Home Latest അവൾ മിഴികൾ കൂമ്പിയടച്ച് അയാളുടെ മാറിൽ ചേർന്നു കിടന്നു അതുവരെ പെയ്യാത്ത അനുരാഗത്തിന്റെ പുതുമഴ അവരുടെയുള്ളിൽ...

അവൾ മിഴികൾ കൂമ്പിയടച്ച് അയാളുടെ മാറിൽ ചേർന്നു കിടന്നു അതുവരെ പെയ്യാത്ത അനുരാഗത്തിന്റെ പുതുമഴ അവരുടെയുള്ളിൽ പെയ്തു തുടങ്ങുകയായിരുന്നു… Part – 2(അവസാനഭാഗം)

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

മരുഭൂമിയിലെ മരുപ്പച്ചകൾ Part – 2 (അവസാനഭാഗം)

രചന : രമേഷ് കൃഷ്ണൻ

പിന്നീടുള്ള ദിവസങ്ങളിൽ അവർ എന്നും ബീച്ചിൽ കണ്ടുമുട്ടും.. തുറന്ന് പറയാത്ത വേനലുകൾ ഉള്ളിലൊളിപ്പിച്ച് അവർ തിരമാലകളെണ്ണി സായംസന്ധ്യയുടെ മനോഹാരിതയിൽ തിളങ്ങി നിന്ന അറബിനാടിന്റെ സൗന്ദര്യം ആവോളമാസ്വദിച്ചു… അവരാദ്യമായി ഒരുമിച്ചിരുന്ന ബെഞ്ചിലെ രണ്ടാൾക്കിരിക്കാനുള്ള അകലം പതുക്കെ പതുക്കെ അടുത്തടുത്ത് വന്നു… ഒരു നിശ്വാസത്തിന്റെ അകലത്തിലെത്തിയപ്പോൾ എന്തോ ഓർത്തവർ പിടഞ്ഞു മാറി…

അവൾക്ക് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ അയാളും ഉറക്കം കളഞ്ഞ് വാട്സപ്പിലിരുന്നു… സൂപ്പർ വൈസർ പലതവണ അവൾക്ക് വാണിംഗ് കൊടുത്തു… ഒരിക്കൽ പോലും താൻ ഭർത്താവിന് പോലും ഇത്രയധികം സംസാരിച്ചിട്ടില്ലല്ലോയെന്നോർത്ത് അവളും… ഭാര്യയോട് പോലും ഇത്രയധികം സംസാരിച്ചിട്ടില്ലല്ലോയെന്നോർത്ത് അയാളും വേവലാതി പൂണ്ടു…

ഓരോ ദിനം ചെല്ലുന്തോറും കാണാതിരിക്കാനും സംസാരിക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത് അവരറിഞ്ഞു..

നാട്ടിൽ നിന്നും ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റുമായെത്തുന്ന മെസേജുകൾ അവർ മറന്നു തുടങ്ങി ഇടക്കെപ്പോഴോ നാടും…

ഒരു വെള്ളിയാഴ്ച ദിവസം ലീവായതിനാൽ അവൾ റൂമിൽ അല്ലറചില്ലറ ക്ലീനിംഗുമായിരിക്കുകയായിരുന്നു.. ബാലചന്ദ്രന് ലീവാണെങ്കിലും ഉച്ചവരെ വാഷിംഗും ക്ലീനിംഗും ഉണ്ടെന്ന് പറഞ്ഞതിനാൽ ഉച്ചവരെ റൂമിലിരിക്കാമെന്ന് കരുതി.. പതിവിന് വിപരീതമായി നിറയെ മഴക്കാറുമൂടി മൂടികെട്ടിയ അന്തരീക്ഷമായിരുന്നു അന്ന്…

ഫോൺ ബെല്ലടിക്കുന്നത് കേട്ട് ബാലചന്ദ്രനാവുമെന്ന് കരുതി ഓടിചെന്നപ്പോൾ നാട്ടിൽ നിന്നുള്ള കോളാണെന്ന് കണ്ടപ്പോൾ അവൾക്ക് നിരാശതോന്നി..
ഫോണെടുത്ത ഉടനെ ഭർത്താവിന്റെ സ്വരത്തിലെ വ്യത്യാസം അവൾ തിരിച്ചറിഞ്ഞു… അത്യാവശ്യമായി അമ്പതിനായിരം രൂപ വേണമത്രേ.. ഒരു സ്ഥലത്തിന് അഡ്വാന്‍സ് കൊടുക്കാനാണെന്ന് പറഞ്ഞു കയ്യിലിപ്പോൾ പൈസയില്ലെന്ന് പറഞ്ഞപ്പോൾ വഴക്കായി… അതിനിടയിൽ മോൻ പറയുന്നത് കേട്ടു…

“മമ്മി നാട്ടിലേക്ക് വരുന്നില്ലെങ്കിൽ വേണ്ട… പ്ലീസ്… പപ്പയൊന്ന് പറയൂ സ്പൈഡർമാന്റെ മുഖം മൂടിയും ഡ്രസും ആരുടെയെങ്കിലും കയ്യിൽ കൊടുത്ത് വിടണമെന്ന്…”

അവൾ ഒന്നും പറയാതെ കോൾ മുഴുവനാക്കാതെ കട്ട് ചെയ്തു… ഊറികൂടിയ കണ്ണീർ തുടച്ചു…
പപ്പയും മമ്മിയും മരിക്കുന്നതിന് മുമ്പേ മൂന്ന് ഏക്കർ റബർ തോട്ടവും വീടിരിക്കുന്ന നാല്പത്തിയഞ്ച് സെന്റ് സ്ഥലവും സ്ത്രീധനമായി കൊടുത്തതാണ്… ഭർത്താവിന്റെ പിടിപ്പുകേടുകൊണ്ട് ഇനി പതിനഞ്ച് സെന്റ് ഭൂമിയും ഇരിക്കുന്ന വീടും മാത്രമേ ബാക്കിയുള്ളൂ… വീണ്ടും വീണ്ടും പൈസക്ക് വേണ്ടിമാത്രം വിളിക്കുന്നത് കേട്ടപ്പോൾ അയാളുടെ ഉള്ളിൽ തനിക്കുള്ള സ്ഥാനമെന്താണെന്നവൾ വെറുതെ ഓർത്തു…

നൊന്തുപെറ്റ മകനുപോലും താനൊരു എ. ടി. എം മെഷ്യൻ മാത്രമായി പോയതോർത്തപ്പോൾ അവളുടെ തൊണ്ടയിൽ ഒരു തേങ്ങൽ വന്നു തട്ടി… തൊണ്ടയിടറി.

ഉച്ചയായപ്പോഴേക്കും ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു…
ബാലചന്ദ്രനെ വിളിച്ചാലോ…എന്നോർത്തു..

ലീവായതിനാൽ രാവിലെ മുതൽ ഒരാഴ്ചത്തെ ഡ്രസ് അലക്കലും റൂം ക്ലീനിംഗ് മായിരുന്നു… ഡ്രസ്സെല്ലാം അലക്കി തേച്ച് മടക്കി വെച്ച് ഉച്ചക്ക് മെസ് ഭക്ഷണം കഴിച്ച് റൂമിൽ വന്ന് അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടന്നു.. നാട്ടിലാണെങ്കിൽ മഴ കാണാൻ എന്തു ഭംഗിയായിരിക്കുമെന്നയാളോർത്തു..
ചാറ്റൽമഴകൊണ്ട് ഇടക്കിടെ മാനത്തേക്ക് നോക്കി വീടിനു പിറകിലെ വെട്ടുവഴിയിലൂടെ ഓടിയിറങ്ങുമ്പോൾ ചെരുപ്പിൽ നിന്ന് തെറിച്ച ചെളിവെള്ളം മുണ്ടിന്റെ പിറക് വശത്ത് തീർക്കുന്ന പുള്ളികുത്തുകൾ… പാതിയിലധികം നനഞ്ഞ ഷർട്ടൂരി ഉമ്മറത്തിട്ട് അകത്തേക്ക് നടക്കുമ്പോൾ

” ഉള്ള മഴചാറലൊക്കെ കൊണ്ട് പനി പിടിച്ച് ഒരു മൂലക്ക് കിടന്നോ…” എന്ന അമ്മയുടെ സ്നഹശാസനങ്ങൾ..
മഴകനക്കുമ്പോൾ ഉമ്മറത്തിരുന്ന് കട്ടനൂതി കുടിച്ചതും ഉള്ളിചമ്മന്തി കൂട്ടി കൊള്ളി പുഴുങ്ങിയത് കഴിച്ചതും ഇന്നലെ കഴിഞ്ഞത് പോലെ ഓർമ്മയിൽ വന്നു…

ചുട്ടുപൊള്ളി കിടക്കുന്ന ഈ മരുഭൂമിക്കറിയില്ലല്ലോ നാട്ടിലെ മഴയുടെ കുളിരും തണുപ്പും…
ഓരോന്നോർത്ത് ഇടക്ക് ഒന്നുമയങ്ങിപോയി.. ഫോൺ ബെല്ലടിക്കുന്നത് കേട്ട് അയാൾ ഞെട്ടിയുണർന്നു…

” ഹലോ…. ഞാനാണ്.. എന്താ പരിപാടി..പണിയൊക്കെ കഴിഞ്ഞോ.. ഫുഡ് കഴിച്ചോ… ”

സാന്ദ്രയാണ്…

” നമുക്ക് ഒന്ന് പുറത്ത് പോയാലോ..ഒട്ടങ്ങളെ മേക്കുന്നവരുടെ ഷെഡിൽ പോയിരുന്ന് മരുഭൂമിയിൽ മഴപെയ്യുന്നത് കണ്ടാലോ… അല്ലെങ്കിൽ ബീച്ചിനു സൈഡിലുള്ള കടൽക്കരയിലേക്ക് തുറക്കുന്ന ജനാലകളുള്ള റെസ്റ്റോറന്റിൽ പോയിരുന്ന് ഓരോ ബ്ലാക്ക് കോഫീ കുടിച്ചാലോ… ”

അയാളും അപ്പോഴത് തന്നെയാണ് ആഗ്രഹിച്ചത്….
അവളുടെ ശബ്ദത്തിനെന്തോ ഇടർച്ചയുള്ള പോലെ അയാൾക്ക് തോന്നി… അവളുടെ ശബ്ദവ്യതിയാനങ്ങൾ പോലും ഇപ്പോൾ അയാൾക്ക് ഹൃദിസ്തമായിരുന്നു…

” ഉം… പോകാം… റെഡിയായി റോഡിലിറങ്ങി നിൽക്ക്..
ഞാൻ വരാം ”

ഇത്രയും പറഞ്ഞ്
അയാൾ പെട്ടെന്ന് ഡ്രസ് മാറി പുറത്തിറങ്ങി… ചാറ്റൽ മഴ കൊള്ളാതിരിക്കാൻ തലയിൽ കൈവെച്ച് നിരന്ന് കിടക്കുന്ന കടകളുടെ വരാന്തയിലൂടെ നടന്നു…

അവൾ അന്ന് പതിവിലും ഭംഗിയായി അണിഞ്ഞൊരുങ്ങി ചുരിദാറിന് പകരം സ്കൈബ്ലൂ കളറിൽ വെള്ള പൂക്കളുള്ള സാരിയുടുത്തു…അതിന് മാച്ച് ചെയ്യുന്ന കമ്മലും വളകളുമിട്ട് കണ്ണാടിയുടെ മുന്നിൽ അല്പനേരമിരുന്നു… തന്റെ ഭർത്താവിനോടാണ് ഈ സമയത്ത് പുറത്ത് പോകാമെന്ന് പറയുന്നതെങ്കിൽ കിട്ടുന്ന പ്രതികരണം എന്താകുമെന്നവളോർത്തു..

അവൾ റോഡിലെത്തിയപ്പോഴേക്കും മഴ ശക്തിയായി തുടങ്ങിയിരുന്നു… കയ്യിലുള്ള ബാഗിൽ നിന്നും കുടയെടുത്ത് നിവർത്തി അവൾ നടന്നു തുടങ്ങി….

ദുരെ നിന്നു തന്നെ കുട ചൂടി വരുന്ന അവളെ അയാൾ കണ്ടു… ഇന്ന് പതിവിലധികം സൗന്ദര്യം അവൾക്കുണ്ടെന്നയാൾക്ക് തോന്നി..

“കുറേ നേരമായോ വന്നിട്ട്… കാത്ത് നിന്ന് മുഷിഞ്ഞോ…”

അവളുടെ ചോദ്യത്തിന് ഇല്ലെന്ന് അയാൾ മറുപടി പറയുമ്പോഴും അയാളുടെ കണ്ണുകൾ അവളുടെ മേൽ ഓടിനടക്കുകയായിരുന്നു… അവളുടത്ത് വന്ന് നിന്നപ്പോൾ യാർഡ്ലി പൗഡറിന്റെ മണം അവിടമാകെ പരന്നു….

ആദ്യം വന്ന ടാക്സിയിൽ അവർ കയറി ടൗണിൽ നിന്ന് മാറി ആളൊഴിഞ്ഞ ഒട്ടകങ്ങളെ നോക്കുന്നവർക്കായി കെട്ടിയിട്ട താല്ക്കാലിക ഷെഡ് ലക്ഷ്യമാക്കി കാർ കുതിച്ചു…

മഴ ശക്തിപെട്ടതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു… കാറിൽ നിന്നിറങ്ങി കാറിന്റെ വാടകകൊടുത്ത് പുറത്തിറങ്ങിയപ്പോൾ അവൾ കുടനിവർത്തി.. ഒരു കുടയിൽ അവർ രണ്ടുപേരും ദൂരെ കാണുന്ന ഷെഡിനെ ലക്ഷ്യമാക്കി നടന്നു…

മഴതുള്ളികൾ തട്ടി അവളുടെയും അയാളുടെയും ഓരോ വശങ്ങൾ നനഞ്ഞു തുടങ്ങിയിരുന്നു.. കൂടുതൽ നനയാതിരിക്കാൻ അവർ ചേർന്ന് നടക്കാൻ തുടങ്ങി ഇടക്ക് കൈകൾ തമ്മിൽ മുട്ടിയുരുമ്മി.. ശരീരത്തിലേക്ക് ഒരു ചൂട് വ്യാപിക്കുന്നതായി അവർക്ക് തോന്നി..മഴയിൽ നനഞ്ഞ് കുതിർന്ന മണലിൽ ഇടക്കിടെ അവരുടെ കാലുകൾ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു….

കുട മടക്കി ഷെഡിനകത്തേക്ക് കയറി… ഒട്ടകത്തിനെ മേക്കുന്നവർക്ക് ക്ഷീണം മാറ്റാനായി താല്ക്കാലികമായി മരപലക കൊണ്ട് കെട്ടിയ ഒരാൾക്ക് കിടക്കാൻ പാകത്തിലുള്ള ഒരു കട്ടിൽ.. ഷെഡിന്റെ മൂലയിലായി വലിയ കന്നാസുകളിൽ വെള്ളം നിറച്ച് വെച്ചിരുന്നു… ഒട്ടകപാലിന്റെ മണം അവിടമാകെ പരന്നു നിന്നു..

അവളുടെ കയ്യിലുണ്ടായിരുന്ന ബാഗ് കട്ടിലിൽ വെച്ച് കുടയിലെ വെള്ളം തോരാനായി ഷെഡിന്റെ മൂലയിൽ കുട നിവർത്തി വെച്ചു അവർ കട്ടിലിലിരുന്നു… പുറത്ത് മഴ തിമർത്ത് പെയ്ത് തുടങ്ങിയിരുന്നു.. പുകപടർന്ന പോലെ പെയ്യുന്ന മഴനോക്കി ആളൊഴിഞ്ഞ മരുഭൂമിയിൽ രണ്ടാത്മാക്കൾ കട്ടിലിൽ കാലാട്ടിയിരുന്നു…

ഉച്ചക്ക് വീട്ടിൽ നിന്ന് വിളിച്ചതും പൈസ ആവശ്യപെട്ടതും എല്ലാം അവൾ അയാളോട് പറയുന്നുണ്ടായിരുന്നു.. നിറഞ്ഞു വന്ന കണ്ണുകൾ അവൾ ഇടക്കിടെ തുടച്ചു… ഇടക്ക് ചെറിയ ഏങ്ങലടികൾ.. ആദ്യമായി അവൾ മനസ് തുറന്നു… അയാളും…

അറിയാതെ അയാളുടെ കൈകൾ അവളുടെ കണ്ണീർ തുടച്ചു.. എന്നിട്ട് അവളോടായി പറഞ്ഞു…

” നമ്മൾ ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ് സാന്ദ്ര…. നമുക്കെന്നും നമ്മൾ മാത്രമേയുള്ളൂ..”

അതുവരെ ഞാനെന്നും നീയെന്നും മാത്രം കേട്ട് ശീലിച്ച അവൾക്ക് നമ്മളെന്ന വാക്ക് ഒരു അത്ഭുതമായി തോന്നി… അവൾ വിടർന്ന കണ്ണുകളോടെ അയാളെ നോക്കി

” എന്താ പറഞ്ഞത്… നമ്മളെന്നോ.. അങ്ങനെയൊരു വാക്ക് ഞാൻ ജീവിതത്തിലാദ്യമായി കേൾക്കുകയാണ്… വിവാഹശേഷം ഞാൻ ആ വാക്ക് കേട്ടിട്ടില്ല… ഞാൻ എന്നും നീ എന്നും മാത്രം.. പിന്നെ കുറെ ചുവരുകളും.. രാത്രികളിലെ ബ്രാന്ഡിമണമുള്ള വഴിപാട് പോലുള്ള ചില ശീൽക്കാരങ്ങളും മാത്രമായിരുന്നു എന്റെ ലോകം…എന്നെ മനസ്സിലാക്കാനോ എന്നെ അറിയാനോ ആർക്കും നേരമുണ്ടായിരുന്നില്ല”

അവളുടെ ഇറക്കിവെട്ടിയ ബ്ലൗസിനു പിറകിൽ ചെമ്പൻ രോമങ്ങൾ എണീറ്റു നിന്ന കഴുത്തിലൂടെ അയാൾ കയ്യിട്ട് വെള്ളതുള്ളികൾ പറ്റിപിടിച്ച അവളുടെ ആലില വയറിൽ അയാൾ കൈകളമർത്തി അവളെ ചേർത്തു പിടിച്ചു… മുടിയിഴകൾ വകഞ്ഞ് മാറ്റി പിൻകഴുത്തിൽ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു പിന്നെ അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു…

” ഇനിമുതൽ ഞാനും നീയുമില്ല… നമ്മൾ മാത്രം.. നിന്റെ വേദനകളെല്ലാം എന്റേതുകൂടിയാണ് ”

അവൾ മിഴികൾ കൂമ്പിയടച്ച് അയാളുടെ മാറിൽ ചേർന്നു കിടന്നു അതുവരെ പെയ്യാത്ത അനുരാഗത്തിന്റെ പുതുമഴ അവരുടെയുള്ളിൽ പെയ്തു തുടങ്ങുകയായിരുന്നു…

നാട്ടിലേക്ക് പോകുന്നതിന് ലീവ് കിട്ടിയപ്പോൾ സാന്ദ്ര വിളിച്ചു…

” ലീവ് കിട്ടുമോ എന്നലൊരുമിച്ച് പോകാം..”

” കമ്പനിയിൽ ചോദിക്കട്ടെ… ശരിയാക്കാം..”

എന്നയാൾ പറഞ്ഞു

മാനേജരുമായി സംസാരിച്ച് അയാൾ ലീവ് ശരിയാക്കി… ടിക്കറ്റ് ബുക്ക് ചെയ്യാൻ അവർ രണ്ടുപേരും കൂടി ഒരുമിച്ച് പോയി… അടുത്തടുത്ത സീറ്റുകൾ ബുക്ക് ചെയ്തു..

നാട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴേക്കും ആവശ്യങ്ങളുടെ നീണ്ട നിര വാട്സപ്പ് മെസേജുകളായി അവരുടെ ഫോണുകളിൽ വന്ന് നിറഞ്ഞു….

പോകുന്നതിന് തലേ ദിവസം രണ്ടുപേരും ലീവാക്കി… സാധനങ്ങൾ പർച്ചേസ് ചെയ്തു.. അവർ ആദ്യമായി കണ്ടുമുട്ടിയ എന്നും പോയിരിക്കാറുള്ള ബീച്ചിൽ മനസും ശരീരവും ഒന്നായ രണ്ടാത്മാക്കൾ അകലം സൃഷ്ടിക്കാത്ത ബെഞ്ചിൽ തൊട്ടുരുമ്മിയിരുന്നു…

“എന്നാണിനി തിരിച്ചിങ്ങോട്ട്…” പെട്ടെന്നുള്ള അയാളുടെ ചോദ്യത്തിന് അവൾ മറുപടി പറയാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു

“ഇപ്പോൾ ഞാനാലോചിക്കുന്നത് പോകണോ എന്നാണ്…”

“പോണം… വീണ്ടും കണ്ടുമുട്ടാനായി നമുക്കല്പനാളത്തേക്ക് പിരിയാം…” അവളുടെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടയാൾ പറഞ്ഞു..

അയാളവളുടെ മടിയിൽ കിടന്നു.. ആകാശത്ത് ദേശാടനകിളികൾ പാറി നടക്കുന്നത് നോക്കി അയാളുടെ കവിളിലൂടെ തഴുകുന്ന അവളുടെ കൈവിരലുകളുടെ മൃദുത്വത്തിൽ അയാൾ അറിയാതെ കണ്ണുകളടച്ചു

ഒരേ ദിവസം തന്നെ ടിക്കറ്റ് കിട്ടിയതിനാൽ ഒരു ടാക്സി വിളിച്ച് ലഗേജുകൾ അതിൽ കയറ്റി പോകുന്ന വഴിയിൽ നിന്നും അവളെ കയറ്റി എയർപോർട്ടിലെത്തി.. വൈകുന്നേര സമയമായതിനാൽ നല്ല ട്രാഫിക് ജാം ഉണ്ടായിരുന്നു.. ബോഡിംഗ് പാസെടുത്ത് ചെക്കിംഗ് കഴിഞ്ഞ് യാത്രക്കാരിരിക്കുന്ന വെയ്റ്റിങ് ലോഞ്ചിലിരുന്നു..

അവളയാളുടെ കൈകൾ മുറുക്കെ പിടിച്ചിരുന്നു…

“സാന്ദ്ര… ആളുകൾ ശ്രദ്ധിക്കും.. നാട്ടുകാരാരെങ്കിലും കണ്ടാലെല്ലാം തീരും…”

അവളയാളുടെ ചെവിയിൽ മെല്ലെ പറഞ്ഞു…

” അവൾ നാലുപാടും നോക്കി… പിന്നെ കയ്യെടുത്ത് ചുരിദാറിന്റെ ഷാൾ ശരിയാക്കി… തൊട്ടപ്പുറത്തെ ഒഴിഞ്ഞ സീറ്റിലേക്ക് മാറിയിരുന്നു..

ഫ്ലൈറ്റിൽ കയറി ടേക്ക് ഓഫ് ചെയ്തപ്പോൾ സീറ്റ് ബെൽറ്റ് ഊരി മാറ്റി… അവർ നാലുപാടും നോക്കി അറിയുന്ന ആരുമില്ലെന്നുറപ്പ് വരുത്തി

ചെറിയ കള്ളിജാലകത്തിലൂടെ വെളുത്തപഞ്ഞികെട്ടുപോലെ മേഘങ്ങൾ തൊട്ടുരുമ്മി പോകുന്നത് അയാൾ നോക്കിയിരുന്നു.. അപ്പോഴേക്കും അവൾ അയാളുടെ കൈകൾ കൂട്ടി പിടിച്ച് മാറിലേക്ക് ചാഞ്ഞ് കിടന്നിരുന്നു…

” സാന്ദ്ര.. നാട്ടിലെത്തിയാൽ ഫോൺ വിളികൾ വേണ്ട… തിരിച്ചു പോകാനായി ടിക്കറ്റെടുക്കുന്ന ദിവസം ഞാൻ വിളിക്കാം… അന്ന് നീ വന്നാൽ മതി…അതുവരെ ശ്രദ്ധിക്കണം…”

അയാൾ മെല്ലെ പറയുന്നതെല്ലാം അവൾ അയാളുടെ തോളിൽ ചാരികിടന്ന് മൂളികേട്ടു…

നാട്ടിലെ എയർപോർട്ടിലിറങ്ങി ലഗേജ് വരാനായി കാത്തുനിൽക്കുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു…

” ഇനി ഒരുമാസം… നമ്മളെങ്ങനെ…. ”
അവൾ മുഴുവനാക്കാതെ പറഞ്ഞു നിർത്തി…

“അതിനിടയിൽ നമുക്ക് തിരിച്ചു പോകാം… ഇവിടുള്ളവർക്ക് അവരുടെ ആവശ്യത്തിന് സാധനങ്ങളെത്തിക്കുന്ന കാരിയർ മാർ മാത്രമല്ലേ നമ്മൾ.. അവർക്ക് വേണ്ടതെല്ലാം കൊടുത്ത് ഒരാഴ്ചകഴിഞ്ഞ് നമുക്ക് തിരിച്ചു പോകാം… ”

ലഗേജ് രണ്ട് ട്രോളികളിൽ കയറ്റി പുറത്തേക്ക് ഇറങ്ങും മുമ്പേ അവളയാളെ കെട്ടിപ്പിടിച്ചു.. ആളുകൾ ശ്രദധിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ ട്രോളികളുന്തി അപരിചിതരെപോലെ പുറത്തേക്ക് വന്നു…

പുറത്ത് കാത്തുനിന്നവരുടെ കണ്ണ് ട്രോളിയിലെ സാധനങ്ങളിലായീരുന്നു. അയാളുടെ ഭാര്യ പുതിയ പട്ടുസാരിയുടുത്ത് പടിവാതിലിൽ തന്നെ നിന്നിരുന്നു…
” മക്കളെവിടെ…
എന്ന അയാളുടെ ചോദ്യത്തിന് ” വണ്ടിയിലുണ്ടെന്നവൾ പറഞ്ഞു.. ”

കാറ് അടുത്ത് കൊണ്ടുവന്ന് നിർത്തിയപ്പോഴും കുട്ടികൾ രണ്ടുപേരും മൊബൈൽ ഗെയിമിൽ മുഴുകിയിരിക്കുകയായിരുന്നു..

ലഗേജെല്ലാം ഒറ്റക്ക് തന്നെ വണ്ടിയിൽ വെച്ചു ഭാര്യ അപ്പോഴേക്കും മക്കളോടൊപ്പം കാറിന്റെ പിൻ സീറ്റിൽ സ്ഥാനമുറപ്പിച്ചിരുന്നു…

അയാൾ ഒരല്പം പിന്നോട്ട് മാറി സാന്ദ്ര പോയ വഴിയേ ഒന്ന് പോയി നോക്കി..
കുറച്ചപ്പുറത്തായി ഒറ്റക്ക് കാറിന്റെ ഡിക്കിയിലേക്ക് സാധനങ്ങൾ കയറ്റുന്ന സാന്ദ്രയെ അയാൾ കണ്ടു.. കാറിനുള്ളിൽ ആരോടോ ഫോണിൽ സംസാരിച്ചിരിക്കുന്നതാവും ഭർത്താവെന്നയാളോർത്തു.. കുട്ടികൾ മൊബൈൽ ഗെയിമിലായിരിക്കും..

കാറിന്റെ ഡിക്കിയടച്ച് അവൾ നാലുപാടും നോക്കുന്നത് കണ്ടപ്പോൾ തന്നെയാവും നോക്കുന്നതെന്ന് അയാൾക്കുറപ്പായിരുന്നു…

തൊട്ടുമുന്നിലെ സ്റ്റെപ്പിൽ കയറി അവളോട് ആംഗ്യം കാണിച്ചപ്പോൾ അവൾ കൈവീശികാണിച്ചു… അവൾ കയറിയ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ അയാൾ നോക്കിനിന്നു..കാറിന്റെ ജാലകത്തിലൂടെ രണ്ട് കണ്ണുകൾ അയാളെ അപ്പോഴും നോക്കികൊണ്ടിരുന്നു..

കാറിനടുത്തെത്തിയപ്പോൾ ഭാര്യ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു…

“നിങ്ങളെവിടെ പോയി കിടക്കായിരുന്നു മനുഷ്യാ… എത്ര നേരമായി ഇതിനുള്ളിലിരിക്കാൻ തുടങ്ങിയിട്ട്…”

“കൂടെ വന്ന ഒരു ഫ്രണ്ടിനെ നോക്കി പോയതാണ്…” എന്നയാളൊരു നുണ പറഞ്ഞു…

അയാൾ കാറിലിരുന്ന് ഓരോന്ന് ആലോചിച്ചു.. സ്വന്തം നാട് ഇനി ഒരുപക്ഷേ വെറുമൊരു പ്രവാസകേന്ദ്രം മാത്രമാവാൻ ഇനി അധികകാലം വേണ്ടി വരില്ലെന്നയാൾക്ക് തോന്നി…

മക്കൾ രണ്ടുപേരും അച്ഛൻ വണ്ടിയിൽ കയറിയത് അറിയാത്ത പോലെ ഗെയിമിൽ മുഴുകിയിരിക്കുന്നു…

പിറകിൽ നിന്നും ഭാര്യ ചോദിക്കുന്നത് കേട്ടു….

” ഞാൻ വാട്സപ്പിലയച്ച സാധനങ്ങളെല്ലാം കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലേ..”

“ഉവ്വ്… നീ പറഞ്ഞ സാധനങ്ങളെല്ലാമുണ്ട്… നിന്റെ ഭർത്താവൊഴികെ… അത് നീ ആവശ്യപെടാത്തതായതോണ്ട് കൊണ്ടുവന്നില്ല… അത് വേറൊരാൾക്ക് കൊടുത്തു…” അയാളുടെ മനസിൽ തോന്നിയ മറുപടി അതായിരുന്നെങ്കിലും മറുപടി വെറുമൊരു മൂളലിലൊതുക്കി സീറ്റ് ചാരിവെച്ച് കണ്ണുകളടച്ച് മയങ്ങാൻ തുടങ്ങി……..

…… ശുഭം……

രമേഷ് കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here