ന് നോക്കിയതെന്റെ മുഖത്തേക്കായിരുന്നു

“അല്ല.. ഇതാര് നീതുവോ.. നിനക്കുമുണ്ടോ ഉറക്കപ്രശ്നം..”

“ഹേയ്… അതോണ്ടല്ല… ഇന്നലെ ഒരുപാട് വൈകി കിടന്നപ്പോൾ… അതാണ്..”

“അതെന്തേ… ”

” ഒരു ബുക്ക് വായിച്ചിരുന്നു.. ”

” ഏത് ബുക്ക്…”

“നീർമാതളം പൂത്ത കാലം..”

“കൊള്ളാം… എനിക്കും പറ്റിയതതാണ്… തസ്രാക്കും… മൈമൂനയും.. രവിയും എന്റെ ഉറക്കം കളഞ്ഞു… മുമ്പ് വായിച്ചതാണ് പക്ഷേ വീണ്ടും വായിച്ചിരുന്നു പോയി.. ”

” വായനാശീലമുണ്ടല്ലേ… നന്നായി നവമാധ്യമങ്ങളിൽ ചിലവഴിക്കുന്ന സമയം കൊണ്ട് രണ്ട് പുസ്തകം വായിച്ചാൽ ചിന്താ മണ്ഡലമൊന്നുണരും.. ”

കട്ടൻചായ ഊതി കുടിക്കുന്നതിനിടയിൽ അയാളുടെ സംസാരത്തിനിടക്ക് മേൽമീശ ഇളകുന്നതും നിരയൊത്ത പല്ലുകൾ ഇടക്കിടെ പുറത്തേക്ക് തെളിയുന്നതും കവിളുകളുടെ ചലനത്തിനനുസരിച്ച് താടിയിലെ ചുഴിക്ക് ചുറ്റുമുള്ള കുറ്റിരോമങ്ങൾ ഇളകുന്നതും നോക്കിയിരുന്നു..

സംസാരിക്കാനുള്ള വിഷയങ്ങൾ കണ്ടെത്തുന്നതിനും അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കാനുമുള്ള അരുണിന്റെ കഴിവ് വല്ലാതെ ഇഷ്ടപ്പെട്ടു..

ഓരോ ദിവസം കഴിയുന്തോറും സംസാരം കൂടി കൂടി വന്നു….അരുൺ നാട്ടിൽ പോയി വരുമ്പോൾ പണ്ട് സ്ക്കുളിൽ പഠിച്ചിരുന്ന കാലത്തെ നാരങ്ങമുട്ടായിയും.. പുളിങ്കുരു ചുട്ടതും പൊതിഞ്ഞു കൊണ്ടുവന്ന് ഓഫീസ് ടേബിളിനടിയിൽ വെച്ച എന്റെ ബാഗിന്റെ സിബ്ബ് തുറന്ന് ആരും കാണാതെ ഒളിപ്പിച്ച് വെക്കും എന്നിട്ട് മെസഞ്ചറിൽ വന്ന് കാര്യം പറയും… ഒരു കസേരയുടെ അകലത്തിലിരിക്കുന്നവർ തമ്മിൽ മെസഞ്ചറിലൂടെ ചാറ്റ് ചെയ്യും..

വൈകുന്നേരം ഓഫീസ് വിട്ടിറങ്ങിയാൽ തോട്ടുവക്കത്തേക്ക് ചാഞ്ഞു നിൽക്കുന്ന ആഞ്ഞിലിമരത്തിന്റെ വേരിലിരുന്ന് പാടത്ത് കുട്ടികൾ പന്ത് കളിക്കുന്നതും കണ്ട് ബാഗിൽ നിന്ന് പൊതിയെടുത്ത് പുളിങ്കുരു ചുട്ടതും നാരങ്ങമിഠായിയും കഴിക്കും.. ഓരോ സമയത്തും നിഷ്കളങ്കമായ ചില ചോദ്യങ്ങളുമായി അരുണിലുറങ്ങികിടക്കുന്ന ബാല്യം ഉള്ളിലേക്ക് പടർന്നു തുടങ്ങി

ഓഫീസിലെ ലതികയുടെ കുട്ടിയുടെ പിറന്നാളിന് ക്ഷണം വന്നപ്പോൾ അരുൺ ചോദിച്ചു

“നമുക്കെന്തെങ്കിലും മോൾക്ക് ഗിഫ്റ്റായി കൊടുക്കണ്ടേ… പിന്നെ നമുക്കും ഓരോ ഡ്രസ് എടുക്കണ്ടേ.. ഒരു ഫംഗ്ഷനല്ലേ അടിപൊളിയാവട്ടെ..”

“ഉം.. വേണം.. നമുക്ക് സൺഡേ പോകാം.. ഞാൻ ഈ ആഴ്ച വരുന്നില്ലെന്ന് അമ്മയോട് പറയാം..”

ഞായറാഴ്ച ടൗണിലേക്കുള്ള ബസിൽ കയറി അരുൺ പറഞ്ഞ ടെക്സ്റ്റൈൽസിൽ കയറി.. ഡ്രസുകൾ സെലക്ട് ചെയ്യുന്നതിനിടയിൽ മഞ്ഞ നിറത്തിലുള്ള ചുയിദാറെടുത്ത് കാണിച്ച് അരുണിനോട് ചോദിച്ചു

” ഈ ഡ്രസ് എങ്ങനെയുണ്ട്.. എനിക്ക് ചേരുമോ.. ”

” കൊള്ളാം… നീയതിട്ടാൽ കായ്ക്കറിയിൽ കൊണ്ടോയി നാട്ടി നിർത്താം..”

“കുറച്ചൊക്കെ കളർ സെൻസ് വേണ്ടേ.. നീ തനി നാട്ടിൻപുറക്കാരി തന്നെ..”

അരുൺ തന്നെ ഒരു ഡ്രസ് എടുത്ത് അത് ശരീരത്തിൽ വെച്ച് നോക്കി സ്വയം പറഞ്ഞു… കൊള്ളാം..

പിന്നെ എന്റെ മൂക്കിൽ പിടിച്ച് വലിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു

” പാറൂസേ… ഇതാണ് നിനക്ക് ചേരുന്ന ഡ്രസ് ഇതിട്ടാൽ മതി.. ”

മൂക്കിൽ പിടിച്ചത് ആരെങ്കിലും കണ്ടോ എന്നത് മാത്രമായിരുന്നു അപ്പോൾ ചിന്ത

അരുണിന് ഡ്രസ് സെലക്ട് ചെയ്തപ്പോൾ ചോദിച്ചു

“നീതൂ.. ഇതെനിക്ക് എങ്ങനുണ്ട് ചേരുമോ…”

“സൂപ്പർ… ഇത് മതി”

“ഇതുമതിയെങ്കിൽ മതി… നിക്കിഷ്ടമായതെല്ലാം എനിക്കുമിഷ്ടമാണ്.. ”

എല്ലാസാധനത്തിന്റെയും ബിൽ കൊടുത്ത് പുറത്തിറങ്ങിയപ്പോൾ റോഡരികിലെ പൂമരത്തിന്റെ ചുവട്ടിൽ നിർത്തിയിട്ട കോൽ ഐസ് വിൽക്കുന്ന വണ്ടിക്കരികിലേക്ക് അരുൺ നടന്നപ്പോൾ വേണ്ടെന്ന് വിലക്കി

” നീയെന്തിനാ നാണിക്കുന്നത് പണ്ട് നമ്മളൊക്കെ എത്ര കഴിച്ചതാണിത്.. നീ വന്നേ.. നമുക്കോരോ കോലൈസ് വാങ്ങി.. ദാ.. ആ കാണുന്ന മതിലിൽ കയറിയിരുന്ന് അത് കഴിച്ച് തീർത്ത് പോകാം..”

സത്യത്തിൽ ഉള്ളിലങ്ങനൊരു ആഗ്രഹം തോന്നിയിരുന്നു..

എല്ലാദിവസവും ഇതുപോലെ ഓരോ കുസൃതിതരങ്ങളുമായി വരുന്ന അരുണിന് അമ്മമ്മ പറഞ്ഞ കഥകളിലെ നാട്ടിടവഴിയിലെ ഇലഞ്ഞിപൂ മണമുള്ള സന്ധ്യകളിൽ ഭൂമിയിലേക്ക് കന്യകമാരെ തേടിയെത്തുന്ന ഗന്ധർവന്റെ മുഖം ചാർത്തി കൊടുത്തു…

മാസങ്ങളോരോന്നായി കടന്നുപോയി മധസിൽ അറിയാതെ വളർന്ന ഇഷ്ടം അരുണിനോട് തുറന്നു പറയാനൊരു അവസരത്തിനായി കാത്തിരുന്നു.. പക്ഷേ ഒരിക്കൽ പോലും അരുൺ പ്രണയാതുരമായി സംസാരിച്ചിട്ടില്ല ല്ലോ.. വാത്സല്യമാണോ സ്നേഹമാണോ പ്രണയമാണോ അരുണിനെന്നോടെന്നത് എങ്ങനെ തിരിച്ചറിയാനാണ്… അരുണിനെല്ലാം കുട്ടിക്കളിയാണല്ലോ…

ഓണത്തിനോടനുബന്ധിച്ച് ഓഫീസിൽ പൂക്കളമിടാനായി എല്ലാവരും സെറ്റുസാരിയും മുണ്ടും ഷർട്ടുമായി വന്നപ്പോൾ അരുൺ ജുബ്ബയും മുണ്ടുമായി വന്നത് എല്ലാവർക്കും ഇഷ്ടായി..

ലതിക പറഞ്ഞു..

“ശരിക്കും മലയാളി മങ്കനായത് അരുണാണ്..”

ഉടനടി അരുണിന്റെ മറുപടി വന്നു

“അതെ ഒരുകൂട്ടം മങ്കികൾക്കിടയിലൊരു മങ്കൻ അല്ലേ..

എല്ലാവരും അത് കേട്ട് ചിരിച്ചപ്പോൾ കൂട്ടത്തിൽ പങ്കുചേർന്നു… ഇടക്ക് അരുണിനെ നോക്കിയപ്പോൾ അയാളെന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു…

പൂക്കളമിടൽ കഴിഞ്ഞ് എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങിയപ്പോൾ അരുൺ ഓഫീസിന് പുറത്ത് പൂമരചോട്ടിൽ സിഗററ്റ് വലിച്ചുകൊണ്ട് ആരോടോ സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു പിന്നെ ഫോൺ കട്ട് ചെയ്ത്.. ദേഷ്യത്തോടെ സിഗററ്റ് കുറ്റി വലിച്ചെറിഞ്ഞ് വേറൊരു സിഗററ്റിന് തീകൊളുത്തിയത് കണ്ടപ്പോൾ എന്തോ ടെൻഷനുണ്ടെന്ന് തോന്നി

സീറ്റിൽ നിന്നെണീറ്റ് അരുൺ നിൽക്കുന്നിടത്തേക്ക് ചെന്നു.. പിറകിലൂടെ ചെന്ന് മയത്തിൽ ചോദിച്ചു

“എന്താ പറ്റീത്.. നല്ല ടെൻഷനിലാണല്ലോ…”

“ഒന്നുമില്ല….”

“എന്നോട് പറയാനാവാത്തതാണെങ്കിൽ വേണ്ട…”

“പറയാനാവാത്തതല്ല…. എനിക്ക് ട്രാൻസ്ഫർ കിട്ടി നാട്ടിലേക്ക്.. ദാ.. ഇപ്പോൾ വിളിച്ചത് ട്രാൻസ്ഫറിന്റെ കാര്യം പറയാനാണ്”

“ഉള്ളിലെ നീറ്റൽ പുറത്ത് കാണിക്കാതെ ചോദിച്ചു അതിനെന്തിനാണ് ടെൻഷൻ.. സ്വന്തം നാട്ടിലേക്കല്ലേ… ”

“അത് പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല നീതു..”

” ഞാനൊരു കാര്യം ചോദിച്ചോട്ടെ.. ”

” വേണ്ട.. നീ ചോദിക്കാൻ പോകുന്നതെന്താണെന്നെനിക്കറിയാം.. അതുകൊണ്ട് വേണ്ട… ”

” ഈ ഞായറാഴ്ച നിനക്കെന്താ പരിപാടി.. വീട്ടിൽ പോകുന്നുണ്ടോ.. ”

” ഇല്ല… ”

” എനിക്ക് അടുത്ത ബുധനാഴ്ച നാട്ടിലെ ഓഫീസിൽ ജോയിൻ ചെയ്യണം.. അതിന് മുമ്പ് നീ എന്റെ കൂടെ ഒരിടം വരെ വരുമോ”

“എവിടേക്കാണ്… ”

” എന്റെ അച്ഛനും അമ്മയും നിന്നെ കാണണമെന്ന് പറയുന്നുണ്ട്.. ഞാൻ കൊണ്ടുവരാം എന്ന് നിന്നോട് ചോദിക്കാതെ അവർക്ക് വാക്കു കൊടുത്തുപോയി.. നീ വരുമോ.. ”

മനസിൽ ഒരായിരം മഴവില്ലുകൾ വിരിഞ്ഞ പോലൊരു തോന്നലുണ്ടായി… ഇടമഴ കിട്ടി തളിർത്ത കറുകതലപ്പിന്റെ ലാളിത്യത്തോടെ മറുപടി കൊടുത്തു

” ഞാൻ വരില്ലെന്ന് പറഞ്ഞില്ലല്ലോ.. എനിക്ക് വിശ്വാസമാണ് നിങ്ങളെ.. ”

” ഉം.. എങ്കിൽ ഞായറാഴ്ച കാണാം.. ”

ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ എണീറ്റ് കുളി കഴിഞ്ഞ് അമ്പലത്തിൽ പോയി സകല ദൈവങ്ങളെയും പ്രാർത്ഥിച്ച് ടൗണിലേക്ക് ബസ്കയറി..ടൗണിലെത്തി ബസിറങ്ങിയപ്പോൾ ബൈക്കുമായി അരുൺ കാത്തു നിൽക്കുന്നുണ്ടായിരുന്നു

” ബൈക്കിലാണോ പോകുന്നത്”

“നടന്നു പോകണോ… എന്നാൽ വാ.. നടക്കാം… നാൽപ്പത്തഞ്ച് കിലോമീറ്റർ നടന്നെന്ന് കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല..”

“അതല്ല… ആരെങ്കിലും കണ്ടാലെന്ത് വിചാരിക്കും..”

“ആളുകളെന്ത് വിചാരിക്കുമെന്നോർത്ത് ജീവിക്കാൻ തുടങ്ങിയാൽ പിന്നെ നമ്മൾ ജീവിക്കീന്നുണ്ടെന്ന് പറയുന്നതിലെന്തർത്ഥമാണുള്ളത്.. നീ കയറിക്കേ… വെറുതെ അതും പറഞ്ഞ് സമയം കളയണ്ട.. ”

മടിച്ച് മടിച്ച് ബൈക്കിൽ കയറിയിരുന്നു.. ബൈക്ക് ഓടി തുടങ്ങിയപ്പോൾ ശരീരങ്ങൾ തമ്മിലുരസി തുടങ്ങി… അതൊന്നും അറിയുന്നില്ലെന്ന പോലെ അരുൺ വണ്ടിയോടിച്ചു കൊണ്ടിരുന്നു

വഴി നീളെ കണ്ട കാഴ്ചകൾക്കെല്ലാം ഒരേ നിറമായിരുന്നു.. പ്രണയത്തിന്റെ വാകപൂക്കളുടെ നിറം… കാറ്റിന് ഇലഞ്ഞിപൂവിന്റെ മണവും..

കാലപഴക്കത്താൽ ദ്രവിച്ചു തുടങ്ങിയ ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി.. ഇറങ്ങി..

അരുൺ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു

“അമ്മേ… അച്ഛാ… ആരാ വന്നിരിക്കണേന്ന് നോക്കിക്കേ..”

വൃത്തിയായി വസ്ത്രം ധരിച്ച മധ്യവയസ്ക്കരായ അച്ഛനുമമ്മയും ഉമ്മറഞ്ഞേക്കിറങ്ങി വന്നു… പിന്നെ അടിമുടി എന്നെ നോക്കി കൊണ്ട് പറഞ്ഞു

“ഉണ്ണീ.. നീ പറഞ്ഞപ്പോൾ ഇത്രേം നിരീച്ചില്യ..”

അത് പറയുമ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു

അമ്മ മുറ്റത്തേക്കിറങ്ങി വന്ന് കൈപിടിച്ച് അകത്തേക്ക് കയറ്റിയപ്പോഴേക്കും കൊണ്ടുവന്നയാൾ അപ്രത്യക്ഷനായിരുന്നു…

വലതുകാൽ വെച്ച് വീടിന്റെ പടികയറിയപ്പോൾ ഉള്ളിൽ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങി

അകത്തെത്തിയ ഉടൻ അച്ഛനും അമ്മയും ചേർത്ത് പിടിച്ച് ഉമ്മവെച്ചപ്പോളേക്കും അമ്മയുടെ കണ്ണീർ കവിളിലൂടെ ഊർന്നിറങ്ങിയിരുന്നു… ഇടറിയ ശബ്ദത്തോടെ അമ്മ പറഞ്ഞു

“ഉണ്ണി നിന്നെ കണ്ട അന്ന് തന്നെ എന്നെ വിളിച്ച് പറഞ്ഞു… എനിക്കിനി ഇവിടെ നിന്ന് പോരാനാവില്ലെന്ന്.. എന്റെ അച്ചൂനെ ഞാൻ കണ്ടെന്ന്.. അതേ രൂപവും കുസൃതിത്തരങ്ങളും എല്ലാം നിനക്കുണ്ടെന്ന്… പക്ഷേ ഞാനിത്ര കരുതിയില്ല… നീ ഞങ്ങടെ അച്ചു തന്നെ… നീ മുകളിലേക്ക് ചെല്ല് അച്ചൂന്റെ മുറിയൊന്ന് കാണ്… അച്ചൂനെ…. ബാക്കി മുഴുമിപ്പിക്കാതെ അമ്മ അച്ഛന്റെ തോളിലേക്ക് ചാരി..

ഒന്നും മനസിലാകാതെ മിഴിച്ച് നിൽക്കുമ്പോൾ അരുൺ വന്ന് കയ്യിൽ പിടിച്ച് മുകളിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയി അതുവരെ കാണാതിരുന്ന അരുണിന്റെ വേറൊരു മുഖം അപ്പോൾ കണ്ടു..
നിറഞ്ഞ കണ്ണുള്ള അതുവരെ കണാത്തൊരു മുഖം….

മുറിതുറന്ന് അകത്തേക്ക് കയറിയപ്പോൾ ചുമരിൽ തൂക്കിയ ഫോട്ടോയിലേക്ക് ഒന്നേ നോക്കിയുള്ളൂ….ഈശ്വരാ..അതെന്റെ പടമാണല്ലോ… അപ്പോൾ.. ഞാനെന്നേ മരിച്ചവളാണോ..?

അതേമുഖം.. അതേ പുഞ്ചിരി.. മുടിക്ക് മാത്രം അല്പം മാറ്റമുണ്ടോ… ഇല്ല… അതെന്റെ തോന്നലാണ്… അത് ഞാൻ തന്നെയാണ്…

പിറകിൽ വന്ന് അരുൺ പറയുന്നത് കേട്ടു…

“എന്റെ അനിയത്തിയാണ്.. എന്നെക്കാൾ നാല് വയസിന് ഇളയതായിരുന്നു… കഴിഞ്ഞവർഷം ഒരു സന്ധ്യക്ക് അമ്പലക്കുളത്തിൽ വീണ് മരിച്ച എന്റെ എല്ലാമായ അനുജത്തി… എന്റെ കുസൃതിത്തരങ്ങൾക്ക് കൂട്ടായി അവളെന്നുമെന്റെ കൂടെ ഉണ്ടായിരുന്നു… നിന്നെ കണ്ട അന്ന് മുതൽ അവൾ ജീവിച്ചിരിപ്പുണ്ടെന്ന് ഞാൻ വിശ്വസിച്ചു തുടങ്ങിയിരുന്നു..
എനിക്ക് നിന്നെ എന്റെ അച്ചുവായി മാത്രമേ കാണാനാവൂ.. നീയാണെന്റെ എല്ലാം… അതു പറഞ്ഞ് ചേർത്തണക്കുമ്പോൾ വാതിൽ പടിയിലതുനോക്കി നിന്ന അച്ഛനും അമ്മയും കണ്ണ് തുടക്കുന്നത് കണ്ടു.. മനസിലെ ഗന്ധർവ്വൻ ഏട്ടനായി മാറുന്നതറിഞ്ഞു… ആ നെഞ്ചിലെ ചൂടിൽ തനിക്കില്ലാതെ പോയ ഏട്ടന്റെ നെഞ്ചിടിപ്പ് കേട്ടു…അകലെ ഒരു ഇലഞ്ഞിതറയിൽ ഇലഞ്ഞിപൂക്കൾ വീണുകിടന്നു… അമ്പലക്കുളത്തിലെ ഇരുളടഞ്ഞ ആഴങ്ങളിൽ നിന്ന് അച്ചുവിന്റെ വിളറിയ മുഖത്ത് പുഞ്ചിരി പടർന്നു… മറ്റൊരു സന്ധ്യയുടെ വരവറിയിച്ച് ഇലഞ്ഞി പൂ മണമുള്ള കാറ്റ് അവരെ തലോടി കടന്നു പോയി…

രമേഷ് കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here