Home Latest അവർക്ക് ഇടതുവശത്തെ താഴ്വരയിലൂടെ ഒരു മനുഷ്യശരീരം ആണെന്ന് തോന്നുന്നു… Part – 18

അവർക്ക് ഇടതുവശത്തെ താഴ്വരയിലൂടെ ഒരു മനുഷ്യശരീരം ആണെന്ന് തോന്നുന്നു… Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

സ്വർണ്ണനക്ഷത്രങ്ങൾ part – 18

രചന : Vineetha

തീവ്രവാദികളുടെ തടവിൽ കഴിയുന്ന പട്ടാളക്കാരാണ് ബിനോയിയും കൂട്ടുകാരും. അമ്മാവന്റെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട് മിത്ര യോടൊപ്പം കഴിയുന്ന മധുബാല ബിനോയിയുടെ പ്രണയിനി ആണ്. മധുബാലയെയും കൂട്ടി നാട്ടിലേക്ക് പോകാൻ ഇരിക്കവേയാണ് അവർ തീവ്രവാദികളുടെ പിടിയിൽ പ്പെടുന്നത്.
റോയിയും മണിക്കുട്ടനും തടവിൽ കൊല്ലപ്പെടുന്നു.
തടവിലാക്കപ്പെട്ട പട്ടാളക്കാരുടെ മോചനത്തെ കുറിച്ച് പുതിയ പ്ലാനിങ് നടത്തുന്ന ക്യാപ്റ്റനും ടീമും.
മണിക്കുട്ടൻ ദാസിന്റെയും ഷാനവാസിന്റെയും ഡെഡ് ബോഡി സൈനികർക്ക് ലഭിക്കുന്നു. മധുബാല അജ്ഞാതരാൽ കിഡ്നാപ് ചെയ്യപ്പെടുന്നു. ഒരു ദുസ്വപ്നംത്തിലൂടെ ബിനോയ്‌ മധുവിന് ആപത്തു ഉണ്ടായത് മനസിലാക്കുന്നു. മധുബാല അജ്ഞാതമായ ഒരിടത്തു തടവിൽ ആക്കപെട്ടിരിക്കുന്നു. ക്യാപ്റ്റനും ടീമും സൈനികരെ മോചിപ്പിക്കാൻ ദേവദാരു വനത്തിലേക്ക് പുറപ്പെടുന്നു.ഇതറിയാതെ
ബിനോയിയും കൂട്ടുകാരും തടവിൽ തീവ്രവാദികളോട് ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നു.മധുബാല ട്രാൻസ് ജെൻഡർ ഹേമമാലിനിയുടെ കരങ്ങളിൽ എത്തുന്നു. ബിനോയിയും കൂട്ടരും തീവ്രവാദികളോട് ഏറ്റുമുട്ടുന്നു. *തുടർന്ന് വായിക്കുക*

ഉരുളൻ കല്ലുകളും പാഴ്ച്ചെടികളും നിറഞ്ഞ വിജനത വീണ്ടും രണ്ടു കിലോമീറ്ററോളം താണ്ടി കഴിഞ്ഞപ്പോൾ ആണ് അവർ അതു കണ്ടത്. അവ്യക്തമായ വെളിച്ചത്തിലേക്ക് മിഴികൾ ആവുന്നത്ര തുറന്നുപിടിച്ച് മിഴിച്ചുനോക്കി ഏതാനും നിമിഷങ്ങൾ നിന്നുപോയി ക്യാപ്റ്റനും ടീമും.

അവർക്ക് ഇടതുവശത്തെ താഴ്വരയിലൂടെ ഒരു മനുഷ്യശരീരം ആണെന്ന് തോന്നുന്നു, രണ്ടുപേർ ചുമന്നുകൊണ്ട് സാവധാനം നടന്നു വരുന്നു. ക്യാപ്റ്റന്റെ ടീം സജ്ജരായി നിന്നു.

ശത്രുവാണോ.. നിശ്ചയമില്ല..

ളോഹ പോലെ എന്തോ ആണ് ധരിച്ചിരിക്കുന്നത്..
പെട്ടെന്ന് മുന്നിൽ നടന്ന ആൾ കല്ലിലോ മറ്റോ തട്ടി വീഴാൻ തുടങ്ങി. ആ നിമിഷം തന്നെ കയ്യിലുണ്ടായിരുന്ന വടി പോലെ എന്തോ ഒന്നു മണ്ണിൽ കുത്തി അയാൾ ബാലൻസ് പിടിച്ചു നിന്നു.

ക്യാപ്റ്റന്റെ സൂക്ഷ്മ ദൃഷ്ടി ആഗതരുടെ ചലനങ്ങളിൽ ശ്രദ്ധാലുവായി. അവർ പത്ത് വാര കൂടി നടന്നു കാണും.
ക്യാപ്റ്റൻ രവിചന്ദ്ര കുമാറിന്റെ കണ്ണുകളിൽ ആവേശത്തിരയിളകി. വശങ്ങളിലേക്ക് ഗതി മാറാതെ ഒരു പ്രത്യേക ചലനത്തിൽ ശ്രദ്ധയോടെ ചുവടുകൾ വയ്ക്കുന്നത് പട്ടാളക്കാർ അല്ലാതെ മറ്റാരാണ്.. അതെ അതവരാണ്..
ആ അഞ്ചു പേരിൽ മൂന്നുപേർ… മൂന്നുപേർ മാത്രം..

**** ******** ****

രോഹിത് സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും മുന്നിൽ നിൽക്കുന്നവരെ മാറി മാറി നോക്കി. മലയാളിയായ ഡോക്ടർ ജലീലിനെ അവൻ പെട്ടെന്നു തിരിച്ചറിഞ്ഞു. ഡോക്ടറുടെ അരികിൽ നിൽക്കുന്ന പൂച്ചക്കണ്ണുള്ള മണിപ്പൂരി നഴ്സിനെയും ഓർത്തെടുത്തു. ശ്രീനഗർ അതിർത്തിയിൽ വെച്ച് തങ്ങളുടെ സൈന്യം പാകിസ്ഥാൻ ബോർഡറിലേക്ക് നുഴഞ്ഞുകയറി പാകിസ്ഥാൻ പട്ടാളത്തിന്റെ ബാരക്കുകൾ നശിപ്പിച്ച ശേഷം മടങ്ങുമ്പോൾ മണ്ണിൽ പൂഴ്ത്തിയിട്ടിരുന്ന ബോംബിന് മീതെ ചവിട്ടി കാൽപ്പാദത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയ സമയത്ത് നിരവധി തവണ ഈ മണിപ്പൂരി സുന്ദരിയെ കണ്ടിരിക്കുന്നു.
രോഹിത്തിന്റെ മിഴികൾ മെല്ലെ ചലിച്ചു.
ക്യാപ്റ്റൻ ചന്ദ്രകുമാർ സാർ, കമാൻഡോ ഓഫീസർ.. അവരെല്ലാം തന്നെ ഉറ്റു നോക്കി നിൽക്കുകയാണ്.
രോഹിത് പറഞ്ഞറിയിക്കാനാകാത്ത വിവിധ വികാരവിചാരങ്ങളുടെ അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

താനിപ്പോൾ ഇരുണ്ടതും തണുത്തതും പഴകിയ മണ്ണിന്റെ ദുർഗന്ധം ഉള്ളതുമായ മുറിയിൽ അല്ല.. ഇളം ചൂട് നിറഞ്ഞ വൃത്തിയുള്ള റൂമിൽ ബെഡിൽ ആണ് കിടക്കുന്നത്. പെട്ടെന്ന് അവന്റെ കണ്ണുകൾ വെട്ടി.

‘എവിടെ.. അവരവിടെ.. ബിനോയ്‌, ഷാൻ, സന്ദീപ്, ഉണ്ണി..

“സർ.. സർ.. അ.. അവർ.. ”

ഡോക്ടർ ജലീൽ ക്യാപ്റ്റനെ നോക്കി. അദ്ദേഹം രോഹിത്തിന്റെ കൈത്തണ്ടയിൽ പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി.

“ആർ യു ഓക്കേ..?

“യെസ്.. യെസ് സർ”
തളർന്ന ഒച്ചയിൽ രോഹിത് വീണ്ടും ചോദിച്ചു.

” സർ അവരെല്ലാം എവിടെയാ..?

ക്യാപ്റ്റൻ വേദനയോടെ മന്ദഹസിച്ചു.

” എല്ലാവരും ഇല്ല.. രണ്ടുപേർ.. അവർ ഒബ്സർവേഷനിൽ ആണ്”
രോഹിത്തിന്റെ കണ്ണുകൾ പിടഞ്ഞു.

“രണ്ടുപേർ…?

അത് ആരൊക്കെയാണെന്ന് ചോദിക്കുവാൻ അവന് ധൈര്യമുണ്ടായില്ല.

“രോഹിതിനെ അവർ ചുമന്നുകൊണ്ട് ആണ് വന്നത്. കിലോമീറ്ററുകളോളം..”

അരുൺ ദേശ്പാണ്ഡെ പറഞ്ഞത് അവന്റെ കാതുകളിൽ ആവർത്തിച്ചു മുഴങ്ങി..

” സ്വയരക്ഷയ്ക്ക് വേണ്ടി പോലും അവർ രോഹിത്തിനെ ഉപേക്ഷിച്ചില്ല..”

ക്യാപ്റ്റൻ മെല്ലെ പറഞ്ഞു. രോഹിത്തിന്റെ ഇരു ചെന്നിയിൽ കൂടിയും കണ്ണീർ ഒഴുകിയിറങ്ങി. അവ്യക്തമായ ചില കാഴ്ചകൾ മനസ്സിൽ തെളിഞ്ഞു. അലർച്ചകളും അട്ടഹാസങ്ങളും കർണപുടങ്ങളിൽ വിദൂരതയിൽ കാതുകളിൽ മാറ്റൊലി കൊണ്ടു. തെറിച്ചുവീഴുന്ന മുസാഫിർ.. അയാളുടെ മീതെ പറന്നു വീഴുന്ന ഷാൻ.. ബിനോയ് മുസാഫിറിന്റെ പിടലി തിരിച്ചൊടിക്കുന്നു. സന്ദീപ് റൈഫിൾ പിടിച്ചെടുക്കുന്നു. ചങ്ങല ഇട്ട കൈകളോടെ മുസാഫിറിന്റെ പുറത്തേക്ക് നിറ ഒഴിക്കുന്നു. അവന്റെ അലർച്ചയിൽ കെട്ടിടം കുലുങ്ങുന്നു. സന്ദീപ് റൈഫിൾ ബിനോയിയുടെ കൈകളിലെ ചങ്ങല താഴിലേക്കു താഴ്ത്തുന്നു. ഒരു വെടിയൊച്ചയിൽ ചങ്ങലത്താഴും വാതിലും ഒരുപോലെ തെറിച്ചു വീഴുന്നത് സ്വപ്നത്തിലെന്നപോലെ അബോധാവസ്ഥയുടെ നൂൽപ്പാലത്തിൽ കിടന്നുകൊണ്ട് കാണുന്നു.

അകത്തേക്ക് വന്ന അലിയുടെ നെഞ്ചിലേക്ക് സന്ദീഫ് ഇട്ടു കൊടുത്ത റൈഫിൾ ഉയർത്തുന്ന ബിനോയ്..
വെടിയൊച്ചകൾ.. അലർച്ചയോടെ ആരൊക്കെയോ വീഴുന്നു. അതിനിടയിൽ ഷാനിന്റെ ആർത്തനാദം കാതിൽ വന്നു വീണു.

“ഉണ്ണീ….. ”

രോഹിത് ഞെട്ടി പിടഞ്ഞു.

“ഉണ്ണി.. ഉണ്ണി പട്ടർ ”

അടുത്ത നിമിഷം അവൻ ഉറക്കെ നിലവിളിച്ചു.

“ഉണ്ണീ…. ”

ഡോക്ടർ ജലീൽ രോഹിത്തിന്റെ ശിരസ്സിൽ തലോടി.

” റിലാക്സ് റിലാക്സ് രോഹിത്”

ക്യാപ്റ്റൻ പുറത്തേക്കിറങ്ങി. പിന്നാലെ അരുൺ ദേവ് പാണ്ഡെയും.

ഒബ്സർവേഷൻ വാർഡിലെ തിരക്കു കണ്ടു ക്യാപ്റ്റൻ ദേശ്പാണ്ഡേയെ നോക്കി. ദേശ്പാണ്ഡെ തിടുക്കത്തിൽ അങ്ങോട്ട് ചെന്നപ്പോൾ തന്നെ ബെഡ്‌കൾക്കു ചുറ്റും കൂടി നിന്നവർക്ക് കാര്യം മനസ്സിലായി.
അവർ ഓരോരുത്തരായി പിന്നിലേക്ക് മാറി സാവധാനം വാതിൽ കടന്നു പോയി. ക്യാപ്റ്റൻ അകത്തേക്ക് കയറി വന്നു. നനഞ്ഞ നാലു കണ്ണുകൾ അദ്ദേഹത്തെ പൊതിഞ്ഞു.

അവരുടെ ചുണ്ടുകൾ വിറക്കുന്നത് അദ്ദേഹം കണ്ടു. മിഴികൾ ഒന്ന് അടച്ചു തുറന്ന ക്യാപ്റ്റൻ അറ്റൻഷനായി ഒരു ബിഗ് സല്യൂട്ട്.

” ഷാനവാസ്‌… ബിനോയ്‌.. നിങ്ങളുടെ ധീരതയ്ക്ക് മുൻപിൽ, സഹനത്തിനു മുന്നിൽ, ത്യാഗത്തിനു മുൻപിൽ ഞാൻ നമിക്കുകയാണ്”

കിടന്ന കിടപ്പിൽ തന്നെ അവർ ഇരുവരും നിറമിഴികളോടെ വലതു കരം ഉയർത്തി നെറ്റിയിൽ മുട്ടിച്ചു. ക്യാപ്റ്റൻ തന്റെ നിറമിഴികൾ അവർ കാണാതിരിക്കാനായി മുഖംതിരിച്ചു പുറത്തേക്കിറങ്ങി. ദേശ്പാണ്ഡേ അവരുടെ ശിരസ്സിൽ തഴുകി.

“റസ്റ്റ്‌ എടുക്കു… പിന്നെ സംസാരിക്കാം ”

അദ്ദേഹവും പുറത്തേക്കിറങ്ങി. ബിനോയി ഷാനവാസിനെ നോക്കി. അവരുടെ മുഖത്ത് ആത്മസംതൃപ്തിക്കപ്പുറം അടങ്ങാത്ത നഷ്ടബോധത്തിന്റെ ദുഃഖം ഘനീഭവിച്ചിരുന്നു. മനക്കണ്ണിൽ വെടിയേറ്റ് പിടഞ്ഞുവീഴുന്ന ഉണ്ണിയുടെയും സന്ദീപിന്റെയും രൂപം മാത്രം.

നിരവധി വെടിയുണ്ടകളിൽ ഉണ്ണി ആടിയുലഞ്ഞു വീഴുന്നു. തോളിലും വയറിലും തുടയിലും ഏറ്റ വെടിയുണ്ടകളുമായി മണ്ണിൽ വീണു പിടയുന്ന സന്ദീപിന് എല്ലാം അവസാനിച്ചപ്പോഴും ജീവനുണ്ടായിരുന്നു. അവനെ ചുമക്കാൻ തയ്യാറായ തന്റെ കരങ്ങളിൽ പിടിച്ചു കണ്ണുകളിലേക്ക് ഉറ്റു നോക്കി അസപ്ഷ്ടമായ ഒച്ചയിൽ അവൻ പുലമ്പി.

“വേ.. വേണ്ട.. ഞാ.. ഞാൻ മരിക്കും.. നി.. നിങ്ങൾ രക്ഷ പെടു.. ”

“ഇല്ല.. ഇല്ല സന്ദു.. നിന്നെ ജീവനോടെ ഈ കാട്ടിലുപേക്ഷിച്ച് ഞങ്ങൾ പോകില്ല”

ഷാൻ പൊട്ടിക്കരഞ്ഞു. സന്ദീപിന് ഒന്ന് ഉച്ചത്തിൽ കരയണമെന്ന് ഉണ്ടായിരുന്നു പക്ഷേ വേദന കൊണ്ട് അവൻ അതിന് ധൈര്യം വന്നില്ല. കണ്ണുകൾ ഇരുവശത്തേക്കും നിറഞ്ഞൊഴുകിയപ്പോൾ അവൻ വീണ്ടും പുലമ്പി.

“ബിനോ… ഷാ..
എന്റെ സം.. സംഗീത.. അ.. വളെ പോയി കാ.. കാണണം.. തളരാതെ കു.. കുഞ്ഞിനെ വളർത്താൻ.. പറ… പറയണം.. ”

ആ കൃഷ്ണമണികൾ വിറച്ചു. ഇരുവരെയും മാറി മാറി ഒന്ന് നോക്കി. വലതുകൈ ഉയർത്തി നെറ്റിയിൽ മുട്ടിച്ചു.

“ജയ്ഹിന്ദ് ”

കൃഷ്ണ മണികളും അധരങ്ങളും ഒരുപോലെ നിശ്ചലമായി.
അല്പം അകലെ ചോര പുഴയിൽ മരിച്ചു കിടക്കുന്ന 13 പേർ.. അകത്തു അലിയും മുസാഫിറും. മൊത്തം പതിനഞ്ചു പേരെ അവരുടെ തന്നെ ആയുധങ്ങൾ കൊണ്ട് വകവരുത്തി കഴിഞ്ഞു. സന്ദീപിന്റെയും ഉണ്ണിയുടെയും ഡെഡ് ബോഡി ചുമന്നു മാറ്റിയിട്ടു ടെന്റിനുള്ളിൽ നിന്നു കിട്ടിയ ബോബ് കെട്ടിടത്തിന് നേർക്ക് വലിച്ചെറിഞ്ഞു. കാടു കുലുക്കിയ ഒച്ചയോടൊപ്പം രാവിനെ പകലാക്കി അഗ്നി ആ പ്രദേശത്തെ ആളിക്കത്തിച്ചു. ഒരു വൃക്ഷ ചുവട്ടിൽ കിടത്തിയിരുന്ന രോഹിത്തിനെ വലിച്ചുയർത്തി ചുമലിലേറ്റി. അവന്റെ കാലുകൾ ഷാനവാസ് ഇരു ചുമലുകളിലുമാക്കി. മഞ്ചം ചുവന്നു പോകുന്നത് പോലെ ലക്ഷ്യമില്ലാതെ മുന്നിൽ കണ്ട വഴികളിലൂടെ രാവിനെ സാക്ഷിയാക്കി നടന്നു തുടങ്ങി.

ബിനോയിയും ഷാനും ആ ഓർമയുടെ ചൂടിൽ ഒരിക്കൽ കൂടി പൊള്ളിയത് പോലെ പിടഞ്ഞു.

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here