Home Latest കെട്ട്യോൻ മരിച്ചിട്ട് മൂന്ന് മാസേ ആയുള്ളു കണ്ടില്ലേ.. ബാഗും തൂക്കി അവളിറങ്ങി… അത്രേള്ളൂ.. ചത്തവര് ചത്തുപോയി…

കെട്ട്യോൻ മരിച്ചിട്ട് മൂന്ന് മാസേ ആയുള്ളു കണ്ടില്ലേ.. ബാഗും തൂക്കി അവളിറങ്ങി… അത്രേള്ളൂ.. ചത്തവര് ചത്തുപോയി…

0

വിശപ്പിന്റെ നീലമറുകുകൾ

രചന : Ramesh Krishnan

ഭർത്താവ് മരിച്ച് മൂന്ന് മാസം കഴിഞ്ഞ് സുശീല ജോലിക്കിറങ്ങിയപ്പോൾ നാട്ടുകാര് പറഞ്ഞു

“കെട്ട്യോൻ മരിച്ചിട്ട് മൂന്ന് മാസേ ആയുള്ളു കണ്ടില്ലേ.. ബാഗും തൂക്കി അവളിറങ്ങി… അത്രേള്ളൂ.. ചത്തവര് ചത്തുപോയി..”

സതി സമ്പ്രദായം നിർത്തലാക്കിയതറിയാത്ത ബ്ലഡി ഗ്രാമവാസീസ്… പിന്നെ എനിക്കാര് ചിലവിന് തരുമെന്ന് മനസിൽ പറഞ്ഞു..

കള്ളുകുടിയനായാലും തെമ്മാടിയായാലും കെട്ടിയവൻ കൂട്ടിനുണ്ടെങ്കിൽ അതൊരു കരുതൽ തന്നെയാണെന്ന് കുറച്ചു നാൾക്കുള്ളിൽ തന്നെ തോന്നി തുടങ്ങിയിരുന്നു

ഒരു ദിവസം പതിവിന് വിപരീതമായി മെറൂൺ കളർ ചുരിദാറും മഞ്ഞ ലഗ്ഗിൻസും മഞ്ഞ ഷാളുമണിഞ്ഞ് ഉപ്പ് തൊട്ട് കർപ്പൂരം വരെ വിൽക്കുന്ന നെൽസൺന്റെ കടയിൽ ചെന്ന് സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനിടയിൽ രാവിലെ പുട്ടിന്റെ കൂടെ കഴിക്കാനുള്ള ഏത്തപഴമെടുത്തപ്പോൾ ദ്വയാർത്ഥത്തോടെ നെൽസൺ പറഞ്ഞതിന്റെ അർത്ഥം തിരയാൻ നിൽക്കാതെ അവശ്യ സാധനങ്ങൾ വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ.. കടയുടെ മുൻപിലിട്ട ബെഞ്ചിലിരുന്ന് ആരോ പറയുന്നത് കേട്ടു

“പ്രാമായെങ്കിലും ഇപ്പോഴും ചരക്ക് തന്നെ.”

വീട്ടിലെത്തുമ്പോഴും പുറത്ത് നിന്ന് കിട്ടുന്ന ചില വാക്കുകൾ മനസിലങ്ങനെ പതിഞ്ഞു കിടക്കും.. ഇത് പറയുന്നവരുടെ ഉദ്ദേശശുദ്ധിയെ കുറിച്ചാലോചിക്കും… ഒരു പക്ഷേ അതിലും അവരൊരു രസം കണ്ടെത്തുന്നുണ്ടാവാം… വെറുമൊരു നയനസുഖത്തിൽ നിന്ന് ഊതിവീർപ്പിച്ചെടുക്കുന്ന മനസിലുറങ്ങികിടക്കുന്ന വികലമായ രതിമോഹങ്ങളിലെ നായികയാണ് ഞാനിപ്പോഴെന്ന് തോന്നാറുണ്ട്…

വീട്ടിലെത്തി ഡ്രസ്സ് അഴിച്ചിട്ട് നീലകണ്ണാടിയിൽ നോക്കിയപ്പോൾ താഴ്ന്നതും ഉയർന്നതുമായ നഗ്നശരീരം കണ്ണാടിയിൽ പതിഞ്ഞു.. മറ്റാർക്കുമില്ലാത്തതൊന്നും തന്നെ തനിക്കില്ലല്ലോ എന്നോർത്ത് നിരാശ തോന്നി.. പിന്നെ കാണുന്നവരുടെ കണ്ണിൽ എങ്ങനെയാണ് ചരക്കായി മാറുന്നത്… അവയവങ്ങളുടെ വലിപ്പചെറുപ്പത്തിനനുസരിച്ച് എത്രവേഗമാണ് ഒരു സ്ത്രീ ചരക്കായി മാറുന്നതെന്നോർത്തു…

മനസിനോടാർക്കും സ്നേഹം തോന്നാത്തതെന്തുകൊണ്ടാവാം… ഒരുപക്ഷേ അവയവമുഴുപ്പ് പോലെ പുറത്തേക്ക് തള്ളി നിൽക്കാത്തതോണ്ടാവും…

ആരുമെന്താണ് മനസ്സറിഞ്ഞ് ചരക്കെന്ന് പറയാത്തത്… ഒരർത്ഥത്തിൽ ചരക്കെന്നാൽ കനലെരിയുന്ന അടുപ്പിന് മുകളിലിരുന്ന് മറ്റുള്ളവരുടെ നാവിന്റെ രുചിക്കായി സ്വയം വെന്തുരുകി വിരിമാറിലിട്ട് തവികൊണ്ടിളക്കി കുറുക്കിയെടുക്കുന്ന പാലടപായസം എത്രപേരുടെ നാവിന് സ്വാദ് പകരുന്നുണ്ട്… അത് കുടിക്കുമ്പോഴെന്താണ് ആരും ചരക്കിനെ ഓർക്കാത്തത്…

ഓരോന്നോർത്ത് നിന്ന് അടുപ്പിൽ തിളക്കാനായീ വെച്ച പാൽ തിളച്ച് തൂവിയപ്പോൾ അനാവശ്യ ചിന്തകളെ കുടഞ്ഞെറിഞ്ഞ് കിട്ടിയ ഡ്രസ് വലിച്ചിട്ട് അടുക്കളയിലേക്കോടി..

അടുക്കളയിലെത്തി ഗ്യാസ് ഓഫാക്കി ബാക്കി പാൽ ഒരു പാത്രത്തിലേക്കൊഴിച്ച് പാത്രം കഴുകുമ്പോൾ കോളിംഗ് ബെല്ലടിക്കുന്നത് കേട്ടു…

പാത്രം സിങ്കിലിട്ട് ഉമ്മറവാതിൽ തുറന്നപ്പോൾ മുറ്റത്ത് മുഷിഞ്ഞ വസ്ത്രം ധരിച്ച പ്രായമേറിയ ഒരാൾ നിൽക്കുന്നു.. താടിയും മുടിയും നരച്ച ശരീരം ചുക്കി ചുളിഞ്ഞ ഒരാൾ അയാൾ പറഞ്ഞു

“മോളെ… എന്തെങ്കിലും തരണേ…”

“തനിക്ക് തരാനായി ഇവിടൊന്നുമില്ലല്ലോ.. ഇപ്പോൾ..”

അയാളുടെ കുഴിഞ്ഞ കണ്ണുകളും ഒട്ടിയ വയറും കണ്ടപ്പോൾ പറഞ്ഞു

“പൈസയായി ഒന്നും തരില്ല ഞാൻ.. അത് കൊണ്ടുപോയി കള്ളുകുടിക്കാനല്ലേ… അത് വേണ്ട ഭക്ഷണം വല്ലതും തരാം…”

അയാൾ അത്ഭുതത്തോടെ മുഖത്തേക്ക് നോക്കി പിന്നീട് പറഞ്ഞു

” എന്റെ ആവശ്യവും അതുതന്നെയാണ്… നിങ്ങളെനിക്ക് തരാനുദ്ധേശിക്കുന്ന പണം കൊണ്ട് ചിലപ്പോഴെന്റെ വിശപ്പ് മാറ്റാനാവില്ല.. വിശപ്പറിയുന്നവന്റെ മുന്നിൽ പണം വെറും കടലാസ് കഷ്ണം മാത്രമാണ്..
നിങ്ങൾ സൗന്ദര്യവതി തന്നെയാണ് മുഖത്തേക്കാളധികം മനസിനും സൗന്ദര്യമുണ്ട്…”

അയാളോട് ഉമ്മറത്തിരിക്കാൻ പറഞ്ഞ് അകത്തേക്ക് പോരുമ്പോൾ ചെറിയ പേടി തോന്നി… ഗോവിന്ദചാമിയെ പോലുള്ള ആരെങ്കിലുമായിരിക്കുമോ…ഇന്നത്തക്കാലത്ത് പേടിക്കേണ്ടത് വൃദ്ധരെയാണ്…

ഒരു പ്ലേറ്റ് നിറയെ ചോറും അതിലേക്ക് തലേന്നത്തെ മോരുകറിയും ഒരു മീൻ വറുത്തതും ഒരു ഗ്ളാസ് വെള്ളവും നല്കിയപ്പോൾ കൈ പോലും കഴുകാൻ നിൽക്കാതെ പാത്രത്തിൽ നിന്നും ആർത്തിയോടെ അയാൾ ചോറ് വാരി തിന്നുന്നത് നോക്കിയിരുന്നു…

അയാൾ പറഞ്ഞതെത്ര ശരിയാണ് ഒരഞ്ചു രൂപയോ പത്ത് രൂപയോ കൊടുത്താലതുകൊണ്ട് എങ്ങനെ വിശപ്പ് മാറാനാണ്…

ആർത്തിയിൽ ചോറ് വാരി കഴിക്കുന്നതിനിടയിൽ ഇടക്കിടെ കുരച്ച് നെഞ്ചുഴിഞ്ഞ് പ്ലേറ്റിലുള്ള ഭക്ഷണം മുഴുവനും കഴിച്ച് പാത്രം കഴുകി വെച്ച് അയാൾ ചുമരും ചാരിയിരുന്നു…

ദയനീയമായ അയാളുടെ നോട്ടം കണ്ടപ്പോൾ ഏതാണ്ട് അതേ പ്രായമുള്ള ഒരാൾ തന്നെയാണല്ലോ കടയിൽ വെച്ച് തന്നെ ചരക്കെന്ന് പറഞ്ഞതെന്നോർത്തു… ഇയാളെന്താണ് തന്റെ ശരീരം ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്നത് വയറിന്റെ വിശപ്പിനുമുന്നിൽ ശരീരത്തിന്റെ വിശപ്പ് അസ്തമിച്ചതിനാലാവാം… വയറെരിയുന്ന കൂട്ടത്തിൽ കാമവും എരിഞ്ഞു തീർന്നിരിക്കാം

“താങ്കളുടെ നാടെവിടെയാണ്…”

“എനിക്ക് നാടുണ്ടായിരുന്നു… വീടുണ്ടായിരുന്നു… ഒരു മോളുണ്ടായിരുന്നു… പക്ഷേ ഇന്നെനിക്കൊന്നുമില്ല…”

“അതെന്താ…”

“ഞാനായിട്ട് ഇല്ലാതാക്കിയതാണ്..”

“അപ്പോഴനുഭവിക്കണം…”

“അതെ… അനുഭവിച്ചു കൊണ്ടിരിക്കുന്നു… ഇന്നേക്ക് രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്…പലയിടത്തുമലഞ്ഞു..വിലകൂടിയ പെർഫ്യൂമിന്റെ മണമുള്ള വീടുകൾ കണ്ടു.. ആവശ്യത്തിലധികം ഭക്ഷണമുള്ള അടുക്കളകൾ കണ്ടു..ഒരിക്കലും മരിച്ചു പോകില്ലെന്നഹങ്കരിക്കുന്ന മനുഷ്യരെ കണ്ടു…സൗന്ദര്യമുള്ള പലമുഖങ്ങളും കണ്ടു പക്ഷേ വയറു വിശന്നവന്റെ മനസറിയുന്ന ഒരു മുഖം കണ്ടത് നിന്നിലാണ്… നിനക്കെങ്ങനെ എന്നെ തിരിച്ചറിയാനായി.. ”

” ഞാനും വിശപ്പറിഞ്ഞിട്ടുണ്ട്… പലതരം വിശപ്പുകൾ ഞാനിന്നും കാണുന്നുണ്ട് അറിയുന്നുണ്ട്…അച്ഛനുപേക്ഷിച്ചു പോയതിന് ശേഷം അമ്മക്ക് പനി വന്ന് അടുക്കള പണിക്ക് പോവാതിരുന്ന ദിവസങ്ങളിൽ… കള്ളുഷാപ്പിൽ നിന്ന് മൂക്കറ്റം കള്ളുകുടിച്ച് രാത്രികളിൽ വേലിക്കരികിൽ വന്ന് തെറിപറയുന്നവരുടെ ശരീരത്തിന്റെ വിശപ്പ് ഞാൻ കണ്ടിട്ടുണ്ട്…മുതലാളിയുടെ വീട്ടിലെ എച്ചിലിലകളിലെ ഭക്ഷണാവശിഷ്ടങ്ങളുടെ രുചി ഞാനറിഞ്ഞിട്ടുണ്ട്…ഇന്നെന്റെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കുന്ന കണ്ണുകളിൽ വിശപ്പ് കത്തുന്നത് ഞാൻ കാണുന്നു… ”

” താങ്കളെന്തിനാണ് ഭാര്യയെയും മകളെയുമുപേക്ഷിച്ചത്… ”

” പ്രായത്തിന്റെ എടുത്തു ചാട്ടമായിരുന്നു ആ തീരുമാനമെന്നറിഞ്ഞപ്പോഴേക്കും അവള് പോയി… അവളുടെ കഴുത്തിലൊരു നീല മറുകുണ്ടായിരുന്നു…മോളെ പ്രസവിച്ചു കിടന്നപ്പോൾ ചിക്കൻ പോക്സ് വന്നതിന്റെ കുഴികൾ നിറഞ്ഞ മുഖമായിരുന്നു അവൾക്ക് ഞാൻ പിന്നെ കുറേ തിരഞ്ഞു എന്റെ മോളെ തേടി… ആർക്കുമറിയില്ലായിരുന്നു.. ”

” അമ്മ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.. അച്ഛനിറങ്ങിപോയ രാത്രിയെ കുറിച്ച്…. പെരുമഴയാർത്തു പെയ്യുന്ന കർക്കിടകത്തിലെ ഇരുട്ടിലേക്ക് മുടിക്ക് കുത്തിപ്പിടിച്ച് കൈകുഞ്ഞുമായി നിന്ന അമ്മയെ തള്ളിവിട്ട് വീട് പൂട്ടി പോയ അച്ഛനെ കുറിച്ച്.. ആ രാത്രി മുഴുവൻ എനിക്ക് തണുക്കാതിരിക്കാൻ കീറചാക്കിൽ എന്നെ പൊതിഞ്ഞ് അടുക്കള പുറത്ത് മഴകൊണ്ടിരുന്ന കഥ.. ”

” മരിക്കുന്നതിന് മുമ്പ് അമ്മ ഒന്നേ പറഞ്ഞിരുന്നുള്ളൂ… ഒരിക്കലും അച്ഛനെ വെറുക്കരുത്… എന്നെങ്കിലും കണ്ടാൽ പറയണം അമ്മക്ക് അച്ഛനെ ഒരുപാടിഷ്ടമായിരുന്നെന്ന്… ”

അയാളുടെ കണ്ണുകൾ നിറയുന്നതായി തോന്നി ഇടറിയ ശബ്ദത്തിലയാൾ ചോദിച്ചു..

” അവളുടെ കഴുത്തിൽ നീല മറൂകുണ്ടായിരുന്നോ…? ”

” ഉം.. ഉണ്ടായിരുന്നു… അടിവയറിലും മുഖത്തും നിറയെ ചിക്കൻ പോക്സ് വന്ന കുഴികളും ”

രമേഷ്കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here