രചന : Ramesh Krishnan
” ഓ… രാവിലെ തന്നെ മൊബൈലിലും കുത്തിയിരിക്കാണോ… ഇയാള് എന്തെങ്കിലും കുത്തികുറിക്കും അതിന് കുറെ കോന്തൻമാരും കോന്തികളും ലൈക്കടിക്കും ആ ലൈക്കിനും കമന്റിനും വേണ്ടിയല്ലേ ഇങ്ങനെ മൊബൈലും കുത്തിപിടിച്ചിരിക്കുന്നത”…
“വല്യ ഒരു എഴുത്തുകാരൻ വന്നിരിക്കുന്നു….ആ കൊച്ചിനെ ഒന്നെടുക്ക് മനഷ്യാ…. എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്… ”
അവൾ എണീൽക്കുന്നതിന് മുമ്പേയോ അവൾ ഉറങ്ങി കഴിഞ്ഞതിന്റെ ശേഷമോ ആണ് അയാൾ എഴുതാനിരിക്കാറ്..
ഭാവനാലോകത്ത് പാറിപറന്ന് പെറുക്കി കൂട്ടിയ അക്ഷരങ്ങൾ തരംതിരിച്ച് അടർത്തിയെടുത്ത് എഴുതി തുടങ്ങിയ സൃഷ്ടിയുടെ തീരാനോവുകൾ ബാക്കിയാക്കി
ഭാര്യയുടെ അരിശപെട്ട വാക്കുകൾ കേട്ട് അയാൾ തലയുയർത്തി നോക്കി…
കലാപരമായോ സാഹിത്യപരമായോ യാതൊരു വിവരവുമില്ലാത്ത ഭാര്യയുടെ വാക്കുകൾ അയാൾക്ക് ആ സമയത്ത് അരോചകമായി തോന്നി…
എഴുതി തുടങ്ങിയ ചെറുകഥ പാതിവഴിയിൽ നിർത്തി അയാൾ കസേരയിൽ നിന്നെണീറ്റ് കരയുന്ന കുട്ടിയുടെ അടുത്തേക്ക് ചെന്നു…
കുഞ്ഞിനെയെടുത്ത് തോളിലിട്ട് ഉമ്മറത്ത് കൂടെ രണ്ടുതവണ നടന്നു..
അപ്പോഴും ചിന്ത എഴുതി മുഴുവനാക്കാത്ത കഥയെ കുറിച്ചായിരുന്നു….
വൈകുന്നേരം പതിവുപോലെ ഫേസ്ബുക്കിൽ കയറിയപ്പോൾ മെസഞ്ചറിൽ പുതിയൊരു മെസേജ് കണ്ടു
” മാഷേ… ഇന്നലെ ഇട്ട കഥ ഇഷ്ടായി… വെറൈറ്റി ഉണ്ട്..”
പിറ്റേന്ന് കാലത്ത് ഗുഡ്മോണിംഗ് മെസേജയക്കുന്ന കൂട്ടത്തിൽ തലേന്ന് കണ്ട ഐഡിയിലേക്കും മെസേജയച്ചു…
ഏതോ ഒരു ആരാധികയുടെ ജല്പനങ്ങളായേ അയാൾക്ക് തോന്നിയുള്ളൂ…
വൈകീട്ട് വീണ്ടും മെസേജ് വന്നു
“മാഷേ…. ഇയാളുടെ വരികളെല്ലാം എനിക്കിഷ്ടമാണ്… അതിൽ പലതും എന്നെ സംബന്ധിക്കുന്ന പോലെയുണ്ട്…”
“ഞാനാരെയും കുറിച്ചെഴുതുന്നതല്ല ഓരോ തോന്നലുകളാണ്….തോന്നലുകൾ മാത്രമാണല്ലോ ഞാൻ…”
മറുപടിയയച്ച് കുറച്ച് നേരം അയാൾ മിണ്ടാതെ എന്തോ ആലോചിച്ചിരുന്നു
പിന്നെ എല്ലാദിവസങ്ങളിലും ആശംസകളും അഭിപ്രായങ്ങളുമായി അവർ പരസ്പരം സംസാരിച്ചുകൊണ്ടേയിരുന്നു.
ആകാശവും നിലാവും അസ്തമയവും ജനനവും മരണവും അവർക്ക് സംസാരിക്കാനുള്ള വിഷയങ്ങളായി മാറി
പൂക്കാതെ പൂത്ത ചെടികളിലെ വാടിയ പൂക്കളെകുറിച്ചും… മകരകൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ ഇരുൾ പരന്ന സന്ധ്യകളിലെ വയറൊട്ടിയ കറുത്ത നിഴലുകളെ കുറിച്ചും.. കൂടണയാനായി പാറി പോകുന്ന പക്ഷിക്കൂട്ടങ്ങളെ കുറിച്ചും അവർ സംസാരിച്ചു കൊണ്ടേയിരുന്നു…
മിനിറ്റുകൾ മണിക്കൂറുകളായതും ദിനരാത്രങ്ങൾ കൊഴിഞ്ഞു പോകുന്നതുമറിയാതെ അവർ സംസാരിക്കാനുള്ള കാരണങ്ങൾ തിരഞ്ഞുകൊണ്ടേയിരുന്നു…
കാലദേശ ദൂരങ്ങൾ താണ്ടി സഞ്ചരിക്കുന്ന മനസിന്റെ അഗാധ നീലിമയുടെ കടലാഴങ്ങളിലേക്ക് അവർ പൊയ്ക്കൊണ്ടിരുന്നു…
അയാൾ അവളോട് സംസാരിക്കാനുള്ള സമയം കണ്ടെത്താൻ തുടങ്ങി… അവളും
പാതിരാമഴ പെയ്യുന്ന നിശാഗന്ധി പൂത്ത് തളിർത്ത ഒരു രാത്രിയിൽ ചെറുകാറ്റിലിളകിയാടുന്ന ചുവരിലെ കലണ്ടർ താളുകളിൽ കണ്ണുടക്കി കിടന്നപ്പോൾ മണിയൊച്ചയോടെ മൊബൈൽ സ്ക്രീനിൽ വന്നെത്തിയ അവളുടെ മെസേജിലേക്കയാളുറ്റു നോക്കി… കട്ടിലിന്റെ ഓരത്തായി കിടന്നുറങ്ങുന്ന ഭാര്യയെ ഇടം കണ്ണി ട്ട് നോക്കി… ഒരു ലോകവും കാലവുമറിയാതുറങ്ങുന്ന പത്നിയറിയാതെ എഴുന്നേറ്റ് ഉമ്മറകോലായിൽ വന്നിരുന്നു…
ഇത്ര നേരം ഉറങ്ങാതിരുന്നത് ഈ ഒരു മെസേജിന് വേണ്ടിയായിരുന്നല്ലോ എന്നയാളോർത്തു…
മെസേജ് തുറന്ന് നോക്കിയപ്പോൾ പ്രൊഫൈൽ പിക്ച്ചറിൽ കണ്ട ഫോട്ടോയിലേക്കയാൾ സൂക്ഷിച്ച് നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖത്തിന് പതിവിലേറെ സൗന്ദര്യമുള്ളതായി അയാൾക്ക് തോന്നി…
” മാഷേ… ഈ പാതിരാവിന്റെ നിശബ്ദതയിൽ കടലിലെ മണൽ തരികളെത്ര മർദ്ദമനുഭവിക്കുന്നുണ്ടാവും…അത്രത്തോളം എന്റെ മനസിൽ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് വീർപ്പുമുട്ടുന്നു…. ”
അവളുടെ വരികളിലെന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് അയാൾക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല..
മറുപടിയായി എന്തെഴുതും.. അവസാനം അയാളിങ്ങനെ കുറിച്ചു
” നിന്റെ മനസിന്നടിതട്ടിലെ മർദ്ദത്തിന് കാരണം ഞാനെന്ന മണൽതരിയാണോ… പക്ഷേ ഞാനിപ്പോൾ നിന്നിൽ തുടങ്ങി നിന്നിലവസാനിക്കുന്ന നേർരേഖമാത്രമായിരിക്കുന്നു….”
മറുപടിക്ക് കുറച്ച് നേരം കാത്ത് മറുതലക്കൽ നിശബ്ദതയുടെ നീലശരി കണ്ട് നെറ്റ് ഓഫ് ചെയ്ത് അയാൾ ബെഡ്റൂമിലേക്ക് പോയി…
പിറ്റേന്ന് ഉറക്കമുണർന്ന ഉടനെ മൊബൈൽ തപ്പിപ്പിടിച്ച് മറുപടി വന്നിട്ടുണ്ടോ എന്ന് നോക്കി…
” ഇല്ല… വന്നിട്ടില്ല… ” സ്വയം മനസിനെ സമാധാനിപ്പിച്ചു…
“വരും…”
ആരോടും പറയാനാവാത്ത രഹസ്യം ഉള്ളിലൊളിപ്പിച്ച് നടക്കുമ്പോൾ ചുറ്റുപാടുമുള്ളതൊന്നും പഴയതുപോലെ തന്നെ അലട്ടുന്നില്ലല്ലോ എന്നയാളോർത്തു…
പിന്നീടുള്ള ദിവസങ്ങളിൽ ഫെയ്സ്ബുക്കിലയാളെഴുതുന്ന കഥകൾക്ക് അവളും അവളെഴുതുന്നതിന് അയാളും ലൈക്കും കമന്റും നല്കി… പരസ്പരം ആരാധകരായി മാറി
വർഷകാല മേഘങ്ങൾ പെയ്തൊഴിയാതെ വീർപ്പുമുട്ടുന്ന ആകാശം പോലെ അവരുടെ മനസ് കാരണമറിയാത്ത എന്തോ വേദന കൊണ്ട് മൂടികെട്ടി നിന്നു… ഒരു ചെറുകാറ്റിൽ പോലും നിലംപൊത്തുമെന്ന് തോന്നിപ്പിക്കുന്ന തൂക്കണാം കുരുവിക്കൂടുപോലെ അവർക്കിടയിൽ എന്തോ തൂങ്ങിയാടുന്നുണ്ടായിരുന്നു…
ഓഫീസിലെത്തി സീറ്റിലിരുന്ന് നെറ്റ് ഓണാക്കിയപ്പോൾ അവളുടെ മെസേജ് കണ്ടു…
” എന്റെ ഉള്ളിൽ ഞാൻ പോലും മറന്നു തുടങ്ങിയിരുന്ന ചില സ്വപ്നങ്ങൾക്ക് ജീവൻ വെച്ചിരിക്കുന്നു മാഷേ… ഇന്നലെ മുതൽ… ഞാനിപ്പോൾ മൊട്ടിട്ടുനിൽക്കുന്ന മന്ദാര പൂവായി രിക്കുന്നു…എന്റെ ഇതളുകളിൽ പ്രണയത്തിന്റെ മഞ്ഞിൻകണങ്ങൾ തൂങ്ങി നിൽക്കുന്നു… നിന്റെ മൃദു കരങ്ങൾ കൊണ്ടെന്നെ ഇറുത്തെടുത്ത് ഹൃദയത്തോട് ചേർക്കൂ…. ”
അയാളത് വായിച്ച് കുറച്ച് നേരം സ്തംബ്ധിച്ചിരുന്നു…. എന്ത് മറുപടി പറയണം… രണ്ട് കുടുംബങ്ങൾ കുഞ്ഞുങ്ങൾ… എല്ലാം അയാളുടെ ഉള്ളിലേക്കോടിയെത്തി… ഒരു നിമിഷത്തെ മനസിന്റെ ചാഞ്ചാട്ടത്തിലില്ലാതായി തീരുന്നത് കുടുംബത്തിന്റെ അടിവേരാണെന്നയാൾക്ക് തോന്നി..
എന്ത് മറുപടി കൊടുക്കണമെന്നോർത്തയാൾ വിയർത്തു…
” നീയും ഞാനും മുറിച്ചുമാറ്റാനാവാത്ത ചില ചങ്ങലകണ്ണികളാൽ ബന്ധിതമാണ്… നമുക്കിടയിൽ നടന്നെത്താനാവാത്ത ദൂരങ്ങളുണ്ട്… അകലങ്ങളിലിരുന്ന് നമുക്ക് കഥകൾ കൈമാറാം… ഇല്ലെങ്കിൽ പുഞ്ചിരി തിരയുന്ന വിതുമ്പുന്ന ചുണ്ടുകളുടെ ശാപം ജന്മാന്തരങ്ങളുടെ പാപമായി
പാപമായി നമ്മെ വേട്ടയാടും…വാക്കുകളിലൂടെ ആരുമറിയാതെ നമുക്കൊന്നു ചേരാം രാവിൽ നിലാവ് പടരും പോലെ.. ”
ഇത്രയുമെഴുതി കഴിഞ്ഞ് തലക്കു പിറകിൽ കൈകൾ കെട്ടി കറങ്ങുന്ന സീലിങ് ഫാനിന്റെ ദളങ്ങളുടെ കറക്കത്തിലേക്ക് മിഴിനട്ടിരുന്നു…
ഓഫീസിലെ തിരക്കൊഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കുള്ള യാത്രയിൽ അയാളെ എന്തോ അലട്ടി കൊണ്ടിരുന്നു…. മിന്നിമറയുന്ന പുറം കാഴ്ചകളിൽ ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു…
വീട്ടിലെത്തി കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് കിടക്കാൻ നേരം മോളെയെടുത്ത് തോളിലിട്ടുറക്കി.. കണ്ണീർ പരമ്പരകളുടെ ഏങ്ങികരച്ചിലുകളും പൊട്ടിച്ചിരികളും ഉയരുന്ന ഹാളിലേക്ക് ഒന്ന് നോക്കി മോളെ തൊട്ടിലിലിട്ട് അയാൾ ചാർജിലിട്ടിരുന്ന മൊബൈലെടുത്ത് സിറ്റൗട്ടിലിറങ്ങിയിരുന്നു…
നെറ്റ് ഓൺ ചെയ്ത് ഏതോ ഗ്രൂപ്പിന്റെ പേരിൽ സേവ് ചെയ്തിരുന്ന അവളുടെ നമ്പറിൽ നിന്ന് വന്ന തുടർച്ചയായ മൂന്ന് മെസേജുകൾ മറുപടി എന്തായിരിക്കുമെന്ന ആകാംക്ഷയിൽ വർദ്ധിച്ചു വന്ന ഹൃദയമിടിപ്പോടെ അയാൾ അതിലൊരു മെസേജ് തുറന്നു…
” മാഷേ… നിങ്ങൾ പറഞ്ഞത് ശരിയാണ്… നമുക്കിടയിലകലമുണ്ട് പക്ഷേ എത്തിപെട്നാവാത്ത ദൂരങ്ങളുണ്ടോ മാഷേ….ആരാധനക്കപ്പുറം നമുക്കിടയിൽ നാമറിയാതെ എന്തോ പൊട്ടിമുളച്ചിരിക്കുന്നു…നാം കാരണം ആരുടെയും ചുണ്ടിലെ പുഞ്ചിരി വറ്റാതെ മിഴിനീർകണങ്ങൾ ഊറികൂടാതെ ആരെയും വേദനിപ്പിക്കാതെ നമുക്ക് തുടരാനാവില്ലേ…നമുക്ക് നമ്മുടെ മനസിനെ ഇനിയും കബളിപ്പിക്കാനാവുമോ.. ”
രണ്ടാമത്തെ മെസേജിന്റെ തുടക്കത്തിൽ തന്നെ കുറച്ച് ലവ് ഇമോജീസ്….
” മാഷേ… കൂടുതലൊന്നും വേണ്ട.. ആദ്യമായും അവസാനമായും ഒന്നു കാണണം… കുറച്ച് നേരം സംസാരിച്ചിരിക്കണം… മനസിന്റെ വനാന്തരങ്ങളിലെ പുതിയ നീർച്ചാലുകളെ കുറിച്ച്… വന്നെത്തിയ പുതുവസന്തത്തിൽ പൂത്ത ചെമ്പനീർ പൂവിനെ കുറിച്ച്.. നിറങ്ങളിടകലർന്ന മഴവില്ലിൻ മനോഹാരിതയെ കുറിച്ച്.. അങ്ങനെ മതിവരുവോളം സംസാരിച്ചിരിക്കാൻ നമ്മുടേതുമാത്രമായ ഒരു ലോകം.. കുറച്ച് നിമിഷങ്ങൾ മാഷിന് എനിക്ക് വേണ്ടി നീക്കിവെക്കാനാകുമോ.. ”
മുന്നാമത്തെ മെസേജിൽ കണ്ടുമുട്ടാനുള്ള സമയത്തെ കുറിച്ചും സ്ഥലത്തെ കുറിച്ചുമുള്ള വിവരണം..
മെസേജ് വായിച്ച് തീർന്ന്… ഒരുവേള താനും ഇതാഗ്രഹിച്ചിരുന്നല്ലോ എന്നയാളോർത്തു… ഒരുപക്ഷേ വരികളോടുള്ള ആരാധന നേരിൽ കാണുമ്പോൾ ചിലപ്പോൾ ഉണ്ടായില്ലെന്നും വരാം… അത്ര വാക്സാമർത്ഥ്യമോ സൗന്ദര്യമോ ഇല്ലാത്ത തികച്ചും സാധാരണക്കാരനായ തന്നെ കാണുമ്പോൾ അവളൊരുപക്ഷേ ആരാധന വരികളിൽ മാത്രമായി ഒതുക്കി നിർത്തിയേക്കാം…പക്ഷേ തനിക്കതിനാകുമോ…? അവളിപ്പോൾ തന്റെയുള്ളിൽ പടർന്നു കിടക്കുന്ന തണലായി മാറിയിരിക്കുന്നു…
മറുപടി എന്തെഴുതണമെന്നയാളാലോചിച്ചു.. അവസാനം അവൾ പറഞ്ഞ സ്ഥലത്തേക്ക് വരാനായി പറഞ്ഞ് അയാൾ മറുപടി അയച്ച് കിടക്കാനായി ബെഡ്റൂമിലേക്ക് പോയി… കണ്ണീർ പരമ്പരകളുടെ അട്ടഹാസങ്ങളടങ്ങിയ ഹാളിലെ ലൈറ്റ് അപ്പോഴേക്കും ഓഫാക്കിയിരുന്നു…
രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നയാൾ നേരം വെളുപ്പിച്ചു… അനാവശ്യ ചിന്തകളുടെ ചിലന്തിവലകൾക്കിടയിൽ പെട്ട് ശ്വാസം മുട്ടി… മാസമെത്താതെ പ്രസവിച്ച അക്ഷരകുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾ അയാൾക്കുള്ളിൽ പെറ്റുപെരുകുകയായിരുന്നു….
പിറ്റേന്ന് കാലത്ത് പതിവിലും നേരത്തെ എണീറ്റ് ഷേവ് ചെയ്ത് പതിവിലും ഭംഗിയായി ഡ്രസ് ചെയ്ത് ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി മോളെയെടുത്ത് ഉമ്മവെച്ച് അയാൾ ഓഫീസിലേക്കിറങ്ങി…
ഓഫീസിലെത്തി ഉച്ചക്ക് ശേഷം ലീവ് കൊടുത്ത് ഇടക്കിടെ വാച്ചിലെ സൂചി ഉച്ചരെയുള്ള കറക്കത്തിന്റെ ദൈർഘ്യമളന്ന് ജോലിയിൽ വ്യാപൃതനായി….
ഉച്ചക്ക് ഓഫീസിൽ നിന്നിറങ്ങി അവൾ പറഞ്ഞ സ്ഥലത്തേക്ക് ബസ് കയറി… ബസിറങ്ങിയപ്പോൾ അധികം ആൾക്കാരില്ലാത്ത പരിചിതമല്ലാത്ത ഒരു സ്ഥലത്തെത്തിപെട്ടത് പോലെ തോന്നി…പ്രൊഫൈൽ പിക്ച്ചറിൽ മാത്രം കണ്ട ഒരു മുഖത്തിനായി അയാൾ നാലുചുറ്റും കണ്ണോടിച്ചു..
റേഡരികിൽ നിർത്തിയിട്ടിരുന്ന ചുവന്ന സാൻട്രോ കാറിന്റെ ഡോർ തുറന്ന് ജാക്കറ്റിൽ നിറയെ കണ്ണാടികൾ തുന്നിപിടിപ്പിച്ച ഓറഞ്ച് കളർ സാരിയുടുത്ത വെളുത്ത് തടിച്ച് വട്ടമുഖമുള്ള ഒരു യുവതി ഡോർ തുറന്ന് പുറത്തിറങ്ങി..
” മാഷേ… എന്ന് നീട്ടിവിളിച്ചപ്പോൾ കുറച്ച് നാളായി തന്റെ പേര് താൻ പോലും മറന്നു തുടങ്ങിയിരിക്കുന്നല്ലോ എന്നയാളോർത്തു… ജീവിതത്തിലിന്നുവരെ ഇതുപോലൊരു സാഹചര്യം അയാളുടെ ജീവിതത്തിലുണ്ടായിരുന്നില്ല.. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നാലുപാടും നോക്കി ജാള്യതയോടെ അയാൾ കാറിനടുത്തേക്ക് നടന്നു…
കാറിന്റെ മുൻവശത്തെ ഡോർ തുറന്ന് പിടിച്ച് അവൾ ചെറുപുഞ്ചിരിയോടെ അയാളെ അടിമുടി നോക്കികൊണ്ടിരുന്നു..
ഫ്രണ്ട് സീറ്റിൽ കയറി ഇരുന്ന് ഡോർ അടച്ചപ്പോഴേക്കും അവൾ ഡ്രൈവിംഗ് സീറ്റിലിരുന്നു കഴിഞ്ഞിരുന്നു… ഗ്ലാസ് കയറ്റി കാർ സ്റ്റാർട്ട് ചെയ്ത് എ. സി ഓൺ ചെയ്തു.. സ്റ്റീരിയോയിൽ നിന്നും നീർമിഴി പീലിയിൽ നീർമണി തുളുമ്പി എന്ന ഗാനം ഒഴുകിയെത്തി… എ. സിയുടെ കുളിരിലും അയാൾ വിയർക്കുന്നുണ്ടായിരുന്നു..
യാത്രയിലുടനീളം അവളുടെ കൊഴുത്തുരുണ്ട നെയിൽ പോളീഷിട്ട വെളുത്ത വിരലുകൾ സ്റ്റിയറിംഗ് വീലിലൂടെ ഒഴുകി നടക്കുന്നത് നോക്കിയിരുന്നു.. അവളുടെ ശ്രദ്ധ മുഴുവൻ ഡ്രൈവിംഗിൽ മാത്രമാണെന്ന് തോന്നി… ഏതോ പെർഫ്യൂമിന്റെ നേർത്ത മണം കാറിനുള്ളിൽ ഒഴുകി നടന്നു.. ഇടക്കിടെ പാറി വീഴുന്ന വീഴുന്ന മുടിയിഴകൾ മാടിയൊതുക്കുമ്പോൾ ഷാംപൂവിന്റെ മണമുള്ള കാറ്റ് അയാളെ തലോടി കൊണ്ട് കടന്നു പോയി…
മൗനത്തിന് വിരാമമിട്ട് അയാൾ തന്നെ അവളോട് ചോദിച്ചു..
” എങ്ങോട്ടാണ് നമ്മൾ പോകുന്നത്”
” പേടിക്കേണ്ട മാഷേ… മാഷിന്റെ രീതികൾക്കിണങ്ങുന്ന ഒരു സ്ഥലത്തേക്ക് തന്നെയാണ്… ഞാനിടക്ക് അവിടെ പോകാറുണ്ട് ഇങ്ങനെയല്ല ട്ടോ… തനിച്ച്…”
അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
കൈതോടുകളും നെൽപാടങ്ങളും പിന്നിട്ട് കാർ ഒരു പഞ്ചായത്ത് റോഡിലേക്കിറങ്ങി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപാടങ്ങൾക്ക് നടുവിലൂടെ പുളി മരങ്ങൾ നിഴൽ പാകിയ റോഡ് ചെന്നവസാനിക്കുന്നത് ഒരു നേന്ത്രവാഴക്കുട്ടത്തിന് പിറകിലാണ്..
കാർ അവിടെ നിർത്തി തിരിച്ചിട്ട് അവൾ കാറിൽ നിന്നിറങ്ങി..
ഡോറ് തുറന്ന് പുറത്തിറങ്ങിയപ്പോൾ അയാൾ നാലുപാടും നോക്കി മനുഷ്യരായി അവർ രണ്ടുപേരും മാത്രമേ അവിടെയുള്ളു… കുറ്റിയിൽ
കുറ്റിയിൽ കെട്ടിയിട്ട ഒരു പശു ചെള്ള് കൊത്താൻ മുതുകത്തിരുന്ന കാക്കയെ ആട്ടിയോടിക്കാനായി വാലുകൊണ്ട് അഭ്യാസം നടത്തുന്നുണ്ടായിരുന്നു…
മുൻപിൽ നടക്കുന്ന അവളുടെ പിറകിലായി പോക്കുവെയിലിൽ നീളത്തിലുള്ള നിഴൽ പരക്കുന്നുണ്ടായിരുന്നു… ചെറിയൊരു വരമ്പ് കടന്ന് കൈതോടിന് കുറുകെയിട്ട കവുങ്ങിൻ പാളികൊണ്ട് തീർത്ത പഴകിയ പാലത്തിൽ കയറി അവൾ നടന്ന് തുടങ്ങിയപ്പോൾ അയാൾ സംശയിച്ചു നിന്നു… രണ്ടാൾ കയറിയാൽ അത് പൊട്ടുമോ എന്ന് അയാൾക്ക് പേടി തോന്നി…
” വാ… മാഷേ.. ഇത് പൊട്ടുകയൊന്നുമില്ലെന്നേ..”
അതും പറഞ്ഞ് അവൾ കൈപിടിച്ചപ്പോൾ ഇവളെങ്ങനെ എന്റെ മനസ് വായിച്ചെടുത്തു എന്നയാൾക്ക് അതിശയം തോന്നി… മൃദുലമായ നനുത്ത വിരലുകൾ കൈതണ്ടയിൽ പതിഞ്ഞപ്പോൾ ശരീരത്തിലേക്ക് അവളുടെ കൈചൂട് പടരുന്ന പോലെ തോന്നി…
പാലം കടന്ന് നാലുചുറ്റും മുള്ള് വേലിയിട്ട പറമ്പിന്റെ നടുക്കുള്ള ചെറിയൊരു ഓടിട്ട വീട്.. രണ്ടു സൈഡിലും കവുങ്ങിൻ തോട്ടം നടവഴിയിൽ കവുങ്ങിൻ പാളകൾ വീണ് പരന്ന് കിടക്കുന്നുണ്ടായിരുന്നു..
കവുങ്ങിൻ പാളകൾ കാലുകൊണ്ട് തട്ടിമാറ്റി അവൾ മുമ്പിൽ നടന്നു… വീടിനുമ്മറത്തെത്തി വാനിറ്റി ബാഗിൽ നിന്നും താക്കോലെടുത്ത് വാതിൽ തുറന്ന് അകത്ത് കയറി..
സംശയിച്ച് നിന്ന അയാളെ നോക്കി അവൾ പറഞ്ഞു…
” വരൂ… അജ്ഞാത സുന്ദരിയുടെ ആലയത്തിലേക്ക് എഴുത്തുകാരന് സ്വാഗതം…ഇതെന്റെ ആലയമല്ല..അച്ഛന്റെ പഴയ തറവാടാണ്…ദരിദ്രമായ ഭൂതകാലത്തിന്റെ ഓർമ്മക്കായി ഇന്നും പൊളിക്കാതെ കാത്തുവെച്ചത്… പക്ഷേ ഇവിടെയാണ് പലപ്പോളും എന്റെ മനസ്… ഈ തൊടികയും പാമ്പിൻ കാവും… കുളവും.. ഈ തണുത്ത നിലവും എന്നെ പലപ്പോഴും മാടി വിളിക്കാറുണ്ട്… ”
ആൾതാമസമില്ലാത്തതിനാൽ ചിലന്തിവലകെട്ടി ചിതൽ തിന്നു തീർത്ത മോന്തായമുള്ള പൂമുഖത്തെ നരച്ചുതുടങ്ങിയ കാവിയിട്ട നിലത്ത് അങ്ങിങ്ങായി പൊളിഞ്ഞ ഭാഗത്തു നിന്നും സിമന്റും മണ്ണും പരന്നു കിടക്കുന്നുണ്ടായിരുന്നു..
അവൾ അകത്ത് നിന്നും ഒരു ചൂലെടുത്ത് വന്ന് സാരിതലപ്പ് കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് ഉമ്മറത്തെ പൊടിയും മണ്ണും തൂത്ത് വൃത്തിയാക്കിയപ്പോൾ സാരിക്കിടയിലൂടെ കണ്ട വെളുത്ത മടക്കുകളുള്ള വയറിൽ അയാളുടെ കണ്ണുകളുടക്കി…. മനസിനെ സ്വയം നിയന്ത്രിച്ച് ഉമ്മറത്തെ മരപാളികളുള്ള ജനൽ തുറന്ന് പുറത്തെ വാഴതോപ്പിൽ മൂത്ത് വെട്ടാൻ പാകമായി നിൽക്കുന്ന വാഴക്കുലകൾക്ക് മേലെ അണ്ണാറക്കണ്ണൻ ഓടിനടക്കുന്നത് നോക്കി നിന്നു…. പാടത്തിനക്കരെ കൂടി പോകുന്ന ചെമ്മൺപാതയിലൂടെ പൊടിപരത്തികൊണ്ട് ഏതോ വാഹനം കടന്നുപോകുന്നുണ്ടായിരുന്നു…
അവൾ അപ്പോഴേക്കും ഒരു പുല്ലുപായ കൊണ്ടുവന്ന് ചുമരിനടുത്തായി വിരിച്ചിട്ടിരുന്നു.. സാരിയുടെ തലപ്പ് അരയിൽ ചുറ്റി വെച്ച് ചുമരും ചാരിയിരുന്ന് വാനിറ്റിയിൽ നിന്നും ഒരു കെട്ട് വെള്ള പേപ്പറും പെന്നുകളുമെടുത്ത് നിരത്തി വെച്ച് അയാളോടായി പറഞ്ഞു…
” മാഷേ… ഇവിടെ വന്നിരിക്കു…നമുക്ക് സംസാരിച്ച് തുടങ്ങാം…”
” എന്താണ് സംസാരിക്കാനുള്ളത്… എന്തിനെകുറച്ചാണ് സംസാരിക്കേണ്ടത്…”
അയാൾ ഒന്നും അറിയാത്ത പോലെ ചോദിച്ച് അവളുടെ അടുത്തായി ചുമരും ചാരിയിരുന്നു…
” നമുക്കിടയിൽ സംസാരിക്കാനൊന്നുമില്ലേ…? മാഷേ… ആഴത്തിലുള്ള വായന സാധ്യമല്ലാത്ത പുസ്തകങ്ങളായിരുന്നു നമ്മൾ ഇന്നലെ വരെ… ഇന്ന് മുതൽ നമുക്കിടയിലെ ഓരോ വരികളും നമ്മളറിഞ്ഞു വായിക്കാൻ തുടങ്ങുന്നു… ഈ യാത്ര അതിനായിരുന്നു… വരികളിൽ കൂടി മാത്രമറിയുന്ന വേണമെങ്കിൽ അപരിചിതരെന്നു പോലും പറയാവുന്ന രണ്ടുപേർ ഒരുമിച്ച് ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അവർക്കിടയിലൊന്നും സംസാരിക്കാനുണ്ടാവില്ലേ….? ”
അവളുടെ ചോദ്യത്തിന് ഉത്തരമെന്തുനല്കണമെന്നറിയാതെ അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിയിരുന്നു…
” ഒരേ ശൈലി പിന്തുടരുന്ന രണ്ടെഴുത്തുകാരാണ് നമ്മൾ… നമുക്കൊരുമിച്ചിരുന്ന് ഒരു കഥയെഴുതിയാലോ… ”
” അതിനൊക്കെ ഒരു മൂഡ് വേണ്ടേ സുഹൃത്തേ… പെട്ടെന്ന് എഴുതാനാവുമോ…”
” മാഷിന് പറ്റും.. എനിക്കുറപ്പാണ് പക്ഷേ അതിനിടയിൽ ഔപചാരികത വേണ്ട… സുഹൃത്തേ എന്ന വാക്ക് ഒഴിവാക്കു…”
“നീ എന്നെ മാഷേ എന്ന് വിളിക്കുന്നതിൽ ഔപചാരികതയില്ലേ..”
“ഞാനെന്തായാലും ഒരു തർക്കത്തിനില്ല… അതിനല്ലല്ലോ നമ്മളിവിടെ വന്നത്… നമുക്ക് എഴുതാനാവുന്നതെല്ലാം ഇന്നെഴുതിയും പറഞ്ഞും തീർക്കണം ഇനിയൊരു കണ്ടുമുട്ടലുണ്ടാകുമോ എന്നുറപ്പിച്ച് പറയാനാവാത്തരാണ് നമ്മൾ… ”
” ഉം… ശരിയാണ്… അകലങ്ങളിലേക്ക് പോകുന്നതിന് മുമ്പുള്ള കണ്ടുമുട്ടൽ അല്ലേ…. ”
” അങ്ങനെ അകന്നുപോകാൻ നമുക്കാവുമോ… ”
അവളുടെ ആ ചോദ്യത്തിന് ഉത്തരം ഉവ്വെന്നോ… ഇല്ലെന്നോ പറയാനയാൾക്കായില്ല…
മറുപടി ഒന്നും പറയാതെ പേപ്പറും പേനയുമെടുത്ത് അയാളെഴുതി തുടങ്ങി… അവളും..
എഴുത്തിനിടയിൽ അവർ മനസ് തുറന്ന് സംസാരിച്ചു.. അവർ പരസ്പരം അറിഞ്ഞു തുടങ്ങിയിരുന്നു… പലപ്പോഴും അവർക്ക് എഴുതാനായില്ല അവർ വേറേതോ ലോകത്തേക്ക് പതിയെ പതിയെ ഊർന്നിറങ്ങുകയായിരുന്നു..
കുറച്ചെഴുതി കഴിഞ്ഞ് പിന്നീട് അക്ഷരങ്ങൾ ചിതറിയോടാൻ തുടങ്ങിയപ്പോൾ അയാളവളെ നോക്കി… അവൾ ഇമ ചിമ്മാതെ അയാളെഴുതുന്നതും നോക്കിയിരിക്കുകയായിരുന്നു…
പെട്ടെന്നുള്ള നോട്ടത്തിൽ മിഴികൾ കൂട്ടിമുട്ടിയപ്പോൾ അവൾ മുഖം തിരിച്ച് എഴുതുന്ന പോലെ കാണിച്ചു.. അതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു…
“മാഷ് എഴുതിയ നിലാപക്ഷിയുടെ ചിറകടികൾ എന്ന കഥയിലെ അരുന്ധതിയാവാൻ തോന്നുന്നു..”
അരവിന്ദന്റെ നിശ്വാസങ്ങളിലലിഞ്ഞ് ചേരുന്ന അരുന്ധതി… ”
അത് പറയുമ്പോൾ അവളുടെ കൈകൾ അയാളെ ചുറ്റിയിരുന്നു അവളുടെ നിശ്വാസങ്ങൾ അയാളുടെ കവിളിൽ തട്ടിയിരുന്നു… അവർ കഥാപാത്രങ്ങളായി മാറിതുടങ്ങിയിരുന്നു…
രതിപൂക്കൾ വീണുകിടന്ന താഴ്വരയിലൂടെ മാംസളതയുടെ കുന്നും മലകളും താണ്ടി ചുംബനപൂക്കൾ കൊണ്ട് മൂടി രണ്ട് കഥാപാത്രങ്ങൾ പൊടിപിടിച്ച നിലത്ത് വിയർത്ത് കുളിച്ച് കിടന്നു…. അവൾ ചോദിച്ചതെല്ലാം അയാൾക്ക് ചുറ്റും വട്ടമിട്ടുകൊണ്ടിരുന്നു….
*************************************
അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീട് അയാളുടെ വരികൾ അവൾക്ക് എവിടെയും കാണാനായില്ല… ഓൺലൈനിൽ വരാറേയില്ലാതായി…. സംസാരവും മെസേജും ഒന്നുമില്ലാതായപ്പോൾ അവൾ കരുതി… മാഷും എല്ലാ ആണുങ്ങളുടെയും പോലെ തന്നെയാണ്… ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിക്കപ്പെട്ട ചണ്ടി മാ
ഉപേക്ഷിക്കപ്പെട്ട ചണ്ടി മാത്രമായിരിക്കുന്നു താനിപ്പോൾ…..
അവൾക്ക് ഭ്രാന്ത് വരുന്നത് പോലെ തോന്നി…. ജീവിതത്തിലെ വൈകിവന്ന വസന്തവും കൊഴിഞ്ഞു പോയതോർത്ത് അവൾ നെടുവീർപ്പിട്ടു….മൊബൈലുപേക്ഷിക്കും മുമ്പ് അവസാനമായി അവൾ നെറ്റ് ഓൺ ചെയ്തു…. എന്നിട്ട് എപ്പോഴെങ്കിലും അയാൾ ഓൺലൈനിൽ വരുമ്പോൾ കാണട്ടെ എന്ന് കരുതി ഒരു മെസേജ് എഴുതിയിട്ടു…
“എന്നെ ഇനി അന്വോഷിക്കരുത്… നാം വെറും കഥാപാത്രങ്ങളായിരുന്നു.. എഴുതിതീർന്ന കഥയിലെ കഥാപാത്രങ്ങൾ…പുനർവായനയില്ലാത്ത കഥാപാത്രങ്ങളായി നമുക്ക് ഏതെങ്കിലും കോണിൽ ചിതറികിടക്കാം…”
ഇത്രയും എഴുതി കഴിഞ്ഞ് മെസഞ്ചറടച്ച് ഫേസ്ബുക്ക് തുറന്നപ്പോൾ അയാളുടെ പേജിൽ ഒരു ഫോട്ടോ കണ്ടു…
മാലയിട്ട് താഴെ ആദരാഞ്ജലികൾ എന്നെഴുതിയ അയാളുടെ ഫോട്ടോ..
സഞ്ചയന തീയ്യതിയും വെച്ചിരിക്കുന്നു…
അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി..ഒരുമാത്രയെങ്കിലും തന്റെ ആരാധനാമൂർത്തിയെ അവിശ്വസിച്ചതിൽ അവൾക്ക് വേദന തോന്നി.. യാത്രപോലും പറയാനാവാതെ മണ്ണിന്റെ തണുപ്പിലേക്ക് പോകുമ്പോൾ അയാൾ എഴുതി പൂർത്തിയാക്കാതെ മാറ്റിവെച്ച കഥാപാത്രമായതായി അവൾക്ക് തോന്നി
അപ്പോഴേക്കും അന്ന് അവർ ഒരുമിച്ചെഴുതി പൂർത്തിയാക്കാത്ത വരികൾ അവളുടെ അടിവയറ്റിൽ മിനികഥയായി ചെറുകഥയായി നോവലായി രൂപാന്തരപെട്ടുകൊണ്ടിരുന്നു….
രമേഷ് കൃഷ്ണൻ